Monthly Archives: June 2019

തമാശ


image

മാശ….. എന്തൊരു സിനിമയാണത്. എത്ര ലളിതമാണത്. എത്ര ചെറിയ കഥാതന്തുവിൽ നിന്നാണ് മനോഹരമായൊരു സിനിമ പിറന്നിരിക്കുന്നത്. എന്തൊരു പ്രകടനമാണ് വിനയ് ഫോർട്ടിന്റേത്. മറ്റ് കഥാപാത്രങ്ങളും ജീവൻ തുടിക്കുന്നത്. അത് അവതരിപ്പിച്ചിരിക്കുന്നതും ഗംഭീര നടീനടന്മാർ. കണ്ടുമടുത്ത മുഖങ്ങൾ ഒഴിവായി പുതിയ പുതിയ കലാകാരന്മാർ സ്ക്രീനിലങ്ങനെ നിറഞ്ഞാടുന്നത് കാണുമ്പോളുള്ള ഒരു സുഖം പറഞ്ഞറിയിക്കാനാവില്ല. അചിന്ത്യാമ്മയും Achinthya Chinthyaroopa അംബികാറാവുവും Ambika Rao അടക്കമുള്ള സുഹൃത്തുക്കളെ വലുതും ചെറുതുമായ വേഷങ്ങളിൽ കാണാനായതിന്റെ സന്തോഷം വേറെ.

വിനയ് ഫോർട്ട് …. ഇപ്രാവശ്യം സംസ്ഥാന അവാർഡ് നിർണ്ണയിക്കുമ്പോൾ, മികച്ച നടൻ ആരായിരുന്നാലും അവർക്ക് തമാശയിലെ ശ്രീനിവാസന്റെ മുന്നിൽ ശരിക്കും വിയർക്കേണ്ടി വരും. വർഷം അവസാനിക്കാത്തതുകൊണ്ട് തീർത്തൊന്നും പറയാൻ ആയിട്ടില്ലെങ്കിലും ആ ശിൽ‌പ്പം വിനയിന്റെ ഷോ കേസിൽ തന്നെ സ്ഥാനം പിടിക്കട്ടെ എന്നാശംസിക്കുന്നു.

അറഷഫ് ഹംസ എന്ന പുതുമുഖ സംവിധായകന് ഒരു വലിയ കൈയ്യടി. നിർമ്മാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ , ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവരെല്ലാം ചേർന്ന് മലയാള സിനിമയ്ക്ക് മറ്റൊരു വഴി വെട്ടിത്തെളിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നി. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച്, കാണികൾ നെഞ്ചേറ്റി തീയറ്ററിൽ നിന്ന് വീട്ടിലേക്ക് ഒപ്പം കൊണ്ടുപോകുന്ന ഇത്തരം സിനിമകൾക്ക്, ചില സൂപ്പർതാരങ്ങളുടെ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി കമ്പ്യൂട്ടർ ഗ്രാഫിക്സിന് ചിലവാക്കുന്ന തുകപോലും വേണ്ടിവന്നിട്ടുണ്ടാകില്ല.

സിനിമയുടെ അവസാന രംഗം എത്ര മനോഹരവും ലാളിത്യമാർന്നതുമാണെന്ന് എടുത്ത് പറയാതെ വയ്യ. നീട്ടിവലിച്ച് പറഞ്ഞ് മറ്റൊരു ഫ്രെയിമിലേക്ക് പോലും കൊണ്ടുപോകാതെ ഒരു ബാക്ക് ഷോട്ടിൽ തീരുന്ന അത്തരം എത്ര കഥാന്ത്യങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ടാകുമെന്ന് അതിശയിച്ച് പോയി. ഫേയ്ഡ് ഔട്ടാകുന്ന അവസാന സീനിന്റെ ബാക്കി ഭാഗം കാണികൾക്ക് സ്വയം സങ്കൽ‌പ്പിക്കാനും ആലോചിച്ച് നിർവൃതി അടയാനുമുള്ളതാണ്.

ഇതിലെ തമാശകൾ കഥാപാത്രങ്ങളുടെ ഒരു ചലനത്തിലോ വാക്കിലോ നോട്ടത്തിലോ ഒക്കെ അടങ്ങിയിട്ടുണ്ടെങ്കിലും ഈ സിനിമ ഒരു തമാശയല്ല. സമകാലികവും ഗൌരവതരവുമായ ഒരു വിഷയം കൂടെ ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. തീയറ്ററിൽ പോയി അത്തരം ഓരോ ചലനങ്ങളും കണ്ടില്ലെങ്കിൽ നഷ്ടമെന്ന് ഞാൻ പറയും.