സോഷ്യൽ മീഡിയയിൽ മേഞ്ഞ് നടക്കുന്നതുകൊണ്ട് ഉണ്ടായ ഒരു പ്രധാനഗുണം, ആ വഴിക്ക് കാശടിക്കാൻ ശ്രമിക്കുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്, അത്തരക്കാർക്ക് ആർക്കും പണം നൽകി പെട്ടിട്ടില്ല എന്നതാണ്.
അവർ പല പേരിൽ, പല ഗുണഗണങ്ങളിൽ, പല രാജ്യങ്ങളിൽ നിന്ന് ആണായും പെണ്ണായും വേഷപ്പകർച്ചയോടെയുമൊക്കെ വരും. ജാർഘണ്ടിൽ അസിസ്റ്റൻ്റ് കളക്ടറാണെന്ന് പറഞ്ഞ് മലയാളികളുടെ കാശടിച്ച ഒരുവൻ ഇപ്പോളും സ്വച്ഛമായി കേരളത്തിൽ വിഹരിക്കുന്നുണ്ട്. ഇക്കൂട്ടരെ തിരിച്ചറിയാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. അൽപ്പസ്വൽപ്പം ലോജിക്ക് ഉപയോഗിച്ച് ഇടപെടണമെന്ന് മാത്രം.
ഇത്രയും പറയാൻ കാരണം ഇന്നത്തെ ഈ പത്രവാർത്തയാണ്. ഇതിൽപ്പറയുന്ന അമേരിക്കക്കാരി റോസ്മേരി എന്ന പേരിൽ, യഥാർത്ഥത്തിൽ തട്ടിപ്പ് നടത്തിയ കൊഹിമ സ്വദേശി യാമ്പമോ ഓവുങ്ങ്, ഒരൊറ്റ വ്യക്തിയാകണമെന്നില്ല. കപ്പൽ ജീവനക്കാരിയായോ ഏതെങ്കിലും കമ്പനിയിൽ സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിലോ ജോലി ചെയ്യുന്ന ഏതോ ഒരു വിദേശവനിതയുടെ പടമെടുത്താണ് തട്ടിപ്പിന് ഇക്കൂട്ടർ കളമൊരുക്കിയിരിക്കുന്നത്. അതിൽ ഒരാൾ മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. ഇതേ പടമുപയോഗിച്ച് ഇതേ രീതിയിൽ തട്ടിപ്പ് നടത്തുന്ന ഒരു വലിയ സംഘത്തിലെ ഒരു കണ്ണി മാത്രമാകാം യാമ്പമോ ഓവുങ്ങ് എന്ന നാഗാലാൻ്റുകാരൻ. നെറ്റ്ഫ്ലിക്സിൽ Jamthara എന്ന് പേരിൽ ഒരു ഹിന്ദി പരമ്പര തന്നെ ഇത്തരം അനുഭവങ്ങളെ ആസ്പദമാക്കി വന്നിരുന്നു.
കപ്പൽ ജീവനക്കാരിയും ബിസിനസ്സുകാരിയുമാണെന്ന് സ്വയം പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ എനിക്കും വന്നിരുന്നു ഒരു യുവതിയുടെ സന്ദേശം. തൽക്കാലം ആ പ്രൊഫൈൽ പേര് ഞാൻ പരസ്യമാക്കുന്നില്ല. എങ്കിലും മേൽപ്പടി കപ്പൽ ജീവനക്കാരിയുടെ ചില പടങ്ങൾ ഇക്കൂട്ടത്തിൽ ചേർക്കുന്നു. ഈ കപ്പൽ ജീവനക്കാരിയുടെ പടവും പ്രൊഫൈലും ഉപയോഗിച്ച് തന്നെയാണോ കൊല്ലത്തെ പ്രവാസിയുടെ 1.6 കോടി രൂപ തട്ടിച്ചത് എന്നറിയാൻ എനിക്ക് ജിഞ്ജാസയുണ്ട് താൽപ്പര്യമുണ്ട്.
വിവിധ രാജ്യക്കാർ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന രീതി വിഭിന്നമാണ്. അമേരിക്കയിൽ സെറ്റിൽ ചെയ്ത ഉക്രയിൻകാരിയായ ഈ സ്ത്രീ പറയുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് നല്ല ഒന്നാന്തരം ഇന്ത്യൻ ചുവ. എനിക്കത്രേം മതി സംശയം മൂക്കാൻ.
