Monthly Archives: October 2019

വക്കം മൌലവിക്ക് തിരിച്ചറിയൽ പരേഡ് വേണമെന്നോ ?


ക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവി എന്ന വക്കം മൌലവിയെ ഒരു ചിത്രത്തിലൂടെ പോലും കേരളത്തിന് തിരിച്ചറിയാൻ ആകുന്നില്ലെന്ന് വെച്ചാൽ വലിയ കഷ്ടം തന്നെ. 1873 ൽ ജനിച്ച് 1932 അന്തരിച്ച വക്കത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടെത്താനോ കണ്ടാൽ തിരിച്ചറിയാനോ ആധുനിക കേരളത്തിനാകുന്നില്ലെങ്കിൽ നമ്മൾ വന്ന വഴികൾ മറന്നുതുടങ്ങിയിരിക്കുന്നെന്ന് പറയാതെ വയ്യ.

അക്ഷരകേരളം എന്നൊക്കെ വിളിക്കുന്നത് കളിയാക്കിയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും മലയാളികൾക്കുണ്ടാകണമെന്ന് പറയേണ്ടി വരുന്നത്, മൌലവിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഒരു വിവരക്കേട് മുൻ‌നിർത്തിയാണ്.

കൊച്ചി മെട്രോയുടെ ഓരോ സ്റ്റേഷനുകളിലും ഓരോ തീം ആണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നമുക്കറിയാവുന്നതാണല്ലോ ? ടൂറിസവും കലയും സ്പോർട്ട്സും മുതൽ പുഷ്പങ്ങളും വന്യമൃഗങ്ങളുമെല്ലാം ഓരോ സ്റ്റേഷന്റേയും തീം ആണ്. കൊച്ചി മെട്രോ, മഹാരാജാസിൽ നിന്ന് തൈക്കൂടം വരെ നീണ്ടപ്പോൾ, കടവന്ത്ര സ്റ്റേഷനിൽ മലയാളം അച്ചടിയുമായി ബന്ധപ്പെട്ടവരെയാണ് പരിചയപ്പെടുത്തുന്നത്. അതിനായി പ്രദർശിപ്പിച്ചിരിക്കുന്ന  ഹെർമൻ ഗുണ്ടർട്ടിന്റേയും ബെഞ്ചമിൻ ബെയ്‌ലിയുടേയും വർഗ്ഗീസ് മാപ്പിളയുടെയും നിധിരി മാണി കത്തനാരുടെയും  സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടേയും കൂട്ടത്തിലുള്ള ‘വക്കം മൌലവി‘യുടെ ഫോട്ടോയാണ് ഈ ലേഖനത്തിനാധാരം.

as
                                    കടവന്ത്ര മെട്രോ സ്റ്റേഷനിലെ ചിത്രങ്ങൾ

സത്യത്തിൽ, കൊച്ചി മെട്രോ പ്രദർശിപ്പിച്ചിരിക്കുന്നത് മൌലവിയുടെ ചിത്രമല്ല. മൌലവിക്ക് 10 സന്താനങ്ങളാണുണ്ടായിരുന്നത്. ഒൻപത് ആണും ഒരു പെണ്ണും. അതിൽ എട്ടാമത്തെ മകനായ മുഹമ്മദ് ഈസയുടെ ചിത്രമാണ് കടവന്ത്ര മെട്രോ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം മാറിപ്പോകലിന്റെ പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്. മൌലവിയുടെ പിൻ‌തലമുറയിലെ ഒരുപാട് പേരുടെ നിരന്തര ശ്രമങ്ങളും പൊരുതലുമെല്ലാം ആ കഥയുടെ ഭാഗമാണ്.

