2016ൽ ഈയുള്ളവൻ സ്വന്തം മരണപത്രം എഴുതി ഓൺലൈനിൽ പരസ്യമാക്കിയിരുന്നു. വിൽപ്പത്രമല്ല, മരണപത്രം ആയിരുന്നു അത്. മരിച്ചശേഷം ജഡം എന്തുചെയ്യണമെന്നടക്കമുള്ള കാര്യങ്ങളായിരുന്നു അതിൽ പറഞ്ഞിരുന്നത്. കുടുംബാംഗങ്ങൾ അതിൽപ്പറയുന്നത് പ്രകാരം ചെയ്യാൻ വിമുഖത കാണിച്ചാലും, അത് വായിച്ചിട്ടുള്ള ഏതെങ്കിലും സുഹൃത്തുക്കളോ പൊതുജനമോ കുടുംബാംഗങ്ങളെ നിർബന്ധിച്ച് അപ്രകാരം ചെയ്യിക്കാനുള്ള ഒരു സാദ്ധ്യത മുതലെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് അത് പരസ്യമായി പറഞ്ഞുവെച്ചത്.
വയസ്സ് 53 ആയി. ലോകത്തിൻ്റെ പോക്ക് കണ്ടിട്ട്, നമ്മളിങ്ങനെ എട്ട് പാക്കുള്ള കട്ട ശരീരം ഉണ്ടാക്കാൻ ഒരു വശത്ത് പെടാപ്പാട് പെട്ടതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, എവിടെന്നെങ്കിലും ഒരു ബോംബിൻ്റെ ചീള് പാഞ്ഞുകേറിയിട്ടോ ആരെങ്കിലും പിടിച്ച് നരബലി നടത്തിയിട്ടോ അതുമല്ലെങ്കിൽ നല്ലൊരു വയറിളക്കം വന്നോ എപ്പോൾ വേണമെങ്കിലും തീർന്ന് പോകാവുന്ന ഒരു മേദസ്സാണെന്ന ബോദ്ധ്യം കൂടിക്കൂടി വരുന്നതുകൊണ്ട്, മരണപത്രം പോലെ തന്നെ വിൽപ്പത്രവും തയ്യാറാക്കി വെക്കണമെന്ന ആഗ്രഹം കുറച്ച് നാളായിട്ടുണ്ടായിരുന്നു.
രവീന്ദ്രൻ മാഷ് എന്ന് വിളിക്കപ്പെട്ടിരുന്ന എൻ്റെ അച്ഛൻ, മരിക്കുന്നതിന് 3 വർഷം മുൻപ് വിൽപ്പത്രം രജിസ്റ്റ്രാപ്പീസിൽ രജിസ്റ്റർ ചെയ്തിരുന്നു. അങ്ങനൊന്ന് അദ്ദേഹം ചെയ്തതിൻ്റെ ഗുണം ചെറുതൊന്നുമായിരുന്നില്ല ഞങ്ങൾ മൂന്ന് മക്കൾക്കും ഞങ്ങളുടെ അമ്മയ്ക്കും. ആയതുകൊണ്ട് തന്നെ ആ വിൽപ്പത്രത്തിൻ്റെ ചുവട് പിടിച്ച് അമ്മയും വിൽപ്പത്രം തയ്യാറാക്കി വെക്കണമെന്ന് അമ്മയ്ക്കും ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അമ്മയ്ക്ക് അതിൻ്റെ നടപടി ക്രമങ്ങളൊന്നും വശമുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് സഹായിക്കേണ്ടി വന്നു. എഴുതേണ്ടത് എങ്ങനെയാണ് എന്തൊക്കെയാണ് എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കിക്കൊടുത്തു എന്നല്ലാതെ ആർക്ക് എന്തൊക്കെ വസ്തുവകകൾ എഴുതി വെക്കണമെന്ന ഭാഗം കേൾക്കാനോ അതിൽ ഇടപെടാനോ പാടില്ല എന്നതുകൊണ്ട്, അക്കാര്യം വിൽപ്പത്രം എഴുതിയുണ്ടാക്കിയ ആധാരമെഴുത്തുകാരന് മാത്രം കേൾക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. അത് പ്രകാരം എൺപതാം വയസ്സിൽ അമ്മ വിൽപ്പത്രം തയ്യാറാക്കി ഒരാഴ്ച്ചയ്ക്കകം രജിസ്റ്റർ ചെയ്തു. പക്ഷേ, അത് രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനകം, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അമ്മ, പെട്ടെന്ന് കളിക്കളം വിട്ടു.
