ഈ യാത്രാവിവരണം ആദ്യം പ്രത്യക്ഷപ്പെട്ടത് നാട്ടുപച്ചയിലാണ്.
കുറേക്കാലത്തിനുശേഷം അതിവിടെയും എടുത്തിട്ടു എന്നുമാത്രം.
ജൈനക്ഷേത്രങ്ങളെപ്പറ്റിയും ജൈനമതത്തെപ്പറ്റിയുമൊക്കെ കൂടുതല്‍ മനസ്സിലാക്കണമെന്നുള്ള ആഗ്രഹമാണ് എന്നെ ശ്രാവണബേളഗോളയിലെത്തിച്ചത്. വയനാട്ടില്‍ നിന്നും സുഹൃത്ത് ഹരിയുടെയൊപ്പം നാഗര്‍ഹോള, ശ്രീരംഗപട്ടണം വഴി ബാംഗ്ലൂരെത്തി ഒരു ദിവസം ഉറ്റസുഹൃത്തുക്കളായ ശേഷഗിരിയുടേയും, നന്ദന്റേയും കൂടെ ചിലവഴിച്ചതിനുശേഷമാണ് ഞങ്ങള്‍ ശ്രാവണബേളഗോളയിലെത്തിച്ചേര്‍ന്നത്.
കോളേജ് പഠനകാലത്ത് ഭാരതപര്യടനം കഴിഞ്ഞ് തീവണ്ടിയില്‍ ഹാസന്‍-മംഗലാപുരം പാതയിലൂടെ കണ്ണൂര്‍ക്ക് മടങ്ങിയപ്പോള്‍ കണ്ട പ്രകൃതിരമണീയത ഇന്നും മറന്നിട്ടില്ല. മനോഹരമായ ഒരു തീവണ്ടിപ്പാതയായിരുന്നത്. പക്ഷെ റോഡ് വഴി ഇതാദ്യമാണ് ഹാസനിലൂടെ യാത്ര ചെയ്യുന്നത്.
വഴിയരുകിലെ സൂര്യകാന്തിപ്പാടങ്ങളും, റോഡിലൂടെ പോകുന്നവരെ എത്തിപ്പിടിക്കാനായി നൂറുകണക്കിന് വള്ളിക്കൈകള്‍ താഴേക്ക് നീട്ടി പാതയരുകില്‍ നില്‍ക്കുന്ന വടവൃക്ഷങ്ങളെയുമൊക്കെ കണ്‍കുളിര്‍ക്കെക്കണ്ട് അധികം ഗതാഗതമൊന്നുമില്ലാത്ത പാതയിലൂടെ വളരെ ആസ്വദിച്ച് പതുക്കെയാണ് ഹരി വണ്ടിയോടിച്ചിരുന്നത്. ഇന്നസ്ഥലത്ത് ഇന്നസമയത്ത് എത്തിച്ചേരണമെന്ന് പ്രത്യേക നിഷ്‌ക്കര്‍ഷയൊന്നുമില്ലാത്ത ഇത്തരം യാത്രകളാണ് ഞാനെന്നും ഇഷ്ടപ്പെട്ടിട്ടുള്ളത്.
ബാംഗ്ലൂര്‍ തുംക്കൂര്‍ റോഡില്‍ക്കടന്ന് 28 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ നേളമംഗളയായി. അവിടന്ന് ഇടത്തു തിരിഞ്ഞ് മാംഗ്ലൂര്‍ ഹൈവേ വഴി 46 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കുനിഗലിലെത്തി.
കാലിക്കൂട്ടങ്ങളും കഴുതകളുമായി പോകുന്ന ഇടയന്മാരെ വഴിയില്‍ പലയിടത്തും കണ്ടെങ്കിലും ഹരി പറഞ്ഞതുകൊണ്ട് മാത്രമാണ് ആ മൃഗങ്ങളുടെ കൂട്ടത്തില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചത്. നാലിനം ജന്തുക്കളാണ് അക്കൂട്ടത്തിലുള്ളത്. മനുഷ്യന്‍, ആടുകള്‍, കഴുതകള്‍ എന്നിവയെക്കൂടാതെ ആ സംഘത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് ഒരു നായയാണ്. മിക്കവാറും എല്ലാ കാലിക്കൂട്ടത്തിലും ഇങ്ങനെയൊരു നായയുടെ സാന്നിദ്ധ്യമുണ്ട്.
