രാവിലെ 10 മണിക്ക് കുംബൽഗഡ് കോട്ടയിൽ എത്തി. കോട്ട തുറക്കുന്നത് 0930ന് ആണ്. പക്ഷേ,11 മണിയെങ്കിലും കഴിയും സഞ്ചാരികൾ എത്തിത്തുടങ്ങാൻ. അതിന് മുൻപ് വീഡിയോയും ഫോട്ടോകളും എടുത്ത് അവസാനിപ്പിക്കണമെന്നായിരുന്നു പദ്ധതി. കുംബൽഗഡ് കോട്ടയിൽ ഇതെൻ്റെ മൂന്നാം ദിവസമാണ്.
11:30 ആയതോടെ ധാരാളം സഞ്ചാരികൾ വന്ന് കയറി. 20ഉം 25ഉം അംഗങ്ങളുള്ള ഗ്രൂപ്പ് വന്നാൽപ്പിന്നെ നമ്മളുദ്ദേശിക്കുന്ന ഒരു റെക്കോഡിങ്ങും നടക്കില്ല. അവർ പോകാനായി പലയിടങ്ങളിലും കാത്ത് നിൽക്കേണ്ടി വന്നു. അങ്ങനെ 2 മണി ആയത് അറിഞ്ഞില്ല.
കോട്ടയ്ക്കുള്ളിൽ ഉള്ള ഒരു ചെറിയ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് ക്ഷേത്രസമുച്ചയത്തിലേക്ക് കടന്നു.
മഹാറാണ കുംഭയെ സ്വന്തം മകൻ ഉദയ്കരൺ വകവരുത്തിയ നീലകണ്ഠക്ഷേത്രമാണ് ഈ സമുച്ചയത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത്. രാജസ്ഥാനിൻ്റെ ചരിത്രത്തിലും മേവാർ രാജകുടുബത്തിൻ്റെ ചരിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടന്ന ക്ഷേത്രമാണത്.
അതിനോട് ചേർന്നുള്ളത് പാർശ്വനാഥ ബസ്തിയാണ്. എന്നുവെച്ചാൽ അത് ജൈനക്ഷേത്രമാണ്. പക്ഷേ അടച്ചിട്ടിരിക്കുന്നു.
കോട്ട മതിലിനോട് ചേർന്ന് 100 മീറ്റർ നടന്നാൽ എത്തുന്നത് മറ്റൊരു ജൈനക്ഷേത്രത്തിലാണ്. അതിൻ്റെ തൊട്ടടുത്ത് മൂന്നാമത്തെ ജൈനക്ഷേത്രം. രണ്ടാമത്തെ ജൈനക്ഷേത്രത്തിൻ്റെ (പിത്തൽ വാര ക്ഷേത്രം) കാര്യം വലിയ തമാശയാണ്. അതിൻ്റെ ഉൾത്തളങ്ങളിൽ ഇപ്പോൾ കഴിയുന്നത്, ക്ഷേത്രത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന ജോലിക്കാരും അവരുടെ കുടുംബവുമാണ്. അവരുടെ വസ്ത്രങ്ങൾ ഉണങ്ങാൽ ക്ഷേത്രത്തിൻ്റെ കൊത്തുപണികളുള്ള കല്ലുകളിൽ വിരിച്ചിട്ടിരിക്കുന്നു. വീട്ടമ്മയാണെന്ന് തോന്നുന്നു, ഒരു സ്ത്രീ പാചകം ചെയ്യുന്നുണ്ട് ക്ഷേത്രത്തിൻ്റെ മറ്റൊരു ചുമരിനോട് ചേർന്ന്. ഒരു ദൈവങ്ങൾക്കും ഈ അവസ്ഥ വരുത്തരുതേ.
ഈ ജൈനക്ഷേത്രങ്ങളിലൊന്നിലും ആരാധനയോ പൂജയോ നടക്കുന്നില്ല; അടച്ചിട്ടിരിക്കുകയാണ്.
