Yearly Archives: 2022

ലോകകപ്പിൽ നിന്ന് പഠിക്കേണ്ടത്


12q
തിർപക്ഷക്കാർ പോലും ഉള്ളിൽ ആഗ്രഹിച്ചിരുന്നത് പോലെ മെസ്സി കപ്പിൽ മുത്തമിട്ടുകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി. രസം കൊല്ലിയായും ഏകപക്ഷീയമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഒരു കളിക്ക് എംമ്പാപ്പേ ജീവൻ പകർന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാണികളുടെ ഹൃദയമിടിപ്പ് കൂട്ടി. ഹൃദയം എന്നൊന്ന് ഇല്ലാത്ത എനിക്ക് പോലും രക്തസമ്മർദ്ദം കൂടിയത് തിരിച്ചറിയാനായി.

ഇനി ഇത്രയും ദിവസം ലോകരുടെ ഉറക്കം കെടുത്തുകയും ചങ്കിടിപ്പ് താളം തെറ്റിക്കുകയും ചെയ്ത ഈ കായിക മത്സരത്തിൻ്റെ അനുബന്ധ കാര്യങ്ങളെപ്പറ്റി ഒരു ചെറിയ വിലയിരുത്തലായാലോ?

ലോകകപ്പ് ക്രിക്കറ്റ് വരുമ്പോൾ ഇന്ത്യൻ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇത്രയധികം ഫ്ലക്സുകളും ബാനറുകളും കട്ടൗട്ടുകളും ഉയരാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തറപ്പിച്ച് ഉത്തരം തരാൻ ഏതൊരാൾക്കുമാകും. എന്തുകൊണ്ട് ?

ഒന്നാമത്തെ കാരണം, ഫുട്ബോൾ എന്നപോലെ അത്രയധികം രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നില്ല. രണ്ടാമത്തെ കാരണം ഇന്ത്യ ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടിയിട്ടില്ല, കളിക്കുന്നുമില്ല. ഇന്ത്യ കളിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്ത് ഇന്ത്യയുടെ ബാനറുകളും ഇന്ത്യൻ കളിക്കാരുടെ കട്ടൗട്ടുകളും മാത്രമേ ഉയർത്താനാകൂ. ഇന്ത്യ കളിക്കാൻ തുടങ്ങുകയും അക്കാലത്ത് അർജൻ്റീനയുടേയോ, ബ്രസിലിൻ്റേയോ, പോർച്ചുഗലിൻ്റേയോ ഫ്ലക്സ് വല്ലതും ഉയരുകയും ചെയ്താൽ, അത് സ്ഥാപിച്ചവനെ പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാനുള്ള ആൾക്കാർ ഇവിടെ റെഡിയാണ്. സ്പോർട്ട്സ് ആണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് വേണം എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

പറഞ്ഞുവന്നത്, നമ്മൾക്ക് നദിയുടെ നടുക്കും തെരുവോരങ്ങളിലും ഇതര രാജ്യക്കാരുടെ കട്ടൗട്ടുകളും ഫ്ലക്സുകളും വെക്കാൻ പറ്റുന്നതും ഈ കളി പല പല രാജ്യക്കാരുടെ പക്ഷം പിടിച്ച് ആഘോഷമാക്കാൻ പറ്റുന്നതും നമ്മൾ ആ കളിയിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതിനൊരു പ്രത്യേക സുഖവും സന്തോഷവും ഇല്ലെന്ന് പറയാനാവില്ല. ഓൺലൈനിലും ഓഫ്ലൈനിലും സുഹൃത്തുക്കൾ തമ്മിൽ, തങ്ങൾ അനുകൂലിക്കുന്ന ടീമുകളേയും താരങ്ങളേയും മുൻനിർത്തി ട്രോളുകളും വാഗ്വാദങ്ങളും ടാഗുകളും കളിയാക്കലുകളുമൊക്കെയായി നല്ല കുറേ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. കളിയൊക്കെ കഴിയുമ്പോൾ എല്ലാവരും പഴയത് പോലെ ചങ്ങാതിമാർ തന്നെയാണെന്നും ഇതൊക്കെ കളി കൊഴുപ്പിക്കാൻ വേണ്ടി പറഞ്ഞതും ചെയ്തതുമാണെന്ന് ആർക്കാണറിയാത്തത്?

