nilamboor

നിലമ്പൂരില്‍ 2 ദിവസം


ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

നിലംമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്കോടി വന്നിരുന്നത് നല്ല തടിച്ചുരുണ്ട കാതലുള്ള തേക്ക് മരങ്ങളാണ്. നിലമ്പൂര്‍ മുഴുവനും തേക്കുകാടുകള്‍ മാത്രമാണുള്ളതെന്നാണ് ചെറുപ്രായം മുതലേയുള്ള എന്റെ ധാരണ.

നിലംബൂര്‍ ഏറനാടിന്റെ ഭാഗമാണെന്നൊക്കെ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ബൂലോകത്ത് വന്നതിനുശേഷം ബൂലോക കഥാകാരനായ ഏറനാടന്‍ (ഏറനാടന്‍ കഥകള്‍ )എന്ന എന്റെ പ്രിയസുഹൃത്ത് സാലിയെ പരിചയപ്പെട്ടതോടെയാണ് ഏറനാട്ടിലേക്കുള്ള ഒരു യാത്രയ്ക്ക് വഴിയൊരുങ്ങിയത്.

ഏറനാട്ടില്‍ കാണാന്‍ എന്തൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഏറനാടന്റെ വിശദമായ ഇ-മെയില്‍ വന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്രയും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍ . ഏറനാടന്റെ സുഹൃത്തുക്കളായ സാബുവും, നസീറും എല്ലാ സൌകര്യങ്ങളുമായി കാത്തിരിക്കുന്നുണ്ടാകും, ഒന്നാവഴിക്ക് ചെന്നാല്‍ മാത്രം മതി എന്നു സൂചിപ്പിച്ചതിനൊപ്പം ‘ഏറനാടന്‍ കഥകള്‍ ‘ വായിച്ച ഏതെങ്കിലും തദ്ദേശവാസികള്‍ , ഏറനാടന്റെ സുഹൃത്തായ നിരക്ഷരനെ കൈയ്യേറ്റം ചെയ്താല്‍ അതിനുത്തരവാദി താനല്ലെന്ന് നര്‍മ്മം കലര്‍ത്തിയ മുന്‍‌കൂര്‍ ജാമ്യവും ഏറനാടന്‍ കുറിച്ചിട്ടുണ്ടായിരുന്നു.

എറണാകുളത്തുനിന്ന് വണ്ടിയോടിച്ച് ഏറനാട്ടിലേക്ക് യാത്ര പുറപ്പെട്ടത് ഒറ്റയ്ക്കാണ്. മലപ്പുറത്തുനിന്ന് കിഴക്കോട്ടുള്ള വഴികള്‍ എനിക്കത്ര പരിചയമൊന്നുമില്ല. അതുകൊണ്ടുതന്നെ പലയിടത്തും വഴി ചോദിച്ച് മനസ്സിലാക്കി ഏറനാട്ടില്‍ എത്തിയപ്പോള്‍ ഉച്ചയ്ക്ക് 12 മണിയായി . ഉച്ചഭക്ഷണം കഴിക്കാന്‍ പട്ടണത്തിലെ ഒരു റസ്റ്റോറന്റില്‍ കയറിയപ്പോള്‍ നസീറിനെ വിളിച്ചു. അധികം താമസിയാതെ നസീറെത്തി. അവിടന്നങ്ങോട്ട് 2 ദിവസം ഏറനാടന്‍ പറഞ്ഞതുപൊലെ എല്ലാ സൌകര്യങ്ങളും എനിക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി നസീറെന്റെ കൂടെത്തന്നെയുണ്ടായിരുന്നു . രാത്രി താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരിക്കുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമില്‍ ആയിരുന്നു.

നസീര്‍ തേക്ക് മ്യൂസിയത്തിന് മുന്നില്‍.

ഭക്ഷണത്തിനുശേഷം നിലമ്പൂരുനിന്നും ഗൂഡലൂര്‍ റൂട്ടില്‍ 4 കിലോമീറ്ററോളം ദൂരെയുള്ള തേക്ക് മ്യൂസിയത്തിലേക്ക് തിരിച്ചു. മ്യൂസിയത്തിന്റെ മതില്‍ക്കെട്ടിനകത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമൊക്കെയുണ്ട്.

തേക്ക് മ്യൂസിയത്തിന്റെ മുന്‍ഭാഗം ഒരു ദൃശ്യം.

വണ്ടി പാര്‍ക്ക് ചെയ്ത് മ്യൂസിയത്തിലേക്ക് കടക്കാനുള്ള ടിക്കറ്റെടുത്ത് പുരയിടത്തിനകത്തേക്ക് നടന്നു.ഇരുവശത്തും മുളങ്കാടുകള്‍ കാമാനാകൃതിയില്‍ വളഞ്ഞുനിന്ന് സ്വാഗതമാശംസിക്കുന്നുണ്ട്.

ഇല്ലികള്‍ കമാനം തീര്‍ത്ത വഴി

കൂറ്റനൊരു തേക്കിന്റെ പാര്‍ശ്വവേരുകളുള്‍ അടക്കമുള്ള കടഭാഗമാണ് തേക്ക് മ്യൂസിയത്തിന്റെ കെട്ടിടത്തിനുമുന്നില്‍ കാത്തുനില്‍ക്കുന്നത്. ആ വേരുപടലം നിലമ്പൂര്‍ റേഞ്ചിലെ കുരിറ്റി ബീറ്റില്‍ നിന്നുള്ളതാണ്. പ്രായമായ തേക്കിന് തായ്‌വേരുണ്ടാകില്ല്ലെന്നും, പ്രായമാകുമ്പോള്‍ തായ്‌വേര് ശുഷ്‌ക്കിച്ച് പോകുകയും പാര്‍ശ്വവേരുകളാല്‍ സമ്പുഷ്ടമായ ഒരു വേരുപടലം ഉണ്ടാകുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ ആ വേരുപടലം നല്ലൊരുദാഹരണമാണ്.

തേക്ക് മരത്തിന്റെ വേരുപടലം.

തേക്കില്‍ പണിതീര്‍ത്തിരിക്കുന്ന പടുകൂറ്റന്‍ ഒരു വാതിലാണ് മ്യൂസിയത്തിന്റേത്. ഒരു തേക്ക് മ്യൂസിയത്തിന്റെ അന്തസ്സിനും ആഭിജാത്യത്തിനും അലങ്കാരത്തിനുമൊക്കെ പോന്ന ഒന്നാന്തരമൊരു കവാടം തന്നെയാണത്.

തേക്ക് മ്യൂസിയത്തിന്റെ പ്രധാന കവാടം.

മ്യൂസിയത്തിനകത്തേക്ക് കടന്നതോടെ, തേക്ക് എന്ന മരത്തെപ്പറ്റി അന്നുവരെ എനിക്കജ്ഞമായിരുന്ന ഒരുപാട് കാര്യങ്ങള്‍ക്ക് അന്ത്യമാകുകയായിരുന്നു.

തേക്ക് എന്ന ദക്ഷിണേന്ത്യന്‍ പദത്തില്‍ നിന്നുതന്നെയാണ് ടീക്ക് എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം.ടെക്‍റ്റോണ എന്ന ജനുസ്സില്‍പ്പെടുന്ന മരമാണ് തേക്ക്. ഗ്രീക്ക് ഭാഷയില്‍ ‘ആശാരി’ എന്ന അര്‍ത്ഥം വരുന്ന ടെക്‍റ്റണ്‍ എന്ന പദത്തില്‍ നിന്നാണ് ഈ ജനിതകനാമത്തിന്റെ ഉത്ഭവം.

നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ടെക്‍റ്റൊണ ഗ്രാന്‍സിസ്, ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന ടെക്‍റ്റോണ ഹാമില്‍ട്ടോണിയാന, ടെക്‍റ്റോണ ഫിലിപ്പിനെന്‍സിസ് എന്നിവയാണ് തേക്ക് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ .

മ്യൂസിയത്തിനകത്തേക്ക് കടന്ന്‍ കേരളത്തിലെ തേക്കിന്റെ ചരിത്രം മുതല്‍ തേക്ക് നട്ടുപിടിപ്പിക്കുന്നതും, മുറിച്ചെടുത്തുകൊണ്ടുപോയി ഉരുപ്പിടിയാക്കി മാറ്റുന്നതുവരെയുള്ള കാര്യങ്ങളെല്ലാം വളരെ വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടുമനസ്സിലാക്കാനായി.

തേക്കിന്റെ വന്‍‌തോതിലുള്ള കയറ്റുമതി മലബാറില്‍ നിന്നുതന്നെയായിരുന്നു. ഉള്‍നാടന്‍ ജലാശയത്തിലൂടെ നഗരങ്ങളിലേക്കും കടലിനപ്പുറം അറേബ്യന്‍ നാടുകളിലേക്കും തേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചരിത്രരേഖകള്‍ പറയുന്നുണ്ട്. കോളനി ഭരണകാലങ്ങളില്‍ കപ്പല്‍ നിര്‍മ്മാണത്തിനാവശ്യമായ തേക്കുമരമത്രയും കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികവനങ്ങളില്‍ നിന്നായിരുന്നു. തീവണ്ടി ഗതാഗതം ആരംഭിച്ചതോടെ തേക്കിന്റെ ഉപഭോഗം കൂടിക്കൂടിവന്നു. വന്‍‌തോതിലുള്ള ഉപഭോഗം മൂലം സ്വാഭാവിക വനങ്ങളില്‍ ദുര്‍ലഭമായിത്തീര്‍ന്ന തേക്കിനെ കൃത്രിമ വനത്തോട്ടങ്ങളിലൂടെ മാത്രമേ സുലഭമാക്കാനാവൂ എന്നാദ്യം മനസ്സിലാക്കിയത് ഇംഗ്ലീഷുകാര്‍ തന്നെയായിരുന്നു.

ശ്രീ തോമസ് ഹാല്‍ട്ടന്‍ ബോര്‍ഡില്ലോണ്‍

തേക്കുതോട്ടങ്ങളുടെ ചരിത്രം പറയുമ്പോള്‍ അവഗണിക്കാനാവാത്ത ഒരു പേരാണ് തോമസ് ഹാല്‍‍ട്ടന്‍ ബോര്‍ഡില്ലോണ്‍ എന്ന സായിപ്പിന്റേത്. 1891 മുതല്‍ 1909 വരെ തിരുവിതാംകൂറില്‍ വനപാലകനായി ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നപ്പോഴാണ് 6793 ഹെക്‍ടര്‍ സ്ഥലത്ത് തേക്ക് വെച്ചുപിടിപ്പിക്കുകയുണ്ടായി. തൈക്കുറ്റി നട്ട് തേക്ക് പിടിപ്പിക്കുന്ന രീതി ആദ്യമായി ആവിഷ്ക്കരിച്ചത് ഇദ്ദേഹമാണ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വനപ്രദേശത്തുള്ള ബോര്‍ഡില്ലോണ്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒരു തേക്ക് വനമാണ്.

116 വര്‍ഷം പഴക്കമുള്ള തേക്ക്.

വള്ളുവശ്ശേരി ബീറ്റില്‍ നിന്നും മുറിച്ചെടുത്ത്കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന 116 വര്‍ഷം പഴക്കമുള്ള, 38 മീറ്റര്‍ നീളവും 3.90 മീറ്റര്‍ ചുറ്റളവുമുള്ള ഒരു തേക്ക് മരമാണ് മ്യൂസിയത്തിനകത്തെ പ്രധാനപ്പെട്ട കാഴ്ച്ചകളില്‍ ഒന്ന്. രണ്ടായി മുറിച്ചെടുത്താണ് മരം മ്യൂസിയത്തിനകത്ത് കിടത്തിയിരിക്കുന്നത്.

മ്യൂസിയത്തിനകത്തെ മറ്റൊരു ദൃശ്യം.

2 മീറ്റര്‍ അകലത്തിലാണ് തേക്ക് തൈകള്‍ നടുന്നത്. പിന്നീട് അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇടം ഉണ്ടാക്കുന്നതിനു വേണ്ടി ഇടമുറിക്കല്‍ നടത്തുന്നു. കേരളത്തില്‍ 50 മുതല്‍ 80 വര്‍ഷം വരെയുള്ള കാലയളവിലാണ് വിളവെടുപ്പ് നടത്തുന്നത്.

തേക്കിന്റെ വേരുഭാഗത്തിന്റെ നെടുകെയുള്ള ഛേദം

1542 ല്‍ നട്ട് 452 വര്‍ഷങ്ങള്‍ക്ക് ശേഷം മുറിച്ചെടുത്ത ഒരു കൂറ്റന്‍ തേക്കിന്റെ വേരുഭാഗത്തിന്റെ നെടുകെയുള്ള ഛേദമാണ് മറ്റൊരാകര്‍ഷണം. കോട്ടയം ഫോറസ്റ്റ് ഡിവിഷനിലെ നഗരം‌പാറ റേഞ്ചിലെ കടുവാക്കുഴി എന്ന സ്ഥലത്തുനിന്നും 1994 ല്‍ മുറിച്ച് നീക്കിയപ്പോള്‍ 20.40 മീറ്റര്‍ നീളമുണ്ടായിരുന്ന ഈ മരം തലക്കോട് ഡിപ്പോയില്‍ വെച്ച് 10,84,333 രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്.

അക്‍ബര്‍ ചക്രവര്‍ത്തിയുടെ ജനനം(1542), ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്(1600), ശിവജി ജനനം(1627), റാണി ലക്ഷ്മീഭായിയുടെ ജനനം(1837), ഇന്ത്യയിലെ പ്രധമ തേക്കിന്‍ തോട്ടം നിലമ്പൂരില്‍ ‍(1840), ഒന്നാം സ്വാതന്ത്രസമരം(1857), രബീന്ദ്രനാഥ ടാഗോറിന്റെ ജനനം(1861), സ്വാമി വിവേകാനന്ദന്റെ ജനനം(1863), മഹാത്മാഗാന്ധിയുടെ ജനനം(1869), ഒന്നാം ലോകമഹായുദ്ധം(1914-1918), രണ്ടാം ലോകമഹായുദ്ധം(1939-1945), ജാലിയന്‍ വാലാ ബാഗ്(1919), മാപ്പിളലഹള(1921), ദണ്ഡിയാത്ര(1930),
ഇന്ത്യ സ്വതന്ത്രലബ്ദ്ധി(1947), ഇന്ത്യ ചൈന യുദ്ധം(1962), കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്(1975) തുടങ്ങി ഒട്ടേറേ ചരിത്രമുഹൂര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ ഈ മരം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും പഴക്കമുള്ള ഒരു മരം ഈ ജന്മത്തില്‍ ഇനിയെവിടെയെങ്കിലും കാണാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ചരിത്രത്തിന്റെ സാക്ഷി എന്ന പേരില്‍ ആ വേരിന്റെ ഛേദം അവിടെ അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു അതിശയോക്തിയും തോന്നിയില്ല.

തേക്ക് തോട്ടങ്ങളിലെ വിവിധതരം ശലഭങ്ങള്‍

മണ്ണില്‍ കാണുന്ന വ്യതിയാനം, ഡ്രിപ്പ് ഇറിഗേഷന്‍ വഴിയുള്ള ജലസേചനം, വിത്ത് തരം തിരിക്കലും പാകപ്പെടുത്തലും, ചിതലുകളുടെ സഹായത്തോടെ വിത്ത് പാകപ്പെടുത്തല്‍ , തേക്കില്‍ ക്ലോണിങ്ങ് നടത്തുന്ന രീതി, ഗ്രാഫ്‌റ്റിങ്ങ്, ടിഷ്യൂ കള്‍ച്ചര്‍ , വേരുപിടിപ്പിക്കല്‍ മുതലായ കായകപ്രജനന രീതികള്‍ , ഇലപ്പുള്ളി രോഗം, ബാക്‍ടീരിയ മൂലമുള്ള വാട്ടം, റസ്റ്റ് രോഗം, പിങ്ക് രോഗം, ഹാര്‍ട്ട് റോട്ട്, എന്നിങ്ങനെ തേക്കിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ , തേക്കിന്റെ പ്രധാന ശത്രുവായ ഇലതീനിപ്പുഴു, അതിന്റെ ശത്രുവായ ഷട്ട്പദങ്ങള്‍ , തണ്ടുതുരപ്പന്‍, തൈ തുരപ്പന്‍ എന്നിങ്ങനെയുള്ള വണ്ടുകള്‍ , തേക്കിന്റെ ഗുണമേന്മകള്‍ , തേക്കില്‍ കാണുന്ന വൈകല്യങ്ങളും ന്യൂനതകളും എന്നിങ്ങനെ തേക്കിനെപ്പറ്റി ഒന്നൊഴികാതെ എല്ലാ വിവരങ്ങളും പ്രദര്‍ശനങ്ങളും ഈ മ്യൂസിയത്തിലുണ്ട്.

