Monthly Archives: August 2018

കുട്ടനാട്ടിൽ നാലാം ദിവസം


സംഗീത, നീതു, അചിത്, സ്മികേഷ്, ജിനു , അനു ‌എന്നീ സുഹൃത്തുക്കൾക്കൊപ്പം മൂന്ന് ദിവസം കുട്ടനാട്ടിൽ സഹായമെത്തിക്കാൻ സഞ്ചരിച്ചപ്പോൾ മനസ്സിലാക്കാനായത്, കുടിവെള്ളവും ഭക്ഷണവും പോലെ തന്നെ വളരെ അത്യാവശ്യമുള്ള ഒരു സാധനം സാനിറ്ററി നാപ്പ്കിൻസ് ആണെന്നാണ്. നാലാമത്തെ ദിവസം (02 ആഗസ്റ്റ് 2018) അതിന് പ്രധാന്യം കൊടുന്നുന്നതോടൊപ്പം, മുൻപ് പോയപ്പോൾ ദൂരെ ദൂരെയുള്ള വരമ്പുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നവരിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതും ലക്ഷ്യമാക്കിയിരുന്നു. കഴിഞ്ഞ ട്രിപ്പിന് ചുക്കാൻ പിടിച്ച സ്മികേഷ് തന്നെയാണ് ഇപ്രാവശ്യവും സാധനസാമഗ്രികൾ സംഘടിപ്പിക്കാൻ ഉറമില്ലാതെ യജ്ഞിച്ചത്.

സാനിറ്ററി നാപ്‌കിൻ കൊടുക്കുന്നതിനെപ്പറ്റി ആലോചന ഉയർന്നപ്പോൾ മെനസ്ട്രൽ കപ്പുകൾ കൊടുത്തുകൂടെ എന്ന്, സംഗീത ചോദിച്ചു. ഒന്നാന്തരം നിർദ്ദേശം തന്നെയാണത്. കപ്പിനെപ്പറ്റി ചർച്ച നടക്കുന്നയിടങ്ങളിൽ, അതുപയോഗിക്കുന്നവരുടെ മികച്ച പ്രതികരണങ്ങൾ ഒരിക്കൽ ശ്രദ്ധിച്ചിട്ടുണ്ട്. കഴുകി വീണ്ടും ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് മറ്റാരെക്കാളും കുട്ടനാട്ടിലെ സ്ത്രീകൾക്ക് അത് ശരിക്കും ഉപകരിക്കും. നാപ്പ്കിൻ വേയ്സ്റ്റ് സംസ്ക്കരിക്കുന്നതിന്റെ പ്രശ്നം ഉയരുന്നില്ല, ഇതുപോലുള്ള സന്ദർഭങ്ങളിൽ നാപ്പ്‌കിന്റെ ലഭ്യതാപ്രശ്നവും ഉദിക്കുന്നില്ല. പക്ഷെ, ഈ സാഹചര്യങ്ങൾ അവിടെ ചെല്ലുന്ന ആണുങ്ങളായ ഞങ്ങൾക്ക് അതവരെ ബോധവൽക്കരിക്കാൻ പറ്റില്ല. നാപ്‌ക്കിൻ പോലും ഞങ്ങളുടെ കൈയ്യിൽ നിന്ന് വളരെ ബുദ്ധിമുട്ടി ലജ്ജയോടെയാണ് നാട്ടിൻ‌പുറത്തുകാരായ ആ സ്ത്രീകൾ വാങ്ങുന്നത്.കപ്പ് ഉപയോഗിക്കുന്ന വിധമൊക്കെ പഠിപ്പിക്കാൻ സ്ത്രീകൾ തന്നെ പോയാലേ ശരിയാകൂ. വെള്ളമിറങ്ങിക്കഴിഞ്ഞിട്ട് മെനസ്ട്രൽ കപ്പുകളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കാൻ അത് പ്രമോട്ട് ചെയ്യുന്ന സുധയ്ക്കും ആ വിഷയത്തിൽ ആധികാരികമായ ലേഖനങ്ങൾ എഴുതിയിട്ടുള്ള ബീനച്ചേച്ചിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു. ഇത്തരത്തിൽ എന്ത് സഹായവും ചെയ്യാൻ ഒപ്പം വരാമെന്ന് ഏറ്റിരിക്കുന്ന ഡോൿടർ ഇന്ദുവിനും സഹആയുവ്വേദ ഡോൿടർമാർക്കും ഇക്കാര്യത്തിലും ആരോഗ്യവിഷയങ്ങളിലും കൂടുതൽ സഹായിക്കാനാവും.

