Monthly Archives: May 2019

ദിവസം 005 – ഗവി [GIE Trial]


ത്തനംതിട്ടയിൽ നിന്ന് അൽ‌പ്പം വിട്ട് കുമ്പഴ എന്ന സ്ഥലത്തുള്ള ഒരു ചെറിയ ടൂറിസ്റ്റ് ഹോമിലാണ് നാലാം ദിവസത്തെ യാത്ര അവസാനിപ്പിച്ചത്. അഞ്ചാം ദിവസം ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് പോകാനാണ് പദ്ധതി. ഗവിയിലേക്ക് പോകണമെങ്കിൽ ഫോറസ്റ്റിൽ നിന്ന് പാസ്സ് എടുക്കണം. ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങളെ മാത്രമേ അതുവഴി കടത്തി വിടൂ. ഇരുചക്രവാഹനങ്ങളും വലിയ സ്വകാര്യ ബസ്സുകളും അനുവദിക്കുകയുമില്ല. പക്ഷേ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ജംഗിൾ റൈഡർ, ഗവി ബോയ് എന്നീ പേരുകളിലുള്ള രണ്ട് KSRTC ബസ്സുകളുണ്ട്.

ജോഹർ ചില സുഹൃത്തുക്കളെ വിളിച്ച് ആ വഴിക്ക് പോകാനുള്ള പാസ്സിന്റെ കാര്യം ഏർപ്പാടാക്കുകയും നിബന്ധനകൾ മനസ്സിലാക്കുകയും ചെയ്തു. ഓൺലൈൻ വഴി പാസ്സ് എടുക്കാം. പക്ഷേ, യാത്ര പുറപ്പെടുന്നതിന് മുൻപ് ആങ്ങമൂഴി ഫോറസ്റ്റ് ഓഫീസിൽ ചെന്ന് അത് ഓഫ്‌ലൈൻ പാസ്സാക്കി മാറ്റണം. ഞങ്ങൾ 120 രൂപയ്ക്ക് ഓൺലൈൻ പാസ്സ് എടുത്തു.

20190511_160431
                                                            പ്രവേശന പാസ്സ്

രാവിലെ 08:30 ന് ചെക്ക് പോസ്റ്റ് തുറക്കുന്ന സമയത്ത് തന്നെ ആങ്ങമൂഴിയിൽ എത്തണമെന്നുറച്ച് 7 മണിക്ക് ടൂറിസ്റ്റ് ഹോമിൽ നിന്നിറങ്ങി. വഴിക്ക് ചെറിയൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൃത്യം 08:30 ന് തന്നെ ആങ്ങമൂഴി ഫോറസ്റ്റ് ഓഫീസിൽ എത്തി ഓഫ്‌ലൈൻ പാസ്സ് വാങ്ങി. കൊച്ചാണ്ടി ചെക്ക് പോസ്റ്റിലാണ് ആദ്യം പാസ്സ് കാണിക്കേണ്ടത്. അവിടത്തെ ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തി. വാഹനത്തിലുള്ള പ്ലാസ്റ്റിക്ക് ബാഗുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, പ്ലാസ്റ്റിക്ക് ഗ്ലാസ്സുകൾ, പേപ്പർ പ്ലേറ്റുകൾ എന്നിവ എണ്ണി തിട്ടപ്പെടുത്തി പാസ്സിൽ എഴുതിച്ചേർക്കുന്നു. അത്രയും വസ്തുക്കൾ ഗവിയിൽ നിന്ന് പുറത്തേക്കുള്ള അവസാന ചെക്ക് പോസ്റ്റിൽ കാണിച്ച് ബോദ്ധ്യപ്പെടുത്തിയില്ലെങ്കിൽ ഐറ്റം ഒന്നിന് 500 രൂപ വീതം ഈടാക്കുന്നു. വളരെ കർശനമായ ഈ നടപടി കേരളത്തിലെ പല കാടുകളിലും നടപ്പാക്കുന്നുണ്ട്. വയനാട്ടിലെ ചെമ്പറ പീക്ക് കയറാൻ രണ്ടാമത്തെ പ്രാവശ്യം ഞാൻ പോയപ്പോൾ അവിടെയും ഇതേ നടപടി ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ട്. കാടുകൾ മലിനമാക്കുന്ന സഞ്ചാരികളിൽ ഒരു കൂട്ടരുടെ ശീലം കുറച്ചെങ്കിലും ഇല്ലാതാക്കാൻ ഈ നടപടിക്കൾക്കായിട്ടുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരും പ്രകൃതിദ്രോഹികളുമായ ചില കൂട്ടരെ നിലയ്ക്ക് നിർത്താൻ ഇതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ ഞങ്ങൾ അനുഭവിച്ചറിഞ്ഞത്.

