Monthly Archives: June 2019

മാതൃഭൂമി സ്വയം ഓർക്കുക


Mathrubhoomi - Copyright Speech

ന്ന് 2019 ജൂൺ 15ന് മാതൃഭൂമി എഡിറ്റോറിയൽ പേജിന്റെ മുക്കാൽഭാഗവും ചിലവഴിച്ച് അഡ്വ:കാളീശ്വരം രാജ് എഴുതിയിരിക്കുന്ന ‘ഓർക്കുക എഴുത്തുകാർക്കും അവകാശമുണ്ട്’ എന്ന ലേഖനത്തിലുള്ളത്, മാതൃഭൂമി മാതൃഭൂമിയോട് തന്നെ പറയേണ്ടതും ഉപദേശിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളാണ്.

ഒരേപോലുള്ള പരീക്ഷപ്പേപ്പറുകൾ തയ്യാറാക്കപ്പെട്ടാൽ അതുപോലും കോപ്പിയടിയുടെ പരിധിയിൽ വരുമെന്നും, കോപ്പിയടിക്ക് എതിരെ ഇന്ത്യയിലുള്ള നിയമങ്ങൾ എന്തൊക്കെയാണെന്നും, കോപ്പിയടിക്കുള്ള ശിക്ഷയെന്താണെന്നുമൊക്കെ വിശദമായിത്തന്നെ ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു.

എന്റെ അഭിപ്രായത്തിൽ ഈ ലേഖനം പബ്ലിഷ് ചെയ്തതിലൂടെ മാതൃഭൂമി ചെയ്തിരിക്കുന്നത് ‘വ്യഭിചരിക്കുന്നവന്റെ സദാചാര പ്രസംഗം’ പോലുള്ള ഒരു പരിപാടിയാണ്.

എന്റെ 58 ഓൺലൈൻ പേജുകൾ കോപ്പിയടിച്ച് കാരൂർ സോമൻ എന്ന കള്ളൻ പുസ്തകമാക്കാൻ കൊടുത്തപ്പോൾ ഒരുവട്ടം പോലും അത് വായിച്ചു നോക്കാതെ അച്ചടിച്ചിറക്കിയ മാതൃഭൂമിയും ഞാനും തമ്മിൽ അതിന്റെ പേരിൽ ഇപ്പോൾ ക്രിമിനൽ സിവിൽ നിയമയുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യ ചോരണം തൊഴിൽ ആക്കിയിട്ടുള്ള കാരൂർ സോമനുമായിട്ടുള്ള യുദ്ധങ്ങൾ വേറെയും.

അഡ്വക്കേറ്റ് കാളീശ്വരം രാജിനെ എന്റെ സ്നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു. എന്റെ ഭാര്യയുടേയും മകളുടേയും പേരുകൾ 13 ഇടത്ത് അതേ പോലെ കോപ്പി ചെയ്ത് മാതൃഭൂമി അച്ചടിച്ചിറക്കിയ ‘സ്പെയിൻ – കാളപ്പോരിന്റെ നാട്ടിൽ’ എന്ന പുസ്തകത്തിന്റെ പേരിൽ ലവലേശം ലജ്ജയില്ലാതെ എന്നോട് നിയമയുദ്ധം നടത്തുന്ന മാതൃഭൂമിക്ക്, അവരുടെ പത്രത്തിലൂടെ തന്നെ അല്പമെങ്കിലും വെളിച്ചം പകർന്നു കൊടുക്കാൻ അങ്ങ് നടത്തുന്ന ഈ ശ്രമത്തിന് ഒരുപാട് നന്ദി.

സാഹിത്യചോരണത്തിനും അത്തരത്തിലുള്ള മറ്റ് കോപ്പിയടികൾക്കുമെതിരെ ഒരു പ്രസാധകൻ കൂടെയായ മാതൃഭൂമി നിലകൊള്ളുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്, എന്റെ കേസിനായി കോടതിയിൽ വരുമ്പോൾ, ഒരബദ്ധം പറ്റിപ്പോയി എന്ന് തുറന്ന് സമ്മതിച്ച് കോടതി വിധിക്കുന്ന ശിക്ഷ ഏറ്റ് വാങ്ങുകയും കോപ്പിയടിക്കാരനായ കാരൂർ സോമന്റെ തനിനിറം വെളിപ്പെടുത്തുകയുമാണ്. അല്ലാതെ പേജ് കണക്കിന് ഇത്തരം വലിയ വലിയ കാര്യങ്ങൾ അച്ചടിച്ച് വിടുകയും മറുവശത്ത് അതേ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നതും ‘വ്യഭിചരിക്കുന്നവന്റെ സദാചാര പ്രസംഗ‘മല്ലാതെ മറ്റൊന്നുമല്ല.