Monthly Archives: April 2021

ഇന്ധനം മാറി നിറയ്ക്കുന്നവരേ ഇതിലേ ഇതിലേ.


20210416_170532
ഗ്യാസ് സ്റ്റേഷനിലെ പയ്യൻ, കാറിൽ ഡീസലിന് പകരം പെട്രോൾ അടിച്ചെങ്കിലും അത് ക്ഷമയോടെ നേരിട്ട ഹുസൈൻ തട്ടത്താഴത്തിന്റെ കഥ ഫേസ്ബുക്കിൽ വൈറലായത് കണ്ടപ്പോൾ പെട്ടെന്ന് ശ്രദ്ധിച്ചത് ഹുസൈൻ അടക്കമുള്ള മനുഷ്യന്മാരുടെ നന്മയാണ്. സാധാരണ ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾ ഉണ്ടാക്കുന്ന ബഹളം ചില്ലറയൊന്നും അല്ലെന്ന് ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുള്ള ഭയം കൊണ്ടാണോ അതോ സ്വതവേയുള്ള ഉദാരമനസ്ക്കത കൊണ്ടാണോ എന്നറിയില്ല, കസ്റ്റമർ അത്യാവശ്യക്കാരനാണെങ്കിൽ സ്വന്തം വാഹനം കൊണ്ടുപൊയ്ക്കോളാൻ ഗ്യാസ് സ്റ്റേഷൻ ഉടമയുടെ മകൻ പറയുന്നുണ്ട്. മാത്രമല്ല ഫുൾ ടാങ്ക് ഡീസലിന് 1000 രൂപ മാത്രം ഈടാക്കി തങ്ങൾക്ക് പറ്റിയ അബദ്ധത്തിന് അയാൾ പ്രായശ്ചിത്തവും ചെയ്യുന്നു. ലോകം അത്രയ്ക്കൊന്നും മോശമല്ല. മോശമാക്കിയേ അടങ്ങൂ എന്ന് കരുതിക്കൂട്ടി നടക്കുന്ന ചിലരെക്കൊണ്ടുള്ള പ്രശ്നങ്ങളേ ഇവിടുള്ളൂ.

ഇത്രയും പറഞ്ഞത് ആമുഖമാണ്. പെട്രോളിന് പകരം ഡീസൽ അടിച്ച അനുഭവം എനിക്കുമുണ്ട്. ഏകദേശം അഞ്ച് കൊല്ലം മുൻപാണ് സംഭവം. കൃത്യമായ ഡേറ്റ് പറയണമെങ്കിൽ, ദുരന്തേട്ടൻ മുരളി തുമ്മാരുകുടിയുടെ Muralee Thummarukudy ഒരു ചായ് പേ ചർച്ചയും, അതിന് ശേഷം തൃശൂര് ഞാനിങ്ങെടുക്കുവാ എന്ന ഹിറ്റ് മോണോലോഗ് കാ‍ച്ചിയ സുരേഷ് ഗോപിയണ്ണൻ മുഖ്യാതിഥിയായി വന്ന ഒരു പുസ്തകപ്രകാശന ചടങ്ങും കഴിഞ്ഞ് തൃശൂരുനിന്ന് എറണാകുളത്തേക്ക് മടങ്ങുമ്പോൾ ഹൈവേയിൽ പാലിയേക്കര കഴിഞ്ഞയുടനെയാണ് അമളി പറ്റിയത്. സമയം രാത്രി എട്ട് എട്ടര എട്ടേമുക്കാൽ, ഒൻപത് ഒൻപതര പത്ത് മണി. കൂടെയുള്ളത് നുമ്മടെ ചങ്ക് കിച്ചുത്ത എന്ന വഹീദ ഷംസുദ്ദീൻ.