ഇതിനിടയില്‍ കണ്ട ഒരു ചിത്രവും അതിനെപ്പറ്റിയുള്ള വിവരവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ഡിവിഷനിലെ തൂണിക്കടവ് റേഞ്ചിലെ 450 ല്‍ അധികം വര്‍ഷം പ്രായമുള്ള ഒരു തേക്കുമരത്തിന്റെ ചിത്രമായിരുന്നു അത്. 48 മീറ്റര്‍ ഉയരവും 6.45 മീറ്റര്‍ ചുറ്റളവും ഉള്ള ഈ മരത്തിന് ഭാരത സര്‍ക്കാറിന്റെ മഹാവൃക്ഷപുരസ്ക്കാരം ലഭിച്ചിട്ടുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും വലിയ തേക്കുമരമാണിതെന്നുള്ളതും പുതിയ അറിവുകളായിരുന്നു.

കണ്ണിമാറ തേക്ക് പറമ്പികുളം – മറ്റൊരു യാത്രയ്ക്കിടയില്‍ എടുത്ത ചിത്രം

ഇന്ത്യാ, മ്യാണ്‍‌മാര്‍ , ലാവോസ്, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഇലപൊഴിയും കാടുകളിലെ സ്വാഭാവിക വനങ്ങളില്‍ കണ്ടുവരുന്നതിനുപുറമേ തേക്കിന്റെ സവിശേഷതകളും വിലയുമൊക്കെ കാരണം 40ല്‍പ്പരം രാജ്യങ്ങളില്‍ കൃത്രിമ വനത്തോട്ടങ്ങളില്‍ തേക്ക് കൃഷി ചെയ്യപ്പെടുന്നുണ്ട്. സംസ്ക്കാരത്തിനും അതിര്‍ത്തികള്‍ക്കുമപ്പുറം അരുമയോടെ വളര്‍ത്തപ്പെടുന്ന ഏകമരം ഒരുപക്ഷേ തേക്ക് മാത്രമായിരിക്കും.

ശ്രീ വി.എച്ച്.കനോലി

തേക്കിനും, നിലമ്പൂരിനും ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ശ്രീ.എച്ച്.വി.കനോലി എന്നുപേരുള്ള സായിപ്പാണ്. മലബാര്‍ കളക്‍ടറായിരുന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോന്‍ വെച്ചുപിടിപ്പിച്ച കനോലി പ്ലോട്ട് ഇന്നും നിലംബൂരിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ്.

മ്യൂസിയത്തിനകത്തെ കാഴ്ച്ചകളും പടമെടുക്കലുമൊക്കെയായി ഒരുപാട് സമയം ചിലവഴിച്ചതിനുശേഷം കെട്ടിടത്തിനുപുറകിലുള്ള ജൈവ വിഭവ ഉദ്യാനത്തിലേക്ക് കടന്നു.

ആദിമകാല കരസസ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മോസ്സുകള്‍ക്കും സസ്യലോകത്തെ തന്നെ ഏറ്റവും താഴെ തട്ടിലുള്ള പായലുകള്‍ക്കുമൊക്കെയുള്ള ഉദ്യാനങ്ങളവിടെയുണ്ട്. ഭൂമിയില്‍ ആകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓക്‍സിജന്റെ 90 % പായലുകളില്‍ നിന്നാണെന്നുള്ളത് അവിശ്വസനീയമായ ഒരു അറിവായിരുന്നു.

മരുപ്രദേശങ്ങളില്‍ വളരുന്ന ചെടികള്‍ക്കും, ഔഷധഗുണമുള്ള സസ്യങ്ങള്‍ക്കും, പന്നല്‍ച്ചെടികള്‍ക്കുമൊക്കെയായി വെവ്വേറെ ഗൃഹങ്ങള്‍ തന്നെ ഇവിടെയുണ്ട്. 180ല്‍പ്പരം ഔഷധ സസ്യങ്ങളാണിവിടെയുള്ളത്.

ഇതിനൊക്കെപ്പുറമെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ശലഭങ്ങളുടെ ഉദ്യാനമായിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ ശലഭോദ്യാനമാണിത്. ചിത്രശലഭങ്ങളുടേയും അവയുടെ പ്രാരംഭദശയായ ലാര്‍വ്വകളുടേയും അവ ഭക്ഷിക്കുന്ന പ്രത്യേകയിനം ആഹാരസസ്യങ്ങളുമൊക്കെ നട്ടുവളര്‍ത്തി ചിത്രശലഭങ്ങളെ ആകര്‍ഷിക്കുകയും അവയെ അവിടത്തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഈ ഉദ്യാനത്തില്‍ ചെയ്തിട്ടുള്ളത്. ഓരോ ചിത്രശലഭത്തിന്റേയും ലാര്‍വ്വയ്ക്ക് അവ ഭക്ഷിക്കുന്ന ചില പ്രത്യേകയിനം ആഹാരസസ്യങ്ങളുണ്ട്. ചിത്രശലഭമാകട്ടെ പൂക്കളില്‍ നിന്ന് തേനും നന്നായി പഴുത്ത പഴങ്ങളില്‍ നിന്നും മറ്റു സസ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രവങ്ങളുമാണ് ഭക്ഷിക്കുക. ചെറുനാരകം വാക, ഈശ്വരമൂലി, കറിവേപ്പില എന്നീ സസ്യങ്ങള്‍ ലാര്‍വ്വകള്‍ക്ക് ആഹാരമാകുമ്പോള്‍, കിങ്ങിണി, ചെണ്ടുമല്ലി, സീനിയ എന്നിവയുടെ തേനാണ് ചിത്രശലഭത്തിന്റെ ആഹാരം തെച്ചി മുസാണ്ട എന്നീ സസ്യങ്ങള്‍ ശലഭങ്ങളുടേയും ലാര്‍വ്വകളുടേയും ആഹാരമാകാറുണ്ട്.

ശലഭോദ്യാനത്തിലേക്ക് കടന്നപ്പോള്‍ കാര്യമായി ഒരു ശലഭത്തിനെപ്പോലും കണ്ടില്ലെങ്കിലും പിന്നീട് പലതരം ശലഭങ്ങളുടെ വിഹാരകേന്ദ്രമാണത് എന്നുമനസ്സിലാക്കാനായി. ചുറ്റുമെമ്പാടും വലുതും ചെറുതും പല വര്‍ണ്ണത്തിലുള്ളതുമായ ശലഭങ്ങള്‍ പാറിനടക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ശലഭങ്ങള്‍ക്ക് വളരാനാവശ്യമായ ഒരു അന്തരീക്ഷം നമ്മുടെ തൊടിയിലും ഉദ്യാനത്തിലുമൊക്കെ ഉണ്ടാക്കിയെടുക്കാന്‍ പറ്റിയാല്‍ സ്വന്തം പൂന്തോട്ടവും ശലഭങ്ങളുടെ പറുദീസയാക്കി മാറ്റാന്‍ പറ്റുമെന്ന് തന്നെയാണ് എനിക്കപ്പോള്‍ തോന്നിയത്. ശലഭങ്ങളുടെ ഫോട്ടോ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് അതൊനൊന്നും സമയം കളയാതെ ഉദ്യാനത്തിന്റെ പിന്നാമ്പുറത്തുള്ള കാട്ടുചെടിക്കള്‍ക്കിടയിലുണ്ടാക്കിയ വഴിയിലൂടെ ഒരു നടത്തത്തിനുശേഷം കാര്‍ പാര്‍ക്കിങ്ങിലേക്ക് ചെന്ന് വണ്ടിയുമെടുത്ത് വെളിയിലേക്കിറങ്ങി.