ക്വാർട്ടർ ഫൈനൽ കഴിഞ്ഞതോടെ പലരുടേയും സ്വപ്ന ടീമുകൾ പുറത്തായി. അതോടെ മേൽപ്പടി സംഭവങ്ങളുടെ രസം ചാകാൻ തുടങ്ങി. പ്രത്യേകിച്ച് ഒരു ടീമിൻ്റേയും ആളല്ലാത്ത ഞാൻ ഈ സമയം നോക്കി ഫൈനലിൽ കടന്ന ഫ്രാൻസിൻ്റെ ആരാധകനാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അർജൻ്റീന ആരാധകരായ എൻ്റെ സുഹൃത്തുക്കളുടെ ട്രോളുകളും കളിയാക്കലും വാങ്ങിക്കൂട്ടുക തന്നെയായിരുന്നു ലക്ഷ്യം. ഫ്രാൻസ് തോറ്റാൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എയറിൽ പോകുന്നതിൻ്റെ സുഖവും അനുഭവിക്കാം. ഇത്രയുമൊക്കെ ചെയ്ത് ഈ ആരവത്തിൻ്റെ ഭാഗമായില്ലെങ്കിൽപ്പിന്നെന്ത് രസം? ഉദ്ദേശിച്ചത് പോലെ എനിക്കും കിട്ടി ആവശ്യത്തിനുള്ളത്. ബാക്കിയുള്ളത് ഈ പോസ്റ്റ് കാണുന്നതോടെ കിട്ടിക്കോളും. ഇതെല്ലാം സ്പോർട്ട്സ്മാൻ സ്പിരിട്ടിൽ എടുക്കാൻ നമുക്കെല്ലാവർക്കും കഴിയുന്നുണ്ട് എന്നതാണ് വലിയ കാര്യം. പക്ഷേ……

പക്ഷേ, എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങൾ. നമ്മുടെ രാജ്യമേ കളിക്കാത്ത ഒരു കളിയിൽ മറ്റ് രാജ്യങ്ങളുടെ പേരും പറഞ്ഞ് തെരുവിൽ അടികൂടിയവരുണ്ട് ആദ്യകളിക്ക് വിസിൽ മുഴങ്ങുന്നതിന് മുന്നേ. ഇന്നലെ വിജയാഘോഷങ്ങൾ അതിരുകടന്നപ്പോൾ കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അതിരുവിട്ട് ആഘോഷം നടത്തിയതും പോരാഞ്ഞ് കൊച്ചിയിലും തിരുവനന്തപുരത്തും പോലീസിനുനേരെ ആക്രമണം ഉണ്ടായി. കൊല്ലത്ത് സംഘര്‍ഷമുണ്ടായി.

