Monthly Archives: February 2023

ഹർത്താലിനില്ലെന്ന് കോൺഗ്രസ്!!


77
കോൺഗ്രസ്സ് പാർട്ടി ഇനി മുതൽ ഹർത്താൽ നടത്തില്ല എന്ന് സംസ്ഥാന പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞതായി വാർത്ത കണ്ടു. വ്യക്തിപരമായി ഞാനാ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നില്ല, കാര്യമായിട്ടെടുക്കുന്നില്ല. കാരണങ്ങൾ പലതാണ്.

ഒന്നാമതായി കോൺഗ്രസ്സ് എന്നതൊരു കെട്ടുറപ്പുള്ള പാർട്ടിയല്ല. നിലവിൽ ഒട്ടുമല്ല. പ്രസിഡൻ്റായ സുധാകരൻ പറയുന്നത് പോലെ തന്നെ, ആർക്കും എത്ര വലിയ അഭിപ്രായങ്ങളും പറയാനുള്ള സ്വാതന്ത്ര്യം ആ പാർട്ടിക്കുള്ളിലുണ്ട്. ആരും ഒരു നടപടിയും അതിൻ്റെ പേരിൽ എടുക്കില്ല. എടുത്താൽപ്പിന്നെ ഇപ്പോഴുള്ള പാർട്ടി പോലും ഇല്ലെന്ന് അവർക്കെല്ലാവർക്കും നന്നായറിയാം. ആയതിനാൽ കെ. സുധാകരൻ പറഞ്ഞതുകൊണ്ടൊന്നും കോൺഗ്രസ്സുകാർ ഹർത്താലിന് ആഹ്വാനം ചെയ്യാതിരിക്കാൻ പോകുന്നില്ല. 2023 തീരുന്നതിന് മുന്നേ തന്നെ അത്തരമൊരു ഹർത്താൽ കോൺഗ്രസ്സിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. അന്ന് ഞാൻ ഈ പോസ്റ്റിൻ്റെ ലിങ്കുമായി തീർച്ചയായും വരും.

രണ്ടാമതായി കോൺഗ്രസ്സ് എന്ന പേരിൽ ഹർത്താലിന് ആഹ്വാനിച്ചില്ലെങ്കിലും UDF എന്ന പേരിൽ പല ഹർത്താൽ ആഹ്വാനങ്ങൾക്കും പഴുതുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും. കോൺഗ്രസ്സിൻ്റെ തീരുമാനമല്ല കൂട്ടുകക്ഷികളുള്ള മുന്നണി എന്ന നിലയ്ക്കുള്ള തീരുമാനമാണെന്ന് പറഞ്ഞ് പിലാത്തോസാകാൻ വളരെയെളുപ്പം.

മൂന്നാമത്തെ കാരണം…, രമേഷ് ചെന്നിത്തല ഒരിക്കൽ ഹർത്താലിനെതിരെ ഞങ്ങൾ Say NO to Harthal പ്രവർത്തകരുമായി ചില ചർച്ചകളും നീക്കങ്ങളുമൊക്കെ നടത്തിയതാണ്. നിയമസഭ വരെ അതിൻ്റെ ഒരു സംസാരം കൊണ്ടെത്തിച്ചു എന്നല്ലാതെ അതങ്ങ് നടപ്പാക്കിയെടുക്കാൻ അദ്ദേഹത്തിനായില്ല. അതിൻ്റെ കാരണങ്ങൾ പലതാണ്. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിൻ്റെ ആദ്യം പറഞ്ഞ പ്രശ്നങ്ങളും ചെന്നിത്തലയ്ക്ക് സ്വയം അക്കാര്യത്തിൽ ഒരു ആത്മാർത്ഥത ഇല്ലാതായിപ്പോയതുമൊക്കെ അക്കൂട്ടത്തിൽപ്പെടും. ഈ നീക്കങ്ങൾ നടന്നതിന് ശേഷം ആദ്യം നടന്ന ഹർത്താൽ കോൺഗ്രസ്സിൻ്റെ വക ആയിരുന്നു എന്നാണെൻ്റെ ഓർമ്മ.

ഏതെങ്കിലും ഒരു മണ്ഡലത്തിലോ പഞ്ചായത്തിലോ ഒരു ഛോട്ടാ ഖദർ നേതാവ് ഹർത്താലിനാഹ്വാനം ചെയ്യുന്ന സാഹചര്യം ഇനിയുമുണ്ടാകുമെന്ന് തന്നെ ഞാൻ കരുതുന്നു. ആ നേതാവിനെതിരെ ഗീർവാണം അടിക്കാമെന്നല്ലാതെ വിരലനക്കാനോ സംഘടനാപരമായി എന്തെങ്കിലും ശിക്ഷാ നടപടി കൈക്കൊള്ളാനോ പ്രസിഡന്റായ സുധാകരനെക്കൊണ്ട് പറ്റില്ല. അതാണ് കോൺഗ്രസ്സ്, അങ്ങനെ ആകാനേ കോൺഗ്രസ്സിന് പറ്റൂ. അതിനി സുധാകരൻ ഭരിച്ചാലും മുരളീധരൻ ഭരിച്ചാലും മുല്ലപ്പള്ളി ഭരിച്ചാലും അങ്ങനെ തന്നെ.

ഇതൊക്കെ എൻ്റെ മാത്രം നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കോൺഗ്രസ്സുകാരെ വാശിപിടിപ്പിച്ച് പ്രകോപിപ്പിച്ച് പറഞ്ഞ വാക്ക് പാലിപ്പിക്കുക എന്ന കുതന്ത്രം കൂടെയാണിത്. നടന്ന് കിട്ടിയാൽ നല്ലത് തന്നെ. എല്ലാവർക്കും ഗുണം ചെയ്യും.

എന്തൊക്കെ പറഞ്ഞാലും ഒരു പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തിരുന്ന്, മറ്റ് നേതാക്കന്മാരോട് കൂടിയാലോചിച്ചോ അല്ലാതെയോ ഇങ്ങനൊരു തീരുമാനമെടുത്തതിന് സുധാകരന് അഭിനന്ദനങ്ങൾ! ഇനിയത് നടത്തിക്കാണിക്കുക കൂടെ വേണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലുമൊരു പാർട്ടിയദ്ധ്യക്ഷൻ ഇങ്ങനെ പറയുകയെങ്കിലും ചെയ്തെന്ന ക്രെഡിറ്റ് സുധാകരനുള്ളത് തന്നെയാണ്. തർക്കമില്ല.

വാൽക്കഷണം:- ഹർത്താലിനെ തള്ളിപ്പറയാതെ ജീവിക്കാനാവാത്ത അവസ്ഥ ഇന്നല്ലെങ്കിൽ നാളെ എല്ലാപ്പാർട്ടിക്കാർക്കും വരും. അതിൻ്റെ തുടക്കം മാത്രമാണിത്.