പാലക്കാട് നിന്ന് ലഡാക്കിലേക്ക് ഒറ്റയ്ക്കൊരു യുവതി ചെയ്ത 59 ദിവസം നീണ്ടുനിന്ന ബൈക്ക് റൈഡിനെക്കുറിച്ച് ആദ്യമറിഞ്ഞത് ലക്ഷ്മി അമ്മു എന്ന സഞ്ചാരി സ്വയം പങ്കുവെച്ച ഒരു ചെറിയ വീഡിയോയിലൂടെയാണ്. അതീവ ആവേശത്തോടെ ലക്ഷ്മി അവതരിപ്പിച്ച ആ വീഡിയോ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. എന്നെങ്കിലും ഈ യാത്രയുടെ വിവരണങ്ങൾ എഴുതപ്പെട്ടാൽ വിട്ടുപോകാതെ വായിക്കണമെന്ന ആഗ്രഹം അന്നേ മനസ്സിൽ ഉടലെടുത്തിരുന്നു.
സ്കൂട്ടി ഓടിച്ചിട്ടുണ്ട് എന്നല്ലാതെ ബൈക്കോടിച്ച് മുൻപരിചയമൊന്നും ഇല്ലാത്ത ഒരാൾ, സ്വന്തമായി ബൈക്ക് വാങ്ങിയ ശേഷം യൂട്യൂബിലൂടെ അതിനെപ്പറ്റി മനസ്സിലാക്കുന്നു, ഓടിക്കാൻ പഠിക്കുന്നു, അൽപ്പസ്വൽപ്പം റിപ്പയറിംങ്ങും അഭ്യസിക്കുന്നു. അതിനുശേഷം ഒന്ന് രണ്ട് ചെറിയ യാത്രകൾ നടത്തുന്നു. പിന്നെ, അച്ഛൻ നൽകിയ 3000 രൂപയടക്കം, വെറും 16000 രൂപ മാത്രം കൈയ്യിലെടുത്ത് ലഡാക്കിലേക്ക് തിരിക്കുമ്പോൾ, സാഹസികമായ ഒരു യാത്ര ആരംഭിക്കുകയായി. ലക്ഷ്മിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘കുന്നിക്കുരുവോളം ആത്മവിശ്വാവും കുന്നോളം ആഗ്രഹവു’മായി ഒരു യാത്ര.
പകൽ യാത്ര ചെയ്യുന്നത് കൂടാതെ രാത്രി ഓൺലൈനിലൂടെ ജോലിയും ചെയ്യുന്നുണ്ട് എന്നതാണ് ലക്ഷ്മിയുടെ യാത്രയെ വ്യത്യസ്തമാക്കുന്നത്. ഇങ്ങനെ രാത്രി ഓൺലൈനിലൂടെ ജോലി ചെയ്ത് കിട്ടുന്ന പണമില്ലെങ്കിൽ യാത്ര മുടങ്ങിയത് തന്നെ.
ഒരു എഴുത്തുകാരിയുടേതായ സാഹിത്യവും വർണ്ണനകളുമില്ലാതെ, പോയ റൂട്ടും അതിലെ പ്രധാന ഇടങ്ങളും ലളിതമായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു പുസ്തകത്തിൽ.
വെള്ളപ്പൊക്കം, മലയിടിച്ചിൽ, ബൈക്ക് പണി മുടക്കൽ, സ്ത്രീകളോടുള്ള വടക്കേ ഇന്ത്യയിലെ പോലീസിന്റെ മോശം പെരുമാറ്റം, ഒറ്റക്ക് രാജ്യം ചുറ്റാനിറങ്ങിയ പെൺകുട്ടിയാണെന്ന് മനസ്സിലാക്കുമ്പോൾ കിട്ടുന്ന ആദരവ്, ഇടയ്ക്ക് കണ്ടുമുട്ടുന്ന മലയാളി റൈഡേഴ്സിന്റെ സഹോദരതുല്യമായ കരുതൽ, ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന അപകടങ്ങൾ, എന്നിങ്ങനെ അനുഭവങ്ങളുടെ കൂമ്പാരവുമായാണ് 11400 കിലോമീറ്റർ യാത്ര ചെയ്ത് ലക്ഷ്മി കല്പാത്തിയിലെ തന്റെ അഗ്രഹാരത്തിൽ തിരിച്ചെത്തുന്നത്.
യാത്ര ലക്ഷ്മിക്ക് മടുക്കുന്നില്ലെന്ന് മാത്രമല്ല അതൊരു ഹരമായി മാറുകയാണ് അവസാന പാദത്തിലേക്ക് എത്തുന്നതോടെ. ബാംഗ്ലൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങാമായിരുന്നിട്ടും രാമേശ്വരത്തേക്ക് ബൈക്ക് തിരിക്കുന്നതും അവിടെനിന്ന് ഊട്ടിയിലേക്ക് പോകുന്നതും അതുകൊണ്ടാണ്.
കേരളത്തിൽനിന്ന് ലഡാക്കിലേക്ക് റോഡ് വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈപ്പുസ്തകമായി ലക്ഷ്മിയുടെ യാത്രാവിവരണം ഉപകരിക്കും.
എന്നിരുന്നാലും ലക്ഷ്മിയുടെ യാത്രയോട് വ്യക്തിപരമായി എനിക്കൊരുപാട് വിയോജിപ്പുകൾ ഉണ്ട്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ രാത്രി വാഹനമോടിക്കുന്നതാണ് അതിൽ പ്രധാന എതിർപ്പ്. അതും അമിതവേഗത്തിൽ. പിഴവ് മനസ്സിലാക്കി ‘ഇനി അങ്ങനെ ചെയ്യില്ല’ എന്ന് ഒരു ഘട്ടത്തിൽ ലക്ഷ്മി സ്വയം പറയുന്നുണ്ട്.
മതിയായ വിശ്രമം ശരീരത്തിനും മനസ്സിനും നല്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നതാണ് രണ്ടാമത്തെ എതിർപ്പ്. ബൈക്കിലിരുന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് വരെ സഞ്ചാരി എത്തുന്നുണ്ട്. അല്ലാതെ തന്നെ ആവശ്യത്തിലധികം സാഹസികത ഈ യാത്രയിൽ ഉണ്ട്. അറിഞ്ഞുകൊണ്ട് മറ്റ് അപകടങ്ങൾ വിളിച്ചുവരുത്തുന്ന യാത്രകൾ ഒരിക്കലും ചെയ്യരുത്.
ലക്ഷ്മിയുടെ ഇനിയുള്ള യാത്രകളും സഞ്ചാരികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകുമെന്നുറപ്പാണ്. അതെല്ലാം സഞ്ചാര സാഹിത്യത്തിന് കൂടെ മുതൽക്കൂട്ടാകുമാറാകട്ടെ.
വാൽക്കഷണം:- അതിഗംഭീര യാത്രകൾ നടത്തുന്ന ധാരാളം ആൾക്കാരുണ്ട്. പക്ഷേ അതൊന്നും യാത്രാവിവരണങ്ങളായി മാറാറില്ല. ലക്ഷ്മിയുടെ കാര്യത്തിൽ ഒരുപാട് പേർ പ്രോത്സാഹിപ്പിച്ചാണ് ഇതൊരു യാത്രാവിവരണം ആയതെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ! കുന്നിക്കുരുവോളമുള്ള ആത്മവിശ്വാസത്തെ, കുന്നോളമുള്ള ആഗ്രഹത്തിനൊപ്പമെത്തിച്ച ലക്ഷ്മിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ !!