uu

നരകക്കോഴി


ന്മനാട്ടിലെ ജീവിതകാലത്ത്, ഉള്ളിലെവിടെയോ ചെറുതായി മാത്രം കോറിയിടപ്പെട്ട ദൃശ്യങ്ങളും സംഭവങ്ങളുമൊക്കെ നല്ല തിളക്കത്തോടെ ഒരാളുടെയുള്ളിൽ നിന്ന് പുറത്തുചാടണമെങ്കിൽ പ്രവാസത്തിന്റെ ചൂടൊന്ന് തട്ടിയാൽ മതി. എഴുതി ഫലിപ്പിക്കാൻ ആയില്ലെങ്കിലും, എല്ലാ പ്രവാസികൾക്കും പറയാനുണ്ടാകും ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത ഗൃഹാതുരത്വത്തിന്റെ പച്ച പുതപ്പിച്ച കഥകളും, മണൽക്കാറ്റേറ്റ് വിണ്ടുകീറിയ മനസ്സിന്റെ വിങ്ങലുകളുമൊക്കെ. പ്രവാസി നല്ലൊരു എഴുത്തുകാരൻ കൂടെയാണെങ്കിൽ കഥകൾക്ക് മിഴിവേറുന്നു. ഇസ്മായിൽ കുറുമ്പടിയുടെ കഥകളുടെ കാര്യത്തിലും അതുതന്നെയാണ് സത്യം.

നാല് തരം കഥകളാണ് ഇസ്മയിലിന്റെ ‘നരകക്കോഴി‘ എന്ന കഥാസമാഹാരത്തിലുള്ളത്. ഒരു കൂട്ടം കഥകൾ ഗൃഹാതുരത്വത്തിന്റേതാണ്. വായനയ്ക്കൊപ്പം നല്ല ചിന്തകൾക്ക് വഴിതെളിക്കുന്നതാണ് മറ്റൊരു കൂട്ടം കഥകൾ. വോട്ട്, തിളങ്ങുന്ന ഇന്ത്യ, ഹർത്താൽ എന്നിങ്ങനെയുള്ള കഥകൾ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് വിരൽ ചൂണ്ടുന്നു. സ്വാഭാവിക നർമ്മം വിതറുന്ന കഥകൾ കൂടെയാകുമ്പോൾ നരകക്കോഴി പല മാനസ്സികാവസ്ഥയിലേക്കും ചേരുന്ന വായനാനുഭവമാകുന്നു.
പ്രവാസം, അൽ‌പ്പസ്വൽ‌പ്പം എഴുത്തും വായനയുമുള്ള ഏതൊരാളെയും വേദാന്തികൂടെ ആക്കുന്നുണ്ടെന്ന് വേണം കരുതാൻ. രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ കഥകൾ പലതിനേയും അത്തരത്തിൽ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ‘കാത്തിരുപ്പ്‘ എന്ന കഥയാണ് ഒന്നാന്തരം ഉദാഹരണം. ജീവിച്ചിരിക്കുമ്പോൾ ഓരോരോ കാര്യങ്ങൾക്കായുള്ള കാത്തിരുപ്പ്, മരിച്ചുകഴിഞ്ഞാലും അവസാനിക്കണമെന്നില്ല. അമേരിക്കയിൽ നിന്ന് വരാനുള്ള മക്കൾക്കായി ദിവസങ്ങളോളം ഫ്രീസറിനുള്ളിലേക്ക് പോലും ആ കാത്തിരുപ്പ് നീണ്ടെന്ന് വരാം.

