Monthly Archives: January 2024

ദേവിഗഡ്


രാജസ്ഥാൻ കോട്ടകളുടെ വിക്കിപീഡിയ ലിസ്റ്റിൽ, ഉദയ്പൂരിൽ 26 കിലോമീറ്റർ മാറി, ജയ്പൂർ റൂട്ടിലുള്ള ‘ദേവിഗഡ് കോട്ട’ ഉണ്ട്.

RTDC ജനറൽ മാനേജർ സുനിലിനോട് സംസാരിച്ചപ്പോൾ, ‘അത് കോട്ടയല്ല, കോട്ടയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ‘ എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹോട്ടലെങ്കിൽ ഹോട്ടൽ. ഒന്നവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു.

ഹൈവേയിൽ നിന്ന് അകത്തേക്ക് കടന്ന് ഒന്നര കിലോമീറ്ററോളം ഗ്രാമത്തിലെ ഇടവഴികളിലൂടെ പോകുമ്പോൾ ദൂരെ നിന്ന് തന്നെ കോട്ട കാണാം. ഏകദേശം 100 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് ഹോട്ടൽ. ചുറ്റുമതിൽ ആയിരിക്കണം കൊത്തളത്തിൻ്റെ ആകൃതിയിൽ പണിതിട്ടുണ്ട്.

15

12

14

ഒരു കാറിന് കടക്കാൻ പാകത്തിന് വളരെ ഇടുങ്ങിയ വഴിയാണ് കവാടത്തിന് തൊട്ട് മുൻപ്. ഫൈവ് സ്റ്റാർ പോയിട്ട് 1 സ്റ്റാർ പോലും ഇല്ലാത്ത വഴി.

ഗേറ്റിലെ കാവൽക്കാരോട് ആവശ്യം അറിയിച്ചു. അവർ അകത്തേക്ക് ഫോൺ ചെയ്തു. ഫോണിൽ ഞാനും സംസാരിച്ചു. 10 മിനിറ്റ് കാത്തിരിക്കൂ, മാനേജരോട് സംസാരിച്ച ശേഷം തിരികെ വിളിക്കാമെന്ന് പറഞ്ഞു.

ഞാൻ അതിന്റെ കവാടത്തിൽ കുത്തിയിരുന്നു. കൂട്ടത്തിൽ *കോട്ടലിൻ്റെ ചരിത്രം വാച്ച്മാനോട് തിരക്കാനും അവിടെ നിന്നുകൊണ്ട് എടുക്കാവുന്ന പരമാവധി പടങ്ങളും വീഡിയോകളും എടുക്കാനും തീരുമാനിച്ചു.

16

17

300 വർഷം മുൻപ് ഉണ്ടാക്കിയതാണ്. *കോട്ടൽ. അന്ന് മേവാർ രാജവംശത്തിന്റെ കീഴിലുള്ള സാമന്ത രാജാവാണ് ഇതുണ്ടാക്കിയത്. സ്വാതന്ത്ര്യതിന് ശേഷം സാമന്ത രാജാവിന്റെ അവകാശികൾ ഇത് ജോഥ്പൂരിലുള്ള ധനികൻ ഒരാൾക്ക് വിറ്റു. ഇപ്പോൾ അദ്ദേഹമാണ് *കോട്ടൽ നടത്തിപ്പോരുന്നത്. ധാരാളം പേർ ഓൺലൈൻ ആയും അല്ലാതെയും വന്ന് മുറിയെടുത്ത് താമസിക്കുന്നുണ്ട്, 39 മുറികളുള്ള ഈ *കോട്ടലിൽ. ഇതിൽ എത്ര നെല്ലും പതിരും ഉണ്ടെന്ന് നിശ്ചയമില്ല. ആ ഗ്രാമത്തിൽ നിന്ന്, അവിടത്തെ ജീവനക്കാരിൽ നിന്ന് കിട്ടുന്ന ചരിത്രത്തിന് കൊടുക്കുന്ന ആധികാരികത മാത്രം നൽകിയാൽ മതി.

10 മിനിറ്റ് കഴിഞ്ഞ് ഫോൺ വന്നു. എനിക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഹോട്ടലാണ്, കോട്ടയല്ല. പുറത്ത് നിന്ന് വരാൻ ചെന്ന് അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

18

ഒട്ടും താമസിയാതെ സ്ഥലം കാലിയാക്കി. അവർക്ക് വേണ്ടെങ്കിൽ വേണ്ട. പക്ഷേ, കോട്ടയല്ലാത്ത ഒന്നിനെ, ചരിത്രത്തിൽ കോട്ടയുടേതായ എന്തെങ്കിലും ഒരു ധർമ്മം നിർവ്വഹിക്കാത്ത ഒന്നിനെ, കോട്ടയുടെ ആകൃതിയുള്ളത് കൊണ്ട് മാത്രം, കോട്ടകളുടെ പട്ടികയിൽ പെടുത്തിയതിന് തീർച്ചയായും വിക്കിപീഡിയയിൽ എതിർപ്പ് ഉന്നയിക്കും, ദേവ്ഗഡ് എന്ന പേര് കോട്ടകളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടും.

ഹൈവേയിൽ കടന്നതും എതിർവശത്തുള്ള മൈതാനത്ത് ലോക്കൽ ക്രിക്കറ്റിന്റെ ആരവം കേട്ടു. ടെന്നീസ് ബോൾ ക്രിക്കറ്റ് ആണെങ്കിലും ഉച്ചഭാഷിണി വഴിയുള്ള കമൻ്ററിയും പ്രോത്സാഹനവും ഒക്കെയുണ്ട്. ജേഴ്സിയിൽ പേരെഴുതിയ കളിക്കാരാണ് പലരും. കുറച്ച് നേരം കളി കണ്ടിരുന്നു.

13

ഉദയ്പൂരിന് 5 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ കാണാനായ ഷോപ്പിങ്ങ് മാളിൽ കയറി മുടി മുറിച്ചു. താടി രാജസ്ഥാൻ സ്റ്റെലിൽ ആക്കണമെന്ന ആഗ്രഹം തൽക്കാലത്തേക്ക് മാറ്റിവെച്ചു. 2 മണി ആയതിനാൽ ഉച്ചഭക്ഷണവും മാളിൽ നിന്ന് തന്നെ സാധിച്ചു.

ഇന്ന് വൈകീട്ട് വീണ്ടും ഉദയ്പൂരിലെ തെരുവുകളിൽ ചുറ്റിയടിക്കണം. നാലഞ്ച് ദിവസം ഏത് സ്ഥലത്ത് തങ്ങിയാലും എനിക്കാ സ്ഥലത്തോട് പ്രണയം ഉദിക്കുന്നുണ്ട്. ഇതൊരു രോഗമാണോ ഡോക്ടർ? ഒരു സാധാരണ ജീവിതം എനിക്കിനി സാദ്ധ്യമല്ലേ….? പറയൂ ഡോക്ടർ :P

*കോട്ട ഹോട്ടലാക്കിയ കേസുകൾക്കും കോട്ടയെപ്പോലെ ഹോട്ടൽ ഉണ്ടാക്കിയ കേസിലും ‘കോട്ടൽ’ എന്ന പദം മലയാള ഭാഷയ്ക്ക് നിർദ്ദേശിക്കുന്നു.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_rajasthan
#gie_by_niraksharan
#fortsofrajasthan
#motorhomelife
#boleroxlmotorhome