Monthly Archives: January 2024

റണക് പൂരിലേക്ക്


ന്നലെ മുഴുവൻ നശിച്ച് പോയ ജൈനക്ഷേത്രങ്ങളിലായിരുന്നല്ലോ. ഇന്ന് നശിച്ച് പോകാത്തതും വളരെ വലുതും നല്ല നിലയിൽ സംരക്ഷിക്കുന്നതുമായ റണക്പൂരിലെ ജൈനക്ഷേത്രത്തിൽ പോകാനായിരുന്നു പദ്ധതിയിട്ടത്.

36 കിലോമീറ്ററുണ്ട് കുംബൽഗഡിൽ നിന്ന് റണക്പൂരിലേക്ക്. ഒരു മണിക്കൂറിലധികം സമയം ഗൂഗിൾ കാണിച്ചപ്പോൾ മോശം വഴിയാകും എന്ന് ധാരണയായി. ഉദ്ദേശിച്ചത് പോലെ തന്നെ വീതികുറഞ്ഞതും, ഇടയ്ക്ക് ഒരു ഗ്രാമത്തിലേക്ക് കയറ്റി തീരെ വീതികുറഞ്ഞ വഴിയിലൂടെയും പൊയ്ക്കൊണ്ടിരുന്നു.

13

അരവല്ലി മലനിരകളുടെ മറുവശത്തേക്കാണ് കടക്കേണ്ടതെന്ന് മനസ്സിലാക്കിയിരുന്നു. പക്ഷേ, നിനച്ചിരിക്കാതെ ഒരു ഹെയർപിന്നിൽ ഭാഗി ചെന്നെത്തി. ചെറിയ വണ്ടിക്ക് കഷ്ടി വളയാനുള്ള ഇടമുണ്ട്. രണ്ട് ഭാഗത്തും കൽക്കെട്ടുകൾ ഒന്നുമില്ല. താഴേക്ക് നോക്കിയതും എൻ്റെ കൈകാലുകൾ വിറച്ചു. തുടർന്ന് താഴേക്ക് മുഴുവനും അത് തന്നെ അവസ്ഥ. ഒരു ഹെയർപിന്ന് തീർന്ന് സ്റ്റിയറിങ്ങ് നേരെ ആകുന്നതിന് മുൻപ് അടുത്ത ഹെയർപിൻ. വീതി തീരെ കുറവ്. കുത്തനെ ഇറക്കം. ഒരിടത്തും വശങ്ങളിൽ കൽക്കെട്ടുകൾ ഇല്ല. ഇതൊന്നും പോരാത്തതിന് മൂന്നിടത്ത് റോഡും മലയും ഇടിഞ്ഞിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തിൻ്റെ ഓരം ചേർന്ന് ഭാഗിക്ക് കഷ്ടി കടന്ന് പോകാം. ആ സമയത്ത് അവളുടെ ഭാരം കാരണം ബാക്കി കൂടെ ഇടിഞ്ഞാൽ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ്റെ കാര്യം പെട്ടെന്ന് തന്നെ തീരുമാനമാകും.

14

വാഹനം ഓടിക്കാൻ തുടങ്ങിയതിന് ശേഷം ഇന്നുവരെ ഇത്രയും വെല്ലുവിളിയുള്ള ഒരു ഹെയർപിന്നിലൂടെയോ പാതയിലൂടെയോ ഡ്രൈവ് ചെയ്തിട്ടില്ല. ഒരേയൊരു ആശ്വാസം ഈ പത്ത് കിലോമീറ്റർ ദൂരം എതിരെ നിന്ന് വാഹനങ്ങൾ ഒന്നും വന്നില്ല എന്നതാണ്. അങ്ങനെയെങ്കിൽ അവർക്ക് സൈഡ് കൊടുക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ.

