Monthly Archives: May 2019

ദിവസം 003 – ചെങ്കോട്ട [GIE Trial]


ന്ന് 2019 മെയ് 7. പരീക്ഷണയാത്രയുടെ ഒന്നാം ദിവസത്തെ ബാക്കിനിൽക്കുന്ന പ്രശ്നങ്ങളിൽ ചിലതും രണ്ടാം ദിവസത്തെ ഓയോ(OYO) പ്രശ്നങ്ങളുമായി മൂന്നാം ദിവസം പുലർന്നു. ചെങ്കോട്ട ചുരം കടന്ന് തമിഴ്‌നാട്ടിലേക്ക് പോയി അവിടെത്തങ്ങാനാണ് മൂന്നാം ദിവസം പദ്ധതിയിട്ടിരിക്കുന്നത്. അതിനിടയ്ക്ക് ഈ യാത്രയുമായി ബന്ധപ്പെട്ട് സക്രട്ടറിയേറ്റിൽ ചിലരെ കാണാനുള്ളത് നടന്നാലോ എന്ന് ചിന്തിച്ച് 9 മണിക്ക് ശേഷം യാത്ര ആരംഭിക്കാമെന്ന് വെച്ചു. പക്ഷേ, സക്രട്ടറിയേറ്റിലെ കാര്യം നടന്നില്ല. 11 മണിയോടെ തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് കുളത്തൂപ്പുഴ വഴി ചെങ്കോട്ടയിലേക്ക് പുറപ്പെട്ടു.

ഇടയ്ക്ക് കാറിന്റെ വൈപ്പർ ടാങ്കിൽ വെള്ളം നിറയ്ക്കാനും, ഞങ്ങൾക്കൽ‌പ്പം വെള്ളം കുടിക്കാനും, കുറച്ച് വെള്ളം സംഭരിക്കാനുമായി കുളത്തൂപ്പുഴയ്ക്ക് മുൻപ് ഒന്ന് ബ്രേക്കടിച്ചു. മുന്നോട്ടുള്ള ഇരുപതോളം കിലോമീറ്റർ പാത വികസനത്തിന്റെ ഭാഗമായി തകർന്നുകിടക്കുകയാണെന്ന് വെള്ളം തന്ന കടക്കാരൻ സൂചന നൽകി. അത്രയും ദൂരം ദുരിതയാത്രയായിരുന്നു. റോഡിന്റെ പകുതി ഭാഗം കുഴപ്പമില്ലാതെ നിർത്തി ബാക്കി പകുതിഭാഗം പൊളിച്ചുപണിതിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു.

ആ മോശം റോഡിൽ നിന്ന് പുറത്ത് കടന്നതും വിശപ്പ് തലപൊക്കി. ഉടൻ തന്നെ നാടൻ ഭക്ഷണം എന്ന ഒരു ബോർഡ് കണ്ടു. വാഹനം സൈഡാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മീൻ വറുത്തതും മൂന്ന് തരം തോരനും കപ്പയും പപ്പടവും സമ്പാറും മോര് കറിയും മീൻ‌ചാറും ഇരുമ്പൻപുളി അച്ചാറും പോത്തിറച്ചിയുമൊക്കെ ചേർത്ത് സുഭിക്ഷമായ ഊണിന് കഴുത്തറുക്കുന്ന തുക ഈടാക്കുന്നുമില്ല. നാടൻ ഭക്ഷണമെന്ന് പറഞ്ഞതിൽ അശേഷം പൊളിയില്ല. നാല് ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ ശേഷം ആസ്വദിച്ച് കഴിച്ച ആദ്യഭക്ഷണം. ഓന്തുപച്ച വഴി പോകുന്നവർ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാൽ നഷ്ടമാകില്ല.

