Yearly Archives: 2022

പ്രിവിലേജുകാരുടെ ലോകമാണിത്, സൂക്ഷിക്കുക!


77
വാഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം.

നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് ഹോണടിച്ച് അവൻ്റെ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാനായി നമ്മുടെ വശത്തേക്ക് ഇരച്ച് തള്ളി വരുമ്പോൾ ഒരുവിധപ്പെട്ടവർ വാഹനം സൈഡൊതുക്കി കൊടുക്കും. റോഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊടുക്കുന്നവരെ പോലും ഞാൻ കണ്ടിട്ടുണ്ട്. (ഇപ്പോൾ ഞാനുമത് ചെയ്യും) ഞാൻ പക്ഷേ എൻ്റെ വാഹനം കടുകിട മാറ്റാറില്ലായിരുന്നു. അവസാനം ആർത്തലച്ച് വന്നവൻ ടയർ തേയുന്ന വിധം ബ്രേക്ക് ചവിട്ടുക തന്നെ ചെയ്യും. അതൊക്കെ ഒരിക്കൽപ്പോലും ഒരപകടത്തിൽ അവസാനിക്കാതെ പോയത് ഭാഗ്യമാണെന്ന് ഇപ്പോൾ നല്ല ബോദ്ധ്യമുണ്ട്.

അങ്ങനെയിരിക്കുമ്പോളാണ് മേൽപ്പടി ടാക്സി ഡ്രൈവറെ പരിചയപ്പെട്ടത്. അയാൾ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ ഡ്രൈവറായിരുന്നു. ഈ രാഷ്ട്രീയക്കാരൻ പിന്നീട് പാർലിമെൻ്റ് മെമ്പർ വരെയായി. അദ്ദേഹം ഇപ്പോൾ ജീവച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് തൽക്കാം അദ്ദേഹത്തെ എം. പി. എന്ന് വിളിക്കാം.

എം.പി. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ സ്വന്തം കാറിൽ പോകില്ല. എം. പി. ആകുന്നതിന് മുൻപും അതാണ് പതിവ്. ഡ്രൈവർ അദ്ദേഹത്തെ എറണാകുളം റെയിൽ വേ സ്റ്റേഷനിൽ വിടും. എം.പി. അവിടന്ന് തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനമോടിച്ച് തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കാത്തുനിൽക്കണം. ലോക്കൽ ഓട്ടങ്ങൾക്കായാണ് വാഹനം തിരുവനന്തപുരത്ത് എത്തിക്കാൻ ഡ്രൈവർക്ക് ഡ്യൂട്ടി. തിരിച്ച് വരുമ്പോഴും കോഴിക്കോട് വരെ പോകേണ്ടി വന്നാലുമൊക്കെ ഇത് തന്നെ കൂത്ത്. ഈ മാനദണ്ഡം പാലിക്കാൻ പറ്റുന്നില്ലെങ്കിൽ, അതായത് തീവണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനവുമായി അവിടെ എത്തിയില്ലെങ്കിൽ, ഡ്രൈവറുടെ ജോലി പോകും.

തീവണ്ടി എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് അത്രയും ദൂരം വാഹനമോടിച്ച് ചെല്ലുക അത്ര എളുപ്പമുള്ള പണിയല്ല. എവിടെയെങ്കിലും ഒന്നുരണ്ട് ബ്ലോക്ക് കിട്ടിയാൽ അതിനനുസരിച്ച് വേഗത കൂട്ടേണ്ടി വരും, ബാക്കിയുള്ള ദൂരം. പക്ഷേ, ഒരു സൗകര്യം എം.പി. ഡ്രൈവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. വഴിയിൽ ഏത് പൊലീസുകാരൻ കൈ കാണിച്ചാലും നിർത്തേണ്ടതില്ല. ഫൈനടിച്ചാലോ പിടിച്ചിട്ടാലോ തന്നെ വിളിക്കുക, ബാക്കി താൻ നോക്കിക്കോളാം. എം.പി.യുടെ വാഹനം എന്ന് പറയുമ്പോൾത്തന്നെ പൊലീസുകാർ ഒഴിവാകുമെന്നതാണ് വസ്തുത. പിന്നെയുള്ളത് എന്നെപ്പോലെ വാഹനം മാറ്റിക്കൊടുക്കാത്ത ചില ചീള് കേസുകൾ മാത്രമാണ്. പക്ഷേ, കല്യാണം കഴിച്ചതോടെ താൻ ചെയ്യുന്ന പണിയുടെ അപകടം മനസ്സിലാക്കിയ ഡ്രൈവർ ആ ജോലി വിട്ടു. പകരം കല്യാണം കഴിക്കാത്ത, ജീവനിൽ കൊതിയില്ലാത്ത മറ്റാരോ ആ ജോലിയിൽ കയറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.