20190511_160507
                                    പ്രവേശന പാസ്സിന്റെ മറുപുറം

ഗവിയിലേക്ക് കടന്നാൽ‌പ്പിന്നെ ഭക്ഷണമൊന്നും കിട്ടില്ല. ആയതിനാൽ സഞ്ചാരികൾ എന്തെങ്കിലും പൊതിഞ്ഞ് കൊണ്ടുപോകുകയോ മറ്റെന്തെങ്കിലും ഭക്ഷണം ഏർപ്പാടാക്കുകയോ ആണ് പതിവ്. കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ ഒരു ചേച്ചി ഉണ്ണിയപ്പവും പൊതിച്ചോറും വിൽക്കുന്നുണ്ട്. ചിലർ അത് വാങ്ങിക്കൊണ്ട് പോകുന്നു. ഞങ്ങൾ നാലഞ്ച് ഉണ്ണിയപ്പം വാങ്ങി. ഒരു നേരത്തേക്ക് അത് മതിയാകുമല്ലോ ?
കൊച്ചാണ്ടി മുതൽ ആനത്തോട് വരെയുള്ള 35 കിലോമീറ്റർ ദൂരം ഉച്ചയ്ക്ക് 02:30 ന് മുൻപ് കടന്നിരിക്കണമെന്നാണ് നിബന്ധന. എന്നാൽ മാത്രമേ തുടർന്നങ്ങോട്ടുള്ള ദൂരവും കൃത്യമായ സമയത്ത് മറികടക്കാനാവൂ. 6 മണി കഴിയുന്നതോടെ സഞ്ചാരികൾ എല്ലാവരേയും കാടിന് വെളിയിലെത്തിക്കുന്ന പദ്ധതിയാണിത്. പിന്നീടങ്ങോട്ടുള്ള സമയങ്ങളിലെങ്കിലും വന്യമൃഗങ്ങൾക്ക് സ്വൈര്യമായി വിഹരിക്കാൻ സാധിക്കണം.

സാധാരണനിലയ്ക്ക് ഗവിയിലേക്ക് വരുന്ന സന്ദർശകർ വണ്ടിപ്പെരിയാർ വള്ളക്കടവ് ഭാഗത്തുനിന്നാണ് കാട്ടിലേക്ക് പ്രവേശിക്കുക. മുൻപ് രണ്ട് പ്രാവശ്യം ഞാൻ ഗവിയിലേക്ക് പോയിട്ടുള്ളതും ആ വഴിക്കാണ്. പക്ഷേ, മറുവശത്തുനിന്ന്, അതായത് കൊച്ചാണ്ടിയിൽ നിന്ന് ഗവിയിലേക്കുള്ള യാത്രയ്ക്കാണ് കൂടുതൽ മനോഹാരിത. ഈ ചൂടുകാലത്ത് കേരളം മുഴുവൻ നിന്ന് വിയർക്കുമ്പോൽ, രാവിലെ 10:30 കഴിഞ്ഞ നേരത്ത് പോലും താഴ്വര കോട പുതച്ചു നിൽക്കുന്നു. അത് നൽകുന്ന തണുപ്പ് അന്തരീക്ഷത്തിനുണ്ട്. ഞങ്ങളുടെ കാറിലെ ഊഷ്മമാപിനി 24 ഡിഗ്രി സെൽ‌ഷ്യസാണ് കാണിക്കുന്നത്.

കൊച്ചാണ്ടി മുതൽ ആനത്തോട് വരെയുള്ള ദൂരത്തിനിടയ്ക്ക് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എതിർദിശയിൽ കാര്യമായ വാഹനങ്ങളൊന്നും വരുന്നില്ല എന്നതാണ്. KSEB യുടെ ഒരു വാഹനം കടന്നുപോകുകയും ചെയ്തു. ആനത്തോട് ചെക്ക് പോസ്റ്റിൽ എത്തിയപ്പോളാണ് അതിന്റെ രഹസ്യം മനസ്സിലായത്. ഈ വഴി സാധാരണ വാഹനങ്ങൾക്ക് വൺ-വേ ആണ്. ആനത്തോടിൽ നിന്ന് കൊച്ചാണ്ടിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. അഥവാ ഏതെങ്കിലും വാഹനം പോകുന്നുണ്ടെങ്കിൽ അത് ഔദ്യോഗിക വാഹങ്ങളും ഗവി ബോയ് എന്ന ബസ്സുമായിരിക്കും.