കാഴ്ച്ചകള്‍ക്കൊരു പഞ്ഞവുമില്ലാത്ത നെടുനീളന്‍ പാതയിലൂടെ കുനിഗലില്‍ നിന്ന് വീണ്ടും 65 കി.മീ മുന്നോട്ട് പോയപ്പോള്‍ ഹിരിസേവിലെത്തി. അവിടന്ന് സ്റ്റേറ്റ് ഹൈവേയില്‍ 18 കി.മി. കഴിഞ്ഞപ്പോഴേക്കും ശ്രാവണബേളഗോളയായി.
ദൂരെനിന്നുതന്നെ ഉയരത്തിലുള്ള വിന്ധ്യഗിരിമല കാണുന്നതുകൊണ്ട് വഴിയൊന്നും തെറ്റിയില്ല.വാഹനം വഴിയരുകില്‍ പാര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും കച്ചവടക്കാരും ഭിക്ഷക്കാരും വളഞ്ഞു. മാപ്പ് , ലഘുലേഖകള്‍ , പുസ്തകങ്ങള്‍ എന്നിവയൊക്കെ വില്‍പ്പനയ്ക്കുണ്ട്.
ചെരുപ്പിട്ട് മലകയറ്റം അനുവദിക്കുന്നില്ല. പടിക്കെട്ടുകള്‍ തുടങ്ങുന്നിടത്തുള്ള ചെരുപ്പ് സൂക്ഷിക്കുന്ന കൌണ്ടറില്‍ ആരുമില്ലാത്തതുകൊണ്ട് വണ്ടിയില്‍ത്തന്നെ ചെരുപ്പൂരിയിട്ട് മലകയറ്റം തുടങ്ങി. 540 ല്‍പ്പരം പടികള്‍ കയറണം. കയറാനും ഇറങ്ങാനും പ്രത്യേകം പ്രത്യേകമായി, മലയിലെ പാറയില്‍ത്തന്നെകൊത്തിയെടുത്തിട്ടുള്ള പടികള്‍ക്ക് നല്ല വീതിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 3347 അടി ഉയരത്തിലാണ് വിന്ധ്യഗിരിമല.
വടക്കേഇന്ത്യയില്‍ പലയിടത്തും നഗ്നപാദരായി നടക്കുന്ന ജൈനസന്യാസിമാരെ കാണാന്‍ പറ്റിയിട്ടുണ്ട്. മോക്ഷം തേടിയുള്ള അത്തരം യാത്രകള്‍ക്കിടയില്‍ ശ്രാവണബേളഗോളയൊക്കെ ചില ഇടത്താവളങ്ങള്‍ മാത്രം. സന്യാസിമാരല്ലാത്തവരുടെ കാര്യത്തിലും അതുതന്നെയല്ലേ സത്യം? ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീണ്ടുകൊണ്ടിരിക്കുന്ന മോക്ഷയാത്ര. ജൈനസന്യാസിനിമാര്‍ക്ക് ഒരിടത്തുതന്നെ സ്ഥിരമായിട്ടുള്ള ജീവിതം നിഷിദ്ധമാണ്. വര്‍ഷയോഗ എന്ന മഴക്കാലമൊഴിച്ചുള്ള സമയത്തെല്ലാം അവരുടെ തീര്‍ത്ഥാടനം കാല്‍നടയാത്രകളായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് തുടര്‍ന്നുകൊണ്ടേയിരിക്കും.
“ ഇവിടെ ഡോളി കിട്ടുമോ “ ചെരുപ്പ് ഊരി വാഹനത്തിലിട്ട് മല കയറ്റം തുടങ്ങുന്നതിനു മുന്‍പുതന്നെ പടികളിലൂടെ മുകളിലേക്ക് നോക്കി ഹരിയുടെ വക ഒരു താമാശച്ചോദ്യം പുറത്തുവന്നു.
“ ശബരിമല സീസണായിട്ട് അവിടെയോ കയറുന്നില്ല, അതിന്റെ കോമ്പന്‍സേഷനായിക്കോട്ടേ ഹരീ, നമുക്ക് നടന്ന് കയറാം” ഞങ്ങള്‍ കയറ്റം ആരംഭിച്ചു.
താഴേക്ക് നോക്കിയാല്‍ കാണുന്നത് ശ്രാവണബേളഗോളയുടെ മനോഹരമായ ആകാശക്കാഴ്ച്ചയാണ്. എതിരെ ചന്ദ്രഗിരി മല, താഴെ കല്‍പ്പടവുകളും മതില്‍ക്കെട്ടുമൊക്കെയുള്ള ‘കല്യാണി‘ ജലാശയം. ശ്രാവണബേളഗോള പ്രധാന നാഴികക്കല്ലുകളാണിവയെല്ലാം. പ്രശസ്തമായ ചന്ദ്രഗുപ്തബസ്തി ചന്ദ്രഗിരിക്ക് മുകളിലാണുള്ളത്.
കൂടുതല്‍ കയറുന്തോറും ആകാശക്കാഴ്ച്ചയുടെ ഭംഗി ഏറിവരുന്നതിനോടൊപ്പം താപമാനം കുറഞ്ഞുകുറഞ്ഞുവരുന്നത് അനുഭവിച്ചറിഞ്ഞു. സ്റ്റാമിന ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇല്ലെന്നുള്ളത് ഉയര്‍ന്നുയര്‍ന്നുവരുന്ന കിതപ്പിന്റെ ശബ്ദത്തില്‍ നിന്ന് ഏളുപ്പം മനസ്സിലാക്കാനായി.
പടിക്കെട്ടുകള്‍ അവസാനിക്കുന്നിടത്ത് കല്ലില്‍ത്തീര്‍ത്ത കവാടത്തിലൂടെ ചുറ്റുമതിലിലേക്ക് കടന്നു. കയറ്റം അതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. ചുറ്റുമതിലിനകത്തെ കുറെ കാഴ്ച്ചകള്‍ക്ക് ശേഷം പടികള്‍ ഇനിയും മുകളിലേക്ക് പോകുന്നുണ്ട്.
തറയിലെ പാറയില്‍ കൊത്തിയിരിക്കുന്ന ശാസനകള്‍ അടക്കമുള്ള പല ശിലാലിഖിതങ്ങളും പതിമൂന്നാം നൂറ്റാണ്ടില്‍ കൊത്തിവെച്ചതാണ്. ചിലതിനൊക്കെ തേയ്‌മാനം വന്നിട്ടുണ്ട്. ആള്‍ക്കാര്‍ അതിനുമുകളിലൂടെ നടന്ന് കൂടുതല്‍ തേഞ്ഞുപോകാതിരിക്കാനും അത് ആലേഖനം ചെയ്ത വര്‍ഷവും മറ്റ് വിശദവിവരങ്ങളുമെല്ലാം ചില്ലിട്ട് മൂടി അതിന് മുകളില്‍ എഴുതിവെച്ചിരിക്കുന്നു. അതെല്ലാം വായിച്ച് മനസ്സിലാക്കി പടങ്ങളൊക്കെയെടുത്ത് അത്ഭുതം കൂറിനിന്നു. ഗംഗ, രാഷ്ട്രകുട, ഹോയ്‌സള, വിജയനഗര രാജവംശത്തിന്റേയും മൈസൂര്‍ വാഡ്വാന്മാരുടേയും മറ്റും ഉയര്‍ച്ചയിലേക്കും വളര്‍ച്ചയിലേക്കും അധികാരശക്തിവികേന്ദ്രീകരണത്തിലേക്കുമൊക്കെ വെളിച്ചം വീശുന്ന വിലപിടിപ്പുള്ള 800 ല്‍പ്പരം ആലേഖനങ്ങളാണ് ഇവിടെയുള്ളത്.
ഇടത്തുവശത്ത് കല്ലില്‍ത്തന്നെ തീര്‍ത്ത ചെറിയൊരു ആരാധാനാലയമുണ്ട്. കുറച്ചുനേരം അതിനകത്തും അതിന്റെ ചുറ്റുവഴിയിലുമെല്ലാം ചിലവാക്കി. ഈയവസരത്തില്‍ ഒരു ഗൈഡിന്റെ അഭാവം എന്നെ ശരിക്കും നിരാശനാക്കി.
അടുത്ത പടിക്കെട്ടുകള്‍ അല്‍പ്പം കുത്തനെയുള്ളതാണ്. കയറ്റം തുടങ്ങുന്നിടത്ത് സൂക്ഷ്മമായ കൊത്തുപണികളുള്ള സ്തൂപം. പടിക്കെട്ടുകള്‍ അവസാനിക്കുന്നിടത്ത് ഇരുവശത്തും തീര്‍ത്ഥങ്കരന്മാരുടെ പ്രതിഷ്ഠകളുണ്ട്. അതിനിടയിലൂടെ ഉള്ളിലേക്ക് കടന്ന് കയറ്റം തുടരണം പ്രധാന കവാടത്തിലേക്ക്.