അതിനേക്കാളൊക്കെ എന്നെ അലട്ടിയത്, ഈ കയറ്റം എങ്ങനെ തിരിച്ച് കയറും എന്നതാണ്. ഒറ്റയടിക്ക് കയറിപ്പോയില്ലെങ്കിൽ, ബ്രേക്കിട്ട് നിർത്തേണ്ട ഒരു സാഹചര്യം വന്നാൽ, പിന്നോട്ട് ഉരുളാൻ സാദ്ധ്യതയുള്ള ഭാഗിയെ പിടിച്ചാൽ കിട്ടില്ല. അവളുടെ ഹാൻഡ് ബ്രേക്ക് ഇത്തരം കുത്തനെയുള്ള ഇറക്കമൊന്നും താങ്ങില്ല. ഇന്ന് രാത്രി റണക്പൂരിലെ തെരുവിൽ എവിടെയെങ്കിലും ഉറങ്ങിയാലും വേണ്ടില്ല, മടക്കയാത്ര ഈ വഴി വരുന്നില്ല എന്ന് അപ്പോൾത്തന്നെ തീരുമാനമെടുത്തു.

എന്തായാലും ഈ വഴി താണ്ടി റണക്പൂരിൽ എത്തിയപ്പോൾ കാത്തിരുന്നത് മോഹിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. ഉദയ്പൂർ ഹബ്ബ് അഥവാ രാജസ്ഥാൻ മൊത്തം ഹബ്ബുകളിലും പെടാതെ റണക്പൂരിലെ ഈ ജൈനക്ഷേത്രം വിട്ടുപോയത് എങ്ങനെ? ഇത് കാണാതെ പോയിരുന്നെങ്കിൽ എന്തൊരു നഷ്ടമാകുമായിരുന്നു.

21

22

ക്ഷേത്രത്തെക്കുറിച്ച് അൽപ്പസ്വൽപ്പം വർണ്ണിക്കാം.

* ചതുർമുഖ ധരണ വിഹാര എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. ക്ഷേത്രത്തിലേക്ക് കയറിയാൽ ആ പേരിൻ്റെ കാര്യം മനസ്സിലാകും. നാല് ഭാഗത്തും ഒരുപോലെയുള്ള നിർമ്മിതിയാണ് ഇതിൻ്റേത്.

* പതിനഞ്ചാം നൂറ്റാണ്ടിൽ (1439ൽ) ധർണ ഷാ എന്ന ധനികനായ വ്യവസായിയാണ് ഇതുണ്ടാക്കിയത്.

23

25

* ആദിനാഥ് അഥവാ ഋഷഭ തീർത്ഥങ്കരനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

* നിർമ്മാണം 50 വർഷത്തിലധികം നീണ്ടു.

* 2785ൽപ്പരം ജോലിക്കാർ, (ശിൽപ്പികൾ എന്ന് പറയുന്നതാകും ഉചിതം) പണിയെടുത്തു.

* മേവാറിൻ്റെ അന്നത്തെ രാജാവായിരുന്ന മഹാറാണ കുംഭയുടെ അകമഴിഞ്ഞ പ്രോത്സാഹനം ഈ നിർമ്മാണത്തിന് ഉണ്ടായിരുന്നു.

17

* 1444 മാർബിൾ തൂണുകൾ കൊണ്ട് സമൃദ്ധമാണ് ഈ ക്ഷേത്രം.

* 80 മകുടങ്ങൾ, എണ്ണിയാൽ തീരാത്ത അത്രയും കൊത്തുപണികൾ.

* 48000 ചതുരശ്ര അടിയിലുള്ള നിർമ്മിതി.

* കണ്ണ് തട്ടാതിരിക്കാൻ വേണ്ടി ഒരു തൂണ് ചരിച്ച് വെച്ചിരിക്കുന്നു. ഓഡിയോ ഗൈഡ് പറഞ്ഞതുകൊണ്ട് മാത്രം മനസ്സിലാക്കിയ കാര്യം. ഇത്രയും മനോഹരമായ നിർമ്മിതിക്കിടയിൽ ആ തൂണിൻ്റെ ചരിവ് കണ്ടുപിടിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല.

