Monthly Archives: May 2019

ദിവസം 002 – നെയ്യാർ ഡാം [GIE Trial]


ജീ (GIE) പരീക്ഷണ യാത്രയുടെ ഒന്നാം ദിവസം പാതിരാത്രിയായി അന്നത്തെ യാത്രാവിവരണം എഴുതിയുണ്ടാക്കാൻ. ഒന്നാം ദിവസത്തെ  വെല്ലുവിളികൾ എന്നിട്ടും ബാക്കിനിൽക്കുന്നതുകൊണ്ട് അതിൽ ചിലതിനെങ്കിലും പരിഹാരമാക്കാതെ KTDC യുടെ Tamarind ഹോട്ടലിലെ റൂം നമ്പർ 103 ൽ നിന്ന് പുറത്തിറങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചു. ഉച്ചയോടെ യാത്രയുടെ വീഡിയോ ഏതാണ്ട് പൂർത്തിയായി. പക്ഷേ 12 മണിക്ക് ചെക്ക് ഔട്ട് ചെയ്യണമെന്ന് ഹോട്ടലുകാർ അറിയിച്ചതുകൊണ്ട് ഭാണ്ഡങ്ങളെല്ലാം വാരിക്കെട്ടി പുറത്തുകടന്നു.

001

KTDC കെട്ടിടം നിൽക്കുന്നത് നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തിനോട് ചേർന്ന് നല്ല ഉയരമുള്ള ഭാഗത്താണ്. റസ്റ്റോറന്റിൽ ഇരുന്ന് നോക്കിയാൽ വൃഷ്ടിപ്രദേശവും ഡാമിന്റെ ഭാഗങ്ങളുമൊക്കെ കാണാം. ഒരു രാത്രിയും അര പകലും അവിടെ തങ്ങിയിട്ട് ഡാം നന്നായിട്ടൊന്ന് കണ്ടില്ലെങ്കിൽ മോശമല്ലേ ? അതുകൊണ്ട് ഡാമിൽ ചുറ്റിയടിക്കലും ദൃശ്യങ്ങൾ പകർത്തലും മാത്രമാക്കി രണ്ടാം ദിവസം ഒതുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിന് ശേഷം നെടുമങ്ങാട് ചെന്ന് അവിടെ താമസിക്കാൻ ഒരിടം കണ്ടുപിടിക്കുക; ഒന്നാം ദിവസത്തേയും രണ്ടാം ദിവസത്തേയും വിവരങ്ങൾ പൂർത്തിയാക്കി പ്രസിദ്ധീകരിക്കുക എന്നൊക്കെയായിരുന്നു ആഗ്രഹങ്ങൾ.

002

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നെയ്യാർ നദിക്ക് കുറുകെയാണ് ഗ്രാവിറ്റി ഡാമായ നെയ്യാർ അണക്കെട്ട് നിലകൊള്ളുന്നത്. 15 ഡിസംബർ 1951 ന് തിരുക്കൊച്ചി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.ചന്ദ്രശേഖരപ്പിള്ളയാണ് നെയ്യാർ ഡാമിന് തറക്കല്ലിട്ടത്. 9 ഫെബ്രുവരി 1959 ൽ മദ്രാസ് ഗവർണ്ണറായിരുന്ന ബിഷ്ണു റാം മേധി 56 മീറ്റർ ഉയരവും 294 മീറ്റർ നീളവുമുള്ള നെയ്യാർ ഡാം കമ്മീഷൻ ചെയ്തു. പ്രധാനമായും കൃഷി ആവശ്യങ്ങൾക്കാണ് നെയ്യാർ ഡാമിലെ ജലം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ 24 മണിക്കൂറും തുറന്നുവെച്ചിരിക്കുന്ന വലിയ പൈപ്പിലൂടെ കനാലിലേക്ക് വെള്ളം തുറന്ന് വിടുന്നുണ്ട് ഇവിടെ.

003

കാഴ്ച്ചകൾ ധാരാളമുണ്ട് നെയ്യാർ ഡാമിൽ. വാച്ച് ടവറിൽ നിന്ന് കാണുന്ന ഡാമിന്റെ വൃഷ്ടി പ്രദേശം തന്നെയാണ് ആ കാഴ്ച്ചകളിൽ മുന്നിട്ട് നിൽക്കുന്നത്. ഡാമിലെ ജലപ്പരപ്പിൽ KTDC യും ഫോറസ്റ്റ് വകുപ്പും നടത്തുന്ന ബോട്ട് സവാരി ആസ്വദിക്കാനുള്ള സൌകര്യമുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബോട്ട് സവാരി വഴി ചീങ്കണ്ണിപ്പാർക്കിലേക്കും ലയൺ സഫാരിക്കും പോകാനാകും.

