DSC_0140a

‘ഭ്രാന്തന്‍ മല‘യിലേക്ക് ഒരു യാത്ര


മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചേമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.

പറയിപെറ്റ പന്തിരുകുലത്തിലെ ഇപ്പറഞ്ഞ കഥാപാത്രങ്ങളില്‍‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് പെരുന്തച്ചനെപ്പറ്റിയും, നാറാണത്ത് ഭ്രാന്തനെപ്പറ്റിയുമാണ്. പെരുന്തച്ചന്‍ പണിതീര്‍ത്ത ചില ക്ഷേത്രങ്ങളും മറ്റും വടക്കന്‍ ജില്ലകളില്‍ ഉള്ളതായി കേട്ടറിവുണ്ട്. പക്ഷേ, നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല, ശരിക്കും ഉണ്ടെന്നറിഞ്ഞത് ഈയടുത്ത കാലത്തുമാത്രമാണ്. സഹപ്രവര്‍ത്തകനായ ഫൈസലാണ് ഒരിക്കല്‍ ഈ മലയെപ്പറ്റി സൂചിപ്പിച്ചത്. അന്നുമുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് കല്ലുരുട്ടിയല്ലെങ്കിലും അതിലേക്ക് ഒന്ന് നടന്ന് കയറണമെന്ന്.

നല്ല മഴയുള്ളൊരു ദിവസം ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടിയാണ് മലപ്പുറത്തെത്തിയത്. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ സമയം ഒരുപാട് ബാക്കി കിടക്കുന്നു. എറണാകുളത്ത് നിന്ന് മലപ്പുറം വരെ യാത്ര ചെയ്തത് മുതലാക്കണമെങ്കില്‍ മറ്റെവിടെയെങ്കിലും കൂടെ പോയേ തീരൂ. സഹപ്രവര്‍ത്തകരായ നിഷാദിന്റേയും, ഫൈസലിന്റേയും ഒപ്പം നിഷാദിന്റെ കാറില്‍ ഭ്രാന്തന്‍ കുന്നിലേക്ക് യാത്ര തിരിച്ചപ്പോഴേക്കും മഴ വീണ്ടും വഴിമുടക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം‍ ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ ‘രായിരാം കുന്നെന്ന് ‘ അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.

കൈപ്പുറത്തെത്തി വഴി ഉറപ്പാക്കാന്‍ വേണ്ടി തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ ഓട്ടോക്കാരന്റെ വക മുന്നറിയിപ്പ്.

“മഴക്കാലത്ത് കയറാന്‍ പറ്റിയ മലയല്ല കേട്ടോ ? നല്ല വഴുക്കലുണ്ടാകും.“

അയാളുടെ മുന്നറിയിപ്പ് വകവെക്കാ‍തെ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞുകാണും.

“ നാറാണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ ? “

നാട്ടുവഴി അവസാനിക്കുന്നിടത്ത് ചുമര്‍ തേക്കാത്ത പഴയ ഒരു വീട് കണ്ടു. നാറാണത്ത് മംഗലം ആമയൂര്‍ മനയാണ് അത്. അവിടന്നങ്ങോട്ട് മലയിലേക്കുള്ള പടിക്കെട്ടുകള്‍ കാണാം. മഴ കുറച്ചൊന്ന് ശമിച്ചിട്ടുണ്ട്. അടുത്ത മഴ തുടങ്ങുന്നതിന് മുന്‍പ്, സമയം കളയാതെ പടിക്കെട്ടുകള്‍ കയറാന്‍ തുടങ്ങി.

ഓട്ടോക്കാരന്‍ പറഞ്ഞത് ശരിയാണ്. പടിക്കെട്ടിലെല്ലാം നല്ല വഴുക്കലുണ്ട്.

കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ സിമന്റിട്ട പടിക്കെട്ടുകള്‍ കഴിഞ്ഞു. ഇനി കുത്തനെയുള്ള പൊട്ടിപ്പൊളിഞ്ഞ പടികളിലൂടെയുള്ള കയറ്റമാണ്.

ഇടയ്ക്കൊന്ന് താഴേക്ക് നോക്കിയപ്പോള്‍ കയറി വന്ന ഉയരത്തെപ്പറ്റി ഏകദേശ ധാരണ കിട്ടി.

അരമണിക്കൂറെടുത്തു കയറിപ്പറ്റാന്‍‍. മഴക്കാലമായിരുന്നിട്ടും, മലമുകളിലെത്തിയപ്പോള്‍ ചെറുതായിട്ട് വിയര്‍ത്തു, കിതപ്പ് വേറേയും. കല്ലുരുട്ടി ഇത്രയും ഉയരത്തിലേക്ക് കയറിയ നാറാണത്ത് ഭ്രാന്തന്റെ കായികക്ഷമത അപാരം തന്നെ !!

മുകളിലെത്തിയപ്പോള്‍, മഴ അവഗണിച്ച് ഈ യാത്രയ്ക്കിറങ്ങിയത് അര്‍ത്ഥവത്തായെന്ന് തോന്നി.

താഴേക്ക് നോക്കിയാല്‍ നാലുചുറ്റും പച്ചപിടിച്ച് കിടക്കുന്ന മനോഹരമായ കാഴ്ച്ച. വലത്ത് വശത്തേക്ക് നോക്കിയപ്പോള്‍ ദൂരെയായി കറുത്ത നിറത്തിലെന്തോ ഉയരമുള്ള ഒന്ന് കണ്ടു.

അവിടേക്ക് നടന്നു. അതിനടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. സാക്ഷാല്‍ നാറാണത്ത് ഭ്രാന്തനതാ‍ ഉരുട്ടിക്കയറ്റിയ കല്ല് തള്ളി താഴേക്കിടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി നിന്നുപോയി. 20 അടിയോളം ഉയരമുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമ അവിടെയുള്ളതായിട്ട് ഞങ്ങള്‍ക്കാര്‍ക്കും അറിവില്ലായിരുന്നു. മലയെപ്പറ്റിയല്ലാതെ ഇങ്ങനെയൊരു ശില്‍പ്പത്തെപ്പറ്റി കേട്ടിട്ടില്ലായിരുന്നെന്ന് ഫൈസലും ആണയിട്ടു. ഇടത് കാലില്‍ മന്ത്, നീണ്ട് വളര്‍ന്ന താടിയും മുടിയും. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന നാറാണത്ത് ഭ്രാന്തന്റെ രൂപം അച്ചിലിട്ട് വാര്‍ത്തിരിക്കുന്നതുപോലെ.


ശില്‍പ്പിയെ ഉള്ളാലെ അഭിനന്ദിച്ചുകൊണ്ട് ശില്‍പ്പഭംഗി ആസ്വദിച്ച് കുറേനേരം അവിടെ നിന്നു. മുള്ളുവേലികൊണ്ട് നാറാണത്ത് ഭ്രാന്തനെ ആ കുന്നില്‍നിന്ന് വേര്‍പെടുത്തി നിര്‍ത്തിയത് മാത്രം തീരെ ദഹിച്ചില്ല.

ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍. നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം.

ദേവീക്ഷേത്രത്തിന് മുന്നിലേക്ക് നടന്നു. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കുമത്രേ തുലാം ഒന്നിന്.

സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം. സാമ്പത്തികചുറ്റുപാടിനനുസരിച്ച് ഓട്ടുപാത്രത്തിന് പകരം വെള്ളിയുടേയോ സ്വര്‍ണ്ണത്തിന്റേയോ പാത്രങ്ങളും കമഴ്ത്തുന്നവര്‍ ഉണ്ടത്രേ !!

ആമയൂര്‍ മനയിലെ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിനെപ്പറ്റിയും രായിരാം കുന്നിനെപ്പറ്റിയുമൊക്കെ കുറേനാളുകള്‍ക്ക് ശേഷം ചില പത്രവാര്‍ത്തകളും, ലേഖനങ്ങളും വായിക്കാനിടയായി.

കുന്നിന്റെ മുകളിലെ ദുര്‍ഗ്ഗാക്ഷേത്രത്തിലെ പൂജയൊക്കെ നടത്തുന്നത് അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടാണ്. മലയുടെ മുകളില്‍ ആവശ്യത്തിന് വെള്ളം കിട്ടാനുള്ള സാഹചര്യമൊക്കെ ഉണ്ടെങ്കിലും, പൂജാസാമഗ്രികളും വെള്ളവുമൊക്കെയായി 45 കൊല്ലത്തിലധികമായി ഭട്ടതിരിപ്പാട് മലകയറുന്നു. അതും വളരെ കുറഞ്ഞ സമയം കൊണ്ട്. ‘നിത്യാഭ്യാസി ആനയെ എടുക്കും‘ എന്നാണല്ലോ !