ചുറ്റുമുള്ള മനുഷ്യരേയും പ്രകൃതിയേയുമൊക്കെ സൂക്ഷ്മ നീരീക്ഷണത്തിന് വിധേയനാക്കിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്. നല്ല ഈർപ്പമുള്ള മണ്ണിൽ, പണ്ട് മണ്ണിര വളർന്നിരുന്ന ഇടങ്ങളിൽ ഇപ്പോളെന്തുകൊണ്ടാണ് മണ്ണിരകൾ വളരാത്തതെന്ന് വിശദീകരിക്കണമെങ്കിൽ അന്നുമിന്നും പ്രകൃതിയോട് അടുപ്പമുണ്ടായേ പറ്റൂ. കൈതോലപ്പായയുടെ പുതുമണം ഇഷ്ടപ്പെടുന്ന, കുടയുണ്ടായാലും മഴ നനയാനും, ചൂണ്ടയിടാനും കൊതിക്കുന്ന ഒരു ഗ്രാമീണൻ നാടുവിടുന്നതോടെ നഷ്ടബോധത്തിന്റെ നിരാശച്ചുഴിയിൽ കിടന്നാണ് കൈകാലിട്ടടിക്കുന്നത്. ആ അവസ്ഥ വായനക്കാരിലേക്ക് നിഷ്പ്രയാസം എത്തിക്കാൻ എഴുത്തുകാരനാവുന്നുണ്ട്. ബ്ലോഗുകളിൽ എന്നതുപോലെ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ളവയാണ് ഇസ്മായിലിന്റെ രചനകളിൽ ഏറെയും. രണ്ട് മാദ്ധ്യമങ്ങളിലും വായനക്കാരുള്ള അദ്ദേഹത്തിന്റെ കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുമ്പോൾ, ബ്ലോഗ് രചനകളുടെ അഥവാ ബ്ലോഗ് രചയിതാക്കളുടെ കൂട്ടത്തിൽ നിന്ന് എണ്ണം പറയാവുന്ന ഒരു കഥാസമാഹാരം കൂടെയാണ് വായനക്കാരിലേക്കെത്തുന്നത്.

പരീക്ഷണം എന്ന കഥ, ഇന്നാട്ടിൽ നടക്കുന്ന കാര്യം തന്നെയാണ്. അത് എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാ കാര്യങ്ങളും പരീക്ഷിച്ച് മനസ്സിലാക്കുന്ന ഒരാൾ, പ്രവാസം എന്താണെന്ന് മനസ്സിലാക്കാൻ ഗൾഫിലേക്ക് പോയപ്പോൾ, അയാളുടെ ഭാര്യ നടത്തുന്ന ചില പരീക്ഷണങ്ങൾ ചുരുങ്ങിയ വരികളിൽ പറയാതെ പറയുകയാണ് കഥാകൃത്ത്. തെളിച്ച് പറയാതിരിക്കുമ്പോൾ കിട്ടുന്ന വായനാസുഖത്തിന് ഉദാഹരണം കൂടെയാണ് ഈ കഥ.

വിമാനയാത്രകളേയും സെക്യൂരിറ്റി പരിശോധനകളേയും വെറുക്കുന്ന പ്രവാസിയുടെ മനസ്സും, യാതൊരു നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും അതിർവരമ്പുകളുമില്ലാതെ പാറി നടക്കുന്ന മേഘങ്ങളോടുള്ള അസൂയയും, കാക്ക പോലും വിരുന്നുകാരനായി കണ്ട് വിരുന്ന് വിളിക്കുന്നതിന്റെ പരിഭവവുമൊക്കെ അടുത്തറിയാൻ ‘മാക്സിക്കാരൻ‘ എന്ന കഥ വായിച്ചാൽ മതി. ‘വർഷങ്ങളോളം വൈധവ്യം‘ എന്നാണ് ആണ്ടിലൊരിക്കലോ രണ്ടാണ്ട് കൂടുമ്പോളോ നാട്ടിലെത്തുന്ന പ്രവാസിയുടെ ഭാര്യയുടെ അവസ്ഥയെ, കഥാകാരൻ പരാമർശിക്കുന്നത്. വിരുന്ന് വന്നവനായി ഭാര്യ കാണുമ്പോൾ, പരോളിൽ വന്നവനായി നാട്ടുകാർ കാണുന്നു. എന്നാണ് മടങ്ങിപ്പോകുന്നതെന്ന് അവർ ചോദിക്കുന്നത് നാക്കിൽ വിഷം പുരട്ടിയാണ്. കുടുംബം ഇക്കരയിലുള്ള, എല്ലാ പ്രവാസിയും ഉള്ളിലൊതുക്കി വിങ്ങുന്നതും, ഉള്ളിൽത്തന്നെ കുഴിച്ചുമൂടുന്നതുമായ, നീറ്റലുകളുടെ കഥയാണ് ‘മാക്സിക്കാരൻ‘.