മെറ്റല്‍ ഡിക്‍റ്റക്‍റ്റര്‍ ഘടിപ്പിച്ച പ്രധാനകവാടത്തിലൂടെ അകത്തുകടന്നാല്‍ ചെന്നെത്തുന്നത് ചുറ്റമ്പലമെന്ന് പറയാവുന്നിടത്താണ്.
മുഖമണ്ഡപത്തിലും ചുറ്റമ്പലത്തിന്റെ ചുമരുകളിലുമെല്ലാം കൊത്തുപണികള്‍ക്കും ശില്‍പ്പങ്ങളുമെല്ലാം ഒരു ക്ഷാമവുമില്ല. സംസ്കൃതം , മാര്‍വാറി, മഹാജാനി ഭാഷകളിലുള്ള ലിഖിതങ്ങള്‍ പത്താം നൂറ്റാണ്ട് മുതലുള്ളതാണ്.
മുഖമണ്ഡപത്തിലെ കരിങ്കല്‍ത്തൂണുകള്‍ മേല്‍ക്കൂര താങ്ങിനിറുത്തുന്ന ജോലിയേക്കാള്‍ ആരാധനാലയത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.
ക്ഷേത്രത്തിനകത്തേക്ക് കടക്കുന്നതിനുമുന്‍പ് ചുറ്റുമതിലിനടുത്ത് ചെന്ന് താഴേക്കൊന്നുകൂടെ നോക്കി. പട്ടണത്തിന്റെ ആകാശക്കാഴ്ച്ചയ്ക്കിപ്പോള്‍ മുന്‍പ് കണ്ടതിനേക്കാള്‍ ഭംഗിയുണ്ട്. ചന്ദ്രഗിരിമലയ്ക്ക് അപ്പുറത്തേക്കും ഇപ്പോള്‍ ആ കാഴ്ച്ച നീളുന്നുണ്ട്.
പെട്ടെന്ന് പുറകോട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച അത്ഭുതപ്പടുത്തുന്നതായിരുന്നു. മുഖമണ്ഡപത്തിനുമുകളിലായി ചുറ്റമ്പലത്തിന്റെ ഉള്ളില്‍ നിന്ന് ഭീമാകാരനായ ബാഹുബലിയുടെ പ്രതിമ തോളിനുമുകളിലുള്ള ഭാഗം വെളിയില്‍ കാണിച്ച് ഉയര്‍ന്നുനില്‍ക്കുന്നു. ഗോമടേശ്വരന്‍ എന്നറിയപ്പെടുന്ന ബാഹുബലിയുടെ ഈ പ്രതിമയ്ക്ക് 57 അടിയോളം ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒറ്റക്കല്‍പ്രതിമയാണിതെന്നാണ് അറിയപ്പെടുന്നത്. ഈ മൂര്‍ത്തി 978-993 കാലഘട്ടത്തിലാണ് കൊത്തിയെടുത്തിട്ടുള്ളത്.
ഇനിയും പുറത്തുതന്നെ നില്‍ക്കാന്‍ എനിക്കായില്ല. ഗോമടേശ്വരന്റെ വിശ്വരൂപം കാണാന്‍ ഞങ്ങള്‍ തിരക്കിട്ട് അകത്തേക്ക് കടന്നു. ഒറ്റനോട്ടത്തില്‍ ഗോമടേശ്വരനെ മനസ്സിന്റെ ഫ്രെയിമിലേക്കാവാഹിക്കുവാന്‍ ബുദ്ധിമുട്ടാണ്. മലര്‍ന്നുകിടന്ന് നോക്കിയാലേ മൂര്‍ത്തിയെ ശരിക്കൊന്ന് കാണാന്‍ തന്നെ പറ്റൂ. മുഴുവനായി ആ മൂര്‍ത്തിയുടെ ഒരു പടമെടുക്കാനും അതുകൊണ്ടുതന്നെ എനിക്ക് സാദ്ധ്യമായില്ല.
