Monthly Archives: July 2018

ഗ്യാലറിയൊഴിഞ്ഞു; ഫ്ലക്സുകൾ എന്നൊഴിയും ?


114

ഫുട്ബോൾ ലോകകപ്പിൽ കളിക്കാൻ ഇന്ത്യ യോഗ്യത നേടാത്തത് ഏറ്റവും വലിയ ശാപമായി മാറിയിട്ടുള്ളത് കേരളത്തിന് തന്നെയാകും. ഇന്ത്യ കളിച്ചിരുന്നെങ്കിൽ ഫ്ലക്സ് ബോർഡുകൾ കൊണ്ട് കേരളത്തിലെ തെരുവുകൾ ഇത്രയേറെ നിറയില്ലായിരുന്നു.

ആദ്യകാലത്ത് മലബാറിൽ മാത്രം വ്യാപകമായുണ്ടായിരുന്ന ഈ ഫുട്ബോൾ ഫ്ലക്സ് മാമാങ്കം, ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരുപോലെ പടർന്ന് പിടിച്ചിരിക്കുന്നു. ഫുട്ബോൾ എന്ന സ്പോർട്ട്സിനെപ്പോലും വെറുത്ത് പോകുന്ന തരത്തിലാണ് ഫ്ലക്സിന്റെ  അതിപ്രസരം. തോരണങ്ങളും കൊടികളും ടാറിട്ട റോഡിലെ വരകളും മറ്റ് തൊങ്ങലുകളുമൊക്കെ ചേർന്നുള്ള ഈ ആഘോഷം, കാൽ‌പ്പന്തുകളിയിൽ റഷ്യയിൽ പരസ്പരം ഏറ്റുമുട്ടിയ ഏതെങ്കിലുമൊരു രാജ്യത്ത് പോലും ഇത്ര വലിയ അളവിൽ ഉണ്ടായിട്ടുണ്ടാകാൻ സാദ്ധ്യതയില്ല.  എത്രയോ ആയിരം ടൺ ഫ്ലക്സ് മാലിന്യമാണ് കാൽ‌പ്പന്തിന്റെ പേരിൽ ഈ കൊച്ചുകേരളത്തിന്റെ പ്രകൃതി സഹിക്കുന്നതെന്ന് ഫുട്ബോൾ ഭ്രാന്തന്മാർ മനസ്സിലാക്കുന്നതേയില്ല.

കണ്ണൂർ കളൿടർ മിർ മുഹമ്മദ് അലി തുടക്കത്തിലേ തന്നെ ഈ ഫ്ലക്സ് ബോർഡുകൾക്ക് നിയന്ത്രണമിടാനും നിരോധിക്കാനും ശ്രമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. കളിയിൽ തോറ്റ് പുറത്തായിക്കൊണ്ടിരുന്ന രാജ്യങ്ങളുടെ ഫ്ലക്സുകൾ യഥാക്രമം നീക്കം ചെയ്യണമെന്ന് പറഞ്ഞ് വീണ്ടും അദ്ദേഹം രംഗത്ത് വന്നപ്പോൾ മാദ്ധ്യമങ്ങളതിനെ വെറും ട്രോളാക്കി വിലകുറച്ച് കളയുകയും ചെയ്തു.

116

അഞ്ചാം മൈൽ ബ്രസീൽ ഫാൻ മാത്രം ഇത്തരത്തിൽ ഫ്ലക്സടിച്ച് പണം കളയുന്നതിന് പകരം ആ പണം കൊണ്ട് പാവപ്പെട്ട മുസ്ലീം സഹോദരന്മാർക്ക് റമദാൻ കിറ്റ് നൽകുകയുണ്ടായി.

117

പാവപ്പെട്ടവന്റെ ചോർന്നൊലിക്കുന്ന കൂര മേയാനായി ഇത്തരം ഫ്ലക്സുകൾ ആവശ്യമുണ്ടെന്ന് പത്രത്തിലൂടെ ചില സംഘടനകൾ ആവശ്യപ്പെടുകയും അതുപയോഗിച്ച് മേൽക്കൂര സജ്ജമാക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് ചാനലുകളിൽ കാണാനായി.

112

വയനാട്ടിൽ എനിക്ക് പരിചയമുള്ളതും ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമായ കുഞ്ഞഹമ്മദിക്ക ഇതേ ആവശ്യത്തിനായി ഫ്ലക്സുകൾ സ്വീകരിക്കാറുണ്ടെന്ന് അറിവുള്ളതുകൊണ്ട്, അക്കാര്യം ചൂണ്ടിക്കാട്ടി ഫ്ലക്സുകൾ തന്ന് സഹകരിക്കണമെന്ന് പറഞ്ഞ് ഞാനും ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിനടിയിൽ എന്റെ ഒരു ആദിവാസി സുഹൃത്തായ ജിയോ ക്രിസ്റ്റി ഈപ്പൻ, ഫ്ലക്സിന്റെ ദൂഷ്യവശങ്ങൾ കാണീക്കുന്ന രേഖകൾ സാക്ഷ്യപ്പെടുത്തുകയുണ്ടായി. വളരെയധികം ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കാൻ പോന്ന ഫ്ലക്സുകൾ ആദിവാസികൾക്ക് കൂര മേയാൻ കൊടുക്കരുതെന്ന് അദ്ദേഹം ശക്തിയുക്തം വാദിച്ചു. അത്രയ്ക്ക് പ്രശ്നമാണത് ഉണ്ടാക്കുന്നതെന്ന് നമുക്കോരോരുത്തർക്കും അറിയാം. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് വയനാട്ടിൽ കുഞ്ഞഹമ്മദിക്കയ്ക്ക് കൊടുക്കാൻ വേണ്ടി ഈ ഫ്ലക്സുകൾ ശേഖരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.

113
                       വയനാട്ടിലെ ഒരു ആദിവാസി  കൂര

ഇപ്പോൾ ദാ കളിയെല്ലാം കഴിഞ്ഞു. ഗ്യാലറികളിലെ ആരവമെല്ലാം തീർന്നു. കളിക്കാരും കാണികളുമെല്ലാം റഷ്യ വിട്ടുപോയി. നാലുകൊല്ലം കഴിഞ്ഞ് ഖത്തറിലാണ് ഇനി അടുത്ത ലോകകപ്പ് ഫുട്ബോൾ. അതുവരെ നമ്മുടെ നിരത്തിലുള്ള ഫ്ലക്സുകൾ അതേപടി തുടരുമെന്നാണോ ? ഫ്ലക്സുകൾ നീക്കം ചെയ്യുന്ന കാഴ്ച്ച ഒരിടത്തും കാണാനായില്ല ഇന്ന്. വലിയ കാറ്റും മഴയുമുള്ള ഈ ദിവസങ്ങളിൽ അതെല്ലാം വലിയ അപകടഭീഷണി മുഴക്കി അതേപടി നിൽക്കുകയാണ്. വളവിലും തിരിവിലും എതിരെ നിന്ന് വാഹനങ്ങൾ വരുന്ന കാഴ്ച്ച പോലും മറച്ചുകൊണ്ട് എത്രയോ ഫ്ലക്സുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ കാൽ‌പ്പന്ത് കളി ഭ്രാന്തന്മാരേ ? കായികപ്രേമികളായ നിങ്ങളൊക്കെ ഇത്ര വലിയ പരിസ്ഥിതി വിരോധികളും സാമൂഹ്യപ്രതിബദ്ധതയില്ലാത്തവരുമാകുന്നത് ആശ്ചര്യജനകം തന്നെ.

115

ഇക്കൊല്ലം ചെല്ലാനത്ത് ഉയർത്തപ്പെട്ട, അർജന്റീനയുടെ കളിക്കാരൻ മെസ്സിയുടെ കട്ട് ഔട്ടിനോളം പോന്ന ഒന്ന് കേരളത്തിലെ ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പുകാലത്ത് ഏതെങ്കിലുമൊരു പാർട്ടിക്കാരന് വേണ്ടിപ്പോലും ഉയർത്തപ്പെട്ടിട്ടില്ല. മൂന്ന് നില കെട്ടിടത്തോളം ഉയരമുള്ള ആ കട്ട് ഔട്ട് വാർത്തകളിൽ ഇടം പിടിക്കുകയും ഫേസ്ബുക്ക് വഴി മെസ്സിയുടെ ക്ലബ്ബായ ബാർസലോണയിൽ എത്തുകയും, ലോകമെമ്പാടും ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള കട്ട് ഔട്ടുകളുമായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തുകയും അത് സ്ഥാപിച്ച ക്ലബ്ബുകാർക്ക് മെസ്സി ഒപ്പിട്ട ഫുട്ബോൾ സമ്മാനമായി ലഭിക്കാൻ പോകുന്നതുമൊക്കെ വാർത്തകളിൽ ഇടംപിടിച്ച കാര്യമാണ്.

