കുംബൽഗഡിൽ നിന്ന് പോകാൻ ബാക്കിയുള്ളത് രണ്ട് കോട്ടകൾ കൂടെയാണ്. ഒന്ന് സർദാർഗഡ്. രണ്ട് ദിയോഗഡ്. ഒറ്റദിവസം കൊണ്ട് രണ്ട് കോട്ടകൾ കാണുന്നത് എനിക്ക് താൽപ്പര്യമുള്ള കാര്യമല്ല. ധാരാളം സമയമെടുത്ത് കണ്ട് പടമെടുത്തൊക്കെ വരുമ്പോൾ ഒരു കോട്ടയ്ക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണം.
പക്ഷേ ഈ രണ്ട് കോട്ടകളുടെ കാര്യത്തിൽ, ഒറ്റ ദിവസം കൊണ്ട് സന്ദർശനം നടക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം, ഇത് രണ്ടും *കോട്ടൽ ആണെന്നാണ് ഇൻ്റർനെറ്റിൽ നിന്ന് കിട്ടിയ വിവരം. ഏതെങ്കിലും ഒന്നിൽ പ്രവേശനം നിഷേധിക്കപ്പെട്ടാൽ, രണ്ടും ഒറ്റ ദിവസം കൊണ്ട് തന്നെ കണ്ട് തീർക്കാം.
രാവിലെ 3 മണി മുതൽ 8 മണി വരെയാണ് തണുപ്പ് കൂടുതൽ. അതുകൊണ്ടുതന്നെ 9 – 10 മണി ആകാതെ റസ്റ്റോറൻ്റുകൾ പലതും തയ്യാറായി വരില്ല. രാജസ്ഥാനികൾക്ക് ബ്രേക്ക്ഫാസ്റ്റ് പതിവില്ലത്രേ! 11 മണിയോടെ ബ്രഞ്ച് കഴിക്കുന്നവരാണ് അധികവും.
ഇന്ന് രണ്ട് കോട്ടകൾ സന്ദർശിക്കാനുള്ളതുകൊണ്ട് രാവിലെ അൽപ്പം നേരത്തെ പുറപ്പെടണമെന്ന് തീരുമാനിച്ചിരുന്നു. എന്നിട്ടും പ്രാതൽ കഴിച്ച് യാത്ര പുറപ്പെടാൻ എട്ടര മണിയായി.
കുംബൽഗഡിൽ നിന്ന് 63 കിലോമീറ്റർ ദൂരമുണ്ട് സർദാർഗഡിലേക്ക്. 25 കിലോമീറ്ററോളം ഇന്നലെ പോയ ഗ്രാമവഴികൾ തന്നെ. അവിടന്ന് പിന്നീട് സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും കടന്ന് വീണ്ടും ഗ്രാമത്തിലെ ഇടവഴികളും ഗള്ളികളും കറങ്ങി ഗൂഗിൾ കാണിച്ച തന്ന സ്ഥലത്ത് കോട്ട പോയിട്ട് യാതൊരു നിർമ്മിതിയും കാണാനില്ല.
തെല്ല് നിരാശയോടെ ഭാഗിയെ തിരിക്കുമ്പോൾ മറുവശത്ത് ദൂരെ മുകളിൽ ഒരു കോട്ടസമാനമായ കെട്ടുകളും കൊട്ടാരസമാനമായ മകുടങ്ങളും കാണാനായി. അങ്ങോട്ടുള്ള വഴി ഭാഗി സ്വയം കണ്ടുപിടിച്ച് ചെല്ലണമെന്ന അവസ്ഥ. ഗൂഗിളിനെ ഇനി ആശ്രയിച്ചിട്ട് കാര്യമില്ലല്ലോ.
