Monthly Archives: June 2023

യാത്ര രണ്ടാഴ്ച്ച പിന്നിടുമ്പോൾ…..


55
യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 15 ദിവസം തികയുന്നു. ഇതുവരെ പോയിട്ടുള്ള ഏറ്റവും വലിയ യാത്ര 38 ദിവസം നീണ്ടതായിരുന്നു. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ്റെ തെലുങ്കാന യാത്രയായിരുന്നു അത്. പക്ഷേ, ആ യാത്രയും ഈ യാത്രയും തമ്മിൽ വലിയ അന്തരമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അന്ന് തങ്ങിയിരുന്നത് ഹോട്ടൽ / ഗസ്റ്റ് ഹൗസ് മുറികളിൽ ആയിരുന്നെങ്കിൽ ഇപ്രാവശ്യം തങ്ങുന്നത് മോട്ടോർ ഹോമിലാണ് എന്നതാണ്.

ഗോവ പോലെ ടൂറിസ്റ്റ് സൗഹൃദപരമായതും എവിടെത്തിരിഞ്ഞാലും ഭക്ഷണം കിട്ടുന്നതുമായ ഒരിടത്തായതുകൊണ്ട് ഇതുവരെ ഭക്ഷണം മോട്ടോർ ഹോമിൽ ഉണ്ടാക്കേണ്ടി വന്നിട്ടില്ല. വാഹനത്തിലെ ടോയ്ലറ്റും ഉറക്കവും ശീലമായി. വാട്ടർ ടാങ്കിലേക്ക് വെള്ളം കണ്ടെത്തുന്നതും നിറക്കുന്നതും ശീലമായി. ആ വെള്ളം വെച്ചുള്ള കുളിയും വഴങ്ങിക്കഴിഞ്ഞു.

സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്താണ് വാഹനം പാർക്ക് ചെയ്ത് ഉറങ്ങുന്നതെങ്കിലും ആളൊഴിഞ്ഞ പാതയോരം ഏതെങ്കിലും നേരത്തേ കണ്ടുവെച്ചിട്ടുണ്ടാകും. രാവിലെ എഴുന്നേറ്റ് അങ്ങോട്ട് വണ്ടി വിടും. അവിടെയാണ് പ്രഭാതകർമ്മങ്ങൾ. ഇന്ന് അവിടെ ചെന്ന് നിന്നതും മഴ പെയ്തു. എന്നാണ് ഇത്രയും ആവേശത്തോടെ ഞാൻ മഴ നനഞ്ഞ് കുളിച്ചത്?! എന്നെങ്കിലും എനിക്ക് തന്നെ കണ്ട് രസിക്കാനായി അതിൻ്റെ ചില വീഡിയോകൾ എടുത്ത് വെച്ചിട്ടുണ്ട്. അത് യൂ ട്യൂബ് ചാനലിൽ ഇടാൻ ഉദ്ദേശിക്കുന്നില്ല. നയൻതാരയ്ക്ക് കൊടുത്തത് പോലെ നല്ല തുക തന്ന് വാങ്ങാമെങ്കിൽ നെറ്റ്ഫ്ലിക്സിന് കൊടുത്തെന്നിരിക്കും. ഹല്ലപിന്നെ.

പിന്നെയുള്ള ഒരു കടമ്പ വസ്ത്രങ്ങൾ അലക്കുന്നതായിരുന്നു. കുളിക്കുന്ന സമയത്ത് അന്നന്നത്തെ അടിവസ്ത്രങ്ങൾ കഴുകാൻ ബുദ്ധിമുട്ടില്ല. പക്ഷേ ബാക്കിയുള്ള വസ്ത്രങ്ങൾ കഴുകി ഉണക്കിയെടുക്കുക തലവേദന ആയിരുന്നു. ഒരു പ്രാവശ്യം ഗോവൻ സുഹൃത്ത് ബേർണിയുടെ വീട്ടിൽ നിന്ന് കഴുകി ഗ്രാമത്തിലുള്ള അവരുടെ വീടിന് മുന്നിൽ അഴ കെട്ടി ഉണക്കാനിട്ടെങ്കിലും രാത്രി മഴ പെയ്ത് വസ്ത്രങ്ങൾ വീണ്ടും നനഞ്ഞ് വീർത്തു. സാൻ്റ് എസ്തോം മലമുകളിൽ അഴ കെട്ടി അടുത്ത ദിവസം അതെല്ലാം ഉണക്കിയെടുത്തു.