നാറാണത്ത് ഭ്രാന്തന്നെ ഭയപ്പെടുത്തി ചുടലപ്പറമ്പില്‍ നിന്ന് ഓടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരു വരം നാറാണത്തിന് നല്‍കാന്‍ തയ്യാറായ ചുടല ഭദ്രകാളിയുടെ കഥ ചെറുപ്പത്തില്‍ കേട്ടത് മനസ്സിലിപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. ഞാനെന്നാ മരിക്കുന്നതെന്ന നാറാണത്തിന്റെ ചോദ്യത്തിന് 36 സംവത്സരവും, 6 മാസവും, 12 ദിവസവും, 5 നാഴികയും 3 വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് കൃത്യമായി കണക്ക് കൂട്ടി ഭദ്രകാളി പറഞ്ഞുകൊടുത്തു. എനിക്കൊരു ദിവസം കഴിഞ്ഞ് മരിച്ചാല്‍ മതിയെന്നായി നാറാണത്ത്. അത് നടക്കില്ലെന്ന് ഭദ്രകാളി കൈമലര്‍ത്തിയപ്പോള്‍ എങ്കില്‍ എനിക്കൊരു ദിവസം മുന്നേ മരിച്ചാല്‍ മതിയെന്നായി അദ്ദേഹം. അതും പറ്റില്ലെന്ന് ഭദ്രകാളി പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യം പോലും ചെയ്യാന്‍ പറ്റില്ലെങ്കില്‍ തന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്ക് മാറ്റിക്കൊടുത്താല്‍ മതിയെന്ന് ഭദ്രകാളിയെ പരിഹസിച്ചു നാറാണത്ത്. അപ്പോഴും, കാലിലെ മന്ത് പൂര്‍ണ്ണമായും മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന നാറാണത്ത് ഭ്രാന്തന്റെ ഈ കഥ ചെറുപ്പകാലത്തുതന്നെ അത്ഭുതം ജനിപ്പിച്ചിട്ടുണ്ട്.

മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല.

ആ ദിവ്യത്വത്തിന് മുന്നില്‍ മനസ്സാ നമിച്ചുകൊണ്ട് മലയിറങ്ങുമ്പോള്‍, ഒരു നൂ‍റുവട്ടമെങ്കിലും കേട്ടിട്ടുള്ള മധുസൂദനന്‍ നായരുടെ വരികള്‍ ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.

പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍,
പന്ത്രണ്ട് രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍,
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ,
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല.
…………
…….
——————————————————
ചിത്രങ്ങള്‍ക്ക് കടപ്പാട് – ഉമ്മര്‍ കക്കാട്ടിരി, ജാസ് സ്റ്റുഡിയോ, ആലൂര്‍

Comments

comments

58 thoughts on “ ‘ഭ്രാന്തന്‍ മല‘യിലേക്ക് ഒരു യാത്ര

  1. മനോജ്ചേട്ടാ കുറച്ചുനേരമായി രാശിയുള്ള ആരെങ്കിലും തെങ്ങാഉടക്കട്ടെ എന്നു കരുതി കാത്തുനില്‍ക്കുന്നു. ഇവിടെ തേങ്ങ അടിക്കാനുള്ള യോഗം എനിക്കുതന്നെ ആണെന്നാണ് തോന്നുന്നത്‌. ഇനിയും കാത്തുനില്‍ക്കാന്‍‌ ക്ഷമ ഇല്ല.

    എന്നത്തേയും‌പോലെ വളരെ മനോഹരവും, വിഞ്ജാനപ്രദവും ആയ ഒരു ബ്ലോഗ്‌. കുറച്ചു നാളായി ആമുഖമായി എഴുതിയ വരികള്‍ അന്വോഷിക്കുന്നു. നന്ദി. പിന്നെ പെരുന്തച്ചന്റെ നാട് മമ്മുടെ ആലുവക്കടുത്തുള്ള് ഉളിയന്നൂര്‍‌ ആണെന്നാണ് എന്റെ അറിവ്‌. ഇവിടെ അദ്ദേഹം പണിത ഒരു ക്ഷേത്രവും ഉണ്ടെന്നും കേട്ടിട്ടുണ്ട്. ഇതുവരെ പോവാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നും ഇത്തരം ബ്ലൊഗുകള്‍ പ്രതീക്ഷിക്കുന്നു.

  2. മനോജേട്ടന്റെ യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്.

    ഐതിഹ്യങ്ങളുടെ അകമ്പടിയോടെ പറഞ്ഞതിനാല്‍ വിവരണം വളരെയേറെ ഇഷ്ടമായി.

    ഹാറ്റ്സ് ഓഫ് റ്റു യൂ നിരക്ഷരന്‍ സര്‍…

  3. നിരച്ചരാ.. നമിച്ചു,, വിവരണവും ചരിത്രവും അവസാനത്തെ ചില്ലറ കാല്‍പ്പനികതയും വളരെ ഇഷ്ടമായി…

    അങ്ങനെ അവസാനം നിങ്ങള്‍ടെ വകേലൊരമ്മാവനെ കണ്ടെത്തിയല്ലേ :)

  4. ഈ വിവരണം വളരെ നന്നായി. നിരു പോയ സ്ഥലങ്ങളൊക്കെ ഇപ്പോള്‍ വായിക്കുന്നവരുടെയും മനസ്സിലുണ്ട്. അതുതന്നെയാണ് എഴുത്തിന്റെ വിജയവും.

  5. ഹായ്,

    ഭ്രാന്തന്‍ മലയിലേയ്ക്ക് ഞാനുമുണ്ടേ…

    ഇവിടെ ഇപ്പൊള്‍ നെറ്റ് ഡൌണ്‍ ആണ്…ഞാന്‍ യാത്ര തുടങ്ങണമെങ്കില്‍ ഇതൊന്ന് ഡൌണ്‍ലോഡ് ആവണം.

    നിങ്ങള്‍ നടന്നു തൂടങ്ങൂ….ഞാന്‍ പിന്നാലെ എത്തിക്കൊള്ളാം…

    സസ്നേഹം,

    ശിവ

  6. മഴയ്ക്ക് ശേഷം മഴ പെയ്തു നനഞ്ഞ ഈ വഴിയിലൂടെയുള്ള യാത്ര ഇഷ്ടമായി.

    “ നാറണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ ? “അങ്ങനെ അയാള്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവൊമോ…ഏയ് ഇല്ല…

    പനമരങ്ങള്‍ക്ക് എന്തു ഭംഗിയാ…

    ആ കഥ മുമ്പൊരിക്കല്‍ കേട്ടു മറന്നുപോയതാ…ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു…

    സൌകര്യം കിട്ടുമെങ്കില്‍ ഇനിയൊരു തുലാം ഒന്നിന് ആ രായിരാംകുന്ന് കയറണം…

    സസ്നേഹം,

    ശിവ

  7. മറ്റൊരു നല്ല യാത്രാവിവരണം. ഇങ്ങനെ കറങ്ങി നടക്കാതെ അബുദാബിയില്‍ പോയി ജോലി വല്ലതും ഉണ്ടൊ എന്നു നോക്ക് മനുഷ്യാ…
    പടങ്ങളും കലക്കിയിറ്റുണ്ട്.

  8. നിരന്‍.. ഈ പരിചയപ്പെടുത്തലിന് നന്ദി.. നല്ല പട്റ്റങ്ങളും വിവരണവും.. പിന്നെ, കൊട്ടാരത്തില്‍ ശങ്കുണ്ണിയും മധുസൂദനന്‍ നായരും അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടും എല്ലാം കൂടി ശരിയ്ക്കങ്ങ്ട്‌ കൊഴുത്തൂന്ന് പറയാം..

    മുന്നറിയിപ്പ് വകവെക്കാ‍തെ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞുകാണും.

    “ നാറണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ ? “ സത്യം പറ, നീരൂനെ മാത്രം ഉദ്ധേശീച്ചാവില്ലേ, അയാളങ്ങനെ കരൂതീണ്ടാവാ..??