IMG_20190509_102341
         പെൻസ്റ്റോക്ക് പൈപ്പുകൾ
IMG_20190509_102425
                                പെൻസ്റ്റോക്ക് പൈപ്പുകൾക്കൊപ്പം ലേഖകൻ

ചെക്ക് പോസ്റ്റുകൾ ധാരാളമുണ്ട് ഈ റൂട്ടിൽ. KSEB യ്ക്ക് വേണ്ടി ആ ദൌത്യം നിർവ്വഹിക്കുന്നത് കേരള പൊലീസാണ്. ഡ്രൈവറുടെ ലൈസൻസ്, അഡ്രസ്സ്, സഞ്ചാരികളുടെ എണ്ണം എന്നതെല്ലാം എല്ലാ ചെക്ക് പോസ്റ്റുകളിലും രേഖപ്പെടുത്തുന്നു. ഡാമുകളുടെ ഫോട്ടോ എടുക്കാൻ പാടില്ല എന്ന കർശന നിബന്ധനയുണ്ട്. പോകുന്ന വഴിക്കാകട്ടെ മൂഴിയാർ, പമ്പ, കക്കി എന്നിങ്ങനെ ധാരാളം ഡാമുകളുണ്ട്. ശബരിഗിരി ഹൈഡ്രോഇലക്ട്രിക്ക് പദ്ധതിയുടെ ഭാഗമാണ് ഈ ഡാമുകളെല്ലാം. വൈദ്യുതി ഉൽ‌പ്പാദിപ്പിക്കാനായി കക്കി ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന മൂന്ന് കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ ഇടയ്ക്ക് കാണാനാകും. മല തുരന്നും ഭൂമിക്കടിയിലൂടെയുമായി പോകുന്ന ഈ പൈപ്പുകൾ ചിലഭാഗങ്ങളിൽ മാത്രമാണ് ഭൂഗർഭത്തിന് വെളിയിൽ വരുന്നത്. കക്കി ഡാമിനോടടുക്കുമ്പോൾ ആ പൈപ്പുകളുടെ ഉറവിട ഭാഗവും കാണാനാകും.

IMG_20190509_112651
                                        കക്കി ഡാമിന്റെ ജലസംഭരണി

കക്കി ഡാമിന്റെ ചെക്ക് പോസ്റ്റ് എത്തുന്നതിന് മുൻപ് റോഡിൽ കുത്തിയിരുന്ന് എന്തോ ചെയ്യുന്ന നാല് ആദിവാസി യുവാക്കളെ കണ്ട് ഞാൻ വാഹനം നിർത്തി. അവർ തേനെടുക്കുകയാണ്. വളരെ വലിയ ഒരു അനുഭവവും കാഴ്ച്ചയുമായിരുന്നു അത്. ഇതിന് മുൻപ് തേനെടുക്കുന്നത് കണ്ടിട്ടുണ്ടത് മരത്തിൽ നിന്നോ അല്ലെങ്കിൽ കെട്ടിടങ്ങളിൽ നിന്നുള്ള തേനീച്ചക്കൂടുകളിൽ നിന്നോ മാത്രമാണ്. റോഡരുകിൽ ഒരാൾപ്പൊക്കം ഉയരത്തിലുള്ള ഒരു  പാറക്കല്ലിനിടയിലെ പൊത്തിൽ തേനീച്ചക്കൂടുണ്ടെന്ന് മനസ്സിലാക്കി അതിലേക്ക് കൈയ്യിട്ടാണ് അതിലൊരു ചെറുപ്പക്കാരൻ തേനീച്ചക്കൂട് ഇളക്കുന്നത്.

IMG_20190509_110754
                                          തേനീച്ചക്കൂട് ഇളക്കുന്ന യുവാവ്

ഈച്ചകൾ അയാളുടെ മുഖത്തും ദേഹത്തും ചുറ്റിനുമെല്ലാം ആർത്ത് പറക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെയാണ് മറ്റുള്ളവർ നിൽക്കുന്നത്. ആർക്കും തെല്ല് കൂസലില്ല. തേനീച്ചയുടെ കടി തരുന്ന വേദന അത്ര സുഖമുള്ള ഒന്നല്ല എന്ന് മുൻപ് അനുഭവമുണ്ട്. ഞങ്ങൾ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് വാഹനത്തിൽ നിന്ന് വെളിയിൽ ഇറങ്ങി. “തേനീച്ച കുത്തില്ലേ?” എന്ന എന്റെ ചോദ്യത്തിന്, ‘ഇതൊക്കെ എന്ത്, ഞങ്ങൾക്കിതൊക്കെ ശീലമാണ്‘ എന്നാണവരുടെ ഭാവം. സംസാരം ആവശ്യത്തിന് മാത്രം. ചെയ്യുന്ന ജോലിയിലാണ് ശ്രദ്ധ മുഴുവൻ. ഈ തേനിന് ലിറ്ററിന് 500 രൂപ വിലകിട്ടും അവർക്ക്.