മിക്കവാറും ഇത്തരം എല്ലാ കോട്ടകളിലേക്കും കൊട്ടാരങ്ങളിലേക്കും ഹവേലികളിലേക്കുമുള്ള വഴികൾ കൊച്ചുകൊച്ച് വീടുകൾ മുതൽ ഇടത്തരം വീടുകൾ വരെ തിങ്ങി നിറഞ്ഞ വഴികളിലൂടെ ആകുന്നതിൻ്റെ കാര്യം ലളിതമാണ്. ആ കോട്ടയേയോ കൊട്ടാരത്തേയോ ചുറ്റിപ്പറ്റിയും അതിനെ ആശ്രയിച്ചും ജീവിച്ച് പോന്നവരാകും ആ വഴികളിൽ താമസിക്കുന്നത്. അവരുടെ പുതുതലമുറയും അവിടെ ജീവിതം തുടരുന്നു. കർണ്ണടകയിലെ ചിത്ര ദുർഗ്ഗ കോട്ട മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു പ്രതിഭാസമാണിത്.
ഗലികളിലൂടെ കോട്ടയ്ക്ക് മുന്നിൽ എത്തിയപ്പോൾ പുത്തൻ മോടിയുള്ള ഇരുമ്പ് ഗേറ്റ് അടച്ചിട്ടിരിക്കുന്നു. അകത്തേക്ക് തലയിട്ടപ്പോൾ വാച്ച്മാൻ പുറത്ത് വന്നു. സ്വകാര്യ ഹെറിറ്റേജ് ഹോട്ടലാണെന്നും ബുക്കിങ്ങ് ഇല്ലെങ്കിൽ പ്രവേശനം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഞാൻ പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെ. പക്ഷേ, ഇത്രയും ദൂരം ചെന്നിട്ട് വെറുതെ മടങ്ങാനാവില്ലല്ലോ. മാനേജർ രത്തനുമായി ഞാൻ ഫോണിലൂടെ സംസാരിച്ചു. ഞാൻ കോട്ടകളെപ്പറ്റി പഠിക്കാൻ കേരളത്തിൽ നിന്ന് വന്നിരിക്കുന്ന ഒരാളാണ്. പഠന റിപ്പോർട്ട് വരുമ്പോൾ നിങ്ങളുടെ കോട്ട മാത്രം അതിൽ ഇല്ലെങ്കിൽ മോശമല്ലേ എന്നൊക്കെ മനഃശാസ്ത്രപരമായി നേരിട്ടപ്പോൾ മാനേജർ രത്തൻ വഴിക്ക് വന്നു. 750 രൂപ പ്രവേശന ഫീസ് വേണമെന്ന് ആദ്യം പറഞ്ഞ കക്ഷി, അത് സൗജന്യമാക്കാമെന്നും സമ്മതിച്ചു. പക്ഷേ, ഇപ്പോൾ കോട്ടയിൽ കാര്യമായ മിനുക്ക് പണികൾ നടക്കുകയാണ്. ആ അവസ്ഥയിൽ ഒരു പടം പോലും പുറത്ത് പോകാൻ മാനേജ്മെൻ്റ് ആഗ്രഹിക്കുന്നില്ല. ആയതിനാൽ പണികൾ കഴിയുന്ന മുറയ്ക്ക് അദ്ദേഹം എന്നെ വിളിച്ച് അറിയിക്കാമെന്നും അന്ന് എല്ലാം കണ്ട് പോകാമെന്നും സമ്മതിച്ചു. കോട്ടയുടെ ചരിത്രവും കാര്യങ്ങളുമൊക്കെ വാട്ട്സ് ആപ്പിലൂടെ തരാമെന്നും ഏറ്റു.
1738 – 1743 കാലഘട്ടത്തിൽ സർദാർ സിങ്ങ് നിർമ്മിച്ച ഈ കോട്ടയുടെ നിലവിലെ ഉടമസ്ഥൻ മേപാൽസിങ്ങ് ആണ്. കൂടുതൽ ചരിത്രം കോട്ടയ്ക്കകത്ത് കയറിക്കണ്ടതിന് ശേഷം അതിലെ കാഴ്ച്ചകൾക്കൊപ്പം വിവരിക്കാം. മാർച്ച് 15 വരെ ഞാൻ രാജസ്ഥാനിൽ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ അതിനുള്ളിൽ പണികൾ തീർന്നാൽ വിളിക്കാമെന്നാണ് രത്തൻ ഏറ്റിട്ടുണ്ട്. ഇല്ലെങ്കിൽ ‘കാമുകിയുടെ വീട്ടിൽ കുട മറന്ന് വെച്ച കാമുകൻ‘ അടുത്ത വർഷം തണുപ്പുകാലത്ത് വീണ്ടും രാജസ്ഥാനിൽ വന്ന് കോട്ടയിൽ കയറിരിക്കും.
