ഇന്ന് യാത്രയൊന്നും ചെയ്യാതെ അലക്കലും ഭാഗിയെ വൃത്തിയാക്കലും ഒക്കെയായി കൂടുന്ന ദിവസമായതുകൊണ്ട് ഇന്നലെ നിർത്തി വെച്ചിരുന്ന വിശേഷങ്ങൾ തുടരുന്നു.
ലിസ്റ്റിൽ ഇല്ലാത്ത ഒരിടം കാണിച്ച് തരാമെന്ന് പറഞ്ഞ് ഉമാശങ്കർ ദാവേ എന്നെ കൂട്ടിക്കൊണ്ട് പോയത് റവ്ല നർലായ് എന്ന പഴയൊരു ഹവേലിയിലേക്കാണ്. അതിപ്പോൾ നല്ലൊരു പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റിയിരിക്കുന്നു. അങ്ങോട്ടുള്ള വഴിയുടെ അവസാനഭാഗം ഗ്രാമത്തിലെ ഇടുങ്ങിയ ഗള്ളികളാണ്. മറ്റൊരു വാഹനം എതിരെ വന്നാൽ പെട്ടുപോകുന്ന അത്രയും ഇടുങ്ങിയ വഴികൾ. അതിന് കുറുകേ പലയിറ്റത്തും നേർത്ത ഓവുചാലുകളുണ്ട്. തിരിക്കുമ്പോളോ പിന്നോട്ട് എടുക്കുമ്പോളോ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഭാഗിയുടെ ചക്രങ്ങൾ കൃത്യമായി കുടുങ്ങാൻ പോന്ന ചാലുകൾ.
റവ്ല നർലായ് ഹോട്ടലിൽ നല്ലൊരു പങ്കും വിദേശികളാണ് മുറിയെടുത്തിരിക്കുന്നത്. അഞ്ച് കിലോമീറ്റർ അപ്പുറത്ത് അവരാരും പോകാത്ത ദേസുരി കോട്ടയല്ലാതെ കാര്യമായി മറ്റൊന്നും ഇല്ലാത്ത ഒരു ഗ്രാമത്തിൽ, ഗള്ളികൾക്കിടയിലൂടെ വന്ന് ഈ ഹോട്ടലിൽ മുറിയെടുക്കുന്നത് അത്ഭുതം തന്നെ. പക്ഷേ, ഹോട്ടലിനകത്ത് നല്ല അന്തരീക്ഷമാണ്. പഴയ ഹവേലിക്ക് പുറമേ പുതിയ കെട്ടിടമുണ്ടാക്കി അതിലും മുറികൾ ഒരുക്കിയിട്ടുണ്ട്. രാജസ്ഥാൻ വേഷമണിഞ്ഞ പരിചാരകരാണ് എല്ലായിടത്തും ഹാജരുള്ളത്. എൻ്റെ ചോദിച്ചാലും മിത്തു ദാസിനെപ്പോലെ ഇവരും ഹുക്കും ഹുക്കും എന്ന് വാചകങ്ങൾക്കിടയിൽ തിരുകുന്നുണ്ട്.
ഞാൻ നേരെ മാനേജരെ ചെന്ന് കണ്ടു. ഹവേലി കാണണമെന്ന് ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശുകാരൻ ആണെങ്കിലും രാജസ്ഥാൻകാരന് യോജിച്ച കൊമ്പൻമീശയുള്ള രവീന്ദ്ര സിങ്ങ് എന്ന മാനേജർ ഞങ്ങളെ എല്ലാ സ്ഥലങ്ങളും കൊണ്ടുനടന്ന് കാണിച്ചു; പടങ്ങൾ എടുക്കാൻ അനുവദിച്ചു. ഹോട്ടലിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ മറ്റൊരു മലമുകളിൽ ഒരു കൊച്ചു ക്ഷേത്രം കാണാം. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവരുടെ രാജസ്ഥാൻ തീം ഉള്ള ബാർ ആണ്. (അതിൻ്റെ വീഡിയോ വൈകാതെ ഇടാം.)
റവ്ല നർലായിൽ നിന്ന് മടങ്ങി ദേസുരിയിൽ വന്ന് മറ്റൊരു ദിശയിൽ 6 കിലോമീറ്റർ പോയാൽ ഖണേറാവു കോട്ടയിൽ എത്താം. ഇത് ഇന്ത്യൻ കോട്ടകളുടെ വിക്കിപ്പീഡിയ പട്ടികയിലുള്ള കോട്ടയാണ്. പക്ഷേ, പഞ്ചനക്ഷത്ര ഹോട്ടലാക്കി (കോട്ടൽ) മാറ്റിയിരിക്കുന്നു എന്ന് നേരത്തേ അറിയാം. അത്തരം സ്ഥലങ്ങളിൽ കയറ്റുമോ എന്ന് ആശങ്കയുണ്ടെങ്കിലും 5 കിലോമീറ്റർ എനിക്കൊരു ദൂരമല്ലാത്തതുകൊണ്ട് ഖണേറാവു കോട്ടയിലേക്ക് തിരിച്ചു. ഈ അവസരത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചതേയില്ല. ഉമാശങ്കർ ദാവേ പറയുന്നത് പ്രകാരമാണ് ഭാഗിയുടെ സഞ്ചാരം.
