ചിത്രദുർഗ്ഗ ജില്ല വിടുന്നതിന് മുൻപ് പോകാനുണ്ടായിരുന്ന അവസാന ഇടമാണ് ജോഗിമഠി. പട്ടണത്തിന് സമീപമുള്ള ഉയരമുള്ള ഒരു മല നിറഞ്ഞ് നിൽക്കുന്ന കാടാണത്. 10,000 ഹെക്ടറിന് മുകളിൽ വരുന്ന റിസർവ്വ് ഫോറസ്റ്റ് പ്രദേശം. പട്ടണത്തിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം ദൂരം.
ഗേറ്റിൽ വാഹനത്തിന് 50 രൂപയും സന്ദർശകർക്ക് 25 രൂപയും നൽകണം. അവിടന്നങ്ങോട്ട് മലകയറിക്കൊണ്ടിരിക്കുന്ന വളഞ്ഞുപുളഞ്ഞ പാത മിക്കവാറും പൊട്ടിപ്പൊളിഞ്ഞതാണ്. വഴിയോരത്ത് ആ കാട്ടിലുള്ള പക്ഷിമൃഗാദികളുടെയൊക്കെ പടങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പുലി, കരടി, മാൻ, ആമ, മുയൽ, മുള്ളൻപന്നി, ഈനാമ്പേച്ചി എന്നിങ്ങനെ പോകുന്നു മൃഗങ്ങളുടെ ലിസ്റ്റ്. പക്ഷികളുടെ വിവരങ്ങളും ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്. കുറച്ച് കിളികളെ കണ്ടു എന്നല്ലാതെ മൃഗങ്ങളെ ഒന്നിനെപ്പോലും കാണാനായില്ല.
കാടെന്ന് പറയുമ്പോൾ നമ്മുടെ കേരളത്തിലെ കാടുകൾ പോലെ ആണെന്ന് ധരിക്കരുത്. ഒരാൾപ്പൊക്കത്തിലുള്ള മരങ്ങളോ കുറ്റിക്കാടുകളോ നിറഞ്ഞ ഒരിടം. അത്രേയുള്ളൂ.
റോഡ് ചെന്ന് അവസാനിക്കുന്നയിടത്ത് കാടിനുള്ളിൽ താമസിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് തയ്യാറാക്കിയിട്ടുള്ള കോട്ടേജുകളും ഗസ്റ്റ് ഹൗസുമൊക്കെ ഉണ്ട്. കാലേക്കൂട്ടി മുറികൾ ചെയ്താൽ കാടിനുള്ളിൽ താമസിക്കാം. ബ്രിട്ടീഷുകാരാണ് അതിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം നിർമ്മിച്ചത്.
അവിടന്ന് മുകളിലേക്ക് പടികൾ കയറിച്ചെല്ലുന്നത് ആ മലയുടെ ഏറ്റവും ഉയരത്തിലേക്കാണ്. ജില്ലയുടെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശം. 3803 അടി കിളരമുള്ള ആ ഭാഗത്ത് തദ്ദേശവാസി ആയിരുന്ന ദിവ്യൻ്റേതെന്ന് പറയുന്ന പ്രതിഷ്ഠയുണ്ട്. മലയാളീകരിച്ച് ചിന്തിച്ചാൽ, ആ യോഗിയുടെ മഠം ആകാം ജോഗിമഠി ആയത്.
പ്രതിഷ്ഠയ്ക്ക് സമീപം വാച്ച് ടവറുണ്ട്. കുറേക്കൂടെ ഉയരത്തിൽ സമീപപ്രദേശങ്ങളുടെ ദൃശ്യത്തിന് വാച്ച് ടവർ സഹായിക്കുന്നുണ്ട്. ചിത്രദുർഗ്ഗ നല്ല കാറ്റുള്ള പ്രദേശമായതുകൊണ്ട് കാറ്റാടിയന്ത്രങ്ങൾ ധാരാളമായുണ്ട്. ദൂരെ പല കുന്നുകളുടെ മുകളിലായി കറങ്ങിക്കൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങൾക്ക് ജോഗിമഠിയിൽ നിന്ന് നോക്കുമ്പോൾ, ഒരു ഫാനിൻ്റെ വലിപ്പമേയുള്ളൂ. 300 ഡിഗ്രിയോളം വരുന്ന പരിസരപ്രദേശങ്ങളുടെ ഭംഗി ആസ്വദിച്ച് പുലിയും കരടിയുമൊക്കെയുള്ള കാടിൻ്റെ പ്രദേശത്ത് അധികനേരം എങ്ങനെയിരിക്കാൻ?! ഞാൻ താഴേക്കിറങ്ങാൻ തുടങ്ങി.