കാട്ടുപടര്‍പ്പുകള്‍ക്കിടയിലൂടെ ഒരു വഴി

നാളുകള്‍ ഒരുപാടായി കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമായ ഈ തേക്ക് മ്യൂസിയത്തില്‍ അല്‍പ്പം വൈകിയാണെങ്കിലും ഒന്ന് പോകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നെങ്കിലും, പലപ്രാവശ്യം മ്യൂസിയത്തില്‍ വന്നിട്ടുള്ളതുകൊണ്ട് നസീറിനത് ‍ കുറച്ച് വിരസമായ സമയമായിരുന്നെന്നാണ് എനിക്ക് തോന്നിയത്.

മ്യൂസിയത്തിന് വെളിയില്‍ നിന്ന് ഓരോ കരിമ്പിന്റെ ജ്യൂസ് കുടിച്ചശേഷം ലോകത്തിലെ തന്നെ ആദ്യത്തെ മനുഷ്യനിര്‍മ്മിത തേക്ക് തോട്ടമായ കനോലി പ്ലോട്ടിലേക്ക് വണ്ടി തിരിച്ചു. ടൌണിലേക്ക് കടന്ന് വീണ്ടും മലപ്പുറം റൂട്ടിലേക്ക് 2 കിലോമീറ്ററോളം പോയാല്‍ വലത്തുവശത്തായി ഫോറസ്റ്റ് റേഞ്ച് ഓഫീസ് കാണാം.

ചാലിയാറിന്റെ ഒരു സായാഹ്ന ചിത്രം

അവിടന്ന് 200 മീറ്ററോളം ഉള്ളിലേക്ക് നടന്ന്, ചാലിയാര്‍ മുറിച്ച് കടന്നാല്‍ കനോലി പ്ലോട്ടിലേക്കെത്താം. 160 ല്‍ അധികം വര്‍ഷം പഴക്കമുള്ള 119 തേക്ക് മരങ്ങളുടെ സംരക്ഷിത മേഖലയാണ് 5.675 ഏക്കര്‍ വിസ്തൃതിയുള്ള കനോലി പ്ലോട്ട്.

പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
———തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക——–

Comments

comments

66 thoughts on “ നിലമ്പൂരില്‍ 2 ദിവസം

  1. എനിക്കും പോണം. ഇവിടെയെല്ലാം..
    ബാക്കി വേഗം പോരട്ടേ..
    ഇന്നാ തേങ്ങ .. ഠേ

    ശ്ശോ.. എനിക്കും ഇതു പോലെ വീടാറുമാസം കാടാറുമാസം ജോലി കിട്ടിയിരുന്നെങ്കിൽ………

  2. സായിപ്പിന്റെ നാട്ടില്‍ ചുറ്റികറങ്ങുന്ന എനിക്ക് സ്വന്തം ജില്ലയിലെ സ്ഥലം പരിചയപ്പെടുത്തിയ മനോജിനു ഒരായിരം നന്ദി.

  3. നിലമ്പൂര്‍ തേക്ക് ചരിത്രം ഇഷ്ടായി…തുടരുക..

    ഓടോ: നീരു… തേക്കിനും തെമ്മാടിക്കും എവിടേം കിടക്കാം, ശരിയല്ലെ:):):)

  4. മീറ്റുകഴിഞ്ഞു..
    ചുറ്റാനിറങ്ങി…
    “കന്നാലി” സായിപ്പിന്റെ കഥയും കേട്ടു…

    (എങ്ങിനെയുണ്ട് ന്യൂ ജനറേഷന്‍ കവിത.. ഭാവിയുണ്ടോ?)

  5. വിവരണം ഇഷ്ടായീ ട്ടോ അപരന്‍ സോറി നിരക്ഷരന്‍ ചേട്ടാ…ചാലിയാര്‍ മുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കണേ.

    O.T:കരയാതെ കുഞ്ഞാ ഉള്ളതോണ്ട് ഓണം പോലെ എന്നല്ലേ…

  6. മനോജേട്ടാ,
    കഴിഞ്ഞ മാസം ഒരു പ്രോഗ്രാമിന് നിലമ്പൂരില്‍ പോയപ്പോള്‍ ചെറു സന്ദര്‍ശനം നടത്താന്‍ പറ്റി. എഴുതിയതുപോലെ തന്നെ മനോഹരമായ സ്ഥലങ്ങളും അതിനെക്കാള്‍ നന്മയുള്ള ആളുകളും , അടുത്ത മാസം വിശദമായി ഒരു യാത്രക്ക് പോകുന്നുണ്ട്.

  7. രണ്ട് പ്രാവശ്യം നിലമ്പൂര്‍ പോയിട്ടുണ്ടെങ്കിലും മ്യൂ സിയം കണ്ടിട്ടില്ല ,
    ഇപ്പൊ കണ്ടു , വിവരണവും നന്ന്‍!
    പതിവുപോലെ നന്ദി !

    07/08/09 – 10 am

  8. പോവാന്‍ വളരെ ആഗ്രഹിച്ച സ്ഥലമായിരുന്നു നിലമ്പൂര്‍….വളരെ അടുത്തായിരുന്നിട്ടും എന്തോ പോയിരുന്നില്ല…പക്ഷേ പിന്നീട് ഞങ്ങളുടെ കോളേജിലെ ഒരു സുഹൃത്ത് ആ പുഴയില്‍ മുങ്ങി മരിക്കുകയുണ്ടായി…സൂക്ഷിക്കണം എന്നു പറഞ്ഞില്ലേ, വെള്ളമൊന്നും ഇല്ലായിരുന്നു കാര്യമായി എന്നിട്ടും….അതിനു ശേഷം ആദ്യമായി ഇപ്പോഴാണ്‌ നിലമ്പൂര്‍ പോവാന്‍ തോന്നുന്നത്….

    anyway nice post as usual!!

    സ്‌നേഹത്തോടെ..
    അഞ്ജു.

  9. സാബു എന്നുകേട്ടപ്പൊ അത്ഭുതം തോന്നി, പിന്നെയാണു മനസ്സിലായത് ഞാനല്ലെന്ന്. എന്താ ചങ്ങാതീ ഒന്നറിയിച്ചില്ലല്ലോ… തിരക്കില് നിന്നൊഴിഞ്ഞ് പരിചയം പുതുക്കാന്‍ എനിയ്ക്ക് നല്ലൊരവസരം പാഴായി.

    പോസ്ട് ഉപകാരമായി, സത്യത്തില്‍ നിലമ്പൂരിന്റെ പ്രാധാന്യം ഇവിടത്തുകാര്‍ക്ക് അത്രകണ്ട് അറിയില്ല. മുടത്തെ മുല്ലയ്ക്കു മണമില്ലെന്നു തന്നെയാണല്ലോ…

    ആശംസകള്‍….

  10. നീരൂ സുഹൃത്തെ, എന്റെ നഷ്ടസ്വപ്‌നങ്ങള്‍ കുന്നുകൂടിക്കിടപ്പുള്ള ജന്മനാടായ നിലമ്പൂരില്‍ നീ പോയതിന്റെ വിശേഷങ്ങള്‍ എന്നുവരും എന്ന് കാത്തിരിപ്പായിരുന്നു ഞാന്‍..

    ഇപ്പോഴത് വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം അറിയിക്കുന്നു. നന്നായി വിവരിച്ചതില്‍ നിന്നും ജന്മനാട്ടിലെ എനിക്ക് പോലും അറിയാത്ത ചരിത്രവസ്തുതകള്‍ നീരു കുറിപ്പില്‍ നിന്നും അറിയാനായതില്‍ നന്ദി നേരുന്നു.

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ, എന്റെ പഴയ മൊബൈല്‍ നമ്പര്‍ മാറി, പുതിയ നമ്പര്‍ ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്.

    ഭാവുകങ്ങള്‍..

