റോഡെല്ലാം ഇപ്പ ശരിയാക്കിത്തരാം.


1

ഴ മാറിയാൽ ഉടൻ റോഡ് നിർമ്മാണം നടത്തുമെന്ന് മാതൃഭൂമിയിൽ മന്ത്രിയുടെ പ്രഖ്യാപനം വാർത്തയായി കണ്ടപ്പോൾ, ആ വിഷയത്തിൽ ചിലത് കുറിക്കണമെന്ന് തോന്നി.

തൽക്കാലം എറണാകുളത്തെ റോഡുകൾ മാത്രം ഉദാഹരണമാക്കാം. തകർന്ന റോഡുകളുടേയും തകരാത്ത റോഡുകളുടേയും കണക്കെടുത്താൽ, തകരാത്ത റോഡുകൾ എല്ലാം നിർമ്മിച്ചത് KMRL അല്ലെങ്കിൽ ദേശീയപാത അതോറിറ്റി ആണെന്ന് മനസ്സിലാക്കാം. തകർന്ന റോഡുകളെല്ലാം PWD യുടെ വകയും.

മൂന്ന് വർഷം മുൻപ് KMRL ഉണ്ടാക്കിയ റോഡുകൾക്കൊന്നും കാര്യമായ ഒരു കുഴപ്പവുമില്ല. അതിന്റെ കാരണം വളരെ ലളിതമാണ്. KMRL റോഡ് നിർമ്മിക്കാൻ ഏൽ‌പ്പിക്കുമ്പോൾ നിശ്ചിത കാലയളവിൽ റോഡ് തകർന്നാൽ കോണ്ട്രാൿടർ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, പുനഃനിർമ്മാണവും നടത്തേണ്ടി വരും എന്ന നിബന്ധനയുണ്ട്. KMRL നും കോണ്ട്രാൿടർക്കും ഇടയിൽ കൈയ്യിട്ട് വാ‍രാൻ പാർട്ടിക്കാരോ ഉദ്യോഗസ്ഥരോ ഇല്ലതാനും. അതുകൊണ്ടുതന്നെ നിശ്ചിത തുകയിൽ നിലവാരമുള്ള റോഡുകൾ ഉണ്ടാക്കാൻ KMRL ന്റെ കോണ്ട്രാൿടർക്ക് കഴിയുന്നു.

ഇതിന്റെ നേർവിപരീതമായ കാര്യമാണ് PWD റോഡ് നിർമ്മാണത്തിൽ നടക്കുന്നത്. റോഡ് പണി കഴിഞ്ഞാൽ ബില്ല് പാസ്സായി പണം കിട്ടാൻ കോണ്ട്രാൿടർമാർ ഉദ്യോഗസ്ഥർക്ക് നല്ല കൈമടക്ക് കൊടുക്കേണ്ടി വരുന്നു. അതത് ഇടങ്ങളിലെ പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും ഇത്രയും പണം നൽകിയശേഷം റോഡ് പണി ലാഭകരമായി തീർക്കാൻ കോണ്ട്രാൿടർക്ക് കഴിയില്ല. അതുകൊണ്ട് അയാൾ കള്ളപ്പണി ചെയ്യുന്നു. കൈക്കൂലി വാങ്ങിയവർ ആ കള്ളപ്പണി കണ്ടെല്ലെന്ന് നടിച്ച് ബില്ല് പാസ്സാക്കി കൊടുക്കുകയും ചെയ്യുന്നു.

ഇതിങ്ങനെ കാലാകാലം തുടർന്ന് പോയാലേ കോണ്ട്രാൿടർമാർക്ക് സമയാസമയം പണിയുണ്ടാകൂ. എന്നാലേ കൈക്കൂലിക്കാർക്ക് സർക്കാർ ശമ്പളത്തിന് പുറമേ മറ്റൊരു വരുമാനം ഉണ്ടാകൂ. ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും ഇതിനൊരു മാറ്റമില്ലെന്ന് ഇക്കാലമത്രയും നാം കണ്ടതാണ്.

3

കേരളത്തിലെ എത്ര റോഡുകൾ ഒരു മഴയ്ക്കപ്പുറം നിലനിന്നിട്ടുണ്ട് ? അത് വളരെച്ചുരുക്കമായിരിക്കും. വൈപ്പിൻ‌കരയിലെ റോഡിന്റെ ഒരു കഥ ഈ അവസരത്തിൽ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഏകദേശം 20 വർഷം മുൻപാണെന്ന് തോന്നുന്നു, അതിഗംഭീരമായി ആ റോഡ് പുതുക്കിപ്പണിതു. കൌതുകപൂർവ്വം ആ റോഡ് പണി ഞാൻ നോക്കിനിന്നിട്ടുണ്ട്. പണി കഴിഞ്ഞപ്പോഴേക്കും റോഡിന് വശങ്ങളിൽ നിന്ന് ഒരടിയോളം ഉയരം കൂടി പലയിടങ്ങളിലും. ഇരുചക്രവാഹനക്കാർക്ക് റോഡിൽ നിന്ന് ഇടറോഡുകളിലേക്കും വശങ്ങളിലേക്കും കടക്കാൻ ഈ ഉയരവ്യത്യാസം പ്രശ്നം സൃഷ്ടിച്ചു. പലയിടത്തും അപകടങ്ങൾ ഉണ്ടായി; പലരും വീണു. വൈപ്പിൻ കരയിലെ അതാത് പഞ്ചായത്തുകൾ, റോഡും വശങ്ങളും തമ്മിലുള്ള ഉയരക്കുറവ് മണ്ണിട്ട് നികത്തിയാണ് ആ പ്രശ്നം പരിഹരിച്ചത്.

ഈ റോഡ് ഒരു വ്യാഴവട്ടത്തിലേറെക്കാലം ഒരു കുഴിപോലുള്ള രൂപപ്പെടാതെ നിലനിന്നു. അപ്പോഴേക്കും ഒരു കുടിവെള്ളപദ്ധതി വന്നു. ചെറായിമുതൽ തെക്കോട്ട് വൈപ്പിൻ വരെയുള്ള ഭാഗം JCB ഉപയോഗിച്ച് കുഴിച്ചിളക്കി. റോഡിന്റെ ഒരു വശം പൂർണ്ണമായും നശിപ്പിച്ചു. ബാക്കിയുള്ള വശത്തേയും അത് സാരമായി ബാധിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞശേഷമാണ് പൊളിച്ചിളക്കിയ ആ റോഡ് പൂർവ്വസ്ഥിതിയിലാക്കിയത്. എന്നാലും പഴയ നിലവാരത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.

അതേ സമയം ചെറായി മുതൽ മുനമ്പം വരെയുള്ള ഭാഗത്ത് കുടിവെള്ളപദ്ധതിയുടെ ഭാഗമല്ലാത്തതുകൊണ്ട് ആ റോഡ് കുഴിക്കേണ്ടി വന്നില്ല. ഇന്നും ആ റോഡ് ചെന്ന് നോക്കിയാൽ അന്നുണ്ടാക്കിയ റോഡിന്റെ നിലവാരം മനസ്സിലാക്കാനാവും. പക്ഷെ അങ്ങനെ നിലവാരമുള്ള റോഡുകൾ ഉണ്ടാക്കിയാൽ കോണ്ട്രാൿടർമാർക്ക് പണിയില്ലാതാകും. അവരെ ഊറ്റി ജീവിക്കുന്ന ഉദ്യോഗസ്ഥന്മാർക്കും പാർട്ടിക്കാർക്കും പോക്കറ്റിലേക്ക് ഒന്നും ചെല്ലില്ല.