ഓന്തുപച്ചയിൽ നിന്ന് മുന്നോട്ട് വാഹനത്തിരക്കൊന്നുമില്ലാത്ത പൊട്ടിപ്പൊളിയാത്ത നല്ല റോഡാണ്. ആസ്വദിച്ച് ഡ്രൈവ് ചെയ്യാൻ പറ്റുന്ന ഒരു പാത. പെട്ടെന്ന് വഴിയരുകിൽ ബൈക്ക് ഒതുക്കി നിൽക്കുന്ന ഒരു ഭാര്യയും ഭർത്താവും ശ്രദ്ധയിൽ‌പ്പെട്ടു. നിറയെ കുരങ്ങുകൾ അവരെ വളഞ്ഞിരിക്കുന്നു. ഞങ്ങൾ അൽ‌പ്പം മുന്നോട്ട് നീക്കി വാഹനമൊതുക്കി അവരെ നിരീക്ഷിച്ചു. അവർ കുരങ്ങുകൾക്ക് എന്തോ ഭക്ഷണം കൊടുക്കുകയാണ്. ആ കർമ്മം തീർന്നപ്പോൾ ഞങ്ങളവരുമായി സംസാരിച്ചു.

12
                    മാടസ്വാമിയും കർപ്പകസെൽ‌വിയും

മാടസ്വാമിയും ഭാര്യ കർപ്പകശെൽ‌വിയും തമിഴ്നാട്ടുകാരാണെങ്കിലും ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിൽ‌പ്പനയാണ് ജോലി. മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടിലേക്ക് പോകും. ആ സമയത്ത് ഇവിടെ വാഹനം നിർത്തി കുരങ്ങുകൾക്ക് കപ്പലണ്ടി കൊടുക്കുന്നത് ഒരു പതിവാണ്. 20 പാക്കറ്റോളം കപ്പലണ്ടി കൊടുക്കാറുണ്ട്. ഉള്ളം കൈയിൽ കപ്പലണ്ടി വെച്ചാണ് അവർ നൽകുന്നതെങ്കിലും കുരങ്ങുകൾ ഒരു തരത്തിലും ഉപദ്രവിക്കുന്നില്ല. ഈ ദമ്പതികൾക്ക് ഭിന്നശേഷിക്കാരിയായ ഒരു ചെറിയ മകളുണ്ട്. അവൾ കൈയ്യിൽ കപ്പലണ്ടി നീട്ടുമ്പോൾ പോലും അതെടുത്ത് കഴിക്കുമെന്നല്ലാതെ, മറ്റ് ശല്യമൊന്നും കുരങ്ങുകൾ ചെയ്യാറില്ലത്രേ ! നീട്ടിയ കൈ പിൻ‌വലിക്കാതിരുന്നാൽ മാത്രം മതിയെന്നാണ് മാടസ്വാമി പറയുന്നത്.

11
                                          കുരങ്ങുകളെ ഊട്ടൽ ചടങ്ങ്

ഞാനതൊന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചു. അവസാനത്തെ ചുരം ഇറങ്ങുന്നതിന് മുൻപ് വീണ്ടും കണ്ടു കുരങ്ങുകളുടെ കൂട്ടം. അമ്മക്കുരങ്ങുകളും അതിന്റെ ഉദരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന കുട്ടിക്കുരങ്ങുകളും ധാരാളമുണ്ട് അക്കൂട്ടത്തിൽ. സഞ്ചാരികൾ പലരും കുരങ്ങുകൾക്ക് ബിസ്ക്കറ്റുകൾ നൽകുന്നത് ഭയത്തോടെയാണ്. അതുകൊണ്ട് തന്നെ നിലത്ത് എറിഞ്ഞാണവർ ഭക്ഷണം കൊടുക്കുന്നത്. ഞാൻ കൈവെള്ളയിൽ വെച്ച് നീട്ടിയ ബിസ്ക്കറ്റുകൾ അതിലൊരു കുരങ്ങ് എടുത്ത് തിന്നു. എന്റെ കൈയ്യിൽ തൊടുമ്പോൾ ഞാൻ അക്രമിക്കുമോ എന്ന ആശങ്ക മാത്രമാണ് അതിനുണ്ടായിരുന്നത്. മനുഷ്യനാണല്ലോ ഏറ്റവും അക്രമകാരിയായ മൃഗം.