IMG_20190509_110820
                             തേനെടുക്കൽ പരിപാടി  പകർത്തുന്ന ജോഹർ

തേനീച്ചക്കൂടിളക്കുന്ന ചെറുപ്പക്കാരൻ കൊടുക്കുന്ന മെഴുകറകൾ രണ്ടുപേർ അപ്പപ്പോൾ പിഴിഞ്ഞ് ഒരു ജാറിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുന്നു. കുനിലായി  ഉപയോഗിക്കുന്നത് ഒരു ഇലയാണ്. ഞാൻ ആ തേൻ അവരുടെ അനുവാദത്തോടെ രുചിച്ചു നോക്കി. കാട്ടിൽ നിന്നെടുക്കുന്ന തേൻ അതേ നിമിഷം കാട്ടിൽ വെച്ച് തന്നെ രുചിച്ചു നോക്കുന്ന ജീവിതത്തിലെ ആദ്യ അനുഭവം. ഞങ്ങൾ ആ രംഗങ്ങൾ നന്നായി ചിത്രീകരിച്ചു. ഈച്ചകൾ കൂടുതൽ ആക്രമിക്കുന്നതിന് മുൻപ് കാറിലേക്ക് കയറിയതും ആ കല്ല് മുഴുവനായി താഴേക്ക് ഇടിഞ്ഞു വീണു. “ഒരു ചെറിയ പ്രശ്നമുണ്ട്. കല്ല് ഇളകിക്കൊണ്ടിരിക്കുകയാണ് “ എന്ന് കൂടിളക്കുന്ന ചെറുപ്പക്കാരൻ അൽ‌പ്പം മുൻപ് മുന്നറിയിപ്പ് നൽകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ല. ഞങ്ങൾ വീണ്ടും മുന്നോട്ട്.

IMG_20190509_110809
                                                 തേൻ പിഴിഞ്ഞ് എടുക്കുന്നു
IMG_20190509_110913
                                           തേനീച്ചക്കൂടിന്റെ  മെഴുക്  അറ
IMG_20190509_110926
                                    കുനിലായി  ഉപയോഗിക്കുന്നത് ഇല

പകൽ സമയത്ത് മനുഷ്യന്റെ ശല്യമുള്ളപ്പോൾ മൃഗങ്ങൾ ഈ പാതയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും, രാത്രി ഈ റൂട്ടിൽ മൃഗങ്ങളുടെ ട്രാഫിക്ക് ബ്ലോക്കിന് സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വിട്ടാൽ ആനപ്പിണ്ടം അത്രയ്ക്കധികമുണ്ട് റോഡിൽ. ഒരാഴ്ച്ച പഴക്കമുള്ളത് മുതൽ ചൂടാറാത്ത ആനപ്പിണ്ടം വരെ അക്കൂട്ടത്തിലുണ്ട്. നിറയെ ഈറ്റയുള്ള ഭാഗമാണിത്. ഈറ്റയും മുളയുമൊക്കെ ഇഷ്ടാഹാരമായതുകൊണ്ട് അത്തരം ഭാഗങ്ങളിൽ ആന വരുമെന്ന് സ്പഷ്ടം. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ആനകളെയൊന്നും കാണാനായില്ല. പക്ഷെ പഴയൊരു കാട്ടറിവിന്റെ ചുവട് പിടിച്ച് നോക്കിയാൽ നമ്മൾ കാട്ടിലേക്ക് കടക്കുമ്പോൾ മൃഗങ്ങൾ എത്രയോ ദൂരെ നിന്ന് നമ്മളെ കണ്ടിരിക്കും. അവ നമ്മളെ ആക്രമിക്കാതെയോ ഉപദ്രവിക്കാതെയോ ഭയന്ന് മാറി നിൽക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്. ഈ യാത്രയിൽ ആകെ ഞങ്ങൾ കണ്ടത് ഒരു ഉടുമ്പിനേയും ഒരു കാട്ടുപോത്തിനേയും മാത്രം. കാട്ടുപോത്ത് 15 അടി മുന്നിൽ വാഹനത്തിന് കുറുകെ കടന്ന് കുതിച്ചോടുകയായിരുന്നു. നിർഭാഗ്യവശാൽ ആ സമയത്ത് ജോഹർ ക്യാമറ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ കാറിന്റെ ഡാഷ്-ബോർഡ് ക്യാമറയിൽ നിന്ന് ആ രംഗം ഞങ്ങൾ പിന്നീട് കണ്ടെടുത്തു. ഉടുമ്പ് മെല്ലെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഞാനാദ്യം കരുതിയത് ഓന്ത് ആണെന്നാണ്. വാഹനം നിർത്തിക്കഴിഞ്ഞപ്പോളാണ് അതിന്റെ ശരിക്കുള്ള രൂപവും വലിപ്പവും ശ്രദ്ധയിൽ‌പ്പെട്ടത്. വാഹനം നിർത്തിയത് എന്തിനാണെന്ന് ബൈക്കിൽ പിന്നാലെ വന്ന ഒരു ഫോറസ്റ്റ് ഗാർഡ് ചോദിച്ചു. നമ്മൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നി. വന്യമൃഗങ്ങളുടെ അല്ലെങ്കിൽ കാടിന്റെ ഔദ്യോഗിക പരിപാലകരുടെ കണ്ണ് എപ്പോളും നമുക്ക് മേലുണ്ട്.

