Monthly Archives: July 2023

കൊമ്പൂച്ചയും ബാർബറയും


22
കൊമ്പൂച്ച ഡ്രിങ്കിനെപ്പറ്റി ഞാൻ മുൻപ് അവ്യക്തമായി എന്തോ ഒന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ കാര്യമായൊന്നും പിടിയുണ്ടായിരുന്നില്ല, ഇന്ന് രാവിലെ വരെ. ഇപ്പോഴുമില്ല.

ഇൻ്റർനെറ്റിൽ പരതിയാൽ കിട്ടുന്ന കൊമ്പൂച്ച വിവരങ്ങൾ താഴെക്കാണും പ്രകാരമാണ്.

Kombucha is a fermented, lightly effervescent, sweetened black tea drink commonly consumed for its purported health benefits. Sometimes the beverage is called kombucha tea to distinguish it from the culture of bacteria and yeast. Juice, spices, fruit or other flavorings are often added. Kombucha is produced by symbiotic fermentation of sugared tea using a symbiotic culture of bacteria and yeast (SCOBY) commonly called a “mother” or “mushroom”.

സുഹൃത്ത് വഹീദയാണ് Wahida Shamsudhin ഗോവയിൽ നിന്ന് വരുമ്പോൾ കൊമ്പുള്ള നാല് കൊമ്പൂച്ചയെ കൊണ്ടുവരണമെന്ന് പറഞ്ഞത്. ഇപ്പറഞ്ഞ കൊമ്പൂച്ച ബാക്ടീരിയ ഇരുന്ന് പെരുകുമ്പോൾ അതിൽ നിന്ന് അൽപ്പാൽപ്പം കൊമ്പൂച്ച ഡ്രിങ്ക് ഉണ്ടാക്കാൻ പറ്റുമത്രേ?

ഞാൻ ഒന്നുരണ്ട് വൈൻ ഷോപ്പുകളിൽ കയറി കൊമ്പൂച്ച ഡ്രിങ്ക് ഉണ്ടോയെന്ന് ചോദിച്ചു. അവർ കേട്ടിട്ടുണ്ടെങ്കിലല്ലേ ? വേറേ കുറേ മദ്യക്കുപ്പികൾ അവർ കൊണ്ടുവന്ന് കാണിച്ചു. “പൊന്ന് ബ്രദർ കൊമ്പൂച്ച മദ്യമല്ല, മദ്യക്കടയിൽ ചോദിച്ചത് മിയാ കുൾപ്പ” എന്ന് പറഞ്ഞ് അവിടന്ന് കഴിച്ചിലായി.

ഒന്നാമത് നമ്മൾക്കിതിനെപ്പറ്റി കാര്യമായി അറിയില്ല, മുൻപ് ഇത് കുടിച്ചിട്ടില്ല, പിന്നെങ്ങനാണ് വേറാർക്കെങ്കിലും പറഞ്ഞ് കൊടുക്കുക?

“ഐറ്റം ഗോവയിൽ എവിടെ കിട്ടുമെന്ന് പറഞ്ഞാൽ സംഘടിപ്പിച്ച് കൊണ്ടുവരാം. ഇന്നാട്ടുകാർക്ക് പോലും കാര്യമായി അറിയാത്ത സാധനം, അതേപ്പറ്റി സമ്പൂർണ്ണ നിരക്ഷരനായ ഞാൻ തപ്പി കണ്ടുപിടിച്ച് കൊണ്ടുവരുന്നത് നടക്കുന്ന കാര്യമല്ല.” ഞാൻ വഹീദയ്ക്ക് മറുപടി കൊടുത്തു.

വഹീദ ഉടനെ തൻ്റെ അന്താരാഷ്ട്ര ബന്ധങ്ങളെ, ഗോവൻ കൊമ്പൂച്ച മാഫിയയുമായി ഇടപെടുത്തി കൊമ്പൂച്ച കിട്ടുന്ന സ്ഥലത്തിൻ്റെ ഗൂഗിൾ മാപ്പ് അയച്ചു തന്നു. എൻ്റെ അവസാന ക്യാമ്പിൽ നിന്ന് വെറും 10 കിലോമീറ്റർ ദൂരം മാത്രം കൊമ്പൂച്ചയുടെ ആസ്ഥാനത്തേക്ക്. വാഹനം അങ്ങോട്ട് പുറപ്പെട്ടു.

