Monthly Archives: April 2022

ജാതി-മത ഭ്രാന്തകേരളം


ജാതി
രിപാടിയുടെ പേര് ദേശീയനൃത്തോത്സവം. നടത്തുന്നത് കൂടൽ മാണിക്യം ഉത്സവത്തോട് അനുബന്ധിച്ച്. പലരും അപേക്ഷിച്ചു. പലരേയും ഉൾപ്പെടുത്തി നോട്ടീസ് വരെ അടിച്ചു. അവസാന നിമിഷം ഒരു മത്സരാർത്ഥിയെ സംഘാടകർ വിളിച്ച് പറയുന്നു ‘ക്ഷേത്രത്തിനകത്ത് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ടും, നിങ്ങൾ മുസ്ലീമായതുകൊണ്ടും ഉത്സവത്തിൽ പങ്കെടുക്കാൻ ആവില്ല.’ സംഭവം നടക്കുന്നത് 2022ലാണെന്ന് മറക്കരുത്.

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം, ജാതി, മതം, വർഗ്ഗം, വർണ്ണം, രാജാവ്, ദൈവം, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കൊക്കെ എതിരായി, ആ പാർലിമെൻ്റിൻ്റെ ഇടതുഭാഗത്ത് പോയിരുന്ന കൂട്ടരുടെ പുതുതലമുറക്കാരനാണ് അമ്പലക്കമ്മറ്റിയുടെ പ്രസിഡൻ്റ് എന്ന ആക്ഷേപവും ഇതിനകം ഉയർന്ന് വന്നിട്ടുണ്ട്. അതിൻ്റെ നിജസ്ഥിതി എന്തായാലും ഇത്യാദിയുള്ള ഉത്സവ പരിപാടികളുമായി ഇറങ്ങിത്തിരിക്കുന്നവരോട് ചിലത് പറയാനുണ്ട്.

നിങ്ങൾ അഹിന്ദുക്കളെ ക്ഷേത്രത്തിൽ കയറ്റുന്നില്ല. നിർബന്ധമെങ്കിൽ അങ്ങനെ തന്നെ തുടരുക. അതിനിടയിൽക്കൂടെ ജാതിയും മതവുമൊന്നും ഇല്ലാത്ത കലയെ വലിച്ചിഴയ്ക്കരുത്. ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ നടത്താതിരിക്കുക. കലയാകുമ്പോൾ സകല ഇന്ത്യൻ പൗരന്മാരും ജാതിയും മതവും നോക്കാതെ പങ്കെടുത്തെന്നിരിക്കും. അത് പറ്റില്ലെങ്കിൽ, നിങ്ങളുടെ കൂട്ടരെ മാത്രം പങ്കെടുപ്പിച്ചുള്ള പാട്ടും കൂത്തും ഡാൻസും കച്ചേരിയും ഒക്കെ നടത്താൻ വേണ്ടി മാത്രമുള്ള ഉത്സവമാണെന്ന് തുറന്ന് പറഞ്ഞ് സമൂഹത്തിൽ നിന്ന് ഉറ്റപ്പെടുക. ഇനി അഥവാ ഇതൊക്കെ നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംഘാടന മികവ് നിങ്ങൾക്കില്ലെന്ന് ഈ ഒരൊറ്റ സംഭവത്തിലൂടെ തെളിയിച്ചില്ലേ ? അല്ലെങ്കിൽപ്പിന്നെ ‘ദേശീയ ഹിന്ദു നൃത്തോത്സവം‘ എന്ന പേരിൽ നിങ്ങൾ ഉത്സവം സംഘടിപ്പിക്കണമായിരുന്നു. അതിനുള്ള ബുദ്ധിയും ഇല്ലാതെ പോയി. കഷ്ടം, നിരാശാജനകം !

അടുത്ത പ്രാവശ്യമെങ്കിലും ഒന്ന് മാറിച്ചിന്തിക്ക്. സകല മതക്കാർക്കും വേണ്ടി മത്സരം നടത്തൂ. അതും ക്ഷേത്രത്തിനകത്ത് തന്നെ. ഇസ്ലാം ആയതുകൊണ്ട് ഒപ്പന കളിക്കാനല്ലല്ലോ അവർ ക്ഷേത്രത്തിൽ വരുന്നത്? നിങ്ങൾ അംഗീകരിച്ച, നിങ്ങൾ ആസ്വദിക്കുന്ന ഒരു നൃത്തരൂപമല്ലേ പഠിക്കാനും അവതരിപ്പിക്കാനും അവർ ശ്രമിക്കുന്നത്. ആ ശ്രമത്തിന്, മൻസിയ ശ്യാം കല്യാൺ Mansiya Vp എന്ന യുവതിയോട് നിങ്ങൾ നന്ദി പറയുകയല്ലേ വേണ്ടത് ? അത് പറ്റുന്നില്ലെങ്കിൽ അവരോട് പരസ്യമായി മാപ്പ് പറയുകയെങ്കിലും വേണം.

നവകേരളം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ പുതിയ സർക്കാർ. എന്നിട്ട് സർക്കാരിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായോ ? വോട്ട് ബാങ്കിൽ പാഷാണം കലക്കാൻ തൽക്കാലം സൗകര്യമില്ല. അത്ര തന്നെ.

കേരളമിനിയും ജാതിമതപ്പടുകുഴിയിൽ നിന്ന് കരകയറിയിട്ടില്ല. ഉടനെയെങ്ങും അത് സംഭവിക്കില്ലെന്ന് മാത്രമല്ല, ഇപ്പോളുള്ളതിനേക്കാൾ വഷളാകുന്ന സാഹചര്യമാണ് എങ്ങുമുള്ളത്.

ഇനിയൊരു വ്യക്തിപരമായ ഒരനുഭവം പറയാം. എൻ്റെ കൗമാരകാലത്ത് ഒരു വീടുപണി നടക്കുന്നിടത്ത് മരപ്പണി ചെയ്തിരുന്ന കൃസ്ത്യാനികളായ ആശാരിമാർ സംസാരിക്കുന്നത് കേട്ട് നിന്നിട്ടുണ്ട്. അവർ ഗുരുവായൂർ ക്ഷേത്രത്തിലെ ചില കൊത്തുപണികളും മരപ്പണികളുമൊക്കെ കഴിഞ്ഞ ശേഷമാണ് മേൽപ്പടി വീടുപണിക്ക് വന്നിട്ടുള്ളത്. മിക്കവാറും ദിവസങ്ങളിൽ ഒരു കാര്യമില്ലെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കടക്കുമായിരുന്നു അവർ എന്നാണ് സംസാരത്തിൻ്റെ ഉള്ളടക്കം. അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഉള്ളതുകൊണ്ട് മാത്രം അത് ലംഘിക്കാനുള്ള ഒരു ത്വര. അത്രേയുള്ളൂ അവർക്ക്. ഒരു ദിവസം അക്കൂട്ടത്തിൽ ഒരാൾ മറ്റൊരാളുടെ പേര് ഉച്ചത്തിൽ പറയുകയും സംഭവം ആരോ ശ്രദ്ധിച്ചെന്ന് കണ്ടപ്പോൾ പെട്ടന്ന് സ്ക്കൂട്ടാകുകയും ചെയ്ത കാര്യം പറഞ്ഞാണ് അവർ ചിരിക്കുന്നത്.

ഇതുപോലെ എത്ര അഹിന്ദുക്കൾ വിശ്വാസമില്ലാതെയും വിശ്വാസത്തോടെയും ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കയറുന്നുണ്ടാകാം. എന്നിട്ട് അതിനുള്ളിലിരിക്കുന്ന ഗുരുവായൂരപ്പന് വല്ല കോട്ടവും സംഭവിച്ചോ ? ഇതുവരെ ഇല്ല. അതിനർത്ഥം, ആരും അറിയാതെ കയറാമെങ്കിൽ ഭഗവാൻ്റെ നടത്തിപ്പുകാർക്ക് കുഴപ്പമില്ല എന്നല്ലേ? (ദൈവങ്ങൾ ഇതൊന്നും അറിയുന്ന് പോലുമില്ല.) അഥവാ ആരെങ്കിലും അറിഞ്ഞാൽ, ഏതെങ്കിലും അഹിന്ദു പിടിക്കപ്പെട്ടാൽ, പുണ്യാഹം തളിച്ച് ശുദ്ധീകരണ പരിപാടികൾ നടത്തണം എന്നല്ലേയുള്ളൂ. അമ്പലം പൊളിച്ച് കളയുകയൊന്നും വേണ്ടല്ലോ?