എന്തിനുവേണ്ടി? ആർക്കുവേണ്ടി വെട്ടി? അർജന്റീനയ്ക്ക് വേണ്ടിയോ? ഫ്രാൻസിന് വേണ്ടിയോ? കളിയിൽ പങ്കെടുക്കാത്ത നമ്മുടെ രാജ്യത്തിന് വേണ്ടിയോ ? ഇതിൽ എവിടെയാണ് സ്പോർട്ട്സ്മാൻ സ്പിരിട്ട് ? സ്വന്തം രാജ്യം കളിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സാദ്ധ്യതയേ ഇല്ല എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഈ പ്രവണത ശരിയല്ല. നാല് വർഷം കൂടുമ്പോൾ ഇനിയും ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾ വരും. മാറിയുടുക്കാൻ വേറൊരു നല്ല വസ്ത്രമില്ലാതിരുന്ന, മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും നേരെ ചൊവ്വേ ഭക്ഷണം കഴിക്കാൻ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് മലയാളിക്കിപ്പോൾ മറ്റ് രാജ്യങ്ങൾ കളിക്കുന്ന കളിയുടെ പേരിൽ കട്ടൗട്ട് വെക്കാൻ ലക്ഷങ്ങൾ ചിലവാക്കാനുണ്ട്. ആ അഭിവൃദ്ധി ഇനിയങ്ങോട്ട് കൂടുകയേ ഉള്ളൂ. ഫിഫയുടെ അനുമോദനങ്ങൾ ഏറ്റ് വാങ്ങാൻ ഓരോ വേൾഡ് കപ്പ് വരുമ്പോഴും കൂടുതൽ പണമെറിഞ്ഞ് ഇപ്രാവശ്യത്തേക്കാൾ വലിയ കാര്യങ്ങൾ ചെയ്തുകൂട്ടാൻ നമ്മൾ മത്സരിക്കും. കൈയിൽ പണമുണ്ടെങ്കിൽ ആയിക്കോളൂ. അത് പക്ഷേ പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാൻ ആകരുത്. ഒളിമ്പിക്സ് അടക്കം എല്ലാ കായികമത്സരങ്ങളുടേയും കായിക വിനോദങ്ങളുടെയും പരമമായ ലക്ഷ്യം രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ഇടപെടലും മത്സരവുമാണ്. കൂടുതൽ ദൂരത്തിൽ, കൂടുതൽ ഉയരത്തിൽ എന്ന വാചകം മാനുഷികമായ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം ചെയ്യാൻ.

ഇനി അടുത്ത ഒരു കൂട്ടരിലേക്ക് കടക്കാം. മുതിർന്നവർ പോലും ഇങ്ങനെ അടിപിടിയിൽ ചെന്നവസാനിക്കുമ്പോൾ, ഇതേ അനുപാതത്തിൽ സമ്മർദ്ദത്തിലാകുന്ന മറ്റൊരു കൂട്ടർ കുട്ടികളാണ്. അവർക്ക് അത്രയല്ലേ മനസ്സുറപ്പുള്ളൂ. എതിർ ടീമിൻ്റെ അനുകൂലികൾ കളിയാക്കുമ്പോൾ പതറിപ്പോയ എത്രയെത്ര കുട്ടികളെയാണ് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടത്. കാണാത്തത് അതിനേക്കാൾ എത്രയോ അധികമുണ്ടാകുമെന്ന് ഒരു സംശയവും വേണ്ട. തൻ്റെ ടീം തോറ്റാൽ തല മൊട്ടിയടിക്കാമെന്ന് പറഞ്ഞ് പ്രശ്നത്തിലായവർ മുതൽ, നാളെ സ്ക്കൂളിൽ പോകാൻ പറ്റില്ലല്ലോ എന്ന പ്രശ്നം അഭിമുഖീകരിക്കുന്ന കുട്ടികൾ വരെ. നാളിത് വരെ താൻ സപ്പോർട്ട് ചെയ്ത ടീമൊന്നും ജയിച്ചിട്ടില്ലെന്നതിൻ്റെ പേരിൽ സമ്മർദ്ദമനുഭവിച്ച ഒരു കുട്ടിയുടെ അച്ഛൻ ഇട്ട പോസ്റ്റ് വായിച്ചാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അങ്ങനെയങ്ങനെ എത്രയോ കുട്ടികൾ. ഒരു കളിയുടെ പേരിൽ അവർ മാനസ്സിക സമ്മർദ്ദത്തിനടിപ്പെടാതെ നോക്കണം. അവർക്ക് കൗൺസിലിങ്ങ് കൊടുക്കണമെങ്കിൽ കൊടുക്കണം. പക്ഷേ ആ അവസ്ഥ വന്നാൽത്തന്നെ ഒരു കായിക വിനോദം പരാജയമാകുന്നു അല്ലെങ്കിൽ രക്ഷകർത്താക്കൾ പരാജയമാകുന്നു എന്നാണർത്ഥം.

