എറണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡ് ആരംഭിക്കുന്ന കവലയിൽ കുറെ നാൾ മുൻപ് വരെ വലിയ ട്രാഫിക്ക് കുടുക്കുകളായിരുന്നു. വലിയ കണ്ടൈനർ ലോറികൾ വളയുന്ന സമയത്ത് ഇത് സ്വാഭാവികമാണ്. അതിന് പരിഹാരമെന്നോളം കവലയിൽ റൗണ്ട് എബൗട്ട് സ്ഥാപിച്ചു. റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കേണ്ടത് എങ്ങനെയാണെന്ന് ജനങ്ങൾക്ക് അറിയില്ലെങ്കിലും കാര്യങ്ങൾ കുറേയൊക്കെ മെച്ചപ്പെടുക തന്നെ ചെയ്തു.
റൗണ്ട് എബൗട്ടിൽ പ്രവേശിച്ച് കഴിഞ്ഞ വാഹനത്തിനാണ് എപ്പോളും മുൻഗണന. അയാൾ പുറത്തേക്കുള്ള വഴികളിലേക്ക് കടക്കുന്നതിനിടെ അത് തടസ്സപ്പെടുത്തിക്കൊണ്ട് പുറത്ത് നിന്ന് വരുന്ന വഴികളിൽ നിന്ന് വാഹനങ്ങൾ റൗണ്ടിലേക്ക് കടക്കാൻ പാടില്ല എന്നാണ് ചട്ടം. റൗണ്ടിനകത്തേക്ക് കടക്കുന്നവരും പുറത്തേക്ക് കടക്കുന്നവരും കൃത്യമായി സിഗ്നലുകൾ കാണിക്കുകയും വേണം. ഇത് പക്ഷേ ജനത്തിന് അറിയില്ല, അറിയാത്തവരെ ബോധവൽക്കരണം നടത്താനുള്ള നടപടികളൊന്നും ഉണ്ടാകുന്നുമില്ല. (ഡ്രൈവിങ്ങ് സ്ക്കൂളുകളിൽ എങ്ങനാണോ എന്തോ.)
ഈ റൗണ്ട് എബൗട്ടിന്റെ പരിസരത്ത് നടക്കുന്ന അപകടകരമായ ട്രക്ക് പാർക്കിങ്ങ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. റൗണ്ടിൽ നിന്ന് വെളിയിൽ കടക്കുന്ന ഒരു വാഹനത്തിലെ ഡ്രൈവർക്ക് അയാളുടെ ഇടത്തുവശത്തു നിന്നുള്ള വഴികളിൽ നിന്ന് കയറി വരുന്ന വാഹനങ്ങളെപ്പറ്റി ധാരണ വേണം, ആ വാഹനങ്ങൾ കാണാൻ സാധിക്കണം. ഇല്ലെങ്കിൽ അപകടം ഉറപ്പാണ്. ഈ റൗണ്ടിൽ കാഴ്ച്ചയെല്ലാം മറച്ചുകൊണ്ട് കൂറ്റൻ ട്രക്കുകൾ വഴിയുടെ വശങ്ങളിലും നടുക്കുമൊക്കെ പാർക്ക് ചെയ്തിരിക്കുകയാണ്. നോ പാർക്കിങ്ങ് എന്ന് പല ബോർഡുകളും റൗണ്ടിന്റെ പരിസരങ്ങളിൽ കാണാമെങ്കിലും അതൊന്നും ഇക്കൂട്ടർക്ക് ബാധകമല്ല. (നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾ, മുന്നിലാണോ പിന്നിലാണോ അകത്താണോ പുറത്താണോ, പാർക്കിങ്ങ് നിരോധനമെന്ന് ചിന്താക്കുഴപ്പം ഉണ്ടാക്കാൻ പോന്നതുമാണ്.)
നാലുവരിയുള്ള കണ്ടൈനർ റോഡിൽ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നതുകൊണ്ട് പലപ്പോഴും ഒരു വരി വാഹനങ്ങൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ടാറുമുണ്ട്. മുളവുകാട് പോലീസ് സ്റ്റേഷനിലെ ഏമാന്മാർ (*)’മാസാവസാനപ്പിരിവി’ന് ആളെപ്പിടിക്കാൻ സ്ഥിരമായി വന്നുനിൽക്കുന്ന കവലയിലെ കാര്യമാണ് ഇപ്പറയുന്നത്. ഇതേ ഏമാന്മാരിൽ ചിലർ മൂന്നാം പാലം തുടങ്ങുന്നയിടത്ത് സ്ഥിരമായി വന്നുനിൽക്കുന്നത് മദ്യപിച്ചവരെ പിടികൂടാനാണ്.