ഇനിയൊരു സംഭവകഥ പറയാം. അഥവാ ഇനിയങ്ങോട്ടാണ് കൊമ്പൂച്ചക്കഥ കൊഴുക്കുന്നത്.

ബാർബർ ബ്ലാക്ക്ഫിഷർ ജർമ്മൻകാരിയാണ്. കുറെക്കാലം സ്വിസ്സർലാൻ്റിൽ ജോലി ചെയ്തിരുന്നു. അന്നാട്ടിലെ ജോലി എന്ന് പറയുമ്പോൾ പാല്, തൈര്, ചീസ്, ബട്ടർ എന്നിങ്ങനെ ഏതെങ്കിലും ഡയറി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ആരെങ്കിലും ഊഹിച്ചാൽ തെറ്റിയിട്ടില്ല.

20 വർഷം മുൻപ് ബാർബറ ഗോവയിൽ വന്ന് കുറച്ചുനാൾ തങ്ങി. പിന്നീട് ജർമ്മനിയിൽ നല്ല തണുപ്പുള്ള ദിവസങ്ങളിൽ ഗോവയിൽ വന്ന് അവധി ചിലവഴിച്ച് പോകാൻ തുടങ്ങി. അക്കാലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു പതിവ്. ആ ദിവസങ്ങളിൽ പരിചയക്കാർക്കും അയൽക്കാർക്കും സുഹൃത്തുക്കൾക്കും വേണ്ടി സ്വിസ്സർലാൻ്റിൽ ചെയ്യുന്ന ജോലി ഇവിടെ പരീക്ഷിച്ച് നോക്കി. എന്നുവെച്ചാൽ അൽപ്പസ്വൽപ്പം യൂറോപ്യൻ സ്റ്റൈലിലുള്ള ചീസുകൾ ഉണ്ടാക്കി കൂട്ടുകാർക്ക് കൊടുക്കാൻ തുടങ്ങി.

ബാർബറയുടെ ചീസിൻ്റെ പ്രത്യേകതയും രുചിയും കേട്ടറിഞ്ഞ് അതിന് ആവശ്യക്കാർ വർദ്ധിച്ചു. അധികം ആൾക്കാർക്ക് ചീസ് ഉണ്ടാക്കിക്കൊടുക്കണമെങ്കിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചാലേ പറ്റൂ. അതിലേക്കായി ബാർബറ The Happy Cow എന്ന പേരിൽ ഒരു കമ്പനി തുടങ്ങി.

ആദ്യത്തെ 5 വർഷം ബാർബറ ജർമ്മനിയിലേക്ക് പോകുകയും അവിടെയും ഇവിടെയുമായി ജീവിച്ച് പോരുകയും ചെയ്തു. കഴിഞ്ഞ 15 വർഷമായി ജർമ്മനിയിലേക്ക് അധികദിവസം പോയി തങ്ങാൻ ബാർബറയ്ക്ക് കഴിയാറില്ല. ‘ഹാപ്പി കൗ‘ കൂടുതൽ ഹാപ്പിയായത് തന്നെ കാരണം. അര ഡസൺ ഗോവക്കാർക്ക് ജീവിതമാർഗ്ഗം നൽകുന്ന കമ്പനി കൂടെയാണിന്ന് ഹാപ്പി കൗ. ആ തിരക്കിനിടയ്ക്ക് ബാർബറ എങ്ങനെ ജർമ്മനിക്ക് പോകാൻ? ബാർബറ ഗോവയിൽ സുഖമായി, സന്തോഷത്തോടെ അവിവാഹിതയായി ജീവിക്കുന്നു.

