Monthly Archives: September 2022

ആചാരത്തിൽ ഒരു ചെറിയ മാറ്റം!


44
ഹിന്ദു ആചാരപ്രകാരം ശവസംസ്ക്കാരത്തിന് ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്. തുടർ കർമ്മങ്ങൾക്ക് ആവശ്യമായ അസ്ഥികൾ, ചിതയിൽ കത്തിയമർന്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എടുത്തശേഷം, ബാക്കിയുള്ള അസ്ഥികളും ചാരവുമെല്ലാം കടലിൽ ഒഴുക്കുന്ന രീതിയാണ് വൈപ്പിൻ ദ്വീപ് വാസിയായ ഞാൻ ചെറുപ്പം മുതൽ കണ്ടിട്ടുള്ളത്.

തുടർ കർമ്മങ്ങൾക്ക് വേണ്ടി ശേഖരിച്ച ചുരുക്കം അസ്ഥികൾ പിന്നീട് ആലുവ, തിരുനെല്ലി, രാമേശ്വരം എന്നിവിടങ്ങളിലെ നദികളിലോ സമുദ്രത്തിലോ ആണ് ചെന്നെത്തുന്നത്. വിശ്വാസികൾക്ക് അത് ഒഴിവാക്കാൻ പറ്റാത്ത കാര്യം തന്നെയാകാം. പക്ഷേ…..

തുടർ കർമ്മങ്ങൾക്ക് ആവശ്യമില്ലാത്ത അസ്ഥികളും ചാരവുമെല്ലാം കടലിലും നദികളിലും നിക്ഷേപിക്കുന്നതിൽ ഒരു വലിയ ശരികേടില്ലേ? എല്ലാ മതവിഭാഗക്കാർക്കും മതമില്ലാത്തവർക്കും ഒരുപോലെ അവകാശമുള്ള പൊതുസ്ഥലങ്ങളാണ് അതെല്ലാം. എല്ലാവരും ഏകോദര സഹോദരങ്ങളായി കഴിഞ്ഞു പോരുന്ന നാടായതുകൊണ്ട് എതിർപ്പുകൾ ഉണ്ടാകുന്നില്ല എന്നേയുള്ളൂ. ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ചാക്കുകൾ അടക്കം കടലിൽ തള്ളുന്നതും കാണാനിടയായിട്ടുണ്ട്.

പരിസ്ഥിതിക്കും മറ്റ് മനുഷ്യർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ സ്വയം മനസ്സിലാക്കി തിരുത്തേണ്ടത് അവനവനാണ്. കാലാകാലങ്ങളായി തിരുത്തലുകളിലൂടെ കടന്നു പോയിട്ടുണ്ട് ജനങ്ങൾ. ഇനിയുമത് തുടരുക തന്നെ വേണം.

സ്ക്കൂൾ കാലഘട്ടം മുതൽ ഇന്നുവരെ ഞാൻ ഏറ്റവുമധികം കേട്ടുപോരുന്ന സാമൂഹിക പരിഷ്കർത്താവാണ് സഹോദരൻ അയ്യപ്പൻ. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ട, ‘സഹോദരൻ മെമ്മോറിയൽ’ ഹൈസ്ക്കൂളിലായിരുന്നു എൻ്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എൻ്റെ അമ്മ കായികാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചതും സഹോദരിമാരിൽ ഒരാൾ പഠിപ്പിച്ചിരുന്നതും ചെറായി എന്ന സ്ഥലത്തുള്ള ഇതേ സ്ക്കൂളിൽത്തന്നെ.

സഹോദരൻ അയ്യപ്പൻ്റെ കുടുംബാംഗങ്ങൾ (കാക്കനാട് വീട്) പലരും, മരണശേഷം അസ്ഥികളും ചാരവും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാറില്ല. സ്വന്തം പുരയിടത്തിലെ തെങ്ങിൻ്റേയും മരങ്ങളുടേയും ചുവട്ടിൽ തടമെടുത്ത് മൂടുകയാണ് പതിവ്. അവരിൽ പലരും യുക്തിവാദികളായതുകൊണ്ടും യാതൊരുവിധ പൂജാദി കർമ്മങ്ങൾ ചെയ്യാത്തവരുമായതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് മറുവാദം ഉണ്ടായേക്കാം. ശരിയായിരിക്കാം. പക്ഷേ, വിശ്വാസങ്ങൾ നിഷേധിക്കാതെ തന്നെ ചെറിയ ചില സാമൂഹിക അപാകതകൾ എങ്ങനെ തിരുത്താം എന്നതാണല്ലോ വിഷയം.

