ജൂൺ 8ന് തൃശൂർ ജില്ലയിൽ നിന്ന് ആരംഭിച്ച GIE ഗോവൻ യാത്ര, ഇന്ന് ജൂലായ് 8 ആകുമ്പോൾ ഒരു മാസം പൂർത്തിയാക്കുന്നു.
30 വ്യത്യസ്ത ദിനങ്ങൾ. ഞാനിതുവരെ ഒറ്റയ്ക്ക് ചെയ്തിട്ടുള്ള ഏറ്റവും ദൈർഘ്യമുള്ള യാത്രയാണിത്.
ഒറ്റയ്ക്കല്ലാതെ ഞാൻ ചെയ്തിട്ടുള്ള ഏറ്റവും ദൈർഘ്യമുള്ള യാത്ര, 38 ദിവസത്തെ GIE തെലങ്കാന യാത്രയാണ്. ഗോവയിൽ ഇനിയും ചില ദിവസങ്ങൾ കൂടെ തങ്ങേണ്ടി വരും ഉദ്ദേശിച്ച കാര്യങ്ങൾ 80% എങ്കിലും തീർക്കണമെങ്കിൽ. അങ്ങനെയെങ്കിൽ 38 ദിവസം എന്ന റെക്കോർഡ് ഭേദിക്കപ്പെടാൻ സാദ്ധ്യതയുണ്ട്.
തകർന്നതോ തകരാത്തതോ ആയ കോട്ടകൾ എല്ലാം കാണാൻ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, …..
1. ‘അഞ്ചേദിവ എന്ന കോട്ട, പാലം വഴി ബന്ധിപ്പിക്കപ്പെടാത്ത അതേ പേരുള്ള ഒരു ദ്വീപിലാണ് നിൽക്കുന്നത്. മഴ ആയതുകൊണ്ട് അങ്ങോട്ടിപ്പോൾ ബോട്ട് മാർഗ്ഗം പോകാൻ അനുവദിക്കുന്നില്ല. ആ കോട്ട കാണാൻ മഴയില്ലാത്ത സമയത്ത് വീണ്ടും ഗോവയിൽ വരണമെന്ന് സാരം. കാമുകിയുടെ വീട്ടിൽ കുട മറന്നുവെച്ചിട്ട് വീണ്ടും പോകുന്ന എൻ്റെ ഒരു തിയറി ഉണ്ട്. ആ ഏർപ്പാടല്ലാതെ തന്നെ, അഞ്ചേദിവ കാരണം പറഞ്ഞ് എനിക്കിനിയും ഗോവയിൽ വരാം.
2. മർമുഗാവ് ഗോവയുടെ പ്രധാനപ്പെട്ട തുറമുഖമാണ്. അത്തരത്തിൽ ഒരു തുറമുഖം ഏഷ്യയിൽ എങ്ങും മുൻപുണ്ടായിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. തുറമുഖം അങ്ങനെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പക്ഷേ, അത്രയും തന്നെ പ്രാധാന്യമുള്ള കോട്ടയും ആ ഭാഗത്തുണ്ടായിരുന്നു, ഒരു കാലത്ത്. ഗൂഗിൾ മാപ്പിൽ അടിച്ചാൽ ഇപ്പോഴും കോട്ട കാണിക്കും. ഞാനത് പിന്തുടർന്ന് മർമുഗാവിന് വിട്ടു. ഒരു മണിക്കൂർ യാത്ര കൊണ്ടെത്തിച്ചത് ഗോവയുടെ മാലിന്യക്കൂമ്പാരത്തിൽ!! അതെ മർമുഗോവ് കോട്ടയുടെ ഒരവശിഷ്ടം പോലും എത്ര ആഗ്രഹമുള്ളവനും കണ്ടെത്താൻ പറ്റാത്ത കണക്കിന് അതൊരു മാലിന്യം തള്ളുന്ന ഇടമായി മാറിയിരിക്കുന്നു. ഗോവയുടെ വിളപ്പിൽശാല, ഗോവയുടെ ഞെളിയൻ പറമ്പ്, ഗോവയുടെ ബ്രഹ്മപുരം!! കോട്ട തിരഞ്ഞ് പോയവൻ മാലിന്യക്കൂമ്പാരത്തിൽ.
