ഇന്നലെ രാത്രി കുംബൽഗഡിൽ ഞാൻ തങ്ങിയ റസ്റ്റോറൻ്റിൻ്റെ ഉടമയും അതിൻ്റെ മാനേജരും കൂടെ നൈറ്റ് സഫാരിക്ക് (ഇന്നലെ രാത്രി) ക്ഷണിച്ചു. മാനേജർ ചേതൻ്റെ വിനോദങ്ങൾ വൈൽഡ് ലൈഫും ട്രക്കിങ്ങുമാണ്. ഒരു ചെറിയ സ്മാൾ അടിച്ച് തീയും കാഞ്ഞ് ഇരിക്കുന്ന കൂട്ടരാണ് എനിക്ക് ക്ഷണം തരുന്നത്. മദ്യപിച്ച കൂട്ടരുടെ കൂടെ ഒരു സവാരി എനിക്ക് ബുദ്ധിമുട്ടാണ്. പോരാത്തതിന് രാത്രി. അവർ പോകുന്നതാകട്ടെ കാട്ടിലേക്ക്. കുംബൽഗഡ് കോട്ടയുടെ ആദ്യ ഗേറ്റ് കാട്ടിനുള്ളിലാണ്. അങ്ങോട്ട് സാധാരണ നിലയ്ക്ക് ആരും പോകാറില്ല എന്ന് ഇന്നെനിക്ക് ബോദ്ധ്യമാകുകയും ചെയ്തു.
ക്ഷീണിതനാണ് ഉറങ്ങണം എന്ന് പറഞ്ഞ്, അവരുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. പോകാതിരുന്നത് നന്നായി എന്ന് ഇന്ന് രാവിലെ മനസ്സിലായി. അവരുടെ വാഹനം കേടായി മണിക്കൂറുകളോളം അവരവിടെ പെട്ടുപോയി. ഒരു കരടിയേയും കുഞ്ഞിനേയും അവർ കണ്ടു എന്ന് പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. പുള്ളിപ്പുലി അവരുടെ ജീപ്പിനടുത്തുകൂടെ കടന്ന് പോകുന്ന ദൃശ്യങ്ങൾ കാണിച്ച് തന്നാണ് ഇന്നലെ അവരെന്ന ക്ഷണിച്ചത്.
പുള്ളിപ്പുലി ആക്രമിക്കില്ലേ എന്ന ചോദ്യത്തിന്, ഞങ്ങളെ കണ്ട് വളർന്ന് മൃഗങ്ങളാണ് ഈ കാട്ടിലുള്ളത്. ഇവിടെ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മൃഗങ്ങൾ ആക്രമിക്കാറില്ല എന്നാണ് മറുപടി കിട്ടിയത്. ഇന്നുച്ച വരെ ഞാനത് വിശ്വസിച്ചില്ല. അക്കഥ പിന്നാലെ പറയാം.
രാവിലെ തന്നെ കുംബൽഗഡ് കോട്ടയിൽ കയറി. ഗൈഡിൻ്റെ സേവനത്തിന് കനത്ത ഫീസാണിവിടെ. 1 മുതൽ 5 പേർ വരെയുള്ള ടീമിന് 750 രൂപ. ഒറ്റയാനായ എനിക്കത് വളരെ കനത്ത തുകയാണ്. മദ്ധ്യപ്രദേശിൽ നിന്ന് വന്നിരിക്കുന്ന ഒരു ഭാര്യയും ഭർത്താവും എനിക്കൊപ്പം ആ തുക പങ്കുവെക്കാൻ തയ്യാറായി.
കോട്ടയുടെ ചരിത്രം പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ചിലത് വളരെ ചുരുക്കി പറഞ്ഞ് പോകാം.
* രാജസ്ഥാൻ കോട്ടകളിൽ വളരെ പ്രശസ്തമായ ഈ കോട്ട, ലോക പൈതൃക സ്മാരകമാണ്.
* മുഗളന്മാർ പലവട്ടം ആക്രമിച്ചിട്ടുള്ള കോട്ടയ്ക്ക് ചുറ്റുമുള്ള പാതയുടെ ദൂരം 38 കിലോമീറ്ററാണ്. അത്രയും ദൂരം കോട്ടമതിലുണ്ട്.
* കോട്ട നിർമ്മിച്ചത് മഹാറാണ കുംബ ആയിരുന്നെങ്കിലും കോട്ടയുടെ ആദ്യത്തെ പേർ കുംബൽഗഡ് എന്നായിരുന്നില്ല.
* മഹാറാണ കുംഭയ്ക്ക് രണ്ട് മക്കൾ. ഉദയ്കിരൺ & റായ്മൽ. രാജാവാകാൻ വേണ്ടി ഉദയ്കിരൺ, സ്വന്തം പിതാവ് കുംഭയെ കോട്ടയ്ക്കകത്തെ ക്ഷേത്രത്തിൽ വെച്ച് പൂജാസമയത്ത് വധിക്കുന്നു. ആയതിനാൽ ‘ഖത്യാർ‘ എന്ന ദുഷ്പ്പേർ അദ്ദേഹത്തിന് വന്നു ചേർന്നു. 4 വർഷത്തിനുള്ളിൽ കോട്ടയിൽ വെച്ച് തന്നെ മിന്നലേറ്റ് ഉദയ്കിരൺ മരിക്കുന്നു. പിന്നീട് റായ്മൽ രാജാവാകുന്നു. അദ്ദേഹത്തിൻ്റെ മകൻ സംഗ്രാം സിങ്ങ്. അദ്ദേഹത്തിൻ്റെ മകൻ ഉദയ്സിങ്ങ്.
* ഉദയ്സിങ്ങാണ് ഉദയ്പൂർ നഗരത്തിൻ്റെ സ്ഥാപകൻ. അദ്ദേഹത്തിൻ്റെ ജനനം അതീവ നാടകീയമായ രംഗങ്ങൾ നിറഞ്ഞതാണ്. ചിത്തോർഗഡ് ആയിരുന്നു അന്ന് മേവാർ രാജവംശത്തിൻ്റെ ആസ്ഥാനം. ഉദയ്സിങ്ങിൻ്റെ ജനനസമയത്ത് തന്നെ അദ്ദേഹത്തിൻ്റെ അമ്മാവൻ ബൺവീർ സിങ്ങിന് രാജപദവിയിൽ കണ്ണുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൈക്കുഞ്ഞായിരുന്ന ഉദയ്സിങ്ങ് ഏത് നിമിഷവും കൊല്ലപ്പെടാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ വിശ്വസ്തയായ പരിചാരിക, പന്ന ധായ്, ഉദയ്സിങ്ങിനെ ചിറ്റോറിൽ നിന്നും രക്ഷപ്പെടുത്തി കുംബൽഡഡിൽ എത്തിക്കുന്നു. അതിന് ആ സ്ത്രീ വലിയ വിലയാണ് നൽകിയത്. അതേ പ്രായമുള്ള തൻ്റെ മകനെ രാജകുമാരൻ്റെ സ്ഥാനത്ത് കിടത്തിയാണ് അവർ ചിറ്റോർ വിടുന്നത്. അവരുടെ മകനെ, ഉദയ്സിങ്ങ് ആണെന്ന് കരുതി ബൺവീർസിങ്ങ് വധിക്കുകയും ചെയ്യുന്നു.
* ഉദയ്സിങ്ങിൻ്റെ മകൻ മഹാറാണ പ്രതാപ്. താൻ ഒരിക്കലും കൊട്ടാരങ്ങളിൽ ജീവിക്കില്ലെന്നും വിലകൂടിയ ഭക്ഷണവും വസ്ത്രങ്ങളും ധരിക്കില്ലെങ്കിലും രാജ്യത്തിന് വേണ്ടിയുള്ള കാര്യങ്ങളിൽ പൂർണ്ണ സേവനം നൽകുമെന്നും പ്രഖ്യാപിച്ച് സൈനികർക്കൊപ്പവും കാടുകളിലും മലകളിലും ജീവിക്കുന്ന ഭീൽ എന്ന ആദിവാസി ഗോത്രവർഗ്ഗക്കാർക്കൊപ്പം ജീവിതം നയിച്ച മഹാനായ രാജാവ്. ഭീൽ ആദിവാസികൾ ഇന്നും തങ്ങളുടെ രാജാവ് നയിച്ച അതേ ജീവിതം തുടരുന്നു.
കോട്ട ഉണ്ടാക്കിയ ചരിത്രം കൂടെ പറയാതെ പറ്റില്ലല്ലോ?
ആദ്യഘട്ടത്തിൽ എത്ര നിർമ്മിച്ചിട്ടും കോട്ട പൊളിഞ്ഞ് വീണുകൊണ്ടേയിരുന്നു. നരബലി മാത്രമാണ് പ്രതിവിധി എന്ന് പ്രശ്നപരിഹാരം വരുന്നു. (കേരളത്തിലടക്കം പല നിർമ്മിതികളുടെ കാര്യത്തിലും നരബലിയുടെ കാര്യം നമ്മൾ കേട്ടിട്ടുള്ളതാണ്. കുറ്റിപ്പുറം പാലം ഉദാഹരണം). ആരാണ് പക്ഷേ, നരബലിക്ക് തയ്യാറാകുക. ഗ്രാമത്തിലുള്ള ഒരു സാധു ബലിക്ക് തയ്യാറായി മുന്നോട്ട് വരുന്നു. താൻ പറയുന്ന പ്രകാരം ചെയ്യണമെന്ന് രാജാവിനോട് ആവശ്യപ്പെടുന്നു. സാധു ഒരു കുതിരയിൽ കയറി സഞ്ചാരം തുടങ്ങുന്നു. കുതിര ആദ്യം നിൽക്കുന്ന സ്ഥലത്ത് കോട്ടയുടെ ആദ്യകവാടം പണിയണമെന്നാണ് സാധുവിൻ്റെ നിർദ്ദേശം. കുതിര രണ്ടാമത് നിൽക്കുന്ന സ്ഥലത്ത് രാജാവ് സാധുവിൻ്റെ തല വെട്ടണം. അവിടെ കോട്ടയുടെ അഞ്ചാമത്തെ കവാടം പണിയണം. തലയില്ലാത്ത ഉടലുമായി കുതിര വീണ്ടും മുന്നോട്ട് പോകും. ഉടൽ വീഴുന്നയിടത്ത് കോട്ടയ്ക്കുള്ളിലെ കോട്ടാരമോ അന്തഃപുരമോ പണിയാം.
ഇപ്രകാരം സാധുവിൻ്റെ ബലി നടക്കുന്നതോടെ കോട്ടയുടെ പണി തടസ്സമില്ലാതെ മുന്നോട്ട് പോകുന്നു. സാധുവിൻ്റെ തലവീണ സ്ഥലവും ഉടൽ വീണ സ്ഥലവും കോട്ടയിൽ പൂജ ചെയ്യാൻ പാകത്തിൻ്റെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
മഹാറാണ പ്രതാപ് ജനിച്ചത് ഈ കോട്ടയിലാണ്. ആ മുറി അന്തഃപുരത്തിനോട് ചേർന്ന് കാണാം.
എവിടെത്തിരിഞ്ഞ് നോക്കിയാലും ഗംഭീര ഫോട്ടോയ്ക്ക് പറ്റിയ ഫ്രെയിമുകൾ ഉള്ള കോട്ടയ്ക്ക് മറ്റൊരു ഫോട്ടോഗ്രാഫി പ്രത്യേകത കൂടെയുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഉച്ച കഴിഞ്ഞാൽ കോട്ടയുടെ പടം സൂര്യന് അഭിമുഖമായി മാത്രമേ എടുക്കാനാവൂ. നല്ല ലൈറ്റിങ്ങിൽ പടമെടുക്കണമെങ്കിൽ ഉച്ചയ്ക്ക് മുൻപ് കോട്ടയിൽ എത്തണം. കോട്ടയിലേക്ക് വരാൻ ശ്രമിക്കുന്ന ശത്രുക്കളുടെ കാര്യത്തിലും ഇത്തരമൊരു സംഗതിയുണ്ട്. ഒരൊറ്റ വശത്തുകൂടെ മാത്രമേ കോട്ടയിലേക്ക് എത്താനാകൂ. മറ്റ് വശങ്ങളെല്ലാം പർവ്വതങ്ങളാണ്.
എനിക്ക് കിട്ടിയ ഗൈഡിൻ്റെ സേവനം മോശമായിരുന്നു. മനസ്സിലാകാത്ത കാര്യങ്ങൾ വീണ്ടും ചോദിച്ചാൽ അയാൾക്ക് വല്ലാത്ത ഈർഷ്യ. കോട്ടാരത്തിൻ്റെ ചില ഭാഗങ്ങളിലേക്ക് അയാൾ ഞങ്ങളെ കൊണ്ടുപോയതേയില്ല. അത് മനസ്സിലാക്കിയത് കൊണ്ടും ഗൈഡ് പോയതിന് ശേഷം ഒറ്റയ്ക്ക് കറക്കം പതിവുള്ളതുകൊണ്ടും ഞാൻ വീണ്ടും കോട്ടയിൽ കയറിയിറങ്ങി വന്നപ്പോൾ സമയം രണ്ട് മണി. കുറച്ച് പടങ്ങൾ എടുത്തെന്നല്ലാതെ വീഡിയോ ഒന്നും എടുക്കാൻ പറ്റിയില്ല.
ഞാൻ പദ്ധതി മാറ്റിപ്പിടിച്ചു. കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ റൈഡ് കൊണ്ടുപോകുന്ന ജിപ്സി ജീപ്പുകൾ ധാരാളമുണ്ട് കുംബൽഗഡിൽ. അതിലൊരു ജീപ്പുകാരനെ (മിത്തുദാസ്) കണ്ടെത്തി നന്നായി അഭിമുഖം നടത്തി. ആദ്യം കിട്ടിയ ഗൈഡിനെപ്പോലെ ഒരാളെ എനിക്ക് ആവശ്യമില്ല. ഞാൻ ചോദിച്ച കാര്യങ്ങൾക്കെല്ലാം അദ്ദേഹം നല്ല രീതിയിൽ മറുപടി നൽകി. അത്യാവശ്യം സിലബസ്സിന് വെളിയിലുള്ള കാര്യങ്ങളും അദ്ദേഹത്തിന് അറിയാം.
സംസാരത്തിനിടയിൽ ‘ഹുക്കും ഹുക്കും‘ എന്ന് സ്വാഭാവികമായും അയാൾ പറഞ്ഞുകൊണ്ടേയിരുന്നു എന്നത് മാത്രമാണ് ഒരു പ്രശ്നമായി എനിക്ക് തോന്നിയത്. സർ സർ എന്ന് പറയുന്നത് പോലെ തന്നെ ഒരു ഇടങ്ങേറാണത്. ഒരു അടിയാള പെരുമാറ്റ സ്വഭാവം അതിനുണ്ട്. അതൊഴിവാക്കാൻ പലവട്ടം ഞാൻ പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല. ഏതാണ് ഒന്നര മണിക്കൂർ വരുന്ന സഞ്ചാരത്തിനിടയിൽ 200 പ്രാവശ്യമെങ്കിലും അദ്ദേഹം ഹുക്കും ഹുക്കും എന്ന് പറഞ്ഞു കാണും.
കോട്ടയ്ക്ക് ചുറ്റുമുള്ള ഗ്രാമത്തിലൂടെയും ഭീൽ ആദിവാസികളുടെ പരിമിത സൗകര്യം മാത്രമുള്ള കുടിലുകൾക്കുള്ളിലൂടെയും അദ്ദേഹമെന്നെ കൊണ്ടു പോയി. വന്യമൃഗങ്ങൾ ഇവിടെ ഇണങ്ങിയാണ് ജീവിക്കുന്നതെന്നും ഗ്രാമവാസികൾക്ക് അവയെക്കൊണ്ട് ശല്യമില്ലെന്നും അദ്ദേഹവും പറഞ്ഞപ്പോൾ ഹോട്ടൽ മാനേജർ പറഞ്ഞതിൽ അസത്യമില്ലെന്ന് എനിക്ക് ബോദ്ധ്യമായി.
സീതാ സ്വയംവരം കഴിഞ്ഞശേഷം പരശുരാമൻ വന്ന് തങ്ങിയ ഇടമാണ് ഈ യാത്രയിലെ ഒരിടം. രാമനും പരശുരാമനും ഒരേ കാലഘട്ടത്തിലാണോ പുരാണത്തിൽ എന്നെന്നോട് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. വലിയ വലിയ കഥകളിൽ ചോദ്യമേയില്ല.
മഹാറാണാ പ്രതാപിൻ്റെ ഗുരുകുല വിദ്യാഭ്യാസം നടന്ന ഇടമാണ് മറ്റൊരു പ്രധാന സ്ഥലം. ആ കെട്ടിടത്തിന് പിന്നിൽ നിന്നാണ് രാജസ്ഥാനിലെ പ്രധാന നദിയായ ബാനസ് നദിയുടെ ഉറവിടം. ഭീൽ ആദിവാസി കൂര കണക്കിന് ഉണ്ടായിരുന്ന അവ ഇപ്പോൾ ഒരു കെട്ടിട സമുച്ചയമാണ്. അതിൽ ശിവനും ഗണപതിയും കാലഭൈരവനുമൊക്കെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
പരശുരാമനുമായി ബന്ധപ്പെടുത്തി ഒരു ഗുഹയുണ്ട്. അതിൻ്റെ കവാടമാണ് മറ്റൊരിടം. ഇതിൽ എല്ലാത്തിലും കേമമായി ഞാൻ അനുഭവിച്ചറിഞ്ഞത് ഗ്രാമത്തിലെ കിണറുകളായിരുന്നു. എത്രയോ വർഷങ്ങൾക്ക് മുൻപ് കിണറ്റിൽ നിന്ന് വെള്ളമെടുക്കാനുള്ള സംവിധാനം അതിശയിപ്പിക്കുന്നതായിരുന്നു. ചക്ക് ആട്ടുന്നത് പോലെ മരത്തിൻ്റെ ദണ്ഡ് ചുറ്റിക്കറക്കുമ്പോൾ തൊട്ടികളിലൂടെ വെള്ളം മുകളിലേക്ക് കയറി വരുന്ന ആ സംവിധാനത്തെ എങ്ങനെ വിവരിക്കുമെന്നെനിക്കറിയില്ല. ചില ചിത്രങ്ങൾ കാണിച്ച് തരാം. അധികം വൈകാതെ അതിൻ്റെ വീഡിയോയും തയ്യാറാക്കാം.
4 മണിയോടെ തിരികെ കോട്ടയിലെത്തി.
കോട്ടയ്ക്കകത്ത് മൂന്നിലധികം ജൈനക്ഷേത്രങ്ങൾ അടക്കം ധാരാളം ക്ഷേത്രങ്ങളുണ്ട്. അതിൽ രണ്ടാമത്തെ ജൈനക്ഷേത്രത്തിൽ എത്തിയതും എൻ്റെ ക്യാമറയുടെ ബാറ്ററിയും പവർബാങ്കിൻ്റെ ബാറ്ററിയും എല്ലാം തീർന്നു. പോരാത്തതിന് സൂര്യൻ എതിരെ നിൽക്കുന്ന പ്രശ്നവുമുണ്ട്.
മേവാഡിനേയും മാർവാഡിനേയും വേർതിരിക്കുന്നത് കുംബൽഗഡ് കോട്ടയാണ്. അൽപ്പം കൂടെ കൃത്യതയോടെ പറഞ്ഞാൽ, കുംബൽഗഡ് കോട്ടയുടെ ഒരു വശം മാർവാടും മറുവശം മേവാഡുമാണ്. ജയ്സാൽമീർ, ബാർമർ, ജോഥ്പൂർ, ബീക്കാനീർ, എന്നിങ്ങനെയുള്ള സ്ഥലങ്ങളാണ് മാർവാഡ്. ഉദയ്പൂർ, ബൻസ്വാര, ദുൻഗർപൂർ, ഭീൽവാര, ചിറ്റോർഗഡ്, എന്നീ സ്ഥലങ്ങളാണ് മേവാഡ്. ഒരുവശം മരുഭൂമി കൂടുതലുള്ള പ്രദേശമാണെങ്കിൽ മറുവശം മലകൾ കൂടുതലുള്ള ഇടം.
കുംബൽഗഡിൽ കോട്ട കാണാൻ വന്നവനാണ് ഞാനെങ്കിലും ഒറ്റ ദിവസം കൊണ്ട് കോട്ട കണ്ട് തീർക്കാനും ഷൂട്ട് ചെയ്യാനും പറ്റില്ലെന്ന് ബോദ്ധ്യമായിരിക്കുന്നു. മാത്രമല്ല മറ്റൊരുപാട് കാര്യങ്ങൾ ഉണ്ടിവിടെ. ഇന്നും നാളെയും കൂടെ കുംബൽഗഡിൽ നിൽക്കാനാണ് സാദ്ധ്യത.
വൈകീട്ട് റസ്റ്റോറൻ്റിൽ തിരിച്ചെത്തി, അൽപ്പം ചൂട് വെള്ളം കിട്ടുമോ കുളിക്കാൻ എന്ന് മുതലാളിയോട് ചോദിച്ചു. ഒട്ടകത്തിന് ഇടം കൊടുത്ത പോലെ ആയല്ലോ എന്ന് അയാൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ തെറ്റ് പറയാനാവില്ല. നിങ്ങൾക്കൊരു കാരവാൻ പാർക്ക് ചെറിയ തോതിലെങ്കിലും തുടങ്ങിക്കൂടെ എന്ന് ചില ബിസിനസ്സ് ഐഡിയകളും ഞാൻ കൊടുത്തിട്ടുണ്ട്.
ഒരു ബക്കറ്റ് നിറയെ തിളച്ച വെള്ളം കിട്ടി. അത് തണുത്ത വെള്ളവുമായി കലർത്തി കുളിയും അലക്കും കഴിച്ചു. കൊച്ചിയിൽ ഇന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് 12 ദിവസമായത് അറിഞ്ഞത് പോലും ഇല്ല.
സമയം അതിക്രമിച്ചിരിക്കുന്നു. താപമാനം 12 ഡിഗ്രി. റസ്റ്റോറൻ്റിൽ ഇരുന്നാണ് ഇത് എഴുതുന്നത്. കാത്തിരുന്ന് ഭാഗിക്ക് മടുത്ത് കാണും. ആകയാലും കൂട്ടരേ ശുഭരാത്രി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#boleroxlmotorhome
#motorhomelifeഖ