അഞ്ച് ദിവസം മുൻപാണ് (26 ജൂലായ് 2022) എൻ്റെ അമ്മ മരിച്ചത്. അസ്ഥിസഞ്ചയനം ഇന്നലെ (31ജൂലായ്) ആയിരുന്നു. അമ്മ ഒരു വിശ്വാസി ആയിരുന്നതുകൊണ്ടുതന്നെ കർമ്മങ്ങൾക്ക് ആവശ്യമുള്ളതൊഴികെ ബാക്കിയെല്ലാ അസ്ഥികളും ചാരവും, അമ്മ പറഞ്ഞുവെച്ചിരുന്നത് പ്രകാരം പുരയിടത്തിലെ തെങ്ങുകളുടെ ചുവട്ടിൽത്തന്നെ അടക്കം ചെയ്തു. സഹോദരൻ അയ്യപ്പൻ്റെ പേരിലുള്ള സ്ക്കൂളിൽ ജോലി ചെയ്ത ഒരദ്ധ്യാപിക അത്രയെങ്കിലും ചെയ്യണമല്ലോ.

ബന്ധുക്കൾക്ക് ആർക്കെങ്കിലും ഇക്കാര്യത്തിൽ എതിർപ്പുള്ളതായി അറിവില്ല. നാട്ടുകാരിൽ ചിലർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരേതയുടെ ആഗ്രഹം നടപ്പിലാക്കുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് പറഞ്ഞ് അതവഗണിച്ചു. മാറ്റങ്ങളെല്ലാം ഒറ്റയടിക്ക് ഉൾക്കൊള്ളാൻ എല്ലാവർക്കും പറ്റണമെന്നില്ല. മെല്ലെ മെല്ലെ ശരിയായിക്കോളും. പക്ഷേ, തുടർച്ചകളുണ്ടായാൽ മാത്രമേ മാറ്റങ്ങൾ പൂർണ്ണമാകൂ എന്ന് മാത്രം. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം പങ്കുവെക്കുന്നത്.

തെങ്ങിൻ ചുവട്ടിൽ അസ്ഥികൾ കിടക്കുന്നല്ലോ എന്ന അസ്വസ്ഥത ആർക്കുമുണ്ടാകേണ്ടതില്ല. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിയിരുന്ന നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ അസ്ഥികളാണത്. അനാഥമായി എവിടെയോ കിടക്കുന്നതിലും ഭേദം നമ്മുടെ പുരയിടത്തിൽത്തന്നെ അതുണ്ടാകുന്നതല്ലേ ഭംഗിയും സ്നേഹവും. കത്തിയമർന്ന അസ്ഥികളാണത്. ഒട്ടും വൈകാതെ പൊടിഞ്ഞ് മണ്ണിൽ ലയിച്ചോളും. അത്രതന്നെ ആയുസ്സേ നമ്മുടെ ആശങ്കകൾക്കും അസ്വസ്ഥതകൾക്കുമുള്ളൂ. വിശ്വാസങ്ങൾ ഒന്നും ഹനിക്കപ്പെട്ടിട്ടില്ല. ആചാരത്തിൽ ഒരു ചെറിയ മാറ്റം.

മാത്രമല്ല, കേരളത്തിൽ ഒട്ടനവധി സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്യുന്നവരുണ്ട്. ചെയ്യാത്തവർക്ക് മാത്രമേ ഇതിൽ പുതുമയും സങ്കോചവുമുണ്ടാകാൻ ഇടയുള്ളൂ. കാലക്രമേണ അലിഞ്ഞലിഞ്ഞ് ഇല്ലാതാകാൻ പോന്ന ഒരു ആശങ്ക മാത്രം

പുരയിടമില്ലാത്ത, നഗരങ്ങളിലെ ഫ്ലാറ്റുകളിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ, പൊതുസ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ, ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന് ചോദ്യമുയർന്നേക്കാം. വേണമെങ്കിൽ എല്ലാത്തിനും മാർഗ്ഗമുണ്ട്. കവി പാടിയത് പോലെ അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നത് അപരന് ബുദ്ധിമുട്ടാകരുത് എന്ന കോണിൽ ചിന്തിച്ചാൽ എല്ലാച്ചോദ്യങ്ങൾക്കും ഉത്തരമുണ്ട്.

വാൽക്കഷണം:- വിശ്വാസി അല്ലാത്തതുകൊണ്ട്, ആചാരങ്ങളൊന്നുമില്ലാതെ ദഹിപ്പിച്ച ശേഷം, എൻ്റെ മുഴുവൻ അസ്ഥികളും ചാരവും, ഞാൻ നട്ടുവളർത്തിയ മരങ്ങളുടെ ചുവട്ടിലിടാനുള്ളതാണ്. വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കി ഇതുപോലെ സമൂഹമാദ്ധ്യമത്തിൽ പരസ്യപ്പെടുത്തിയ എൻ്റെ മരണപത്രത്തിൽ അക്കാര്യം വിശദമായി സൂചിപ്പിച്ചിട്ടുണ്ട്.