ഗംഗ സാമ്രാജ്യത്തിലെ രാജാവായിരുന്ന രാചമട്ടയുടെ പ്രധാനമന്ത്രിയായ ചാമുണ്ഡരായര്‍ പണിതീര്‍ത്ത ഈ മൂര്‍ത്തിയുടെ പാദഭാഗത്ത് കാണുന്ന കന്നടയിലും, തമിഴിലും, പഴയ മറാഠി ഭാഷയിലുമൊക്കെയുള്ള ലിഖിതങ്ങള്‍ എ.ഡി.981 കാലഘട്ടത്തിലുള്ളതാണ്. 1000 കൊല്ലത്തിലധികം മുന്‍പ് എത്രയെത്ത മനുഷ്യന്മാര്‍ ഈ മൂര്‍ത്തിയെ കൊത്തിയെടുക്കുന്ന മഹത്തായ പ്രക്രിയയില്‍ പങ്കെടുത്തുകാണും ? സാങ്കേതിക വിദ്യകളൊന്നും കാര്യമായ പുരോഗതി പ്രാപിക്കാത്ത ഒരു കാലഘട്ടത്തിലാണിങ്ങനെയൊരു സംരംഭം എന്നത് വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്. എന്തായാലും മലമുകളില്‍ത്തന്നെയുള്ള ഒരു പാറയില്‍ ആയിരിക്കണം ഗോമടേശ്വരനെ കൊത്തിയെടുത്തതെന്നാണ് അനുമാനിക്കുന്നത്. താഴെ നിന്നും മുകളിലേക്ക് ഇത്രയും ഭീമാകാരനായ ഒരു കലാസൃഷ്ടി കേടുപാടൊന്നുമില്ലാതെ കൊണ്ടുവരാന്‍ അക്കാലത്തെന്നല്ല ഇക്കാലത്തുപോലും സാദ്ധ്യമായെന്ന് വരില്ല.
12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് തെക്കേ ഇന്ത്യയിലെ പ്രധാന ജൈനതീര്‍ത്ഥാടനകേന്ദ്രമായ ശ്രാവണബേളഗോളയിലെ ഉത്സവാഘോഷങ്ങളെങ്കിലും 3 മാസം വരെ അത് നീണ്ടുനില്‍ക്കും. മഹാമസ്തകാഭിഷേകമെന്നറിയപ്പെടുന്ന ഈ ഉത്സവകാലത്ത് ഗോമടേശ്വരനെ പാലിലും, തൈരിലും, നെയ്യിലും, തേനിലും, കുങ്കുമത്തിലും, ചന്തനത്തിലും, വെള്ളിനാണയത്തിലും, സ്വര്‍ണ്ണനാണയത്തിലുമെല്ലാം അഭിഷേകം ചെയ്യുമെന്നുള്ളത് ഒരു പ്രത്യേകതയാണ്. 2006 ല്‍ ആയിരുന്നു അവസാനത്തെ മഹാമസ്തകാഭിഷേകം. അന്ന്‍ ഗോമടേശ്വരന്റെ ശിരസ്സിലൂടെ ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെയുള്ള പുഷ്പവൃഷ്ടിവരെ ഉണ്ടായിരുന്നു.
മൂര്‍ത്തിയുടെ ശിരസ്സില്‍ വീണ് ശരീരത്തിലൂടാകമാനം ഒഴുകി പാദങ്ങളില്‍ എത്തുന്ന പുണ്യതീര്‍ത്ഥത്തിന് ദൈവീകമായ ശക്തിയുണ്ടെന്ന് കണക്കാക്കിപ്പോരുകയും, ഇത് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യപ്പെടുന്നു.
വയനാട്ടിലെ ഒരു ജൈനക്ഷേത്രത്തിലെ ബാഹുബലിയെ കലശാഭിഷേകം ചെയ്യുന്നതിന്റെ ചിത്രങ്ങല്‍ മുമ്പൊരിക്കല്‍ കണ്ടിരുന്നത് മനസ്സിലോടിയെത്തി.
ഗോമടേശ്വരന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത് 981 മാര്‍ച്ച് മാസം 13ന് ആണെന്നും അന്നൊരു ഞായറാഴ്ച്ചയായിരുന്നെന്നുമാണ്‍ കണക്കാക്കപ്പെടുന്നത്. ആ മൂര്‍ത്തിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ആയിരത്തില്‍പ്പരം വര്‍ഷങ്ങളായി കാറ്റും പൊടിയും മഴയുമൊക്കെ കൊണ്ട് നിന്നിട്ടും അതിനിനിയും ഒരു വിള്ളലോ പൊട്ടലോ നാശമോ സംഭവിച്ചിട്ടില്ല. ശില്‍പ്പിയുടെ കയ്യില്‍നിന്ന് പണിതീര്‍ന്ന് വെളിയില്‍ വന്നതുപോലുള്ള തിളക്കം ഇപ്പോളുമതില്‍ കാണുന്നുണ്ട്.
