Yearly Archives: 2023

രാമദുർഗ്ഗ കോട്ട


88
ന്ത്രണ്ടോളം ക്യാമ്പുകളാക്കി തിരിച്ചാണ് കർണ്ണാടകയിൽ യാത്ര പുരോഗമിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയേ സാദ്ധ്യമാകൂ. ഈ ക്യാമ്പുകൾ തീരുമാനിക്കുന്നതും ദൂരം കണക്കിലാക്കുന്നതും ഒക്കെ ചെറിയൊരു പണിയാണ്. അതിനെന്നെ കാര്യമായി സഹായിക്കുന്നത് എൻ്റെ യൂട്യൂബ് വീഡിയോകളിൽ സബ്ടൈറ്റിൽ ചെയ്യുന്ന, തൃക്കാക്കരയിൽ എൻ്റെ അയൽവാസി കൂടെയായ സുഹൃത്ത് ലിസയാണ്.

കർണ്ണാടകത്തിലെ ആദ്യത്തെ ക്യാമ്പായി ഞാൻ തിരഞ്ഞെടുത്തത് ചിത്രദുർഗ്ഗ ആയിരുന്നു. ഈ ക്യാമ്പിൽ നിന്നുകൊണ്ട് കാണാനുണ്ടായിരുന്നത് ആറ് കോട്ടകളാണ്. അതിലൊന്നായിരുന്നു രാമദുർഗ്ഗ കോട്ട. ചന്നഗിരി, ഹൊസദുർഗ്ഗ, പാവഗട, ഉച്ചങ്കിദുർഗ്ഗ, ചിത്രദുർഗ്ഗ എന്നിവയാണ് മറ്റ് കോട്ടകൾ.

പക്ഷേ, രാമദുർഗ്ഗ കോട്ടയെപ്പറ്റി പരതിയപ്പോൾ കാര്യമായ ചരിത്രമൊന്നും കിട്ടാനില്ല. കൃത്യമായ വഴിയും കിട്ടുന്നില്ല. ഒരുപാട് ബുദ്ധിമുട്ടി അങ്ങോട്ട് പോയ ഒരാളുടെ ബ്ലോഗ് വായിക്കാൻ സാധിച്ചു. അത്രയും വിവരങ്ങൾ മാത്രം വെച്ചുകൊണ്ടാണ് ഇന്നലെ ചിത്രദുർഗ്ഗയിൽ നിന്നും രാമദുർഗ്ഗയിലേക്കുള്ള 44 കിലോമീറ്റർ യാത്ര തിരിച്ചത്.

ഏതാണ്ട് പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. രാമദുർഗ്ഗയിലെ പൂക്കൾ കൃഷി ചെയ്യുന്ന പാടങ്ങൾക്കിടയിലുള്ള വഴികളിലൂടെയൊക്കെ കറങ്ങി വഴിതെറ്റി എവിടെയോ ചെന്നെത്തി. ഭാഗ്യത്തിന് ഗ്രാമവാസികൾക്ക് കോട്ടയെപ്പറ്റി അറിയാം. അതിന് കാരണമുണ്ട്. വെറുമൊരു കോട്ടയാണെങ്കിൽ അറിയാതെ പോയെന്ന് വരും. പക്ഷേ, ഇതിനകത്ത് രാമന്റെ ഒരു ക്ഷേത്രമുണ്ട്. രാമദുർഗ്ഗ എന്ന പേര് എങ്ങനെ വന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോട്ട അറിഞ്ഞില്ലെങ്കിലും ക്ഷേത്രം നമ്മൾ അറിയുമല്ലോ.
ഗ്രാമവാസികളിൽ ഒരാൾ ചൂണ്ടിക്കാണിച്ച ദിശ ലക്ഷ്യമാക്കി വീണ്ടും ഗ്രാമത്തിലെ ഇടവഴികളിലൂടെ കറങ്ങിക്കൊണ്ടേയിരുന്നു. അവസാനം കോട്ടയിരിക്കുന്ന ആ വലിയ കുന്ന് ദൂരെ കാണാനായി. ഗൂഗിളിനെ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ആ ദിശയിലേക്കുള്ള വഴികളിലൂടെ വാഹനമുരുട്ടി. ഇപ്രാവശ്യം കൃത്യമായി കോട്ടയ്ക്ക് മുന്നിൽ ചെന്നുനിന്നു. വാഹനം കോട്ടയ്ക്ക് മുകളിലേക്ക് ഓടിച്ച് കയറ്റാനുള്ള പാതയുണ്ട്. പക്ഷേ ഞാൻ നടന്ന് കയറാൻ തന്നെ തീരുമാനിച്ചു.

കോളനി കാലത്തുണ്ടാക്കിയ കോട്ട എന്നാണ് പറയുന്നത്. എന്നുവെച്ചാൽ ഏറെക്കുറെ 900 വർഷം പഴക്കം. ഒറ്റയൊരു കല്ലാണ് ആ മല. അതിന് മുകളിലാണ് കോട്ടയം ക്ഷേത്രവും.

ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത ഇതൊരു ഗുഹാക്ഷേത്രമാണ് എന്നതാണ്. 200 ചതുരശ്ര അടിയോളം ഭാഗം പാറ തുരന്ന് അതിനുള്ളിലാണ് ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്. ലിംഗാകൃതിയിൽ ഉള്ള പ്രതിഷ്ഠ ആയതുകൊണ്ടാകാം, രാമലിംഗേശ്വർ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിൻ്റെ കവാടത്തിൽ, പ്രതിഷ്ഠയെ നോക്കി നിൽക്കുന്ന നന്തിയുടെ പ്രതിമയും ഉണ്ട്.

കോട്ട കാണാൻ വരുന്നവരേക്കാൾ കൂടുതൽ, ക്ഷേത്രത്തിലേക്ക് വരുന്നവർ തന്നെയാണ്. കോട്ടയുടെ ചരിത്രം കൂടുതലൊന്നും അവിടെ എഴുതിവെച്ചിട്ടില്ല; സൈബറിടങ്ങളിൽ എങ്ങും കിട്ടാനുമില്ല. പക്ഷേ ക്ഷേത്രത്തിന് ഭക്തിപരമായി ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

1. വിവാഹം നടക്കാതെ പോകുന്നവർ സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണ്.

2. കുട്ടികൾ ഇല്ലാത്തവർ സന്ദർശിച്ച് തൊട്ടിലുകൾ കെട്ടി പോകുന്നത് പതിവാണ്.

3. വീടില്ലാത്തവരും വീട് പണിയാൻ കഷ്ടപ്പെടുന്നവരും, പെട്ടെന്ന് ഒരു വീട് ഉണ്ടായിക്കിട്ടാൻ ഒരു പ്രത്യേക നേർച്ച നടത്തി പോകുന്ന സ്ഥലമാണ്. ഭക്തർ അത്തരത്തിൽ ചെറിയ കല്ലുകൾ വെച്ച് ഉണ്ടാക്കിയ കൊച്ചുകൊച്ചു വീടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കോട്ടയുടെ ഉൾഭാഗം.

കോട്ട സാമാന്യം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല എന്നാണ് പൂജാരി പറയുന്നത്. ഭക്തർ കൊടുക്കുന്ന സഹായം കൊണ്ടാണ് കാര്യങ്ങൾ നടന്നുപോകുന്നത്. ഫോട്ടോ എടുക്കാൻ ഒരു വിലക്കുമില്ല. ദക്ഷിണക്ക് പുറമെ പൂജാരി ആവശ്യപ്പെട്ടതനുസരിച്ച് വിളക്കിലേക്കുള്ള എണ്ണയ്ക്ക് വേണ്ടി കുറച്ച് ദ്രവ്യവും കൊടുത്തപ്പോൾ, അദ്ദേഹം കോട്ട മുഴുവൻ കൊണ്ട് നടന്ന് കാണിച്ചുതന്നു. ദൂരെയായി, പ്രധാനമന്ത്രി ഈയിടെ ഉദ്ഘാടനം ചെയ്ത DRDOയുടെ പുതിയ എയർപ്പോർട്ട് അദ്ദേഹം കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞാൻ മനസ്സിലാക്കുമായിരുന്നില്ല.

‘കോട്ടയിൽ തൊഴാൻ’ വന്നവരടക്കം എല്ലാവർക്കും അറിയേണ്ടത് ഞാൻ ഡിപ്പാർട്ട്മെന്റിന്റെ ആളാണോ എന്നാണ്. ആർക്കിയോളജിക്കാരൻ ആണോ എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എങ്കിൽ എത്ര നന്നായിരുന്നു! കോട്ടകൾ കാണാൻ നടക്കുന്ന ഒരുവൻ ആണെന്ന് ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ എനിക്ക് ഒരു കത്ത് തന്നിരുന്നെങ്കിൽ പലയിടത്തും ഗുണം ചെയ്യുമായിരുന്നു.
എന്തായാലും, കണ്ടെത്താൻ ബുദ്ധിമുട്ട് ആകുമെന്ന് കരുതിയിരുന്ന ഒരു കോട്ട അത്ര വലിയ പ്രശ്നങ്ങളില്ലാതെ കണ്ട് മടങ്ങി. ചിത്രദുർഗ്ഗ ക്യാമ്പിനോട് ഇന്ന് വിടപറയുകയാണ്. പത്ത് ദിവസത്തോളം വാഹനം പാർക്ക് ചെയ്യാനും വാഷ് റൂം ഉപയോഗിക്കാനും സൗകര്യം തന്ന മയൂരദുർഗ്ഗ എന്ന കർണ്ണാടക സംസ്ഥാനത്തിന്റെ സ്ഥാപനത്തിന് നന്ദി. അടുത്ത ക്യാമ്പുകളിലും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

അടുത്ത ക്യാമ്പ് എതാണെന്ന് തീരുമാനിച്ചിട്ടില്ല. അതാണല്ലോ ഈ യാത്രയുടെ ഒരു പ്രത്യേകത. പക്ഷേ, ഇരുളാകുന്നതിന് മുൻപ് അടുത്ത ക്യാമ്പ് തീരുമാനിക്കുകയും അങ്ങോട്ടെത്തുകയും വേണം.

(കോട്ട#49)

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofkarnataka
#fortsofindia