കോട്ട നിന്നിരുന്നത് ഒരു കുന്നിൻ്റെ മുകളിലുള്ള മുനമ്പിലായിരുന്നു. അവിടന്ന് കടലിലേക്ക് മാലിന്യം തള്ളിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇത്രയും സഞ്ചാരികൾ വന്ന് മറിയുന്ന ഗോവയുടെ മാലിന്യം മുഴുവൻ എവിടെ സംസ്ക്കരിക്കുന്നു എവിടെ തള്ളുന്നു എന്ന ചോദ്യത്തിനുത്തരം കൂടെയാണ്, അവശിഷ്ടമായി ഒന്നും ബാക്കിയില്ലാത്ത മർമുഗാവ് കോട്ട.
മുഴുവൻ അക്കമിട്ട് പറയാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ പിടിതരാതെ നിൽക്കുന്ന ചില കോട്ടകളെ പിന്നിൽ വിട്ടിട്ടായിരിക്കും അടുത്ത സംസ്ഥാനത്തേക്ക് കടക്കുക. ഇന്ത്യയിൽ മൊത്തമുള്ള 798 കോട്ടകളിൽ 600 എണ്ണമെങ്കിലും കാണാനാകുമോ ഇങ്ങനെ പോയാൽ എന്ന ആശങ്കയുണ്ട്. പറ്റുന്നത്രയും കാണുക. കോട്ട മാലിന്യക്കൂമ്പാരമായതും ഇല്ലാതായതുമൊന്നും എൻ്റെ കുറ്റമല്ലല്ലോ ?
3. ഗംഭീരമായ ഒരു ഗോവൻ കോട്ടയുടെ ചരിത്രം തപ്പിയെടുത്തിട്ടുണ്ട്. അത് കാണുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ അങ്ങനെ എപ്പോഴും എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു കോട്ടയല്ലത്. ഞാൻ കണ്ടാലും മറ്റൊരാൾക്ക് അത് കാണാൻ പറ്റണമെന്നില്ല. തൽക്കാലം അതിൻ്റെ പേര് ഞാൻ പറയുന്നില്ല. അതൊരു സസ്പെൻസ് ആയി നിൽക്കട്ടെ. ആ കോട്ടയ്ക്കകത്ത് കടന്നു കഴിഞ്ഞ് ദൃശ്യങ്ങൾ പകർത്തിക്കഴിഞ്ഞാൽ, ബാക്കിയുള്ള കാര്യങ്ങളൊക്കെ എൻ്റെ സൗകര്യം പോലെ തീർത്ത് ഗോവ വിടാം.
മഴ ശരിക്കും പണി തന്നു. ഒരു രാത്രി വണ്ടിക്കകത്ത് നന്നായി വെള്ളം കയറി. അതിൻ്റെ ഉത്ഭവം തേടിപ്പോകണമെങ്കിൽ വാഹനം കേരളത്തിൽ എത്തിക്കണം. എന്തായാലും ഒരു ബാഗും അതിനകത്തുള്ള മുഴുവൻ വസ്ത്രങ്ങളും നനഞ്ഞു. ഈ മഴക്കാലത്ത് എവിടന്ന് ഉണക്കിയെടുക്കാൻ! ശരിക്കും പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ? പക്ഷേ, രാജസ്ഥാൻ ദാബയിലെ സത്യയും കൃഷ്ണയും രക്ഷയ്ക്കെത്തി. അത് മൊത്തം മൂന്ന് ദിവസം കൊണ്ട് അവരുടെ മുറികളിലിട്ട് ഉണക്കിത്തന്നു. മൂന്നാലെണ്ണം വണ്ടിയിട്ട് ഉണക്കാമെന്ന എൻ്റെ തീരുമാനം മണ്ടത്തരമായിരുന്നു. വെയിൽ ഉണ്ടങ്കിലല്ലേ എവിടെ ഇട്ടാലും തുണി ഉണങ്ങൂ. ഏസി ഇട്ട് ഓടുന്ന വാഹനത്തിൽ തുണി എവിടന്നുണങ്ങാൻ? വണ്ടിയിൽ ആകെ വാട. വാഹനത്തിൽ ജലാശം നിന്നാൽ ജലദോഷമോ ഫ്ലൂ വരെയോ പിടിപെടാം. ആരോഗ്യം ഒരുതരത്തിലും ബലികഴിക്കാനാവില്ല ഈ യാത്രയിൽ. അതേത് മണ്ടൻ തീരുമാനത്തിൻ്റെ പേരിലായാലും.