15

28

* പ്രധാന നടയിൽ ഇരുവശത്തും തൂക്കിയിരിക്കുന്ന മണികൾക്ക് ഓരോന്നിനും 250 കിലോഗ്രാം വീതം ഭാരമുണ്ട്. അതിന് രണ്ടിനും വ്യത്യസ്ത ശബ്ദങ്ങളാണെങ്കിലും ഒരുമിച്ച് മുഴക്കിയാൽ ഓംകാരം കേൾക്കാം. മൂന്ന് കിലോമീറ്റർ അപ്പുറത്ത് വരെ ഈ മണിശബ്ദം ചെന്നെത്തും.

* മുഗൾ സാമ്രാജ്യത്തിൻ്റെ അന്നത്തെ ചക്രവർത്തിയായിരുന്ന അക്ബറിൻ്റെ പ്രോത്സാഹനവും ഈ ക്ഷേത്രത്തിനുണ്ടായിരുന്നു. ഒരു തൂണിൽ അക്ബറിൻ്റെ വാക്കുകൾ കൊത്തിവെച്ചിരിക്കുന്നു. നോക്കണേ അന്നത്തെ മതമൈത്രി. പക്ഷേ, അക്ബറിൻ്റെ പിൻതലമുറക്കാരനായ ഔറങ്കസീബ് ഈ ക്ഷേത്രത്തിൽ അക്രമിച്ച് കടന്നു. പക്ഷേ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല.

* ഗാന്ധിജിയുടെ മാതാവ് പുത്ലിഭായ്, ജൈനമതസ്ത ആയിരുന്നു. ഒരു ജീവിയേയും ഉപദ്രവിക്കരുത്, കൊല്ലരുത് എന്ന ആശയമാണ് ജൈനിസത്തിൽ ഏറ്റവും പ്രധാനം. ഗാന്ധിജി അഹിംസ മുറുകെപ്പിടിച്ച ആളായത് എന്തുകൊണ്ടാണെന്ന് കൂടുതൽ വിശദമാക്കണ്ടല്ലോ.

29

31

ഓഡിയോ ഗൈഡിന് 200 രൂപ. മൊബൈൽ ഫോൺ അടക്കമുള്ള ഫോട്ടോഗ്രഫിക്ക് 100 രൂപ, പ്രവേശനത്തിന് 100 രൂപ. പക്ഷേ, കൊത്തുപണികളുടേത് അല്ലാതെ പ്രതിഷ്ഠകളുടെ പടമെടുക്കാൻ പാടില്ല.

ജൈനരുടെ ഇന്ത്യയിലെ തന്നെ വളരെ പ്രധാനപ്പെട്ടതും വലിയതുമായ ക്ഷേത്രമായതുകൊണ്ട് ധാരാളം ജൈനർ വരുന്നുണ്ട്, അവരുടെ പ്രാർത്ഥനകളും മുഴങ്ങുന്നുണ്ട്.

പടങ്ങളെടുത്ത് കുഴഞ്ഞു. ഓഡിയോ ഗൈഡിൽ പലവട്ടം വിവരണങ്ങൾ കേട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഗംഭീര സൃഷ്ടിയാണത്. എന്തൊരു മഹത്തായ പൈതൃകമാണ് ഈ രാജത്തിൻ്റേതെന്ന് അവിടെ നിന്ന് പലവട്ടം ഊറ്റം കൊണ്ടു.

33

34

വളരെ വലിയ ക്യാമ്പസാണ് അത്. സൂര്യനാരായണ ഭഗവാൻ്റേത് അടക്കം വേറെയും കൊച്ചുകൊച്ച് ക്ഷേത്രങ്ങൾ അതിലുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും കയറിയിറങ്ങി. ഇനിയും പലവട്ടം പോയാലും ആ ക്ഷേത്രത്തിലെ കൊത്തുപണികളിലും ജൈനപുരാണത്തിലും പുതിയൊരാളെപ്പോലെ മുഴുകി നിൽക്കാൻ എനിക്കാവും.