പക്ഷേ മേൽപ്പറഞ്ഞതുപോലുള്ള പ്രശ്നങ്ങളൊന്നും പൊലീസുകാരുടെയോ ട്രാഫിക് അധികൃതരുടേയോ കണ്ണിൽ നിയമലംഘനമല്ല. രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികൾ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരാണെന്ന മട്ടിലാണ് പൊലീസ് / ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നടപടികൾ.
ആദ്യമായി, നല്ല റോഡുകൾ വേണം, അതിനു് ശേഷം സീറ്റ് ബെൽറ്റും ഹെൽമറ്റും ഇടാത്തവരെ പിടിക്കാൻ ഇറങ്ങിയാൽ കണ്ടുനിൽക്കാൻ ഒരു രസമുണ്ട്. ബഹുഭൂരിപക്ഷം റോഡുകളും കുഴിയാണ്. അവിടെയെല്ലാം കിടന്ന് നിരങ്ങണം. അതിനിടയ്ക്ക് ഒരു തിരക്കുമില്ലാത്തെ നല്ല റോഡ് വരുമ്പോൾ അൽപ്പം വേഗത കൂട്ടി യാത്രാസമയം ലാഭിക്കാൻ നോക്കിയാൽ ഉടനെ ഫോട്ടോ എടുത്ത് വീട്ടിലേക്കയക്കും, ഫൈനടിക്കും. MP, MLA, മന്ത്രി പുംഗവന്മാരുടെ വാഹനങ്ങൾ, ട്രാൻസ്പോർട്ട് ബസ്സുകൾ, സർക്കാർ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം അമിതവേഗമാകാം എന്ന് വാർത്ത കണ്ടു കഴിഞ്ഞയാഴ്ച്ച. റോഡുകളിലെ അപകടങ്ങൾ കുറയ്ക്കുക എന്നതാണ് സീറ്റ് ബെൽറ്റ് ഹെൽമറ്റ് എന്നിവ കർശനമാക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കോളൂ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. നിയമം രണ്ട് തരത്തിൽ നടപ്പിലാക്കാനുള്ളതാണോ ? രാജാവായാലും മന്ത്രിയായാലും പ്രജകളായാലും നിയമങ്ങൾ ഒരുപോലെ നടപ്പിലാക്കപ്പെടണം.
(*) ഓരോ പൊലീസ് സ്റ്റേഷനിലും എല്ലാ മാസവും നിശ്ചിത എണ്ണം വാഹന-പെറ്റിക്കേസുകൾ പിടിച്ചിരിക്കണമെന്ന് അലിഖിത നിയമം ഉള്ളതായിട്ട് ഒരു ട്രാഫിക്ക് ഓഫീസർ (പേരോർക്കുന്നില്ല.) എഫ്.എം. റോഡിയോയിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കുറേ കേസുകൾ ഉണ്ടാക്കുക. അതിൽ നിന്ന് സർക്കാരിലേക്ക് വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം ജനങ്ങളുടെ സുരക്ഷ സത്യത്തിൽ ഈ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നുണ്ടോ ?
രാത്രികാലങ്ങളിൽ ഹെഡ് ലൈറ്റ് പോലും ഇല്ലാതെ വരുന്ന നിരവധി കണ്ടൈനർ ലോറികളെ കാണാൻ ആദ്യം പറഞ്ഞ കവലയിൽ ചെന്ന് നിന്നാൽ മതിയാകും. അവർ മറ്റ് വാഹനങ്ങൾക്ക് ഉണ്ടാക്കുന്ന അപകട ഭീഷണി ചില്ലറയാണോ ? ഇക്കാലത്തിനിടയ്ക്ക് എത്ര ഹെഡ് ലൈറ്റ് ഇല്ലാത്ത വാഹനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ? ഉണ്ടെങ്കിൽത്തന്നെ വിരലിൽ എണ്ണാവുന്നതേ കാണൂ. കാരണം, രാത്രി റോഡിലിറങ്ങി നിന്ന് പണിയെടുക്കാൻ തയ്യാറായാലേ അത്തരം കേസുകൾ ചാർജ്ജ് ചെയ്യപ്പെടൂ.