പ്രാവശ്യം സാധനങ്ങൾ അധികമുണ്ടായിരുന്നതുകൊണ്ട് മൂന്നിന് പകരം നാല് വള്ളങ്ങൾ ഏർപ്പാടാക്കേണ്ടി വന്നു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും കുറഞ്ഞ പൈസയ്ക്ക് കൂടുതൽ വെള്ളം ലഭിക്കാനുമായി 20 ലിറ്ററിന്റെ ക്യാനുകൾ കരുതുകയും ചെയ്തു. പഴം, ബ്രെഡ്, വെള്ളം, നാപ്പ്‌കിൻ, തോർത്ത്, സോപ്പ് എന്നിങ്ങനെ പോകുന്നു മറ്റ് സാധനങ്ങൾ. കൊടുക്കാനുള്ള സൌകര്യത്തിന് വേണ്ടി, തലേന്ന് പാതിരാത്രി കഴിഞ്ഞും ഓഫീസിൽ വെച്ച് ഇതെല്ലാം കൃത്യമായി പൊതികെട്ടി തയ്യാറാക്കിയ UST ഗ്ലോബൽ സുഹൃത്തുക്കളും സ്മികേഷും വലിയൊരു കൈയ്യടി അർഹിക്കുന്നു. പഴവും വെള്ളവും തോർത്തും ബ്രെഡും ഒക്കെ ഏർപ്പാടാക്കിയതും സ്മികേഷ് തന്നെ. ആലപ്പുഴയിൽ കെട്ടുവെള്ളം ഉടമയായ സജിയും ആലപ്പുഴയിലും കുട്ടനാട്ടിലും കുടിവെള്ളം സപ്ലൈ ഉപജീവനമാക്കിയ റോജിയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കൈമെയ്യ് മറന്ന് ഞങ്ങൾക്കൊപ്പം നിന്നു. കരയിൽ നിന്ന് ഇതെല്ലാം ഇറക്കി വള്ളത്തിലേക്ക് കയറ്റാനും മറ്റും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. വള്ളക്കാർ നമ്മൾ ചെയ്യുന്ന കാര്യത്തോട് പൂർണ്ണമായും സഹകരിച്ചുനിന്നു. ഇന്നലെ രാത്രി 09:30 വരെ കായലിലൂടെ ഈ ജോലികളുമായി സഹകരിച്ച് വള്ളമോടിക്കാൻ ഒരു ബുദ്ധിമുട്ടും അവർക്കുണ്ടായിരുന്നില്ല. ഇരുട്ടുവീണാൽ കായലിലും തോട്ടിലുമൊക്കെ വള്ളമോടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. എതിരെ വരുന്ന വള്ളങ്ങളും കൊച്ചുവള്ളങ്ങളും ബോട്ടുകളും പരസ്പരം കണ്ടില്ലെങ്കിൽ അപകടത്തിലാണ് കാര്യങ്ങൾ കലാശിച്ചെന്ന് വരുക.

നമ്മൾ ഈ വെള്ളം എത്തിക്കുന്നതുവരെ കുട്ടനാട്ടുകാർ എങ്ങനെയായിരുന്നു കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റിയിരുന്നത് എന്നത് വലിയൊരു സമസ്യയായിരുന്നു എനിക്ക്. ഇന്നലെയാണ് അതിനുള്ള പല ഉത്തരങ്ങൾ കിട്ടിയത്. ചുറ്റും ഒഴുകുന്ന വെള്ളം തന്നെ എടുത്ത് തിളപ്പിച്ചാണ് അവരുപയോഗിക്കുന്നത്. ആലം പോലുള്ള രാസവസ്തുക്കൾ കലക്കി വെള്ളം ശുദ്ധീകരിക്കുന്ന പരിപാടികൾ ചെയ്യുന്നവരുമുണ്ട്. നമ്മളൊഴിച്ചുകൊടുക്കുന്ന ശുദ്ധജലം പകർത്തിയെടുക്കാനുള്ള പാത്രം പെട്ടെന്നവർ കഴുകിയെടുക്കുന്നതും പൊങ്ങി നിൽക്കുന്ന ആ വെള്ളത്തിലാണ്. അങ്ങനെ നോക്കിയാൽ കുട്ടനാട് കുടിവെള്ളത്തിന്റെ കാര്യത്തിൽ സമ്പന്നമായ ഒരിടമാണ്. അലക്കും കുളിയും അഴുക്ക് തള്ളലുമൊക്കെ ഒഴിവാക്കി ചുറ്റിലുമുള്ള വെള്ളം ജാഗ്രതയോടെ കൊണ്ടുനടക്കാൻ അവർക്ക് കഴിഞ്ഞാൽ ഇപ്പോൾ കിട്ടുന്നതിനേക്കാൾ ശുദ്ധമായ വെള്ളമായിരിക്കും ചുറ്റുമൊഴുകാൻ പോകുന്നത്.