മടക്കയാത്രയ്ക്ക് മുൻപ് ടാക്സി കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് ചെന്ന് ഒന്നുരണ്ട് ഡ്രൈവർമാരോട് മടക്കവഴിയെപ്പറ്റി തിരക്കി. ഞാൻ മടമടക്കുകളിൽ കഷ്ടപ്പെട്ടാണ് വാഹനമിറക്കിയതെന്നും മടങ്ങിപ്പോകാൻ വേറെ വഴിയുണ്ടോ എന്നും ചോദിച്ചപ്പോൾ അവർ ആശ്ചര്യം കൂറി. ഞങ്ങളാരും ആ വഴി പോകാറില്ല എന്നായിരുന്നു അവരുടെ മറുപടി. ആ ചുരം ഇറങ്ങി വന്നത് വന്നു, തിരിച്ച് കയറുക എളുപ്പമേയല്ല, 15 കിലോമീറ്റർ ചുറ്റി കുഴപ്പമില്ലാത്ത മറ്റൊരു വഴിയുണ്ട്, അതിലൂടെ പോകാൻ അവർ നിർദ്ദേശിച്ചു.

32

30

ക്ഷേത്രത്തിൽ നിന്ന് വിട്ട്, കാട് തുടങ്ങുന്നയിടത്ത് തന്നെയുള്ള ഒരു റസ്റ്റോറൻ്റിൽ ഭക്ഷണത്തിന് കയറിയപ്പോൾ, തൊട്ടടുത്ത മേശയിലെ വിദേശികൾക്കും അവരെ കൊണ്ടുവന്നിരിക്കുന്ന ഇന്ത്യക്കാരനും, ആ വഴി പോകരുതെന്ന് റസ്റ്റോറൻ്റുകാരൻ നിർദ്ദേശിക്കുന്നുണ്ടായിരുന്നു. ചില സമയത്ത് ഗൂഗിൾ തരുന്ന പണി നോക്കണേ.

നാലര മണിക്ക് തിരികെ കുംബൽഗഡ് ക്യാമ്പിലെത്തി; ചൂടുവെള്ളം സംഘടിപ്പിച്ച് കുളിയും അലക്കും കഴിച്ചു.

നേരെ എതിർവശത്തുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൻ്റെ കേന്ദ്രമാണ്. ഇക്കഴിഞ്ഞ മൂന്ന് ദിവസവും ഓരോ കല്യാണങ്ങളുടെ മേളവും വെടിക്കെട്ടും ഞാനവിടെ കേട്ടിരുന്നു. ഇന്ന് വൈകീട്ട് ആ മേളം കേട്ടതും അങ്ങോട്ട് നടന്നു. എനിക്കൊരു രാജസ്ഥാൻ കല്യാണമോ ഡെസ്റ്റിനേഷൻ കല്യാണമോ കൂടാൻ അവസരമുണ്ടാക്കി തരണമെന്ന് അൽപ്പം മുൻപ് റസ്റ്റോറൻ്റ് മാനേജരോട് പറഞ്ഞതും ശ്രമിക്കാമെന്ന് അദ്ദേഹം ഏറ്റതുമാണ്.

16

24

തെരുവിലൂടെ ബാരാത്ത് വരുന്നുണ്ട്. ചെറിയ തോതിൽ ഗതാഗത തടസ്സവും അവർ ഉണ്ടാക്കുന്നുണ്ട്. പെണ്ണും ചെറുക്കനും തുറന്ന കാറിലാണ് സഞ്ചരിക്കുന്നത്. ഇടയ്ക്ക് നിയന്ത്രണം പോകുമ്പോൾ മണവാട്ടി ഇറങ്ങിപ്പോയി മറ്റുള്ളവർക്കൊപ്പം ഡാൻസ് കളിക്കുന്നുണ്ട്. കൂട്ടുകാർ എത്ര നിർബന്ധിച്ചിട്ടും മണവാളൻ കാറിൽ നിന്ന് ഇറങ്ങിയതേയില്ല.

