ദിവസത്തിന്റെ തുടക്കം നല്ലതായിരുന്നില്ല. ആയതിനാൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുഭംൽഗഡ് കോട്ടയിലേക്ക് തിരിച്ചത്.
85 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ എന്ന് ഗൂഗിൾ മാപ്പിൽ കാണിച്ചപ്പോൾ, റോഡ് മോശമായിരിക്കാം എന്നൂഹിച്ചത് തെറ്റിയില്ല. റോഡ് മൊത്തമായി പൊളിച്ച് റോഡ് പണി നടത്തുന്നു. പലയിടത്തും മലയിടിച്ച് റോഡിന് വീതി കൂട്ടുന്നത് കൊണ്ട് ഒരുപാട് സമയം നിർത്തിയിട്ട് ഭാഗിക്ക് വിശ്രമം കൊടുക്കേണ്ടി വന്നു.
വഴിയിൽ, തടാകക്കരയിൽ ഒരു കർഷകൻ തൻ്റെ പോത്തുകളെ കുളിപ്പിക്കുന്നത് നോക്കി കുറച്ച് നേരം ഇരുന്നു. കുളി കഴിഞ്ഞതും അവറ്റകൾ നീന്തി മറുകരയിലേക്ക് പോയി. കർഷകൻ വേറൊരു വഴിക്കും. വൈകുന്നേരം അയാൾ തിരിച്ച് വരുന്ന സമയത്ത് മേച്ചിൽ കഴിഞ്ഞ് പോത്തുകളും വരുമായിരിക്കും.
തീരെ ആളില്ലാത്ത ഒരു റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് കുംഭൽഗഡിൽ എത്തിയപ്പോൾ 4 മണി.
ഉദയ്പൂർ നഗരത്തിലേയും പരിസരങ്ങളിലേയും കാഴ്ച്ചകളും സന്ദർശനങ്ങളും കഴിഞ്ഞതുകൊണ്ട് അങ്ങോട്ട് മടങ്ങണമെന്നില്ല. ഇന്ന് കുഭംൽഗഡിൽ തങ്ങുകയാണ്. പക്ഷേ, ഭാഗിക്ക് കിടക്കാൻ സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിക്കണം.
കോട്ട എത്തുന്നതിന് 5 കിലോമീറ്റർ മുന്നേ, നല്ല പരിസരമുള്ള ഒരു റസ്റ്റോറന്റ് കണ്ടു. അതിന്റെ ഉടമയോട് രാത്രി ഭക്ഷണത്തിന് ഞാനുണ്ടാകുമെന്നും അതിന് ശേഷം അവിടെത്തന്നെ തങ്ങുമെന്നും പറഞ്ഞപ്പോൾ പൂർണ്ണ മനസ്സോടെ അയാൾ (ആകാശ്) സ്വാഗതം ചെയ്തു.
ഇരുട്ടാൻ ഇനിയും സമയം ബാക്കിയുണ്ട്. ഭാഗിയെ കോട്ടയുടെ ഭാഗത്തേക്ക് നയിച്ചു.
കോട്ടമതിൽ കണ്ടപ്പോൾതന്നെ മനസ്സ് നിറഞ്ഞു. എന്തൊരു കോട്ടയാണിത്!! മാലയിൽ മുത്ത് കോർത്തത് പോലെ ഇത്രയധികം കൊത്തളങ്ങൾ ഇത്രയും അടുത്തടുത്ത് ആദ്യമായാണ് ഒരു കോട്ടയിൽ കാണുന്നത്.
കോട്ടയിലേക്കുള്ള ടിക്കറ്റ് കൗണ്ടർ അടച്ച് കഴിഞ്ഞു. പക്ഷേ വൈകീട്ട് 7 മണിക്ക് ലൈറ്റ് & സൗണ്ട് ഷോ ഉണ്ട്.
നിലവിൽ, ടിക്കറ്റെടുത്ത് അവിടെ കുത്തിയിരിക്കുന്നു. ഷോ ഉടനെ തുടങ്ങും.
നാളെ രാവിലെ 09:30 വന്ന് ആൾത്തിരക്ക് കൂടുന്നതിന് മുന്നേ ഗൈഡിനൊപ്പം കോട്ടയ്ക്ക് അകത്ത് കടന്ന് ചരിത്രം മുഴുവൻ ചോർത്തിയെടുക്കണം, പടങ്ങളും വീഡിയോകളും എടുക്കണം.
എല്ലാവർക്കും ജീവിതാഘോഷ ദിനാശംസകൾ!! ഇന്ന് അങ്ങനെ ഒരു ദിവസമാണ് പോലും. 365ൽ ഒരു ദിവസം മാത്രം ആഘോഷമോ? ഛായ് ലജ്ജാവഹം.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#boleroxlmotorhome
#motorhomelife
#kumbhalgarhfort