കേരളത്തിലെ റോഡുകൾ പൊട്ടിപ്പൊളിയുന്നതിന്റെ കാരണം മഴയാണെന്ന് കാലാകാലങ്ങളായി ജനങ്ങളെ വിശ്വസിപ്പിക്കാൻ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണഭൂതരായവർക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇന്നാട്ടിലേക്കാൾ അധികം മഴ കിട്ടുന്ന രാജ്യങ്ങളിൽ ഒരു കുഴപ്പവുമില്ലാതെ കിടക്കുന്ന റോഡുകളുടെ കണക്ക് നിരത്തേണ്ടി വരും. മഴയല്ല റോഡുകൾ പൊട്ടിപ്പൊളിയുന്നതിന്റെ കാരണം. അഴിമതി, കൈക്കൂലി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ഉത്തരവാദിത്വമില്ലായ്മ എന്നീ കാരണങ്ങൾ മാത്രമാണ് അതിന് പിന്നിലുള്ളത്.

മഴ കഴിഞ്ഞാൽ റോഡ് പണി പുനഃരാരംഭിക്കും എന്ന് മന്ത്രി സുധാകരൻ പറയുന്നുണ്ടല്ലോ ? കേരളത്തിൽ എവിടെയെങ്കിലും 5 കിലോമീറ്റർ റോഡ്, എത്ര മഴ പെയ്താലും 10 കൊല്ലത്തിനിടയിൽ പൊട്ടിപ്പൊളിയാത്ത രീതിയിൽ നിർമ്മിക്കാൻ മുൻ‌കൈ എടുക്കാൻ അദ്ദേഹത്തിനാകുമോ ? അതിന് മാ‍ർഗ്ഗനിർദ്ദേശങ്ങൾ എന്തെങ്കിലും വേണമെങ്കിൽ, നേരത്തെ പറഞ്ഞ വൈപ്പിൻ കരയിലെ ചെറായി മുതൽ മുനമ്പം വരെയുള്ള ഭാഗത്ത് എവിടെയെങ്കിലും റോഡ് പൊട്ടിച്ച് അതിന്റെ പരിച്ഛേദം എടുത്ത് എത്തരത്തിലുള്ള നിർമ്മാണമാണ് കൈക്കൊണ്ടത് എന്ന് പരിശോധിക്കാം. കാർബൺ ടെസ്റ്റും ഉത്ഘനനവുമൊക്കെ ചത്ത് മണ്ണടിഞ്ഞിട്ട് മാത്രമല്ല, ഒരേ ഗതികേട് നിരന്തരം അനുഭവിക്കേണ്ട അവസ്ഥയുണ്ടാകുമ്പോൾ ജീവനോടെ ഇരിക്കുന്ന സമയത്തും കൈക്കൊള്ളാവുന്ന ശാസ്ത്രീയ രീതികളാണ്. 40 ടൺ ഭാരമുള്ള വാഹനങ്ങൾ പോകുന്ന റോഡിൽ അഥവാ നിശ്ചിതഭാരമുള്ള വാഹനങ്ങൾ പോകാനുള്ള റോഡുണ്ടാക്കുമ്പോൾ പാലിക്കേണ്ട ശരാശരി കണക്കുകളും നിബന്ധനകളും എന്തൊക്കെയാണെന്ന് പഠിച്ച് അതിനനുസരിച്ച് കൃത്യമായി റോഡ് പണി ഇവിടെ നടക്കുന്നുണ്ടോ ? കുറച്ച് മെറ്റലും ടാറും കൂട്ടിക്കുഴച്ച് സ്റ്റിക്കർ പോലെ റോഡിലൊട്ടിക്കുന്നതിനെ റോഡ് പണിയെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്.

ഇതൊന്നും ചെയ്യാൻ പറ്റിയാലും ഇല്ലെങ്കിലും PWD എന്ന വകുപ്പ്, നിലവിൽ ഇതുവരെയുടെ പ്രവർത്തനങ്ങളുടെ കണക്കെടുത്താൽ വെറും ഒരു വെള്ളാന മാത്രമാണ്. KMRL കൊച്ചിയിൽ ഉണ്ടാക്കിയ ഫ്ലൈ ഓവറുകളും PWD പാലാരിവട്ടത്ത് ഉണ്ടാക്കിയ ഫ്ലൈ ഓവറും അതുണ്ടാക്കാൻ എടുത്ത സമയവുമൊക്കെ അറിയുന്നവർക്ക് അക്കാര്യം ബോദ്ധ്യപ്പെടാൻ ബുദ്ധിമുട്ടൊന്നുമില്ല. ആയതിനാൽ PWD എന്ന ഉടായിപ്പ് പിരിച്ചുവിട്ട്, KMRL പോലെയോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ ഏജൻസികൾക്കോ റോഡുകളും പാലങ്ങളും പണിയാനുള്ള ഉത്തരവാദിത്വം നൽകാൻ പറ്റിയാൽ അതിൽ‌പ്പരം പുണ്യം മറ്റൊന്നില്ല.