കുട്ടികൾക്ക് എക്കാലത്തും കാണിച്ച് കൊടുക്കാൻ ഒരുഗ്രൻ മാതൃകയുണ്ട്. ക്രൊയേഷ്യയോട് തോറ്റ് പുറത്തായി വിഷമിച്ച് നിൽക്കുന്ന ബ്രസീൽ താരം നെയ്മറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുന്ന കൊയേഷ്യയുടെ നാലാം നമ്പർ കളിക്കാരൻ ഇവാൻ പെരിസിക്കിന്റെ പത്തുവയസ്സുകാരൻ മകൻ ലിയോ ആണ് എക്കാലത്തും കുട്ടികൾക്ക് പരിചയപ്പെടുത്താവുന്ന ഏറ്റവും വലിയ മാതൃക. ആ വീഡിയോ അല്ലെങ്കിൽ അതിൻ്റെ ചിത്രങ്ങൾ കാണിച്ച് വേണം, കുട്ടികളെ ഇത് കളിയാണെന്നും ഒരു പരിധിക്കപ്പുറം മനസ്സിലേക്ക് എടുക്കരുതെന്നും സ്പോർട്ട്സ്മാൻ സ്പിരിട്ട് എന്താണെന്നുമൊക്കെയുള്ള ബാലപാഠങ്ങൾ പഠിപ്പിക്കാൻ. കളിയിൽ ജയിച്ചവരും തോറ്റവരും പരസ്പരം ആശ്വസിപ്പിച്ച് മുന്നോട്ട് പോകുന്ന മാതൃക അവർക്കാകാമെങ്കിൽ നമുക്കെന്തുകൊണ്ട് പറ്റുന്നില്ല ? നമ്മളെന്തിന് പരസ്പരം വെട്ടിപ്പരുക്കേൽപ്പിക്കാനും പൊലീസുകാരെ ആക്രമിക്കാനും മുതിരണം? നമ്മുടെ കുട്ടികളെന്തിന് സ്ക്കൂളിൽ പോകാൻ മടിക്കണം?

ഏറെ പ്രധാന്യത്തോടെ പറയാനുള്ളത്, ഈ മാമാങ്കം അവസാനിക്കുമ്പോൾ ഖത്തറിനോടും നമ്മൾ ഓരോരുത്തരോടും ചില കാര്യങ്ങൾ പറയാതെ പറഞ്ഞ്, പക്ഷേ ചെയ്തുകാണിച്ച് പോയ ജപ്പാൻ എന്ന ടീമിനെക്കുറിച്ചാണ്, അഥവാ ആ രാജ്യത്തിൻ്റെ വൃത്തിയേയും വെടിപ്പിനേയും കുറിച്ചാണ്.

ഈ മത്സരം ഖത്തറിൽ എത്തിയത് ഒരുപാട് വെല്ലുവിളികളേയും വിമർശനങ്ങളേയും നേരിട്ടാണ്. പക്ഷേ ലോകോത്തര സംവിധാനങ്ങളോടെ ഇത് നടത്താൻ തങ്ങൾക്ക് കഴിയുമെന്ന് സംഘാടനമികവുകൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഖത്തർ തെളിയിച്ചു. അതിൽ മലയാളികൾ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണെന്നും നമുക്കറിയാം. മലയാളി പ്രാതിനിധ്യവും മലയാളി കാഴ്ച്ചക്കാരും ഇത്രയധികം ഉണ്ടായിട്ടുള്ള മറ്റൊരു ലോകകപ്പും ഇതുവരെയില്ല. എന്നിട്ടും…..