അക്കരെ എന്നും പച്ചയാണ്. അക്കരെ ചെന്നാൽ ഇക്കരപ്പച്ച. ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയിൽ തീനാളങ്ങൾ നക്കിത്തോർത്തുമ്പോൾ നെഞ്ചിലൂടെ കോർത്ത കമ്പിയിൽക്കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന കോഴികളാണ്, നരകക്കോഴികൾ. ഹോട്ടലിന് അകത്തേക്ക് കടന്നാൽ സ്വർഗ്ഗമാണ്, ഹോട്ടലിന്റെ പേരും പാരഡൈസ് എന്നുതന്നെ. പക്ഷേ, അതിന്റെ പിന്നാമ്പുറത്ത്, കോഴികൾക്ക് പകരം മനുഷ്യന്മാരെ കോർത്ത് കറക്കുന്ന മറ്റൊരു നരകം കൂടെയുണ്ട്. നാട്ടിലുള്ളവർ എന്നും സ്വർഗ്ഗത്തിലാണ്. പ്രവാസി, നരകത്തിലെ കോഴിയും. എല്ലാവർക്കും കാണാനാകും, ഏതെങ്കിലും ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ ആ നരകത്തീയിൽ. അവിടെ വിയർപ്പും കണ്ണുനീരും ഒരുപോലെ ഒഴുക്കി നിൽക്കുന്നവനെ തൊട്ടടുത്ത് നിന്നെന്ന പോലെ നിരീക്ഷിച്ച്, വായനക്കാരുടേയും പ്രവാസ വേദന അനുഭവിക്കാത്തവരുടേയും മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് കഥാകൃത്ത്. വെന്ത മനസ്സോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല.

‘എപ്പിസോഡ് 40‘ ടെലിവിഷൻ സീരിയലുകൾക്ക് അടിമപ്പെട്ടവരുടെ നേർക്കുള്ള പരിഹാസമാണ്. ഓട്ടം, തലയിണ എന്നിങ്ങനെയുള്ള ചെറുകഥകൾ ചിന്തോദ്ദീപകമായ സൃഷ്ടികളാണ്. ഹർത്താൽ, അന്ധവിശ്വാസങ്ങൾ, ബന്ധങ്ങൾ ആഘോഷങ്ങൾ, നേർവഴി, തുടക്കം ഒടുക്കം, അതും പോയി, എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളേയും സ്പർശിച്ചുകൊണ്ടുള്ളതാണ് 35ൽ‌പ്പരം കഥകളും.

പ്രവാസവേദന എന്തെന്നറിഞ്ഞിട്ടുള്ളവർക്ക് ‘നരകക്കോഴി’ യെ എളുപ്പത്തിൽ ഉൾക്കൊള്ളാനാവും. പതിമൂന്ന് വർഷത്തോളം പ്രവാസഭൂമികളിലെ മണലാരണ്യങ്ങളിൽ അലഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കീ കഥകൾ പലതും അനുഭവങ്ങളോട് ചേർന്നാണ് നിൽക്കുന്നത്. ഇസ്മായിലിന്റേതായ ആഖ്യാനരീതി കൂടെ ആകുമ്പോൾ കഥകൾ മികച്ച തലത്തിലേക്കത് ഉയരുകയും ചെയ്യുന്നു. നെഞ്ചോട് ചേർത്ത് വായിച്ചാൽ നാടുവിടേണ്ടി വന്നവന്റെ വേദനയറിയാതെ, അല്ലലില്ലാതെ ഇക്കരയിൽ കഴിയുന്നവർക്കും ഇതിലെ നൊമ്പരങ്ങൾ എളുപ്പം മനസ്സിലാക്കാനാവും.

മികച്ചൊരു നേർ‌വായന ഒന്നോ രണ്ടോ പേജുകൾക്കപ്പുറം കാത്തിരിക്കുമ്പോൾ, നിരക്ഷരനായ ഞാൻ അവതാരികയിലൂടെ ഇതിലധികം പറയുന്നത് വായനക്കാരോടുള്ള നെറികേടാണ്. ഇനി കഥകൾ വായിക്കുക, നരകക്കോഴിയുടെ കഥകൾ.

Comments

comments

39 thoughts on “ നരകക്കോഴി

  1. ഇന്നലെ (2013 ഏപ്രിൽ 21) തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗേർസ് മീറ്റിൽ പ്രകാശനം ചെയ്യപ്പെട്ട ഇസ്മായിൽ കുറുമ്പടിയുടെ ‘നരകക്കോഴി’ ക്ക് അവതാരിക എഴുതാനുള്ള ഭാഗ്യവും യോഗവും ഒക്കെ ഉണ്ടായത് എനിക്കാണ്. ബ്ലോഗിൽ എന്നതുപോലെ തന്നെ പ്രിന്റ് മീഡിയയിലും ഒട്ടനവധി പ്രസിദ്ധീകരിക്കപ്പെടുന്ന ഇസ്മായിലിന്റെ കഥാസമാഹാരത്തിന് നല്ല ഒരു സാഹിത്യകാരനെ ആരെയെങ്കിലും അവതാരിക എഴുതാൻ കിട്ടുമായിരുന്നു. ഇസ്മായിൽ ശരിക്കും അതർഹിക്കുന്നുണ്ട്. പക്ഷെ ബ്ലോഗർ‌മാർ ആരെങ്കിലും എഴുതിയാൽ മതിയെന്ന് ഇസ്മായിലിന് നിർബന്ധം. എനിക്കിത് അത്രയ്ക്ക് തൃപ്തിയായിട്ടില്ല. പക്ഷെ, എന്നെക്കൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യിച്ചതിന് ഒരുപാട് സന്തോഷവും നന്ദിയുമുണ്ട് ഇസ്മായിലിനോട്. സി.എൽ.എസ്സ്. ബുക്ക് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകം എല്ലാവരും വാങ്ങി വായിക്കുക. നല്ലൊരു വായനാനുഭവം നരകക്കോഴി തരുമെന്ന് ഞാനുറപ്പ് നൽകുന്നു.