ഡാമിൽ ബോട്ട് സവാരി നടത്തുമ്പോൾ വെള്ളത്തിൽ കൈമുക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശമുള്ളത് ചീങ്കണ്ണികളെ പേടിച്ചിട്ട് തന്നെയാണ്. തിങ്കളാഴ്ച്ച ദിവസം ഫോറസ്റ്റിന്റെ ബോട്ട് സവാരിക്ക് അവധിയാണ്.

004

ഡാമിനകത്തെ പൂന്തോട്ടത്തിൽ കല്ല് പാകാനും മറ്റുമായി ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ടെന്നത് വ്യക്തം. പക്ഷേ, അത്തരം നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം പരിപാലനം നടത്തുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. നിർമ്മാണത്തിന് ശേഷം നാശത്തിലേക്ക് വിട്ട് നോക്കിയിരിക്കുന്നത് കേരളത്തിൽ എല്ലായിടത്തും എല്ലാ നിർമ്മാണങ്ങൾക്കും  ഒരുപോലെയാണല്ലോ.

005

നെയ്യാർ ഡാമിലെ മറ്റൊരാകർഷണം അക്വേറിയമാണ്. പലയിടത്തും അക്വേറിയം എന്ന പേരിനപ്പുറം കാര്യമായി മത്സ്യങ്ങളൊന്നും ഉണ്ടാകാറില്ലെന്നതുകൊണ്ട് എനിക്ക് അക്വേറിയങ്ങൾ വലിയ താൽ‌പ്പര്യമുള്ള വിഷയമല്ല. പക്ഷേ കണക്കുകൂട്ടലുകളും മുൻ‌ധാരണയും തെറ്റിച്ചുകളഞ്ഞു നെയ്യാർ അക്വേറിയം. ശുദ്ധജലത്തിലും കടൽ‌വെള്ളത്തിലും കാണുന്ന ധാരാളം മത്സ്യങ്ങളും ചെമ്മീനുകളുമൊക്കെ ഇവിടത്തെ അക്വേറിയത്തിലുണ്ട്. ചെമ്മീനുകൾ ജലത്തിൽ സഞ്ചരിക്കുന്നത് നേരിൽ ഞാൻ കാണുന്നത് ആദ്യമായിട്ടാണ്. പലതരം സ്രാവുകളാണ് ഈ അക്വേറിയത്തിലെ മറ്റൊരു ആകർഷണം. ടൈഗർ ഷാർക്ക്, റെയിൻ ബോ ഷാർക്ക്, എന്നിങ്ങനെ നാലഞ്ച് ഇനം ഷാർക്കുകൾ വലിയ ജലസംഭരണികളിൽ ഓടിക്കളിക്കുന്നു. അക്കൂട്ടത്തിൽ എനിക്കേറ്റവും കൌതുകകരമായി തോന്നിയ ഒരു മീനിന്റെ പേര് മിസ്സ് കേരള എന്നാണ്. ഓരോ മീനുകളുടേയും ശാസ്ത്രീയനാമവും ആയുസ്സും വിളിപ്പേരുമെല്ലാം കൃത്യമായി എഴുതി വെച്ചിട്ടുണ്ട്.

IMG_20190506_145010

ഇതുവരെയുള്ള അനുഭവം ഡാമുകളിൽ ക്യാമയ്ക്ക് നിരോധനം ഉണ്ടെന്നാണ്. പക്ഷേ, ടിക്കറ്റെടുത്താൽ നെയ്യാർ ഡാമിൽ ക്യാമറ ഉപയോഗിക്കാം. ഒറ്റക്കുഴപ്പമേയുള്ളൂ. ഓരോയിടത്തും ക്യാമറയ്ക്ക് പ്രത്യേകം ടിക്കറ്റെടുക്കണം. ഉദാഹരണത്തിന് ഡാമിന്റെ പ്രധാന കവാടത്തിലും, അക്വേറിയത്തിലും വാച്ച് ടവറിലുമെല്ലാം വേവ്വേറെ പ്രവേശന ടിക്കറ്റും പാർക്കിങ്ങ് ടിക്കറ്റും ക്യാമറാ ടിക്കറ്റുമെടുക്കണം. അതത്ര ശരിയായ നടപടിയല്ല എന്നാണെന്റെ അഭിപ്രായം. ഒരൊറ്റ ടിക്കറ്റിൽ എല്ലായിടത്തും കയറാനുള്ള സൌകര്യമുണ്ടാകേണ്ടതാണ്.