1932 ഒൿടോബർ 31 ന് അന്തരിച്ച മൌലവിയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ കാലഘട്ടത്തിലെ മറ്റേതൊരു വ്യക്തിയുടെ ഫോട്ടോ അന്വേഷിച്ചിറങ്ങിയാലും അതുതന്നെയാകാം അവസ്ഥ. വർഷങ്ങൾക്ക് മുൻപ് എട്ടാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ മൌലവിയെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നു. അന്ന് പുസ്തകത്തിൽ ചേർത്തിരുന്നതും അദ്ദേഹത്തിന്റേതല്ലാത്ത ഫോട്ടോയായിരുന്നു. മൌലവിയുടെ സഹോദരീപുത്രനും സ്വാതന്ത്ര്യസമര സേനായിയും മുൻ എം.എൽ.എ.യുമായിരുന്ന വക്കം മജീദ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സർക്കാരിന് കത്തെഴുതുകയുണ്ടായി. കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അത്തരം നിരന്തരമായ ഇടപെടലുകൾ മൂലം പാഠപുസ്തകത്തിൽ നിന്ന് മൌലവിയുടെ തെറ്റായ ഫോട്ടോ നീക്കം ചെയ്യപ്പെട്ടു.

ഇതേ പ്രശ്നം വീണ്ടും ഉണ്ടാകാതിരിക്കാൻ, മൌലവിയുടെ ശരിക്കുള്ള ഒരു ചിത്രത്തിന് വേണ്ടി തിരച്ചിൽ നടത്തിയപ്പോൾ, കുടുംബാംഗങ്ങൾക്ക് കണ്ടെത്താനായാത് നിറം മങ്ങിയതും വ്യക്തത കുറഞ്ഞതുമായ ഒരു ഫോട്ടോ മാത്രമാണ്. പക്ഷേ, അതിൽ മൌലവിയുടെ മുഖമുണ്ടായിരുന്നു. മാത്രമല്ല, ധാരാളം എഴുത്തുകാർ ഉള്ള ഒരു കുടുംബമാണത്. അവരിൽ പലരും അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും, പ്രശസ്തനായ തങ്ങളുടെ പൂർവ്വികനെ രേഖപ്പെടുത്തിയിട്ടിട്ടുമുണ്ടായിരുന്നു. അതെല്ലാം ചേർത്തുവെച്ച് അവർ മൌലവിയുടെ ഒരു ഛായാചിത്രം വരപ്പിച്ചു. സുരേഷ് കൊളാഷ് എന്ന ചിത്രകാരനാണത് വരച്ചത്. വെറുതെ ഒരു ചിത്രം വരപ്പിക്കുകയല്ല അവർ ചെയ്തത്. അത് ആധികാരികമാണെന്ന് ഉറപ്പാക്കുന്ന രീതിയിൽ വരപ്പിക്കുക തന്നെ ചെയ്തു. അതിനാൽത്തന്നെ ഒരു കൊല്ലത്തോളം സമയമെടുത്തു ആ ചിത്രം പൂർത്തിയാക്കാൻ.

Mygrandfather1
                                               വക്കം മൌലവി

ഇപ്പോളുള്ളത് മൌലവിയുടെ കൊച്ചുമക്കളുടെ തലമുറയും അതേത്തുടർന്നുള്ള തലമുറയുമാണ്. മൌലവിയെ നേരിൽ കണ്ടിട്ടുള്ള, അദ്ദേഹത്തിന്റെ സഹോദരിയുടെ പേരമകൾ മാത്രമാണ് ഈ രേഖാചിത്രം പൂർത്തിയാകുമ്പോൾ ജീവിച്ചിരുന്നത്. ചിത്രത്തിലുള്ളത് മൌലവി തന്നെയാണെന്ന് അവർ സാക്ഷ്യപ്പെടുത്തി. കിട്ടാവുന്ന അത്രയും രേഖകളും നിറം മങ്ങിയ ഒരു യഥാർത്ഥചിത്രവും നേരിൽക്കണ്ടിട്ടുള്ളവരുടെ സാക്ഷ്യപത്രവും ഒക്കെ ചേർത്താണ് വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവിയുടെ ചിത്രം ആ കുടുംബാംഗങ്ങൾ പുനർജ്ജീവിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ അവർക്ക് തങ്ങളുടെ വല്യുപ്പാപ്പയുടെ ആ ചിത്രത്തോട് അത്രയ്ക്കേറെ വൈകാരികമായ അടുപ്പമാണുള്ളത്. ആ ചിത്രത്തിന് പകരം കുടുംബത്തിലെ തന്നെ ആരാധ്യനായ മറ്റൊരു വ്യക്തിയുടെ പടം പ്രചരിച്ചാലും അതവർക്ക് വേദനയുണ്ടാക്കും. ചരിത്രത്തോടുള്ള അനീതി കൂടെയാണത്.

വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവി തന്റെ നാലാമത്തെ മകന് അബ്ദുൾ ഖാദർ എന്ന സ്വന്തം പേര് തന്നെയാണ് നൽകിയത്. അക്കാലത്ത് മുസ്ലീം സ്ത്രീകൾ ഭർത്താവിന്റെ പേര് പറയാൻ പോലും കൂട്ടാക്കില്ല എന്ന പ്രശ്നം മറികടക്കാൻ ഒരു സാമൂഹ്യപരിഷ്ക്കർത്താവായ വക്കം കണ്ടെത്തിയ രസകരമായ മാർഗ്ഗമായിരുന്നു മകന് സ്വന്തം പേര് നൽകൽ. ഇപ്പറഞ്ഞ നാലാമത്തെ മകൻ അബ്ദുൾ ഖാദറിന്റെ ഫോട്ടോയും എട്ടാമത്തെ മകൻ മുഹമ്മദ് ഈസയുടെ പടവും വക്കത്തിന്റെ പടങ്ങളാണെന്ന മട്ടിൽ വ്യാപകമായാണ് ഓൺലൈനിലൂടെയും അച്ചടിയിലൂടെയും അല്ലാതെയുമൊക്കെ പ്രചരിപ്പിച്ച് പോരുന്നത്.

IMG-20190930-WA0013
   വക്കത്തിന്റെ നാലാമത്തെ മകൻ അബ്ദുൾ ഖാദർ

അടുത്തകാലത്തായി നമ്മുടെ സംസാരങ്ങളെല്ലാം നീളുന്നത് വീണ്ടുമൊരു നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ്. സർക്കാർ വിഷയങ്ങളിലൊക്കെ ഈ നവോത്ഥാന ഭാഷ്യം ശക്തമായി കടന്നുവരുന്നുണ്ട്. പഴയ തലമുറയിലെ നവോത്ഥാന നായകന്മാരിൽ ഒരാൾ എന്നതിനപ്പുറം സ്വാതന്ത്ര്യസമരസേനാനിയും അനീതിക്കെതിരെയുള്ള പോരാട്ടത്തിനായി സ്വദേശാഭിമാനി പത്രം തന്നെ ഉപാധികളില്ലാതെ വിട്ടുകൊടുത്ത വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവി എന്ന മഹത് വ്യക്തിത്ത്വത്തിന്റെ ഒരു ചിത്രം ദൃഢീകരിച്ചെടുക്കാൻ കഴിയാതെ നമ്മളെങ്ങനെയാണ് മറ്റൊരു നവോത്ഥാനത്തെപ്പറ്റി സംസാരിക്കുക ? സ്വയം അപഹാസ്യരാകുന്നതിനൊപ്പം വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവി എന്ന വലിയ മനുഷ്യനെ അധിക്ഷേപിക്കുന്നതിന് തുല്യവുമാണ് ഈ അവസ്ഥ.