ഞാനന്ന് ഓടിച്ചിരുന്നത് സുഹൃത്തിന്റെ പെട്രോൾ കാറാണ്. സ്ഥിരമായി ഓടിക്കുന്ന സ്വന്തം വാഹനമാകട്ടെ ഡീസലും. ആ ആശയക്കുഴപ്പം കാരണം അബദ്ധം പിണഞ്ഞത് ഗ്യാസ് സ്റ്റേഷൻ‌കാർക്കല്ല, എനിക്കാണ്. ഡീസൽ കാറാണെന്ന ഓർമ്മയിൽ, പെട്രോൾ ബങ്കിന്റെ ഓരം ചേർത്ത് വാഹനം പിടിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായം വരുന്ന ജീവനക്കാരൻ ചേട്ടൻ ഇന്ധനം നിറയ്ക്കാൻ തുടങ്ങി. കാറിനകത്തിരുന്ന് കിച്ചുത്തയും ഞാനും, തുമ്മാരുകുടി അൽപ്പം മുൻപ് പറഞ്ഞ ലോകകാര്യങ്ങളും ഇനി പറഞ്ഞേക്കാൻ സാദ്ധ്യതയുള്ള ദുരന്തങ്ങളും, സോറി ദുരന്ത മുന്നറിയിപ്പുമൊക്കെ കൂലംകഷമായി ചർച്ച ചെയ്യുകയാണ്.

ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാറിന്റെ എഞ്ചിൻ ചെയ്തിട്ടില്ലായിരുന്നു. പെട്ടെന്ന് കാറ് ചെറുതായി കുലുങ്ങാൻ തുടങ്ങി. ആ കുലുക്കം അൽപ്പാൽപ്പമായി കൂടി വരാൻ തുടങ്ങി. കാറ് കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ ഐക്യരാഷ്ട്ര വിഷയങ്ങളുടെ ചർച്ച കസറുകയാണ്. പെട്ടെന്ന് എഞ്ചിൻ ഓഫായി. അപ്പോഴേക്കും എനിക്കൊരു പന്തികേട് മണത്തു. എന്നിട്ടും കിച്ചുത്തയ്ക്ക് ഒരു കുലുക്കവുമില്ല. ആഗോളപ്രശ്നങ്ങളെപ്പറ്റി ഒരാൾ എത്ര ചിന്താവിഷ്ടയാണെന്ന്, നമ്മളെല്ലാം കിച്ചുത്തയെക്കണ്ട് പഠിക്കണം.

ഞാൻ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. ഇതുവരെ കേൾക്കാത്ത എന്തോ ഒരു പിറുപിറുക്കൽ മാത്രമായിരുന്നു യന്ത്രത്തിന്റെ മറുപടി. ഫുൾ ടാങ്ക് ഇന്ധനമടിക്കുന്നത് എന്റെയൊരു ശീലമാണ്. അപ്പോളേക്കും ടാങ്ക് നിറഞ്ഞിരുന്നു. ഞാൻ തല വെളിയിലിട്ട് അൽപ്പം ചമ്മലോടെ ചേട്ടായിയോട് കാര്യം പറഞ്ഞു.

“ചേട്ടാ, ഇത് പെട്രോൾ കാറാണ്. നമ്മളടിച്ചത് ഡീസലാണ്. പണി പാളിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്തോ ചെയ്യും ? ”

ചേട്ടന്റെ മുഖത്ത് ഞാനിതുവരെ കണ്ടിട്ടില്ലാത്തതും പച്ചാളം ഭാസി തോറ്റ് പോകുന്നതുമായ ഭാവങ്ങൾ മിന്നിമറഞ്ഞു. സാധാരണ നിലയ്ക്ക് വാഹനമുടമയുടെ ഭാഗത്ത് നിന്ന് ഇനിയങ്ങോട്ട് വരാൻ പോകുന്ന പൂരപ്പാട്ടിന്റെ കാര്യമാലോചിച്ചുള്ള ബേജാറായിരുന്നു ആ ഭാവങ്ങൾക്ക് പിന്നിലെന്ന് മേൽപ്പറഞ്ഞ ഹുസൈൻ സംഭവം വായിച്ചതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഡീസലൊഴുകുന്ന ഹോസിന്റെ മുന്നിൽ പെട്രോൾ കാറിന്റെ ടാങ്ക് തുറന്നുകൊടുക്കുന്ന ഐഡിയ എന്റേതായിപ്പോയി. അല്ലെങ്കിൽ കാണാമായിരുന്നു പൂരം. ഹുസൈന്റെ അത്രയ്ക്ക് ക്ഷമയും സഹനശക്തിയും എനിക്കുണ്ടാകുമായിരുന്നോ ? ആവോ… അറിയില്ല. ചിലപ്പോൾ ഉണ്ടാകുമായിരുന്നിരിക്കും. പക്ഷേ, നമ്മൾ വിചാരിക്കുന്നത് പോലൊന്നുമല്ല കാര്യങ്ങൾ!