നെയ്യാർ ഡാമിനോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ വൈകീട്ട് 4 മണി കഴിഞ്ഞിരുന്നു. 3 മണിക്ക് യാത്ര അവസാനിപ്പിക്കണമെന്നുള്ള അജണ്ട രണ്ടാം ദിവസവും നടപ്പാക്കാൻ സാധിച്ചില്ല.

006

രാത്രി നെടുമങ്ങാട് ഭാഗത്തെവിടെയെങ്കിലും തങ്ങാനാണ് ഉദ്ദേശം. മുപ്പത് കിലോമീറ്ററിൽ താഴെ ദൂരമേ നെടുമങ്ങാട്ടേക്ക് ഉള്ളൂ. പക്ഷേ വിചാരിച്ച ബഡ്ജറ്റിന് മുകളിലുള്ള താമസസൌകര്യമാണ് അവിടെയുള്ളത്. ജോഹർ ഓയോ (OYO) റൂമുകൾ പരതി മണ്ണന്തലയിലുള്ള അക്വാ റോക്ക് എന്ന ഹോട്ടലിൽ 829 രൂപയ്ക്ക് ഡബിൾ റൂമും ബ്രേക്ക്ഫാസ്റ്റും ഏർപ്പാട് ചെയ്തു.

പക്ഷേ, ഹോട്ടലിൽ ചെന്ന് കയറിയപ്പോൾ അവർ ഓയോ ടീമുമായി അടിച്ച് പിരിഞ്ഞെന്നും ഞങ്ങൾക്ക് മുറി തരാൻ സാദ്ധ്യമല്ലെന്നും അറിയിച്ചു. ഓയോ ഹെൽ‌പ്പ് നമ്പറുകളും മറ്റും വിളിച്ചു നോക്കി. ആരും ഫോണെടുക്കുന്നില്ല. ഓയോ കസ്റ്റമർ എക്സിക്യുട്ടീവിനെ വിളിച്ചു. അയാൾക്കും സഹായിക്കാനാവില്ല എന്ന് മറുപടി കിട്ടി. മുറി തരാമെന്ന് പറഞ്ഞ് കാശടിച്ച് മാറ്റിയതിന്റെ നിരാശയും ദേഷ്യവും മാത്രം മിച്ചം. മറ്റ് മുറികൾ അന്വേഷിച്ചിട്ട് ഒന്നും കിട്ടുന്നുമില്ല. യാത്ര തുടങ്ങുന്നതിന് മുൻപ് താമസിച്ച സക്രട്ടറിയേറ്റിന്റെ പിന്നിലെ ജെ.കെ.ഇന്റർനാഷണലിലേക്ക് 7 കിലോമീറ്റർ ദൂരമേയുള്ളൂ. നേരെ അങ്ങോട്ട് ചെന്ന് കയറി. ഇന്ന്  46 കിലോമീറ്റർ ദൂരം മാത്രമാണ് സഞ്ചരിച്ചത്. താഴത്തെ നിലയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് യാത്രാനുഭവം എഴുതാനിരിക്കുമ്പോൾ രാത്രി പത്തുമണി.TrialDay_02_jpg

സമയക്രമം പാലിക്കാനുള്ള നടപടികൾ ഓരോന്ന് കണ്ടുപിടിക്കുമ്പോൾ ഓയോ ഉണ്ടാക്കിയത് പോലുള്ള പുതിയ പ്രശ്നങ്ങൾ തലപൊക്കിക്കൊണ്ടിരിക്കുന്നു. ഈ പ്രാരാബ്ദ്ധങ്ങളെല്ലാം കൂടെ ചേർന്നാണ് ഇതൊരു യാത്രയാകാൻ പോകുന്നതെന്ന് ഉറപ്പാണ്. പൂ വിരിച്ച പാതകളാകില്ലെന്ന് തീർച്ചയായിരുന്നു. ശുഭരാത്രി.

————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇതിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇതിന്റെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.