കർണ്ണാടകത്തിലെ അതിപുരാതനമായ ഒരു കോട്ടയാണ് ഉച്ചങ്കി ദുർഗ്ഗ. നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ഈ കോട്ട, കടമ്പ, പല്ലവ, ചാലൂക്യ, പാണ്ഡ്യ, ഹോയ്‌സള, വിജയനഗര എന്നീ രാജവംശങ്ങളിലൂടെ കടന്ന് ജനാധിപത്യ ഇന്ത്യയിൽ എത്തിയപ്പോൾ, തദ്ദേശീയർ കണ്ടം തുണ്ടം കയ്യേറി കൂരകൾ പണിതു. കോട്ടയുടെ കീഴ്ഭാഗം മുസ്ലീങ്ങളും മുകൾഭാഗം ഹിന്ദുക്കളും കയ്യടക്കി.
നായ, കഴുത, പശു, പോത്ത്, കുതിര, എന്നിവയുടെ പോരാഞ്ഞിട്ട് മനുഷ്യൻ എന്ന ജന്തുവിൻ്റേയും വിസർജ്യം ചവിട്ടിയല്ലാതെ കോട്ടയിൽ കറങ്ങി നടക്കാൻ ആവില്ല. ഇതെല്ലാം ചേർന്നുള്ള ഒരു പ്രത്യേക ‘സുഗന്ധം’ കൂടെ ആകുമ്പോൾ ചരിത്രപ്രാധാന്യമുള്ളതും ഒരു മല മുഴുവൻ പരന്ന് കിടക്കുന്നതുമായ കോട്ടയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി.
കോട്ടയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് ഉച്ചങ്കമ്മ എന്ന ദേവീ ക്ഷേത്രമാണ്. ആ ആരാധനാലയത്തിൻ്റെ പടവുകളുടെ വശങ്ങൾ പോലും ഒരിഞ്ച് വിടാതെ കൈയേറിയിരിക്കുന്നു ചരിത്രബോധമില്ലാത്ത പുംഗവന്മാർ. ഒറ്റനോട്ടത്തിൽ എൺപതിൽപ്പരം കൈയേറ്റങ്ങൾ ഈ കോട്ടയിൽ കാണാനാകും.
ആ നിർമ്മിതി, അതിലുള്ള മണ്ഡപങ്ങൾ, അതിലെ കൊത്തുപണികൾ, കൊത്തളങ്ങൾ, രാജാവിൻ്റേയും രാജ്ഞിയുടേയും കൊട്ടാര അവശിഷ്ടങ്ങൾ, പടർന്ന് പന്തലിച്ച് നിൽക്കുന്ന വടവൃക്ഷങ്ങൾ എന്നിവ മാത്രം വീണ്ടും വീണ്ടും നോക്കി നിന്ന്, ഇന്ന് പെയ്ത മഴ മുഴുവൻ നനഞ്ഞ് വ്യസനത്തോടെയാണ് ഞാൻ കോട്ടയിറങ്ങിയത്.
(കോട്ട#48)
#gie_by_niraksharan
#greatindianexpedition
#boleroxl_motor_home
#fortsofkarnataka
#fortsofindia