ചിലർക്ക് നിയമങ്ങളെപ്പറ്റിയൊന്നും യാതൊരു പിടിപാടുമില്ല. ചിലർക്ക് നിയമങ്ങൾ ലംഘിക്കാൻ വേണ്ടി മാത്രമുള്ളതാണ്. ചിലർക്ക് നിയമങ്ങൾ അന്യായമായി പണം സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. ഇതിനിടയ്ക്ക് പെട്ടുപോകുന്ന വേറെ കുറേപ്പേരുണ്ട്. അക്കൂട്ടരെ സാധാരണക്കാരെന്ന് പറയും. തിരഞ്ഞെടുപ്പ് സമയമൊക്കെ ആകുമ്പോൾ കഴുതകൾ എന്നും പറയാറുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരുവന്റെ ചില ആശങ്കകൾ പങ്കുവെച്ചെന്ന് മാത്രം. മാറ്റമൊന്നും പ്രതീക്ഷിക്കുന്നതേയില്ല.
വാൽക്കഷ്ണം :- മീശയുള്ള ഒരപ്പൻ ഉണ്ടായിരുന്നു. പിൻസീറ്റ് സീറ്റ്ബെൽറ്റ് പ്രശ്നത്തിൽ അങ്ങേരു് കളഞ്ഞിട്ട് പോയി. ഇപ്പോൾ അതേ സീറ്റിൽ ചാർജ്ജെടുത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ പുസ്തകങ്ങളെപ്പറ്റിയൊക്കെ ധാരാളം കേട്ടിട്ടുണ്ട്, ചിലത് വായിച്ചിട്ടുമുണ്ട്. ഫലവത്തായ എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ആ കസേരയിലിരുന്ന് നടപ്പിലാക്കിയതായി മാത്രം കേട്ടിട്ടില്ല.
ആദ്യം ഡ്രൈവിങ്ങ് സ്കൂൾ തൊട്ടു തുടങ്ങണം. അവിടെ പഠിപ്പിക്കുന്നവർക്കും എന്തെങ്കിലും ചില ട്രെയിനർ യോഗ്യതകൾ ഉണ്ടാവണം. ചുരുങ്ങിയ പക്ഷം അവർക്കെങ്കിലും ഒരു ധാരണയുണ്ടാവണം ഇടത്തും വലത്തും പിടിപ്പിച്ചിട്ടുള്ള ഓറഞ്ച് ലൈറ്റുകൾ എന്തിനാണെന്നും അവ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നും മനുഷ്യജീവന്റെ വില എന്താണെന്നും.
ഏറെക്കാലം കാര്യമായ യാതൊരു അപകടവും വരുത്താതെ പലതരം വാഹനങ്ങളും പല വേഗത്തിലും ഓടിച്ചുജീവിച്ച പരിചയമുണ്ടു്. പക്ഷേ, ഇവിടെയല്ല, വിദേശരാജ്യങ്ങളിൽ. എന്നാൽ ആ പായസമിളക്കുന്ന പരിപാടി (മാനുവൽ ഗിയർ) അത്ര പിടിയില്ല. മാത്രമല്ല, നാട്ടിലേതുപോലെ ഡ്രൈവിങ്ങ് ഒരു മരണപ്പോരാട്ടമായല്ല, സുന്ദരവും ആയാസരഹിതവുമായ ഒരു കലയോ വിനോദമോ ആയാണു പരിചയം. അതുകൊണ്ടു് ഒരു പത്തുമണിക്കൂറെങ്കിലും ട്രെയിനിങ്ങ് എടുത്തു് ഇന്ത്യൻ ലൈസൻസും സംഘടിപ്പിച്ചിട്ടാവാം സ്വന്തമായി കാറു വാങ്ങുക തുടങ്ങിയ ബാക്കി കാര്യങ്ങളൊക്കെ എന്നു കരുതി. ഒരു