അൽപ്പദൂരം വീതിയുള്ള ദേശീയപാതയിലൂടെ സഞ്ചരിക്കുന്നുണ്ട് ലക്ഷ്യത്തിലെത്താൻ. ആ സമയത്ത് ഇടത് വശത്ത് ദൂരെയായി കുംബൽഗഡ് കോട്ട തലയുയർത്തി നിൽക്കുന്നത് കാണാം. കോട്ട നിലകൊള്ളുന്ന ആരവല്ലി മലനിരകളുടെ ഗാംഭീര്യവും ഈ വഴിയിൽ നിന്ന് ദർശിക്കാനാവും.
ഖണേറാവു കോട്ടയിലേക്ക് പോകേണ്ടതും ഇടുങ്ങിയ ഗള്ളികളിലൂടെയാണ്. കോട്ടയ്ക്ക് മുന്നിൽ എഴുതി വെച്ചിരിക്കുന്നത് ഖണേറാവു കാസിൽ എന്നാണ്. കോട്ടയോട് കൂടിയ സൗധം എന്നാണ് ‘കാസിൽ‘ എന്ന ഇംഗ്ലീഷ് പദം അർത്ഥമാക്കുന്നത്. അങ്ങനെ നോക്കിയാൽ രാജസ്ഥാനിലെ മിക്കവാറും കോട്ടകൾ കാസിൽ തന്നെയാണ്.
ഞങ്ങളെ അകത്തേക്ക് കയറ്റാൻ പാറാവുകാരന് എന്തോ മടിയുള്ളത് പോലെ. പോയി ചോദിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാൾ അകത്തേക്ക് കടന്നതും ഞങ്ങളും അകത്തളത്തിലേക്ക് കടന്നു. മാനേജർ ഇറങ്ങി വന്നപ്പോൾ അയാളോട് കെട്ടിടത്തിൻ്റെ ഉൾഭാഗമെല്ലാം കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ഞങ്ങളെ എല്ലായിടവും കൊണ്ടുനടന്ന് കാണിച്ചുനടന്നു എന്ന് മാത്രമല്ല, ഖണേറാവു ട്രസ്റ്റിൻ്റെ മ്യൂസിയവും തുറന്ന് കാണിച്ചു. എല്ലായിടത്തും പടങ്ങളെടുക്കാനും സമ്മതിച്ചു.
റവ്ല നർലായ് ഹവേലിയോട് താരതമ്യം ചെയ്താൽ ഈ കെട്ടിടം കുറേക്കൂടെ കോട്ടാരസമാനമാണ്. ഹവേലിയും കൊട്ടാരവും തമ്മിലുള്ള വ്യത്യാസം ഇതെടുത്ത് കാണിക്കുന്നുണ്ട്. പക്ഷേ ഇവിടെ പരിപാലനം കുറവാണെന്ന് തോന്നുന്നു. പഴമ മുറ്റി നിൽക്കുന്നു എന്ന് മാത്രമല്ല, ഒരു ഭാർഗ്ഗവീനിലയം പ്രതീതിയുമുണ്ട്. കെട്ടിടങ്ങളിലെല്ലാം നിറയെ പ്രാവുകൾ കൂട് കൂട്ടിയിരിക്കുന്നു. ഇടയ്ക്കും തലയ്ക്കും അവറ്റകൾ ചിറകടിച്ച് പറന്ന് ഒരുവട്ടം കറങ്ങി ഒരുമിച്ച് തിരിച്ച് വന്നിറങ്ങുന്ന കാഴ്ച്ച പലവട്ടം നോക്കിനിന്നു. കോട്ടയോട് ചേർന്ന സൗധം എന്ന് പറഞ്ഞിട്ട് സൗധം മാത്രമേയുള്ളൂ. കോട്ടയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അങ്ങനെ നോക്കിയാൽ രാജസ്ഥാൻ കോട്ടകളുടെ ലിസ്റ്റിൽ നിന്ന് ഈ പേരും വിക്കിപീഡിയ നീക്കം ചെയ്യേണ്ടതാണ്.