  9. നല്ല വിവരണം. യാത്ര പോലെ സുഖമുള്ള വായന.

    ഈ കുന്നിനെക്കുറിച്ച് കേട്ടിരുന്നു. പ്രതിമയെക്കുറിച്ചും വായിച്ചതോര്‍ക്കുന്നു. ദൃശ്യങ്ങള്‍ പുതുമയായി. നന്ദി.

  10. നല്ലൊരു യാത്രാവിവരണം തന്നെ. ഒപ്പം അതിമനോഹരമായ സ്ഥലവും ചിത്രങ്ങളും.
    (വെറുതേയല്ല, നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റാന്‍ ഈ മല തന്നെ തിരഞ്ഞെടുത്തത്)

  11. i studied at palakkad but it is a new information that there is such a fantastic place over there.anyway beautiful pictures, statue also looking good.ur way of presentation is also superb.

  12. ഈശ്വരാ, ഈ കൊച്ചു കേരളത്തില്‍ എവിടെല്ലാം ഇനി കാണാന്‍ കിടക്കുന്നു എന്ന് നീരുവിന്റെ പോസ്റ്റുകള്‍ കാണുമ്പോഴാണ് മനസ്സിലാകുന്നത്.
    നീരൂ ആ ഫോട്ടോകള്‍ അത്യുഗ്രന്‍. വിവരണവും ഗംഭീരം തന്നെ.

  13. ഞാന്‍ ആദ്യമായാണ്‌ ഈ ബ്ലോഗ്‌ കാണുന്നത്‌. കൊള്ളാം. സൂര്യകാലടി മനയെക്കുറിച്ചും വായിച്ചു.
    ഞങ്ങള്‍ക്ക്‌ അടുത്താണെങ്കിലും പട്ടാമ്പിയിലൂടെ പലപ്പോഴും പോകാറുണ്ടെങ്കിലും ഇതുവരെയും അവിടെ പോകാന്‍ കഴിഞ്ഞിട്ടില്ല.
    നാറാണത്തു ഭ്രാന്തനെ കെട്ടിയിട്ടിരുന്നതെന്ന്‌ പറയുന്ന ചങ്ങല ആഴ്‌ന്നുപോയ മരത്തിന്റെ ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കില്‍ ….

  14. വിവരണം നന്നായിരിക്കുന്നു…ഞാനും ഒരിക്കല്‍ പോയിട്ടുണ്ട്, ഇവിടെ…
    പട്ടാംബിയില്‍ നിന്ന് ഒറ്റപ്പാലം പോകുന്ന വഴിക്കാണു “ക‌വളപ്പാറ”. പണ്ടത്തെ പേരു കേട്ട തറവാടാണു…ആ വീട്ടിലത്തെയായിരുന്ന്ത്രെ കാരക്കല്‍ മാത…

  15. വളരെ പുതുമയുള്ളയൊരു യാത്രാവിവരണം….നാറാണത്ത് ഭ്രാന്തന്‍ കല്ല് ഉരുട്ടിക്കേറ്റുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ ആ മല എവിടെയാണെന്ന് കേട്ടിട്ടുണ്ടായിരിന്നില്ല….ശാന്തഗംഭീരനായി നില്‍ക്കുന്ന നാറാണത്ത് ഭ്രാന്തന്റെ ആ നില്‍പ്പ് മിഴികളില്‍ നിന്നു മായുന്നില്ല…..ആ മലമുകളില്‍ നാറണത്ത് ഭ്രാന്തനെ കൊത്തിയുണ്ടാക്കിയ ആ അജ്ഞാത ശില്പി ആരായിരിക്കും…??

  16. പക്ഷെ ചേട്ടന്‍ കാണാതെ പോയ ഒന്നുണ്ട്
    അവിടെ ഒരു മരത്തില്‍ ഒരു ചങ്ങല ഉണ്ട്
    വര്‍ഷങ്ങളായി ഭ്രാന്തന്‍ കീടന്ന ചങ്ങല
    അതിനെ ആ മരത്തിന്റെ തൊലി വിഴുങ്ങിയതാ‍യിട്ടാണ് അറിവ്.
    വര്‍ഷങ്ങള്‍ തോറുമുള്ള രായിരൂര്‍ മലകയറ്റം പ്രശസ്തമാണ്.അന്ന് ഇവിടെ ഈ ഭ്രാന്തന്‍ മല കയറാന്‍ ഏത്തുന്നവര്‍ നിരവധിയാണ്.
    നാറാണത്തു ഭ്രാന്തനും രായിനെല്ലൂര്‍ മലയും തമ്മിലുള്ള അഭേദ്യമായ ബന്ധം ചൂണ്ടി കാട്ടിയ ഈ പോസ്റ്റ് വളരെ രസകരമായി

  17. ചങ്ങല ഉള്ള മരം ആ മലമുകളിലല്ല ഉള്ളതു..
    അതിനടുത്തു മറ്റൊരു ദേവീ ക്ഷേത്രം ഉള്ള മറ്റൊരു കുന്നിന്‍ മുകളിലാണു.
    കഴിഞ്ഞ വര്‍ ഷം ഞാന്‍ ഈ രണ്ടിടവും സന്ദര്‍ ശിച്ചിരുന്നു

  18. പതിവു പോലെ നിരക്ഷരന്റെ ഈ യാത്രയും ആസ്വദിച്ചു വായിച്ചു..

    ചെറിയ കുറച്ചു കാര്യങ്ങള്‍.

    നാറാണത്തു ഭ്രാന്തനെ കെട്ടിയിട്ട മരമുള്ളത് രായിരനെല്ലൂര്‍ മലയിലല്ല. അവിടന്ന് ഒരു രണ്ട് കിലോമീറ്റര്‍ ദൂരെ ഭ്രാന്താചലം എന്നറിയപ്പെടുന്ന ഒരു കൊച്ചു കുന്നിന്റെ മുകളിലാണ്. നാറാണത്തു ഭ്രാന്തന്‍ പ്രധാനമായും ജീവിച്ചിരുന്നത് അവിടെയായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ ആല്‍മരത്തില്‍ തൂങ്ങിയാടിക്കളിച്ചിരുന്ന ഒരു സ്ത്രീ, ദെവിയാണെന്ന് തിരിച്ചറിഞ്ഞ് അവരെ പിന്തുടര്‍ന്നാണത്രേ അദ്ദേഹം രായിരനെല്ലൂര്‍ മലയിലെത്തിയത്. പിന്നീട് അത് അദ്ദേഹത്തിന്റെ കല്ലുരുട്ടലിന്റെ വേദിയായി. ഭ്രാന്താചലത്തിലും ശിവ/ദേവീ ക്ഷേത്രങ്ങളുണ്ട്.

    നാറാണത്തു ഭ്രാന്തനെ എടുത്തു വളര്‍ത്തി, പ്രായപൂര്‍ത്തിയാവുന്ന വരെ അദ്ദേഹം ജീവിച്ച നാറാണമംഗലം മന, അടുത്തു തന്നെയുള്ള ചെത്തല്ലൂര്‍ എന്ന സ്ഥലത്താണ്.

    നാറാണത്ത് ഭ്രാന്തന്റെ പ്രതിമ തീര്‍ത്തത് സുരേന്ദ്ര കൃഷ്ണന്‍ എന്ന ശില്‍പ്പിയാണ്.

  19. മാധവന്‍, കാരക്കലമ്മയുടെ പിന്തുടര്‍ച്ചക്കാരാണ് എന്ന് കവളപ്പാറ സ്വരൂപം അവകാശപ്പെടുന്നതാണ്. കാരക്കലമ്മക്ക് ശേഷമാണ് സ്വരൂപം നിലവില്‍ വന്നത് എന്നര്‍ത്ഥം.

  20. “ഭ്രാന്തന്‍മല” പുതിയൊരറിവാണ്. മാഷേ, പതിവുപോലെ വിവരണവും ചിത്രങ്ങളും അസ്സലായി. ഇവിടെയ്ത്തുമ്പോഴാണ്‌ നമ്മള്‍ ഇനിയുമെത്രയോ സ്ഥലങ്ങള്‍ കാണാന്‍ബാക്കിയുണ്ട് എന്നൊരു ബോധമുണ്ടാവുന്നത്.