രണ്ട് ഹെയർ പിന്നുകളും അതല്ലാതെയുള്ള സ്വാ‍ഭാവിക കയറ്റങ്ങളുമായി സഹ്യനെ മറികടക്കുന്നു ഈ ഭാഗത്തെ പാത. വലിയ ഉയരത്തിലേക്ക് കയറുന്നതിന്റെ ലക്ഷണമില്ല. മലയുടെ മുകൾഭാഗത്ത് ചെന്ന് കയറുമ്പോൾ തെന്മല എക്കോ ടൂറിസത്തിനെ ഭാഗമായ ഷെന്തൂർണി(shendurney) ബോട്ടിങ്ങിന്റെ ബോർഡുകൾ കാണാം. പല്ലംവെട്ടിയിലെ സാഡിൽ ഡാമിന്റെ സംഭരണിയിലെ വെള്ളത്തിലാണ് ഈ ബോട്ടിങ്ങ് നടക്കുന്നത്. കുട്ടവഞ്ചിയിലും മുളച്ചങ്ങാടത്തിലും മറ്റ് ബോട്ടുകളിലും സവാരിയുണ്ട്. പക്ഷെ അവിടെ ക്യാമറ അനുവദിക്കുന്നില്ല. അതേസമയം മൊബൈൽ ഫോണുകളിലെ ക്യാമറകൾക്ക് വിലക്കില്ല. ഞങ്ങൾ മൊബൈൽ ഫോണിൽ ഒന്നുരണ്ട് ചിത്രങ്ങളും വീഡിയോയും എടുത്ത് വീണ്ടും മുന്നോട്ട് നീങ്ങി.

IMG_20190507_143232
                                           സാഡിൽ ഡാം – പല്ലം വെട്ടി
IMG_20190507_143348
                                സാഡിൽ ഡാമിന് മുന്നിൽ യാത്രികർ

തെന്മലയിലെ പരപ്പാർ ഡാമിലും ക്യാമറയ്ക്ക് പ്രവേശനമില്ല. അതുകൊണ്ട് തൽക്കാലം അതിനകത്തേക്കും കയറിയില്ല. ഡാം വിശദമായി കാണാൻ ‘ജീ’ ബാക്കി നിൽക്കുകയല്ലേ.

JOE02168
                                        പരപ്പാർ ഡാമിന്റെ കവാടം.

പാലരുവി വെള്ളച്ചാട്ടം ഇവിടന്ന് 15 കിലോമീറ്റർ മാത്രം അകലത്തിലാണ്. പക്ഷെ ഈ യാത്രയിൽ പശ്ചിമഘട്ടത്തിൽ നിന്ന് അധികം മാറിസഞ്ചരിക്കാൻ ഉദ്ദേശമില്ല. Great Indian Expedition ഈ ഭാഗത്തെത്തുമ്പോൾ എല്ലാം വിശദമായിത്തന്നെ കണ്ടിരിക്കും. ഇത് പരീക്ഷണ യാത്ര മാത്രമാണ്.

ഈ റൂട്ടിലെ ഒരു പ്രധാന കാഴ്ച്ച പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയാണ്. റോഡിന്റെ ഇടതുവശത്തായി കൽത്തൂണുകളിൽ ഉയർന്ന് നിൽക്കുന്നത് പാലങ്ങളും അതിന് മുകളിൽ പാളങ്ങളുമാണ്. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആ രംഗം നേരിൽ കാണുന്നത് ആദ്യമാണ്. ഞങ്ങളവിടെ വാഹനമൊതുക്കി. ഒരു കല്യാണച്ചെക്കനേയും പെണ്ണിനേയും പോസ് ചെയ്യിപ്പിച്ച് പടങ്ങളെടുക്കുന്നുണ്ട് ഫോട്ടോഗ്രാഫർമാരുടെ സംഘം. ആര്യങ്കാവിലോ മറ്റോ കല്യാണം കഴിഞ്ഞ് വരുന്ന വഴിയാണവർ എന്ന് വ്യക്തം. അതല്ലാതെയും പുനലൂര് നിന്നും കൊല്ലത്തുനിന്നും തിരുവനന്തപുരത്ത് നിന്ന് പോലും ഫോട്ടോ ഷൂട്ടിനായി ഇവിടെ ക്യാമറാ സംഘവും വധൂവരന്മാരും എത്താറുണ്ടെന്ന് പുനലൂരുകാരൻ ക്യാമറാമാൻ സുനിൽ പറയുന്നു.

പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാത ഈയടുത്ത കാലം വരെ മീറ്റർഗേജ് ആയിരുന്നെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ ? കേരളത്തിലെ അവസാനത്തെ മീറ്റർ ഗേജ് പാതയായിരുന്നു ഇത്. മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കേണ്ടി വന്നപ്പോൾ ഈ പാലങ്ങളും അതിനെ താങ്ങുന്ന തൂണുകളും വലുതാക്കേണ്ടി വന്നു. പഴയ പാലത്തിന്റെ തൂണുകളെ ചുറ്റി പുതിയ തൂണുകൾ പണിയുകയാണ് ചെയ്തത്. പുതിയ തൂണുകൾക്കുള്ളിൽ പഴയ തൂണുകൾ ഇപ്പോളും അതിന്റെ ജോലി ആരും കാണാതെ ചെയ്തുകൊണ്ടിരിക്കുന്നു. പഴമ നിലനിർത്തിക്കൊണ്ടുതന്നെയുള്ള തൂണുകൾ വേണമെന്ന ആവശ്യം ഉയർന്നപ്പോൾ അത്തരത്തിലുള്ള തൂണുകൾ നിർമ്മിക്കുകയായിരുന്നു. തൂണിന്റെ കരിങ്കല്ല് ചെത്തിയെടുത്തിരിക്കുന്നത് നിരീക്ഷിച്ചാൽ അക്കാര്യം മനസ്സിലാക്കാനാവും.

Wiki
                തീവണ്ടിപ്പാതയുടെ പഴയ ദൃശ്യം – കടപ്പാട് വിക്കി
IMG_20190507_150755
                                    തീവണ്ടിപ്പാതയുടെ പുതിയ ദൃശ്യം

പുതിയ പാലത്തിന്റെ ജോലികൾ ആരംഭിക്കാനായി 2006 ൽ മീറ്റർ ഗേജ് സർവ്വീസ് അവസാനിപ്പിച്ചു. കൊല്ലം – പുനലൂർ ബ്രോഡ്‌ഗേജ് 2010 ൽ ആരംഭിച്ചെങ്കിലും പുനലൂർ – ചെങ്കോട്ട ആരംഭിച്ചത് 2018 ലാണ്. ചെറുതും വലുതുമായി ഇരുനൂറോളം പാലങ്ങളും 5 തുരങ്കങ്ങളും 5 മേൽ‌പ്പാലങ്ങളും 5 ലവൽക്രോസ്സുകളും ഈ റൂട്ടിലുണ്ട്. 1904 നവംബർ 24 നാണ് കാടിനേയും സഹ്യനേയും മുറിച്ച് കടന്ന് ഈ തീവണ്ടിപ്പാത ആരംഭിച്ചത്. 21 വർഷമെടുത്താണ് അന്നിതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സഞ്ചാരികളെ എന്നും ഹരം കൊള്ളിക്കുന്ന ഒരു തീവണ്ടിപ്പാതയാണിത്. പക്ഷേ മീറ്റർ ഗേജ് ആയിരുന്നപ്പോൾ എല്ലാ ഒരു മണിക്കൂറിലും തീവണ്ടി ഉണ്ടായിരുന്നത് ബ്രോഡ് ഗേജ് ആയപ്പോൾ ദിവസത്തിൽ നാലോ അഞ്ചോ വണ്ടികളായി ചുരുങ്ങിയെന്നാണ് പാലത്തിനടിയിൽ താമസവും കച്ചവടവും നടത്തുന്ന നാട്ടുകാരായ രണ്ട് സ്ത്രീകൾ അഭിപ്രായപ്പെട്ടത്.