1910 ൽ കണ്ടുകെട്ടപ്പെട്ട സ്വദേശാഭിമാനി പ്രസ്സ് പിന്നീട് തിരിച്ച് നൽകുന്നത് 1957ൽ ഇം.എം.എസ്.മുഖ്യമന്ത്രിയായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വന്നതിന് ശേഷമാണ്. അവിടന്നിങ്ങോട്ട് 2019ൽ എത്തിയപ്പോഴേക്കും ആരാണ് വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവി എന്ന കാര്യത്തിൽ നമുക്ക് സംശങ്ങളായിരിക്കുന്നു. എന്തിനും ഏതിനും നാം ആശ്രയിക്കുന്ന ഇന്റർനെറ്റിലൂടെ തെറ്റായ വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കപ്പെട്ടിട്ടും അത് തടുക്കാനോ തിരുത്താനോ നമുക്കാവുന്നില്ല. ഇത്തരം അത്യന്താധുനിക സാങ്കേതിക സൌകര്യങ്ങളും സജ്ജീകരണങ്ങളും ഉപയോഗിച്ച് എന്ത് സന്ദേശമാണ്, എന്ത് വിജ്ഞാനമാണ് നാം പുതിയ തലമുറയ്ക്ക് പകർന്ന് കൊടുത്തുകൊണ്ടിരിക്കുന്നത് ?

ഈ ലേഖനം വായിച്ച്, സത്വര അന്വേഷണം നടത്തി കൊച്ചി മെട്രോ ചിലപ്പോൾ കടവന്ത്ര മെട്രോ സ്റ്റേഷനിലെ വക്കത്തിന്റെ തെറ്റായ ആ ചിത്രം നീക്കം ചെയ്യുമായിരിക്കും. പക്ഷേ, അതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഈ വിഷയത്തിലെ ആണിക്കല്ല് എന്ന് പറയാവുന്ന പ്രതി ഓൺലൈൻ മീഡിയയാണ്. ഏതൊരു വ്യക്തിയുടെ ചിത്രത്തിന്റെ ആവശ്യം വന്നാലും ഇക്കാലത്ത് നമ്മളാശ്രയിക്കുന്നത് ഇന്റർനെറ്റിനെയാണ്. ഓൺലൈനിൽ വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവിക്ക് വേണ്ടി പരതിയാൽ ഏതൊരാൾക്കും ഇപ്പോഴും കിട്ടുക അദ്ദേഹത്തിന്റെ എട്ടാമത്തെ മകനായ മുഹമ്മദ് ഈസയുടെ പടമായിരിക്കും. കൊച്ചി മെട്രോയ്ക്ക് പറ്റിയ പിഴവും അത്രമാത്രമാണ്. പക്ഷെ ഇന്റർനെറ്റിൽ പിഴവ് വരുത്തിയിരിക്കുന്ന മറ്റ് പല സ്ഥലങ്ങളിലും ഈ പിശക് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. അതിനാര് മുൻ‌കൈ എടുക്കും; ആര് നടപടിയെടുക്കും എന്നതാണ് വിഷയം.

sashi tharoor
                   ശശി തരൂർ വക്കത്തിന്റെ ചിത്രം പ്രദർശിപ്പിക്കുന്നു.
k muraleedharan
                         കെ.മുരളീധരൻ വക്കത്തിന്റെ ചിത്രവുമായി

കെ.മുരളീധരനും ശശി തരൂരുമൊക്കെ മൌലവിയുടെ കുടുംബാംഗങ്ങൾ വരപ്പിച്ചെടുത്ത ശരിയായ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്ന ഫോട്ടോകൾ ഓൺലൈനിൽ ലഭ്യമാണ്. വക്കം മൌലവി ഫൌണ്ടേഷൻ ട്രസ്റ്റിന്റെ ഓൺലൈൻ പേജിലടക്കം പലയിടങ്ങളിലും മൌലവിയുടെ ഇതേ ചിത്രം ലഭ്യമാണ്. മൌലവിയെപ്പറ്റിയുള്ള പുസ്തകങ്ങൾ എണ്ണമറ്റതാണ് മലയാളത്തിൽ. അതിലെത്ര പുസ്തകങ്ങളിൽ മൌലവിയുടെ ശരിയായ ചിത്രം കണ്ടെത്തി അച്ചടിച്ചിട്ടുണ്ടെന്നത് പഠനവിഷയമാക്കേണ്ട കാര്യമാണ്. പലർക്കും തെറ്റ് പറ്റിയിട്ടുണ്ടെന്ന് തന്നെയാണ് പ്രാരംഭ അന്വേഷണത്തിൽ മനസ്സിലാക്കാനാവുന്നത്.