ഈ പടത്തിലുള്ള യഥാർത്ഥ സ്ത്രീ, മാനം മര്യാദയ്ക്ക് എവിടെയെങ്കിലും ജോലി ചെയ്ത് ജീവിച്ച് പോകുന്ന ഒരാളായിരിക്കാം. അവരുടെ പടങ്ങൾ സംഘടിപ്പിച്ച്, വേറെ ഭാഷയും സംസ്ക്കാരവുമൊക്കെയുള്ള ഒരു സ്ഥലത്ത് ഇത്തരം വേലത്തരങ്ങൾ നടക്കുന്നുണ്ടെന്ന് അവരെ അറിയിക്കാനുള്ള വ്യവസ്ഥ, ലോകം വിരൽത്തുമ്പിലെത്തിയിരിക്കുന്ന ഇക്കാലത്ത് സാദ്ധ്യമാകണം. സംശയം തോന്നുന്ന ഏതെങ്കിലും ഒരു സന്ദേശം വന്നാലുടൻ ആ പ്രൊഫൈലിലുള്ള ഫോട്ടോ വെച്ച് മറ്റേതെങ്കിലും പ്രൊഫൈൽ ഉണ്ടോയെന്നും അതാണോ യഥാർത്ഥവ്യക്തി എന്നും മനസ്സിലാക്കാനുള്ള എന്തെങ്കിലും ആപ്പുകളോ സൈറ്റുകളോ ഉണ്ടായി വരേണ്ടിയിരിക്കുന്നു. നിലവിൽ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അഥവാ അത്തരം എന്തെങ്കിലും സൗകര്യങ്ങളോ മാർഗ്ഗങ്ങളോ നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ പങ്കുവെക്കുക. എല്ലാവർക്കും ഉപകാരപ്പെടുമല്ലോ ?
ഒരു വ്യക്തി ഇത്തരം കുഴപ്പങ്ങളിൽച്ചെന്ന് പെടുന്നത് എങ്ങനെയാണ് ?
മറുവശത്ത് ഒരു സ്ത്രീയുടെ ചിത്രമായതുകൊണ്ട് ഇതിനെ നമുക്ക് തൽക്കാലം ഹണി ട്രാപ്പ് എന്ന് തന്നെ വിളിക്കാം. ഒരു സ്ത്രീയുടെ ഫോട്ടോയുള്ള പ്രൊഫൈലിൽ നിന്ന് എന്തെങ്കിലും ഒരു സന്ദേശം വരുന്നതോടെ നിങ്ങളുടെ ചിന്ത അസാന്മാർഗ്ഗികമായി നീങ്ങുന്നെങ്കിൽ, നിങ്ങൾ പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അപ്പുറത്തുള്ളയാൾ സുന്ദരിയോ സുന്ദരനോ വിരൂപയോ വിരൂപനോ എതിർലിംഗമോ എന്തുമാകട്ടെ, അയാളുമായി യാതൊരു തരത്തിലുള്ള ദുഷ്ച്ചിന്തകളുമില്ലാതെ ഇടപെടണമെന്ന് സാരം. പെട്ടെന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ പോന്ന ഒരു ഓഫറുകളിലും വീഴരുത്. കസ്റ്റംസ് ക്ലിയർ ചെയ്യാനോ രജിസ്റ്റ്രേഷൻ പ്രോസസ്സ് പൂർത്തിയാക്കാനോ എന്നൊക്കെ പറഞ്ഞ് കുറേ പണം അങ്ങോട്ട് കൊടുത്തുള്ള ഒരു പരിപാടിക്കും തലവെക്കരുത്. വെച്ചാൽ, ബാങ്ക് കാലിയായിക്കിട്ടുമെന്ന് മൂന്നരത്തരം.