ഇനിയങ്ങോട്ട് 100 മീറ്റർ അപ്പുറത്ത് ഏറെക്കുറെ നശിച്ച് പോയ ഒരു ജൈനക്ഷേത്രമുണ്ട്. ഭിൽവാര ക്ഷേത്രം എന്നാണ് പേർ. നശിപ്പിക്കപ്പെട്ടത് തന്നെ എന്ന് മനസ്സിലാക്കാൻ പറ്റും. പക്ഷേ കൂടുതൽ ചരിത്രമൊന്നും ലഭ്യമല്ല. അതിൻ്റെ ചിത്രങ്ങൾ എടുത്തുകൊണ്ട് നിന്നപ്പോളാണ് ഇന്നലെ വൈകീട്ട് എൻ്റെ ക്യാമറയിലെ ബാറ്ററി തീർന്ന് പോയതും ഞാൻ മടങ്ങിപ്പോന്നതും. ഇന്നെനിക്ക് ആവശ്യത്തിന് സമയമുണ്ട്. ഈ ക്ഷേത്രത്തിൽ അനാഥമായി കിടക്കുന്ന കൊത്തുപണികളുള്ള ഒരു കല്ലുണ്ട്. ആർക്കും വേണ്ടെങ്കിൽ എനിക്ക് തന്നുകൂടെ എന്ന് ചോദിക്കാൻ പോന്നൊരു ഗംഭീര കല്ല്. ഞാനത് കുറേയധികം നേരം നോക്കി നിന്ന് ആശയടക്കി അവിടന്ന് ഇറങ്ങി.
ഇനി പോകാനുള്ളത്, അര കിലോമീറ്റർ മാറിയുള്ള ക്ഷേത്രസമുച്ചയത്തിലേക്കാണ്.
ഇവിടന്നങ്ങോട്ട് അൽപ്പം ഭയപ്പെടേണ്ട വഴിയാണ്. കോട്ടയിൽ വരുന്നവർ ആരും ആ വഴിക്ക് പോകുന്നില്ല; അവിടത്തെ പൂജയില്ലാത്ത ജൈനക്ഷേത്രങ്ങളിൽ ആർക്കും താൽപ്പര്യമില്ല. പക്ഷികളുടെ ശബ്ദമൊഴിച്ചാൽ മൊത്തത്തിൽ നിശബ്ദം, ഏകാന്തം. കർണ്ണാടകയിലെ പാവഗഡ കോട്ടയിൽ ഞാനനുഭവിച്ച ഏകാന്തതയുടെ നാലിലൊന്ന് വരില്ലെങ്കിലും ചുറ്റിനും കാടാണ്; വന്യമൃഗങ്ങൾ ഉണ്ടാകാം. കാടെന്ന് പറയുമ്പോൾ കേരളത്തിലെ കാടുകൾ പോലെയാണെന്ന് കരുതരുത്. വലിയ ഉയരമില്ലാത്ത മരങ്ങൾ, പച്ചപ്പ് കുറവ്. പക്ഷേ, തിങ്ങിനിറഞ്ഞല്ലെങ്കിലും മൃഗങ്ങൾക്കും പക്ഷികൾക്കും ഒളിക്കാൻ പാകത്തിൽ മരങ്ങളുണ്ടാകും.
ഇന്ന് രാവിലെ കോട്ടയിൽ ചെന്നിറങ്ങിയപ്പോൾ ആദ്യം കണ്ടത്, ഇന്നലെ എന്നെ സവാരിക്ക് കൊണ്ടുപോയ ഡ്രൈവർ മിത്തുദാസിനെയാണ്. ക്ഷേത്രങ്ങളുടെ ഭാഗത്ത് കാട്ടുമൃഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയില്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ കക്ഷി പറയുകയാണ്.
“ ഹോഗാ തോ ഭീ, ഖൂംത്തി രഹേഗാ. ടർനേ കാ ബാർത്ത് നഹി.“….. എന്ന്.
മൃഗങ്ങൾ ഉണ്ടെങ്കിൽത്തന്നെ കറങ്ങിനടക്കുകയാകും, ഒന്നും പേടിക്കാനില്ല പോലും!