എന്നുവെച്ച് ബാർബറ, ഹാപ്പി കൗ മാത്രം നോക്കി നടത്തി എങ്ങും പോകാതെ ഗോവയിൽത്തന്നെ കഴിയുകയാണെന്ന് കരുതരുത്. സുഹൃത്തിനൊപ്പം ഡൽഹിയിൽ ചെന്ന് ബൈക്ക് സംഘടിപ്പിച്ച് ഇന്ത്യ മുഴുവൻ ചുറ്റിയടിച്ചിട്ടുണ്ട് ബാർബറ. ഒന്നും രണ്ടും ആഴ്ച്ചയൊന്നുമല്ല 6 മാസമായിരുന്നു ബാർബറയുടെ ആ ഇന്ത്യൻ പര്യടനം.

ആദ്യം ഡൽഹിയിൽ നിന്ന് ഒരു ബൈക്ക് വാങ്ങുന്നു. അതോടിച്ച് കൽക്കട്ടയിലേക്ക് കടക്കുന്നു. അവിടന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കറങ്ങിയ ശേഷം ആന്ധ്രയിലേക്ക്. അവിടന്ന് കർണ്ണാടക, തമിഴ് നാട്, കേരളം, വീണ്ടും കർണ്ണാടക, ഗോവ, മുംബൈ, ഗുജറാത്ത് അങ്ങനെയങ്ങനെ ഒരുവിധം ഇന്ത്യ മുഴുവൻ കറങ്ങി. പഞ്ചാബും കാശ്മീരും മാത്രമാണ് പോകാൻ പറ്റാതിരുന്നതെന്ന് പറയുമ്പോൾ ബാർബറയ്ക്ക് സങ്കടം. അവസാനം ഡൽഹിയിൽ തിരിച്ചെത്തി ബൈക്ക് അവിടെ വിറ്റ്, ഗോവയിലേക്ക് മടങ്ങി.

എനിക്ക് തോന്നിയത്, യൂറോപ്യന്മാരുടെ അല്ലെങ്കിൽ പാശ്ചാത്യരുടെ രക്തത്തിൽ ദീർഘരൂര സഞ്ചാരത്തിൻ്റെ അവിഭാജ്യ ഘടകം എന്തോ ഒന്ന് ജന്മനാ അലിഞ്ഞ് ചേർന്നിട്ടുണ്ട് എന്നാണ്. അതിൽത്തന്നെ കൊടുംഭീകരന്മാരായ സഞ്ചാരികൾ പുതിയ പുതിയ ഭൂഖണ്ഡങ്ങൾ തന്നെ കണ്ടുപിടിച്ചു. യൂറോപ്പിലെ കൊച്ചു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പലോടിച്ച് പറങ്കികളും ലന്തക്കാരും ബിലാത്തികളും, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് കച്ചവടത്തിനെന്നും പറഞ്ഞ് ഇറങ്ങി, കച്ചവടക്കലവറ തന്നെ പിടിച്ചടക്കി. നമ്മളിൽ എത്ര ഇന്ത്യക്കാർ പോയി അജ്ജാതി കടുംവെട്ടിന് ?

വിഷയം മാറിപ്പോയല്ലോ ? എന്താ പറഞ്ഞുവന്നത്… ? ങ് ഹാ… ജർമ്മനിക്കാരി ബാർബറയുടെ ഗോവൻ ജീവിതം. അല്ലാ അവരുടെ ജീവിതം എന്തിനാ ഇവിടെ പറയുന്നത് ? നമ്മൾ കൊമ്പൂച്ചയുടെ കാര്യമായിരുന്നില്ലേ പറഞ്ഞ് തുടങ്ങിയത് ?

ങ് ഹാ… പിടികിട്ടി. നമുക്ക് ട്രാക്കിലേക്ക് വരാം.

ബാർബറയുടെ ‘ദ ഹാപ്പി കൗ‘ എന്ന സ്ഥാപനത്തിൻ്റെ മുന്നിലാണ് ഗൂഗിൾ മാപ്പ് എന്നെ കൊണ്ടെത്തിച്ചത്. ബാർബറയുടെ സ്ഥാപനത്തിലാണ് കൊമ്പൂച്ചയും കൊമ്പൂച്ച ഡിങ്കുകളും ഉള്ളത്.

