പൊലീസുകാർ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ നടപടിയെന്ന് ഹൈക്കോടതി. കോടതി അങ്ങനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു. ആരെങ്കിലും അനുസരിക്കുന്നുണ്ടോ ? അനുസരിക്കാത്തതിൻ്റെ പേരിൽ കോടതി എന്തെങ്കിലും തുടർനടപടി സ്വീകരിക്കുന്നുണ്ടോ ? അതുമില്ല. അല്ലെങ്കിലും കോടതിക്ക് ഇതിൻ്റെയൊക്കെ പിന്നാലേ പോകാൻ എവിടന്ന് സമയം ?
ഈ വാർത്ത കണ്ടപ്പോൾ തോന്നിയ ഒരു ചിന്ത പങ്കുവെക്കട്ടെ.
നിയമം അനുസരിക്കുന്നതിനേക്കാളായി ലംഘിക്കാൻ വ്യഗ്രതയുള്ള ഒരു പ്രത്യേക സമൂഹമാണിത്. എങ്കിൽപ്പിന്നെ അവനവൻ്റെ തടിക്ക് കൊള്ളുന്ന നിയമങ്ങൾ വേണമെങ്കിൽ അനുസരിക്കട്ടെ എന്നൊരു നിലപാട് സ്വീകരിച്ചുകൂടെ ? ഉദാഹരണത്തിന് ഹെൽമെറ്റ് വിഷയം തന്നെ എടുക്കാം.
ഹെൽമെറ്റ് വെച്ചില്ലെങ്കിൽ ആർക്കാണ് പ്രശ്നം ? വെക്കാത്തവനും അവൻ്റെ കുടുംബത്തിനും തന്നെ. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും അങ്ങനെ തന്നെ. രണ്ടാമതൊരാളെ, അഥവാ അന്യൻ ഒരാളെ ബാധിക്കുന്ന കാര്യങ്ങൾ മാത്രം നിർബന്ധമാക്കിയാൽ പോരേ? ഉദാഹരണത്തിന്, മദ്യപിച്ച് വാഹനമോടിച്ചാൽ അത് റോഡിലുള്ള മറ്റുള്ളവരേയും ബാധിക്കുന്നുണ്ട്. അവർക്കും അപകടമുണ്ടാകാം. ഒരാളുടെ വാഹനത്തിൻ്റെ പിന്നിലുള്ള ചുവന്ന ലൈറ്റ് (Tail lamp) കത്തുന്നില്ലെങ്കിൽ അത് മറ്റ് വാഹങ്ങളേയും ബാധിക്കുന്നുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിൽ നിയമം കർശനമാക്കുക. അതിനെല്ലാം വിട്ടുവീഴ്ച്ചയില്ലാതെ ഫൈനടിക്കുക. ഹെൽമറ്റും സീറ്റ്ബെൽറ്റും വിട്ട് പിടിക്കുക.
ഹെൽമെറ്റ് വെക്കാതെയോ സീറ്റ് ബെൽറ്റ് ഇടാതെയോ അപകടത്തിൽപ്പെട്ടാൽ അഞ്ച് പൈസ ഇൻഷൂറൻസ് കിട്ടില്ല, എന്നൊരു നിയമം കൂടെ നടപ്പിലാക്കുക. എന്നിട്ട് പിന്നെ അവരെന്ത് വേണമെങ്കിലും ആയിക്കോട്ടെ. അവർക്ക് പോയി അവരുടെ കുടുംബത്തിന് പോയി. അതിനി സാധാരണ പൗരനായാലും കൊള്ളാം, പൊലീസുകാരനായാലും കൊള്ളാം.
അതല്ല, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് നിയമങ്ങൾ അനുസരിക്കാത്തവരിൽ നിന്ന് ഫൈൻ ഈടാക്കും എന്ന് തന്നെയാണ് നിലപാടെങ്കിൽ ആ ജോലി ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുക. മാസാവസാനമാകുമ്പോൾ പെറ്റിക്കേസിൻ്റെ എണ്ണം തികയ്ക്കാനും സ്റ്റേഷൻ ടാർഗറ്റ് മുട്ടിക്കാനും, പൊലീസുകാർ നടത്തുന്ന ഹെൽമെറ്റ് വേട്ടകൊണ്ടൊന്നും ഇന്നാട്ടിൽ നിയമം പുലരാൻ പോകുന്നില്ല. നിയമപാലകരായി മാതൃക കാണിക്കേണ്ട പൊലീസുകാർ പോലും നിയമം അനുസരിക്കുന്നില്ല എന്നുള്ള കോടതിയുടെ നിരീക്ഷണം തന്നെ ഏറ്റവും വലിയ സാക്ഷ്യം.