Monthly Archives: February 2020

എയ്ഡ്സ്, ഡോ:അലക്സാണ്ടർ -  കൊറോണ, ഡോ:ലീ


Screenshot_20200208-101002_Chrome

യ്ഡ് വന്ന് തുടങ്ങിയ കാലത്തെ ചില ദുരനുഭവങ്ങൾ മലയാളികൾക്ക് മുന്നിലുമുണ്ട്. കാസർഗോഡ് റെയിൽ വേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ മരിച്ചുകിടന്നിരുന്ന ഒരു സ്ത്രീയുടെ അജ്ഞാത ശരീരം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും ജില്ലയിലെ ഡോൿടർമാർ തയ്യാറായില്ല. അവരുടെ കൈത്തണ്ടയിലും ശരീരത്തിൽ പലയിടങ്ങളിലും വസ്ത്രത്തിലും ADIS എന്നെഴുതി വെച്ചിരുന്നു. എയ്ഡ്സ് എന്നാണ് പലരും അത് വായിച്ചത്. ആ മൃതദേഹത്തിൽ നിന്ന് എയ്ഡ്സ് പകരും എന്ന ധാരണയാണ് അക്കാലത്ത് ഡോൿടർമാർക്ക് പോലും ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് 15 ദിവസം ശീതികരിച്ച് വെച്ചതിന് ശേഷമാണ് പിന്നീടാ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തത്. വിഷം ഉള്ളിൽച്ചെന്നുള്ള മരണമാണതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയുണ്ടായി.

കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിലെ ഓർത്തോപീഡിക് പ്രൊഫസറും കേരളത്തിലെ തന്നെ മികച്ച സർജൻ‌മാരിൽ ഒരാളുമായിരുന്ന ഡോ:പി.എ.അലക്സാണ്ടർ എയ്ഡ്സ് ബാധിച്ചാണ് മരിച്ചത്. അക്കാലത്ത് രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ ക്രോസ്സ് മാച്ചിങ്ങിനപ്പുറം മറ്റ് ടെസ്റ്റുകൾ ഒന്നും ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. ഒരു സർജറിയുടെ ഭാഗമായി അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വന്നത് എയ്ഡ്സ് ഉണ്ടായിരുന്ന ആരുടേയോ രക്തമാണ്. വൈദ്യശാസ്ത്രത്തിന് വീണ്ടും ഒരുപാട് സംഭാവനകൾ ചെയ്തേക്കാമായിരുന്ന ഡോ:അലക്സാണ്ടർ അങ്ങനെ എയ്ഡ്സിന് കീഴടങ്ങി മരണമടഞ്ഞു.

മെഡിക്കൽ സയൻസിന്റെ ഈ അവസ്ഥയിൽ നിന്നെല്ലാം കേരളവും ലോകം തന്നെയും ഒരുപാട് മുന്നോട്ട് പോയി. ഇന്ന് ഏയ്ഡ്സ് എങ്ങനെയൊക്കെയാണ് പകരുന്നതെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. ഏറ്റവും കുറഞ്ഞത് വൈദ്യശാസ്ത്രരംഗത്തുള്ളവർ എയ്ഡ്സ് രോഗികളോട് മുഖം തിരിക്കുന്നില്ല, എയ്ഡ്സ് രോഗിയോട് ഇടപഴകിയതുകൊണ്ട് മാത്രം രോഗം പകരുമെന്ന് ഭയപ്പെടുന്നില്ല.  .വൈദ്യശാസ്ത്രരംഗത്ത് കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള വളർച്ചയാണ് ഇതെല്ലാം കാണിക്കുന്നത്. പക്ഷേ, വൈദ്യശാസ്ത്രം വളരുന്നതോടൊപ്പം രോഗങ്ങളും വളർന്നില്ലേ എന്ന് ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല. കഴിഞ്ഞ വർഷം നിപ്പയാണ് മലയാളികളുടെ ഉറക്കം കെടുത്തിയതെങ്കിൽ ഈ വർഷം താരത‌മ്യേന വീര്യം കുറഞ്ഞ കൊറോണയാണ് പ്രശ്നക്കാരൻ. കേരളം കാര്യക്ഷമമായിത്തന്നെ പ്രതിരോധിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് മൂന്ന് പേരിൽ മാത്രമായി കൊറോണ ഒതുങ്ങി നിൽക്കുന്നത്.

പക്ഷേ കൊറോണയുടെ ഉറവിടമായ ചൈന ലോകരാഷ്ട്രങ്ങളോട് എന്താണ് ചെയ്തത് ?.ആശങ്കപ്പെടാനില്ല സൂക്ഷിച്ചാൽ മതി എന്ന കൊറോണാ മുദ്രാവാക്യവും ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയും നിലനിൽക്കെത്തന്നെ കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും കൂടുതൽ പേർ മരണമടയുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സിനിമയ്ക്ക് പോകുന്ന കാര്യം ചർച്ച ചെയ്തപ്പോൾ മൂന്ന് പേർക്ക് മാത്രം രോഗാണു സ്ഥിരീകരിച്ച കേരളത്തിലെ എന്റെയൊരു സുഹൃത്ത് പറയുകയാണ് ‘കൊറോണ പേടിച്ച് ഇപ്പോൾ സിനിമയ്ക്ക് പോകാറില്ല’ എന്ന്. പൊതുവിടങ്ങളിൽ പോകാതെ ജനങ്ങൾ മാറിനിൽക്കുന്നുണ്ടെങ്കിൽ അത് ഭീതി കാരണം തന്നെയാണ്.