തുണികൾ പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്ന് മാറ്റി. മഴക്കാലത്ത് വീട്ടിലായാലും മോട്ടോർ വീട്ടിലായാലും തുണി ഉണക്കുന്നത് ഒരു കടമ്പ തന്നെ. അടിവസ്ത്രം ധോബിക്ക് കൊടുക്കാനാവില്ല. ഗോവയിൽ കിട്ടിയത് പോലെ എല്ലായിടത്തും ധോബിയെ കിട്ടണമെന്നുമില്ല. അടിവസ്ത്രം ഉണക്കാനായി വണ്ടിയുടെ ചില്ലിൻ്റെ ഗ്രില്ലുകൾക്കിടയിൽ ഒരു അഴ വലിച്ച് കെട്ടിയിട്ടുണ്ട്. ഇപ്പോഴാണ് ബൊലേറോ ശരിക്കുമൊരു മോട്ടോർ ഹോം ആയത്. മഴക്കാലത്ത് നടത്താൻ പറ്റിയ പണിയല്ല GIE എന്നതാണ് രത്നച്ചുരുക്കം. മഴയില്ലാത്ത സമയം നോക്കി ഓരോ സംസ്ഥാനങ്ങളിലേക്കും കടക്കുക തന്നെ.
ഇങ്ങനെയൊക്കെ ആണെങ്കിലും മഴയത്ത് ആടകളൊക്കെ നനഞ്ഞൊട്ടിയപ്പോൾ പൊതുവെ സുന്ദരിയായ ഗോവ ഒരൽപ്പം മദാലസ ആയിട്ടുണ്ടെന്നതിൽ ഒരു സംശയവും വേണ്ട. നാല് പ്രാവശ്യം സീസണിൽ ഗോവയിലേക്ക് വരുമ്പോൾ ഒരു പ്രാവശ്യമെങ്കിലും സഞ്ചാരികൾ ഓഫ് സീസണിൽ, കൃത്യമായി പറഞ്ഞാൽ മഴക്കാലത്ത് ഗോവയിലേക്ക് ബാഗെടുക്കണം.
കുറച്ച് വിത്തുകൾ (ആത്ത, സപ്പോട്ട) കൈയിലുണ്ടായിരുന്നത് അവിടവിടെ വീശിയെറിഞ്ഞിട്ടുണ്ട്. ഒരെണ്ണമെങ്കിലും മുളച്ച് പിടിച്ച് കിട്ടിയാൽ അതിൽപ്പരം സന്തോഷം വേറെയില്ല. പക്ഷേ അത് ഞാനെങ്ങനെ അറിയാൻ?!
ആരോഗ്യം സത്യത്തിൽ കൊച്ചിയിൽ കറങ്ങി നടക്കുമ്പോൾ ഉള്ളതിനേക്കാൾ ഭേദമാണിപ്പോൾ. ചുവരങ്ങനെ ചിത്രമെഴുതാൻ പാകത്തിന് നിന്ന് കിട്ടിയാൽ ഈ യാത്ര അറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.