അങ്ങനെ ആ കാര്യം പെട്ടെന്ന് തീരുമാനമായി. അടുത്തതായി സന്ദർശിക്കാനുള്ളത് ദിയോഗഡ് കോട്ടയാണ്. ഈ പേർ അൽപ്പം കുഴപ്പം പിടിച്ച ഒന്നാണ്. ദേവിഗഡ് എന്ന കോട്ടലിൽ പോയി അകത്ത് കടക്കാൻ പറ്റാതെ മടങ്ങിയ കാര്യം അറിയാമല്ലോ? ദേവിഗഡ് (Devigarh), ദേവ്ഗഡ് (Devgarh), ദിയോഗഡ് (Deogarh) എന്നീ പേരുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. മാപ്പിൽ തെറ്റായി ടൈപ്പ് ചെയ്താൽ പെട്ടത് തന്നെ. രണ്ടാമത്തെ കോട്ടയിലേക്ക് 325 കിലോമീറ്ററോളം പോകണം. അത് രാജസ്ഥാനിലാണെന്നും മദ്ധ്യപ്രദേശിൽ ആണെന്നും പലയിടങ്ങളിൽ കാണിക്കുന്നുണ്ട്.
ഞാൻ ആദ്യത്തെ പേരാണ് തെറ്റായി ടൈപ്പ് ചെയ്തത്. 10 കിലോമീറ്റർ ഗൂഗിൾ മാപ്പ് പ്രകാരം നീങ്ങിയപ്പോൾ എനിക്ക് അപകടം മണത്തു. ഞാൻ പോകുന്നത് കുറച്ച് ദിവസം മുൻപ് ഉയർപൂരിൽ നിന്ന് ദേവിഗഡിലേക്ക് പോയ ദിശയിലേക്കല്ലേ എന്ന് ആശങ്ക മൂത്തപ്പോൾ, ഭാഗിയോട് നിൽക്കാൻ പറഞ്ഞ് കോട്ടയുടെ പേർ വീണ്ടും ടൈപ്പ് ചെയ്തു. ഞാനിപ്പോൾ പോകുന്ന സ്ഥലത്തേക്ക് ഒരാഴ്ച്ച മുൻപ് പോയതാണെന്ന് ഗൂഗിൾ പറയുന്നുണ്ട്. You visited this place last week എന്ന ഗൂഗിളിൻ്റെ മുന്നറിയിപ്പ് ഞാൻ ശ്രദ്ധിച്ചില്ല. മിയ മൂന്ന് പ്രാവശ്യം കുൾപ്പ.
ആ പിഴ കാരണം 20 കിലോമീറ്റർ അധികം ഭാഗിക്ക് സഞ്ചരിക്കേണ്ടി വന്നു. വീണ്ടും ശരിയായ പേർ ടൈപ്പ് ചെയ്ത് തിരിച്ച് ദിയോഗഡ് കോട്ടയിലേക്ക്.
ഇപ്രാവശ്യം ഗൂഗിൾ ഭാഗിയെ ഗേറ്റില്ലാത്ത 6 തീവണ്ടിപ്പാതകൾ അങ്ങോട്ടുമിങ്ങോട്ടും മുറിച്ച് കൊണ്ടുപോയി. യാതൊരു ആളനക്കവും വാഹനയോട്ടവും ഇല്ലാത്ത വഴികളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച ശേഷം പ്രേതബാധയുള്ളത് പോലത്തെ മനുഷ്യരൊന്നും ഇല്ലാത്ത കുടിലുകൾക്കിടയിലൂടെ ടാറൊന്നുമില്ലാത്ത കച്ചാ റോഡിലൂടെ 3 കിലോമീറ്ററോളം കൊണ്ടുപോയി അടച്ചിട്ട ഒരു ഗേറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്തി. അകത്ത് കെട്ടിടങ്ങൾ ഒന്നുമില്ലാത്ത വിശാലമായി പരന്ന് കിടക്കുന്ന ഒരു സ്ഥലം മാത്രമാണത്.