നാലഞ്ച് പേർ ഇടയ്ക്കിടയ്ക്ക് 10ൻ്റേയും 20ൻ്റേയും നോട്ടുകൾ ആകാശത്തേക്ക് വീശി എറിയുന്നുണ്ട്. മേളക്കാരിൽ ഒരാളുടെ ജോലി അത് അതിഥികളുടെ കാലുകൾക്കിടയിൽ നിന്ന് തപ്പിപ്പെറുക്കി എടുക്കുക എന്നതാണ്. അതിനിടയ്ക്ക് തെരുവിൽ നിന്ന് ചില മുതിർന്നവരും നാലഞ്ച് കുട്ടികളും നോട്ടുകൾ പെറുക്കാൻ തുടങ്ങി. അത് ബാരാത്തിന് ശല്യമാകുന്നുണ്ട് എന്നത് ശരി തന്നെ. ബൗൺസർ ഒരാൾ കുട്ടികളെ ആട്ടിയോടിക്കാൻ തുടങ്ങി, മുതിർന്നവരെ വിളിച്ച് മാറ്റി നിർത്തി ഭീഷണിപ്പെടുത്തുന്നതും കണ്ടു. അതെന്തോന്ന് പരിപാടിയാണ്? റോഡിൽ പണമെറിഞ്ഞാൽ പൊതുജനം എടുത്തെന്ന് വരും. അവരെക്കൊണ്ട് ശല്യമാകുന്നുണ്ടെങ്കിൽ നൂറോ ഇരുനൂറോ ഒറ്റയടിക്ക് കൊടുത്ത് അവരെ ഒഴിവാക്കുക. എന്തായാലും ലക്ഷങ്ങൾ പൊടിച്ച് കല്യാണം നടത്തുകയല്ലേ കുറച്ച് പൈസ തെരുവിലെ പാവങ്ങൾക്കും കിട്ടട്ടെ. അല്ലെങ്കിൽപ്പിന്നെ തെരുവിൽ നോട്ട് എറിയുന്ന പരിപാടി ചെയ്യരുത്.

27

18

24

16

19

20

തിരിച്ച് റസ്റ്റോറൻ്റിലേക്ക് വന്നതും നോട്ട് എറിയുന്ന രാജസ്ഥാൻ കല്യാണമാണെങ്കിൽ എനിക്ക് പങ്കെടുക്കേണ്ട എന്ന് മാനേജരോട് പറഞ്ഞ് ഞാൻ തീൻ മേശയിലേക്ക് നീങ്ങി.

ഇന്ന് തണുപ്പ് കുറവാണെന്ന് തോന്നുന്നു. അതോ എനിക്ക് തണുപ്പ് ശീലമായതാണോ? ഹണി ചില്ലി പൊട്ടാറ്റോയും ഹണി ജിഞ്ചർ ലൈം ചായയും മേശയിൽ എത്തിയിട്ടുണ്ട്. അത് കഴിച്ച് പെട്ടെന്ന് തന്നെ ഭാഗിയുടെ അടുത്തേക്ക് പോകണം. ഇന്ന് രാവിലെ അവൾക്ക് വയറു നിറച്ച് ഡീസൽ വാങ്ങിക്കൊടുത്തിരുന്നു. നാളെ രാവിലെ അവളെ കുളിപ്പിക്കാൻ കൊണ്ടുപോകാനുള്ള സ്ഥലം നോക്കി വെച്ചിട്ടുമുണ്ട്. അവൾക്ക് വൃത്തി അൽപ്പം കുറവാണ്. നാലു ദിവസമായി അവൾ വെള്ളം കണ്ടിട്ട്.

ശുഭരാത്രി.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#motorhomelife
#fortsofrajasthan
#jaintemplesofindia