Yearly Archives: 2022

മകൾ


Makal-Movie-Poster-1
ത്യൻ അന്തിക്കാടിൻ്റെ ‘മകൾ‘ സിനിമയെപ്പറ്റിയുള്ള നെഗറ്റീവ് അവലോകനങ്ങളും കമൻ്റുകളും പലയിടത്തും കണ്ടു.

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. ഇതല്ലേ, ഇതെന്ന് പറഞ്ഞാൽ ഇതേ ഫോർമാറ്റ്, ഇതേ നടീനടന്മാരെ വെച്ചല്ലേ സത്യൻ അന്തിക്കാട് ഇത്രയും നാൾ സിനിമകൾ തന്ന് പോന്നത്. സിനിമ ഇറങ്ങുന്നതിന് മുന്നേ, പുതിയ സിനിമയെപ്പറ്റി ആരെങ്കിലും സിനിമാക്കാരോ പത്രക്കാരോ വഴിപോക്കരോ ആസ്വാദകരോ അഭിപ്രായം ചോദിച്ചാൽ… “ ഓ… പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത, യാതൊരു പുതുമകളും അവകാശപ്പെടാൻ ഇല്ലാത്ത, സ്ഥിരം സത്യൻ അന്തിക്കാട് സിനിമ“ എന്ന് ആ മനുഷ്യൻ സ്വന്തം സിനിമകളെപ്പറ്റി പറയുന്നത് ഇപ്പഴും കിട്ടും ഗൂഗിളിൽ പരതിയാൽ.

അങ്ങനെയുള്ള ആ മനുഷ്യൻ്റെ, അതായത്, കമൽ, സിബി മലയിൽ, ഫാസിൽ, എന്നിങ്ങനെ സമകാലികരായ പലരും പോരാഞ്ഞ്, അവർക്ക് ശേഷം വന്നവരും പൂട്ടിക്കെട്ടിയിട്ടും ഇപ്പോഴും സിനിമ ഇറക്കുന്ന ആ മനുഷ്യൻ്റെ സിനിമകൾ നിങ്ങൾക്കിപ്പോൾ പിടിക്കുന്നില്ലല്ലേ ? നിങ്ങളൊക്കെ നവസിനിമാ, നവസാങ്കേതികസിനിമാ സിങ്കങ്ങൾ ആയിപ്പോയല്ലേ ? അറിഞ്ഞില്ല ഉണ്ണികളേ അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല.

നിങ്ങൾക്കിപ്പോൾ ആഴ്ച്ചയിൽ രണ്ട് വീതം ക്രൈം ഇൻവെസ്റ്റിഗേഷൻ, സിനിമകൾ കിട്ടുന്നുണ്ടെന്നും അതേ പിടിക്കുന്നുള്ളൂ എന്നും അറിയാം. അതിലെത്ര സിനിമകൾ സന്ദേശവും വരവേൽപ്പും മഴവിൽക്കാവടിയും പോലെ വർഷങ്ങൾക്ക് ശേഷവും ഓർമ്മയിലുണ്ടാകുമെന്ന് ഒരു കണക്കിലെടുപ്പ് നടത്തി നോക്കണമെങ്കിൽപ്പോലും വർഷങ്ങളെടുക്കും. അപ്പോഴും സത്യൻ അന്തിക്കാട് ഉണ്ടാകും ഇതേ ഫോർമാറ്റിൽ, ഇതേ കുടുംബസദസ്സുകൾക്ക് പറ്റുന്ന ചിത്രങ്ങളുമായി.

വന്നവഴിയൊന്നും മറക്കരുത് സിനിമാസ്വാദകരേ. മഹാപാപമാണത്. ജെ.സി.ഡാനിയൽ പൊറുക്കില്ല.

വാൽക്കഷണം:- പോസ്റ്ററിൽ കാണുന്ന, നസ്ലെൻ എന്ന ആ ചെറുക്കനുണ്ടല്ലോ? അവനാണ് ശരിക്കും നായകൻ. ജയറാമിനെ വെച്ച് സിനിമയെടുക്കുന്ന കാര്യത്തിൽ മാത്രമേ സത്യൻ അന്തിക്കാടിനോട് എനിക്ക് കലിപ്പുള്ളൂ.
———————————————-
#ആക്ഷേപഹാസ്യത്തിൽ_പൊതിഞ്ഞ_യാഥാർത്ഥ്യം
#സത്യേട്ടനൊപ്പം
#വന്ന_വഴി_മറക്കരുത്
OTT :- Manorama Max