അച്ഛനമ്മമാരുടെ പാത പിന്തുടർന്ന്, അവരേക്കാളൊക്കെ 27 വർഷമെങ്കിലും മുന്നേ തന്നെ, ഞാനും വിൽപ്പത്രം തയ്യാറാക്കിക്കഴിഞ്ഞു. കൈയിലിരുപ്പ് മോശമായതുകൊണ്ട് പലപല പ്രശ്നങ്ങളിൽ ഒരാവശ്യവുമില്ലാതെ തലവെച്ചുകൊടുക്കുന്ന ഒരു പ്രത്യേകതരം സൽസ്വഭാവം ഉള്ള ആളായതുകൊണ്ട് സ്വന്തം കാര്യത്തിൽ വിൽപ്പത്രം എത്രയും പെട്ടന്ന് തയ്യാറാക്കുന്നതാണ് നല്ലതെന്ന ബോദ്ധ്യമുണ്ട്. മറ്റൊരു കാരണം കൂടെ വിൽപ്പത്രം എന്ന നടപടിയിലേക്ക് നയിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യപ്രകാരമുള്ള രണ്ട് ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അത്തരം ഫണ്ടുകളിൽ, എൻ്റെ കാലശേഷം ക്യത്യമായ നടപടികൾ ഉണ്ടാകാനും വിൽപ്പത്രം അത്യാവശ്യമാണ്. ഒരാൾ കുറേയധികം സമ്പാദിച്ച് കൂട്ടിയതുകൊണ്ടാണ് വിൽപ്പത്രം തയ്യാറാക്കുന്നത് എന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തെറ്റാണ്. സ്വന്തം പേരിൽ വീടോ, ഒരു സ്ക്കൂട്ടറല്ലാതെ മറ്റ് വാഹനങ്ങളോ പോലും ഇല്ല എനിക്ക്. പരമ്പരാഗതമായി കിട്ടിയ ചിലതുണ്ട് താനും. കാര്യമായ സമ്പാദ്യങ്ങൾ ഇല്ലാത്തവർക്കും, വേണമെങ്കിൽ വിൽപ്പത്രത്തിൻ്റെ ആവശ്യകതയുണ്ട് എന്ന് സൂചിപ്പിക്കട്ടെ.
മേൽപ്പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. അത്രയും പറഞ്ഞിട്ട് തന്നെ വേണം മുൻപോട്ട് പോകാൻ എന്നത് എൻ്റെ സ്വാർത്ഥതയും. ആ മുഖവുര മടുപ്പുളവാക്കിയെങ്കിൽ ക്ഷമിക്കുക. എന്താണ് വിൽപ്പത്രം, എങ്ങനെയാണത് തയ്യാറാക്കേണ്ടത്, രജിസ്റ്റർ ചെയ്ത വിൽപ്പത്രത്തിന് എന്താണ് പ്രത്യേകത, എങ്ങനെയാണ്, എപ്പോളാണതിന് സാധുത കൈവരിക്കുക, എന്നീ കാര്യങ്ങൾ, വിൽപ്പത്രം എഴുതാൽ താൽപ്പര്യമുള്ളവർക്ക് വേണ്ടി വിശദമാക്കുക എന്നതാണ് ഈ പോസ്റ്റിൻ്റെ ലക്ഷ്യം. ഒരാൾക്കെങ്കിലും ഗുണം ചെയ്താൽ അത്രയും സന്തോഷം. അനുഭവങ്ങളുടെ മാത്രം പിൻബലത്തിൽ എഴുതുന്നതാണ്. ഇതിൽ ആധികാരികമായോ നിയമപരമായോ എന്തെങ്കിലും പിശകുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത് പ്രകാരമുള്ള തിരുത്തുകൾ ചെയ്യുന്നതാണ്.