മൃഗങ്ങൾ കറങ്ങി നടക്കണമോ, നിന്ന് കാറ്റ് കൊള്ളണമോ എന്ന് തീരുമാനിക്കേണ്ടത് മനുഷ്യനല്ലല്ലോ, അവറ്റകളല്ലേ? കൂടുതൽ ചോദിച്ചിട്ട് കാര്യമില്ല. മൃഗങ്ങൾ ഉണ്ടാകാം. കണ്ടാൽ,…. കണ്ടിട്ട് അവരൊന്നും ചെയ്തില്ലെങ്കിൽ എൻ്റെ ഭാഗ്യം. അവർക്ക് വിശന്നിരിക്കുന്ന സമയമാണെങ്കിൽ, അൻപത്തിരണ്ടാമത്തെ കോട്ടയിൽ ഈ പദ്ധതി അവസാനിച്ചതായി കണക്കാക്കുക. ഈ കാട്ടിൽ പുള്ളിപ്പുലി, ഹൈന, കരടി എന്നിവയാണ് ഉള്ളതെന്ന് പൊതുവെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പുലിയെ കണ്ടിട്ടുണ്ടെന്ന് മിത്തുദാസ് പറയുന്നുണ്ടായിരുന്നു ഇന്നലെ.
യാത്രയ്ക്കിടയിൽ പൊതുവെ ഇത്തരം ധൈര്യമില്ലായ്മ വരുമ്പോൾ ഞാൻ ആലോചിക്കുന്നത് രണ്ട് പേരെപ്പറ്റിയാണ്. ഒന്ന് കമാൻഡർ അഭിലാഷ് ടോമി. രണ്ട്, ക്യാമറാമാനും സംവിധായകനുമായ വേണു. അതോടെ പെട്ടെന്നൊരു ധൈര്യം ഇരച്ച് കയറിവരും. അവർ നേരിട്ട, അല്ലെങ്കിൽ നേരിടാൻ ശ്രമിച്ച അത്രയും പ്രശ്നങ്ങളിൽ ഞാൻ ചെന്ന് ചാടിയിട്ടില്ല ഇതുവരെ. വെച്ച കാൽ മുന്നോട്ട് മുന്നോട്ട്…
എന്നുവെച്ച് എകാന്തതയ്ക്കും ഭീകരതയ്ക്കും ഒരു കുറവുമില്ല. ഇടയ്ക്ക് ഞാൻ കോട്ടയുടെ ഭാഗത്തേക്ക് നോക്കും. അതങ്ങനെ തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ ഒരു ആശ്വാസമാണ്. അതിൽ നിറയെ ആൾക്കാരുണ്ടല്ലോ എന്നാലോചിക്കുമ്പോൾ ആശ്വാസം കൂടും. പക്ഷേ, ഒരു കാര്യവുമില്ല. ഇവിടന്ന് അലറി വിളിച്ചാലൊന്നും കോട്ടയുടെ ഭാഗത്ത് ആരും കേൾക്കില്ല.
ഇനി ഞാൻ പറയാൻ പോകുന്നത് കേട്ടാൽ ആരും ചിരിക്കരുത്. മൃഗമായാലും മനുഷ്യനായാലും ആളില്ലാത്ത ഈ ഭാഗത്ത് വെച്ച് എന്നെ ആക്രമിച്ചാൽ അൽപ്പനേരമെങ്കിലും ഞാൻ പൊരുതി നിൽക്കും. ചാകുന്നതിന് മുൻപ് ശത്രുവിനെ കുറച്ചെങ്കിലും മുറിവേൽപ്പിച്ചിരിക്കും, ഒന്നുമില്ലെങ്കിലും ഞാൻ നിൽക്കുന്നത് ഒരുപാട് വലിയ യുദ്ധങ്ങൾ നടന്ന ഒരു കോട്ടയിലല്ലേ ? ഞാനെൻ്റെ ഏക ആയുധമായ മടക്ക്കത്തി നിവർത്തിപ്പിടിച്ചു. ഒരു കൈയിൽ ക്യാമറയും മറുകൈയിൽ കത്തിയും. ചെവി കൂർപ്പിച്ച്, കണ്ണ് വിടർത്തി മുന്നോട്ട്.
ക്ഷേത്രസമുച്ചയത്തിലേക്ക് ചെന്ന് കയറുന്നത് വരെ ഞാൻ ശ്രദ്ധാലുവായിരുന്നു. അവിടെ എത്തിയതും എല്ലാം മറന്നു. എല്ലാ ക്ഷേത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പടങ്ങളെടുത്ത് കൈ കുഴഞ്ഞു. കൊത്തുപണികൾ ആസ്വദിച്ച് മനം നിറഞ്ഞു. മുത്തം തരാനെന്ന പോലെ ആകാശത്ത് നിന്ന് പറന്നിറങ്ങുന്ന കിന്നരന്മാരെപ്പോലെ തോന്നിക്കുന്ന രൂപങ്ങളുടെ കൊത്തുപണികളുള്ള തൂണുകൾ എത്ര നോക്കി നിന്നിട്ടും മതിയായില്ല. ക്ഷേത്രകവാടത്തിന് ചുറ്റുമുള്ള ശിൽപ്പവേലകൾ ആസ്വദിക്കാൻ ആളില്ലാതെ ഈ കോട്ടയ്ക്കകത്തെ കാട്ടിൽ അനാഥമായി നിൽക്കുന്നു. നല്ല സങ്കടം വന്നു.
ഇടയ്ക്ക് ഉച്ചത്തിൽ ചിലച്ചുകൊണ്ട് ഒരു പെൺമയിൽ പറന്നകന്നത് എൻ്റെ മുന്നിൽ നിന്ന് തന്നെ ആയതുകൊണ്ട് ഞെട്ടിയില്ല. അത് മുന്നോട്ട് മുന്നോട്ട് വലിയ ശബ്ദമുണ്ടാക്കി പൊയ്ക്കൊണ്ടേയിരുന്നു. കാട്ടിൽ, പക്ഷികൾ അപകട സൂചന തരുമെന്ന് കേട്ടിട്ടുണ്ട്. ഇത് അങ്ങനെ വല്ലതും ആണോ? ആകാം…. മനുഷ്യൻ ഒരുത്തൻ വന്ന് കയറിയിട്ടുണ്ട്, സൂക്ഷിച്ചോ എന്ന് മറ്റ് പക്ഷിമൃഗാദികൾക്ക് സൂചന നൽകുന്നതാകാം.
എന്നെ വേദനിപ്പിച്ചത്. 1547 ൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയിൽ എങ്ങനെ ജൈനക്ഷേത്രങ്ങൾ വന്നു? മേവാർ രാജവംശം ഹിന്ദുക്കളായിരുന്നില്ലേ? അവർക്കും മുൻപ് ഇവിടെ ജൈനർ ഉണ്ടായിരുന്നോ? അവരുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചത് മേവാർ ആണോ? അതോ മുഗളന്മാരോ? ഇപ്പോഴും കോട്ടയ്ക്കകത്ത് എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം ആരാധന നടക്കുന്നു? ജൈനക്ഷേത്രങ്ങളിൽ എന്തുകൊണ്ട് ആരാധന നടക്കുന്നില്ല? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ!
കോട്ടയിൽ ഒന്നും എഴുതി വെച്ചിട്ടില്ല. ഇൻ്റർനെറ്റിൽ നിന്ന് കിട്ടിയത് ക്ഷേത്രങ്ങളുടെ പേരുകൾ മാത്രം. ക്ഷേത്ര സമുച്ചയത്തിൽ 4 ജൈനക്ഷേത്രങ്ങൾ ഉണ്ടെന്നല്ലാതെ അതിൻ്റെ പേരുകൾ പോലും അവിടെ എഴുതി വെച്ചിട്ടില്ല. ഇത്രയും ക്ഷേത്രങ്ങൾ ഒരുമിച്ച് സ്ഥാപിക്കണമെങ്കിൽ ഈ ഭാഗത്ത് ധാരാളം ജൈനർ ഉണ്ടായിരുന്നിരിക്കില്ലേ? അവർക്കെന്ത് സംഭവിച്ചു?
കേരളത്തിൽ, വയനാട്ടിലും മറ്റും ജൈനക്ഷേത്രങ്ങൾക്ക് പിന്നാലെ കുറേ പോയിട്ടുണ്ട്. അതുകൊണ്ട് ജൈനക്ഷേത്രങ്ങൾ വീണ്ടും കുറേ കാണാനായതിൻ്റെ സന്തോഷത്തിൽ ഞാൻ തിരിച്ച് നടന്നു. ഇപ്പോൾ എന്നിൽ ഭയം അശേഷമില്ല. തമാശ അതല്ല. ഞാൻ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ഇറങ്ങി നടന്നതും 7 – 8 വയസ്സുള്ള ഒരു ബാലൻ എനിക്കെതിരെ നടന്ന് വന്നു.
മടക്ക് കത്തിയും പിടിച്ച് വരുന്ന എന്നെക്കണ്ട് അവൻ ഒന്ന് ഞെട്ടുന്നുപോലുമില്ല. അവൻ ഭീൽ ബാലനാണ്. മഹാറാണ പ്രതാപിൻ്റെ സേനയിൽ ഉണ്ടായിരുന്ന ആദിവാസികളുടെ പുതിയ തലമുറ. അവന് ഈ കാടും കത്തി നീട്ടിപ്പിടിച്ച് വരുന്നവരെയൊന്നും ഭയമുണ്ടാകില്ല.
ചെറുക്കൻ എങ്ങോട്ടാണ് പോകുന്നതെന്ന് അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. ക്ഷേത്രസമുച്ചയവും കടന്ന് അവനൊരു പൊട്ടുപോലെ കാട്ടിലേക്ക് ലയിച്ചു. ഭീൽ ആദിവാസികൾ, അവരുടെ രാജാവായ മഹാറാണ പ്രതാപിൻ്റെ പാത പിന്തുടർന്ന് ഇപ്പോളും കാട്ടിലും കൽമേട്ടിലും ലളിത സൗകര്യങ്ങളിൽ ജീവിക്കുന്നവരാണ്. ആ ക്ഷേത്രസമുച്ചയത്തിനപ്പുറം അവൻ്റെ വീടുണ്ടെന്ന് ഉറപ്പ്. അവൻ നിത്യവും സ്ക്കൂളിൽ പോയി വരുന്ന വഴിയിലൂടെയാണ് ഞാനിത്ര സമയവും കത്തിയും ചൂണ്ടി ഭയന്ന് നടന്നിരുന്നത്. ഛായ് ലജ്ജാവഹം.
കോട്ടയ്ക്ക് വെളിയിൽ വന്നപ്പോൾ, ചെവിതോണ്ടിയും ചട്ടകവും അടക്കമുള്ള സാധനങ്ങൾ വിൽക്കുന്ന സ്ത്രീകളും കുട്ടികളും വളഞ്ഞു. “എനിക്ക് വീടും കുടിയുമില്ല, ഈ കാണുന്ന വാഹനത്തിലാണ് ജീവിതം, അതിലേക്ക് ഈ വക സാധനങ്ങൾ ഒന്നും ആവശ്യമില്ല” എന്ന് പറഞ്ഞപ്പോൾ, അത് നേരാണോ എന്നറിയാൻ എല്ലാവരും ഭാഗിക്ക് ചുറ്റും കൂടി. അവർക്ക് ഞാൻ ഭാഗിയെ കാണിച്ച് കൊടുത്തു. അപ്പോഴേക്കും ചുറ്റുമുള്ള വാഹനങ്ങളുടെ ഡ്രൈവർമാരും അതുവഴി പോയവരും അടുത്ത് കൂടി. ചിലർ ഭാഗിയുടെ പടമെടുത്തു. ജോഥ്പൂരിൽ നിന്ന് വന്ന ഒരു മാന്യദേഹം അവിടെച്ചെല്ലുമ്പോൾ ഭാഗിക്കും എനിക്കും തങ്ങാനുള്ള ഇടം വാഗ്ദാനം ചെയ്തു, എനിക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പർ തന്നു.
അഞ്ച് മണിയോടെ തിരിച്ച് ക്യാമ്പിലെത്തി. നാളെ മുതൽ മൂന്ന് ദിവസങ്ങൾ എങ്ങോട്ട് പോകണമെന്ന് റസ്റ്റോറൻ്റ് ഉടമ ആകാശുമായി ഇരുന്ന് സംസാരിച്ച് തീരുമാനിച്ചു.
ഇന്ന് തണുപ്പ് കൂടുതലാണ്. നാലെ രാവിലെ 7 മണിക്ക് 5 ഡിഗ്രി എന്ന് കാണിക്കുന്നുണ്ട്. അൽപ്പം ചൂട് കായാതെ ഇന്ന് രാത്രി ഭാഗിയുടെ അടുത്തേക്ക് പോകുന്ന പ്രശ്നമില്ല. സ്ലീപ്പിങ്ങ് ബാഗിൽ കയറുമ്പോൾ ശരീരത്തിൽ നല്ല ചൂടുണ്ടെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാൻ എളുപ്പമാണ്.
നാളെ റണക്ക്പൂരിലേക്കാണ് യാത്ര. അവിടെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ജൈനക്ഷേത്രമാണ്.
ആയതിനാലും കൂട്ടരേ ശുഭരാത്രി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#fortsofrajasthan
#motorhomelife