എന്തായാലും, ഈ ഡ്രൈവർ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇയാൾ എൻ്റെ എതിരെ വാഹനവുമായി ഒരിക്കൽപ്പോലും വന്നിട്ടില്ലാത്തതുകൊണ്ടാണ് ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന ബോദ്ധ്യമെനിക്കുണ്ടായി. ഞാൻ വാഹനം മാറ്റുമെന്ന് അവസാനം നിമിഷം വരെ അയാൾ കരുതും, ഞാനൊട്ട് മാറ്റുകയുമില്ലെങ്കിൽ അപകടം ഉറപ്പ്. ഇത്തരത്തിൽ പല എം.പി.മാരുടേയും പൊലീസ് പിടിക്കാത്ത കക്ഷിരാഷ്ട്രീയക്കാരുടേയും വാഹനങ്ങൾ നിരത്തിലൂടെ പായുന്നുണ്ട്. അതിലൊന്നും ചെന്ന് പെടാതിരുന്നത് അരിയെത്താത്തതുകൊണ്ട് മാത്രമാണ്. എളുപ്പം ചാകണ്ട എന്ന് വെച്ച് ഞാനെൻ്റെ സ്വഭാവം മാറ്റി. ഇപ്പോൾ ഏതൊരു വാഹനം എതിരെ ചീറി വന്നാലും ഞാൻ റോഡിൽ നിന്ന് വെളിയിൽ കടന്ന് നിർത്തിയിടാൻ വരെ തയ്യാറാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ ദാസാ.

ഇത്രയും പറഞ്ഞത് വേറൊരു മുഖവുരയായിരുന്നു. സത്യത്തിൽ വിഷയം രണ്ട് വരിയിൽ പറയാനുള്ളതേയുള്ളൂ. പറഞ്ഞുവന്നത്…..

പ്രിവിലേജ് ഉള്ളവർ, അധികാരം ഉള്ളവർ, അധികാരത്തിലും പ്രിവിലേജിലും പിടിയുള്ളവർ, ഇപ്പറഞ്ഞ ഇടങ്ങളെല്ലാം സ്വന്തം ആവശ്യത്തിനായി പ്രയോജനപ്പെടുത്താനോ ഇതൊക്കെ വരുതിയിൽ കൊണ്ടുവരാനോ കഴിവുള്ളവർ എന്നിങ്ങനെ ഒരുപറ്റം ആൾക്കാരുണ്ട് ഇന്നാട്ടിൽ. അവർക്ക് ഇത്തരം വിഷയങ്ങളും നിയമങ്ങളും ഒന്നും ഒരു പ്രശ്നമേയല്ല. പൊലീസ് കണ്ണടയ്ക്കും, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കും. ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് ബഷീർ എന്ന മാദ്ധ്യമപ്രവർത്തകനെ കൊന്നിട്ടും അയാളുടെ രക്തപരിശോധന 10 മണിക്കൂറിലധികം വൈകിപ്പിച്ചതും അയാളെ മനപ്പൂർവ്വമുള്ള നരഹത്യ എന്ന വകുപ്പിൽ നിന്നും ഊരിയെടുത്തതുമെല്ലാം ഈ പ്രിവിലേജ് അയാൾക്കുള്ളതുകൊണ്ടാണ്. ഒരു സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ മദ്യലഹരി ഇറങ്ങുന്നതിന് മുൻപ്, പൊലീസ് രക്തപരിശോധന നടത്തിയിരിക്കും. ഒരുതരത്തിലും ഊരിപ്പോരാൻ ആകില്ല.