എന്താണ് വിൽപ്പത്രം?
——————————————
ഒരാൾ അയാളുടെ സ്ഥാവരജംഗമവസ്തുക്കൾ അടക്കമുള്ള സ്വത്തുവഹകൾ തൻ്റെ മരണശേഷം ആർക്കൊക്കെ ചെന്ന് ചേരണമെന്ന് നിശ്ചയിച്ച് തയ്യാറാക്കുന്ന രേഖയാണ് വിൽപ്പത്രം. അതെല്ലാം ആർക്ക് വേണമെങ്കിലും അയാൾക്ക് നൽകാം. ആർക്കും ചോദ്യം ചെയ്യാനാകില്ല. അതേ സമയം പാരമ്പര്യമായി തൻ്റെ പേരിൽ വന്നുചേർന്ന സ്വത്തുവകകൾ തൻ്റെ അനന്തര തലമുറയ്ക്ക് തന്നെ എഴുതി വെച്ചില്ലെങ്കിൽ അത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനുള്ള അവകാശം അനന്തര തലമുറയ്ക്കുണ്ട്. കോടതിയിൽപ്പോയാൽ അവക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ പറ്റിയെന്നിരിക്കും.
പൂർണ്ണ ആരോഗ്യത്തോടെയും ബോധത്തോടെയും ഇരിക്കുമ്പോൾ മറ്റാരുടേയും ഭീഷണിക്കോ സമ്മർദ്ദത്തിനോ ഇടപെടലിനോ വശപ്പെടാതെ സ്വന്തം താൽപ്പര്യപ്രകാരം എഴുതിവെക്കേണ്ട ഒന്നാണ് വിൽപ്പത്രം. ICU വരെ വിൽപ്പത്രം എന്ന ആഗ്രഹം നീട്ടിക്കൊണ്ട് പോകാതിരുന്നാൽ നന്ന്. വിൽപ്പത്രത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരിക്കുന്നതും നല്ലതാണ്.
എങ്ങനെയാണ് എവിടെയാണ് വിൽപ്പത്രം എഴുതേണ്ടത്?
———————————————————————————————————–
വിൽപ്പത്രത്തിൻ്റെ എഴുത്തിന് കൃത്യമായ നിബന്ധനകളോ നിഷ്ക്കർഷകളോ ഒന്നുമില്ല. സ്വന്തം താൽപ്പര്യത്തോടെ, ആരുടേയും നിർബന്ധത്തിനോ സമ്മർദ്ദത്തിനോ വഴങ്ങാതെ തയ്യാറാക്കുന്നതാണ് എന്ന ഒരു വരി അതിനകത്തുണ്ടായാൽ അതിന് പൂർണ്ണതയായി. അതില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല.
വിൽപ്പത്രം നമുക്ക് സ്വന്തം ഡയറിയിൽ പോലും എഴുതിവെക്കാം. അല്ലെങ്കിൽ വിൽപ്പത്രം എഴുതി ഏതെങ്കിലും സുഹൃത്തിനെ ഏൽപ്പിക്കാം. നമ്മുടെ കൈപ്പടയിലാണ് എഴുതിയിരിക്കുന്നതെങ്കിൽ നിയമസാധുതയുള്ള ഒന്നാണ് വിൽപ്പത്രം. കോടതിയിൽപ്പോലും വിലയുള്ളത്. പക്ഷേ, നമ്മുടെ മരണശേഷം ഡയറിയിലുള്ള ഈ വിൽപ്പത്രമോ സുഹൃത്തിനെ ഏൽപ്പിച്ച വിൽപ്പത്രമോ യഥാസമയത്ത് കണ്ടെടുത്ത് വെളിയിൽ വന്നില്ലെങ്കിൽ വിൽപ്പത്രത്തിൽ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചെന്ന് വരാം. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് ചെന്നെത്താം. പ്രത്യേകിച്ച് ഇപ്പറഞ്ഞ സ്വത്തുക്കളുടെ കാര്യത്തിൽ തർക്കവും ആർത്തിയുമൊക്കെയുള്ള അനന്തര തലമുറയാണ് നമുക്കുള്ളതെങ്കിൽ.
വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നതെന്തിന്?
—————————————————————————
തൊട്ട് മുകളിൽ പറഞ്ഞത് പ്രകാരം നമ്മുടെ ഡയറിയിൽ അല്ലെങ്കിൽ കുറച്ച് വെള്ളക്കടലാസിൽ നാം വിൽപ്പത്രം എഴുതി സൂക്ഷിച്ചെന്ന് കരുതുക. അത് നമ്മുടെ അനന്തരാവകാശികളിൽ ആരെങ്കിലും ഒരാൾ കണ്ടു. അയാൾക്ക് വിൽപ്പത്രപ്രകാരം കുറവ് സ്വത്തുക്കളേ ലഭിക്കുന്നുള്ളൂ അല്ലെങ്കിൽ ആഗ്രഹിച്ചപ്രകാരമുള്ള സ്വത്തുവഹകൾ ലഭിക്കുന്നില്ല. ഇത് മനസ്സിലാക്കിയ അയാൾക്ക് വേണമെങ്കിൽ ആ വിൽപ്പത്രം നശിപ്പിച്ച് കളയാം. വിൽപ്പത്രം എഴുതിയ ആൾ ഇതറിയുന്നില്ലെങ്കിൽ അയാളുടെ മരണശേഷം വിൽപ്പത്രപ്രകാരം കാര്യങ്ങൾ ഒന്നും നടക്കുകയേയില്ല. വിൽപ്പത്രം നശിപ്പിച്ച ആൾ ജയിക്കുന്നു, അയാൾ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കുന്നു. വിൽപ്പത്രം രജിസ്റ്റർ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. കൈവശമുള്ള കോപ്പി നശിപ്പിക്കപ്പെട്ടാലും രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ നിന്ന് വിൽപ്പത്രത്തിൻ്റെ രേഖകൾ പുറത്തെടുക്കാനാവും.
രജിസ്റ്റാർ ഓഫീസുകളിലാണ് സാധാരണയായി വിൽപ്പത്രം രജിസ്റ്റർ ചെയ്യുക. രണ്ട് സാക്ഷികൾ അതിലുള്ളത് വായിച്ച് മനസ്സിലാക്കി ഒപ്പിടേണ്ടതുണ്ട്. വിശ്വസ്തരും മറ്റോരോടും പറയില്ലെന്ന് ഉറപ്പുള്ളവരുമായ രണ്ട് പേരെ ഇതിലേക്ക് തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. രാജ്യത്ത് എവിടെയുമുള്ള രജിസ്റ്റർ ഓഫീസിൽ വിൽപ്പത്രം രജിസ്റ്റർ ചെയ്യാമെങ്കിലും നമുക്കടുത്തുള്ള രജിസ്റ്റ്രർ ഓഫീസിൽ ചെയ്യുന്നതാകും അഭികാമ്യം.
വിൽപ്പത്രം രജിസ്റ്റർ ചെയ്താലും അതെഴുതുന്ന ആൾക്ക് അയാൾ മരിക്കുന്നതിന് മുൻപ് എത്ര പ്രാവശ്യം വേണമെങ്കിലും അത് മാറ്റിയെഴുതാം. അങ്ങനെ മാറ്റി എഴുതിയാൽ അവസാനം എഴുതിയ വിൽപ്പത്രമായിരിക്കും സാധുതയുള്ളത്.