23
        വക്കത്തിന്റെ എട്ടാമത്തെ മകൻ മുഹമ്മദ് ഈസ

നമുക്കറിയാൻ പാടില്ലാത്ത കാര്യങ്ങൾക്കായി പരതുമ്പോൾ സൈബർ ഇടങ്ങളെ ആശ്രയിക്കുന്നതോടൊപ്പം അൽ‌പ്പസ്വൽ‌പ്പം ചില പുസ്തകങ്ങളും പരിശോധിക്കുക എന്നതാണ് ഇത്തരം പിഴവുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിലൊന്ന്. കൊച്ചി മെട്രോയെപ്പോലുള്ള സർക്കാർ സ്ഥാപനങ്ങളെങ്കിലും ഇത്തരം കാര്യത്തിൽ കുറേക്കൂടെ ശ്രദ്ധപതിപ്പിക്കണം. ഓൺലൈനിൽ തിരുത്തലുകൾ എളുപ്പമാണ്. തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിയവർ എല്ലാവരും അത് എത്രയും പെട്ടെന്ന് തിരുത്താൻ തയ്യാറാകണം.

മൌലവിയുടെ കുടുംബം എക്കാലത്തും ഈ ഒരു ചിത്രത്തിന്റെ പേരിൽ പലരുമായി പോരിനിറങ്ങേണ്ട ഗതികേടിലാണ്. അതിനൊരു അന്ത്യമുണ്ടാകണം. സർക്കാർ തന്നെ ഇടപെട്ട് തലപ്പാവും നരച്ച താടിമീശയുമൊക്കെയുള്ള മൌലവിയുടെ ചിത്രം മാത്രമാണ് ശരിക്കുള്ളതെന്ന് തെളിവുകളടക്കം കണ്ട് ബോദ്ധ്യപ്പെട്ട് സ്ഥിരീകരിച്ച് ഗസറ്റിൽ പബ്ലിഷ് ചെയ്യണം. അത് തെളിവായി കാണിച്ചാൽ മാത്രമേ ഓൺലൈനിലെ പലയിടങ്ങളിലും ഈ തെറ്റ് തിരുത്തിക്കാനാവൂ എന്ന അവസ്ഥയാണുള്ളത്. അല്ലെങ്കിൽ വിവരസാങ്കേതിക വിദ്യ കുതിച്ചുചാട്ടം നടത്തിക്കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് നാം വിളമ്പുന്നത് ശരിയായ വസ്തുതകളല്ല എന്ന അക്ഷന്തവ്യമായ തെറ്റിന് കാലമൊരിക്കലും മാപ്പ് തരില്ല. വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൌലവിയെ അടുത്തറിയാനോ ശരിക്കുള്ള അദ്ദേഹത്തിന്റെ ചിത്രമിതാണ് എന്ന് സംശയലേശമെന്യേ പറയാനോ കഴിയാത്തതിന്റെ നാണക്കേട് വേറെയുമുണ്ടാകും.

ഇങ്ങനെയൊരു വിഷയം ഏതെങ്കിലും ഓൺലൈൻ ഇടത്ത് മാത്രം ഒതുങ്ങി നിന്നാൽ പോര, പ്രിന്റ് മാദ്ധ്യമങ്ങളിലൂടെ തന്നെ കൂടുതൽ ജനങ്ങളിലേക്ക് എത്തണമെന്ന ഉദ്ദേശത്തോടെ ഈ വിഷയവുമായി ചില പത്രങ്ങളെ സമീപിച്ചു. ദീപിക ദിനപ്പത്രം അത് ഇന്ന് വാർത്തയാക്കിയിട്ടുണ്ട്. ദീപികയ്ക്ക് നന്ദി. പക്ഷേ, മെട്രോ ബോഗിയുടെ പടത്തിന് പകരം വക്കത്തിന്റെ പടം നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