  21. നിരക്ഷരാ,
    ഹൃദ്യമായ വിവരണവും ചിത്രങ്ങളും.
    “നാറണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ.“ ഹാ..ഹാ. ആ ഭ്രാന്തില്ലെങ്കില്‍ ഇതു നഷ്ടമായേനേ. അല്ലെ.ആ ഭ്രാന്തു നഷ്ടമാകാതിരിക്കട്ടെ. ആശംസകള്‍.:)

  22. മനോജ്..
    താങ്കള്‍ എല്ലാവര്‍ക്കും തേങ്ങയടിച്ച് ഉഷാറാവുമ്പോള്‍,
    ഞാനും എന്തെങ്കിലും ഒന്നടിക്കേണ്ടേ……….
    അതു കൊണ്ട് ഞാന്‍ തേങ്ങയടിക്കുന്നില്ല. പകരം ഞാനൊരു കതിനാവെടി പൊട്ടിക്കട്ടെ.
    അസ്സലായി പോസ്റ്റ്,ഐതീഹ്യം കേട്ടിരുന്നു എങ്കിലും ഇത്രമാത്രം ഹൃദ്യമായിരുന്നില്ല.
    നന്ദി ഈ പോസ്റ്റിന്

  23. അമ്പാടീ’
    ‘ഭ്രാന്തന്‍ മലയിലേക്ക് ഒരു യാത്ര’ വായിച്ച ഉടന്‍
    ഞാന്‍ വി. മധുസൂദനന്‍ നായരുടെ ‘നാറാണത്തു
    ഭ്രാന്തന്‍’ എന്ന പുസ്തകം എടുത്തു. രണ്ടാമത്തെക്ക
    വിത ‘നാറാണത്തുഭ്രാന്തന്‍ ഒത്തിരിനാളു കൂടി രണ്ടു വട്ടം ചൊല്ലി.അല്ല, അമ്പാടി എന്നെക്കൊണ്ടത് ചൊല്ലിച്ചു.പാവം….നാറാണത്തുഭ്രാന്തന്‍…

    എല്ലാരുമൊന്നെന്ന ശാന്തിപാഠം തനി-
    ച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും
    ഉടല്‍തേടിയലയുമാത്മാക്കളോടദ്വൈത-
    മുരിയാടി ഞാനിരിക്കുമ്പോള്‍
    ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍
    കൂകി ‘നാറാണത്തു ഭ്രാന്തന്‍’

    നാറാണത്തു ഭ്രാന്തനും,മധുസൂദനന്‍ ഭ്രാന്തനും,
    നിരക്ഷരന്‍ ഭ്രാന്തനും നമസ്കാരം..

  24. നിരേട്ടാ….

    ഈ പോസ്റ്റ് വായിച്ചപ്പോ രണ്ടു കൊല്ലായി മുടങ്ങിക്കിടക്കുന്ന രായിരനെല്ലൂര്‍ മലകയറ്റം ഓര്‍മ വന്നു….ആള്‍ക്കൂട്ടത്തില്‍ ഒരാളായി..അലിഞ്ഞലിഞ്ഞ്…എന്താ പറയാ….അനുഭവിക്കുക തന്നെ വേണം…

    ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ ശില്പം പണികഴിച്ചത് എന്നു തോന്നുന്നു……..

    ഭ്രാന്താചലത്തെക്കുറിച്ചു വിശദമായ ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു

  25. വളരെ നന്നായി, പടങ്ങളും വിവരണവും.. യാത്ര താല്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും വളരെ പ്രയോജനപ്പെടും ഈ ബ്ലോഗ് എന്ന് നിസ്സംശയം പറയാം..

    യാത്രകള്‍ തുടരട്ടെ.. നല്ല നല്ല പോസ്റ്റുകള്‍ ഇനിയും വരട്ടെ…

    ആശംസകളോടെ..

  26. നിരക്ഷരാ, ഇപ്പോഴാണിത് വായിക്കാൻ സാധിച്ചത്.
    പടങ്ങളിലെ പച്ചപ്പ് കണ്ടിട്ട് കണ്ണിന് നല്ല കുളിർമ. ഇത് നിരക്ഷന്റെ എറ്റവും നല്ല പോസ്റ്റുകളിലൊന്നായി തോന്നുന്നു.

    ഇനി സൂര്യകാലടി മനയിലൊന്ന് കേറീട്ട് പോവാം :)

  27. അത്യുഗ്രന്‍ വിവരണം!

    ഈ വഴി കുട്ടന്‍ ആദ്യാണ്!
    യാത്രാവിവരണം പഠിക്കാന്‍ എനിക്കിനി ഇതുതന്നെ ബൂലോകക്ലാസ്!

    ചിത്രങ്ങള്‍..ആവശ്യത്തിന്,മനോഹരമായത്!!

    നിങ്ങള്‍ അക്ഷരനാണുമാഷേ!!

  28. നിരു ഭായി..

    എന്റെ നാട്ടിലേക്കൊന്നു വരുമൊ ഒരു യാത്രാ വിവരണം എഴുതുവാന്‍..?

    എന്റെ നാട്ടില്‍ പ്രത്യേകിച്ച് ഭംഗിയൊന്നുമില്ല പക്ഷെ, നിരു അവിടെ വന്നാല്‍ എന്റെ നാടും ഇത്ര ഭംഗിയുണ്ടായിരുന്നുവെന്നുള്ള ആ തിരിച്ചറിവ് എനിക്ക് കിട്ടിയേനെ..!

    മല ഞാനും കയറി..!

  29. കാണാനും വായിക്കാനും വൈകി. വളരെ ഭംഗിയായി എഴുതിയിരിക്കുന്നു, അല്ലെങ്കില്‍ ഒരു യാത്രാവിവരണം എങ്ങിനെ എഴുതണം എന്നു കാട്ടി തന്നിരിക്കുന്നു. :)

  30. കാണാന്‍ വൈകി. എന്നാലും കണ്ടു ഞാന്‍ നാറാണത്ത് ഭ്രാന്തനെ, കുന്നിനെ, കല്ലിനെ എല്ലാമെല്ലാം. സൂപ്പര്‍ വിവരണം തന്നെ!

  31. താങ്കളുടെ രായിരനെല്ലൂര്‍ തീര്‍ത്ഥാടനം വായിച്ചു. ചിത്രങ്ങള്‍ കാണുകയും ചെയ്തു. അനുഭവങ്ങള്‍ പങ്കുവച്ചതിനു നന്ദി. ഇതെല്ലാം കാണുമ്പോള്‍ ശബരിമല അയ്യപ്പന്റെ സന്നിധാനവും പൂജകളും live ആയി internet-ല്‍ കാണിയ്ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റോ മറ്റോ പറഞ്ഞതാണോര്‍മ്മ വരുന്നത്‌. രായിരനെല്ലൂരിനെക്കുറിച്ചുള്ള (അങ്ങനെയാണ്‌ ഞങ്ങള്‍ ആ മലയെ വിളിയ്ക്കുക) ചിത്രങ്ങളും വിവരണവും അവിടെ പോകാനൊക്കാത്തവര്‍ക്കെന്നും ഒരു virtual യാത്രയുടെ അനുഭവം നല്‍കും തീര്‍ച്ച.

    ഒന്നുകൂടി പറയട്ടെ. ഞാന്‍ മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരവാസി. (ഇപ്പോഴല്ല കെട്ടോ, ജന്മം കൊണ്ട്‌). പല തവണ വളാഞ്ചേരി വഴിയും പട്ടാമ്പി വഴിയും പാലക്കാട്ടെ കോങ്ങാട്ടുള്ള ചെറിയമ്മയുടെ അടുത്തു പോയിട്ടുണ്ട്‌, അമ്മയുടെ കൂടെ. കുട്ടിയായിരുന്നപ്പോഴാണെന്നു മാത്രം. അന്നേയുള്ള ലക്ഷ്യമായിരുന്നു ഈ രായിരനെല്ലൂര്‍ മല. പ്രതിമ വന്നതൊക്കെ പിന്നീട്‌. അതെല്ലാം പത്രവാര്‍ത്തകളില്‍ സ്ഥലം പിടിച്ചതുമാണ്‌. ഞാന്‍ ഇതുവരെ ആ മലയില്‍ എത്തിയിട്ടില്ല. ഈ അടുത്ത കാലത്ത്‌ പോയത്‌ കൊട്ടിയൂരിലാണ്‌. വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം. എല്ലാത്തിനും ഒരു സമയമുണ്ടെന്നല്ലെ “വിജയന്‍ ദാസനോട്‌” പറയുന്നത്‌. അത്‌ എനിയ്ക്കും ബാധകം. ഒന്നോ രണ്ടോ post-നുള്ള വക കൊട്ടിയൂരിലും ഉണ്ട്‌.