വിൽപ്പത്രം എഴുതിയ ആൾ മരിച്ചശേഷം അദ്ദേഹത്തിൻ്റെ അനന്തരാവകാശികളോ വേണ്ടപ്പെട്ടവരോ മരണസർട്ടിഫിക്കറ്റുമായി മേൽപ്പറഞ്ഞ രജിസ്റ്റ്രാപ്പീസിൽ ചെന്ന് രജിസ്റ്റേർഡ് വിൽപ്പത്രം കൈപ്പറ്റണം. മാറ്റങ്ങൾ എന്തെങ്കിലും വരുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവസാനം രജിസ്റ്റർ ചെയ്ത വിൽപ്പത്രമായിരിക്കും അവർ നമുക്ക് നൽകുക. ഇതിനെ വിൽപ്പത്രത്തിൻ്റെ രജിസ്റ്റേർഡ് പകർപ്പ് എന്ന് വിളിക്കും. ഇതിൻ്റെ ആദ്യപേജ് ഒരു സ്റ്റാമ്പ് പേപ്പർ ആയിരിക്കും. (രജിസ്റ്റർ ചെയ്യുന്ന സമയത്ത് കിട്ടുന്ന കോപ്പി, വക്കീൽ ഓഫീസുകളിൽ കാണുന്നത് പോലെ പച്ച നിറത്തിലുള്ള കടലാസിൽ ഉള്ളതായിരിക്കും.) ബാങ്ക് പോലുള്ള സ്ഥാപനങ്ങളിലും ഏതൊരു നിയമപ്രകാരമുള്ള ആവശ്യത്തിനും, വിൽപ്പത്രം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്മുടെ കൈവശമുള്ള ഈ പകർപ്പുകൊണ്ട് കാര്യമൊന്നുമില്ല. മരണശേഷം അപേക്ഷ നൽകി കൈപ്പറ്റുന്ന രജിസ്റ്റേർഡ് കോപ്പി കൂടെ അതിനൊപ്പം ചേർക്കുമ്പോൾ മാത്രമേ രജിസ്റ്റർ ചെയ്ത വിൽപ്പത്രം സാധുവാകുന്നുള്ളൂ. വിൽപ്പത്രം എഴുതിയ ആൾ അതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്ന് ഉറപ്പിക്കാൻ വേണ്ടി കൂടെയാണ് ഈ നടപടി. ഇതേ കാരണങ്ങളാൽ വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നത് തന്നെയാണ് അഭികാമ്യം.
ഡയറിയിലും കടലാസിലും മറ്റും എഴുതി വെക്കുന്ന വിൽപ്പത്രം ഒന്നിലധികം പ്രാവശ്യം മാറ്റി എഴുതുകയും അതിൽ ഇടയ്ക്കെപ്പോഴോ എഴുതിയ വിൽപ്പത്രമാണ് അനന്തരാവകാശികൾ കണ്ടെടുക്കുകയും ചെയ്യുന്നതെങ്കിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള കുഴപ്പങ്ങൾ ഒഴിവാക്കാൻ വിൽപ്പത്രം രജിസ്റ്റർ ചെയ്യുന്നത് വഴി സാധിക്കും.
സ്വന്തം സ്വത്തുവഹകൾ അനന്തരാവകാശികൾക്ക് തന്നെ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്ന ഒരാൾ വിൽപ്പത്രം എഴുതിയില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. അവർ നല്ല നിലയ്ക്കോ തല്ലുപിടിച്ചോ വീതിച്ചെടുത്തോളും. ഒറ്റ സന്താനമുള്ളവരും വിൽപ്പത്രം എഴുതിയില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. പക്ഷേ, സ്വന്തം സ്വത്തിൽ ചില ഭാഗമെങ്കിലും അനന്തരാവകാശികൾ അല്ലാത്തവർക്കോ ധർമ്മസ്ഥാപനങ്ങൾക്കോ തനിക്കിഷ്ടമുള്ള മറ്റൊരാൾക്കോ നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിൽപ്പത്രം എഴുതിയാൽ മാത്രമേ അത് നടപ്പായെന്ന് വരൂ.