IMG_20190509_125031
                                                                    ഒരു ഗവി  ദൃശ്യം

ഗവിയിൽ വന്നപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് ഇവിടത്തെ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന ശ്രീലങ്കൻ തൊഴിലാളികളുടെ വിഷയം. 30 വർഷങ്ങൾക്ക് മുൻപ് പലായനം ചെയ്ത് അഭയാർത്ഥികളായി ഇവിടെയെത്തിയ ഈ ശ്രീലങ്കക്കാർക്ക് ഗവിയുടെ ഇപ്പോയത്തെ ഉയർച്ചയിൽ നല്ലൊരു പങ്കുണ്ട്. പക്ഷേ സർവ്വീസിൽ നിന്ന് വിരമിച്ചവർ, അവർക്ക് നൽകിയിട്ടുള്ള ലായങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവായതോടെ ആ പാവങ്ങൾ ദുരിതത്തിലായി. അഭയാർത്ഥിയായി വന്നവർ വീണ്ടും അഭയമില്ലാത്തവരായി മാറുന്ന അവസ്ഥ. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയായി മാറിയ ഗതികേട്. 2016 ലെ പത്രവാർത്തകളിൽ കണ്ടിരുന്നു, ഒഴിപ്പിക്കലിന് എതിരെ അവർ നടത്തുന്ന സമരങ്ങളേയും പ്രതിഷേധങ്ങളേയും പറ്റി. നാഗരികതയുടെ തിരക്കിൽ, പിന്നീട് അതെന്തായെന്ന് അറിയാൻ ശ്രമിച്ചില്ല, മനസ്സിലാക്കിയുമില്ല. ഒരു KSEB കോണ്ട്രാൿടറോട് അന്വേഷിച്ചപ്പോൾ അറിയാനായത്, ചിലർ അവരുടെ മക്കൾ ജോലി ചെയ്യുന്നിടത്തേക്കും താമസിക്കുന്ന ഇടത്തേക്കും അവർക്കൊപ്പം പോയി, മറ്റ് ചിലർ തമിഴ്‌നാട്ടിലേക്ക് പോയി, ഇനിയും ചിലർ പാടുപെട്ട് ഇവിടെത്തന്നെ പിടിച്ചുനിൽക്കുന്നുണ്ട് എന്നാണ്. കാട് കേറാൻ പോകുമ്പോൾ മാത്രം തിരക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ദുരിത വിവരങ്ങളുടെ പേരിൽ സഹതപിക്കാൻ പോലും യോഗ്യതയില്ല നമുക്കാർക്കും.