മ്യൂസിയത്തിലെ കാഴ്ച്ചകളാണ് ഏറെ ആകർഷിച്ചത്. രാജാക്കന്മാർ ഉപയോഗിച്ചിരിക്കാൻ സാദ്ധ്യതയുള്ള കട്ടിൽ മുതൽ മേക്കപ്പ് സെറ്റും തുന്നൽ മെഷീൻ വരെയും പ്രദർശിപ്പിച്ചിട്ടുണ്ട്. വാക്കിങ്ങ് സ്റ്റിക്കും വെങ്കലത്തിൽ തീർത്ത ഉരുപ്പിടികളുമെല്ലാം എൻ്റെ നിയന്ത്രണം കളയാൻ പോന്നതായിരുന്നു. ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ വലിയ വാതിൽ തുടങ്ങി, ആനകൾക്കും കുതിരകൾക്കും അണിയിച്ചിരുന്ന ആഭരണങ്ങളും മനുഷ്യന്മാരുടെ ആഭരണങ്ങളും പടച്ചട്ടയും കുന്തവും അടക്കം യുദ്ധസാമഗ്രികളും പ്രദർശനത്തിനുണ്ട്.
അതിനേക്കാളൊക്കെ ഏറെ ആകർഷിച്ചത് ഈ മ്യൂസിയത്തിൽ റെക്കോർഡുകളാണ്. രണ്ട് വലിയ മുറികൾ നിറയെ ഷെൽഫുകളിൽ അട്ടിയിട്ട് വെച്ചിരിക്കുന്ന രേഖകൾ. പൊടിപിടിക്കാതിരിക്കാനായി സാറ്റിൻ തുണിയിൽ പൊതിഞ്ഞാണ് വെച്ചിരിക്കുന്നതെങ്കിലും മാതൃക എന്ന നിലയ്ക്ക് ചില രേഖകൾ പൊതികെട്ടാതെയും വെച്ചിട്ടുണ്ട്. ഏത് ഭാഷയിൽ എങ്ങനെ എഴുതിയിരിക്കുന്നു എന്നറിയാൻ അതിലൊന്ന് ഞാൻ മറിച്ച് നോക്കി. മഷി മുക്കി എഴുതുന്ന പേന കൊണ്ട് വടിവൊത്ത ഹിന്ദി പോലുള്ള അക്ഷരങ്ങളാണ് കാണാനായത്. ഇത്തരം മ്യൂസിയം ഗ്രന്ഥങ്ങളെ തൊടാൻ പാടില്ല എന്നാണ് അലിഖിത നിയമമെന്ന് അറിയാം. പക്ഷേ, അനുവാദം വാങ്ങിയശേഷമാണ് ഞാനത് ചെയ്തത്.
നാലിലധികം നൂറ്റാണ്ടുകളിലെ ആയിരത്തിൽപ്പരം പുസ്തകങ്ങളാണ് ഇത്തരത്തിൽ അവിടെയുള്ളത്. വിവാഹ രേഖകൾ, യുദ്ധങ്ങളുടെ കണക്കുകൾ, രാജകീയ സന്ദർശനങ്ങളുടെ വിവരണങ്ങൾ, ദുരിതാശ്വാസ പരിഹാര കണക്കുകൾ, നിത്യച്ചിലവുകളുടെ കണക്കുകൾ, എന്നിവയാണ് ഈ ഗ്രന്ഥങ്ങളിൽ ഉള്ളത്. ബായ് ഖാത്താസ് (Bai Kathas) എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രന്ഥങ്ങൾ എഴുതിയിരിക്കുന്നത്, ഇന്ത്യൻ മഷി എന്ന് വിളിക്കുന്ന ‘മാസി‘ കൊണ്ടാണ്. ചാരവും വെള്ളവും മൃഗങ്ങളുടെ ശരീരഭാഗങ്ങളിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന പശയും ചേർത്താണ് നാലാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് പോരുന്ന മാസി ഉണ്ടാക്കുന്നത്. മാർവാഡികൾ തറയിൽ ഇരുന്ന് എഴുതുന്ന പെട്ടിയും പേനയുമെല്ലാം കൗതുകകരമായ കാഴ്ച്ചയായിരുന്നു.
സ്ക്രിപ്റ്റ് ഓരോ നൂറ്റാണ്ടിലും മാറിക്കൊണ്ടിരുന്നതുകൊണ്ട് ഇതിൽ എഴുതി വെച്ചിരിക്കുന്നതെല്ലാം ഡീ-കോഡ് ചെയ്തെടുക്കുന്നത് ശ്രമകരമായ ജോലിയായിരുന്നെങ്കിലും അവരതെല്ലാം ഡിജിറ്റൽ രൂപത്തിലും ആക്കി വെച്ചിട്ടുണ്ട്.