സുഹൃത്തിന്റെ ശിപാർശ അനുസരിച്ച് “ഏറ്റവും മികച്ച” ഒരു ട്രെയിനറേയും സമീപിച്ചു. സുരക്ഷിതമായ ഏതെങ്കിലും ഒരു ഗ്രൗണ്ടിൽ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ഗിയർ മാറ്റം പഠിച്ചിട്ടേ റോഡിലേക്കിറങ്ങൂ എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ആ ഭീകരൻ SH-22ലെ ഏറ്റവും തിരക്കുള്ള കൂർക്കഞ്ചേരി-ചേർപ്പ് സെഗ്മെന്റിൽ ട്രാക്കിൽ തന്നെ നിർത്തി എന്നെ ഡ്രൈവർ സീറ്റിൽ പ്രതിഷ്ഠിച്ചുകൊണ്ടാണു് വിദ്യാരംഭം തുടങ്ങിയതു്. മുന്നിലും പിന്നിലും അണിനിരന്ന വാഹനങ്ങളുടെ ഹോണടിക്കിടെ, വലതുവശത്തു് ഒറ്റ സ്റ്റീയറിങ്ങും ഒരൊറ്റ സെറ്റ് കണ്ട്രോൾ പെഡലുകളുമുള്ള ഒരു പഴയ സാദാ മാരുതി വാഹനത്തിലിരുന്നു് ഞാൻ ടെൻഷനടിച്ചു് വിയർത്തുകുളിച്ചു. “ക്ലച്ചുചവിട്ടടോ” “ഗിയറു ഫസ്റ്റിലിടടോ” “ബ്രേക്ക് ചവിട്ടടോ” എന്നെല്ലാം ഗുരുവര്യൻ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും ദാരുണമായ അനുഭവമായിരുന്നു രണ്ടുകിലോമീറ്ററോളം ആ വണ്ടിയും വലിച്ചിഴച്ചുകൊണ്ടു് എന്റെ ‘കിളി’ പറന്നതു്. ആ മഹാസേവനത്തിനു് 300 രൂപയും കയ്യിൽ കൊടുത്തു് ‘കമാ’ന്നൊരക്ഷരം മിണ്ടാതെ ഞാൻ രക്ഷപ്പെട്ടു.
ഇത്തരം ഹറാംപിറന്ന ക്രിമിനലുകളാണു് നമ്മുടെ നാട്ടിൽ ഡ്രൈവിങ്ങിനു് ഹരിശ്രീ കുറിച്ചുതരുന്നതെങ്കിൽ പിന്നെ എന്തു പറയാൻ?
റൗണ്ട് എബൗട്ടുകളിൽ വണ്ടി ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ആരാണു നമ്മുടെ പ്രാകൃതഡ്രൈവർമാർക്കു് പറഞ്ഞുകൊടുക്കുക? റൗണ്ടിലൂടെ തിരിഞ്ഞു് പുറത്തുകടക്കാൻ ശ്രമിക്കുന്ന കാറുകാരനെ വശത്തുനിന്നും തിക്കിത്തിരക്കുന്ന പ്രൈവറ്റ് ബസ്സിനെ ബ്ലോക്കുചെയ്തു എന്ന ന്യായം പറഞ്ഞു് ശകാരിക്കുന്ന പോലീസുകാരെ കണ്ടിട്ടുണ്ടു്. ആദ്യം ആ ഏമാന്മാർക്കെങ്കിലും അറിയണം, “Right of way” എന്ന ആശയത്തിന്റെ അർത്ഥവും ചതുരക്കവലയിലും റൗണ്ട് എബൗട്ടിലും അതിന്റെ വ്യത്യാസവും.
ചുരുങ്ങിയ പക്ഷം ഓരോ ബോർഡെങ്കിലും വെച്ചുകൊണ്ടു് തുടങ്ങാം. [പക്ഷേ, ബോർഡിൽ അറിയിപ്പ് ചെറുതായും ആ ബോർഡ് സ്പോൺസർ ചെയ്ത കമ്പനിയുടെ പരസ്യം മത്തങ്ങ പോലെയും ആവുമെന്നു മാത്രം].