ഈ സമയം ഗ്രാമത്തിലെ വീടുകളിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടുതുടങ്ങി. കുട്ടികൾ ചിലർ പുറത്ത് വന്നെങ്കിലും ഭാഗിക്ക് അടുത്തേക്ക് വരാതെ മാറി നിന്നു. മറ്റാരെയും കാണാത്തതുകൊണ്ട് ഈ ഗേറ്റിനകത്ത് എന്താണെന്ന് അവരോട് ചോദിക്കാമെന്ന് വെച്ചപ്പോൾ കുട്ടികൾ ഭയന്ന് മാറി നിൽക്കുന്നു. കുറച്ച് നേരം അവിടെ ചുറ്റിപ്പറ്റി നിന്ന് ഗ്രാമത്തിൻ്റെ ചില പടങ്ങളെടുത്ത ശേഷം മടങ്ങി. വേറെന്ത് ചെയ്യാൻ?
പക്ഷേ, ദിയോഗഡ്/ദേവ്ഗഡ് മഹൽ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ എന്തുകൊണ്ട് ഗൂഗിളിന് കാണിച്ച് തരാനായില്ല എന്നെനിക്ക് മനസ്സിലായില്ല. ഇന്ന് മുഴുവൻ ഗൂഗിൾ ആശയക്കുഴപ്പത്തിലായിരുന്നത് പോലെ. മടക്കയാത്രയിൽ ദേവ്ഗഡ് റെയിൽവേ സ്റ്റേഷൻ്റെ ഉള്ളിലേക്ക് കടത്തി ഒരാൾക്ക് മാത്രം പോകാൻ പറ്റുന്ന പൊളിഞ്ഞ മതിലിനുള്ളിലൂടെ കടന്ന് തീവണ്ടിപ്പാത മുറിച്ച് കടക്കാൻ ഭാഗിയോട് ആവശ്യപ്പെട്ടു ഗൂഗിൾ. ഇയാളെങ്ങോട്ടാണ് വാഹനമോടിച്ച് പോകുന്നതെന്ന് അത്ഭുതത്തോടെ നോക്കുന്ന ഗ്രാമവാസികളെ ഞാൻ ശ്രദ്ധിച്ചത് ഭാഗിയെ അവിടന്ന് കഷ്ടപ്പെട്ട് തിരിച്ച് പ്രധാന റോഡിലേക്ക് കടന്നപ്പോളാണ്.
കാണാൻ തുനിഞ്ഞിറങ്ങിയ രണ്ട് കോട്ടകളിൽ ഒന്ന് ദൂരെ നിന്നെങ്കിലും കണ്ടു. പിന്നീട് അകത്ത് കയറിക്കാണാനുള്ള ഏർപ്പാടുണ്ടാക്കി. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. മാർബിൾ മുറിച്ച് കഷണങ്ങളാക്കുന്ന കമ്പനികളിലൊന്നിൽ കയറിയിറങ്ങി. മാർബിളിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന ഒരു ഗ്രാമവാസിക്കൊപ്പം കുറച്ച് നേരം ചിലവഴിച്ചു. സർദാർഗഡിൽ പലയിടത്തും മതിൽ കെട്ടുന്നത് പോലും ബാർബിളിൻ്റെ കല്ലുകൾ ഉപയോഗിച്ചാണ്.
അത്രയെങ്കിലും കാര്യങ്ങൾ നടന്നെന്ന് സന്തോഷിക്കുന്നു. എല്ലാ ദിവസവും ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടക്കണമെന്നില്ലല്ലോ. ഗ്രാമങ്ങളിലൂട്രെ പോകണമെന്നതും ഒരു ഉദ്ദേശമാണല്ലോ.