    ഭ്രാന്തന്‍ മലയുടെ അടുത്തു തന്നെ തിരുവില്വാമലയുണ്ട്‌. (via Shoranur)) വേണമെങ്കില്‍ “പുനര്‍ജ്ജനി” നൂഴാം, പുതിയൊരനുഭവമാകും. അതാകട്ടെ താങ്കളുടെ അടുത്ത ലക്ഷ്യം.

    പിന്നെ നാറാണത്തു ഭ്രാന്തനേയും പെരുന്തച്ചനേയും കുറിച്ചുള്ള കഥകള്‍ മാത്രമല്ല ഞങ്ങള്‍ കേട്ടിട്ടുള്ളത്‌. പാക്കനാരെക്കുറിച്ചുള്ളൊരു കഥ ഞാന്‍ ഇവിടെ കുറിയ്ക്കട്ടെ. (delete ചെയ്യുകയൊ retain ചെയ്യുകയോ ആവാം, ഇഷ്ടം പോലെ)

    പാക്കനാര്‍

    മഹാബ്രാഹ്മണന്റെ മകനായിരുന്നു പാക്കനാര്‍.
    പക്ഷേ എന്തു ചെയ്യാം? അമ്മ പറയി ആയിപ്പോയില്ലേ?
    അതുകൊണ്ടാണല്ലൊ പാക്കനാരുടെ അപ്‌ഫന്‍ വരരുചി സമുദായത്തില്‍ നിന്ന് സ്വയം ഭ്രഷ്ട്‌ കല്‌പിച്ച്‌ ഭാരതപ്പുഴയോരത്ത്‌ തെണ്ടി നടന്ന് കാലം കഴിച്ചത്‌.
    പാക്കനാര്‍ വലിയേട്ടനേക്കാള്‍ ഭാഗ്യഹീനനായിരുന്നു. വലിയേട്ടന്‌ ബ്രാഹ്മണകുലത്തില്‍ വളരാനും ബ്രാഹ്മണനാകാനും തന്നെയായിരുന്നു യോഗം. ആ യോഗമാണല്ലൊ അദ്ദേഹത്തെ മേഴത്തോള്‍ അഗ്നിഹോത്രി ആക്കിയത്‌.
    തന്റെ അമ്മയെപ്പോലെ പറയകുലത്തില്‍ വളരാനേ പാക്കനാര്‍ക്കു കഴിഞ്ഞുള്ളു. അതിനുള്ള വരയേ ഈശ്വരന്‍ പാക്കനാരുടെ തലയില്‍ വരച്ചുള്ളു. ആല്ലെങ്കില്‍ ചോരക്കുഞ്ഞായി പുഴവക്കില്‍ കിടന്നു കരയുമ്പോള്‍ ഒരു പറച്ചി തന്നെ വരണമായിരുന്നുവോ തന്നെ രക്ഷിക്കാന്‍? ഏട്ടനെ കൊണ്ടുപോയ ആ ആത്തേമ്മാര്‍ക്ക്‌ തന്നെക്കൂടി കൊണ്ടുപോകാമായിരുന്നില്ലേ?

    പാക്കനാര്‍ വളര്‍ന്നു. ഒരു പറയന്റെ എല്ലാ സമ്പ്രദായങ്ങളോടും കൂടി.

    പാക്കനാര്‍ കാടും മേടും തന്റെ പ്രവര്‍ത്തനമേഖലയാക്കി. വള്ളി പറിച്ചും പുല്ലു പറിച്ചും തന്റെ സമയം പോക്കി. കൊട്ടയും വട്ടിയും നെയ്തു. മുറം ഉണ്ടാക്കി. പുഴയില്‍ മീന്‍ പിടിച്ചും പറമ്പില്‍ ആമയെ പിടിച്ചും ഭക്ഷണത്തിനു വക കണ്ടെത്തി. ചത്ത പശുവിന്റെ ഇറച്ചിയും കൊന്ന പശുവിന്റെ ഇറച്ചിയും പാക്കനാര്‍ക്കൊരുപോലെയായിരുന്നു പഥ്യം.പശുവിന്റെ അകിടെന്നോ ആടിന്റെ പിടുക്കെന്നോ ഉള്ള വ്യതാസം ഭക്ഷണക്കാര്യത്തില്‍ പാക്കനാര്‍ക്കില്ലായിരുന്നു. എന്തും തിന്നും, എന്തും കുടിക്കും.

    വരേണ്യരായ നാട്ടുകാരെ കാണാനോ അവരോടടുത്തിടപഴകാനോ പാക്കനാര്‍ക്കായില്ല. അവരില്‍ നിന്നും കാതങ്ങള്‍ അകലെ നില്‍ക്കാനായിരുന്നു പാക്കനാരുടെ വിധി. താന്‍ ചണ്ഡാളനല്ലേ, ചണ്ഡാളന്‍.

    ചണ്ഡാളന്‍ പോലും! തനിക്കു മറ്റു സമുദായക്കാരില്‍ നിന്നുള്ള വ്യത്യാസമൊന്നും പാക്കനാര്‍ക്കു മനസ്സിലായില്ല. താന്‍ കുറച്ച്‌ കറുത്തിട്ടാണ്‌. അതിനെന്താ ഇല്ലത്തെ “കറുത്തമ്പൂരി” കറുത്തിട്ടല്ലേ? എന്നിട്ടും സമുദായം തന്നെ മാറ്റിനിറുത്തിയത്‌ പാക്കനാരുടെ മനസ്സിനെ വല്ലാതെ മഥിച്ചു.

    ശരി! താന്‍ അധ:കൃതനാണ്‌. ഇല്ലത്തും കോവിലകത്തും അമ്പലങ്ങളിലുമൊക്കെ തനിക്കെന്തു കാര്യം?

    അവര്‍ക്കെല്ലാം തന്നെയേ വേണ്ടാതുള്ളൂ. താനുണ്ടക്കുന്ന സാധനങ്ങള്‍ക്കൊന്നും യാതൊരു ഭ്രഷ്ടുമില്ല. താനുണ്ടാക്കിയ ചൂലും മുറവും അവര്‍ക്കാകാം. കൊട്ടയും വട്ടിയും ആകാം. പക്ഷേ അവരുടെ ഏഴയലത്തു പോലും തന്നെ കാണരുതത്രെ. കുറച്ച്‌ അരിയോ നെല്ലോ തന്നാല്‍ തന്റെ മുറത്തിന്റെ, കൊട്ടയുടെ, വട്ടിയുടെ കടം തീരുമത്രെ.

    “എങ്കില്‍ ആ കടം തീരണ്ട. ആരും എന്റെ കടം തീര്‍ക്കണ്ട, ആരുടേയും നെല്ലും അരിയും എനിക്കു വേണ്ട.” പാക്കനാര്‍ ഒരു തീരുമാനമെടുത്തു.
    നെല്ലും അരിയും വേണ്ടെന്നുവച്ചാല്‍ തന്റെ ഒരു ചാണ്‍ വയറിന്റെ കാര്യം എന്താകുമെന്നു പാക്കനാര്‍ ചിന്തിച്ചു.
    “ഇല്ല, സാരമില്ല. വായ ഉണ്ടെങ്കില്‍ വയറു കഴിഞ്ഞോളും എന്നല്ലേ അച്ഛന്‍ പറഞ്ഞിരിക്കുന്നത്‌” പാക്കനാര്‍ സമാധാനിച്ചു.
    അപ്പോഴാണ്‌ പാക്കനാര്‍ തന്റെ അനുജന്റെ കാര്യമോര്‍ത്തത്‌. പാവം, വായ ഇല്ലാത്ത തന്റെ അനുജന്‍. അമ്മയാണതിനു കാരണമെന്നും പാക്കനാര്‍ ഓര്‍ത്തു.

