അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് കാണാതിരിക്കാൻ വേണ്ടി അഹമ്മദാബാദിലെ ചേരികൾക്കും റോഡിനുമിടയിൽ മതില് കെട്ടി പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിരിക്കുന്നതിന്റെ ചിത്രമാണിത്.
ഡച്ച് രാജകുമാരൻ കൊച്ചി സന്ദർശിച്ചപ്പോൾ അദ്ദേഹം പോകാൻ സാദ്ധ്യതയുള്ള വഴികളെല്ലാം അറ്റകുറ്റപ്പണികൾ നടത്തി മിനുക്കിയെടുത്തത് ഓർമ്മയില്ലേ ?
രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ കേരളം സന്ദർശിക്കുമ്പോൾ അവർ പോകാൻ സാദ്ധ്യതയുള്ള വഴികളെല്ലാം അറ്റകുറ്റപ്പണികൾ നടത്തുകയും വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്ന പതിവ് മറന്നിട്ടില്ലല്ലോ ?
വി.വി.ഐ.പി.കൾ വരുമ്പോളെല്ലാം ഇത് പതിവാണ്. അതൊക്കെ പോട്ടെ. നമ്മുടെ വീട്ടിൽ അതിഥികൾ വരുമെന്ന് പ്രതീക്ഷിക്കുമ്പോൾ, അലങ്കോലമായിക്കിടക്കുന്ന വീട്, അടുക്കിപ്പെറുക്കി തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കാറില്ലേ ? അപ്രതീക്ഷിതമായാണ് അതിഥികൾ വന്നുകയറുന്നതെങ്കിൽ അലക്ഷ്യമായി വെലിച്ചെറിഞ്ഞ ചപ്പും ചവറും കടലാസും അടിവസ്ത്രങ്ങളുമൊക്കെ എങ്ങനെയെങ്കിലുമൊക്കെ മറച്ചുപിടിക്കാൻ നമ്മൾ ശ്രമിക്കാറില്ലേ ?
യാഥാർത്ഥ്യം മറച്ച് പിടിക്കാനുള്ള ഈ ശ്രമം വ്യക്തിജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മളിൽ പലരും ചെയ്തിട്ടുണ്ട്. (365 ദിവസത്തിൽ 300 ദിവസം വീട് വൃത്തിയാക്കി വെച്ച ശേഷം ബാക്കിയുള്ള 65 ദിവസം അതിഥികൾക്ക് വേണ്ടി വൃത്തിയാക്കുന്നവരുണ്ടെങ്കിൽ ക്ഷമിക്കുക.) ട്രമ്പ് ചേരി കാണാതിരിക്കാൻ വേണ്ടി മതില് കെട്ടുന്നതും മേൽപ്പറഞ്ഞ തരത്തിലുള്ള യാഥാർത്ഥ്യം മറച്ച് പിടിക്കൽ തന്നെയാണ്. പക്ഷേ, അഹമ്മദാബാദിലെ ഈ മതില് കെട്ടലിനും മേൽപ്പറഞ്ഞ മറ്റെല്ലാ ഉദാഹരണങ്ങൾക്കും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്.
വി.വി.ഐ.പി.കൾക്ക് സഞ്ചരിക്കാൻ വേണ്ടി റോഡ് നന്നാക്കുകയും അവർ പോകുന്നയിടങ്ങളെല്ലാം വൃത്തിയാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഗുണം, കുറഞ്ഞത് ആ വഴി പോകുന്ന എല്ലാ പൊതുജനങ്ങൾക്കും ലഭ്യമാകുന്നുണ്ട്. അതിഥിക്ക് വേണ്ടി ഒരു ദിവസം വീട് വൃത്തിയാക്കുന്നുണ്ടെങ്കിൽ അന്നൊരു ദിവസമെങ്കിലും നമ്മുടെ വീട് വൃത്തിയാകുന്നുണ്ട്; അതിന്റെ സന്തോഷം നമുക്ക് ലഭിക്കുന്നുണ്ട്.