IMG_20190509_122210
              ചെക്ക് പോസ്റ്റിലെ വിളംബരം

ആനത്തോട് ചെക്ക് പോസ്റ്റ് മുതൽ, ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് മാറി വള്ളക്കടവ് റേഞ്ച് ആകുകയാണ്. ആയതിനാൽ ഇവിടെ വേറെ പ്രവേശന ഫീസും ക്യാമറാ ഫീസും കൊടുക്കണം. 130 രൂപ ചില്ലറയായി കൊടുക്കാൻ ഞങ്ങളുടെ പക്കലില്ല. ഈ ദിവസം ആകെ ഒരു വണ്ടി മാത്രമാണ് കടന്നുപോയിരിക്കുന്നത്. ആ തുക ഞങ്ങൾക്ക് ബാക്കി തരാൻ തികയില്ല. ധർമ്മസങ്കടത്തിൽ നിന്ന് രക്ഷിച്ചത്, തൊട്ട് പിന്നാലെ ജീപ്പ് കോമ്പസ്സിൽ വന്ന ചെറുപ്പക്കാരാണ്. അവർ പണം തന്ന് സഹായിച്ചു. ഇത്രയും നേരം ഞങ്ങൾ മുന്നിലും പുറകിലുമായി പലപ്പോഴും കണ്ടുമുട്ടിയിരുന്നതുകൊണ്ട് അടുത്ത സ്ഥലത്ത് നിർത്തുമ്പോൾ പണം തിരികെ കൊടുക്കാനാവും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിനുള്ള ചില്ലറ എവിടന്നുണ്ടാക്കും എന്ന ചോദ്യത്തിന് കൊച്ചുപമ്പയിൽ തീരുമാനമുണ്ടാകുകയും ചെയ്തു.

IMG_20190509_125036
                                                    കൊച്ചുപമ്പയിലെ കാന്റീൻ

കൊച്ചുപമ്പയിൽ KSEB നടത്തുന്ന ഒരു കാന്റീൻ ഉണ്ടെന്ന് ആങ്ങാമൂഴിയിൽ വെച്ച് മനസ്സിലാക്കിയിരുന്നു. നേരത്തെ വിളിച്ച് പറഞ്ഞാൽ അവർ ഭക്ഷണം തരുമെന്നാണ് കിട്ടിയ വിവരം. പക്ഷെ വിളിച്ച് പറയാനുള്ള നമ്പർ അറിയില്ലായിരുന്നു. കൊച്ചുപമ്പയിൽ ചെല്ലുമ്പോൾ ഈ കാന്റീൻ കാണാതെ കടന്നുപോകാനാവില്ല. ഞങ്ങൾ വാഹനം നിർത്തി ഊണുണ്ടോ എന്ന് ചോദിച്ചു. ബുക്കിങ്ങ് ഉണ്ടോ എന്ന് മറുചോദ്യം വന്നു. ബുക്കിങ്ങ് ഇല്ലാതിരുന്നിട്ടും ഞങ്ങൾ രണ്ടാൾക്കുള്ള ഭക്ഷണം അവർ തന്നു. ഞങ്ങളുടെ പേരെഴുതിയ അരിമണികൾ അവിടെയുള്ളപ്പോൾ അതെങ്ങനെ ഞങ്ങൾക്കന്യമാകും ? മോളി ജോൺ എന്ന സഹോദരിയാണ് കാന്റീൻ നടത്തുന്നത്. ഫോൺ നമ്പർ (8301029951) അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇതിപ്പോൾ രണ്ടാം ദിവസമാണ് വളയിട്ട കൈകളാൽ ഉണ്ടാക്കിയ നല്ല ഉച്ചയൂണ് കഴിക്കുന്നത്. ഇന്നലെ ഓന്തുപച്ചയിൽ നിന്ന് കഴിച്ച നാടൻ ഊണ് വളയിട്ട കൈകളാൽ ഉണ്ടാക്കിയതാണെന്ന് ഞാനുറപ്പ് പറഞ്ഞിരുന്നല്ലോ. മീൻ വറുത്തതും കറിയും മൂന്ന് കൂട്ടം തോരനുമെല്ലാം ചേർന്ന ഊണിന്, മിതമായ നിരക്കാണ്. ഡാമിലെ മീനാണ് തന്നിരിക്കുന്നത്. അതിനവർക്ക് അവരുടേതായ പേരുണ്ട്. നമുക്കത് തിലോപ്പിയ ആണ്.  കറിയാക്കിയ മീൻ ഏതാണെന്ന് എനിക്ക് പിടികിട്ടിയില്ല.

പണം കടം തന്നവർക്ക് കൊടുക്കാനുള്ള ചില്ലറ കാന്റീനിൽ നിന്ന് കിട്ടി. പക്ഷേ, ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ വാഹനം നിർത്താതെ കടന്നുപോയി. ഞാൻ പുറകിലൂടെ ചെന്ന് കുറേ ഒച്ചയിട്ട് നോക്കിയെങ്കിലും അവരത് കേട്ടില്ലെന്ന് തോന്നുന്നു. അതോ ആ സഹായം തിരികെ വാങ്ങാൻ അവർ ഉദ്ദേശിച്ചിട്ടില്ലെന്നോ ? ഭക്ഷണം കഴിച്ച് മുന്നോട്ട് അധികം പോകുന്നതിന് മുൻപ് പണം വായ്പ്പ തന്നവരെ വീണ്ടും കണ്ടു. അവർ പൊതികെട്ടി കൊണ്ടുവന്നിരുന്ന ഉച്ച ഭക്ഷണം കഴിക്കാനുള്ള പുറപ്പാടാണ്. കൊച്ചാണ്ടി ചെക്ക് പോസ്റ്റിലെ ചേച്ചിയുടെ അടുത്ത് നിന്ന് വാങ്ങിയ ഭക്ഷണമാണത്.  പണം തിരിച്ചേൽ‌പ്പിച്ച് നന്ദി പറഞ്ഞ് വീണ്ടും മുന്നോട്ട്.

IMG_20190509_104931
                                      ഗവിയിലെ കോടമൂടിയ ഒരു താഴ്‌വര

ഈ ഗവി യാത്രയിൽ ഞങ്ങൾ ശ്രദ്ധിച്ച ഏറ്റവും പ്രധാനപ്പെട്ടതും ഖേദകരവുമായ കാര്യം കാട്ടിനുള്ളിലെ പ്ലാസ്റ്റിക്ക് മാലിന്യം തന്നെയാണ്. ഇത്രയും നിബന്ധനകൾ ഉണ്ടായിട്ടും അരഡസണിലധികം പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ഞങ്ങൾ കാട്ടിൽ നിന്ന് പെറുക്കിക്കൂട്ടി. ചില മദ്യപാന സംഘങ്ങൾ ഉപേക്ഷിച്ച് പോയെന്നത് പോലെ കുപ്പികൾക്കൊപ്പം കപ്പലണ്ടിപ്പാക്കറ്റുകളും അച്ചാറിന്റെ കവറുകളുമൊക്കെ പെറുക്കിയെടുത്ത കൂട്ടത്തിലുണ്ടായിരുന്നു. കാടിന്റെ വില മനസ്സിലാക്കാത്തവർ എന്തിനാണ് കാട് കാണാൻ പോകുന്നത് ? നിങ്ങൾക്ക് മലിനമാക്കാൻ ഇഷ്ടം പോലെ മനുഷ്യവാസ കേന്ദ്രങ്ങളുണ്ടല്ലോ ? അതെല്ലാം ആവോളം നിങ്ങൾ മലിനമാക്കുന്നുമുണ്ടല്ലോ ? മൃഗങ്ങളേയും കാടിനേയും പരിസ്ഥിതിയേയും വെറുതെ വിടുക. നിങ്ങളെപ്പോലുള്ളവർ ഈ കാട് ആസ്വദിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതുപോലുള്ള ഇടങ്ങളിൽ നിങ്ങൾ വരാതിരിക്കുക.

സത്യത്തിൽ കാട്ടിലേക്ക് കൊണ്ടുപോകുന്ന ഓരോ പ്ലാസ്റ്റിക്ക് കുപ്പിക്കും കവറിനുമൊക്കെ 100 രൂപ വീതം ഡെപ്പോസിറ്റ് വാങ്ങി വെക്കുന്ന സിസ്റ്റമാണ് ഇവിടെ നടപ്പിലാക്കേണ്ടത്. അത്രയും സാധനങ്ങൾ തിരികെ കൊണ്ടുപോയാൽ മാത്രമേ പണം തിരികെ കൊടുക്കാൻ പാടുള്ളൂ. പക്ഷെ ഇത് നടപ്പിലാക്കാൻ ഗവിയിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ പലതുണ്ടെന്ന് ഞാനൂഹിക്കുന്നു. കൊച്ചാണ്ടി – ആനത്തോട് വൺ-വേ അതിലൊരു കാരണമാകാം.

എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും നിഷ്ക്കർഷകളും നിബന്ധനകളും അടിച്ചേൽ‌പ്പിച്ചാലും ഒരു കൂട്ടർ അതെല്ലാം അവഗണിച്ച് മലിനീകരണം തുടർന്നുകൊണ്ടേയിരിക്കും. ആവശ്യത്തിന് മുന്നറിയിപ്പുകളും പ്രതിഷേധവും പ്രകൃതി സ്വയം കൊടുക്കുന്നുണ്ടല്ലോ ? അതൊക്കെ സ്വയം മനസ്സിലാക്കി അവർക്കെന്നെങ്കിലും ബോധോദയം ഉണ്ടാകുമെന്ന് കാത്തിരിക്കാം. കാടിനേയും പരിസ്ഥിതിയേയും സ്നേഹിക്കുന്നവർക്ക് പക്ഷേ, ചില കാര്യങ്ങൾ ചെയ്യാനാവും. കാഴ്ച്ചയിൽ പെടുന്ന ഇത്തരം മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിയെടുത്ത് കാടിന് വെളിയിലെത്തിക്കുക.