ഇതിനിടയ്ക്ക് ഉച്ചഭക്ഷണത്തെപ്പറ്റി മറന്നിരുന്നു. ഓർത്താലും എന്തെങ്കിലും കഴിക്കാൻ പറ്റിയ ഒരു പെട്ടിക്കട പോലും ഈ ഭാഗത്തെങ്ങും കണ്ടതുമില്ല. പക്ഷേ, ഗ്രാമത്തിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയതും റസ്റ്റോറൻ്റുകളും ധാബകളും കാണാൻ തുടങ്ങി. പക്ഷേ, സമയം 3 മണി കഴിഞ്ഞിരിക്കുന്നു. തിരികെ കുംബൽഗഡിൽ എത്തിയ ശേഷം എനിക്ക് എല്ലാ സൗകര്യങ്ങളും ഈ 4 ദിവസങ്ങളിൽ ചെയ്ത് തന്ന Roma De Lasagna എന്ന റസ്റ്റോറൻ്റിൽ നിന്ന് അത്താഴം കഴിച്ച് ഉടമ ആകാഷിനോട് നന്ദി പറഞ്ഞ് നാളെ ഉദയ്പൂരിലേക്ക് മടങ്ങാനാണ് തീരുമാനം. ഉദയ്പൂരിൻ്റെ മറുവശത്ത് ചിറ്റോർ ഭാഗത്തേക്കാണ് ഇനി പോകാനുള്ളത്.
ഗ്രേറ്റ് ഇന്ത്യൻ എക്പെഡീഷൻ പര്യടനം ഓരോ സംസ്ഥാനങ്ങളിലും വിവിധ ഹബ്ബുകളായിട്ടാണ് പദ്ധതിയിട്ടിരിക്കുന്നത്. ഉദാഹരണത്തിന് രാജസ്ഥാനിൽ, ജയ്സാല്മീർ, ജയ്പൂർ, ജോഥ്പൂർ, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അല്വാർ, പാലി, എന്നിങ്ങനെ 14 ഹബ്ബുകളാണുള്ളത്.
അതിൽ ഉദയ്പൂർ ഹബ്ബിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥലങ്ങളും കോട്ടകളും കൊട്ടാരങ്ങളും ഏകദേശം കഴിഞ്ഞിരിക്കുന്നു. ഉദയ്പൂർ കഴിഞ്ഞാൽ ജയ്സാല്മീർ, ബാർമർ, ജോഥ്പൂർ എന്നിങ്ങനെയുള്ള ഹബ്ബുകളാണ് ലക്ഷ്യമിടുന്നത്. മാർച്ച് 15 നുള്ളിൽ തീർക്കാൻ പറ്റുന്നത്ര ഹബ്ബുകൾ തീർക്കുക. ബാക്കിയുള്ളത് അടുത്ത വർഷം ശിശിരകാലത്ത് വീണ്ടും സന്ദർശിക്കുക. ഇതാണ് പദ്ധതി.
അതിനിടയ്ക്ക് പൂർണ്ണചന്ദ്രനുള്ള ദിവസങ്ങളിൽ (ഫെബ്രുവരി 20ന് അടുക്കെ) ഗുജറാത്തിലെ ‘റാൻ ഓഫ് കച്ചിൽ’ പോകണമെന്നുണ്ട്. അതിൻ്റെ നിരക്കുകൾ 18000 രൂപയിൽ അധികം വരുമെന്നത് ഒരു പ്രശ്നമാണ്. എന്നായാലും ഒരിക്കൽ കാണാനുള്ളതാണ്. അത് ഇപ്പോൾത്തന്നെ ആകുന്നതിലെന്താണ് കുഴപ്പം. പുറപ്പെടുന്നതിന് മുൻപ് കാര്യമായ പ്ലാനിങ്ങ് ഇല്ലാത്ത യാത്രയാണിത്. പക്ഷേ, യാത്രയ്ക്കിടയിൽ ഇങ്ങനെ ചില പ്ലാനിങ്ങുകൾ ചെയ്യാതെ പറ്റില്ല. പൂർണ്ണ ചന്ദ്രൻ്റെ കാര്യം എൻ്റെ പ്ലാനിങ്ങിന് വെളിയിലാണല്ലോ.
*കോട്ടൽ – കോട്ട പരിഷ്ക്കരിച്ച് ഹോട്ടലാക്കിയത്.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome