Yearly Archives: 2022

മലയാളി നഴ്സുമാരുടെ ജർമ്മൻ ഇതിഹാസം


66
ർഷങ്ങൾക്ക് മുൻപ്, ഒരു യൂറോപ്യൻ വനിതയുടെ (പേരു മറന്നു) റിപ്പോർട്ട് വായിക്കാൻ ഇടയായി. അന്നാട്ടിൽ എവിടെയോ ആശുപത്രിയിൽ കഴിയേണ്ടി വന്ന അവരെ പരിചരിച്ചിരുന്നത് ഒരു ഇന്ത്യൻ നേഴ്സ് ആയിരുന്നു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തെ കോട്ടയം എന്ന ജില്ലയിലാണ് നഴ്സിൻ്റെ വീട് എന്ന് മനസ്സിലാക്കാനായി. മനുഷ്യർ അത്രയും ദൂരേന്ന് വന്ന് അന്യനാട്ടിൽ ജോലി ചെയ്യുന്നത് അവർക്കൊരു അതിശയമായിരുന്നു.

പിന്നീട് യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യത്ത് ആശുപത്രിവാസം ഉണ്ടായപ്പോൾ അവരെ പരിചരിച്ചത്, ഇതേ ഇന്ത്യയിലെ, ഇതേ കേരളം എന്ന സംസ്ഥാനത്തെ ഇതേ കോട്ടയം ജില്ലയിൽ നിന്നുള്ള മറ്റൊരു നഴ്സ് ആയിരുന്നു. അതൊരു യാദൃശ്ചികതയാണെന്ന് അവർക്ക് തോന്നിയില്ല.

അതുകൊണ്ടുതന്നെ അവർ യൂറോപ്പിലെ ഹോസ്പിറ്റലുകളായ ഹോസ്പിറ്റലുകളിലൊക്കെ അന്വേഷിക്കാൻ തുടങ്ങി. അതൊരു വലിയ പഠനമായി മാറി. ലോകമെമ്പാടും നഴ്സ് ജോലി ചെയ്യുന്നതിൽ നല്ലൊരു പങ്ക് കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് എന്ന നിഗമനത്തിലാണ് അവരും അവരുടെ റിപ്പോർട്ടും എത്തിച്ചേർന്നത്.

ഇപ്പറഞ്ഞത് അത്രയും ആമുഖമായിരുന്നു. ഷൈനി ബഞ്ചമിൻ്റെ ‘മലയാളി നഴ്സുമാരുടെ ജർമ്മൻ ഇതിഹാസം‘ എന്ന ഡോക്യുമെൻ്ററിയാണ് ഇത്രയും പറയിപ്പിച്ചത്.

അൻപത് വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലേക്ക് കപ്പലുകയറിപ്പോയി അവിടെച്ചെന്ന് പഠിച്ച് നഴ്സുമാരായ ആദ്യതലമുറ നഴ്സുമാരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ വീഡിയോ. ഒരുപക്ഷേ ആദ്യം പറഞ്ഞ യൂറോപ്യൻ വനിതയുടെ റിപ്പോർട്ടുമായി പരസ്പരപൂരകമായി നിൽക്കുന്ന ഒന്നാണ് ഷൈനിയുടെ ഈ ഡോക്യുമെൻ്ററി.

മറ്റൊരു രാജ്യത്തേക്ക് പറിച്ച് നടപ്പെടുമ്പോൾ കോട്ടയത്തിനപ്പുറം മറ്റൊരിടവും കാണാത്ത പെൺകുട്ടികൾ. വീട്ടിലെ പ്രാരാബ്ദ്ധം തന്നെയാണ് പലരെക്കൊണ്ടും ഇത് ചെയ്യിപ്പിക്കുന്നത്. ഭാഷ, വേഷം, ഭക്ഷണം, കാലാവസ്ഥ എന്നിങ്ങനെ എല്ലാം വ്യത്യസ്തം. അതിൻ്റെ പ്രശ്നങ്ങളും അങ്കലാപ്പുകളും ഒരു വശത്ത്. ഇന്നത്തേത് പോലെ ഫോൺ സൗകര്യമൊന്നും ഇല്ല. മാസത്തിൽ രണ്ട് കത്തയക്കാം. അത്ര വലിയ ശമ്പളമൊന്നും ഇല്ല. പലരുടേയും കുടുംബത്തിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നിട്ടും അവർ സധൈര്യം നാടുവിട്ടു.

അവരതിൽ നിന്ന് കരുപ്പിടിപ്പിച്ച് 100 മേനി കൊയ്തു. മിക്കവാറും എല്ലാവർക്കും ജർമ്മനിയിൽ പൗരത്വമായി. ചിലർ അന്നാട്ടുകാരെ വിവാഹം ചെയ്തു. നാട്ടിലെ പ്രാരാബ്ദ്ധങ്ങളെല്ലാം തീർത്തു. പിന്നീടുള്ള തലമുറയ്ക്കെല്ലാം അത് മെച്ചമായി. ഇന്നിപ്പോൾ അത്ര വലിയ കഷ്ടപ്പാടുകളൊന്നും ഇല്ലാതെ ഇതേ ജോലി ചെയ്യാൻ ഇതേ നഗരങ്ങളിലേക്ക് എത്താമെന്ന അവസ്ഥ വന്നു. ഇതിൽ ചിലത് നമുക്കറിയാത്ത കാര്യങ്ങളല്ല.

ഷൈനി കടന്ന് പോകുന്നതും പറയുന്നതും ഈ കഥകളുടെ വിശദാംശങ്ങളിലൂടെയാണ്. അത്യാവശ്യം യാത്രയും സംഗീതവുമൊക്കെ കടന്നുവരുന്നതുകൊണ്ടാകാം, സാധാരണ നിലയ്ക്ക് ഉണ്ടായേക്കാവുന്ന ഒരു ഡോക്യുമെൻ്ററിയുടെ വിരസതകളൊന്നും എനിക്കിതിൽ അനുഭവപ്പെട്ടില്ല എന്ന് മാത്രമല്ല അറിവില്ലായിരുന്ന ഒരുപാട് കാര്യങ്ങളിലേക്ക് ഈ ഡോക്യുമെന്ററി വെളിച്ചം വീശുകയും ചെയ്തു.

ഷൈനി സത്യത്തിൽ അമ്പരപ്പിക്കുന്നു !! മുൻപ് ഞാൻ പരിചയപ്പെടുത്തിയ ഷൈനിയുടെ രണ്ട് (ഒരു സങ്കീർത്തനം പോലെ, വേലുത്തമ്പിയുടെ ജീവിതവും മരണവും) ഡോക്യുമെൻ്ററികളും ഇതും ഇനി കാണാനിരിക്കുന്നതും എല്ലാം ചേർത്താൻ ആ അമ്പരപ്പ്. ഇത്തരം വൈവിദ്ധ്യമാർന്ന വിഷയങ്ങൾ എങ്ങനെ തപ്പിയെടുക്കുന്നു. അത് കാണികൾക്ക് മടുപ്പില്ലാത്ത വിധം എങ്ങനെ ചിട്ടപ്പെടുത്തി ഫൈനൽ പ്രോഡക്റ്റാക്കി മാറ്റുന്നു എന്നതൊന്നും ചെറിയ കാര്യങ്ങളേയല്ല. അഭിനന്ദനങ്ങൾ ഷൈനി ബെഞ്ചമിൻ.