പ്രീ വെഡ്ഡിങ്ങ് ആണോ പോസ്റ്റ് വെഡ്ഡിങ്ങ് ആണോ എന്നുറപ്പില്ല. രണ്ട് ജോഡികളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ട് കുന്നിലേക്കുള്ള പടികളിൽ.
വാഹനത്തിൽ കുന്നിറങ്ങി ടിക്കറ്റ് എടുത്ത ഇടത്തേക്ക് ചെന്ന്, അവിടെയുള്ള രണ്ടാമത്തെ വഴിയിലേക്ക് തിരിഞ്ഞാൽ മൃഗശാലയിലേക്കെത്താം. കാട്ടിൽ കാണാതെ പോയ മൃഗങ്ങളെ കൂട്ടിലടച്ച് പ്രദർശിപ്പിക്കുന്ന ഇടം. ടിക്കറ്റെടുക്ക് അകത്തേക്ക് കയറിയെങ്കിലും ആദ്യത്തെ കൂടാരത്തിലെ ബന്ധനസ്ഥരാക്കപ്പെട്ട കുറുക്കന്മാരെ കണ്ടതും ഞാൻ തിരിച്ച് നടന്നു. “ഏൻ ആയിതു സർ“ എന്ന ഗേറ്റ് കീപ്പറുടെ ചോദ്യത്തിന് മറുപടി ഒന്നേയുള്ളൂ. മൃഗശാലകളെല്ലാം തുറന്ന് വിടണം. മൃഗങ്ങളെ നേരിട്ട് കാണാൻ സാഹചര്യം ഇല്ലാത്തവർ നാഷണൽ ജിയോഗ്രഫിക്ക് ചാനലിലൂടെ കണ്ട് നിർവൃതി അടയട്ടെ.
മലയിറങ്ങി അടിവാരത്തിൽ എത്തിയ ശേഷം ചിത്രദുർഗ്ഗ ജില്ലയോട് വിടപറയുന്നതിന് മുൻപ് ചെയ്യാൻ ഒരു കാര്യം കൂടെയുണ്ട്. ചിത്രദുർഗ്ഗ കോട്ടയിൽ എനിക്ക് കാണാൻ പറ്റാതെ പോയ ഒന്നാണത്. അതൊന്ന് ശ്രമിച്ച് നോക്കാനായി ഞാൻ ആറാമത്തെ പ്രാവശ്യം കോട്ടയിലേക്ക് കടന്നു.
കോട്ടയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് നെയ്യ് സൂക്ഷിക്കുന്ന ഇടമുണ്ട്. പടയാളികൾക്ക് പരിക്ക് പറ്റുമ്പോൾ ചികിത്സിക്കാൻ അടക്കമുള്ള ഒരുപാട് ആവശ്യങ്ങൾക്കാണ് നെയ്യ് ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ ഒരു വലിയ മലയുടെ വശങ്ങളിൽ പാദങ്ങൾ വെക്കാൻ പാകത്തിന് മാത്രം കൊത്തിയിട്ടുള്ള ചെറിയ പടവുകളിൽ അള്ളിപ്പിടിച്ച് വേണം മലമുകളിലേക്ക് കയറാൻ. അത്തരം മുന്നൂറോളം പടവുകൾ കയറുന്നത് എനിക്ക് തൽക്കാലം സാദ്ധ്യമായിരിക്കാം. പക്ഷേ, 800 കോട്ടകളിൽ 50 എണ്ണം പോലും പൂർത്തിയാക്കാത്ത ഞാൻ ഒരപകടത്തിന് പിടികൊടുക്കാൻ 1% സാദ്ധ്യത പോലും നിലനിർത്തരുത്.
ആയതിനാൽ, നെയ്യ് സൂക്ഷിക്കുന്ന കുന്നിൻ്റെ മുകളിലേക്കുള്ള പടികൾക്കടിയിൽ ചെന്നുനിന്ന് ചില പടങ്ങളെടുത്ത് ഞാൻ പിൻവാങ്ങി. 500 കോട്ടകളെങ്കിലും കണ്ട് തീർക്കാൻ പറ്റുന്ന ദിവസം ഞാൻ വീണ്ടും വരും ചിത്രദുർഗ്ഗയിലേക്ക്. അതിനായുള്ള ഒരു കാരണമായി ഈ 300 പടികൾ ഞാൻ കയറാതെ വിടുന്നു പ്രിയ ദുഗ്ഗമേ. കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കുന്ന എൻ്റെ സ്ഥിരം ഏർപ്പാടായും ഇതിനെ കാണാവുന്നതാണ്. ചിത്രദുർഗ്ഗ കോട്ട എനിക്കത്രയേറെ പ്രിയമുള്ളവളാകുന്നു.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofkarnataka
#fortsofindia