വാഹനമുടമയുടെ പിശക് കാരണമായാലും ഇങ്ങനൊരു അബദ്ധം ഗ്യാസ് സ്റ്റേഷൻ ജീവനക്കാർക്ക് സംഭവിക്കാൻ പാടില്ല എന്നതാണ് അവർ അവരുടെ തൊഴിലിന്റെ ഉത്തരവാദിത്തമായി കാണുന്നത്. ഇന്ധനം നിറയ്ക്കുന്നതിന് മുന്നേ പെട്രോളാണോ ഡീസലാണോ എന്ന് ചോദിക്കേണ്ട കടമ അവർക്കുണ്ട്. അതവർ സ്വയം ഏറ്റുറച്ച് ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. അബദ്ധം പിണഞ്ഞാൽ ഉണ്ടാകുന്ന ഏടാകൂടങ്ങളേക്കാൾ എത്രയോ ഭേദമാണ് അങ്ങനെയൊരു ഉത്തരവാദിത്തം ഏൽക്കുന്നതെന്ന് അനുഭവത്തിന്റെ പുറത്ത് അവർ ഓരോരുത്തരും മനസ്സിലാക്കിക്കാണണം. എന്നിട്ടും അബദ്ധം പിണയുമ്പോൾ വാഹന ഉടമകളേക്കാൾ വലിയ ധർമ്മസങ്കടത്തിലാകുന്നത് ഇപ്പറഞ്ഞ ജീവനക്കാർ തന്നെയാണ്. എനിക്ക് ഡീസൽ അടിച്ച് തന്ന ചേട്ടനും ആ വിഷമം നന്നായുണ്ട്.

“ 25 വർഷത്തിലധികമായി ഞാനീ ജോലി ചെയ്യുന്നു. ഇതുവരെ ഇന്ധനം മാറി അടിച്ചിട്ടില്ല. ഇതെങ്ങനെ സംഭവിച്ചെന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല“… എന്ന് ഉള്ളിൽത്തട്ടിയുള്ള വിഷമത്തിലാണ് ചേട്ടൻ.

“അത് സാരമില്ല ചേട്ടാ, ഞാനല്ലേ തെറ്റായ ബങ്കിന് മുന്നിൽ വാഹനം പിടിച്ചത്.” എന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും ചേട്ടന്റെ സങ്കടത്തിന് കുറവൊന്നുമില്ല.

“അത് വിട് ചേട്ടാ. ഇനി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പറയൂ. ഈ ഭാഗത്തെവിടെയെങ്കിലും മെക്കാനിക്കിനെ കിട്ടുമോ ? മെക്കാനിക്ക് വന്നാൽ പ്രശ്നം തീരുമോ ? അതോ കാർ കമ്പനീന്ന് ആള് വരേണ്ടി വരുമോ ? എനിക്കിത് കന്നി അനുഭവമാണ്. അതോണ്ട് വലിയ പിടിപാടില്ല.“

അപ്പോളേക്കും ഗ്യാസ് സ്റ്റേഷനിലെ മിക്കവാറും ജീവനക്കാരും മറ്റ് ഉത്തരവാദപ്പെട്ടവരുമൊക്കെ വളഞ്ഞു. വാഹനമുടമ പ്രശ്നമുണ്ടാക്കുന്നില്ല എന്ന ആശ്വാസം എല്ലാ മുഖങ്ങളിലുമുണ്ട്.