ഗ്രേറ്റ് ഇന്ത്യൻ എൿസ്പെഡീഷന്റെ രണ്ട് സന്ദേശങ്ങളിൽ ആദ്യത്തേത് വനവൽക്കരണവും രണ്ടാമത്തേത് പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെയുമാണ്. ഞങ്ങൾ പെറുക്കിയെടുത്ത പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും വള്ളക്കടവ് ചെക്ക് പോസ്റ്റിലെ ഗാർഡിനെ ഏൽ‌പ്പിച്ചു. ചെക്ക് പോസ്റ്റിന്റെ റോഡരുകിൽ ഒരിടത്ത് വെച്ചോളൂ വൈകീട്ട് പെറുക്കി മാറ്റിക്കോളാം എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച് ഞങ്ങളതവിടെ ഉപേക്ഷിച്ചു. ഫോറസ്റ്റിന്റെ പിഴയുടെ കണക്ക് പ്രകാരം 4500 രൂപയ്ക്ക് മുകളിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ടായിരുന്നു അത്. ഇങ്ങനെ കാട്ടിൽ നിന്ന് സഞ്ചാരികൾ പുറത്തെത്തിക്കുന്ന മാലിന്യം നിക്ഷേപിക്കാൻ ഒരു കുപ്പത്തൊട്ടി സ്ഥാപിക്കുന്ന കാര്യം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പരിഗണിക്കേണ്ടിയിരിക്കുന്നു.

ഞാനാദ്യമേ പറഞ്ഞല്ലോ; ഗവിയുടെ വനസൌന്ദര്യം കൂടുതലായുള്ളത് കൊച്ചാണ്ടി മുതൽ ആനത്തോട് വരെയുള്ള ഭാഗത്താണ്. ആനത്തോട് മുതൽ വള്ളക്കടവ് വരെ കാട് തന്നെയാണെങ്കിലും വന്യത കുറവാണ്. താഴ്വരക്കാഴ്ച്ചയുമില്ല. എന്നിരുന്നാലും ഇത്രയുമധികം ഡാമുകളുടെ ദൃശ്യവും കാടും താഴ്വരയുമൊക്കെയുള്ള കേരളത്തിലെ മനോഹരമായ ഒരു കാനനപ്രദേശം ഗവി തന്നെയാണ്.

TrialDay_05_jpg
                                                                   റൂട്ടും ദൂരവും

വള്ളക്കടവ് ചെക്ക് പോസ്റ്റ് വൈകീട്ട് 6 മണിക്ക് മുൻപ് കടക്കണമെന്നാണ് നിബന്ധന. ഞങ്ങൾ പക്ഷേ മൂന്നര മണിക്ക് മുൻപേ വള്ളക്കടവ് ചെക്ക് പോസ്റ്റ് വിട്ടു. അഞ്ചാം ദിവസത്തെ യാത്ര കുമളിയിൽ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓയോ വഴി കുമളിയിൽ ഒരു ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട് . മുൻ‌ ദിവസത്തെ ദുരനുഭവം കാരണം പണം കൊടുക്കുന്നത് ചെക്ക് ഇൻ ചെയ്യുന്ന സമയത്തേക്ക് ആക്കിയിട്ടുണ്ട്. കുറ്റാലത്തുനിന്ന് വാങ്ങിയ തേൻ‌വരിക്കയുടെ മണം കാറിലാകെ പരന്നു തുടങ്ങിയിട്ടുണ്ട്. വൈകാതെ അതിനൊരു തീർപ്പാക്കണം. ചക്ക വെട്ടിപ്പൊളിച്ച് തിന്നാൻ ഏതെങ്കിലും ഹോട്ടലുകാർ സമ്മതിക്കുമോ എന്നറിയില്ല.

അങ്ങനെ കേരളത്തിലെ പശ്ചിമഘട്ടത്തിലൂടെ കേരളത്തിലേക്ക് തന്നെ കടക്കുന്ന GIE പരീക്ഷണയാത്രയുടെ മറ്റൊരു ദിവസം കുമളിയിൽ അവസാനിച്ചു.

——————————————————————————–
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.