കാരവാൻ തിയറിയും പ്രാക്റ്റിക്കലും വേവ്വേറെ ആണെന്ന് മനസ്സിലായി. വാഹനത്തിലുള്ള പകുതി സാധനങ്ങൾ കൊച്ചിയിൽ കൊണ്ടുപോയി കളയാനായി ഗോവയിൽ നിന്ന് കൊച്ചിക്ക് തന്നെ മടങ്ങും. അവിടന്നായിരിക്കും അടുത്ത സംസ്ഥാനം പിടിക്കുക. മോഷണശ്രമം നടന്ന ചില്ലുകൾ താഴിട്ട് പൂട്ടുന്ന എന്തെങ്കിലും സംവിധാനം വണ്ടിയിൽ ചെയ്യണം. ഗോവയിൽ ഇങ്ങനായിരുന്നെങ്കിൽ മറ്റിടങ്ങളിൽ ഇതിലും വലുത് തന്നെ പ്രതീക്ഷിക്കണം.
സുഹൃത്തുക്കൾ ചിലർ കട്ടയ്ക്ക് കൂടെ നിൽക്കുന്നത് ഒരു സന്തോഷം തന്നെയാണ്. മെസ്സേജായും ഫോൺ വിളിയായും പരിചയമുള്ള ഒരാളെ മുട്ടിച്ച് തരുന്ന കാര്യത്തിലായാലും അവർ കാണിക്കുന്ന സ്നേഹം നെഞ്ചോട് ചേർക്കുന്നു.
എന്നിട്ടും നിങ്ങൾ വിചാരിച്ചത് പോലെ ഈ യാത്രയുടെ 20% എങ്കിലും നിങ്ങൾക്ക് പകർന്ന് തരാൻ എനിക്കായിട്ടില്ല എന്നറിയാം. ക്ഷമിക്കുക. ഞാൻ പറഞ്ഞില്ലേ തിയറിയും പ്രാക്റ്റിക്കലും വേവ്വേറെ ആയതിൻ്റെ പ്രശ്നങ്ങളാണ്. ഇതുവരെ ജീവിച്ചിരുന്ന കംഫർട്ട് സോണിൽ നിന്ന് സ്വയം കാലേത്തൂക്കിയെടുത്ത് വെളിയിലിട്ട ഒരുവൻ്റെ അങ്കലാപ്പുകൾക്കിടയിൽ പല തിയറികളും കാറ്റിൽപ്പറന്നു. വീഡിയോകൾക്കടിയിൽ പലരും പല ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഒന്നിനും മറുപടി കൊടുക്കാൻ ആയിട്ടില്ല. പലപ്പോഴും കൃത്യമായ ഇൻ്റർനെറ്റില്ലാത്ത മോട്ടോർ ഹോം ജീവിതത്തിൽ അങ്ങനെ പല കാര്യങ്ങൾക്കും വീഴ്ച്ച സംഭവിക്കുക തന്നെ ചെയ്യും. ഒരു ഗ്യാപ്പ് കിട്ടുമ്പോൾ പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം, ശ്രമിക്കാം.
ഗോവ പോലുള്ള ഒരു സംസ്ഥാനത്ത് വന്നിട്ട് ഇതുവരെ മദ്യം രുചിച്ചിട്ടില്ല. അതിൻ്റെ കാരണങ്ങൾ മുൻപ് ഒരു കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ യാത്രയിൽ മറ്റൊരു ലഹരിയുടെ ആവശ്യമില്ല. അല്ലെങ്കിലും ഞാൻ ലഹരിവിമുക്തനായിരുന്നു. ചില ‘നല്ല സ്വഭാവങ്ങൾ‘ നഷ്ടപ്പെടുന്നത് അംഗീകരിക്കുക തന്നെ.