പിന്നീട് ലോണ്ട്രികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്താൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചത്തെ വസ്ത്രങ്ങൾ ലോണ്ട്രിയിലാണ് അലക്കിയത്. അലക്കിയ വസ്ത്രങ്ങൾ ധോബി കൈമാറുമ്പോൾ ഇത്രയും സന്തോഷം മുൻപ് അനുഭവിച്ചിട്ടില്ല. വെള്ളവും ഒഴിഞ്ഞ ഇടങ്ങളും കിട്ടുമെങ്കിൽ അലക്കൽ എനിക്കൊരു ബേജാറല്ല. പുറത്ത് ഏത് സൗകര്യം കിട്ടിയാലും അത് പ്രയോജനപ്പെടുത്തുക. കിട്ടാത്തപ്പോൾ മാത്രം ഞാനായിട്ട് തുനിഞ്ഞിറങ്ങുക. തീറ്റയുടേം അലക്കിൻ്റേം ടോയ്ലറ്റിൻ്റേം കാര്യങ്ങൾ അങ്ങനെ തന്നെ.

രാജസ്ഥാൻ ധാബയിലെ സത്യയും കൂട്ടരും നല്ല കമ്പനിയാണ് ഇപ്പോൾ. അത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാബയാണ്. സത്യയ്ക്കും സുഹൃത്തുക്കൾക്കും നൈറ്റ് ഷിഫ്റ്റ് ആരംഭിക്കുന്നത് രാത്രി 10 മണിക്കാണ്. രാവിലെ 10 മണി വരെ അവരുടെ ഷിഫ്റ്റ് നീളും. വണ്ടിയിൽ നിറക്കാനുള്ള വെള്ളം എടുത്ത് തരാനും മറ്റും അവർക്കിപ്പോൾ നല്ല ഉത്സാഹമാണ്. ഇന്നിപ്പോൾ ഇതെഴുതുന്നത് അവരുടെ ശ്രീകൃഷ്ണ ധാബയിൽ ഇരുന്നാണ്.

ഫോണിലെ ഹോട്ട്സ്പോട്ടാണ് നെറ്റിനായി ആശ്രയിക്കുന്നത്. പകൽസമയം കഫേ കോഫീ ഡേ ആണ് ആശ്രയം. വീഡിയോ എഡിറ്റ് ചെയ്യാനും മറ്റും അവിടെ ഇരിക്കുന്നതാണ് ഭേദം. പക്ഷേ ഇന്നലെ അവരുടെ വൈ ഫൈ ഉപയോഗിച്ചപ്പോൾ ഗൂഗിളിൻ്റെ ഇരട്ട സെക്യൂരിറ്റി ഇടപെട്ട് ആക ചളമാക്കി അക്കൗണ്ട് കുറച്ച് നേരത്തേക്ക് ബ്ലോക്കായി.