ഓരോ പ്രാവശ്യവും റോഡ് പണി എന്ന പേരിൽ ഉപയോഗിക്കുന്ന മണ്ണും കല്ലുമൊക്കെ എവിടെയോ ഒരു മലയിടിച്ചോ പുഴ നശിപ്പിച്ചോ ഉണ്ടാക്കുന്നതാണ്. പ്രകൃതിയോട് കാണിക്കുന്ന ആ ഉത്തരവാദിത്വമില്ലായ്മയ്ക്ക് കൂടെ കണക്ക് ബോധിപ്പിക്കാൻ ഈ കെടുകാര്യസ്ഥതയ്ക്ക് കൂട്ടുനിൽക്കുന്നവർ ബാദ്ധ്യസ്ഥരാണ്. ഇത്തരം റോഡുകൾ കാരണമുണ്ടാകുന്ന ജീവാപായങ്ങളെപ്പറ്റി ഒന്നും പറയാത്തത്, അതേപ്പറ്റിയുള്ള കണക്കുകളും കാര്യങ്ങളും അറിയാഞ്ഞിട്ടല്ല. അതെല്ലാം കുറിക്കാൻ പോയാൽ എങ്ങുമെത്തില്ല എന്നതുകൊണ്ട് മാത്രമാണ്.

2

വാൽക്കഷണം:- നഗരത്തിലെ റോഡുകളിലുള്ള ഏറ്റവും വലിയ കുഴിയുടെ പടമെടുത്ത് അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്രമാദ്ധ്യമങ്ങൾ സമ്മാനം നൽകുന്ന പരിപാടികളിലേക്ക് വരെ ചെന്നെത്തിയിരിക്കുന്ന ഈ അവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല, ഭൂഷണവുമല്ല.

Comments

comments

One thought on “ റോഡെല്ലാം ഇപ്പ ശരിയാക്കിത്തരാം.

  1. തീർച്ചയായും വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാനപാത മാതൃകതന്നെ ആയിരുന്നു. വൈപ്പിനിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കണം എന്ന ജനങ്ങളുടെ പരിദേവനങ്ങൾ അധികാരികളുടെ ബധിരകർണ്ണങ്ങളിൽ പതിച്ച് നടപടികൾ ഇല്ലാതെ നീണ്ടുപോയപ്പോൾ വൈപ്പിനിലെ ഏതാനും ചില അഭിഭാഷകർ ഈ വിഷയവുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടേയും സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് തുടർന്നു. ഒടുവിൽ ഹൈക്കോടതി ജില്ലാകളക്ടർക്ക് നൽകിയ ഉത്തരവാണ് അന്താരാഷ്ട്രാനിലവാരത്തിൽ കേരളത്തിനാകെ മാതൃകയായി ഏഴുവർഷത്തിലധികം കുണ്ടുംകുഴിയുമാകാതെ, പൊട്ടിപ്പൊളിയാതെ നിന്ന റോഡ്. അഞ്ചുവർഷത്തെ ഗ്യാരന്റിയാണ് ആ റോഡിനു അന്ന് നൽകിയത്. ഏഴുവർഷങ്ങൾക്കിപ്പുറം കുടിവെള്ളപ്പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്നതുവരെ കാര്യമായ കേടുപാടുകൾ ഒന്നുമില്ലാതെ ആ റോഡ് നിലനിന്നു.

Leave a Reply to Manikandan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>