നല്ല സന്തോഷം തോന്നുന്ന ദിവസങ്ങളിൽ ഗോവൻ ഭക്ഷണം തിരഞ്ഞുപിടിച്ച് കഴിക്കുക എന്നതാണിപ്പോളത്തെ പരിപാടി. ഇന്നലെ പ്രതീക്ഷിക്കാതെ തിവിം കോട്ട കണ്ടെത്തിയപ്പോൾ ചെറിയ സന്തോഷമൊന്നുമായിരുന്നില്ല. ഇന്ന് രണ്ട് കോട്ടകളാണ് കാണാനൊത്തത്. സൻഖിലിം കോട്ടയും പോണ്ട കോട്ടയും.
ആ തിരക്കിനിടയിൽ ഉച്ചയ്ക്ക് ഒന്നും കഴിച്ചിരുന്നില്ല. കഴിക്കാൻ പറ്റിയ ഒരിടവും ആ വഴിയിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കോസ്റ്റൽ ക്രേവിൽ വന്ന് കയറിയത് അൽപ്പം നേരത്തേ ഡിന്നർ കഴിക്കാനാണ്. മഴ കാരണമാകാം, ഞാനല്ലാതെ കസ്റ്റമർ എന്ന് പറയാവുന്ന ആരും എത്തിയിട്ടില്ല. എന്നാലും എനിക്ക് വേണ്ടി ഗായിക പാടി (വീഡിയോ കാണുക). അവൾ ഫിലിപ്പൈൻകാരിയാണ്. 17 വർഷം മുൻപ് ഒരു ഗോവക്കാരനെ മംഗലം കഴിച്ച് ഇന്ത്യക്കാരിയായി പനാജിയിൽ അങ്ങ് കൂടി. അവൾ ഫിലിപ്പെനി ആണെന്ന് പറഞ്ഞതും, ‘കമസ്തക’ എന്ന് എന്റെ ചോദ്യം. ‘മബൂത്തിബൂ’ എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടിയും കിട്ടി.
തമാശ അതൊന്നുമല്ല. നല്ല ഒന്നാന്തരം ഗോവൻ പേരാണ് അവളുടേത്. ഇൻസ്റ്റഗ്രാമിൽ അവളത് കാണിച്ച് തരുന്നത് വരെ ‘മീരാമാർ’ എന്ന അവളുടെ പേര് ഞാൻ വിശ്വസിച്ചില്ല. അബുദാബിലെ സഹപ്രവർത്തകരായിരുന്ന ബെസ്സ്, ജീ, ജീസൺ എന്നിവരെയെല്ലാം പെട്ടെന്ന് ഓർമ്മ വന്നു.
ഇന്ന് വാരാന്ത്യമാണ്. കോസ്റ്റൽ ക്രേവിൽ ഇരുന്നാണ് ഇതെഴുതുന്നത്. പാട്ടും കൂത്തും ഡാൻസുമില്ലാതെ ഗോവയിൽ ഒരു വാരാന്ത്യമില്ല. തെരുവിലെ മിക്കവാറും എല്ലാ റസ്റ്റോറൻ്റുകളിലും ലൈവ് സംഗീതവും കസ്റ്റമേർസിൻ്റെ നൃത്തവും പൊടിപൊടിക്കുന്നുണ്ട്. എന്തൊരു സംസ്ഥാനമാണിത്? എന്തൊരു നഗരമാണിത്? എന്തൊരു മനുഷ്യരാണ് ഇത് ?
ഞാനൊന്ന് ആഞ്ഞ് പുണരട്ടെ ഗോവയെന്ന ഈ തുടിക്കുന്ന ജീവിതത്തെ. എന്നിട്ട് കുറച്ച് പാട്ടുകൾ വാഹനത്തിലെ ബ്ലൂ ടൂത്ത് സ്പീക്കറിൽ പാടാനുള്ള ഏർപ്പാട് ചെയ്ത് ഈ തെരുവിൻ്റെ ഓരത്ത് എൻ്റെ കിടക്കയിലേക്ക് മറിയട്ടെ.