സത്യത്തിൽ കോട്ടകൾ അന്വേഷിച്ച് പോകുന്നത് കൊണ്ട് മാത്രമാണ് ഇത്തരം അപൂർവ്വ കാഴ്ച്ചകളും സന്ദർശനങ്ങളെല്ലാം എനിക്ക് തരപ്പെടുന്നത്. ഇങ്ങനെ ഒരു കാസിൽ ഉണ്ടെന്നും അതിനകത്ത് മ്യൂസിയം ഉണ്ടെന്നും അറിഞ്ഞ് ചെല്ലുന്നവർ വളരെ ചുരുക്കമായിരിക്കും. എന്തുകൊണ്ട് കോട്ടകളിലേക്ക് യാത്ര ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം കൂടെയാണ് ഇത്തരം അനുഭവങ്ങൾ.
പ്രേതബാധയുള്ളത് പോലുള്ള ആ കെട്ടിടത്തിൽ ഫൈറ്റ് സ്റ്റാർ തുക കൊടുത്ത് താമസിക്കാൻ ചെല്ലുന്നവർ ആരാണെന്ന് കൂടെ അറിയണമെന്നുണ്ടായിരുന്നു. ഒരു മനുഷ്യക്കുഞ്ഞ് പോലും അകത്തുള്ളതായി തോന്നിയില്ല. ഒരു വാഹനം പാർക്കിങ്ങിൽ കിടക്കുന്നത് ഗസ്റ്റിൻ്റെയാണെന്ന് മാനേജർ പറഞ്ഞപ്പോളാണ് കൊട്ടാരത്തിൽ ആളുണ്ടെന്ന് മനസ്സിലായത് തന്നെ. പ്രാവുകളുടെ ചിറകടി ശബ്ദവും കുറുകലും ഒഴിവാക്കിയാൽ ശോകമൂകമായിരുന്നു കെട്ടിടത്തിൻ്റെ ഉൾഭാഗം.
ഗേറ്റ് കടന്ന് ചെല്ലുമ്പോൾ വലത് വശത്ത് കാണുന്ന ഭാഗത്ത്, താക്കൂർ ഹിമ്മത്ത് സിങ്ങ് രണ്ടാമനും കുടുംബവും താമസിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ മകനും ഭാര്യയും ചെറിയ കുഞ്ഞും ജോഥ്പൂരിലാണ് താമസം.
1552ലെ താക്കൂർ പ്രതാപ് സിങ്ങ് മുതൽ, 2017 വരെയുള്ള മൺമറഞ്ഞ് പോയ 17 തലമുറയിലെ ഖണേറാവു രാത്തോഡുമാരുടെ പേരുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് മ്യൂസിയത്തിൽ. രാജവംശം ആയതുകൊണ്ടും ഇത്തരം രേഖകൾ ഉള്ളതുകൊണ്ടും അത്രയും വലിയ ഫാമിലി ട്രീ കണ്ടെടുത്ത് എഴുതി വെക്കാൻ അവർക്ക് സാധിച്ചു. അച്ഛൻ്റെ അപ്പൂപ്പൻ്റെ പേർ എനിക്കറിയില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.
രണ്ട് സ്ഥലങ്ങൾ ലക്ഷ്യമാക്കി പോയതിൽ, ദേസുരി കോട്ട കാണാൻ പറ്റിയില്ല. കോട്ട എന്ന സംഭവം അവശേഷിക്കുന്നില്ലെങ്കിലും അതിനോട് ചേർന്നുള്ള ഖണേറാവു കൊട്ടാരം കാണാൻ പറ്റി. ബോണസ് എന്നത് പോലെ റവ്ല നർലായ് ഹവേലി എന്ന പഞ്ചനക്ഷത്ര ഹോട്ടലും കണ്ടു. ഒരു ദിവസം ഇത്രയധികം കാര്യങ്ങൾ കാണാൻ പറ്റുമെന്ന് പ്രതീക്ഷിച്ചല്ല ഇറങ്ങിയത്. നന്ദി പറയേണ്ടത് ഉമാശങ്കർ ദാവേയോടാണ്. ചെല്ലുന്ന ഇടങ്ങളിലെല്ലാം ഇതുപോലുള്ള ദാവേമാരുടെ സേവനം ഉണ്ടായിരുന്നെങ്കിൽ!
ഉമാശങ്കർ ദാവേയോട് വിടപറഞ്ഞ് ദേസുരി വിടുമ്പോൾ തണുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ, ഇരുട്ടുന്നതിന് മുൻപേ ആരവല്ലി മലമടക്കുകൾ കടന്ന് കുംബൽഗഡിൽ തിരിച്ചെത്തി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#boleroxlmotorhome
#motorhomelife