അതേസമയം, ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിലുള്ള വളരെ സത്യസന്ധയായ ഒരു വ്യക്തി (ആണോ പെണ്ണോ ആകട്ടെ) ഏതെങ്കിലും കാരണവശാൽ നിങ്ങളിൽ നിന്ന് ഒരു കാര്യം അറിയാൻ ശ്രമിക്കുന്നതാണെങ്കിൽ അതിന് മറുപടി കൊടുക്കാതിരിക്കുന്നത് മര്യാദയല്ല. അക്കാര്യത്തിന് മാത്രം കൃത്യമായി മറുപടി കൊടുക്കുക. എന്നിട്ടത് വിട്ട് കളയുക. നിങ്ങൾ ഫോർട്ട് കൊച്ചി ബീച്ച് വഴി നടക്കുമ്പോൾ ഒരു വിദേശിയോ അല്ലെങ്കിൽ ഇന്ത്യൻ തന്നെയായ ഒരു അപരിചിത/ൻ ‘മട്ടാഞ്ചേരിക്ക് പോകാനുള്ള ബസ്സ് എവിടെ കിട്ടും‘ എന്ന് നിങ്ങളോട് ചോദിച്ചാൽ നിങ്ങളതിന് മറുപടി കൊടുക്കുന്നത് പോലെ മാത്രമേ ഈ സംഭവത്തെ കാണാൻ പാടുള്ളൂ. നിങ്ങളോട് നന്ദി പറഞ്ഞ് മട്ടാഞ്ചേരിക്കുള്ള ബസ്സിൽ ആ വ്യക്തി കയറിപ്പോയാൽ ജീവിതത്തിൽ പിന്നീടൊരിക്കലും നിങ്ങളാ വ്യക്തിയെ കാണണമെന്നില്ല. അഥവാ പിന്നീടയാളെ രണ്ട് ദിവസം കഴിഞ്ഞ് ബ്രോഡ് വേയിൽ വെച്ച് കാണുകയും നിങ്ങൾ പരസ്പരം തിരിച്ചറിയുകയും ചെയ്താൽ അങ്ങോട്ടുമിങ്ങോട്ടും ഒരു ചിരി അല്ലെങ്കിൽ ഒരു ഹായ് എന്നതിനപ്പുറം നിങ്ങൾക്കിടയിൽ മറ്റൊന്നും ഉണ്ടാകണമെന്നില്ല. ഓൺലൈനിലെ അപരിചിതമായ ചാറ്റുകളേയും അത്തരത്തിൽ കാണാൻ പറ്റിയാൽ ഇത്തരം തട്ടിപ്പുകൾ നമ്മളെ ബാധിക്കുകയേ ഇല്ല.
പക്ഷേ…… ഓൺലൈനിൽ ചാറ്റിന് വന്ന അപരിചിത/ൻ ആയ ഒരാൾ വീണ്ടും വീണ്ടും നിങ്ങളോട് പ്രത്യേകിച്ച് കഥയൊന്നുമില്ലാത്ത ചിലത് ചോദിക്കാൻ തുടങ്ങുമ്പോൾ, ആദ്യം നിങ്ങൾ ചെയ്യേണ്ടത്, അപരിചിത/ൻ ആയ അയാൾ വീണ്ടും നിങ്ങളിലേക്കെത്താൻ എന്താകാം കാര്യം ? എന്താണ് അവരെക്കൊണ്ട് അതിന് പ്രേരിപ്പിക്കുന്നത് ? എന്നിങ്ങനെ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക. നിങ്ങൾക്ക് മുന്നിൽ കൃത്യമായ ഒരുത്തരം തെളിഞ്ഞുവരുക തന്നെ ചെയ്യും. ഒരു തട്ടിപ്പിൻ്റെ തുടക്കമാണിത് എന്ന് തന്നെയായിരിക്കും ആ ഉത്തരം.
അക്കാര്യം 10% എങ്കിലും ഉറപ്പിക്കാനായാൽ നിങ്ങൾക്ക് വേണമെങ്കിൽ ഈ സംഭവം ആഘോഷമാക്കാം. അവരെയിട്ട് വട്ട് കളിപ്പിക്കാം. അതോടെ അവരുടെ കള്ളത്തരങ്ങൾ കൂടുതൽ തെളിഞ്ഞ് തെളിഞ്ഞ് വരും. വട്ട് കളിപ്പിക്കലിൽ നിങ്ങൾക്ക് നല്ല ആത്മസംതൃപ്തി ലഭിക്കുകയും ചെയ്യും. ഇത്തരം ചില കേസുകളിൽ, വട്ട് കളിപ്പിക്കൽ ഒരു പരിധിവിട്ട്, അതിൻ്റെ രസം നഷ്ടമാകുമ്പോൾ, വേണമെങ്കിൽ അതിൻ്റെ രസച്ചരട് ഒറ്റയടിക്ക് മുറിച്ചുകളയാം. ഞാനങ്ങനെ ചെയ്തിട്ടുണ്ട്.
“നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ അവസാനലക്ഷ്യമായ പറ്റിപ്പ് പരിപാടിയിലേക്ക് കടക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ“ എന്ന് അറുത്ത് മുറിച്ച് ചോദിച്ചിട്ടുണ്ട് ഒരിക്കൽ. അതോടെ എല്ലാം പൂട്ടിക്കെട്ടി ഉടായിപ്പുകാർ സ്ഥലം വിട്ടതാണ് അനുഭവം.