1966ൽ ഉണ്ടാക്കിയ ഓടിട്ട ഒരു ഒറ്റനില കെട്ടിടത്തിലാണ് ഹാപ്പി കൗ പ്രവർത്തിക്കുന്നത്. ബാർബറ തന്നെയാണ് എന്നെ സ്വീകരിച്ചത്. ഇവിടെത്തന്നെയാണോ കൊമ്പൂച്ച ഉള്ളതെന്ന് ഉറപ്പൊന്നും എനിക്കില്ല. കാര്യം പറഞ്ഞപ്പോൾ നെഗറ്റീവ് മറുപടിയാണ് ബാർബറ തന്നത്. കൊമ്പൂച്ച ഡ്രിങ്ക് എത്ര വേണമെങ്കിലും തരാം. ചീസുകൾ ഏത് തരം വേണമെങ്കിലും തരാം. പക്ഷേ കൊമ്പൂച്ച കോപ്പി വിൽക്കാറില്ല. അത് മദറാണ്. അമ്മയെ ആരും വിൽക്കില്ലല്ലോ ? മാത്രമല്ല കോപ്പി വിൽക്കാൻ പാടില്ല എന്നാണ് വിശ്വാസം. പിന്നീട് നല്ലത് സംഭവിക്കില്ല പോലും. സായിപ്പന്മാർക്കും മദാമ്മമാർക്കും നമ്മൾ ഇന്ത്യക്കാരെപ്പോലെ അന്ധവിശ്വാസങ്ങളോ? എനിക്ക് മനസ്സിലാകുന്നില്ല മാഡം.

എനിക്ക് പക്ഷേ കൊമ്പൂച്ചയില്ലാതെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് അപ്പുറത്തുള്ള കേരളത്തിലേക്ക് കടക്കാനാവില്ല. വഹീദയുടെ മാഫിയ അത്രയ്ക്ക് ശക്തമാണ് മദ്ധ്യകേരളത്തിൽ. കാക്കനാട് ഭാഗത്ത് സമാധാനപരമായ ജീവിതം പിന്നെ സാദ്ധ്യമല്ല. കള്ള്, കഞ്ചാവ്, കൊമ്പൂച്ച മാഫിയക്കാരോട് കൂട്ട് കൂടിയാൽ ജീവിതം തൊലഞ്ഞത് തന്നെ. വേണമെങ്കിൽ അഞ്ചാറ് കിലോഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളം വഴിയോ എംബസി വഴിയോ കടത്തിക്കോളൂ. കുഴപ്പമില്ല.

ഞാൻ ബാർബറയുടെ വീഴ്ത്താനുള്ള സകല അടവുകളും പയറ്റി. ഇന്ത്യയിലും അത്യാവശ്യം യൂറോപ്പിലുമൊക്കെയുള്ള ചില സംഭവങ്ങൾ എടുത്ത് വീശി. സ്വിസ്സ് താഴ്വരയിൽ പുല്ല് തിന്ന് കൊഴുത്ത് നിൽക്കുന്ന സ്വിസ്സ് പശുക്കളെ മിസ്സാകുന്നില്ലേ നിനക്ക് ബാർബറേ എന്ന് ചോദിച്ചു. നിന്ന നിൽപ്പിൽ ഗോവയിലെ എല്ലാ കോട്ടകളുടേയും പേര് പറഞ്ഞു കൊടുത്തു. അങ്ങനെയങ്ങനെ, അവസാനം ബാർബറ വീണു. അൽപ്പം കൊമ്പൂച്ച മദറിനെ അഥവാ കോപ്പിയെ എനിക്ക് തരാമെന്നായി. പക്ഷേ വിൽക്കില്ല. പണം വാങ്ങില്ല. അമ്മയെ വിൽക്കാൻ പറ്റില്ല എന്ന് ഒരേ വാശി. വെറുതെ കിട്ടിയാൽ വിഷവും പൊതിഞ്ഞുകൊണ്ട് പോരുന്ന മലയാളി ജനുസ്സുള്ള എൻ്റെ മുഖത്തപ്പോൾ വന്ന സന്തോഷം പാടുപെട്ടാണ് ഞാൻ മറച്ചത്.