ചുരം താഴേക്ക് ഇറങ്ങിത്തുടങ്ങുകയായി. ഇറക്കത്തിലെ ഒരു വ്യൂ പോയന്റിൽ നിന്ന് ചെങ്കോട്ട പട്ടണത്തിന്റേയും ചുറ്റുവട്ടത്തിന്റേയും ആകാശക്കാഴ്ച്ച കിട്ടുന്നുണ്ട്. താഴേ ദൂരെയായി പേരറിയാത്ത ഏതോ കാറ്റാടിപ്പാടത്ത് കുറേ കാറ്റാടി യന്ത്രങ്ങൾ കറങ്ങുന്നതും ദൃശ്യമാണ്.

ഇന്ന് ആദ്യമായി അഞ്ച് മണിക്ക് മുൻപ് കൂടണയുകയാണ്. കുറ്റാലത്തുള്ള സന്താനംസ് വില്ലയിൽ മുറി തരപ്പെടുത്തിയത് ഇന്നലെ പണി തന്നെ ഓയോ (OYO) വഴി തന്നെ. ഇന്നലെ ഓയോയിൽ നഷ്ടമായ പണം രണ്ടാഴ്ച്ചയ്ക്കകം തിരിച്ച് തരാനുള്ള ഏർപ്പാടായിട്ടുണ്ട്. പക്ഷെ അതിന്റെ പേരിൽ നഷ്ടമായ രണ്ട് മണിക്കൂർ സമയം ഞങ്ങൾക്ക് വളരെ വലുതായിരുന്നു.

IMG_20190508_085721
                                             സന്താനംസ് വില്ല  – കുറ്റാലം

സന്താനംസ് വില്ലയിൽ തുണികൾ അലക്കി ഇടാൻ ധാരാളം സൌകര്യമുണ്ട്. കുറ്റാലത്താണെങ്കിൽ നാലുവശത്തുനിന്നും വീശിയടിക്കുന്ന കാറ്റുമുണ്ട്. നാല് ദിവസത്തെ മുഷിഞ്ഞ തുണികൾ അലക്കി വെളുപ്പിക്കാൻ ഇതിലും പറ്റിയ അവസരമില്ല. ഞാനൽ‌പ്പം സോപ്പുപൊടി വാങ്ങിക്കൊണ്ടുവന്ന് തുണികളെല്ലാം സോപ്പുവെള്ളത്തിൽ കുതിർത്തിയിട്ടു.

TrialDay_03_jpg
                                                           വഴിയും ദൂരവും

രാത്രിഭക്ഷണം തരമായത് ബസ്സ് സ്റ്റാൻഡിനടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നാണ്. മുറിയിൽ തിരികെയെത്തി ജോഹർ വീഡിയോ എഡിറ്റിങ്ങിലേക്ക് ഊളിയിട്ടു. തുണികളെല്ലാം അലക്കി വിരിച്ച് ഞാനും ലാപ്പ്ടോപ്പിന് മുന്നിലിരുന്നു. സമയം പതിനൊന്ന് മണി ആകുന്നതേയുള്ളൂ. പക്ഷേ, നല്ല ഉറക്കം ചുറ്റിപ്പറ്റി നിൽക്കുന്നു. എഴുത്ത് രാവിലെയാക്കാമെന്ന് തീരുമാനിച്ച് കമ്പ്യൂട്ടർ അടച്ചുപൂട്ടി മൂന്നാം ദിവസം ഞാൻ അവസാനിപ്പിച്ചു. ശുഭരാത്രി.

———————————————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇതിന്റെ മലയാളം ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.