പക്ഷേ കുറച്ച് കാലമായി ആ പരിപാടി ഞാൻ ചെയ്യാറില്ല. അവരിൽ ചിലർ അപകടകാരികളാകാൻ സാദ്ധ്യതയുണ്ട്, ചിലരെങ്കിലും എണ്ണം പറഞ്ഞ ഹാക്കർമാരാകാം എന്ന് വിദഗ്ദ്ധോപദേശം കിട്ടിയതിന് ശേഷം അങ്ങോട്ട് കേറി ചൊറിയാറില്ല. എന്നിരുന്നാലും ഒന്നും പിടികിട്ടാത്ത നിരക്ഷരൻ്റെ റോൾ ഗംഭീരമായി ആസ്വദിച്ച് പോരാറുണ്ട്. അപ്പുറത്തുള്ളയാൾ തട്ടിപ്പാണെന്ന് നമുക്ക് മനസ്സിലായെന്ന് അവർക്ക് പിടികിട്ടാതെ, പിന്നീട് മുന്നോട്ടുള്ള സംഭാഷണങ്ങൾ തരുന്ന കിക്ക് നല്ല രസമാണ്. ഇത്തരത്തിൽ ഒരു അവസരവും സൗകര്യങ്ങളും ഒത്തുവന്നാൽ ഒന്നാസ്വദിച്ച് നോക്കുന്നതിൽ തെറ്റില്ല. പണി പാളിയാൽ എന്നെ പഴിക്കരുതെന്ന് മാത്രം.
ചിത്രത്തിലുള്ള സ്ത്രീയുടെ പ്രൊഫൈലിൽ നിന്ന് എനിക്ക് കിട്ടിയ ആദ്യത്തെ സന്ദേശത്തിൽ നിന്ന് തന്നെ എനിക്കൊരു തട്ടിപ്പ് മണത്തു. എങ്കിലും ഞാനവർക്ക് മറുപടി കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ അവരെനിക്ക് അയച്ച സന്ദേശങ്ങളിൽ ആ പടത്തിന് പിന്നിലെ വ്യക്തി ഉടായിപ്പാണെന്ന് കൃത്യമായ കൈയൊപ്പ് ഉണ്ടായിരുന്നു. പണം സംബന്ധമായ കാര്യത്തിലേക്ക് കടക്കുമെന്ന് തോന്നിയ നിമിഷം ഞാൻ ഫുൾസ്റ്റോപ്പ് ഇടുകയായിരുന്നു. പിന്നീട് മറുഭാഗത്തുനിന്ന് അനക്കമൊന്നും ഉണ്ടായില്ല. ഒരുപാട് പേർക്ക് ഒരേ സമയം സന്ദേശങ്ങൾ അയച്ചുകൊണ്ടായിരിക്കും ഇക്കൂട്ടർ മുന്നേറുക. അതിനിടയ്ക്ക് ഒരാൾ മിണ്ടാതായാൽ അവരുടെ ശ്രദ്ധയിൽ അത് വരണമെന്നില്ല. അങ്ങനെയാണ് ഞാനതിൽ നിന്ന് പുറത്ത് കടന്നതെന്ന് ഊഹിക്കുന്നു. ഈ പ്രൊഫൈൽ നിന്ന് ഞാനുമായുള്ള സന്ദേശങ്ങൾ, (ഈ കേസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും ഗുണം ചെയ്യുമെങ്കിൽ) പൂർണ്ണരൂപത്തിൽ എവിടെ വേണമെങ്കിലും പങ്കുവെക്കാൻ തയ്യാറാണ്. ഇതിനൊക്കെ ഒരറുതി വരുത്താൻ ഒരു കൈ സഹായം. അത്രേയുള്ളൂ.
വാൽക്കഷണം:- ഈ ചിത്രത്തിൽ കാണുന്ന കപ്പൽ ജീവനക്കാരിയുടെ പടവും പ്രൊഫൈലും യഥാർത്ഥമല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലും ഈ പടങ്ങൾ ഉപയോഗിച്ചുള്ള ഏതെങ്കിലും പ്രൊഫൈലാണ് മേൽപ്പടി കൊല്ലത്തുകാരന് പണം നഷ്ടമാകാൻ ഇടയാക്കിയതെങ്കിൽ, കേസന്വേഷണത്തിൽ എന്തെങ്കിലും സഹായം അദ്ദേഹത്തിനോ പൊലീസിനെ കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന ചിന്തയിലുമാണ് മുഖം അൽപ്പം മറച്ചിട്ടാണെങ്കിൽപ്പോലും എനിക്ക് കിട്ടിയ പടങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. ഇത് ചെയ്തത് ശരിയായില്ലെന്നോ ഇതിന് നിയമപരമായി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അതെന്നെക്കൂടെ ബോദ്ധ്യമാക്കുന്ന പക്ഷം പടങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണ്. ഇനിയുമിനിയും ആൾക്കാർ ഓൺലൈൻ തട്ടിപ്പുകളിൽ പെടരുതെന്ന സദുദ്ദേശം മാത്രമേ ഇത് ചെയ്തതിന് പിന്നിലുള്ളൂ.