വഴിയോരങ്ങളിൽ (സ്വകാര്യഭൂമികളിലാണെങ്കിൽ പോലും) പരസ്യവും രക്തസാക്ഷിമണ്ഡപവും ജയ്മാതാ-കാളീസേവാമന്ദിരങ്ങളും സ്ഥാപിച്ച് വാഹനമോടിക്കുന്നവരുടെ വിസിബിലിറ്റി ഇല്ലാതാക്കുന്നതിനെക്കുറിച്ചും ഒരു അവനും വിരോധമോ വികാരമോ ഇല്ല. ഇനി അഥവാ ഏതെങ്കിലും ഏമാനു തോന്നിയാൽ ലോക്കൽ എം.എൽ.എ.യുടെയോ കുട്ടിനേതാവിന്റെയോ ഫ്ലെക്സ്ബോർഡ് എടുത്തുമാറ്റാൻ അഥവാ ശ്രമിച്ചാൽ, അയാൾക്കു് എപ്പോ പണി കിട്ടി എന്നു ചോദിച്ചാൽ മതി.
നമ്മുടെ റോഡുകളുടെ നടുവരിയിലല്ല അപകടങ്ങൾ പതിയിരിക്കുന്നതു്. അവയുടെ വിനീതമായ, അനാഥമായി ആരാനുവേണമെങ്കിലും തോന്നിവാസം കാണിക്കാവുന്ന, അരികുകളിലാണു്. അവ തുരുമ്പു പിടിച്ച കുറ്റികളായോ ഇടിഞ്ഞുപൊളിഞ്ഞ കാനകളായോ ദ്രവിച്ച് പോയിട്ടും പ്രേതങ്ങളായി യഥാർത്ഥ ട്രാഫിൿ അറിയിപ്പുകളെ മറച്ചുകൊണ്ടു നിൽക്കുന്ന പോസ്റ്ററുകളായോ അഞ്ചുകൊല്ലം മുമ്പു കഴിഞ്ഞുപോയ എലൿഷന്റെ ഫ്ലെക്സ്ബോർഡ് അസ്ഥികൂടമായോ ആളുകൾ കൂടിനിൽക്കുന്ന ചന്തസ്ഥലങ്ങളായോ ഏതവതാരത്തിലും ഉണ്ടാകാം.
മനോജേട്ടാ ആ റോഡിന്റേ പേര് സൂചിപ്പിക്കുന്നതുപോലെ അവന്മാർക്ക് പതിച്ചുകൊടുത്തതാണ് ഈ റോഡെന്ന് തോന്നും അവർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ. കൃത്യം ഒരു വാഹനം കടന്നുപോകാനുള്ള സ്ഥലം ഇട്ടിട്ടാണ് പാർക്ക് ചെയ്തിരിക്കുന്നത്. പല വാഹനങ്ങളും ആഴ്ചകളായി സ്ഥിരമായി പാർക്ക് ചെയ്തവയാണ്. ബോൾഗാട്ടിയിൽ മാത്രമല്ല ചേരാനല്ലൂർ സിഗ്നലിൽന്റെ പരിസരം, കളമശ്ശേരി ആനവാതിൽ സിഗ്നൽ, കളമശ്ശേരി പ്രീമിയർ ടയേഴ്സിനടുത്തുള്ള ഫ്ളൈ ഓവർ ഇവിടെ എല്ലാം ഇതുതന്നെ അവസ്ഥ. ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ പലപ്പോഴും തോന്നു ഇതിന്റെയൊക്കെ ചില്ലും ഹഡ് ലൈറ്റും തല്ലിപ്പൊട്ടിക്കാൻ.
മീശയുള്ള ഒരപ്പൻ ഉണ്ടായിരുന്നു. പിൻസീറ്റ് സീറ്റ്ബെൽറ്റ് പ്രശ്നത്തിൽ അങ്ങേരു് കളഞ്ഞിട്ട് പോയി. ഇപ്പോൾ അതേ സീറ്റിൽ ചാർജ്ജെടുത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ പുസ്തകങ്ങളെപ്പറ്റിയൊക്കെ ധാരാളം കേട്ടിട്ടുണ്ട്, ചിലത് വായിച്ചിട്ടുമുണ്ട്. ഫലവത്തായ എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ആ കസേരയിലിരുന്ന് നടപ്പിലാക്കിയതായി മാത്രം കേട്ടിട്ടില്ല.