    പാക്കനാര്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതു തന്നെയാണ്‌.
    ** ** ** ** ** ** ** ** ** ** ** **
    പാക്കനാര്‍ ഇന്നലെ വരെ പത്ത്‌ മുറവുമായാണ്‌ രാവിലെ പുറത്തിറങ്ങിയിരുന്നത്‌. പക്ഷേ ഇന്നു കയ്യില്‍ പതിനഞ്ച്‌ മുറമുണ്ട്‌. രണ്ടും കല്‌പിച്ച്‌ തന്നെയാണ്‌ പാക്കനാര്‍.

    പതിനഞ്ച്‌ മുറവും തലയില്‍ വച്ച്‌ പാക്കനാര്‍ നടന്നു. ഒരു വീടിന്റെ പടിക്കലെത്തിയപ്പോള്‍ അയാള്‍ നിന്നു. പതിനൊന്നു മുറം പടിക്കല്‍ വച്ച്‌ പാക്കനാര്‍ വിളിച്ച്‌ കൂവി.

    “പാക്കനാരാണേയ്‌, മുറം വന്നിട്ടുണ്ടേയ്‌”

    പാക്കനാര്‍ വേഗം ബാക്കി മുറവും കയ്യില്‍ വച്ച്‌ ദൂരെ ഒരു പൊന്തയുടെ മറവിലേയ്ക്ക്‌ മാറിനിന്നു.
    അവര്‍ തന്നെ കാണരുതല്ലോ, കണ്ടാല്‍ അവര്‍ കുളിക്കണ്ടതല്ലേ!
    കുറച്ച്‌ അരിയും കയ്യിലേന്തി വീട്ടമ്മ പടിക്കലേക്ക്‌ വരുന്നത്‌ പാക്കനാര്‍ ദൂരെനിന്നു കണ്ടു. പിന്നീടവര്‍ മുറം ഓരോന്നോരോന്നായി തിരിച്ചും മറിച്ചും നോക്കുന്നതും.
    “തമ്പ്രാട്ടീ, പത്ത്‌ മുറമുണ്ട്‌, നല്ലതു നോക്കിയെടുത്തോളൂ” – കണ്‍വെട്ടത്തുനിന്നു മാറിനിന്നുകൊണ്ട്‌ പാക്കനാര്‍ വിളിച്ച്‌ പറഞ്ഞു.
    വീട്ടമ്മ മുറം വീണ്ടും എണ്ണി. “ങേ! ഇതു പതിനൊന്നുണ്ടല്ലോ” വീട്ടമ്മ പിറുപിറുത്തു. രണ്ടക്കം എണ്ണാനും കൂടി ആ പുലയനറിഞ്ഞൂടാ. അവര്‍ സമാധാനിച്ചു.
    “പാക്കാ, നിന്റെ ഇന്നത്തെ മുറമെല്ലാം മോശം, ഇതു വേണ്ട” അവര്‍ പാക്കനാര്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു.
    “ശരി തമ്പ്രാട്ടീ, അടിയന്റെ പത്തു മുറവും അവിടെ വച്ചേയ്ക്കു”, പാക്കനാര്‍ വിളിച്ചു പറഞ്ഞു.
    “അങ്ങനെത്തന്നെ, നിന്റെ പത്ത്‌ മുറവും ഇവിടെത്തന്നെയുണ്ട്‌.” ഒരു മുറം മുറ്റത്തേയ്ക്ക്‌ ഇട്ടുകൊണ്ട്‌ വീട്ടമ്മ വിളിച്ചുപറഞ്ഞു.
    കൊണ്ടുവന്ന അരിയും കയ്യില്‍ വച്ച്‌ തിരിച്ചുനടക്കുന്ന വീട്ടമ്മയെ പാക്കനാര്‍ നോക്കിനിന്നു.

    പാക്കനാര്‍ തന്റെ പതിനാലു മുറവും കൊണ്ട്‌ മുന്നോട്ടു നടന്നു.
    നെല്ലും അരിയും വാങ്ങാതെ തന്നെ ഉച്ചയ്ക്കു മുമ്പ്‌ നാലുമുറം വില്‌ക്കാന്‍ പാക്കനാര്‍ക്ക്‌ അന്നു വലുതായി ബുദ്ധിമുട്ടേണ്ടി വന്നില്ല.
    ‘ഇന്നിത്ര മതി” അയാള്‍ സ്വയം പറഞ്ഞു.
    പാക്കനാര്‍ നടന്നു.
    നടക്കുമ്പോള്‍ പാക്കനാര്‍ ഓര്‍ത്തു. മുറം വെറുതെ കൊടുത്ത വിവരം പുറത്തായാല്‍ നാട്ടുകാരെന്തു കരുതും? അവര്‍ തന്നെ ഭ്രാന്തനെന്ന് വിളിക്കില്ലേ?
    “വിളിക്കട്ടെ, അങ്ങനെത്തന്നെ വിളിക്കട്ടെ. ഒന്നുമില്ലെങ്കിലും താന്‍ നാറാണത്ത്‌ ഭ്രാന്തന്റെ സഹോദരനല്ലേ! തനിക്കും കാണും അല്‌പം ഭ്രാന്ത്‌.” അയാള്‍ മനസ്സില്‍ കരുതി.

    വിശപ്പിന്റെ വിളി ഉയര്‍ന്നപ്പോള്‍ പാക്കനാര്‍ ഇല്ലത്തെ ആത്തേമ്മാരെ ഓര്‍ത്തു. ഇല്ലത്തെ പടിക്കല്‍ക്കൂടി പോകുന്ന ശബ്ദം കേട്ടാല്‍ തനിക്കവര്‍ ഒരുനേരത്തെ ഭക്ഷണം തരാറുണ്ടെന്നും ഓര്‍ത്തു

    തന്റെ ചെറുപ്പത്തില്‍ ഇല്ലത്തെ ആത്തേമ്മാര്‌ തന്നെ പുഴവക്കത്തു വച്ചു കണ്ടിട്ടുണ്ടത്രെ. തനിക്കും ഇല്ലത്തെ നമ്പൂരിക്കുട്ടിക്കും ഒരേ മുഖച്ഛായയാണെന്നു ആത്തേമ്മാര്‌ മണ്ണാത്തി ചിന്നയോട്‌ പറഞ്ഞിട്ടുണ്ടത്രെ. മണ്ടോത്തുമ്പറമ്പിലെ വേലക്കു പോയപ്പോള്‍ ആരോ പറയുന്നതു കേട്ടിട്ടുള്ളതാണ്‌.

    അന്ന് ഇല്ലത്തെ ചോറു തിന്നാണ്‌ പാക്കനാര്‍ തന്റെ കുടിലിലേക്കു മടങ്ങിയത്‌. തന്നെ താഴ്ത്തിക്കെട്ടിയ സമൂഹത്തെ തോല്‍പ്പിച്ചെന്ന തൃപ്തിയോടെ.

  32. വായിക്കാന്‍ പോണുമാഷേ..

    അയിനിടക്ക് കുട്ടനൊരു സംശേം!!
    ഇതിപ്പോ “ഒരു ഭ്രാന്തന്‍ മലയിലേക്ക്” എന്നോ മറ്റോ ചുരുക്കിയെഴുതിയിരുന്നെങ്കില്‍ ആ പടത്തിന് യോജിച്ചേനെ!!

    എന്നെക്കൊല്ലല്ലേ…
    :)

    05 July 2008 11:30
    ——————–
    ലിങ്കിന് താ‍ഴെ അരൂപിക്കുട്ടന്‍ ഇട്ട കമന്റ് ഞാനിവിടെ വെട്ടി ഒട്ടിക്കുന്നു – നിരക്ഷരന്‍

  33. വളരെ നല്ല വിവരണവും ചിത്രങ്ങളും.
    വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിന്
    വല്ലാത്തൊരാശ്വാസം.സ്വന്തം നാട്ടില്‍
    തിരിച്ചെത്തിയതുപോലെ.

    പറയിപെറ്റ പന്തിരുകുലത്തിലെ
    നാറാത്തുഭ്രാന്തന്‍ കല്ലുരുട്ടി കയറ്റിയ
    രായിരനെല്ലൂര്‍ മലയും പ്രതിമയുമെല്ലാം
    പലപ്പോഴും കണ്ടിട്ടുണ്ട്, രണ്ടുതവണ
    മലകയറിയിട്ടുമൂണ്ട്.പക്ഷെ, ഇത്ര
    ഹൃദയ സ്പര്‍ശിയായി മലകയറുന്നത്
    ഈ പോസ്റ്റ് വായിക്കുമ്പോഴാണ്.