എന്നിട്ടുമെന്തേ ജപ്പാൻ ടീമിന് സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാണിക്കേണ്ടി വന്നു. കളികാണാൻ പോയിരുന്നവരിൽ ഒരു ശതമാനമെങ്കിലും ആൾക്കാർ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞത് കൊണ്ടുതന്നെ. അങ്ങനെയൊരു കാഴ്ച്ച കാണാത്ത, അങ്ങനെയൊരു സംസ്ക്കാരം ഇല്ലാത്ത ജപ്പാനികൾക്ക് അതൊരു ബുദ്ധിമുട്ടായിക്കാണും. പരാതി പറഞ്ഞാൽ ചിലപ്പോൾ നടപടി ഉണ്ടായെന്ന് വരും. അതിലും നല്ലതല്ലേ പറയാതെ പറഞ്ഞ്, ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നത്. അതവർ ചെയ്തിട്ട് പോയി. ഖത്തറുകാർക്ക് മനസ്സിലായോ, സംഘാടകർക്ക് മനസ്സിലായോ, മലയാളികൾക്ക് മനസ്സിലായോ എന്നൊന്നും നിശ്ചയമില്ല. മനസ്സിലാക്കിയാൽ നന്ന്. വൃത്തി അത്ര മോശം കാര്യമൊന്നുമല്ല.

പുരുഷന്മാർ തുട (ഔറത്ത്) കാണിച്ച് കളിക്കരുതെന്നും സ്ത്രീകളത് കാണാൻ പോകരുതെന്നും മറ്റുമുള്ള മതമൗലിക ഭ്രാന്തുകൾ പറയുന്നവരെപ്പറ്റി എന്തുപറയാൻ? ഫുട്ബോളിനെതിരെ അത്തരം ഭോഷ്ക്കുകൾ പറഞ്ഞവർക്കുള്ള മറുപടിയാണ്, മൊറോക്കോ സെമി ഫൈനലിലേക്ക് കടന്നപ്പോൾ, സോഫിയാൻ ബൗഫർ തൻ്റെ ഉമ്മയ്ക്കൊപ്പം മൈതാനത്ത് നൃത്തം ചെയ്യുന്ന രംഗം. ഇറാനിയൻ കളിക്കാൻ ദേശീയഗാനം ആലപിക്കാതിരുന്നതും ഇതേ കൂട്ടക്കൂർക്കുള്ള മറുപടിയാണ്. അതും പോരെങ്കിൽ ക്രൊയേഷ്യൻ മോഡൽ ഇവാന നോൾ അൽപ്പവസ്ത്രധാരിയായി സ്റ്റേഡിയത്തിൽ വന്നത് കൂടെ വരവ് വെച്ചോളൂ. നിങ്ങളുടെ ജൽപ്പനങ്ങളെ അവഗണിച്ച്, നിങ്ങളുടെ കൂട്ടത്തിലുള്ളവരെത്തന്നെ മുന്നിൽ നിർത്തി ലോകം മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. നിങ്ങൾ മതത്തെ കൂട്ടുപിടിച്ചോ അല്ലാതെയൊ നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിക്കുക. മറ്റുള്ളവരെ അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ വിടുക. അല്ലെങ്കിൽ പൊതുജനസമക്ഷം ഇളിഭ്യരായിക്കൊണ്ടേയിരിക്കാനായിരിക്കും യോഗം.

കാൽപ്പന്ത് എന്ന കളി മാത്രമല്ല കഴിഞ്ഞുപോയതെന്ന് മനസ്സിലാക്കുക. ലോകം ഒരു കൊച്ചുപന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങിയ ദിനങ്ങളിൽ കണ്ട് പഠിക്കേണ്ട ഒരുപാട് വലിയ പാഠങ്ങളും മാതൃകകളും കൂടെയാണ് മുന്നിൽ നിരന്നത്. പറ്റുമെങ്കിൽ അനുകരിക്കാൻ ശ്രമിക്കുക. ഗുണം ചെയ്യാതിരിക്കില്ല.

വാൽക്കഷണം:- ഉറക്കമിളച്ച് ഇത്രയേറെ കാണുകയും ആസ്വദിക്കുകയും ചെയ്ത മറ്റൊരു ലോകകപ്പ് ഫുട്ബോൾ വ്യക്തിജീവിതത്തിൽ ഇതുവരെയില്ല. ജനങ്ങൾക്ക് സ്പോർട്ട്സ്മാൻ സ്പിരിറ്റ് ലവലേശം ഇല്ലാതെ പോകുന്ന കാലത്ത് എത്രവലിയ കായിക വിനോദവും ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും.