‘നിലമ്പൂരില്‍ 2 ദിവസം‘ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
————————————————————————————-
കനോലി പ്ലോട്ടിലേക്ക് പോകണമെങ്കില്‍ കടത്തുവഞ്ചിയില്‍ ചാലിയാര്‍ മുറിച്ചുകടക്കണമായിരുന്നു ഇതുവരെ. പക്ഷെ ഇനി മുതല്‍ കടത്തുവഞ്ചിയെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആറിന് കുറുകെ ഒന്നാന്തരമൊരു തൂക്കുപാലം വന്നിരിക്കുന്നു. 2 ദിവസത്തിനുള്ളില്‍ ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം പാലത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനണം നിര്‍വ്വഹിക്കുകയാണ്. അതുകൊണ്ടുതന്നെ പാലത്തിലൂടെയോ അല്ലാതെയോ ആരെയും കനോലി പ്ലോട്ടിലേക്ക് കടത്തിവിടുന്നില്ല. ഫോറസ്റ്റ് ഓഫീസിനുമുന്നിലെ വഴി ചാലിയാറിനരുകില്‍ അവസാനിക്കുന്നിടത്ത് പൊലീസ് ബന്തവസ്സുമുണ്ട്.
എന്നുവെച്ച് എനിക്ക് കനോലിപ്ലോട്ടിലേക്ക് പോകാതിരിക്കാനാവില്ലല്ലോ ? പൊലീസുകാരെ ചാക്കിട്ടുനോക്കി. രക്ഷയില്ല. ക്യാമറയുടെ സൂം വലിച്ച് പുറത്തേക്ക് നിര്‍ത്തി, ഫോറസ്റ്റ് ഓഫീസറെ ചെന്നുകണ്ട് കാര്യം പറഞ്ഞു.
“സാറെ ഞാന്‍ ഏറണാകുളത്തുനിന്ന് ഈ വഴി വന്നിരിക്കുന്നത് ഈ കനോലി പ്ലോട്ട് കാണാന്‍ വേണ്ടി മാത്രമാ. പറ്റില്ല എന്ന് മാത്രം പറയരുത് ”
ഫോറസ്റ്റ് ഓഫീസര്‍ വളരെ മാന്യമായിത്തന്നെ എന്നെ വിലക്കി.
“എനിക്ക് കര്‍ശനമായ ഓര്‍ഡര്‍ ഉണ്ട് ആരെയും അക്കരേയ്ക്ക് വിടരുതെന്ന്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റുകാര്‍ വന്നിട്ടുവരെ ഞാന്‍ അനുവദിച്ചില്ല. ഇതെന്റെ ജോലിയുടെ ഭാഗമാണ് . സഹകരിക്കണം.”
കനോലി പ്ലോട്ട് കാണാതെ മടങ്ങുകയോ ? എനിക്ക് സഹിക്കാനായില്ല. അവിടന്ന് മടങ്ങാന്‍ മനസ്സനുവദിച്ചുമില്ല. ഒരിക്കല്‍കൂടെ ആറിനരുകിലേക്ക് നടന്നു. കുറച്ചുനേരം പുഴയരുകില്‍ വെറുതെ നില്‍ക്കാനെങ്കിലും അനുവദിക്കണമെന്ന് പൊലീസുകാരോട് പറഞ്ഞു.
പൊലീസുകാരുടെ മനമലിഞ്ഞു. അല്‍പ്പനേരം പുഴക്കരയില്‍ നില്‍ക്കാന്‍ അനുവാദം തന്നു.
ജോലികളെല്ലാം തീര്‍ത്ത് പുഴയില്‍ കുളിച്ച് ശുദ്ധിവരുത്തുന്ന നാട്ടുകാരേയും, 2 നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന ബഹുമതിയോടെ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന പാലത്തേയും, ചാലിയാറിനേയുമൊക്കെ നോക്കി കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനുശേഷം തിരിച്ച് വാഹനത്തിനരുകിലേക്ക് നടന്നു. കനോലി പ്ലോട്ട് കാണാനുള്ള യോഗം പിന്നീടൊരിക്കലാണെങ്കില്‍ അങ്ങനെയാകട്ടെ എന്ന് സമാധാനിച്ചു.
അടുത്ത ലക്ഷ്യം ബംഗ്ലാവ് കുന്നായിരുന്നു. ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള വഴിയിലൂടെ കയറി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴി ചെന്നവസാനിക്കുന്നത് ബംഗ്ലാവ് കുന്നിന്‍ മുകളിലുള്ള ഒരു പഴയ ഇരുമ്പു ഗേറ്റിന് മുന്നിലാണ്. റോഡിനിരുവശവും ആയുര്‍വ്വേദ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. കുന്നിന്റെ മുകളിലുള്ള ബംഗ്ലാവ് ഓഫീസേര്‍സ് കോട്ടേജായിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാക്കിയതെങ്കിലും അവിടെങ്ങും ആള്‍പ്പാര്‍പ്പ് ഉള്ളതായി തോന്നിയില്ല. കാടുപിടിച്ചുകിടക്കുന്ന ഒരു ഭാര്‍ഗ്ഗവീനിലയം പോലെയാണ് ആ ബംഗ്ലാവിന്റെ അവസ്ഥ. തുരുമ്പിച്ച ഗേറ്റ് തുറന്ന് പുരയിടത്തിനകത്തേക്ക് കടന്നു.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിക്കുകയും കാലങ്ങളോളം ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ബംഗ്ലാവാണിത്. ചുറ്റും കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് കെട്ടിടത്തിനു പിന്നിലുള്ള കുതിരകളെ കെട്ടിയിടുന്ന പന്തിയും ഊട്ടുപുരയുമൊന്നും കാണാന്‍ തന്നെ സാധിച്ചില്ല. മാത്രമല്ല ഒരു ഭീകരത അതിനെച്ചുറ്റിപ്പറ്റി നില്‍ക്കുന്നതുപോലെ.
ബംഗ്ലാവിനെച്ചുറ്റിപ്പറ്റി അത്തരത്തിലുള്ള കഥകള്‍ പലതും അന്നാട്ടിലുണ്ട്. ഒക്കെ പ്രേതകഥകള്‍ തന്നെ. അതുകൊണ്ടുതന്നെ ഇവിടെ അസമയത്ത് പോകുവാന്‍ നാട്ടുകാര്‍ക്ക് പേടിയാണ്. പല അമാവാസിരാത്രികളിലും ഇവിടേനിന്നും താഴോട്ട് വളഞ്ഞുപുളഞ്ഞുപോകുന്ന മണ്‍പാതയിലൂടെ
കുതിരക്കുളമ്പടിയും ചാട്ടവാറടിയും കേള്‍ക്കാറുണ്ട് എന്ന് സമീപവാസികള്‍ പറയുന്നു. താഴ്‌വാരത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഉണക്കയിലകള്‍
ചതഞ്ഞരയുന്നതും, ചങ്ങലക്കിലുക്കവും, കാല്‍കൊലുസ്സിന്റെ കിലുക്കവും , ആരോ
ഓടിപ്പോകുന്ന സ്വരവുമൊക്കെ കേട്ട് മനോവിഭ്രാന്തി വന്നവര്‍ വരെ ആ ഭാഗത്തുണ്ടത്രേ! ഡോ:കോവൂരിന്റെ അനുയായികളുടെ ആരുടെയെങ്കിലും സേവനം വളരെ അത്യാവശ്യമായിട്ടുള്ള ഒരു പരിസരം തന്നെയാണത്.
പ്രേംനസീര്‍ നായകനായഭിനയിച്ച ‘പൂമഠത്തെ പെണ്ണ് ‘ എന്ന സിനിമയും, ‘പ്രേതങ്ങളുടെ താഴ്‌വര‘ എന്ന മറ്റൊരു സിനിമയുമൊക്കെ ഈ ബംഗ്ലാവിന്റെ പരിസരത്തുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചാലിയാറിന്റെ മറുവശത്തുനിന്ന് ഏതോ അമ്പലത്തില്‍ നിന്ന് ചെണ്ടമേളം കേള്‍ക്കുന്നുണ്ടായിരുന്നു. ദീപാരാധനയ്ക്ക് സമയമാകുന്നു. ഇരുട്ടുവീണുതുടങ്ങുകയായി. ആദ്യദിവസത്തെ ചുറ്റിത്തിരിയത് അവിടെ അവസാനിപ്പിച്ച് താഴേക്ക് മടങ്ങി. രാത്രി താമസം ഏര്‍പ്പാടാക്കിയിരുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമിലാണ്. അടുത്ത ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷം സാബുവും നസീറും അവരവരുടെ വീടുകളിലേക്ക് മടങ്ങി. വെളിയിലിറങ്ങി രാത്രി ഭക്ഷണം കഴിച്ച് തിരക്കൊഴിഞ്ഞ തെരുവിലൂടെ അല്‍പ്പനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നതിനുശേഷം മുറിയിലേക്ക് മടങ്ങിച്ചെന്ന് നിദ്രാദേവിയെക്കാത്തു കിടന്നു.
രണ്ടാം ദിവസം രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും നസീറും സാബുവുമെത്തി. ആദ്യം ലക്ഷ്യമിട്ടിരുന്നത് കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. എന്റെ വാഹനത്തിന് പോകാന്‍ പറ്റുന്ന വഴിയല്ല കോഴിപ്പാറയിലേക്ക്. അകമ്പാടം ജങ്ക്ഷനില്‍ച്ചെന്ന് ജീപ്പ് ഒരെണ്ണം ഏര്‍പ്പാടാക്കി.
കോഴിപ്പാറയിലേക്കുള്ള വഴികള്‍ പുതുമയുള്ളതും, വന്യമായ ഗ്രാമീണ ഭംഗി നിറഞ്ഞതുമായിരുന്നു. ഒരു വശത്ത് ചാലിയാര്‍ ഒഴുകുന്നത് ജീപ്പിലിരുന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇടയ്ക്കിടയ്ക്ക് ജീപ്പ് നിറുത്തി ആറിനരുകില്‍ പോയി നോക്കുകയും, വഴിയരുകില്‍ കണ്ട ചായപ്പീടികയില്‍ ഒരെണ്ണത്തില്‍ കയറി ചായ കുടിക്കുകയുമൊക്കെ ചെയ്ത് ആ യാത്ര മെല്ലെമെല്ലെ പുരോഗമിച്ചുകൊണ്ടിരുന്നു. മൈലാടിപ്പാടം, റജിക്കുണ്ട് , സെയ്ദാലിക്കുണ്ട്, വെണ്ടേക്കും പൊയില്‍ , വാളം തോട്, ഊര്‍ങ്ങാട്ടിരി, കൂമ്പാറ, എന്നിങ്ങനെ പോകുന്ന വഴിക്കുള്ള സ്ഥലപ്പേരുകളൊക്കെ ഞാനിതുവരെ കേള്‍ക്കാത്തതും രസകരമായതുമായിരുന്നു.
ചിലയിടങ്ങളില്‍ കൂടുതല്‍ കലപില ബഹളം ഉണ്ടാക്കി കുത്തിയൊഴുകുന്ന പുഴയ്ക്ക് മറ്റു ചിലയിടങ്ങളില്‍ ശാന്തസ്വഭാവമാണ്. മിക്കവാറുമിടങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്ന പുഴയില്‍ , മഴക്കാലമല്ലാത്തതുകൊണ്ട് വെള്ളം കുറവാണ്. പുഴയ്ക്കിരുവശവും താമസിക്കുന്നവര്‍ക്ക് അക്കരയിക്കരെ പോകാന്‍ പലയിടത്തും കോണ്‍ക്രീറ്റ് പാലങ്ങള്‍ അല്ലെങ്കില്‍ മുളകൊണ്ടുള്ള താല്‍ക്കാലിക പാലങ്ങള്‍ , പുഴയിലെ തെളിവെള്ളത്തില്‍ കുളിക്കുന്ന നാട്ടുകാര്‍ , ദൂരെയായി കാണുന്ന ചീങ്കണ്ണിപ്പാറ, മാണിക്യമൂടി എന്നീ മലകള്‍ , മനസ്സുനിറയ്ക്കാന്‍ പോന്ന കാഴ്ച്ചകള്‍ തന്നെയാണ് എല്ലാം.
അതിനിടയില്‍ ജീപ്പ് പുഴയരുകിലേക്ക് ഓടിയിറങ്ങി, പുഴ മുറിച്ചുകടക്കാന്‍ തുടങ്ങി. ചില സിനിമകളിലോ മറ്റോ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടായിരുന്നു ഒരു വാഹനത്തിലിരുന്ന് ഞാന്‍ ഏതെങ്കിലുമൊരു പുഴ മുറിച്ച് കടക്കുന്നത്. പാലത്തിന്റെ പണി പകുതി തീര്‍ന്ന അവസ്ഥയിലാണ് അവിടെ. പാലം പണി കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങനൊരു അനുഭവം കിട്ടിയെന്ന് വരില്ല.
ഇടയ്ക്ക് പുഴക്കരുകിലൂടെ കുറേ ദൂരം നടന്നു. ഒരു ആദിവാസി കുടുംബം പാറപ്പുറത്ത് തമ്പടിച്ചിട്ടുണ്ട്. വെപ്പും തീനുമൊക്കെയായി അവരും ഒരു അവധി ദിവസമോ മറ്റോ ചിലവഴിക്കുന്നതാകാം. പുഴക്കക്കരെ എവിടെക്കെയോ ആദിവാസി കോളനികള്‍ ഉണ്ട്.
കുറച്ചൂടെ മുന്നോട്ട് പോയപ്പോള്‍ ഒരു ആദിവാസി വൃദ്ധദമ്പതികള്‍ ജീപ്പിനെതിരേ വന്ന് കൈകാണിച്ചു. ഞങ്ങള്‍ പോകുന്നതിന് എതിര്‍ദിശയിലാണ് അവരുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ജീപ്പില്‍ കയറ്റാനായില്ല.
അധികം വൈകാതെ കോഴിപ്പാറയിലെത്തി. വഴിയരുകിലുള്ള പുരയിടത്തിന്റെ കമ്പി വേലിയിലൂടെല്ലാം വൈദ്യുതി കടത്തിവിടാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. സാധാരണ കാട്ടുമൃഗങ്ങളുടെ ശല്യമുള്ളിടത്താണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാറ്.
തൊമ്മന്‍ കുത്തിന്റെ അത്രയ്ക്ക് ഉയരത്തിലല്ലെങ്കിലും പലപല തട്ടുകളിലായിട്ടാണ് കോഴിപ്പാറ വെള്ളച്ചാട്ടവും വീഴുന്നത്. മഴക്കാലമല്ലാത്തതിനാല്‍ വെള്ളം വീഴുന്നത് കുറവായതുകൊണ്ട് ഞങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് നടന്ന് കയറിപ്പോകാനായി. സാബു വളരെ അനായാസം നടന്നുകയറുന്നുണ്ടായിരുന്നു. ജീപ്പ് ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം ആ നടത്തത്തില്‍ പങ്കുചേര്‍ന്നു.
നല്ല വലിയ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് കയറി ഒഴുക്കിന്റെ ഇരുവശത്തേക്കും പലപ്പോഴും മുറിച്ചുകടന്നുമൊക്കെ ഞങ്ങള്‍ കാടിനുള്ളിലേക്ക് കുറേയെറെ കയറിച്ചെന്നു. നിലമ്പൂരിലൂടെ ഒരു യാത്ര എന്നുപറയുമ്പോള്‍ കാടും കാട്ടാറും വെള്ളച്ചാട്ടവുമൊക്കെ ഇതുപോലെ മുറിച്ചുകടന്ന് ഉള്‍ക്കാടിന്റെ ഭംഗിയറിഞ്ഞുതന്നെ മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.
കാടിനകത്തുള്ള നല്ലൊരു കുത്തിനടുത്താണ് ഞങ്ങളാ യാത്ര അവസാനിപ്പിച്ചത്. മഴ വന്നാല്‍ കയറിനില്‍ക്കാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ക്കകത്ത് ഒരു ചെറിയ ഗുഹപോലൊന്നുണ്ട്. അവിടെ എല്ലാവരും ചേര്‍ന്നുനിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ആ ഭാഗത്തൊക്കെ ധാരാളം അട്ടയുണ്ടെന്ന് മനസ്സിലാക്കാനായി. എന്റെ കൈവിരലില്‍ കടിച്ച നാരുപോലുള്ള ഒരു അട്ട സെക്കന്റുകള്‍ക്കുള്ളില്‍ ചോര കുടിച്ച് വീര്‍ത്തുവരുന്നുണ്ടായിരുന്നു. ചുമ്മാ തട്ടിക്കളഞ്ഞാലൊന്നും അട്ട പിടിവിടില്ല. അട്ടയെ പറിച്ചെറിഞ്ഞ് തിരിച്ചുനടക്കാന്‍ തുടങ്ങി.
തലയില്‍ കാക്ക തൂറുമ്പോളും, ശരീരത്തില്‍ അട്ട കടിക്കുമ്പോളുമൊക്കെ അതിനെ അറപ്പോടും വെറുപ്പോടും കാണുന്നതിനോടൊപ്പം നമ്മള്‍ അതീവ സന്തോഷത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളപ്പോള്‍ പ്രകൃതിയോട് വളരെ അടുത്താണ് നില്‍ക്കുന്നത്.
മടക്കയാത്രയില്‍ വെള്ളം പരന്നൊഴുകുന്ന ഭാഗത്തെത്തിയപ്പോള്‍ എല്ലാവര്‍ക്കും വെള്ളത്തിലിറങ്ങണമെന്നായി. നസീറാണ് ആദ്യം നനഞ്ഞത്. ജീപ്പില്‍ നിന്ന് ഡ്രൈവര്‍ ഒന്നുരണ്ട് തോര്‍ത്ത് എടുത്തുകൊണ്ടുവന്നതോടെ സാബുവും ഞാനും നസീറിനൊപ്പം കൂടി. സൂര്യന്‍ മുകളില്‍ കത്തിനില്‍ക്കുന്നതിന്റെ ചൂട് ഉണ്ടായിരുന്നെങ്കിലും വെള്ളത്തിന് നല്ല തണുപ്പുതന്നെ.
തലവഴി പതഞ്ഞ് വീഴുന്ന ആ ഒഴുക്കുവെള്ളത്തിന്റെ തണുപ്പും തലോടലും വല്ലാതെ ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും, കുളികഴിഞ്ഞ് കയറിയപ്പോഴേക്കും കുഞ്ഞുകുഞ്ഞ് അട്ടകള്‍ ശരീരത്തില്‍ അവിടവിടെയായി പിടിച്ചുതൂങ്ങിയിട്ടുണ്ടായിരുന്നു. പുഴയിലെ കുളിയുടെ ക്ഷീണം കാരണം അട്ടകളേക്കാള്‍ വിശപ്പുണ്ടായിരുന്നു ഞങ്ങള്‍ക്കും അപ്പോള്‍ .
എന്നിരുന്നാലും വെള്ളച്ചാട്ടം നല്ല ആഴത്തില്‍ വീണ് അവസാനിക്കുന്ന ഭാഗത്ത് അല്‍പ്പസമയംകൂടെ ചിലവഴിച്ചിട്ടാണ് മടങ്ങിയത്. ആ ഭാഗത്ത് അപകടം ഉണ്ടാകാതിരിക്കാന്‍ ഇരുമ്പിന്റെ പൈപ്പുകള്‍ ഉപയോഗിച്ച് തടകള്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്.
മടക്കയാത്രയില്‍ കക്കാടം പൊയിലില്‍ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ചെറിയൊരു ഹോട്ടലില്‍ നിന്നുള്ള ഉച്ചയൂണ് സമൃദ്ധിയായി. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഇത്തരം ചില ചെറിയ ഹോട്ടലുകളില്‍ കയറാന്‍ ആദ്യമൊക്കെ ഒരു മടുപ്പ് തോന്നുമെങ്കിലും ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിനേക്കാള്‍ രുചിയാണ് ചിലപ്പോള്‍ അവിടന്ന് കഴിക്കുന്ന ആഹാരത്തിന്. 56 കിലോമീറ്ററോളം വരുന്ന കക്കാടം പൊയില്‍ – കോഴിക്കോട് റൂട്ട് ബസ്സുകളിലെ ജീവനക്കാരുമൊക്കെ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഈ മലയോര പഞ്ചനക്ഷത്രഹോട്ടലായ നിര്‍മ്മലയെത്തന്നെയാണ്.
അടുത്ത യാത്ര ആഢ്യന്‍ പാറയിലേക്കായിരുന്നു. പോകുന്ന വഴിക്ക് സാബു പുതുതായി വാങ്ങിയ തോട്ടത്തിനുള്ളിലൊക്കെ ഒന്ന് കറങ്ങി. കാപ്പിയും റബ്ബറുമൊക്കെ തോട്ടത്തിനുള്ളിലെ തറയില്‍ ഉണങ്ങാനിട്ടിരിക്കുന്നുണ്ട്. സഞ്ചാരികള്‍ സ്ഥിരമായി വന്നുപോകുന്ന സ്ഥലങ്ങളേക്കാളേറെ ഇതുപോലുള്ള കൃഷിയിടങ്ങളിലൂടെയും , പച്ചപ്പുല്‍മേടുകളിലൂടെയും മലകളിലൂടെയും കന്യാവനങ്ങളിലൂടെയുള്ളയുമൊക്കെയുള്ള യാത്രയ്ക്ക് കൊഴുപ്പ് കൂടുതലാണ്.
മുന്നോട്ടുള്ള യാത്രയില്‍ ആദിവാസി വൃദ്ധദമ്പതികളെ വീണ്ടും കണ്ടു. അവരിപ്പോഴും നടക്കുകയാണ്. ഞങ്ങള്‍ കോഴിപ്പാറയില്‍ പോയി വരുന്നത്രയും സമയം അവര്‍ നടന്നുകൊണ്ടേയിരിക്കുകയായിരുന്നെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അവര്‍ക്കിറങ്ങേണ്ട ഇടം വരെ കൊണ്ടുപോയി വിടുന്നതിനിടയ്ക്ക് ജീപ്പിലിരുന്ന് അവരുമായി കുറേ സംസാരിക്കാന്‍ പറ്റി എന്നുള്ളത് സന്തോഷം തരുകയും ചെയ്തു.
ആഢ്യന്‍ പാറയില്‍ എത്തിയപ്പോള്‍ സന്തോഷത്തേക്കാളേറെ എനിക്ക് നിരാശയാണ് തോന്നിയത്. അതിമനോഹരമായ വെള്ളച്ചാട്ടവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള പ്രകൃതിമനോഹരമായ ഇടം നല്ലവണ്ണം സംരക്ഷിക്കാന്‍ സഞ്ചാരികള്‍ക്കോ സര്‍ക്കാറിനോ സാധിച്ചിട്ടില്ല.
പ്ലാസ്റ്റിക്കിന്റെ അതിപ്രസരമാണ് മിക്കവാറും എല്ലായിടത്തും. പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ഒരു ബോര്‍ഡ് വെച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്ത്വം തീര്‍ന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ , ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് വന്നുപോയ ജനങ്ങളുടെ നിലപാട്. ഇതൊന്നും പോരാഞ്ഞ് മരങ്ങളിലൊക്കെയും സ്ഥലത്തെ ചില സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ ഒട്ടിച്ച് വെച്ചിരിക്കുന്നു. അത് ഒട്ടിച്ചവന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള പരസ്യങ്ങളാണത്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ തെളിവുകള്‍ തന്നെ ധാരാളം. കടുത്ത ശിക്ഷാനടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണവും നടത്തിയില്ലെങ്കില്‍ കേരളത്തിലെ മനോഹരമായ ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അധികം താമസിയാതെ പ്രകൃതിയുടെ മരുപ്പറമ്പുകളായി മാറിയെന്ന് വരും.
ഇരുട്ടുവീഴാന്‍ തുടങ്ങുന്നതുവരെ അവിടെച്ചിലവഴിച്ചു. ഒരു ദിവസം കൂടെ നിലംബൂരില്‍ തങ്ങണമെന്നും നിലംബൂര്‍ കോവിലകത്തും , നേടുങ്കയത്തുമൊക്കെ പോകണമെന്നുമാണ് കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ചില അത്യാവശ്യങ്ങള്‍ വന്നുകയറിയതുകാരണം വീട്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ടൂറിസ്റ്റ് ഹോമിലെ മുറി വാടക കൊടുക്കാന്‍ സാബു എന്നെ അനുവദിച്ചില്ല. ഒരു മുന്‍പരിചയവുമില്ലാതിരുന്ന എനിക്കുവേണ്ടി സ്ഥാപനത്തിന്റെ ഉടമസ്ഥനായ സാബു ആ പണം എഴുതിത്തള്ളി. ഏറനാടനോടും സാബുവിനോടും നസീറിനോടുമൊക്കെ ഞാന്‍ എങ്ങനാണ് എന്റെ നന്ദിയും കടപ്പാടുമൊക്കെ പ്രകടിപ്പിക്കേണ്ടത് ? എല്ലാം ഈ ബ്ലോഗുലകത്തില്‍ വന്നതുകൊണ്ടുണ്ടായ വിലമതിക്കാനാവാത്തതും നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ടതുമായിട്ടുള്ള നേട്ടങ്ങളാണ് .
രാത്രി 9 മണിയോടെ സാബുവിനോടും നസീറിനോടും യാത്രപറഞ്ഞ് എറണാകുളത്തേക്ക് മടങ്ങുമ്പോള്‍ ഏറനാടന്‍ തന്ന നിലംബൂര്‍ കാഴ്ച്ചകളുടെ ലിസ്റ്റില്‍ , ബാക്കിയുള്ള സ്ഥലങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു ഞാന്‍. കനോലി പ്ലോട്ട്, നിലംബൂര്‍ കോവിലകം, ജനുവരിയില്‍ സ്ഥിരമായി നടക്കുന്ന വേട്ടയ്ക്കൊരു മകന്‍ പാട്ട്, നെടുങ്കയം, അരുവാക്കോട് കുംഭാര കോളനി, അങ്ങനെ ഒരുപാടുണ്ട് ബാക്കി കിടക്കുന്ന സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ.
ഇനിയെന്നാണ് നിലംബൂരിലേക്ക് എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ചന്വേഷിക്കുന്ന സാബുവും നസീറും സുഹൃത്തുക്കളായിട്ട് അവിടെയുള്ളപ്പോള്‍ ആ യാത്രകളും കാഴ്ച്ചകളുമൊക്കെ താമസിയാതെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.
———– നിലംബൂര്‍ യാത്ര താല്‍ക്കാലികമായി ഇവിടെ അവസാനിക്കുന്നു ————
ചില യാത്രകളില്‍ ഇത് യാത്രാവിവരണ പോസ്റ്റ് നമ്പര്‍ 50. ഇതുവരെയുള്ള യാത്രകളില്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഓണാശംസകള്‍ !!!!!
ഈ യാത്രയിൽ എന്നെക്കൂടി കൂട്ടിയതിന് വളരെ നന്ദി.
ആശംസകൾ.
Hearty congratulations at the occasion of your Golden Jubilee post…..
ചില യാത്രകള്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്….. യാത്രകള്‍ എനിക്കും ഏറെ പ്രിയതരം ആണ്….. ഇനിയും യാത്രകള്‍ തുടരൂ… യാത്രാവിവരണം ഏറെ ഹൃദ്യമായി തോന്നി….
അമ്പതാം പോസ്റ്റിനു സ്പെഷ്യല്‍ ആശംസകള്‍ മാഷേ….
നിലമ്പൂര്‍ യാത്ര മനോഹരം..
അന്‍പതാം പോസ്റ്റിനു ആശംസകള്‍ .നിലമ്പൂര്‍ അതി സുന്ദരമായ സ്ഥലമാണല്ലോ..ഈ സ്തലങ്ങളൊക്കെ എങ്ങനെയാണു മാഷെ കണ്ടെത്തുന്നത് ? പോസ്റ്റ് ഗംഭീരം
അന്‍പതാം പോസ്റ്റിനു ആശംസകള്‍ .നിലമ്പൂര്‍ അതി സുന്ദരമായ സ്ഥലമാണല്ലോ..ഈ സ്തലങ്ങളൊക്കെ എങ്ങനെയാണു മാഷെ കണ്ടെത്തുന്നത് ? പോസ്റ്റ് ഗംഭീരം
Wonderful writing. Thankx a TON !!!
നീരൂ നന്ദി നല്ലൊരോണസദ്യ നിലമ്പൂര്‍ക്കാട്കള്‍ എന്ന് കേട്ടിരുന്നു ഒരിക്കലും കണ്ടിട്ടില്ലാ.നീരുവിന്റെ വക്കുകളില്‍ കൂടി “കോഴിപ്പാറയും, ആഢ്യന്‍പാറയും”വരെ എത്തി യാത്രകള്‍ തുടരുകാ..
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം, ഓണം.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍…
നീരുഭായ്,
വിവരണം ഇഷ്ടപ്പെട്ടു.
ആഢ്യന്‍ പാറയും കോഴിപ്പാറയും കാണാന്‍ പറ്റാത്ത വിഷമം മാറി.
ഞങ്ങള്‍ പക്ഷേ കനോലിപ്ലോട്ടില്‍ പോയിരുന്നു. (ബുഹഹാാ)
പിന്നെ മറ്റൊരു കാര്യം..
ട്രക്കിങ്ങിന് പോകുമ്പോള്‍ അട്ട കടിക്കുന്നത് ഓകെ. അതു അട്ടയുടെ അവകാശം. വല്ലപ്പോഴുമേ കുറച്ച് പര്‍ഷ്കാരി ചോര കിട്ടൂ… കടിച്ചോട്ടെ..
പക്ഷേ ഓഫീസില്‍ പോകാനായി കുളിച്ച്(ഇടക്കൊക്കെ) കുട്ടപ്പനായി ഇറങ്ങുമ്പോള്‍ ഇലക്ട്രിക് ലൈനിലിരിക്കുന്ന കാക്ക പണി തന്നിട്ട്, കറക്ടാ,കറക്ടാന്ന് പറഞ്ഞു ആര്‍മ്മാദിക്കുന്നത് കണ്ട്, പ്രകൃതിയോട് അടുത്ത് നില്‍ക്കുന്നെന്നൊന്നും(അല്ലെങ്കില്‍ പശുവിന് പറക്കാന്‍ കഴിയില്ലെന്നോ) വിചാരിക്കാന്‍ എനിക്കു പറ്റില്ല..
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
ഒപ്പം നിലമ്പൂരിലെ ബാക്കിവിശേഷങ്ങള്‍ ഉടന്‍ തന്നെ ഞങ്ങള്‍ക്കെത്തിക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.
അന്‍പതാം പോസ്റ്റിനു പ്രത്യേക ആശംസകള്‍.
മനോജ് ഇപ്പൊ ഈ ലോകത്തിന്റെ യേത് കോണില്‍ എന്ന് കൂടി പറയ്.. എപ്പോഴും സ്വിച്ച് ഓഫ് തന്നെ..
This comment has been removed by the author.
Neeruuuuuuuuuuu…..
very nice….
മറ്റൊരു സുന്ദരമായ യാത്രാവിവരണം…..
അമ്പതാം പോസ്റ്റിനു ആശംസകൾ…..
യാത്രകൾ തുടരൂ നീരു..ഞങ്ങളേയും കൊണ്ട് പൊകൂ..സ്വപ്നഭൂവുകളിലേക്…..
അൻപതാം പോസ്റ്റിനു ആശംസകൾ. നിലംബൂർ യാത്ര ശരിക്കും ഹൃദ്യമായ ഒരു അനുഭവം തന്നെയായിരുന്നു.
മനോജ്,
ഉള്ളതു പറയാമല്ലൊ മുഴുവന്‍ വായിക്കാതെയാ
ഇതുകുറിക്കുന്നത്..ചില നല്ലപുസ്തകങ്ങളുണ്ട്,
അതിന്‍റെ ആദ്യ അവസാന ഭാഗം ഒന്നു ശ്രദ്ധിച്ചാല്‍
മേന്മ പ്രകടമാവും !
“കോഴിപ്പാറയും,ആഡ്യന്‍പാറയും”കണ്‍നിറയെ
കാണ്ടു…പോസ്റ്റ് നമ്പര്‍ 50നു അമ്പതില്‍100 മാര്‍ക്ക്!!മുഴുവന്‍ വായിച്ചു ഗ്രെയ്ഡ്…
അഭിനന്ദനങ്ങള്‍!!
സ്വന്തം നാടിനെ പറ്റി താങ്കളുടെ ബ്ലോഗിലൂടെ വായിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.. ആശംസകള്‍…
പ്രിയപ്പെട്ട മനോജ്, സുവര്‍ണ ജൂബിലി പോസ്റ്റിനു അഭിനന്ദനങ്ങള്‍ , ഇനിയും യാത്രകള്‍ പോവുക …. വിവരണങ്ങള്‍ എഴുതുക……..
ആശംസകളോടെ ജയലക്ഷ്മി
ധനേഷ് – കമന്റ് വായിച്ച് ചിരിപൊട്ടി നന്ദി. കാക്ക കറ്ക്‍ടാ കറക്‍ടാ എന്ന് പറയുന്നത് കലക്കി
പകല്‍ക്കിനാവന്‍ – അബുദാബീല്‍ ഉണ്ട്. ഫോണിന് എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു. കാളൊന്നും പുറത്തേക്കും പോകുന്നില്ല. വിളിച്ചതിന് നന്ദി
അറയ്ക്കല്‍ ഷാന്‍ – പരിചയപ്പെട്ടതില്‍ സന്തോഷം. വായന്യ്ക്ക് നന്ദി
വീ.കെ., ശിവ, ജി.മനു, സോജന്‍ പി.ആര്‍ , ക്യാപ്റ്റന്‍ ഹാഡോക്ക്, മാണിക്യം, ചാണക്യന്‍ , മണികണ്ഠന്‍ , ഹറൂണ്‍ ചേട്ടന്‍ , ജയലക്ഷ്മി ചേച്ചി….
കോഴിപ്പാറയും ആഢ്യന്‍പാറയും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി
ഇത് 50 ആമത്തെ പോസ്റ്റ് ആയിരുന്നില്ല. പോസ്റ്റ് നമ്പര്‍ നോക്കിയാല്‍ ഇത് 53 ആണ്. അതില്‍ ചിലത് യാത്രാവിവരണങ്ങള്‍ ആയിരുന്നില്ല. അതൊക്കെ ഒഴിവാക്കിയാണ് ഇത് 50 ആമത്തെ യാത്രാവിവരണ പോസ്റ്റ് ആകുന്നത്. ആശംസകള്‍ നേര്‍ന്ന് എന്റെ കൂടെ ഈ യാത്രകളിലൊക്കെ പങ്കുചേര്‍ന്നവര്‍ക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി:)
This comment has been removed by the author.
ഹാഫ് സെഞ്ച്വറി പോസ്റ്റ് ഗംഭീരം എന്ന് പ്രത്യേകം പറയേണ്ടല്ലോ നീരൂ…
എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു. അത്രയ്ക്കും മനോഹരമായ നിലമ്പൂര്‍ എന്ന എന്റെ ജന്മനാട്ടില്‍ ഞാന്‍ പോലും ഇതുവരെ കാണാത്ത സുന്ദരദൃശ്യങ്ങള്‍ കാണിച്ചുതന്നതിന് നന്ദി സ്നേഹിതാ നന്ദി..
നീരുവുമൊത്ത് ഈ ഏറുവിനും ഒരിക്കല്‍ നിലമ്പൂരിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങണം എന്നുണ്ട്. നടക്ക്വോ നീരൂ?
എന്റെ ബാല്യകാലസുഹൃത്തുക്കള്‍ സാബു, നസീര്‍ എന്നിവരുടെ ഫോട്ടോ കണ്ടതിനും അവരുടെ സഹായസഹകരണങ്ങള്‍ കേട്ടതിനും സന്തോഷമുണ്ട്..
നന്ദി, വീണ്ടും വരിക…
നീരൂ… അമ്പതാമത്തെ ഈ യാത്രാവിവരണത്തിന് പ്രത്യേക അഭിനന്ദൻസ്..
എന്റെ സമയക്കുറവും അശ്രദ്ധയും മൂലം ഇടയിൽ ചില പോസ്റ്റുകൾ വിട്ടുപോയിട്ടുണ്ട്.. ദയവുചെയ്ത് ഇനി മുതൽ പോസ്റ്റുംപോൾ ഒരോല എഴുതിയിടാൻ സന്മനസ്സുണ്ടാകണം..
“തലയില്‍ കാക്ക തൂറുമ്പോളും, ശരീരത്തില്‍ അട്ട കടിക്കുമ്പോളുമൊക്കെ അതിനെ അറപ്പോടും വെറുപ്പോടും കാണുന്നതിനോടൊപ്പം നമ്മള്‍ അതീവ സന്തോഷത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളപ്പോള്‍ പ്രകൃതിയോട് വളരെ അടുത്താണ് നില്‍ക്കുന്നത്.“
നീരൂ.. എനിക്കൊന്നും പറയാൻ കിട്ടുന്നില്ല..
തൂക്കു പാലത്തെ പറ്റി തുടക്കത്തില്‍ പറഞ്ഞപ്പോള്‍, പഴയൊരു ഓര്‍മ്മയിലേക്ക് പോയി..രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ , മലന്പുഴ ഡാമില്‍ പോയി….അവിടെ വച്ചു തൂക്കു പാലത്തില്‍ കയറിയപ്പോള്‍ പേടിച്ചു കരഞ്ഞു…
ആകെമൊത്തം നല്ല വിവരണം. പിന്നെ,ബോറടിച്ചിരുന്ന ഒരു ഫ്രെണ്ടിനു ഈ ബ്ലോഗിന്റെ ലിങ്ക് കൊടുത്തു. വായിച്ചിട്ട് ഇഷ്ടപ്പെട്ടെന്നും പറഞ്ഞു..:-)
നീരുവേട്ടാ സുവര്‍ണ്ണ ജൂബിലി ആശംസകള്‍. ഈ പോസ്റ്റിന്റെ ആദ്യ ഭാഗം വായിച്ചു പ്രചോദനം ഉള്‍ക്കൊണ്ട് കഴിഞ്ഞ മാസം നിലംബുരില്‍ ഒരു ചെറു
സന്ദര്‍ശനം നടത്തിയിരുന്നു. അതില്‍ തേക്ക് മ്യൂസിയം കനോലി പ്ലോട്ട് എന്നിവ മാത്രം കണ്ടു മടങ്ങി. പക്ഷേ അന്ന് ഞങ്ങള്‍ക്ക് അറിയില്ലാരുന്നു ആ വലിയ തൂക്കുപാലം തുറന്നിട്ടു കുറച്ചു നാളുകളെ ആയുള്ളൂ എന്ന്. ഏതാണ്ട് ഇരുനൂര്‍ മീറ്റര്‍ നീളമുള്ള ആ പാലം കടന്നു 1846ല്‍ നട്ടു പിടിപ്പിച്ച 5.46 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കനോലി പ്ലോട്ടില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത് അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്കുകളും മറ്റു വന്‍ വ്രക്ഷങ്ങളും ആയിരുന്നു.പാലം കടന്നു ഏതാണ്ട് ഇരുപതു മിനിറ്റോളം നടന്നു കാണുവാന്‍ ഉണ്ട് കനോലി പ്ലോട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തേക്കും(46.5 മീറ്റര്‍ നീളം) കാണുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മറ്റൊരു ദുഃഖ സത്യവും ഞങ്ങള്‍ അന്ന് അറിഞ്ഞു.ആ മനോഹര തേക്കിന്‍ തോട്ടം സ്ഥാപിച്ച H V കനോലി എന്ന സായിപ്പിനെ 1855 ലെ മാപ്പിള ലഹളയില്‍ ശിക്ഷിക്കപെട്ട നാലു പേര്‍ വെടി വച്ച് കൊല്ലുകയായിരുന്നു.
കോഴിപ്പാറയും ആഢ്യന്‍പാറയും അന്ന് കാണാന്‍ പറ്റാത്തതിലുള്ള വിഷമം ഈ പോസ്റ്റ് വായിച്ചപ്പോള്‍ പിന്നെയും കൂടി. അത് കാണുവാന്‍ ഞങ്ങള്‍ ഒരു വരവൂടെ വരണ്ടി വരും…..പോസ്റ്റിനു വളരെ നന്ദി
ഞങ്ങള്‍ നടത്തിയ നിലമ്പുര്‍ യാത്രയിലെ ചില ചിത്രങ്ങള്‍ എന്‍റെ പിക്കാസ ആല്‍ബത്തില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. കനോലി പ്ലോട്ടും, ലോകത്തിലെ ഏറ്റവും വലിയ തേക്കിന്‍ തടിയും അതില്‍ കാണാം. ലിങ്ക് ചുവടെ ചേര്‍ക്കുന്നു
http://picasaweb.google.com/themotionblur/Nilambur#
ധനേഷിന്റെ കമന്‍റ് ഇപ്പോഴാ വായിച്ചേ….എന്‍റെ കൂടെ ധനേഷും ഉണ്ടായിരുന്നു ആ യാത്രയില്‍ !!
Congrat……………realy vry nice prcntn.
എന്റെ നാടിനെ കുറിച്ചുള്ള താങ്കളുടെ വിവരണം വായിക്കുന്നുണ്ട് വളരെ മനോഹരം നന്ദി
50-th postinu aashamsakal
pinne enthu sundaramaanee photos….
vellachaattam super….
veendum assooya
niraksharante oru bhaagyam
This comment has been removed by the author.
അടിപൊളി..വിവരണവും ചിത്രങ്ങളും..അമ്പതാം പോസ്റ്റിന് ആശംസകള്‍
nice work
our beloved place nilamboor
shams
niran,
nice as usual..
കോഴിപ്പാറയും ആഡ്യൻപാറയും കാണാനെത്താൻ കുറച്ചു വൈകിപ്പോയി
പതിവുപോലെ എല്ലാം വായിച്ചു നെടുവീർപ്പിട്ടു. അല്ലാതെന്തു ചെയ്യാൻ…
ങാ, പിന്നെ, അമ്പതാം പോസ്റ്റിലെത്തി നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ബ്ലോഗിന് ഹൃദയം നിറഞ്ഞ ആശംസകൾ…
അമ്പതാം പോസ്റ്റാംശംസകള്‍.
നിലമ്പൂര്‍ കാടുകളില്‍ക്കൂടി നടന്നപോലെ തോന്നി വായിച്ചപ്പോള്‍.
അങ്ങനെ കോഴിപ്പാറയും ആഢ്യന്‍ പാറയും കണ്ടു.
(നീരു കണ്ടൂന്നു വച്ചാല്‍ നമ്മള്‍ കണ്ടതിനു തുല്യം തന്നെ)
ഇനി നിലമ്പൂര്‍ കോവിലകം കാണാന്‍ കാത്തിരിക്കുന്നു.
ആ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍സ് കൂടി കൊടൂക്കൂന്നേ.
ഒരു യാത്രയില്‍ കുളിച്ചു കയറിയ പ്രതീതി. നന്നായിരിക്കുന്നു.
ഏറനാടന്‍ – നാട്ടില്‍ വരുമ്പോള്‍ പറയൂ. നമുക്കൊരുമിച്ച് ഒരു യാത്ര നടത്താം. നന്ദി
പൊറാടത്ത് – ചോദിച്ചതുകൊണ്ടുമാത്രം ഓല എഴുതിയിടുന്ന കാര്യം പരിഗണിക്കാം. അല്ലാതെ എനിക്കാരെയും ഓലയിട്ട് അറിയിക്കുന്നതിനോട് താല്‍പ്പര്യമില്ല. എന്നാലും, എന്നെ എല്ലാവരും ഓലയിട്ട് അറിയിക്കുന്നത് എനിക്ക് സന്തോഷവുമാണ്
രാജീ – ഇപ്പോള്‍ അത്തരം പേടികളൊന്നും ഇല്ലെന്ന് കരുതട്ടെ. സുഹൃത്തിന് ലിങ്ക് കൊടുത്തതിന് പ്രത്യേകം നന്ദി. അദ്ദേഹത്തിന്റെ ബോറടി മാറ്റാന്‍ ഈ യാത്രകള്‍ക്കായെങ്കില്‍ അതില്‍പ്പരം ഒരു സന്തോഷം എനിക്കുണ്ടാവാനില്ല. നന്ദി
വിഷ്ണൂ – വിഷ്ണൂം ധനേഷും കനോലി പ്ലോട്ടിന്റെ കാര്യത്തില്‍ എന്നെ ഓവര്‍ ടേക്ക് ചെതതില്‍ എനിക്ക് അസൂയ ഉണ്ട് കേട്ടോ ? നന്ദി
Saifunbr – നന്ദി
Rehman – നന്ദി
shams – നന്ദി
Faizal Kondotty – നന്ദി :)
kader patteppadam – നന്ദി
പിരിക്കുട്ടീ – നന്ദി അസൂയ പാടില്ലാട്ടോ
രജ്ഞിത്ത് വിശ്വം – നന്ദി
ബിന്ദു ഉണ്ണി – നന്ദി
ബിന്ദു കെ.പി. – പ്രിയപ്പെട്ട ബ്ലോഗ് എന്നതൊരു ബഹുമതിയായിട്ട് എടുക്കുന്നു. നന്ദി
ഗീതേച്ചീ – ഫോട്ടോകള്‍ ചിലത് ഒരുമിച്ച് ചേര്‍ത്ത് സ്ലൈഡ് ഷോ ആക്കി ഇട്ട് പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ കാപ്ഷനും ചേര്‍ത്തിട്ടുണ്ട്. ഇനി ഒറ്റയൊറ്റയായി കിടക്കുന്ന പടങ്ങള്‍ക്കും അടിക്കുറിപ്പ് ഇടാന്‍ നോക്കാം.
വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി
very nice
നിരക്ഷരന്റെ ബ്ലോഗിനേക്കാൾ എല്ലാവരുടെയും കമന്റ്സിനു മറുപടി കൊടുക്കുവാനുള്ള താങ്കളുടെ മനസ്സാണ് കൂടുതൽ അഭിനന്ദനമർഹിക്കുന്നത്. വളരെ നല്ല പോസ്റ്റ്, നന്ദി നിരക്ഷരാ!
THE LIGHTS – നന്ദി
റാഷിദ് – കമന്റിന് മറുപടി കൊടുക്കുന്ന കാര്യത്തില്‍ പുതുതായി ബ്ലോഗ് ആരംഭിച്ച പ്രശസ്ത കവി ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അടുത്ത് നിലവിലുള്ള ഒരൊറ്റ ബ്ലോഗറും എത്തില്ല. അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനുമുന്‍പില്‍ നമ്മളൊക്കെ നിസ്സാരന്മാര്‍ …
വേറിട്ടുനിന്ന ആ കമന്റിന് പ്രത്യേകം നന്ദി റാഷിദ്
നിരക്ഷരന്‍ മാഷെ…പോസ്റ്റുകള്‍ എല്ലാം വളരെ ഇഷ്ടപ്പെട്ടു. കാശു ചെലവില്ലാതെ ഒരു യാത്ര തരപ്പെട്ട പോലെന്നു പറഞ്ഞ മതിയല്ലോ..ചിത്രങ്ങള്‍മനോഹരമായിരിക്കുന്നു .ആശംസകള്‍
ഹൃദ്യമായ അനുഭവം
മനോജ് ആകെ തിരക്കിലായിരുന്നു…
മലബാറിന്റെ ഭംഗിമുഴുവന്‍ മുക്കിയെടുത്തുകൊണ്ടുള്ള വിവരണവും,പടങ്ങളും കലക്കി കേട്ടോ…
ഞാന്‍ ബൂലോഗത്ത് നവാഗതനാണ് ഒരു രണ്ടു മാസത്തിനുള്ളില്‍ എനിക്ക് മനസ്സിലാകാനയത് ഇവിടം “ഞരമ്പുകളുടെയും ആഭാസന്മാരുടെയും വെറുപ്പിന്റെ തത്വശാസ്ത്രം മാത്രം വിളമ്പുന്ന അല്പന്മാരുടെയും നരകവും, വിജ്ഞാനവും വിനോദവും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗവും ഉണ്ടെന്നതാണ് നിരു വിനെ ആസ്വര്‍ഗത്തില്‍ ഉള്പെടുതാനാണ് എന്ക്കിഷ്ട്ടം
ഞാന്‍ ബൂലോഗത്ത് നവാഗതനാണ് ഒന്നു രണ്ടു മാസത്തിനുള്ളില്‍ എനിക്ക് മനസ്സിലാകാനയത് ഇവിടം “ഞരമ്പുകളുടെയും ആഭാസന്മാരുടെയും വെറുപ്പിന്റെ തത്വശാസ്ത്രം മാത്രം വിളമ്പുന്ന അല്പന്മാരുടെയും നരകവും, വിജ്ഞാനവും വിനോദവും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗവും ഉണ്ടെന്നതാണ് നിരു വിനെ ആസ്വര്‍ഗത്തില്‍ ഉള്പെടുതാനാണ് എന്ക്കിഷ്ട്ടം
നിരക്ഷരോ … താങ്കളുടെ പോസ്റ്റ് വായിച്ച് വായിച്ച് ഇനി നാട്ടില്‍ ചെന്നാല്‍ വീട്ടിലിരിക്കാന്‍ നേരം കിട്ടുമെന്ന് തോന്നുന്നില്ല… കറക്കം തന്നെയായിരിക്കും പണി… ആഢ്യന്‍ പാറയും കോഴിപ്പാറയും കൊളുക്കുമലയും ഒക്കെ കാണാന്‍ പോയല്ലേ പറ്റു…
യാത്രാവിവരണം ഏറെ ഹൃദ്യമായി. അമ്പതാം പോസ്റ്റിനു സ്പെഷ്യല്‍ ആശംസകള്‍….
മിക്ക യാത്രകളും ഒഴിവാക്കുന്ന എനിക്ക് ഈ യാത്ര ഏറെ ആസ്വാദ്യമായി.
nilamboor is a beautiful place…
നേരിൽ കാണുന്നത് പോലെയുണ്ട്. മനോഹരം.
അമ്പതടിച്ചല്ലേ..ആശംസകള്‍..
ഈ പോസ്റ്റ് മുന്‍പ് കണ്ടിരുന്നെങ്കിലും ഇപ്പോളാണ് വായിച്ചത്..മനോഹരമായിട്ടുണ്ട്
ആദ്യം തന്നേ ഹാഫ് സെഞ്ച്വറി ആശംസകള്‍…
അല്‍പ്പം താമസിച്ചു പോയി ഇത് വായിക്കാന്‍ , നല്ലൊരു പോസ്റ്റ് ,ആ വെള്ളച്ചാട്ടത്തിന്റെ ഒരു ഫോട്ടോ വളരെ മനോഹരം ആയിട്ടുണ്ട് പഞ്ചസാര വീഴുന്നപോലെ . പിന്നെ ഈ ഫോട്ടോകള്‍ക്ക് ഒരു caption നല്‍കിയാല്‍ നന്നായിരുന്നു
വളരേ വിശദവും രസകരവുമായ പോസ്റ്റ്.യാത്രയുടെ അനുഭവം തോന്നി.നിലമ്പൂര്‍ ബ്ലോഗര്‍മാരെകോണ്ട് നിറയുമോ ആവോ?
പൊതുവേ യാത്രകളെ വെറുക്കാൻ ശീലിച്ച ഈയുള്ളവനും പടവും കണ്ട് വായിച്ചിരുന്നപ്പോൾ ഒരു കൊതി തോന്നിപ്പോയീ…നന്ദി നീരൂ
(അല്ല ഇപ്പോളാണു ശ്രദ്ധിച്ചതു നമ്മുക്കിടയിൽ “നീ” യും “വീ”(we) യും തമ്മിലുള്ള വ്യത്യാസമേയുള്ളൂവല്ലേ…)വരാൻ വൈകിയതിനു ക്ഷമ ചോദിക്കുന്നതോടൊപ്പം ഇമ്മാതിരി പോസ്റ്റുകളുടെ സെഞ്ച്വറി അടിക്കാൻ ദൈവം അനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിച്ചു കൊണ്ട് സ്വന്തം വീരു.
നേരിട്ടു കാണുന്ന പ്രതീതി ജനിപ്പിയ്ക്കുന്നു എന്നതാണ് താങ്കളുടെ പോസ്റ്റുകളില്‍ എന്നെ സന്തോഷിപ്പിയ്ക്കുന്നത്.
നാന്നായിരിക്കുന്നു വിവരണങ്ങള്‍ നന്ദി നീരു..
നിരക്ഷരന്‍ ഗവി യില്‍ പോയിട്ടില്ലങ്കില്‍ ,ഉടന്‍ പോകണം .ഞാന്‍ കഴിഞ്ഞമാസം പോയിരുന്നു.മെയിലു തന്നാല്‍ വേണ്ടസഹായം ചെയ്യാം .
യാത്ര കളൊരിക്കലും അവസാനിക്കില്ലന്നത് നല്ല അറിവുതന്നെ.
ബൂലോകജാലകം – വളരെ നന്ദി സ്നേഹവും സമാധാനവും വിളമ്പുന്നവരുടെ കൂട്ടത്തില്‍ എന്നേയും ചേര്‍ത്തതിന് .
റാണി – മടികാരണമാണ് പടങ്ങള്‍ക്ക് അടിക്കുറിപ്പ് എഴുതാതെ ഉഴപ്പുന്നത്. ഇനി മുതല്‍ ശ്രമിക്കാം.
മണിഷാരത്ത് – അതെ അതെ
വീരു – നീരു വീരു …അത് കൊള്ളാം. സെഞ്ച്വറി അടിക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല. 25 പോസ്റ്റിനുള്ള സംഭവം ഇപ്പോള്‍ത്തന്നെ കയ്യില്‍ ഉണ്ട്. എഴുതി ഇടാന്‍ സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്നം.
ചാര്‍വാകന്‍ – സുധാകരേട്ടാ ഇപ്രാവശ്യം ഗവിയില്‍ പോകാന്‍ പരിപാടി ഇട്ടതായിരുന്നു. പക്ഷെ നടന്നില്ല. അധികം താമസിയാതെ നടത്തിയിരിക്കും. അപ്പോള്‍ ചേട്ടനുമായി ബന്ധപ്പെടാം. ചേട്ടന് ആ യാത്രാവിവരണം ഒന്ന് എഴുതി ഇട്ടുകൂടേ ?
തൃശൂര്‍കാരന്‍ , mukthar udarampoyil , ബിലാത്തിപ്പട്ടണം, ജിമ്മി, ശാന്താ കാവുമ്പായി, നിക്കി മേനോന്‍ , കുമാരന്‍ , കുഞ്ഞായി , കൊട്ടോട്ടിക്കാരന്‍,….
കോഴിപ്പാറയും ആഢ്യന്‍പാറയും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി
നല്ലൊരു യാത്രികനാവാനുള്ള ‘ശിരോലിഖിതം’ ഭംഗിയായി വിനിയോഗിക്കാന്‍ ഇനിയുമിനിയും കഴിയട്ടെ!
ആശംസകള്‍!
യാത്രാവിവരണം സൂപ്പർബ് !!!
അതിനാൽ..
എൻപുതുകവിതയിൽ നിങ്ങളുമുണ്ടേ..
ഇഷ്ടാനിഷ്ടമതറിയിക്കുക വേം !!
നിരക്ഷരാ…
നിങ്ങൾ എത്ര മനോഹരമായെഴുതുന്നു !!!
ആശംസകൾ !!
VAAYICHU KAZHINJAPPOL VALLATHA ORU SUGHAM UNDU. ATHIMANOHARAMAAYI EE VIVARANAM
http://punarjanii.blogspot.com/2008/12/blog-post_30.html
This pic was taken from kozhipara…
This comment has been removed by the author.
ഹല്ലൊ നിരക്ഷരന്‍,
നിങ്ങള്‍ കക്കാടം പോയില്‍ നിന്നും നിലംബുര്‍ പോയ റോഡ് ഇപ്പോ തകര്‍ന്നു കിടക്കുകയാണു. ഇപ്പോ അതിലെ two wheelers മാത്രമേ പോവൂ….
Thanks for posts..
വരിക തിരുവില്ലാമല വഴി ഒരു ദിവസം .
ആശംസകൾ.
vinod
ആദ്യായിട്ട് ബ്ലോഗില്‍ വന്നു വായിച്ചത് എന്റെ എന്റെ അടുത്ത പ്രദേശമായ നിലമ്പൂര്‍.. കനോലി കനാലും ആഡ്യന്‍ പാറയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒന്നൂടെ പോകാന്‍ കൊതിയാകുന്നു.. ഇത് യാത്ര വിവരണമല്ല.. നല്ലൊരു ടൂറിസ്റ്റ് സാഹായി തന്നെ. ആശംസകളോടെ..
നിലമ്പൂര്‍ വിവരണം അതിമനോഹരം…
നിലമ്പൂര്‍ കാടുകളുടെ വന്യഭംഗി ആസ്വദിക്കുന്നതിന് അടുത്ത പ്രാവശ്യം സൈലന്‍റ് വാലി സംരക്ഷിത വനമേഖലയായ ടി.കെ. കോളനി,കാരീരി പാടം എന്നിവ കൂടി സന്ദര്‍ശിക്കുക…
നാല് വര്‍ഷം മുന്‍പ് ഞാന്‍ പോയ വഴികളിലൂടെ വീണ്ടും ഒരു യാത്ര നടത്തിയ പോലെ
അന്ന് സ്വന്തം കാമറ ഇല്ലാത്തതിനാല്‍ ഫോട്ടോ ഒന്നും ഇല്ലാതെ പോയതിലുള്ള സങ്കടം ഇപ്പോള്‍ മാറി
ഒരു പാട് നന്ദി
ഒരുപാട് നന്ദി ഞങ്ങളുടെ നാട് സന്ദർശിച്ചതിന്നും ഇങ്ങനെ ഒരു യാത്ര വിവരണം എഴുതിയതിന്നും.
നിലംബൂർ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം സെപ്റ്റംബർ ഒക്ടോബർ സീസണ്‍ ആണ്, അപ്പോഴാണ് മഴ കഴിഞ്ഞു മരങ്ങളും ചെടികളും പച്ച പട്ടുടുതിരിക്കുന്നതും പുഴകൾ നിറഞ്ഞു ഒഴുകുന്നതും.
ബംഗ്ലാവുംകുന്നിൽ നിന്നും നിലംബൂരും ചാലിയാറും ഒന്നിച്ചുള്ള കാഴ്ച അതിമനോഹരം ആണ്, അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല
ആഢ്യൻപാറ വെള്ളച്ചാട്ടം മഴ സിസണിൽ സന്ദർശിക്കണം അതിന്റെ യതാർത്ഥ ഭംഗി ആസ്വദിക്കാൻ
ഇന്നിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്; നെടുങ്കയം, കരുളായി, ചോക്കാട്, ടികെ കോളനി, കവളമുക്കട്ട, നിലംബൂർ പട്ടു ഉത്സവം,
വളരെ നല്ല സ്ഥലങ്ങളും കൂടെ നല്ല ഒരു യാത്രാ വിവരണവും ,,,,
Kozhippara Kozhikkodum adyanpara malappuram jillayilum anenn ariyumo.. Thankal edutha aa hotel nilkunnath kozhikkode jillayilaa but tottappurath 2 meter mari oru ration kada und..ath malappuram..engane nd..
പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ഒരു ബോര്‍ഡ് വെച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്ത്വം തീര്‍ന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ , ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് വന്നുപോയ ജനങ്ങളുടെ നിലപാട്
i like this social awareness