  11. വളരെ വിശദമായാ വിവരണം.
    തേക്കിന്‍ പുരാണവും കേരളത്തിലെ തേക്കിന്റെ തലതൊട്ടപ്പന്മാരെയും പരിചയപ്പെട്ടു.
    ഇനി നേരിട്ടു പോയാലും ഇതില്‍ കൂടുതല്‍ ഒന്നും നിലമ്പൂര്‍ കാണാനുണ്ടാവില്ലാ.
    ഒരു പക്ഷെ ഇനി ഒരിക്കല്‍ വിദ്യാര്‍ത്തികള്‍ക്ക് റഫറന്‍സായി ചില യാത്രകള്‍
    അദ്ധ്യാപകര്‍ ശുപാര്‍ശചെയ്യുന്ന കാലം വിദൂരമല്ല,
    അത്രക്ക് നന്നാവുന്നു ചില യാത്രകള്‍

  12. Niran,
    Nilambur is near to us (about one hour journey)

    ഇടക്ക് നിലമ്പൂര്‍ ആഡ്യന്‍ പാറയില്‍ കുളിക്കാന്‍ പോവാറുണ്ട് …നന്നായി ഈ വിവരണവും ചിത്രങ്ങളും …നിലമ്പൂരിനെ ശരിക്കും അങ്ങ് നെഞ്ചിലേറ്റി അല്ലെ ..?

  13. നിരൂ…

    നോ കമാന്‍റ്സ്…തുടരുന്നതും വരട്ടെ..
    അതുവരെ കാത്തിരിക്കാനാവാത്തതു കൊണ്ട്
    കുറിച്ചു പോവുന്നതാ..ക്ഷമിക്ക്വയേ നിവര്‍ത്തിയുള്ളൂ,
    ..പായലുകളില്‍ നിന്നാണു ഒക്സിജന്‍റെ കലവറയെന്ന
    അറിവ്… തിര്‍ച്ചയായും നന്ദി..മനോജ് നന്ദി

  14. നന്നായിരിക്കുന്നു, വിവരണവും ചിത്രങ്ങളും. തേക്കിനെ കുറിച്ച്, അറിയാത്ത കുറേ കാര്യങ്ങൾ കൂടി മനസ്സിലായി

  15. കുഞ്ഞന്‍സ് – ഇതൊക്കെയാണെങ്കിലും താമസം കണ്ണീര്‍ക്കടല്‍ക്കരെ ആകരുതെന്ന് കൂടെ ആഗ്രഹിക്കണം കേട്ടോ ? :) നന്ദി.

    ചാണക്യന്‍ – മറന്നുകിടക്കുകയായിരുന്ന ആ ചൊല്ല് ഓര്‍മ്മിപ്പിച്ചതിന് നന്ദി :)

    സജീ – സായിപ്പ് കേക്കണ്ട അങ്ങോരെ കന്നാലീന്ന് വിളിച്ചത്. കവിയെ ശുട്ടിടുവേന്‍ :)

    ജിപ്പൂസ് – അപരന്‍ ജിപ്പൂസേ :) ചാലിയാര്‍ മുറിച്ച് കടക്കാന്‍ സമയം ആയിട്ടില്ല.

    സിയാബ് പി. – വിശദമായിത്തന്നെ കാണാന്‍ ഒരുപാടുണ്ട് ഏറനാട്ടില്‍ . മിസ്സാക്കരുത് കേട്ടോ ?

    ചേച്ചിപ്പെണ്ണ് – ഇനി പോകുമ്പോള്‍ മ്യൂസിയം കാണാന്‍ മറക്കണ്ട :)

    അഞ്ജു പുലാക്കാട്ട് – ആ സുഹൃത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ഒരു നിമിഷം മൌനമാകുന്നു.

    കൊണ്ടോട്ടിക്കാരന്‍ – ഇത് 6 മാസം മുന്‍പ് നടത്തിയ യാത്രയാണ് മാഷേ. അന്ന് നമ്മള്‍ ‘മീറ്റി’യിട്ടില്ല.

    ഏറനാടന്‍ – താങ്കളുടെ നഷ്ടസ്വപ്നങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത് മാത്രം ഞാനവിടെ കണ്ടില്ല. അതോ സാബുവും, നസീറും കാണിച്ച് തരാഞ്ഞതാണോ ? :)

    മാണിക്യേച്ചീ – ആ വിദ്യാര്‍ത്ഥികളുടെ കാര്യം കട്ടപ്പൊഹ:) നന്ദി ചേച്ചീ.

    ഫൈസല്‍ കൊണ്ടോട്ടീ – ആഡ്യന്‍ പാറയും, കോഴിപ്പാറ വെള്ളച്ചാട്ടവുമൊക്കെ അടുത്ത ഭാഗത്തിലുണ്ടാകും. ഞങ്ങളും കുളിച്ചു അവിടെ. നന്ദി:) നിലമ്പൂര്‍ ശരിക്കും നെഞ്ചിലേറ്റിത്തന്നെയാണ് മടങ്ങിയത്. കാണാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് അവിടെ. ഇനിയും നാലഞ്ച് വിസിറ്റിനുകൂടെയുള്ളതുണ്ട്.

    ഹാറൂണ്‍ ചേട്ടാ – ബാക്കി ഭാഗം ഉടനെ എഴുതാന്‍ ശ്രമിക്കാം. നന്ദി

    കറുത്തേടം, കണ്ണനുണ്ണി, കുഞ്ഞായീ, സിയാബ്, ക്യാപ്റ്റന്‍ ഹാഡോക്ക്, ലക്ഷ്മി, …..

    ഏറനാട്ടിലേക്ക് യാത്ര വന്ന എല്ലാ സഞ്ചാരികള്‍ക്കും നന്ദി :)

  16. പണ്ടെങ്ങോ ഒരു ക്വിസ് മല്‍സരത്തിനു വേണ്ടിയാണ് നിലംബൂര്‍ തേക്കു തോട്ടത്തെ പറ്റിയും മ്യൂസിയം നെ പറ്റിയും ആദ്യമായി വായിച്ചത് ..പിന്നീടുള്ള ജീവിതയാത്രകളിലെപ്പോഴോ നിലമ്പൂരില്‍ നിന്നുമുള്ള കുറെ കൂട്ടുകാരെയും കിട്ടി…ഒരു പാട് നാളായി ആഗ്രഹിക്കുന്നു അവിടെയൊക്കെ ഒന്ന് പോയി കാണണമെന്ന്..ദൈവം അനുഗ്രഹിച്ചാല് പോകണം ..എന്തായാലും അതിനു മുന്‍പേ ഈ സ്ഥലങ്ങള്‍ പോസ്റ്റിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം …ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു …

  17. നിലമ്പൂര്‍, തേക്ക്, ശലഭങ്ങള്‍…

    കാടും നാടും ചുറ്റി നടക്കുന്ന നീരു എന്ന ശലഭം.
    പോസ്റ്റ് നന്നായി.
    പിന്നെ, ആ പടങ്ങള്‍ക്ക് ഒരു കാപ്ഷന്‍ കൂടി കൊടുത്തിരുന്നെങ്കില്‍. അതാതു സ്ഥലങ്ങളില്‍ തന്നെ ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നതു കൊണ്ട് മനസ്സിലാകുന്നുണ്ട്. എന്നാലും അടിക്കുറിപ്പുകൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ.

  18. തേക്കിനൊരു മ്യൂസിയമോ…!!!! ഇതൊരു പുതിയ അറിവു തന്നെ! ഇങ്ങനെ എന്തെല്ലാം അറിയാൻ കിടക്കുന്നു അല്ലേ…?

    തേക്ക് മ്യൂസിയത്തെപ്പറ്റിയും തേക്കിനെപ്പറ്റിയും വിശദമായ അറിവു പകർന്ന ഈ കുറിപ്പിനു വളരെ നന്ദി…

  19. നല്ല ഉപകാരപ്രദമായ പോസ്റ്റ്.
    (അവിടൊക്കെ തേക്കിനിപ്പോള്‍ എന്താണു വില?
    ലാഭത്തില്‍ കിട്ടുമോ?എന്നൊക്കെയുള്ള വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു.)
    ഒരു വൃക്ഷസ്നേഹി :-)

  20. നിരക്ഷരന്‍ ,
    ഞാന്‍ പ്രദീപ്‌ ആണ് ( ഒരു ദേശത്തിന്‍റെ കഥ ) . ഒരിക്കല്‍ എനിക്ക് ഒരു കമന്റ്‌ തന്നിരുന്നു !!! , നിലമ്പൂരില്‍ ഞാന്‍ എല്ലാ വര്‍ഷവും പോകാറുള്ളതാണ് . മ്യൂസിയം ഉണ്ടെന്നറിയാമായിരിന്നിട്ടും ,അത് പോയി കാണാന്‍ കഴിഞ്ഞില്ല . അടുത്ത അവധിക്കാലത്ത് ഉറപ്പായിട്ടും ഞാന്‍ പോകുന്നതാണ് . അവിടെ കാട്ടില്‍ “ഭാര്‍ഗവീ നിലയം എന്ന്ചെല്ലപ്പേരുളള ഒരു ഫോറസ്റ്റ് ഓഫീസ് ഉണ്ട് പോയി കണ്ടിരുന്നോ ??. അടുത്ത ലെക്കത്തിനായി കാത്തിരിക്കുന്നു !!!!!!!!!!!!തുടരൂ !!!!!!

  21. മനോജ് ജി,
    ഇപ്പോഴാണ് കണ്ടത്. ഒന്ന് ഓടിച്ചു നോക്കാനേ പറ്റിയുള്ളൂ. മനസ്സിരുത്തി വായിക്കാന് ഇനിയും വരുന്നുണ്ട്. ഏതായാലും ഓണത്തിന് നിലമ്പൂറ്ക്ക് വിട്ടാലോ എന്നാലോചന തുടങ്ങി. വളരെ നന്ദി!

  22. മാഷെ…..

    വന്ന് വന്ന് ഞങ്ങളുടെ നാടിന്റെ അടുത്ത് എത്തിയല്ലെ…….

    ആവൂ….ഞങ്ങളുടെ ജന്മം പുണ്യമായി.

    കരുവാരക്കുണ്ട്, കാളികാവ് വഴിയാണോ പോയത്, അതോ പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, വണ്ടൂര്‍,നിലമ്പൂര്‍ വഴിയോ.

    പക്ഷേ, ഒരു ദിനം യാത്രചെയ്യു…. ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ ട്രെയിന്‍ യാത്ര…

    കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

    സൈലന്റ് വാലിയില്‍ പോയിട്ടുണ്ടോ?

  23. ഇങ്ങനെയൊക്കെ സ്ഥലങ്ങളുണ്ടല്ലേ?
    വളരെ നന്നായിട്ടുണ്ട് നിലമ്പൂര്‍ വിവരണം.
    പക്ഷെ നിലമ്പൂര്‍ രാജാവിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ?
    പുള്ളിക്ക് സുഖം തന്നെയല്ലേ?

  24. സീമ മേനോന്‍ – നന്ദി :)
    സ്നോ വൈറ്റ് – നന്ദി :)
    ലേഖ – നന്ദി :)

    ഗീതേച്ചീ – ചേച്ചി പറഞ്ഞ കാര്യം പരിഗണനയില്‍ ഉണ്ട്. പക്ഷെ അതുകൂടി ചെയ്യാനിരുന്നാല്‍ പലപ്പോഴും പോസ്റ്റ് ഇറങ്ങലുണ്ടാകില്ല. ഒരിക്കല്‍ കുത്തിയിരുന്ന് ഒക്കെ ശരിയാക്കുന്നുണ്ട്. നിദ്ദേശത്തിന് പ്രത്യേകം നന്ദി :)

    ബിന്ദു കെ.പി. – അതെ, ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും കിടക്കുന്നു :)

    പാവത്താന്‍ – എന്താ മാഷേ വീട് പണി തുടങ്ങാന്‍ പോകുകയാണോ ? :) ഇവിടേയും തേക്കിന്റെ വില നാട്ടുനടപ്പനുസരിച്ച് തന്നെ. പക്ഷെ ലേലത്തില്‍ തടിപിടിച്ചാല്‍ ലാഭം ഉണ്ടാക്കാം. നല്ല മരവും കിട്ടിയെന്ന് വരും.

    ഒരു ദേശത്തിന്റെ കഥ – പ്രദീപ്, കുന്നിന്‍ മുകളില്‍ കാടുപിടിച്ച് കിടക്കുന്ന സായിപ്പിന്റെ ബംഗ്ലാവായിരിക്കും താങ്കള്‍ ഉദ്ദേശിച്ചതെന്ന് കരുതുന്നു. അതൊക്കെ അടുത്ത പോസ്റ്റില്‍ വരുന്നുണ്ട്.

    ബാബുരാജ് – ഡോക്‍ടര്‍ , നിലമ്പൂര്‍ ഒരുപാട് കാണാനുണ്ട്. ഇത്തിരി റിസര്‍ച്ച് നടത്തി പോകുന്നത് നന്നായിരിക്കും.

    നട്ടപ്പിരാന്തന്‍ – മാഷേ..
    സൈലന്റ് വാലി ബഫ്ഫര്‍ സോണില്‍ നടത്തിയ യാത്രകള്‍ ഇതാ…

    ഭവാനിപ്പുഴയുടെ തീരത്തിലൂടെ

    ?കീരിപ്പാറയില്‍ ഒരു രാത്രി

    സൈലന്റ് വാലി കോര്‍ സോണിലേക്ക് യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. ഉടനെയുണ്ടാകും ആ യാത്ര. വായനയ്ക്ക് നന്ദി.

    നാട്ടുകാരന്‍ – പ്രിന്‍സേ, രാജാവിനെ കാണാന്‍ പറ്റിയില്ല. പക്ഷെ നിലമ്പൂര്‍ കോവിലകത്തേക്ക് മറ്റൊരു യാത്ര പ്ലാന്‍ ചെയ്താണ് മടങ്ങിയത്.

    നിലമ്പൂര്‍ യാത്രയില്‍ കൂടെ വന്ന എല്ലാവര്‍ക്കും നന്ദി :)

  25. പ്രിയപ്പെട്ട മനൊജ്,
    മലയാളത്തില്‍ എഴുതാനുള്ളാ എന്റെ ആദ്യത്തെ ശ്രമം ആണ്. വളരെയധികം പ്രയോജന്പ്പെട്ട വായനാനുഭവതിന്നു നന്ദി
    ഇരുപതു കൊല്ലത്തിനു മുന്പു പട്ടാളത്തില്‍ വന്നതാണു. താങ്കളുടെ എഴുത്തിലൂടെ ഒരുപാടു നല്ല കാഴ്ചകള്ക്കു വീന്ടും നന്ദി.
    ജയലക്ഷ്മി

  26. അങ്ങനെ നിലമ്പൂരുമെത്തി.ഒരോ യാത്രയും മനോജേട്ടൻ
    നന്നായി അസ്വാദിക്കുന്നു.ആ അസ്വാദനം വായനകാരനും
    നല്ല സുഖമാണ് പകരുന്നത്.ഈ നിലമ്പൂരിന് ഒരു പ്രത്യേകത കൂടിയുണ്ട്.
    ഇവിടെ സ്ത്രിധനം ഇല്ല.
    സ്ത്രിധനത്തിന് എതിരാണ് ഇവിടുത്തെ ആളുകൾ

  27. തേക്കു മ്യൂസിയത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെൻകിലും വിശദമായി അറിയാൻ ഈ വിവരണം സഹായിച്ചു.പൊന്നാനി മുതൽ കൊച്ചി വരെ (?) പോകുന്ന കാനോലി കനാലിന്റെ ശില്പ്പിയും കാനോലി സായിപ്പായിരിക്കും അല്ലെ ?

  28. വിവരണം നന്നായിരുന്നു. അടുത്ത ഭാഗം നിലമ്പൂര്‍ കോവിലകത്തെ കുറിച്ചായിരിക്കും അല്ലെ ? ഉടനെ പോരട്ടെ..

  29. നിലമ്പൂര്‍ യാത്ര (പ്രത്യേകിച്ച് ട്രെയിനില്‍) കുറെക്കാലമായി എന്റെ ‘to do’ ലിസ്റ്റില്‍ കയറിക്കൂടിയിട്ടു. എന്തായാലും നിരക്ഷരന്റെ യാത്രാ വിവരണത്തിലൂടെ അത് പകുതി സാക്ഷാത്കരിക്കപെട്ടു. ബാക്കി ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു…

  30. മനോജേട്ടാ നിലമ്പൂർ യാത്ര ഇഷ്ടമായി. അല്ലെങ്കിലും നിലമ്പൂർ എന്നുകേൾക്കുമ്പോൾ മനസ്സിൽ ആദ്യം എത്തുന്നതും തേക്ക് തന്നെ. പിന്നെ ഏറ്റവും പഴക്കമുള്ള മരത്തിന്റെ അവശിഷ്ടം ഊട്ടി ബോട്ടാണിക്കൽ ഗാർഡനിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ആയിരത്തിലധികം വർഷം പഴക്കമുള്ളത്. അനിയന്റെ ഫോട്ടോകളിൽ ഇതുണ്ടെന്നാണ് എന്റെ ഓർമ്മ.

  31. വളരെ നല്ല വിവരണം.
    ചരിത്രത്തിന്റെ സാക്ഷിയായ ഒരു മഹാമരത്തിന്റെ പരിഛേദവും വിവരണവും കൂടുതല്‍ ഇഷ്ടപ്പെട്ടു.നന്ദി

  32. പതിവു പോലെ സുന്ദരമായിരിക്കുന്നു. ഗീത പറഞ്ഞതു പോലെ ചിത്രങ്ങൾക്കു കാപ്ഷനാകാമായിരുന്നു. നിലമ്പൂർ കോവിലകത്തേക്കുറിച്ചു വരും പോസ്റ്റുകളിൽ ഉണ്ടാവുമെന്നു കരുതുന്നു. ആശം സകൾ

  33. നിലമ്പൂര്‍ തേക്ക് മ്യൂസിയം പോസ്റ്റ്‌ അടിപൊളി ട്ടോ..ശരിക്കും നേരില്‍ കണ്ട ഒരു ഫീല്‍.

    ഓ. ടോ : ഇത്തവണ നിരൂനെ ഞാന്‍വെട്ടിച്ചു.ഞാന്‍ നിരു പറഞ്ഞ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ഡിവിഷനിലെ തൂണിക്കടവ് റേഞ്ചിലെ 450 ല്‍ അധികം വര്‍ഷം പ്രായമുള്ള ആ തേക്ക് മരത്തിനെ കണ്ടിട്ടുണ്ട് ട്ടോ.അതിനെ അന്ന് ഞങ്ങള്‍ കുട്ടികള്‍ പത്തു-പന്ത്രണ്ട് പേരൊക്കെ കൂടി കെട്ടിപിടിച്ച് ഒക്കെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഏകദേശം ഒരു ഇരുപത് കൊല്ലം മുന്പാനേയ്. പക്ഷെ,ഇതുപോലെ ചരിത്ര പ്രാധാന്യമുള്ള ഒരു കാര്യമാണ് അതെന്നു അന്ന് അറിയില്ലായിരുന്നു. പറമ്പിക്കുളത്തു പോയപ്പോള്‍ ഒരു ഏറുമാടത്തില്‍ ഒക്കെ കയറിയത് ഓര്‍മ്മയുണ്ട് ട്ടോ.നിരൂന്റെ അടുത്ത വണ്ടി അങ്ങോട്ട്‌ വിട്ടോളൂ..

  34. തലക്കെട്ടില്‍ നിലമ്പൂര്‍, താഴേക്ക്‌ വന്നപ്പോ നിലംബൂര്‍…….. ഇത്‌ ഏതാപ്പോ ശരി? (ഹല്ല പിന്നെ, പത്രക്കാരോടാ കളി :)

    വിജ്ഞാനപ്രദമായ പോസ്റ്റ്‌ നീരു, മാണിക്യേച്ചിയുടെ നാവ്‌ പൊന്നാവട്ടെ.

  35. ജയലക്ഷ്മി ചേച്ചീ – മലയാളം എഴുതുന്നതില്‍ ചേച്ചി വിജയിച്ചിരിക്കുന്നു. 10 ല്‍ 9 മാര്‍ക്ക് :)

    അനൂപ് കോതനെല്ലൂര്‍ – സ്ത്രീധനത്തിന്റെ കാര്യം ഞാനാദ്യായിട്ടാ കേള്‍ക്കുന്നത്. ആധികാരികമായ വിവരമാണോ ? എന്തായാലും നന്ദി. ബാക്കി ഞാന്‍ അന്വേഷിച്ചോളാം.

    മുസാഫിര്‍ – കനോലി കനാലിന്റെ കാര്യം എനിക്കറിയില്ല. അന്വേഷിക്കാം :)

    അബ്കാരീ – അടുത്ത ലക്കം ഒരു ബാലികേറാമലയാണ് എനിക്ക്. കാത്തിരിക്കേണ്ടി വരും :)

    മണികണ്ഠന്‍ – ഊട്ടിയില്‍ ഉള്ളത് ഏറ്റവും പഴക്കമുള്ള തേക്ക് തന്നെയാണോ അതോ മറ്റേതെങ്കിലും മരമോ ? ഇനിയിപ്പോ അതൊന്ന് കാണണമല്ലോ ? :)

    വയനാടന്‍ – ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പിടുന്ന കാര്യം പരിഗണയിലുണ്ട്. നിര്‍ദ്ദേശത്തിന് നന്ദി :)

    സ്മിതാ ആദര്‍ശ് – എനിക്ക് സന്തോഷായി. അങ്ങനെ ഒരിക്കലെങ്കിലും തോല്‍ക്കാന്‍ പറ്റിയല്ലോ ? തോല്‍ക്കുന്നതിനും ഒരു സുഖമുണ്ട് എന്നറിയാമല്ലോ ? :) :)

    ഹാരിഷ് – പറമ്പികുളത്ത് പലപ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഒരു വിവരണത്തിനുള്ളത് കയ്യിലില്ല. നോക്കട്ടെ പിന്നൊരിക്കലാവാം :)

    മുരളിക – പത്രക്കാരനാന്ന് പറഞ്ഞോണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല മാഷേ. ഇപ്പുറത്ത് നിരക്ഷരനാ നിരക്ഷരന്‍. തോന്നുന്ന പോലെയൊക്കെ അക്ഷരം തെറ്റിച്ച് എഴുതാന്‍ ലൈസന്‍സുള്ള ബൂലോകത്തെ ഏക പ്രജയാണ് എന്നറിയില്ലേ പത്രക്കാരാ ? :) :)
    മാണിക്യേച്ചീടെ നാക്ക് പിച്ചളയായാലും മതിയായിരുന്നു :)

    ബിനോയ് , വെള്ളായണി വിജയേട്ടന്‍, ഏകലവ്യന്‍ , ജ്വാല, പിരിക്കുട്ടി ……

    നിലമ്പൂരേക്ക് യാത്ര വന്ന എല്ലാ സഹയാത്രികര്‍ക്കും ഒരുപാടൊരുപാട് നന്ദി :)

  36. മനോജേട്ടാ ഊട്ടിയിൽ ഉള്ളത് തേക്ക് മരമാവാൻ സാധ്യതയില്ല. 20 മില്ല്യൺ വർഷം പഴക്കമുള്ള മരത്തിന്റെ അവശിഷ്ടം ആണ് അവിടെ ഉള്ളത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ 20 മില്ല്യൺ വർഷം പഴക്കമുള്ള പാ‍റയിൽ നിന്നും കിട്ടിയ മരത്തിന്റെ ഫോസിൽ.

  37. “അനൂപ് കോതനെല്ലൂര്‍ – സ്ത്രീധനത്തിന്റെ കാര്യം ഞാനാദ്യായിട്ടാ കേള്‍ക്കുന്നത്. ആധികാരികമായ വിവരമാണോ ? എന്തായാലും
    നന്ദി. ബാക്കി ഞാന്‍ അന്വേഷിച്ചോളാം.”

    - that is true. there is an article about that in the current issue of Vanitha.

  38. Hi Neer,

    Njan Delhiyilanu Joli Cheyyunnathu. Ivide Aduthu uthranchal state il oru sthalamundu . “Valley Of Flowers” ennanu peru. Angottekku oru trip plan cheyyunnudu. Koodunno

  39. തേക്കിന് ഇത്ര ചരിത്രമോ? really informative വളരെ നന്ദി… രാജ്യത്തെ ആദ്യ സ്ത്രീധനരഹിതഗ്രാമം ആവുകയാണ് മലപ്പുറം ജില്ലയിലെ ഈ ഗ്രാമം

  40. മണികണ്ഠന്‍ – ആ ഫോസിലിന്റെ പടം മെയില്‍ വഴി അയച്ച് തന്നതിന് പ്രത്യേകം നന്ദി :)

    ക്യാപ്റ്റന്‍ ഹാഡോക്ക് – നന്ദി ആ വിവരം ആധികാരികമാണെന്ന് അറിയിച്ചതിന് . ഇനി വനിത വായിക്കണമല്ലോ ? :)

    ഹാരിഷ് – ട്രിപ്പ് എങ്ങോട്ട് പ്ലാന്‍ ചെയ്താലും ഞാന്‍ റെഡി. എപ്പോഴാണ് യാത്ര എന്ന് കാണിച്ച് ഒരു മെയില്‍ അയക്കുമോ ? പ്ലാന്‍ ചെയ്യാം :)

    റാണി – ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധനരഹിത ഗ്രാമത്തില്‍ പോകാന്‍ പറ്റിയതില്‍ അഭിമാനം തോന്നുന്നു ഇപ്പോള്‍ . നന്ദി :)

    ഈ യാത്രാവിവരണം ഇന്നത്തെ മനോരമ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച മനോരമയോടും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  41. വിശദമായ വിവരണത്തിന് നന്ദി…
    നമ്മുടെ നാടിനെക്കുറിച്ചു അറിയാത്തതായി ഏറെ ബാക്കിയാണ്.

    ബാക്കി അറിയുവാന്‍ കൊതിയായി.

    പിന്നേ ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട്.

  42. മനോജേട്ടന്റെ നിലമ്പൂര്‍ വിശേഷങ്ങള്‍ വായിച്ചു ഹരം കൊണ്ട് ഞാനും എന്‍റെ കൂട്ടുകാരും കഴിഞ്ഞ ആഴ്ച്ച അവിടം സന്ദര്‍ശിച്ചു. തേക്ക് മ്യൂസിയം, ചാലിയാര്‍ പുഴയുടെ കുറുകെ ഉള്ള തൂക്കുപാലം കടന്നു കാനോലി പ്ലോട്ട് എന്നിവ ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ യാത്രയ്ക്കു പ്രചോദനമായ ഈ പോസ്റ്റിനു വളരെ നന്ദി.

  43. ഇപ്പൊ എനിക്കൊരു കാര്യം മനസ്സിലായി. മുറ്റത്തെ മുല്ല….
    ഞങ്ങളുടെ അയലോക്കത്തെ (ഞങ്ങൾക്ക് പോലും അറിയാത്ത) കാര്യങ്ങൾ ഇത്ര വിശദമായി ഇവിടെ പരിചയപ്പെടുത്താൻ പുറം നാട്ടിൽ നിന്നും ഒരാൾ വരേണ്ടി വന്നല്ലൊ.

    ഛെ..നാണക്കേടേ നിന്റെ പേരോ ഞാൻ?
    ഏതായാലും നന്നായി.

  44. ശരിക്കും ഈ സ്ഥലങ്ങളെല്ലാം കണ്ട പോലെ തോന്നി പോസ്റ്റു വായിച്ചപ്പോള്‍..അഭിനന്ദനങ്ങള്‍…
    ഹൃദയപൂര്‍വ്വം

  45. ഈ പോസ്റ്റ് വായിച്ച് ഉടന്‍ തന്നെ നിലമ്പൂര് പോയി. (പിന്നല്ലാതെ എത്രയാന്നു കരുതിയാ വായിച്ച്, കണ്ട്രോള്‍ ചെയ്യുന്നത്?)

    ഒരു കല്യാണത്തിന് പോയവഴിയായിരുന്നതുകൊണ്ട് അധികം സമയം ചെലവഴിക്കാന്‍ കിട്ടിയില്ല. തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും മാത്രമേ കാണാന്‍ പറ്റിയുള്ളൂ..

    അതുകൊണ്ട് ഇതിന്റെ അടുത്ത എപ്പിസോഡ് നോം കാണാത്ത സ്ഥലങ്ങള്‍ തന്നെ ആയിരിക്കും. :-)

  46. തേക്കിനെപ്പറ്റിയുള്ള വിവരങ്ങൾവായിച്ചതിലും കണ്ടതിലും സന്തോഷം മനോജ് .ചിത്രങ്ങൾ വളരെ സുന്ദരമായിരിക്കുന്നു, പെയിന്റിം സ്വന്തമാണോ???

  47. മുരളിക – :)

    മന്ദാരം – അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാം. നന്ദി :)

    അരുണ്‍ കായംകുളം – അപ്പോള്‍ അരുണിനെ ഇനി മനോരമയുടെ പേജിലും കണ്ടുതുടങ്ങും. പിന്നേം ഫേമസാകുമെന്ന് ചുരുക്കം :)

    കുമാരന്‍ – പോകണം മാഷേ. നന്ദി :)

    Sureshkumar Punjhayil – നന്ദി :)

    Jimmy – നന്ദി. പോകണം കേട്ടോ ?

    വിഷ്ണൂ – മാഷേ അപ്പോ നാട്ടിലെത്തിയോ ? കറക്കവും തുടങ്ങി അല്ലേ ? ഈ പോസ്റ്റ് പ്രചോദനം ആയെന്നറിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി :)

    എന്റെ കേരളം – ഞാന്‍ വരുന്നുണ്ട് വായിക്കാന്‍ :)

    ഓഎബി – അതെ മുറ്റത്തെ മുല്ല തന്നെ. അതിന്റെ ഒരു കഷ്ടകാലം :) നന്ദി മാഷേ.

    Sujith Panikar – നന്ദി :)

    ധനേഷ് – ആത് ശരി അപ്പോള്‍ ധനേഷും കണ്ടു, വിഷ്ണുവിനെപ്പോലെ തന്നെ അല്ലേ ? നന്ദി :)

    Sapna Anu B.George – നന്ദി സപ്‌നാ. പെയിന്റിങ്ങ് ഞാന്‍ ചെയ്തതല്ല. അത്രയ്ക്ക് കഴിവുണ്ടായിരുന്നെങ്കില്‍ ഞാനെവിടെ എത്തിയേനേ ? അത് മ്യൂസിയത്തില്‍ ഉണ്ടായിരുന്ന പെയിന്റിങ്ങാണ്. ഞാനതിന്റെ പടമെടുത്ത് ഇവിടെ ഇട്ടു എന്നുമാത്രം.

    the man to walk with – നന്ദി :)

    നിലമ്പൂരെത്തിയ എല്ലാവര്‍ക്കും നന്ദി. അടുത്ത ഭാഗം എഴുതാന്‍ വൈകിയത് അതിന്റെ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ്. ഭാഗ്യത്തിന് ആ ചിത്രങ്ങളുടെ കോപ്പി നസീറിന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. അത് നസീര്‍ അബുദാബിയില്‍ എത്തിച്ചിരിക്കുന്നതായി ഏറനാടന്റെ ഫോണുണ്ടായിരുന്നു കുറച്ചുമുന്നേ. ഇനി എഴുതിത്തുടങ്ങണം.

  48. തേക്ക് മ്യൂസിയത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ആദ്യായിട്ടാ. ഇത്രയും വിവരങ്ങള്‍ക്ക് നന്ദി. പിന്നെ, ആ ശല്‍ഭോദ്യാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും. :-)

Leave a Reply to ചേച്ചിപ്പെണ്ണ് Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>