അങ്ങനെയുള്ള സ്ഥിതിയ്ക്ക് ഒരു നിർദ്ദേശമുണ്ട്. ഇതുപോലെ ഉത്സവം നടക്കുന്ന തിരക്കുള്ള ദിവസങ്ങളിൽ ആരുമറിയാതെ മനപ്പൂർവ്വം ചില അഹിന്ദുക്കളങ്കിലും ക്ഷേത്രത്തിനകത്ത് കയറുന്നുണ്ട്. നിങ്ങളതൊന്നും അറിയാതെ ‘അശുദ്ധമായ‘ ക്ഷേത്രത്തിലാണ് പലപ്പോഴും ആരാധന നടത്തിക്കൊണ്ടിരിക്കുന്നത്. ആയതിനാൽ ഇത്തരം തിരക്കുള്ള ദിവസങ്ങളിൽ വൈകുന്നേരം അവസാന പൂജകൾ നടത്തുന്ന കൂട്ടത്തിൽ ഒരു ശുദ്ധികലശം കൂടെ ചുമ്മാ അങ്ങ് നടത്തണം. എന്നിട്ട് എല്ലാ ജാതിമതക്കാരേയും നിത്യവും ക്ഷേത്രത്തിനകത്ത് കടക്കാൻ അനുവദിക്കണം. രണ്ടാം ക്ഷേത്രപ്രവേശനവിളംബരം എന്ന് നമുക്കതിനെ പേരിട്ട് ചരിത്രത്തിൽ കുടിയിരുത്താം. ഇത് നല്ല ആർഭാടമായിട്ട് തന്നെ നടത്താൻ മറ്റൊരു നിർദ്ദേശം കൂടെയുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ഗാനഗന്ധർവ്വർ ശ്രീ.യേശുദാസിന് കടന്ന് ചെന്ന് പ്രാർത്ഥിക്കാനും ഒരു കച്ചേരി നടത്താനുമുള്ള സൗകര്യം ഒരുക്കിക്കൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചാൽ സംഭവം പൊളിക്കും. എന്ത് പറയുന്നു ?

ജാതിയുടേയും മതത്തിൻ്റേയും പേരിൽ അകറ്റി നിർത്തുന്നതും വഴി നടക്കാൻ സമ്മതിക്കാത്തതുമായ സംഭവങ്ങളെപ്പറ്റി കേൾക്കുമ്പോളോ പറയുമ്പോളോ ആദ്യം ഓർക്കേണ്ടത് പാലിയത്ത് നടന്ന ഒരു വഴി നടക്കൽ സമരത്തെപ്പറ്റിയാണ്. പാലിയം കൊട്ടാരത്തിനും തൊട്ടടുത്തുള്ള ക്ഷേത്രത്തിനുമിടയ്ക്കുള്ള വഴിയിലൂടെ ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാരെന്ന് കരുതുന്നവർക്ക് വഴിനടക്കാൻ പറ്റില്ലായിരുന്നു അന്ന്. അത്ര പഴയ സംഭവമൊന്നുമല്ല. 1947ലെ കാര്യമാണ്. ഏ. കെ. ജി. അടക്കമുള്ളവർ മുന്നിൽ നിന്ന് നയിച്ച സമരമാണ്.

ഹിന്ദുക്കളിലെ കീഴ്ജാതിക്കാരെന്ന് കരുതുന്നവർക്ക് നടക്കാൻ പാടില്ല എന്നേയുള്ളൂ. ക്രൈസ്തവർക്കും ജൂതർക്കും മുസ്ലീങ്ങൾക്കും ആ വഴി നടക്കാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. എന്നുവെച്ചാൽ മേൽപ്പടി മതക്കാർ ഹിന്ദുക്കളിലെ കീഴ്ജാതിക്കാരെന്ന് വിളിച്ചിരുന്നവരേക്കാൾ ഭേദമെന്നല്ലേ ധ്വനിപ്പിക്കുന്നത് ? എങ്കിൽപ്പിന്നെ അവടന്ന് 75 വർഷം മുന്നോട്ട് പോന്ന ഈ കാലഘട്ടത്തിൽ, അവരെ ക്ഷേത്രത്തിൽ കയറ്റിയാൽ എന്താണ് പ്രശ്നം? ചേർത്ത് വായിക്കുമ്പോൾ ഒത്തുപോകാത്ത ഇത്തരം പൊള്ളയായ കുറേ കാര്യങ്ങളുണ്ട് ഹിന്ദുവിലും ഹിന്ദുത്വയിലും. മനുഷ്യനെ മനുഷ്യൻ മാത്രമായി കാണാൻ പറ്റാത്ത ഇമ്മാതിരി വിചിത്ര ചിന്തകൾ ഇനിയെങ്കിലും തൂക്കി വെളിയിൽക്കളയണം ഹേ.

വാൽക്കഷണം:- മരുമകൾ മുസ്ലീമായതുകൊണ്ട് പൂരക്കളി കലാകാരന് (വിനോദ് പണിക്കർ കരിവെള്ളൂർ) ക്ഷേത്രവിലക്ക് കൽപ്പിച്ചത് ഇതേ 2022ലെ ഇതേ മാർച്ച് മാസം തന്നെയാണ്. അത് സത്യത്തിൽ ഇതിനേക്കാൾ ഗുരുതരമായ മതഭ്രാന്താണ്. പക്ഷേ ആരോട് പറയാൻ ? ആരു കേൾക്കാൻ.