    1. ഇസ്മായില്ക്കാടെ പുസ്തകത്തിന്‌ മിഴിവേകുന്ന അവതാരിക തന്നെ. കഥകളിലെക്കുള്ള ഒരു ജാലകം തന്നെയാകുന്നുണ്ട് ഹൃസ്വ വിവരണങ്ങള്‍

  2. കേമമായ അവതാരികയാണല്ലോ നിരക്ഷരന്‍ എന്ന് പേരുമിട്ട് എഴുതുന്നത്..
    പുസ്തകം വാങ്ങി വായിക്കണം..

  3. പ്രവാസിയായ ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാകുന്നതാണ് തണല്‍ എന്ന ബ്ലോഗരുടെ പല രചനകളും..അദ്ധേഹത്തിന്റെ രചനകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങുന്നതും ബൂലോകത്ത് ഉള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതും…അവതാരിക വായിച്ചപ്പോള്‍ പുസ്തകം വായിക്കാന്‍ താല്പര്യം തോന്നുന്നു ആശംസകള്‍ രണ്ടു പേര്‍ക്കും..

  4. കവർ ചെയ്യാനുള്ള യോഗം എനിക്കായിരുന്നു :)
    അവതാരിക നന്നായിരുന്നു
    ഞാൻ ഇന്നലെ കയ്യിൽ കിട്ടിയപ്പോൾ തന്നെ വായിച്ചിരുന്നു

  5. തീര്‍ച്ചയായും വായനക്ക് പ്രേരിപ്പിക്കുന്ന അവതാരിക..പുസ്തകം വാങ്ങി വായിക്കും ..പുതുമയുള്ള കഥകളുടെ കേദാരമാണു ഇസ്മയിലിന്റെ ബ്ലോഗ്…!!

  6. അവതാരിക വായിക്കുന്നവരെക്കൊണ്ട് കഥ മുഴുവന്‍ വായിപ്പിച്ചേ അടങ്ങൂ അല്ലെ….പുസ്തകം കയ്യില്‍ കിട്ടിയിട്ട് അവതാരിക വായിക്കുമ്പോ ഉള്ള ആകാംഷ ചെറിയ സമയംകൊണ്ട് തീര്‍ക്കാം..പക്ഷെ അവതാരിക ബ്ലോഗില്‍ ഇട്ടിട്ടു പുസ്തകം കയ്യില്‍ കിട്ടാതിരുന്നാല്‍ കാര്യം ഇത്തിരി കഷ്ടം തന്നെ കേട്ടോ…

  7. പുസ്തകം പരിചയപ്പെടുത്തിയരീതി നന്നായിരിക്കുന്നു. പുസ്തകം വാങ്ങി വായിക്കാൻ തോന്നിപ്പിക്കുന്ന വരികൾ തന്നെ.

  8. കുറുമ്പടി കഥകള്‍ ഒരുവിധപ്പെട്ടതെല്ലാം വായിച്ചതാണെങ്കിലും ആ കഥകള്‍ക്കിടയില്‍ ശ്രദ്ധിക്കാതെപോയ കുറെ കാര്യങ്ങള്‍ മനോജ്‌ജീയുടെ അവതാരികയിലൂടെ അറിയാനാവുന്നു.വീണ്ടും മനസ്സിരുത്തി വായിക്കാനുള്ളോരു പ്രേരണയും ലഭിക്കുന്നു ..നന്ദി.

  9. ഈ പുസ്തകം ഒരെണ്ണം കിട്ടാന്‍ എന്താണൊരു വഴിയാവോ? ഇസ്മയില്‍ക്ക തന്നെ വിചാരിക്കേണ്ടിവരും.

    1. @ iconsultant – നല്ല നിർദ്ദേശം. ഇസ്മായിലിന്റെ ബ്ലോഗ് ലിങ്ക് പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

  10. ഇസ്മായില്‍ കുറുമ്പാടിയുടെ കഥകള്‍ ബ്ലോഗിലൂടെ വായിച്ചിട്ടുണ്ടെങ്കിലും ഈ അവതാരിക വായിക്കുമ്പോഴാണ് നരകക്കോഴിയെന്ന കഥാസമാഹരം വായനക്കാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നത്,,,,എന്റെ വായന കളപ്പുരയില്‍ ഞാന്‍ വായിക്കാന്‍ കൊതിക്കുന്ന ചില പുസ്തകങ്ങള്‍ ഇതുവരെ എനിക്കു കിട്ടിയില്ല…പ്രിയ കൂട്ടുകാരെ (ആടുജീവിതവും,നരകക്കോഴിയും)നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ വായിച്ച് കഴിഞ്ഞതുമാണെങ്കില്‍ എനിക്കൊന്നയച്ചു തരുമോ……..മുസ്തഫ.”സ്നേഹാലയം” ജി.എല്‍.പി സ്ക്കൂള്‍ പറവൂര്‍.പുളിക്കല്‍ പിഒ.673637..മലപ്പുറം.ദയവു ചെയ്തു ഈ അഡ്രസ്സില്‍ പ്രതീക്ഷിക്കുന്നു.

    1. സൗകര്യമില്ല
      വേണേൽ നിന്റെ പുതിയ നമ്പരിൽ എന്നെ വിളിക്ക്. അതിനുശേഷം പരിഗണിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം….

  11. നന്നായി അവതാരിക…ഇസ്മായീല്‍ ഭായിയെ പണ്ടേ വായിക്കാറുണ്ട് നല്ല നല്ല എഴുത്തുകള്‍ ഇനിയും ഉണ്ടാകട്ടെ…

  12. നരകക്കോഴി എന്ന ഒറ്റ കഥയിൽത്തന്നെ കൂട്ടിവായിക്കേണ്ടതും ചിന്തിക്കേണ്ടതുമായ വലിയൊരു കൂട്ടം ഉല്ലേഖം ചെയ്തിട്ടുണ്ട്. ഇസ്മായിലിനും അവതാരികയെഴുതിയ നിരക്ഷരനും അനുയോജ്യമായ കവർ തയ്യാറാക്കിയ അലിഫിനും ആശംസകൾ…

  13. സുന്ദരമായ പരിചയപ്പെടുത്തൽ..
    ഒരു കോപ്പി ഇസ്മായിൽക്ക അയച്ചു തരാം എന്ന് പറഞ്ഞത് ഓര്മ്മപ്പെടുത്തുന്നു. :)

  14. ‘നരകക്കൊഴിക്കു’ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല അവതാരികയാണ് നിരക്ഷരന്‍ സമ്മാനിച്ചത് എന്ന് എനിക്ക് തോന്നുന്നു. എഴുതുമ്പോള്‍ മനസ്സില്‍ തോന്നിയ അതേ ഭാവങ്ങള്‍ അതേ പടി ഉള്‍ക്കൊണ്ടു പരിചയപ്പെടുത്താന്‍ അവക്കായിട്ടുണ്ട്.അതിനു അദ്ദേഹം പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. ഒപ്പം അലിഫ്‌ കുംബിടിയുടെ പുറം ചട്ടയും പുസ്തകത്തിന്‌ മിഴിവേകി.
    ഇനി ഈ പുസ്തകത്തിനെ അപഗ്രഥിച്ച് ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്കൊപ്പം ഒരു നിരൂപണം ആരെങ്കിലും നടത്തണം എന്നാണു എന്റെ ആഗ്രഹം.

  15. പുസ്തകം ആവശ്യമുള്ളവര്‍, അവരെ ബന്ധപ്പെടേണ്ട നമ്പര്‍ അടക്കം വിലാസം എനിക്ക് മെയില്‍ ചെയ്യുമല്ലോ
    നാട്ടില്‍ ഉള്ളവര്‍ക്ക് VPPആയി അയക്കാന്‍ ശ്രമിക്കാം.
    ഗള്‍ഫില്‍ ഉള്ളവര്‍ക്ക് പുസ്തകം ലഭിക്കന്ന സ്ഥലം അറിയിക്കാം.
    shaisma@gmail.com

Leave a Reply to ഉമ്മു അമ്മാര്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>