we

ദീപികക്കാർ കൊച്ചി മെട്രോയിൽ വിളിച്ച് അന്വേഷിച്ചപ്പോളും വക്കത്തിന്റെ കുടുംബാംഗങ്ങൾ അന്വേഷിച്ചപ്പോളും കൊച്ചി മെട്രോ പറഞ്ഞത് തെറ്റ് ഉടനെ തിരുത്താം എന്നാണ്. ഉടനെ എന്ന് പറഞ്ഞാൽ എത്ര ദിവസമാണെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. വക്കത്തിന്റെ മകന്റെ പൌത്രനായ സമീർ മുനീർ ഫേസ്ബുക്ക് പോസ്റ്റിടുകയും കൊച്ചി മെട്രോയെ വിവരം അറിയിക്കുകയും ചെയ്തത് സെപ്റ്റംബർ 30നാണ്. അന്ന് സമീറിന് കൊച്ചി മെട്രോ കൊടുത്ത മറുപടി ഇതുതന്നെയായിരുന്നു. അത് കഴിഞ്ഞിട്ടിപ്പോൾ 8 ദിവസമായിരിക്കുന്നു.

sameer post

അതിനിടയ്ക്ക് എത്രയോ ജനങ്ങൾ കടവന്ത്ര മെട്രോ സ്റ്റേഷൻ വഴി കടന്ന് പോയിക്കാണും. അവർക്കെല്ലാം മുന്നിൽ കൊച്ചി മെട്രോ തെറ്റായ വിവരമാണ് നൽകിക്കൊണ്ടേയിരിക്കുന്നത്. കൊച്ചി മെട്രോയുടെ സൌകര്യത്തിനനുസരിച്ച് പുതിയ പോസ്റ്റർ അടിച്ചുണ്ടാക്കുന്ന ദിവസം തെറ്റ് തിരുത്തുകയല്ല വേണ്ടത്. തെറ്റ് സംഭവിച്ചെന്ന് മനസ്സിലാക്കിയാൽ ഉടനെ അത് തിരുത്തുകയാണ് വേണ്ടത്. ഏറ്റവും കുറഞ്ഞത് പുതിയ പോസ്റ്റർ ഉണ്ടാക്കിയെടുക്കുന്നത് വരെയുള്ള സമയത്ത് തെറ്റായ ഫോട്ടോയുടെ മേൽ ഒരു വെളുത്ത സ്റ്റിക്കറെങ്കിലും ഒട്ടിച്ച് അത് മറച്ചുപിടിക്കണമായിരുന്നു.

ഇന്നലെ വൈകുന്നേരം 7 മണി വരെ ആ പോസ്റ്ററുകൾ അതുപോലെ തന്നെ അവിടെയുണ്ട്. സർക്കാർ കാര്യം മുറപോലെ എന്ന സ്ഥിരം സമീപനമല്ല കൊച്ചി മെട്രോയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്. നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. മറ്റേതൊരു സർക്കാർ സ്ഥാപനവും പോലെ തന്നെ പോകുമെന്നാണ് വാശിപിടിക്കുന്നതെങ്കിൽ‌പ്പിന്നെ ആർക്കും തടുക്കാനാവില്ലല്ലോ? അങ്ങനെ തന്നെ നടക്കട്ടെ.

വാൽക്കഷണം:- ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെ കൊച്ചി മെട്രോയിൽ കയറിയപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ ഒന്നിലധികമാണ്. കൊച്ചി മെട്രോയിൽ ഇനി പ്രതീക്ഷ വേണ്ടെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള മോശം അനുഭവങ്ങളായിരുന്നു അത്. ഉടൻ വിശദമാക്കാം. ദയവായി കാത്തിരിക്കുക.