പൂജ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവരുടെ സൌകര്യാര്‍ത്ഥം പൂജാരി ബാഹുബലിയുടെ കൂറ്റന്‍ പാദങ്ങള്‍ക്കടുത്ത് ഇരുപ്പുറപ്പിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ആരാധനാ മൂര്‍ത്തികളെ ശിരസ്സുമുതല്‍ പാദം വരെ ചെയ്യുന്ന നിത്യാഭിഷേകം ഇവിടെ പ്രായോഗികമല്ലാത്തതുകൊണ്ട്, പാദം മാത്രമാണ് (പാദപൂജ) എല്ലാ ദിവസവും ചെയ്യപ്പെടുന്നത്.
മൂര്‍ത്തിക്ക് സമീപം കുറെയധികം സമയം ചിലവാക്കി. പാദത്തിന്റെ വശങ്ങളിലുള്ള വിവിധ ഭാഷയിലുള്ള ലിഖിതങ്ങള്‍ നല്ല ആഴത്തില്‍ത്തന്നെ കൊത്തിവെച്ചിട്ടുള്ളതാണ്.
കര്‍ണ്ണാടക ടൂറിസത്തിന്റെ ഒരു ബുക്ക്‍ലെറ്റിl , ചുറ്റമ്പലത്തിനുമുകളില്‍ നിന്നെടുത്ത ഗോമടേശ്വരന്റെ ഒരു ചിത്രം കണ്ടത് പെട്ടെന്ന് ഓര്‍മ്മ വന്നു. അങ്ങനെയൊരു കോണില്‍ നിന്ന് പടമെടുക്കണമെങ്കില്‍ ചുറ്റമ്പലത്തിന്റെ പടിക്കെട്ടുകളിലൂടെ മുകളിലേക്ക് കയറണം. പക്ഷെ പടികള്‍ക്ക് മുകളിലുള്ള ഇരുമ്പിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നു.
പൂട്ട് തുറന്നുകിട്ടാന്‍ പൂജാരിയുടെ അടുത്തുചെന്ന് അറിയാവുന്ന കന്നടഭാഷയൊക്കെ വെച്ച് ഹരി പയറ്റി നോക്കി. പക്ഷെ ആ ശ്രമം വിഭലമായി. കൂടുതലെന്തെങ്കിലും സംസാരിച്ച് പൂജാരിയുടെ മനം മാറ്റിയെടുക്കാനും വേണ്ടിയുള്ള കന്നടയൊന്നും ഹരിയുടെ കൈവശമില്ല. അനുവാദം തരാതിരുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി മനസ്സിലായുമില്ല.
ഇനി ബാക്കിയുള്ളത് ചുറ്റുമതിലിനുള്ളിലുള്ള കാഴ്ച്ചകളാണ്. മുപ്പതോളം തീര്‍ത്ഥങ്കരരുടെ നഗ്നപ്രതിമകളില്‍ പലതും കാഴ്ച്ചയില്‍ ഒന്നുപോലെ തന്നെ തോന്നുന്നവയാണ്. ചില തീര്‍ത്ഥങ്കരന്മാരുടെ പേരുകള്‍ കേട്ടിട്ടുണ്ട്. കേട്ടതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാത്തതു തന്നെ.
ചുറ്റമ്പലത്തിനുള്ളില്‍ കുറെയധികം സമയം ചിലവഴിച്ചു. സ്വദേശികളും വിദേശികളുമായ ഒരുപാട് സന്ദര്‍ശകര്‍ ഇതിനിടയില്‍ വന്നുപോയിക്കൊണ്ടിരുന്നു.
ചുറ്റമ്പലത്തിന്‍ വെളിയിലേക്കിറങ്ങുമ്പോള്‍ മുഖമണ്ഡപത്തിന്റെ മുന്‍വശത്ത് ഒരാള്‍പ്പൊക്കത്തില്‍ കുശ്‌മന്തിനീദേവിയുടെ ബിംബം നിലകൊള്ളുന്നത് കാണാം. ക്ഷേത്രത്തിനുള്ളിലേക്കാണ് അതിന്റെ ദര്‍ശനം. ആ പ്രതിഷ്ഠയ്ക്ക് പിന്നിലൊരു ഐതിഹ്യമുണ്ട്.
ആദ്യത്തെ മഹാമസ്തകപൂജ നടന്ന സമയത്ത് ചാമുണ്ടാര്യ പഞ്ചാമൃതാഭിഷേകം(പാല്‍, വെണ്ണ, തേന്‍, പഞ്ചസാര, വെള്ളം) നടത്തിയ സമയത്ത് തലയിലൂടെ ഒഴുക്കിയ ആയിരക്കണക്കിന് കലശങ്ങളിലെ പഞ്ചതീര്‍ത്ഥം ബാഹുബലിയുടെ പൊക്കിളിന് താഴേക്ക് ഒഴുകാന്‍ മടിച്ചുനിന്നു. പലപ്രാവശ്യം ശ്രമിച്ചിട്ടും മൂര്‍ത്തിയെ തലമുതല്‍ പാദംവരെ അഭിഷേകം ചെയ്യണമെന്നുള്ള ആഗ്രഹം നടക്കാതായപ്പോള്‍ ചാമുണ്ടരായര്‍ ആകെ വിഷണ്ണനായി. അപ്പോള്‍ ഒരു പാവപ്പെട്ട വൃദ്ധ (ഗുല്ലികാജി) കയ്യിലൊരു ചെറിയ വെളുത്ത പാത്രത്തില്‍ പഞ്ചതീര്‍ത്ഥവുമായി അവിടെ പ്രത്യക്ഷപ്പെട്ടു. മഹാമന്ത്രി പരാജയപ്പെട്ട കര്‍മ്മം നിര്‍വ്വഹിക്കാന്‍ തനിക്കാകുമെന്നും, തന്നെ അനുവദിക്കണമെന്നും അവരഭ്യര്‍ത്ഥിച്ചു. ആദ്യം ആ ആവശ്യം ചിരിച്ചുതള്ളിയെങ്കിലും പിന്നീട് ചാമുണ്ടരായര്‍ അതിനനുവദിച്ചു. വൃദ്ധ ഒഴുക്കിയ തീര്‍ത്ഥം പ്രതിമയെ മുഴുവനായി നനച്ച് പാദം വരെ ഒഴുകുകയും അതിനുശേഷം ചാമുണ്ടരായര്‍ ഒഴുക്കിയ പഞ്ചതീര്‍ത്ഥവും പ്രതിമയെ പൂര്‍ണ്ണമായി കുളിപ്പിച്ച് താഴേക്കിറങ്ങി വന്നു. പരാജയം സമ്മതിച്ച ചാമുണ്ടരായര്‍ ഗുല്ലികാജിയുടെ കാല്‍ക്കീഴില്‍ വീണ് നമസ്ക്കരിക്കുകയും അവരുടെ ഒരു പ്രതിമ ആ മുഖമണ്ഡപത്തിന് വെളിയില്‍ സ്ഥാപിക്കുകയും ചെയ്തു.
ജൈനമതത്തെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കണമെന്ന ആഗ്രഹവുമായി തുടങ്ങിവെച്ച യാത്രയുടെ അവസാനമാകുമ്പോഴേക്കും ഞാനൊന്ന് മനസ്സിലാക്കി. 1% പോലും അറിവ് സമ്പാദിക്കാന്‍ എനിക്കായിട്ടില്ല. കുറച്ചുനാള്‍ മുന്‍പുവരെ അറിയില്ലായിരുന്ന കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റിയെന്നുമാത്രം. മറ്റേതൊരു സംസ്ക്കാരത്തെപ്പോലെ തന്നെ ചരിത്രവും ഐതിഹ്യവും കഥകളുമൊക്കെ ഇടചേര്‍ന്ന് എത്ര പഠിച്ചാലും തീരാത്ത ഒരു വലിയ സംസ്കൃതിയുടെ വിശാലസാഗരമാണത്.
3-)0 നൂറ്റാണ്ടില്‍ മഗധ ദേശത്ത് കൊടുംവരള്‍ച്ച് ഉണ്ടായപ്പോള്‍ ചന്ദ്രഗുപ്തമൌര്യ രാജാവ് തന്റെ രാജ്യമെല്ലാം ത്യജിച്ച് ഗുരുവായ ആചാര്യ ഭദ്രബാഹുമുനിയും അദ്ദേഹത്തിന്റെ 12000ല്‍പ്പരം ശിഷ്യന്മാരുമൊപ്പം കടപ്ര എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ശ്രാവണബേലഗോളയില്‍ വന്ന് താമസമാക്കിയിട്ടുണ്ട്. 12 വര്‍ഷത്തോളം അദ്ദേഹം ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നു. ചന്ദ്രഗിരിയിലും ശ്രാവണബേളഗോളയുടെ മറ്റുഭാഗങ്ങളി മറ്റുമായി അങ്ങനെയുള്ള ഒരുപാട് ചരിത്രവും അതിന്റെയൊക്കെ ശേഷിപ്പുകളുമൊക്കെ ബാക്കി കിടക്കുന്നുണ്ട്.
വിന്ധ്യഗിരിയില്‍ വന്ന് ഗോമടേശ്വരനെ മാത്രമേ ഒരുദിവസംകൊണ്ട് കണ്ട് തീര്‍ക്കാന്‍ പറ്റിയിട്ടുള്ളൂ. ബാക്കിയുള്ള കാഴ്ച്ചകള്‍ക്കായി ഇതുപോലെ പലപ്രാവശ്യം വരേണ്ടിവരുമെന്നുറപ്പാണ്. എന്തൊക്കെയായാലും ശ്രാവണബേളഗോളയിലേക്കുള്ള മറ്റൊരു യാത്രയുടെ ഒരു തീയതി ഞാനപ്പോള്‍ത്തന്നെ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞിരുന്നു.
2018 ല്‍ ആയിരിക്കും ആ യാത്ര. അന്നാണ് അടുത്ത മഹാമസ്തകാഭിഷേകം.
ഇത്തവണയും ആദ്യത്തെകമന്റ് ഇടാനുള്ള ഭാഗ്യം എനിക്കാണെന്നു തോന്നുന്നു. യാത്രയും വിവരണവും വളരെ ഇഷ്ടപ്പെട്ടു. എന്നലും നാട്ടുപച്ചയിൽ ചിത്രങ്ങളിൽ ക്ലിക്കുമ്പോൾ ചിത്രങ്ങൾ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുന്നില്ല. എന്റെ ബ്രൗസറിന്റെ കുഴപ്പമണോ എന്നറിയില്ല. അതുകൊണ്ടുതന്നെ റോഡിന്റേയും, കല്‍പ്പടവുകളുടേയും, പ്രധാനകവാടത്തിന്റേയും ചിത്രങ്ങൾ ശരിക്കും ആസ്വദിക്കാൻ സാധിച്ചില്ല
ഗുല്ലികാജിയുടെ കഥ ഇതിനു മുൻപ് എപ്പോഴോകേട്ടിട്ടുണ്ട്. പിന്നെ കഴിഞ്ഞതവണത്തെ മഹാമസ്തകാഭിഷേകം ദൂരദർശനിലൂടെ കാണാനും സാധിച്ചു.
ശ്രാവണബേളഗോള വിശേഷങ്ങള്‍ നന്നായി…
ഒരിക്കല്‍ അവിടെ പോയകാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ പോസ്റ്റ് സഹായകമായി…
നന്ദി…നീരു…
നിരൻ.. കർണ്ണാടകയിൽ മൂന്നര വർഷത്തോളം ചെലവഴിച്ചിട്ടും ഒരിയ്ക്കൽ പോലും ഈ സ്ഥലം നേരിൽ കണ്ടിട്ടില്ല. വിവരങ്ങൾക്ക് വളരെ നന്ദി..
“നാലിനം ജന്തുക്കളാണ് അക്കൂട്ടത്തിലുള്ളത്. മനുഷ്യന്‍, ആടുകള്‍, കഴുതകള്‍ എന്നിവയെക്കൂടാതെ …” ഹ ഹ.. മാണ്ട.. മാണ്ട..
thenQ thenQ
മണികണ്ഠന്‍ പറഞ്ഞപോലെ പടങ്ങള്‍..:(
നല്ല വിവരണം…മടികളഞ്ഞു ബാക്കികൂടെ പോരട്ടെ.:)
എന്താണ് ക്ഷേത്രവും പരിസരവും വിജനമായിരിക്കുന്നത്?വിവരണം നന്നായിട്ടുണ്ട്.അല്‍പ്പം ചരിത്രം കൂടി ആകാമയിരുന്നു.ആശംശകള്‍
വിവരണം എപ്പോഴത്ത്തെയുംപോലെ അസ്സലായിട്ടുണ്ട്. കുറച്ചുകൂടി ഫോടോകള്‍ ഇടാരുന്നില്ലേ?
വിവരണം അസ്സലായിരിക്കുന്നു, പടങ്ങളും.
thanks