    നന്ദി, വീണ്ടും ആ വഴിക്കൊക്കെ
    തിരിച്ചു നടത്തിച്ചതിന്.

  34. നന്നായീന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും. ഇങ്ങനെ ഒരു സ്ഥലമുള്ളതായി പോലും എനിക്കറിയില്ലായിരുന്നു. നല്ല ഫസ്റ്റ്‌ക്ലാസ്‌ വിവരണം..

  35. നിരക്ഷൂ
    ദെന്തൂട്ട് കാച്ചാ ഈ കാച്യേക്കണെ ചുള്ളാ.

    മഴക്കാലത്തെ ആ പച്ചപുതപ്പിട്ട പടങ്ങളെല്ലാം കാണുമ്പോള്‍ കാലില്‍ ഒരു തരിതരിപ്പ്. അതിനോടൊട്ടി നില്‍ക്കുന്ന വിവരണങ്ങളും. കിടുകിടുകിടുടു..
    -സുല്‍

  36. മണികണ്ഠന്‍ – മണികണ്ഠന്റെ തേങ്ങാ നല്ല രാശിയുള്ളത് തന്നെ. നന്ദി :)

    പൊറാടത്ത് – ഹ ഹ. അതെ അതെ. അത് എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്.

    പാര്‍ത്ഥന്‍ – സൂര്യകാലടി മന ഒന്നൂടെ വായിച്ച് നോക്കണേ. മന പണ്ട് കാലടിമന പണ്ട് പട്ടാമ്പിയില്‍ ആയിരുന്നു. ഇപ്പോള്‍ അത് കോട്ടയത്ത് മീനച്ചിലാറിന്റെ കരയിലാണ്. കോട്ട്റ്റയത്തേക്ക് മന പറിച്ച് നട്ടതിന്റെ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. പിന്നെ നാറാണത്തിനെ കെട്ടിയിട്ടെന്ന് വിശ്വസിക്കുന്ന ചങ്ങല ഭ്രാന്താചലം കുന്നിന് മുകളിലാണ്. അത് രായിരനെല്ലൂരിന് തൊട്ടടുത്ത് തന്നെ. ഞാന്‍ അവിടെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

    രജ്ഞിത്ത് ചെമ്മാട് – ഹോ ഒരു മലകയറിയപ്പോഴേക്കും രോമാഞ്ചമോ ? നന്ദീട്ടോ :)

    റെയര്‍ റോസ് – കുട്ടീടെ ചോദ്യത്തിന് കണ്ണൂസ് മറുപടി പറഞ്ഞിട്ടുണ്ട്. സുരേന്ദ്രകൃഷ്ണന്‍ എന്നാണ് ശില്‍പ്പിയുടെ പേര്. ആമയൂര്‍ മനക്കാര് തന്നെയാണ് ആ പ്രതിമ ഉണ്ടാക്കിച്ചത് എന്നാണ് കേട്ടത്. അതിന്റെ സത്യാവസ്ഥ അറിയില്ല.

    അനൂപ് കോതനെല്ലൂര്‍ – കാണാത്ത ചങ്ങലെയെപ്പറ്റി ഞാന്‍ എങ്ങനെ എഴുതും അനൂപേ ? :) ചങ്ങല ഭ്രാന്താചലം കുന്നിലാണ്. നാറാണത്ത് അവിടെപ്പോയി തപസ്സിരിക്കുമായിരുന്നത്രേ.

    കണ്ണൂസ്സ് – കുറേക്കൂടെ വിവരങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കിയ താങ്കളുടെ കമന്റുകള്‍ക്ക് പ്രത്യേകം നന്ദി.

    അനില്‍ – പരസ്യം ഇടാന്‍ വേണ്ടി മാത്രം ആരുടെ പോസ്റ്റിലും പോകരുത്. അത് താങ്കളോട് വെറുപ്പുളവാക്കാന്‍ ഇടയാക്കും. ഞാന്‍ എന്തായാലും താങ്കളുടെ ബ്ലോഗ് നോക്കുന്നുണ്ട്. :)

    വേണുജീ – ഇല്ല..ഈ ഭ്രാന്ത് ഒരിക്കലും നഷ്ടമാകാന്‍ ഞാന്‍ ഇടവരുത്തില്ല. :)

    അത്ക്കന്‍ – ആ കതിനാവെടി ഞാന്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു. നന്ദി.

    ലതികച്ചേച്ചീ – എന്റെ ഈ ഭ്രാന്തിന് ആശംസകളുമായി വന്നതിന് വളരെ നന്ദി. :) :)

    വീണ – ഒരു ചെറിയ അവാര്‍ഡ് കിട്ടിയ സുഖം ഉണ്ട് ആ കമന്റ് വായിച്ചപ്പോള്‍. നന്ദീട്ടോ.

    ആഷ – ഈ പോസ്റ്റിനെ റേറ്റ് ചെയ്തിരിക്കുന്നത് ഇഷ്ടപ്പെട്ടു. വളരെ നന്ദി.

    അരൂപിക്കുട്ടന്‍ – യാത്രാവിവരണം എഴുതാന്‍ പഠിപ്പിക്കാന്‍ ഞാനാളല്ലേ ? ഞാന്‍ എന്നും നിരക്ഷരന്‍ തന്നെ. :) :)

    കുഞ്ഞന്‍ – ഞാന്‍ വരുന്നുണ്ട് താങ്കളുടെ നാട്ടിലേക്ക്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും മനോഹരം തന്നെ കുഞ്ഞന്‍സേ. ഞാനായിട്ട് പ്രത്യേകിച്ച് ഒന്നും എഴുതിപ്പിടിപ്പിക്കുന്നില്ല.അതിനുള്ള അക്ഷരവും കയ്യിലില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് നമ്മുടെ എല്ലാവരുടേയും പ്രശ്നം.

    കണ്ണൂരാന്‍ – അത് ഒന്നൊന്നര കമന്റായി നെഞ്ചോട് ചേര്‍ക്കുന്നു. നന്ദീട്ടോ :)

    ഗോപന്‍ – യാത്രകള്‍ ഒരിക്കലും തീരുന്നില്ല. എവിടേയ്ക്കാണെന്ന് മുന്‍‌കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഇതും അത്തരത്തിലൊന്നായിരുന്നു.

    ആള്‍‌രൂപന്‍ – താങ്കളുടെ ഈ നെടുനീളന്‍ കമന്റുകളാണ് എന്റെ പോസ്റ്റിനേക്കാള്‍ വിജ്ഞാനം എല്ലാവര്‍ക്കും പകര്‍ന്നുകൊടുക്കുന്നത് എന്നത് ഒരു സന്തോഷമുള്ള കാര്യമാണ്. എന്റെ പോസ്റ്റ് ഒരു നിമിത്തം മാത്രം. വളരെ നന്ദിയുണ്ട് സുഹൃത്തേ….

    പാക്കനാരുടെ മുറത്തിന്റെ കഥ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ അത് വായിച്ചതാണോ കേട്ടതാണോ എന്നറിയാന്‍ കുറെ പരതി നോക്കി. പിടികിട്ടിയില്ല. പി. നരേന്ദ്രനാഥിന്റെ പറയിപെറ്റ പന്തിരുകുലം. ഐതിഹ്യമാല, എ.ബി.വി.കാവില്‍പ്പാടിന്റെ ബാലസാഹിത്യംകൃതികള്‍, എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ ഒക്കെ തപ്പിനോക്കി. എന്തായാലും കഥ ഇനി ഇവിടെ കമന്റായി കിടക്കുന്നുണ്ടല്ലോ ? അത് ധാരാളം മതി.

    തിരുവില്യാമലയും പുനര്‍ജ്ജനിയുമൊക്കെ മനസ്സില്‍ പണ്ടേ കുറിച്ചിട്ടിട്ടുള്ള ഇടങ്ങളാണ്. താങ്കള്‍ ഓര്‍മ്മിപ്പിച്ചതോടെ ഉടനെ തന്നെ പോകണമെന്ന് തോന്നുന്നു. പക്ഷെ ഗുരുവായൂര്‍ ഏകാദശിയുടെ അന്ന് മാത്രമാണ് പുനര്‍ജ്ജനി നൂഴാന്‍ പറ്റുകയുള്ളൂ എന്ന് ഞാന്‍ കേട്ടു. സത്യാവസ്ഥ അറിയില്ല. ഏകാദശിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടെങ്കില്‍ പോയിരിക്കും പുനര്‍ജ്ജനി നൂഴ്ന്നിരിക്കും. നാറാണത്ത് ഭ്രാന്തനാണെ സത്യം :):)

    തൃശൂരും, പാലക്കാടും, മലപ്പുറത്തുമൊക്കെയുള്ള ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറിയ അറിവ് തന്നാല്‍ നന്നായിരുന്നു. അവിടൊക്കെ പോകുന്ന കാര്യം ഞാനേറ്റു.