ആ സംഭവം സൃഷ്ടിച്ചിരിക്കുന്ന വലിയൊരു അപകടം കേരളത്തെ ഇനിയും കാത്തിരിക്കുന്നുണ്ട്. നാല് വർഷം കഴിഞ്ഞ് ഖത്തറിൽ  ലോകകപ്പ് നടക്കുമ്പോൾ, ഇതുപോലുള്ള  കട്ട് ഔട്ട് മത്സരങ്ങൾ ലോകവ്യാപകമായി ഉണ്ടാകുമെന്ന് കണക്കുകൂട്ടി, കേരളത്തിൽ ഉയരാൻ പോകുന്നത്, പല നല്ല കളിക്കാരുടെയും  പടുകൂറ്റൻ കട്ട് ഔട്ടുകളാണ്. മെസ്സി നല്ല കളിക്കാരനൊക്കെത്തന്നെ ആയിരിക്കാം. പക്ഷേ, ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത് അടുത്ത ലോകകപ്പിന് മുന്നേ മെസ്സി വിരമിക്കണമെന്ന് തന്നെയാണ്. കപ്പിൽ മുത്തമിട്ടേ താൻ വിരമിക്കൂ എന്ന് റഷ്യയിൽ വെച്ച് മെസ്സി പ്രഖ്യാപിച്ചത് നടക്കാതെ പോകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു. അദ്ദേഹം അടുത്ത ലോകകപ്പ് കളിച്ചാൽ അദ്ദേഹത്തിന്റെ കട്ട് ഔട്ടുകൾ മറിഞ്ഞ് വീണ് കേരളത്തിൽ ആളപായം  ഉണ്ടാകുമെന്നു തന്നെ ഞാൻ ഭയപ്പെടുന്നു. ചെല്ലാനത്തെ കട്ട് ഔട്ട് ഒരു പ്രാവശ്യം വീഴുകയും വീണ്ടും അന്നാട്ടുകാർ അത് ഉയർത്തുകയുമാണുണ്ടായത്.

ഒന്നുകിൽ സർക്കാർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഫ്ലക്സുകൾ വെക്കുന്നത് നിരോധിക്കുക തന്നെ വേണം. അല്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നിശ്ചിത അളവിൽ കവിഞ്ഞ ഫ്ലക്സുകൾ വെക്കാൻ പാടില്ലെന്ന് നിയമം കൊണുവരണം. അതിന് തന്നെ നല്ല നിലയ്ക്കുള്ള നികുതി ഏർപ്പെടുത്തണം. എന്നിട്ടത് കാഴ്ച്ച മറയ്ക്കുന്നതും ഗതാഗതതടസ്സം ഉണ്ടാക്കുന്നതുമായ രീതിയിൽ സ്ഥാപിച്ചാൽ നടപടിയെടുക്കണം; നീക്കം ചെയ്യണം. എത്ര നികുതി കൊടുത്തിട്ടുണ്ടെങ്കിലും ഫ്ലക്സിലുള്ള ടീം കളിയിൽ നിന്ന് പുറത്തായാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അവരുടെ ഫ്ലക്സുകൾ നീക്കം ചെയ്തില്ലെങ്കിൽ കനത്ത പിഴയടിക്കണം. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ ഈ ഫ്ലക്സ് ദുരിതത്തിൽ‌പ്പെട്ട് ജനജീവിതം കൂടുതൽ ദുസ്സഹമാകും.

ഇതൊന്നും നടന്നില്ലെങ്കിൽ ഒരു ഇന്ത്യൻ ടീം എങ്ങനെയെങ്കിലും ലോകകപ്പ് ഫുട്ബോൾ കളിക്കാൻ പാകത്തിൽ ഉണ്ടായി വരണമെന്ന് ആഗ്രഹിക്കാൻ മാത്രമേ നമുക്കാകൂ. ഇന്ത്യ കളിക്കുന്നുണ്ടെങ്കിൽ‌പ്പിന്നെ മറ്റ് രാജ്യത്തിന്റെ  ഫ്ലക്സും കട്ട് ഔട്ടും ഉയർത്താൻ ആവില്ലല്ലോ ?

ഫ്ലക്സുകൾ ഉയർത്തിയ ഫുട്ബോൾ പ്രേമികളോട് രണ്ട് കാര്യങ്ങൾ കൂടെ ചോദിച്ചുകൊണ്ട് നിർത്താം. എന്നെടുത്ത് മാറ്റും നിങ്ങൾ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സുകൾ ? പരിസ്ഥിതിയ്ക്ക് ഏറെ ആഘാതമുണ്ടാക്കാൻ പോന്ന ആ ഫ്ലക്സുകൾ എടുത്ത് മാറ്റിയശേഷം എന്ത് ചെയ്യാനാണ് നിങ്ങളുദ്ദേശിക്കുന്നത് ?

—————————————————————
ഫ്ലക്സ് വിഷയത്തിലെ മറ്റ് പോസ്റ്റുകൾ
1. വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ
2. A പ്ലസ്സും ഫ്ലക്സും