ഗോവയിൽ പോകുമ്പോളെല്ലാം കേൾക്കുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് അഗ്വാഡ ജയിൽ. അഗ്വാഡ കോട്ട പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ, അഗ്വാഡ ജയിൽ പിടിതരാതെ തെന്നിമാറിക്കൊണ്ടിരുന്നു. പലപ്രാവശ്യം ജയിലിൻ്റെ മുന്നിൽ വരെ വാഹനമോടിച്ച് പോയിട്ടുണ്ട്. പക്ഷേ കാട് പിടിച്ച്, ഗേറ്റ് അടച്ചിട്ട അവസ്ഥയിലാകും എന്നും ആ ജയിൽ.
അഗ്വാഡ ലോവർ ഫോർട്ടിൻ്റെ കാര്യത്തിലും എൻ്റെ അവസ്ഥ ഇതുതന്നെ ആയിരുന്നു. പക്ഷേ ഇപ്രാവശ്യം ലോവർ അഗ്വാഡ പിടിതന്നു. അപ്പോഴും അഗ്വാഡ ജയിൽ വഴുതിമാറിക്കൊണ്ടിരുന്നു.
ലക്ഷ്യവും സമയബോധവും ഇല്ലാത്ത ഒരു യാത്ര Great Indian Expedition ആയതുകൊണ്ട്, ഇന്നലെ വെറുതെ ഒന്നുകൂടെ ജയിലിരിക്കുന്ന ഭാഗത്തേക്ക് പോയി നോക്കി.
100 രൂപ പാർക്കിങ്ങ് ചുങ്കം പിരിക്കുന്നു ആ വഴിക്ക് പോയാൽ. Dead End എന്ന് പറയാവുന്ന ആ വഴിക്ക് പോകുന്നതിന് 100 രൂപ പാർക്കിങ്ങ് ഫീസോ? “ജയിലിൽ കയറാൻ അനുവദിച്ചാൽ 100 രൂപ പാർക്കിങ്ങ് ഫീസ് തരാം; അല്ലെങ്കിൽ ഞാനിതാ വാഹനം തിരിച്ച് പോകുന്നു“ എന്ന് തർക്കിച്ചപ്പോൾ, ‘ജയിലിൽ കയറാൻ പറ്റും‘ എന്നായി ചുങ്കം പിരിക്കാൻ നിൽക്കുന്ന സുന്ദരന്മാർ.
സന്ധ്യമയങ്ങാനായതുകൊണ്ട് അക്കാര്യം ഉറപ്പാക്കി തിരിച്ച് പോന്നു. ഇന്ന് വീണ്ടും ആ വഴിക്ക് പോകാനായിരുന്നു പരിപാടി. അപ്പോഴേക്കും രാജസ്ഥാൻ ധാബയിലെ സത്യവീർ സിങ്ങിനും ജയിൽ കാണാൻ വരണമെന്ന്. സത്യവീർ, രാജസ്ഥാൻ കോട്ടകളിൽ എനിക്ക് വഴികാട്ടിയാകാൻ പോന്ന കിടുക്കൻ മനുഷ്യനാണ്.
അങ്ങനെ ഇന്ന് സത്യയേയും കൂട്ടി, അഗ്വാഡ ജയിലിലേക്ക് വിട്ടു. സത്യ വന്നതുകൊണ്ട് പടങ്ങളെടുക്കാനും ഗിംബൽ പിടിക്കാനും ഒരാളായി. ആൽക്കമിസ്റ്റ് പറഞ്ഞതുപ്രകാരമുള്ള ഒരു ഗൂഡാലോചന ഈ യാത്രയ്ക്ക് വേണ്ടി നടക്കുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ജയിലിൻ്റെ വീഡിയോ യൂ ട്യൂബിൽ വൈകാതെ വരും. അതുവരേക്ക്, രാം മനോഹർ ലോഹ്യ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അടച്ചിട്ടിരുന്ന അഗ്വാഡ ജയിലിലെ ഒരു സെല്ലിൽ നിന്ന്, തീരത്തേക്ക് തിരകളടിച്ച് തകരുന്ന കാഴ്ച്ച മാത്രം കണ്ട് തടവിൽക്കഴിഞ്ഞിരുന്ന നൂറുകണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മകൾ പേറുന്ന അഗ്വാഡ, ജയിലിൽ നിന്ന് ഒരു നിരക്ഷര ചിത്രം മാത്രം.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home