പക്ഷേ, ട്രമ്പിനെ ചേരി കാണിക്കാതിരിക്കാൻ വേണ്ടി പണിതുയർത്തിയ മതിലിൽ, തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കാർക്ക് പോസ്റ്ററൊട്ടിക്കാൻ പറ്റുമെന്നല്ലാതെ സാധാരണ ജനത്തിന് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആ മതില് കെട്ടാൻ അവന്റെ നികുതിപ്പണത്തിൽ നിന്ന് ലക്ഷങ്ങൾ (അതോ കോടികളോ) പോയത് മാത്രം മിച്ചം.
മതിൽ കെട്ടി ചേരികൾ മറച്ചുപിടിക്കുന്നതിന് പകരം, രാജ്യത്ത് ചേരികൾ ഇല്ലാതാക്കാനുള്ള പ്രവർത്തികളാണ് വേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി ഇതിനകം നടത്തിയ കുറച്ച് വിദേശയാത്രകൾ, കൃത്യമായി പറഞ്ഞാൽ ഒന്നിലധികം പ്രാവശ്യം സന്ദർശനം നടത്തിയ രാജ്യങ്ങളിലേക്ക് ഒരു പ്രാവശ്യം മാത്രമായി യാത്ര ഒതുക്കിയിരുന്നെങ്കിൽ, ആ തുക കൊണ്ട് ഇതിന്റെ നാലിരട്ടി ചാലുകൾ തുടച്ച് മാറ്റി, രണ്ട് മുറിയുള്ള വലിയ ആർഭാടമൊന്നും ഇല്ലാത്ത, നല്ല ശൌചാലയമുള്ള, ചിലവ് കുറഞ്ഞ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാൻ കഴിയുമായിരുന്നു.
ട്രമ്പിന്റെ ഈ വരവിന്റെ പേരിൽ ഇന്ത്യൻ ഖജനാവിൽ നിന്ന് ആവശ്യത്തിനും അനാവശ്യത്തിനുമായി ചിലവാകുന്നത് 100 കോടി രൂപയാണെന്നത് മറക്കരുത്. ഗുജറാത്ത് സർക്കാരിന്റെ വാർഷിക ബജറ്റിന്റെ 1.5% ന് മുകളിൽ വരും ഈ തുക. ഒരു ലോകനേതാവ്, പ്രത്യേകിച്ചും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുമ്പോൾ കുറേയേറെ കോടികൾ ചിലവാകുക തന്നെ ചെയ്യും. പക്ഷേ, ഈ 100 കോടിയിലെ നല്ലൊരു പങ്കും പാവപ്പെട്ടവന്റെ വയറ്റത്തടിച്ചുകൊണ്ടുതന്നെ അവനെ മറച്ച് പിടിക്കാനുള്ള അധികച്ചിലവ് തന്നെയാണ്.
ട്രമ്പ് നല്ലൊരു ഭരണാധികാരി ആണെങ്കിൽ, പാവപ്പെട്ട ജനങ്ങളോട് സഹതാപമുള്ള ഒരു മനുഷ്യനാണെങ്കിൽ, ഇതിനകം അദ്ദേഹം അറിഞ്ഞു കഴിഞ്ഞിട്ടുള്ള ഈ മതിൽക്കെട്ടിന് അകത്തുള്ള ചേരിയിലേക്ക് തന്നെ ഒരു സന്ദർശനം നടത്തുകയാണ് വേണ്ടത്. ബാരക്ക് ഒബാമ ആയിരുന്നെങ്കിൽ അങ്ങനെയൊരു പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു.
ട്രമ്പിന്റെ വരവുമായി ബന്ധപ്പെട്ട് കേട്ടുകൊണ്ടേയിരിക്കുന്ന ഒരു തമാശയ്ക്ക് കൂടെ മറുപടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. ഒരു അരക്കിറുക്കനെ കാണാൻ 70 ലക്ഷമോ 1 കോടിയോ ജനങ്ങൾ തടിച്ചുകൂടുമെങ്കിൽ, അത്രയും പേർക്ക് മുഴുക്കിറുക്ക് തന്നെയാണ്.
വാൽക്കഷണം:- മണിക്കൂറുകൾ മാത്രം ചിലവഴിക്കാൻ വരുന്ന അതിഥികൾക്ക് വേണ്ടി വീട് വൃത്തിയാക്കാതിരിക്കുക. നിങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രം വീട് വൃത്തിയാക്കുക.