എന്തിനധികം പറയുന്നു. കൊമ്പൂച്ചയെ പാക്കറ്റിലാക്കി ബാർബറ എനിക്ക് തന്നു. എങ്ങനെ സുരക്ഷിതമായി പെരിയാറിനപ്പുറം എത്തിക്കണമെന്നുള്ള നിർദ്ദേശവും തന്നു. കൂട്ടത്തിൽ ഞാൻ കുറച്ച് ഗംഭീര ചീസ് കട്ടകളും 2 ലിറ്റർ കൊമ്പൂച്ച ഡ്രിങ്കും കൂടെ വാങ്ങി.

വഹീദ അധികം വൈകാതെ ആലുവ മണപ്പുറത്ത് കൊമ്പൂച്ച ഡ്രിങ്കിൻ്റെ കട തുടങ്ങുമെന്നും അന്ന് ഏറ്റവും കുറഞ്ഞത് എറണാകുളം ജില്ലക്കാർക്ക് ബലിയിടാൻ പോകുന്ന സമയത്തെങ്കിലും കൊമ്പൂച്ച സൗജന്യമായി കുടിച്ചിട്ട് പോരാൻ പറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. (ആത്മഗത്:- ഇങ്ങനെ വേണം നമുക്ക് പണി തരാൻ വരുന്ന കൊമ്പൂച്ച മാഫിയയ്ക്ക് അങ്ങോട്ട് പണി കൊടുക്കാൻ.)

മലയാളിയോ ഇന്ത്യക്കാരനോ വികസിത രാജ്യങ്ങളിൽ ചേക്കേറുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ, വികസിത രാജ്യങ്ങളിൽ ജനിച്ച് വളർച്ച് ജോലി ചെയ്ത് പോന്നിരുന്ന മനുഷ്യർ കുറച്ച് കഴിയുമ്പോൾ, കാലാവസ്ഥ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും അവർ അതുവരെ കഴിഞ്ഞിരുന്നതിനേക്കാൾ അസൗകര്യമുള്ള രാജ്യങ്ങളിൽ ചെന്ന് ബാക്കിയുള്ള ജീവിതം മുന്നോട്ട് നീക്കുന്നത് എന്തോ എനിക്കങ്ങോട്ട് പിടികിട്ടുന്നില്ല. പ്രത്യേകിച്ച് ബാർബറയുടെ കാര്യം. ഒരു ജീവിത പങ്കാളിപോലും ഇല്ലാതെയാണ് ഇന്ത്യയിൽ 20 വർഷം അവർ ജീവിച്ചത്. ഇനിയും ജീവിക്കാൻ പോകുന്നത് ഇവിടെത്തന്നെ. സ്ഥാപനത്തിൽ നിന്ന് നടന്ന് പോകാവുന്ന ദൂരത്തുള്ള സ്വന്തം വീട്ടിലാണിപ്പോൾ ബാർബറ കഴിയുന്നത്

ചുമ്മാ, എനിക്ക് വിശ്വാസമില്ലാത്ത ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ബാർബറയുടെ ‘ഹാപ്പി കൗ‘ സ്ഥാപനത്തിൻ്റെ തൊട്ടടുത്ത് ഒരു ആക്രിക്കടയുണ്ട്. എനിക്ക് ഭാവിയിൽ ആവശ്യം വരുമെന്ന് ഉറപ്പുള്ള ഒരു ഗോവൻ സോവനീർ ഞാനവിടെ നോട്ടമിട്ടിട്ടുണ്ട്. ആ കടയുടെ പേർ എന്തുകൊണ്ടാണ് ‘കർമ്മ‘ എന്നായത് എന്നും എനിക്കറിയില്ല.