    ഒരിക്കല്‍ക്കൂടെ ഒരുപാട് നന്ദി അറിയിക്കുന്നു.

    കൊച്ചുത്ര്യേസ്യാ – കൊച്ചിന്റെ കമന്റാണ് എന്റെ പോസ്റ്റുകള്‍ക്ക് ഞാന്‍ ഒരു മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്. കൊച്ചിന്റെ കമന്റ് ഒരെണ്ണം കിട്ടിയാല്‍ ആ പോസ്റ്റ് കൊള്ളാം എന്ന് ഞാനും സന്തോഷിക്കും. ബാക്കിയെല്ലാം വെറും പോസ്റ്റുകള്‍. വളരെ നന്ദീട്ടോ :) :)

    സുല്‍ – ചുമ്മാ തരിച്ചോണ്ട് നില്‍ക്കാതെ അടുത്തപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ മലകയറാന്‍ നോക്ക്. എന്നിട്ട് അവിടെ നിന്ന് ‘എന്റെ കേരളം എത്ര സുന്ദരം‘ എന്ന് ഉറക്കെ പാട് :) :)

    കുറ്റ്യാടിക്കാരാ, പാമരാ, ഷാരൂ, ശിവ, വാല്‍മീകി, ഗുപ്തന്‍, ഹരീഷ് തൊടുപുഴ, ശ്രീ, സിന്ധൂ, ഗീതേച്ചീ, തറവാടീ, പ്രിയ ഉണ്ണികൃഷ്ണന്‍, മാധവന്‍, അനാഗതസ്മശ്രു, ബൈജു, ജിഹേഷ്, തോന്ന്യാസീ, ഏറനാടന്‍, ഹരിയണ്ണന്‍ , സതീഷ് മാക്കോത്ത്, മിന്നാമിനുങ്ങ്…….

    നാറാണത്ത് ഭ്രാന്തനെ കാണാന്‍ ഈ നിരക്ഷരഭ്രാന്തന്റെ കൂടെ രായിരനെല്ലൂര്‍ മല കയറിവന്ന എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി.

  37. വളരെ നല്ല വിവരണം ഫോട്ടോസ് നന്നായിട്ടുണ്ട്.
    വിജ്ഞാന പ്രദമായ ലേഖനവും, ഫോട്ടോസും. നന്ദി

    മണികണ്ഠന്‍

  38. ആള്‍‌രൂപന്‍ – ഞാന്‍ നിധിപോലെ കാത്തുവെച്ചിരുന്ന താങ്കളുടെ ആ കമന്റ് എന്തിനാണ് മായ്ച്ച് കളഞ്ഞത് ? കറന്റ് ബില്ല് കൂടി എന്ന ന്യായവും പറഞ്ഞ് ബ്ലോഗിനോട് വിടപറഞ്ഞതിന്റെ ഭാഗമായിട്ടാണോ ? എനിക്കെന്തായാലും അത് വിഷമമുണ്ടാക്കിയെന്ന് തുറന്ന് പറയുന്നു.

    പട്ടത്തില്‍ മണികണ്ഠന്‍ – ഈ വഴി മലകയറി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

    പൊന്നൂ – ഇന്നാണോ തുലാം ഒന്ന് ? ആണെങ്കില്‍ ഇന്ന് പ്രാര്‍ത്ഥനാ നിരതരായി നാറാണത്തിനെ കാണാനും ദേവിയെ തൊഴാനും വേണ്ടി മലകയറുന്നവരുടെ കൂട്ടത്തില്‍ ഭക്തിസാന്ദ്രമായി എന്റെ മനസ്സും മലകയറുന്നു. ആ ദിവ്യന്റെ മുന്നില്‍ ഒരിക്കല്‍ക്കൂടെ പ്രണമിക്കുന്നു.

  39. എനിക്കും ഇന്നേ ഇവിടെ വരാന്‍ കഴിഞ്ഞുള്ളു..ഒരുപാടു കേട്ടിട്ടുണ്ട് രായിരനെല്ലൂര്‍ മല കയറ്റത്തെ പ്പറ്റി.ഒരിക്കല്‍ ടി.വി.യില്‍ കണ്ടിട്ടും ഉണ്ട്,ആ ക്ഷേത്രവും,പ്രതിമയും ഒക്കെ. ഈ പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത് ആള്‍ രൂപന്‍ പറഞ്ഞു..ഇനി എന്നാ തിരുവില്വാമല പുനര്‍ജനിയില്‍ പോകുന്നത്?
    അത് എന്റെ അമ്മേടെ നാടാ..

  40. നിരക്ഷരന്‍ ചേട്ടാ, താങ്കളുടെ യാത്രാ വിവരങ്ങള്‍ നന്നായിട്ടുണ്ട്.സമയം കിട്ടുന്നതനുസരിച്ച് ഓരോന്നായി വായിച്ചു കോണ്ടിരിക്കുന്നു.ആമയൂര്‍ മനയിലെ ഭട്ടതിരിപ്പാടിനെ കുറിച്ചും,രായിരാം കുന്നിനെ കുറിച്ചും ഒരിക്കല്‍ മാത്രുഭൂമിയില്‍ വാരാന്തപതിപ്പില്‍ വായിച്ചിരുന്നു.“ധൂമമച്ചാലെ ധൂം” എന്ന തലക്കെട്ടോടെ ശ്രീരാമന്‍ ആണ് എഴുതിയത് എന്നാണ് ഓര്‍മ്മ. താങ്കളുടെ വിവരണം കൂടുതല്‍ കാര്യങ്ങള്‍ മനസ്സലാക്കി തന്നു,ഫോട്ടോയും നന്നായിരുന്നു..നാറാണത്ത് ഭ്രാന്തനെ ആ കുന്നില്‍നിന്ന് വേര്‍പെടുത്തി വേലിക്കെട്ടി നിര്‍ത്തിയത് മനപ്പൂര്‍വ്വമാണ്, അല്ലെങ്കില്‍ കുന്നിന് താഴെ താമസിക്കുന്ന ഭ്രാന്തന്മാര്‍ക്ക് സ്വര്യമായി ജീവിക്കാന്‍ പറ്റില്ലല്ലോ..അവരുടെ അഹങ്കാരത്തിന് മുകളിലൂടെ നാറാണത്ത് ഭ്രാന്തന്‍ എപ്പോഴും കല്ല് ഉരുട്ടി കോണ്ടിരിക്കും

  41. വായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം

  42. നിരക്ഷരന്‍ ചേട്ടോ………. എന്‍റെ കവിതയിലിണക്കാന്‍ ഭ്രാന്തന്‍റെ കാല്ച്ചങ്ങല വിഴുങ്ങിയ കാഞ്ഞിരമരത്തിന്‍റെ പടം തപ്പിയിറങ്ങിയതാ അതു നടന്നില്ലെങ്കിലും പണ്ട്
    നടന്നുതീര്‍ത്ത വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു കറങ്ങിയ പ്രതീതിയുണ്ടിപ്പോള്‍
    ഭ്രാന്തനെ തളച്ച മരത്തിനു പിന്നില്‍ കല്ലുരുട്ടിയ അതേ
    ഊര്‍ജ്ജം മെനഞ്ഞ ഗുഹകളുമുണ്ട്
    ഭ്രാന്തചലത്തിലേക്കുള്ള യാത്ര പെട്ടെന്നുതന്നെ നടക്കട്ടെയെന്നാശംസിക്കുന്നു
    എന്‍റെ കവിതയുടെ പൂര്‍ണതക്കായി ആ ചിത്രം താങ്കളുടെ ബ്ലോഗില്‍ നിന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ആശംസകളോടെ
    അക്ഷരവൈരി
    നാറാണത്ത്മലയില്‍

Leave a Reply to ജുജുസ് തളിക്കുളം Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>