ആയതിനാൽ ഇത്തരം ആൾക്കാരുടേതാണ് വാഹനമെന്ന് അൽപ്പമെങ്കിലും സംശയം തോന്നിയാൽ, റോഡിൽ നിന്ന് തൊട്ടടുത്തുള്ള തോട്ടിലേക്കോ കാണയിലേക്കോ ചാടിയിട്ടായാലും സ്വന്തം ജീവൻ രക്ഷിച്ചുകൊള്ളുക. അവർ പ്രിവിലേജ് ഉള്ളവരാണ്, നമുക്കതില്ല. അവർക്കിതെല്ലാം ചെയ്തതിന് ശേഷവും നമ്മളെ ഭരിച്ച് ഉദ്ധരിക്കാനുള്ളതാണ്. അതിനായിട്ടെങ്കിലും നമ്മൾ ജീവനോടെയിരിക്കണം.

മദ്യപിച്ച് വാഹമോടിക്കുന്ന ഇത്തരം പ്രിവിലേജുകാരെ കുടുക്കാനായി കുറേ നാൾ മുൻപ് കേരള പൊലീസ് ഒരു പുതിയ അടവ് കൊണ്ടുവന്നു. അത് ശരിക്കും വിജയിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, പ്രിവിലേജുകാർ അവർക്ക് പരിചയമുള്ള ഏതെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഫോൺ ചെയ്ത്, പിടിച്ച പൊലീസുകാരന് ഫോൺ കൈമാറും. അവർ തമ്മിൽ സംസാരിച്ച് പ്രിവിലേജുകാരൻ തടിയൂരും. ഇതായിരുന്നു പതിവ്. ഈ പരിപാടി കാരണം പ്രിവിലേജുകാർ മദ്യപിച്ച് വാഹനമോടിച്ചാലും അവരെ പിടിക്കാൻ പറ്റില്ലെന്നായപ്പോൾ, പിടിച്ച ഉടനെ പൊലീസുകാർ കണ്ട്രോൾ റൂമിൽ വിളിച്ച് പിടിക്കപ്പെട്ട ആളുടെ പേരും വണ്ടി നമ്പറും മറ്റും അവിടെ രേഖപ്പെടുത്താൻ തുടങ്ങി. പിടിക്കപ്പെട്ട പ്രിവിലേജുകാരൻ മുതിർന്ന പൊലീസുകാരനെ വിളിക്കുന്ന സമയത്തിനകം കണ്ട്രോൾ റൂമിലെ രജിസ്റ്ററിൽ മറ്റൊരു മദ്യപാനി ഡ്രൈവറുടെ പേർ അടുത്ത വരിയിൽ എഴുതപ്പെടും. അങ്ങനെ സംഭവിച്ചുപോയാൽ അതിന് മുകളിലുള്ള പേർ നീക്കം ചെയ്യാനാവില്ലല്ലോ! ഈ നിസ്സഹായത പറഞ്ഞ് കീഴുദ്യോഗസ്ഥൻ തടിയൂരും. സത്യത്തിൽ എല്ലാ പൊലീസുകാരും ചേർന്ന് നടപ്പിലാക്കിയ ഒരു ഗംഭീര കുടുക്കായിരുന്നു അത്.

ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം കേരളത്തിൽ ഒരു പ്രത്യേക ജോലി അവസരം തന്നെ സൃഷ്ടിക്കപ്പെട്ടു. മദ്യപിക്കാനായി ബാറുകളിലേക്ക് വാഹനമോടിച്ച് പോയവർക്കും മദ്യപാന സദസ്സുകൾ കഴിഞ്ഞ് മടങ്ങുന്ന പ്രിവിലേജുകാർ അടക്കമുള്ള റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്ത എല്ലാ മദ്യപാനികൾക്കും വേണ്ടി രാത്രികാലങ്ങളിൽ, താൽക്കാലിക ഡ്രൈവർമാരുടെ സേവനം വ്യാപകമായി ലഭ്യമാകാൻ തുടങ്ങി. ദൂരത്തിനനുസരിച്ച് 200 രൂപ മുതൽ മുകളിലേക്ക് അവർ ചാർജ്ജ് ചെയ്യും. അവർ രണ്ടുപേർ ബൈക്കിൽ വരും. അതിലൊരാൾ പ്രിവിലേജുകാരൻ്റെ വാഹനമോടിക്കും. ബൈക്കിൽ രണ്ടാമൻ പിന്നാലെ വരും. പ്രിവിലേജുകാരനെ വീട്ടിൽ വിട്ട് പണവും വാങ്ങി അവർ രണ്ടുപേരും ബൈക്കിൽ മടങ്ങും. ഈ ജോലിയവസരം ഉള്ളതുകൊണ്ട്, എല്ലാ പ്രമുഖ ബാറുകൾക്ക് മുന്നിലും, വിളിച്ചാൽ ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ ഡ്രൈവർമാർ എത്തിയിരിക്കും. ഇതൊക്കെ ഇന്നാട്ടിൽ അത്യാവശ്യം മദ്യപിക്കുന്നവർക്ക് അറിയാത്ത കാര്യങ്ങളൊന്നുമല്ല. അറിയാത്തവർക്ക് വേണ്ടി ചില അണിയറ രഹസ്യങ്ങൾ പറഞ്ഞെന്ന് മാത്രം.

പക്ഷേ, ഒന്നോർക്കുക. പിടിക്കപ്പെടുന്ന മദ്യപാനിയായ ഡ്രൈവർ സ്വയം ഒരു വലിയ ഉദ്യോഗസ്ഥനോ, പിടിച്ച പൊലീസുകാരന് നേരിട്ടറിയുന്ന ഒരു പ്രിവിലേജുകാരനോ ആണെങ്കിൽ കണ്ട്രോൾ റൂമിലേക്കൊന്നും വിളി പോകില്ല. എല്ലാം ആ സ്പോട്ടിൽത്തന്നെ തീർപ്പാക്കപ്പെടും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ്.

പറഞ്ഞുവന്ന കാര്യം ഒരിക്കൽക്കൂടെ ഊട്ടിയുറപ്പിച്ച് പറയട്ടെ. ഇത് പ്രിവിലേജുകാരുടെ നാടാണ്, അവരുടെ ലോകമാണ്. അതില്ലാതാകണമെങ്കിൽ അഴിമതി ഇല്ലാതാകണം, കൈക്കൂലി ഇല്ലാതാകണം, സ്വജനപക്ഷപാതം ഇല്ലാതാകണം. ഇതൊക്കെ സംഭവിക്കണമെങ്കിൽ ആദ്യം കോഴിക്ക് മുല വരണം. ആയതിനാൽ എല്ലാവരും ഒന്നോ രണ്ടോ കോഴിയെ വളർത്തുന്നത് നല്ലതാണ്. അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, പ്രിവിലേജ് ഇത്യാദി കാര്യങ്ങൾ ഇല്ലാതായോ എന്ന് സ്വയം ബോദ്ധ്യപ്പെടാമല്ലോ!

വാൽക്കഷണം:- കൊച്ചിയിൽ പക്ഷേ, നേവിക്കാർ മദ്യപിച്ച് വെള്ളമടിച്ച് പിടിക്കപ്പെടുന്ന സാഹചര്യത്തിൽ, സാക്ഷാൽ ഫ്ലീറ്റ് അഡ്മിറൽ ഇടപെട്ടാലും കേരള പൊലീസ് വഴിവിട്ട് ഒന്നും ചെയ്യില്ല. അത് വേറൊരു കഥയാണ്. ഒന്നുരണ്ട് സിനിമകളിൽ ആ കഥകൾ വന്നിട്ടുള്ളതുമാണ്.