“എന്റെ മരുമകൻ മെക്കാനിക്കാണ്. അവനിപ്പോൾ വർക്ക് ഷോപ്പ് അടച്ച് വീട്ടിലെത്തിക്കാണും. വേറെങ്ങും പോയിട്ടില്ലെങ്കിൽ രക്ഷപ്പെട്ടു. ഞാനൊന്ന് വിളിച്ച് നോക്കട്ടെ.“ ചേട്ടൻ മൊബൈലെടുത്ത് കുത്തി.

എന്റെ പാതിശ്വാസം നേരെവീണു. പ്രായപൂർത്തിയായ…. എന്നുവെച്ചാൽ ഏതാണ്ട് ഷഷ്ടിപ്രായപൂർത്തിയായ കിച്ചുത്ത എന്ന യുവതിയെ പാതിരായ്ക്ക് മുന്നെയെങ്കിലും ആലുവ മണപ്പുറത്ത് കൊണ്ടുപോയി കളയണമെങ്കിൽ എത്രയും പെട്ടെന്ന് വാഹനം നന്നാക്കിയെടുത്തേ പറ്റൂ.

അരമണിക്കൂറിനകം ചേട്ടന്റെ മരുമകൻ മെക്കാനിക്ക് എത്തി. രാത്രി അസമയത്തുള്ള പണിയായതുകൊണ്ട് അൽപ്പം കൂടുതൽ പൈസ വേണമെന്ന് തുറന്ന് പറഞ്ഞു. അന്നവിടന്ന് ആ വണ്ടി എടുത്തുകൊണ്ട് പോയില്ലെങ്കിൽ പത്തര മണി കഴിഞ്ഞ സമയത്ത് ഒരു ടാക്സി പിടിച്ച് വീട്ടിലെത്തി നാളെ വീണ്ടും തിരികെ വന്ന് മെക്കാനിക്കിനെ കണ്ടുപിടിച്ച് വാഹനം നന്നാക്കിയെടുക്കുന്ന ചിലവും സമയനഷ്ടവുമൊക്കെ വെച്ച് നോക്കുമ്പോൾ മെക്കാനിക്ക് ചോദിച്ച 500 രൂപ തുലോം തുച്ഛമായ തുക മാത്രം.

പക്ഷേ നന്നായി സമയമെടുക്കും. ഫുൾ ടാങ്ക് ഡീസലാണല്ലോ അടിച്ച് കേറ്റിയിരിക്കുന്നത്. അത് മുഴുവനും പൈപ്പിട്ട് വലിച്ച് പുറത്തെടുക്കണം. എന്നിട്ട് എഞ്ചിനിലോ കാർബറേറ്ററിലോ ഫ്യുവൽ ഇഞ്ചക്ഷന്റെ ഏടാകൂടങ്ങളിലേക്കോ കേറിപ്പോയിരിക്കാൻ സാദ്ധ്യതയുള്ള മുഴുവൻ ഡീസലും ക്ലീനാക്കണം. വേറെ മാർഗ്ഗമില്ലല്ലോ ? (ഷഷ്ടി)പ്രായപൂർത്തിക്കാരി കിച്ചുത്ത വീട്ടിലെത്താൻ അൽപ്പം വൈകുമെന്ന് സാരം. തൊട്ടടുത്ത തട്ടുകടയിലേക്ക് കയറി ദോശേം ഓം‌ലറ്റും അടക്കമുള്ള തട്ടുകട വിഭവങ്ങളെല്ലാം ചെലുത്തി വീണ്ടും ആഗോള ഐക്യരാഷ്ട്രപ്രശ്നങ്ങൾക്ക് തുമ്പുണ്ടാക്കാനുള്ള ചർച്ചകൾ തുടർന്നു ഞങ്ങൾ.