ഇതിനിടയ്ക്ക് ചൈനക്കാർ കണ്ടെത്തിയിരിക്കുന്നത് കൊറോണ പരത്തുന്നത് ഈനാം‌പേച്ചികളാണെന്നാണ്. സത്യത്തിൽ ഈനാം‌പേച്ചികളല്ല, കാര്യക്ഷമതയില്ലാതതും ലോകജനതയെപ്പറ്റി അൽ‌പ്പം പോലും ചിന്തയില്ലാത്തതുമായ ചൈനീസ് അധികാരികളാകുന്ന മരപ്പട്ടികളാണ് കൊറോണ പടർന്നതിന്റെ മുഖ്യ കാരണക്കാർ. ഇങ്ങനെ പറയുന്നത്, ചൈനീസ് ഭരണകൂടം ഭീഷണിപ്പെടുത്തി നിശബ്ദനാക്കുകയും പിന്നീട് കൊറോണ ബാധിച്ച് മരിക്കുകയും ചെയ്ത അന്നാട്ടിലെ തന്നെ ഡോക്ടറായ ലീ വെൻ‌ലിയാങ്ങിന്റെ അനുഭവത്തിന്റെ പുറത്താണ്. ഏഴ് പേർ മാത്രം ചികിത്സയിലുള്ളപ്പോൾ ഇങ്ങനെയൊരു മാരകരോഗം പടരുന്ന കാര്യം ഡോ:ലീ സഹപ്രവർത്തകരുമായും അധികാരികളുമായും പങ്കുവെച്ചതിന് പുറമെ ചൈനീസ് മൈക്രോ ബ്ലോഗിങ്ങ് ആപ്പിലൂടെയും ഇക്കാര്യം പുറത്തറിയിച്ചു. അത് പക്ഷേ നല്ല രീതിയിൽ ഉൾക്കൊള്ളേണ്ടതിന് പകരം പൊലീസെത്തി ഡോ:ലീയെ ചോദ്യം ചെയ്യുകയും അഭ്യൂഹങ്ങൾ പരത്തരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ അത് ഏതെങ്കിലുമൊരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല ലോകത്തെ മുഴുവൻ മനുഷ്യരുടേയും പ്രശ്നമാണെന്ന് മനസ്സിലാക്കാത്ത ചൈനീസ് ഭരണകൂടം തന്നെയാണ് ഇപ്പോൾ കൊറോണ ലോകമെങ്ങും പടർന്നിരിക്കുന്നതിന്റെ മുഖ്യകാരണക്കാർ.

ഒരു ചൈനീസ് ആഡംബര യാത്രാക്കപ്പൽ ജപ്പാൻ തുറമുഖത്ത് അടുത്തപ്പോൾ അതിലുണ്ടായിരുന്നത് വിരലിൽ എണ്ണാവുന്ന രോഗബാധിതർ മാത്രമായിരുന്നെങ്കിൽ ഇപ്പോളത് അനേകം മടങ്ങായി മാറിയിരിക്കുകയാണ്. രോഗികളെ ചികിത്സിക്കാൻ ആരും തയ്യാറാകുന്നില്ല. അവർക്ക് ഭക്ഷണം പോലും കിട്ടുന്നുണ്ടോ എന്നറുപ്പില്ല. കപ്പലിൽ നിന്ന് ആരെയും തുറമുഖത്ത് ഇറങ്ങാൻ വിടുന്നില്ല, ആരും കപ്പലിലേക്ക് കയറുന്നുമില്ല. ആ കപ്പലിൽ ഉള്ളവരെല്ലാം നേരിടുന്ന  അവസ്ഥ എത്ര ഭീകരമാണെന്ന് നോക്കൂ. ഇതെല്ലാം ചൈനീസ് ഭരണകൂടത്തിന്റെ അനാസ്ഥയുടെ ഫലം മാത്രമാണ്.

ലോകജനത ഇതിനേയും അതിജീവിക്കുക തന്നെ ചെയ്യും. എന്തെങ്കിലുമൊക്കെ മരുന്നുകളും ചികിത്സാരീതികളും ഉരുത്തിരിഞ്ഞ് വരുക തന്നെ ചെയ്യും. അതൊക്കെ വന്നാലും വന്നില്ലെങ്കിലും ചൈനയെപ്പോലുള്ള രാജ്യങ്ങളെ കൂടുതൽ ജാഗ്രതയുള്ളവരാക്കി മാറ്റാനുള്ള നടപടികൾ അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിക്കപ്പെടേണ്ടതാണ്. വൈറസുകളേക്കാൾ അപകടകാരികൾ ഇത്തരത്തിലുള്ള ഭരണാധികാരികളാണ്, ഇത്തരത്തിലുള്ള രാഷ്ട്രങ്ങളാണ്.

വാൽക്കഷണം:- ഒരു പകർച്ചവ്യാധിയെപ്പറ്റി ചൈനീസ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടും പരാജയപ്പെട്ട് അതേ രോഗം പിടിപെട്ട് മരണമടഞ്ഞ ഡോ:ലീ വെൻലിയാങ്ങിന് ആദരാജ്ഞലികൾ.