ചൂട് ഒഴികെ ബാക്കിയെല്ലാം സഹിക്കാനും നേരിടാനും പറ്റുമെന്നായിട്ടുണ്ട്. വേനൽക്കാലത്ത് ചെയ്യാൻ പറ്റിയ പണിയല്ല ഈ ചെയ്തുകൊണ്ടിരിക്കുന്നത്. അതും 55 വയസ്സായ ഒരാൾ. 3 മണിക്ക് വൈൻഡ് അപ്പ് ചെയ്ത് വാഹനം പാർക്ക് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നത് 11 മണിക്ക് തന്നെ അവസാനിപ്പിക്കേണ്ടി വരുന്നു ചൂട് കാരണം. എന്നിട്ടെങ്ങോട്ട് പോകാനാണ്. വണ്ടി പഴുത്ത് കിടക്കുകയാവും അര മണിക്കൂർ നിർത്തിയിട്ടാൽ പോലും. ഏസി ഓൺ ചെയ്യണമെങ്കിൽ വണ്ടി സ്റ്റാർട്ടാക്കണം അധിക സമയം അങ്ങനെ സ്റ്റാർട്ടാക്കി ഇടാൻ പോയാൽ 17 വർഷം പഴക്കമുള്ള വണ്ടി ഏന്തൊക്കെ പണി തരും എന്നൊരു പിടിയിയുമില്ല. അതുകൊണ്ട് ഓടാത്ത സമയത്ത് വണ്ടി സ്റ്റാർട്ടാക്കുന്നില്ല എന്ന് തന്നെയാണ് തീരുമാനം. കോഫീ ഡേ അല്ലെങ്കിൽ മറ്റേതെങ്കിലും ഇടം കണ്ടെത്തി അവിടെയിരുന്ന് വീഡിയോകൾ ചെയ്യുക ഡയറി എഴുതുക. അങ്ങനെയാണ് തീരുമാനം.

വാഹനം അല്ലറ ചില്ലറ പണികൾ തന്ന് കഴിഞ്ഞു ഇതിനകം. കൊച്ചിയിൽ വെച്ചും കട്ടപ്പനയിൽ വെച്ചും ഓരോ പ്രാവശ്യം റേഡിയേറ്റർ ലീക്ക് ഉണ്ടായിരുന്നു. അന്ന് റേഡിയേറ്റർ മാറ്റാതെ റിപ്പയർ ചെയ്തതിനുള്ള ശിക്ഷ കിട്ടി. എന്തായാലും ഗോവയിൽ നിന്ന് പുതിയ റേഡിയേറ്റർ ഇന്നലെ പിടിപ്പിച്ചു. ഇന്ന് ഏസിയും പണി തന്നു. 17 കൊല്ലം മുതൽക്ക് ഇന്നുവരെ ആരൊക്കെ ഏസി റിപ്പയർ ചെയ്തിട്ടുണ്ടോ അവരുടെയെല്ലാം വക വയറിങ്ങ് വാഹനത്തിലുണ്ട്. ഇന്നതെല്ലാം വലിച്ച് പറിച്ച് കളഞ്ഞു പുതിയതായി വയർ ചെയ്തു.
അഗ്വാഡയിൽ എന്നത് പോലെ തന്നെ ചപ്പോറ കോട്ടയിലും പലവട്ടം പോയിട്ടുള്ളതാണ്. ഈ രണ്ട് കോട്ടകളും ‘കഥ പറയുന്ന കോട്ടകൾ‘ പുസ്തകത്തിൽ മൾട്ടി മീഡിയ രൂപത്തിൽ വന്നിട്ടുമുണ്ട്. എന്നാലും വീണ്ടും അഗ്വാഡയിൽ പോയി. ചപ്പോറയിൽ കൂടെ പോയാൽ ഇപ്പോൾ തങ്ങുന്ന കണ്ടോലിം ഭാഗത്ത് നിന്ന് വിടുകയാണ്.

പഞ്ചിമിൽ നാല് ദിവസം തങ്ങി ഇണങ്ങി വന്നപ്പോളാണ് അവിടം വിട്ടത്. അന്ന് തോന്നിയ ആശങ്കകൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്. നാല് സ്ഥലങ്ങളിലേക്ക് കൂടെ മാറിച്ചേക്കേറുമ്പോൾ തീരാവുന്ന ആശങ്കയേ ഉള്ളൂ അതെല്ലാം. വഴിനീളെ കിടക്കാൻ ഇറങ്ങിത്തിരിച്ചവൻ്റെ ആശങ്കൾക്ക് പുല്ല് വിലയാണെന്ന് മനസ്സിലാക്കൂ നിരക്ഷരാ.
അടുത്ത നാല് കോട്ടകളുടെ ദൂരവും ചരിത്രവുമൊക്കെ കണക്കെടുത്തു. അഗ്വാഡ ജയിലിൽ സന്ദർശകരെ അനുവദിക്കുന്നുണ്ടെന്ന് അറിഞ്ഞു. എങ്കിൽപ്പിന്നെ അതുകൂടെ തീർത്തിട്ടേ ഇവിടം വിടുന്നുള്ളൂ. ഇന്ന് കലാഗ്യൂട്ട് ബീച്ച് വരെ പോയി നോക്കി. 1990 ൽ കോളേജിൽ നിന്ന് സ്റ്റഡി ടൂർ വന്നപ്പോൾ കണ്ട കലാഗ്യൂട്ടല്ല ഇന്നത്തേത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വീർപ്പ് മുട്ടുന്നുണ്ട് ആ കടലോരത്തിന്.

മഴ കാര്യമായി പെയ്യുന്നില്ല. കേരളത്തിൽ പെയ്ത് ബാക്കിയുണ്ടെങ്കിലാണോ കർണ്ണാടകയുടേയും ഗോവയുടേയും തീരങ്ങളിൽ പെയ്യുന്നതെന്നറിയില്ല. ചൂട് കുറഞ്ഞ് കിട്ടിയാൽ യാത്രയ്ക്ക് അൽപ്പം കൂടെ വേഗത വരും. പക്ഷേ, എന്തിനിത്ര വേഗം എന്നതുതൊരു ചോദ്യമായുണ്ട്.

കൊച്ചിയിൽ ആയിരുന്നപ്പോൾ വീടിന് പുറത്ത് എന്തെങ്കിലും അവശ്യത്തിന് പോയി വന്നാൽ ഒന്ന് കുളിച്ച് ശരീരം തണുപ്പിച്ച് അൽപ്പം പകലുറക്കമൊക്കെ നടത്തിയിരുന്നു. എവിടെപ്പോയാലും സ്ഥിരമായി കിടക്കുന്ന ഇടത്തെത്തിയാൽ വളരെ സന്തോഷമായിരുന്നു. ഇതിപ്പോൾ പകലുറക്കം നടക്കുന്നില്ല എന്നേയുള്ളൂ. എവിടെപ്പോയാലും വന്ന് ചേക്കേറുന്നത് സ്ഥിരം കിടക്കുന്ന സ്ഥലത്ത് തന്നെ. തിരികെ കൊച്ചിയിൽ എത്തി, പുറത്തൊരാവശ്യത്തിന് പോയാൽ, വഴിയിൽ എവിടെയെങ്കിലും തൂങ്ങിപ്പിടിച്ച് നിൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഒരു കാര്യം പറയാൻ മറന്നു. വാഹനത്തിൽ രണ്ട് പ്രാവശ്യം മോഷണശ്രമം നടന്നു. ആദ്യത്തേത് എൻ്റെ തോന്നലാകും എന്നാണ് കരുതിയത്. പനാജിയിൽ കൺസപ്ഷൻ ചർച്ചിൻ്റെ പാർക്കിങ്ങിൽ വാഹനമിട്ട് ഒരു കാര്യത്തിന് പോയി വന്നപ്പോൾ ഗ്രില്ല് പിടിപ്പിച്ച ചില്ല് നീങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഗ്രില്ല് തുറക്കാൻ പറ്റാത്തതുകൊണ്ടോ ഞാൻ തക്കസമയത്ത് മടങ്ങിവന്നതുകൊണ്ടോ മോഷണം പൂർത്തിയായില്ല. ടൂറിസ്റ്റുകൾ കൂടുതൽ ഉള്ളയിടങ്ങളിൽ മോഷ്ടാക്കളും തട്ടിപ്പുകാരും കൂടുതൽ ഉണ്ടാകുക സ്വാഭാവികം.