പൊതുജനത്തിൻ്റേതായ ചില ഫണ്ടുകൾ (ഉദാ:- മനോരാജ് കഥസമാഹാര പുരസ്ക്കാരം, ബ്രിട്ടീഷ് മലയാളിയുടെ വയനാട്/അട്ടപ്പാടി ആദിവാസി ഫണ്ട്) കൈകാര്യം ചെയ്യുന്ന എന്നെപ്പോലുള്ള ഒരാൾ നിശ്ചയമായും വിൽപ്പത്രം എഴുതി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ അത്തരം തുകകളിൽ എൻ്റെ അനന്തരാവകാശികൾക്ക് വേണമെങ്കിൽ അവകാശം ഉന്നയിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധിക്കും. “എന്താ ഇപ്പോൾ ഇങ്ങനെ ഈ പ്രായത്തിൽ ഒരു വിൽപ്പത്രം തയ്യാറാക്കാൻ?“ എന്ന് വിൽപ്പത്രം എഴുതി തയ്യാറാക്കിയ ആധാരമെഴുത്തുകാരൻ പോലും എന്നോട് ചോദിച്ചു. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്.
വിൽപ്പത്രത്തെപ്പറ്റി എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞെന്ന് കരുതുന്നു. ഇത്രയുമൊക്കെ അറിഞ്ഞാൽ മതിയെന്നും തോന്നുന്നു. മാതാപിതാക്കളുടെ വിൽപ്പത്രങ്ങളുടെ അനുഭവത്തിൽ നിന്നാണ് ഇത്രയും എഴുതിയത്. ഇതിൽക്കൂടുതൽ എന്തെങ്കിലും ആരെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഇതിലേക്ക് സമയാസമയം എഡിറ്റ് ചെയ്ത് ചേർക്കുന്നതാണ്.
മനോജ് രവീന്ദ്രൻ എന്ന എൻ്റെ വിൽപ്പത്രം
——————————————————————————-
എൻ്റെ വിൽപ്പത്രം ഇന്നലെ (26 നവംബർ 2022) വൈപ്പിൻ കരയിലെ കുഴുപ്പിള്ളി രജിസ്റ്റ്രാപ്പീസിൽ രജിസ്റ്റർ ചെയ്തു. ഇതിൽ മാറ്റം വരുത്താനോ വരുത്താതിരിക്കാനോ ഉള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വിൽപ്പത്രത്തിലെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നതുകൊണ്ട് അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഇവിടെ പരസ്യമാക്കുന്നില്ല. പക്ഷേ, ഇങ്ങനെയൊരു വിൽപ്പത്രം നിൽനിൽക്കുന്നുണ്ടെന്ന്, എൻ്റെ കാലശേഷം അനന്തരാവകാശികൾ മനസ്സിലാക്കുക. അതിൽപ്പറയുന്നത് പോലെ കാര്യങ്ങൾ നടപ്പിലാക്കുക. ഞാൻ ജീവിതാഭിലാഷമായി കണക്കാക്കുന്ന ഒരു വലിയ യാത്രയുടെ പണിപ്പുരയിലും തയ്യാറെടുപ്പിലും അതിൻ്റെ ടെസ്റ്റ് ഡോസുകളിലുമായി വർഷങ്ങളായി ചിലവഴിക്കുന്നു. അത് പൂർണ്ണ അർത്ഥത്തിൽ ട്രാക്കിലായിക്കഴിഞ്ഞാൽ, ഇങ്ങനെയൊരു വിൽപ്പത്രത്തിൻ്റെ ആവശ്യകത വളരെയേറെയാണ്.