പൂർണ്ണമായും വെള്ളമിറങ്ങിയിട്ടില്ലെങ്കിലും, തൽക്കാലം നമ്മൾ കുട്ടനാട്ടിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. മുഴുവൻ വെള്ളം ഇറങ്ങിയതിന് ശേഷം കാര്യമായൊരു ശുചീകരണദൌത്യം സംഘടിപ്പിക്കാനും പ്ലാസ്റ്റിക്ക് ശേഖരിച്ച് കരയിലെത്തിക്കാനും (ഇന്നലെത്തന്നെ സജി അതിന് തുടക്കമിട്ടിട്ടുണ്ട്) മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ എത്തിക്കാനും നേരത്തെ പറഞ്ഞതുപോലെ മെനസ്ട്രൽ കപ്പുകളെപ്പറ്റി ബോധവൽക്കരിക്കാനുമൊക്കെയായി വീണ്ടും ഒന്നോ രണ്ടോ പ്രാവശ്യം പോകുന്നതിനെപ്പറ്റി ആലോചനയുണ്ട്. കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാതെ തന്നെ കണ്ടറിഞ്ഞ് സഹായമെത്തിച്ചു. പേര് പുറത്തുപറയാൻ ആഗ്രഹമില്ലാത്ത ഓട്ടക്കാരൻ സുഹൃത്തൊരാൾ 260 ബോക്സ് (ഓരോന്നിലും 15 വീതം) നാപ്പ്‌കിനാണ് വാങ്ങി എത്തിച്ചുതന്നത്. ജയലക്ഷ്മി ഹരിഹരയ്യർ, അശ്വതി ഗിരീഷ്, നിഷാദ് യൂസഫ്, അംജിത്, നിഷ സുരേഷ്, ദീപു വിജയസേനൻ, റഫീക്ക് പൂന്തോട്ടത്തിൽ, സുനിൽ ചന്ദ്രൻ രാമചന്ദ്രൻ, ജ്യോതിസ് എടത്തൂറ്റ്, സജീബ് നാലകത്ത്, തിലകൻ രാമകൃഷ്ണൻ, സാജു ജോൺ, രാജേഷ് കെ.വി, വിദ്യാദത്ത് എസ്, മണികണ്ഠൻ തമ്പി, വിജിത സജീവ്, അബ്ദുള്ള വേഴാപ്പള്ളി, മെൽബിൻ ജോണും സുഹൃത്തുക്കളും, സഞ്ജയ് പരമേശ്വരൻ എന്നിവരാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സഹായമെത്തിച്ചത്. ഈ ലിസ്റ്റിന് വെളിയിൽ പേര് പറയാൻ ആഗ്രഹമില്ലാത്തവും ഉണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. സുഹൃത്തുക്കൾ ഈ ആവശ്യത്തിലേക്ക് അയച്ചുതന്ന പണം മുഴുവൻ ചിലവാക്കേണ്ടി വന്നിട്ടില്ല. പൂർണ്ണമായും വെള്ളമിറങ്ങിയശേഷം പോകുമ്പോൾ അത് ഉപയോഗിക്കുന്നതാണ്. അതല്ലെങ്കിൽ അവസാനം പണമയച്ചവർക്കെല്ലം തിരികെ അയക്കാനുള്ള ഏർപ്പാട് ചെയ്യാം. വരവ് ചിലവ് കണക്കുകൾ സഹായം എത്തിച്ചവർക്ക് മെയിൽ വഴി അയച്ചുകൊടുക്കുന്നതാണ്. എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി.

ഇന്നലെ ജോലി കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടും സമയം നീണ്ടുപോയതുകൊണ്ടും ദൃശ്യങ്ങൾ കാര്യമായി പകർത്താൽ പലപ്പോഴും മറന്നുപോയി. ഓർമ്മ വന്നപ്പോൾ എടുത്ത ചില രംഗങ്ങൾ പതിവുപോലെ ജോഹർ  എഡിറ്റ് ചെയ്ത് തന്നത് ഇവിടെ കാണാം.