രണ്ടാമത്തെ മോഷണ ശ്രമം, മൂന്ന് ദിവസം മുൻപ് കോഫീ ഡേയ്ക്ക് മുന്നിൽ ഉറങ്ങുമ്പോളാണ്. എത്ര ഗാഢമായ ഉറക്കത്തിലാണെങ്കിലും അസ്വാഭാവികമായ ഒരനക്കം കേട്ടാൽ ഞാനുണരും. ഉത്സവപ്പറമ്പ് പോലെ ബഹളമയമായ സ്ഥലങ്ങളിൽ കിടന്ന് സുഖസുന്ദരമായി ഉറങ്ങാനും എനിക്കാകും. വെളുപ്പിന് 4 മണി ആയിക്കാണും. എന്തോ അനങ്ങിയത് പോലെ തോന്നിയതുകൊണ്ടാണ് ചാടി എഴുന്നേറ്റത്. ഗ്രില്ലിനപ്പുറത്തെ ചില്ല് പകുതി നീക്കി മഞ്ഞ ടീഷർട്ട് ഇട്ട മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കൈ അകത്തേക്ക് കടത്തിയിട്ടുണ്ട്. ഞാനെഴുന്നേറ്റതും തൊട്ടടുത്ത ഇടവഴിയിലേക്ക് അയാൾ ഓടി മറഞ്ഞു.

രണ്ട് ദിവസം മുൻപ് ഇതേ സ്ഥലത്താണ് വെളുപ്പിന് ഒരാൾ തട്ടിയെഴുന്നേൽപ്പിച്ച് മുറി വേണമോ എന്ന് ചോദിച്ചത്. അയാൾ തന്നെയാണോ ഇയാൾ എന്ന് ഉറപ്പിച്ച് പറയാനാവുന്നില്ല. എന്തായാലും ആ ഭാഗത്തെ കിടപ്പ് സുരക്ഷിതമല്ല. അര കിലോമീറ്റർ മാറി സത്യയുടേയും കൂട്ടരുടേയും ധാബയുള്ളപ്പോൾ ഞാനെന്തിനാണ് കോഫീ ഡേ പരിസരത്ത് കിടന്നതെന്ന് പിടികിട്ടുന്നില്ല.

എന്തായാലും ഇനിയുള്ള രാത്രികളിൽ ലാപ്പ് ടോപ്പ് ബാഗ് മാത്രം കിടയ്ക്കയ്ക്ക് അടിയിൽ ഒളിപ്പിക്കേണ്ടിയിരിക്കുന്നു. മുഷിഞ്ഞ തുണികൾ വെക്കുന്ന ബാഗ് ജനലിൻ്റെ പരിസരത്ത് വെക്കാം. മോഷ്ടാക്കൾ കൊണ്ടുപോയി അലക്കിയോ അലക്കാതെയോ ഉടുക്കട്ട്.
ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. നിത്യവും ഓടാൻ പോകണമെന്ന ആഗ്രഹം തുടങ്ങിവെക്കാൻ പോലും പറ്റിയിട്ടില്ല. പക്ഷേ 2 കിലോഗ്രാം ഭാരം അല്ലാതെ തന്നെ കുറഞ്ഞിട്ടുണ്ട്.

ഒരു മാസം ആകുമ്പോൾ ഇതുപോലൊരു കുറിപ്പ് ഇനിയും എഴുതിക്കൂടെന്നില്ല. പ്രത്യേകിച്ച് സംഭവവികാസങ്ങൾ ഒന്നുമില്ലെങ്കിൽ എഴുതുന്നുമില്ല.

വാൽക്കഷണം:- ഗോവ തീർത്തിട്ട് അടുത്ത സംസ്ഥാനം തുടങ്ങുന്നതിന് മുന്നേ എനിക്ക് വേണുച്ചേട്ടനെ (ക്യാമറാമാൻ) ഒന്ന് കണ്ട് സംസാരിക്കണം. മുൻപരിചയം ഇല്ലാത്തതുകൊണ്ട് ഇത് വായിക്കുന്ന അദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലും ഒന്ന് മുട്ടിച്ച് തന്നാൽ അക്കാര്യം എളുപ്പമായി.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home