നിയമപരമായ മറ്റ് കാര്യങ്ങൾ
——————————————————–
അവസാനമായി ഒരു കാര്യം കൂടെ പറയട്ടെ. ഇപ്പറയുന്നത്, എൻ്റെ വിൽപ്പത്രം റജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തിൻ്റെ പുറത്താണ്. വിൽപ്പത്രത്തിൽ നികുതി ആകർഷിക്കുന്ന തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ വാചകങ്ങളായി കടന്ന് വരുന്നുണ്ടെങ്കിൽ അത് നികുതി നൽകേണ്ട വരുമാനം ആണെങ്കിൽ അപ്രകാരം ചെയ്യുകയാണ് നികുതിദായകർ എന്ന നിലയ്ക്ക് വേണ്ടത്. പക്ഷേ നികുതി ആകർഷിക്കാത്ത കാര്യങ്ങൾ തെറ്റിദ്ധരിപ്പെട്ട് നികുതിയിലേക്ക് നയിക്കുന്നുണ്ടെങ്കിൽ അതൊഴിവാക്കാൻ ശ്രദ്ധിച്ചാൻ നന്ന്. അത്തരം ഒരു അനാവശ്യ പരാമർശം വന്നത് മൂലം, രജിസ്റ്റ്ര റുടെ മേശപ്പുറത്ത് എത്തിയ വിൽപ്പത്രം മാറ്റി പ്രിൻ്റ് ചെയ്യേണ്ട അവസ്ഥ എനിക്കുണ്ടായി. അത്തരം പിശകുകൾ രജിസ്റ്റ്രർ ഓഫീസിൽ നടക്കുന്ന ഓഡിറ്റിങ്ങ് സമയത്ത് കണ്ടെത്തിയാൽ അനന്തരാവകാശികളോ വിൽപ്പത്രം നടപ്പിലാക്കുന്ന ആളോ (എക്സിക്യൂട്ടർ) നികുതിത്തുക കണ്ടെത്തി അടയ്ക്കാൻ ബാദ്ധ്യസ്ഥരായെന്ന് വരാം. വിൽപ്പത്രത്തിന് ഓഡിറ്റിങ്ങ് ഇല്ല എന്ന മറുവശവും കേൾക്കാനിടയായി. ഈ വിഷയത്തിൽ നിയമജ്ഞരുടെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.
ചിലവ്
————–
വിൽപത്രം തയ്യാറാക്കുന്നതിന്, എല്ലാ ഓഫീസ് ചിലവുകളും അടക്കം എഴുത്തുകാരന് സർക്കാർ നിഷ്കർഷിക്കുന്ന നടപ്പ് ചിലവ് 4500 രൂപയാണ്. എങ്കിലും ഇതിൽ ഉണ്ടാവുന്ന വെട്ടിത്തിരുത്തലുകൾക്കും ഏറ്റക്കുറച്ചിലുകൾക്കും അനുസരിച്ച് കൂടുതൽ തുക കൊടുക്കേണ്ടതായും വരാം.
വാൽക്കഷണം
——————————
എൻ്റെ അച്ഛൻ്റെ കാര്യത്തിൽ, അദ്ദേഹം ഒരു വിൽപ്പത്രത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പൊന്നും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ മരണശേഷം കാര്യങ്ങൾ പലതും എങ്ങനെ ചെയ്യണമെന്നറിയാതെ കുഴങ്ങി. സിനിമകളിൽ, ഒരാളുടെ മരണശേഷം വക്കീല് വന്ന് വിൽപ്പത്രം വീട്ടുകാരെ വായിച്ച് കേൾപ്പിക്കുന്ന രംഗങ്ങൾ മാത്രമേ ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയുമായിരുന്നുള്ളൂ. പിന്നീട് പെട്ടെന്നൊരു ദിവസം അലക്ഷ്യമായി അദ്ദേഹത്തിൻ്റെ മേശപ്പുറത്ത് കിടന്നിരുന്ന രണ്ടായി മടക്കിയ വിൽപ്പത്രം ഞങ്ങൾ കണ്ടെടുത്തു. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് മാത്രം മേശപ്പുറത്ത് ഇട്ടിട്ടുപോയ രേഖയാണതെന്ന് വ്യക്തം. എല്ലാ പ്രധാന രേഖകളും കൃത്യമായും സുരക്ഷിതമായും കൈകാര്യം ചെയ്തിരുന്ന ഒരു വ്യക്തി തൻ്റെ വിൽപ്പത്രം മാത്രം അലക്ഷ്യമായി ഇട്ട് പോകില്ലെന്നും കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് അത് മേശപ്പുറത്ത് ഇട്ടിരുന്നതെന്നും ഉറച്ച് വിശ്വസിക്കുന്നു.