ഏതാണ്ട് ഒന്നൊന്നര മണിക്കൂറിന് മുകളിൽ സമയം ചിലവായെങ്കിലും മെക്കാനിക്ക് കാര്യം സാധിച്ചു തന്നു. അൽപ്പം പെട്രോൾ ടാങ്കിൽ ഒഴിച്ച് കീ കൊടുത്തപ്പോൾ വാഹനം സ്റ്റാർട്ടായി. അപ്പോളാണ് ഹുസൈന് ഉണ്ടായതുപോലുള്ള നല്ലൊരു അനുഭവം ഗ്യാസ് സ്റ്റേഷൻ ഉടമയുടെ ഭാഗത്തുനിന്ന് എനിക്കും കിട്ടിയത്.

ഊറ്റിയെടുത്ത ഡീസൽ മുഴുവൻ അവർ തിരിച്ചെടുത്തു. ഞാൻ പിന്നീട് ടാങ്കിൽ നിറച്ച പെട്രോളിന്റെ വിലയിൽ നിന്ന് തിരിച്ചെടുത്ത ഡീസലിന്റെ തുക കുറച്ചു തന്നു. ഒന്നോ രണ്ടോ ലിറ്റർ പെട്രോൾ കലർന്ന 40 ലിറ്ററോളം ഡീസൽ തിരികെയടുത്താൽ അവർക്കുമുണ്ട് കാര്യമായ നഷ്ടം. എനിക്ക് സത്യത്തിൽ കുറച്ച് സമയനഷ്ടവും മെക്കാനിക്കിന് നൽകിയ 500 രൂപയും മാത്രമേ ചിലവുള്ളൂ. അത് ശരിക്കും എന്റെ പിഴവിനുള്ള ശിക്ഷയാകുന്നില്ല.

ഹുസൈന്റെ അനുഭവവും എന്റെ അനുഭവവും വെച്ച് നോക്കുമ്പോൾ ഒരുകാര്യം ഉറപ്പിച്ച് പറയാൻ പറ്റും. നമ്മുടെ പിശക് കൂടെ ചേർന്നാണ്, അല്ലെങ്കിൽ നമ്മുടെ തന്നെ പിശക് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിൽ അവരോട് കയർക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത ഏർപ്പാടാണ്. ഇനി അഥവാ അവരുടെ ശ്രദ്ധക്കുറവ് കാരണമാണ് ഇന്ധനം മാറിപ്പോയതെങ്കിലും അവരോട് കയർക്കാൻ നിൽക്കുന്നതിന് മുൻപ് ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ’ എന്ന ബൈബിൾ വചനം ഒരുവട്ടമെങ്കിലും ഓർക്കുക. സ്വന്തം ജോലിയിൽ അബദ്ധങ്ങൾ നമുക്കും പറ്റിയിട്ടില്ലേ ? ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ, വല്ലപ്പോഴെങ്കിലും അവർക്ക് സംഭവിക്കുന്ന കൈപ്പിഴ മാത്രമാണിത്. അത് കണ്ടില്ലെന്ന് നടിക്കാനും ഹുസൈനെപ്പോലെ അവർക്കൊപ്പം നിൽക്കാനും വാഹനമുടമകൾക്ക് കഴിയുക തന്നെ വേണം. അത്രേയുള്ളൂ. അത്രേയുള്ളെന്നേ.

ഗുണപാഠം:- വാഹനത്തിൽ ഇന്ധനം മാറി നിറയ്ക്കുന്നുണ്ടെങ്കിൽ, ഇന്ധനം നിറയ്ക്കുന്ന ജീവനക്കാരന്റെ മരുമകൻ അല്ലെങ്കിൽ മകൻ മെക്കാനിക്കാണോയെന്നും തൊട്ടടുത്ത് തന്നെയാണോ താമസമെന്നും വിളിച്ചാൽ ഉടനെ സ്ഥലത്തെത്തുമോയെന്നും ആദ്യമേ ചോദിച്ച് ഉറപ്പ് വരുത്തണം. അത്രേയുള്ളൂ.