മാലിന്യം നീക്കാൻ നേരിട്ടിറങ്ങിയ കോടതി


67 - Copy
                             മാതൃഭൂമി വാർത്ത 13 ജൂൺ 2018

റണാകുളം മാർക്കറ്റിലെ മാലിന്യക്കൂമ്പാരം മാറ്റാൻ കസേരയിട്ട് മണിക്കൂറുകളോളം ഇരിപ്പുറപ്പിച്ച് പ്രതിഷേധിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് ഒരു വലിയ കൈയ്യടി.

മാർക്കറ്റിൽ 6 ലോഡ് മാലിന്യം മാത്രം സൃഷ്ടിക്കപ്പെടുമ്പോൾ അവിടെ കുമിഞ്ഞുകൂടുന്നത് 20 ലോഡ് മാലിന്യമാണത്രേ !! ബാക്കിയുള്ള 14 ലോഡ് മാലിന്യം പുറത്തുനിന്ന് മാർക്കറ്റിൽ കൊണ്ടുവന്ന് തള്ളുന്നതാണ് പോലും ! അറവുമാലിന്യവും കക്കൂസ് മാലിന്യവും അടക്കം എല്ലാത്തരം മാലിന്യങ്ങളും രാത്രിയുടെ മറവിൽ ഇങ്ങനെ മാർക്കറ്റിൽ പലയിടങ്ങളിലായി കൊണ്ടുവന്ന് തള്ളപ്പെടുന്നു. ജഡ്ജിന്റെ പ്രതിഷേധം മൂലം മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ‌പ്പോലും ഒരു ലോഡ് മാലിന്യം മാർക്കറ്റിൽ തട്ടാൻ കൊണ്ടുവരുകയുണ്ടായി. ജഡ്ജിന്റെ തലവഴി അത് തട്ടാതിരുന്നത് ഭാഗ്യം.

ഈ മാർക്കറ്റിൽ നിന്നാണ് പച്ചക്കറിയും പഴങ്ങളും മത്സ്യവും മാസവും പലചരക്ക് സാധനങ്ങളുമൊക്കെ വാങ്ങി നമ്മൾ മൂക്കറ്റം സേവിക്കുന്നത്. പിന്നെങ്ങനെയാണ് സാംക്രമികരോഗങ്ങൾ ജനങ്ങൾക്ക് പിടിപെടാതിരിക്കുന്നത് ? ഏറ്റവും ശുചിയായി ഇരിക്കേണ്ട ഒരിടം മാർക്കറ്റ് അല്ലേ ? എറണാകുളം മാർക്കറ്റ് എന്നല്ല എല്ലായിടങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണപദാർത്ഥങ്ങൾ വെച്ച് വിൽക്കപ്പെടുന്നത്. ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ ?

677
                             മാതൃഭൂമി വാർത്ത – 13 ജൂൺ 2018

മഴക്കാലം വരുമ്പോൾ രോഗങ്ങൾ പിടിപെടാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനെപ്പറ്റി കേൾക്കാറില്ലേ ? അങ്ങനെ മഴക്കാലത്ത് മാത്രം നടത്തേണ്ട ഒന്നാണോ ശുചീകരണപ്രവർത്തനങ്ങൾ ? മഴക്കാലത്ത്; ജലക്ഷാമം ഇല്ലാത്ത സമയത്ത് മാത്രമല്ലല്ലോ മലയാളി രണ്ടുനേരം കുളിച്ച് ശുചിത്വം ഊട്ടിയുറപ്പിക്കുന്നത്.

നിപയുടെ ഭീഷണി തൽക്കാലത്തേക്ക് ഒതുങ്ങിയിട്ടുണ്ടാകാം. പക്ഷെ അടുത്ത വർഷങ്ങളിലും വരാതിരിക്കില്ല. നിപയേക്കാൾ വലുത് പലതും വരാനിരിക്കുന്നതേയുള്ളൂ. എലിപ്പനി, തക്കാളിപ്പനി, ഡെങ്കിപ്പനി, കുരങ്ങ് പനി, പന്നിപ്പനി, ചിക്കൻ ഗുനിയ എന്നിങ്ങനെ എത്രയോ പുതിയ രോഗങ്ങൾ വന്നതിന്റെ തുടർച്ച മാത്രമാണ് നിപയെന്ന മാരകരോഗം. നിപയ്ക്കും തുടർച്ചയുണ്ടാകും. നിപയേക്കാൾ കടുത്ത പിൻ‌ഗാമികളുണ്ടാകും, നമ്മുടെ മാലിന്യസംസ്ക്കാരം ഇതേ നില തുടർന്നാൽ.

ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റ് പണി 2019ൽ പൂർത്തിയാകും എന്നാണ് കേൾക്കുന്നത്. പ്ലാന്റിലേക്ക് ആവശ്യമായി വരുന്ന മാലിന്യം തികഞ്ഞില്ലെങ്കിലോ എന്ന് കണക്കുകൂട്ടി ഇതുവരെയുള്ള മാലിന്യം ആർക്കും കൊടുക്കാതെ കെട്ടിപ്പിടിച്ചിരിക്കുകയാണ് കൊച്ചിൻ കോർപ്പറേഷൻ. KMRL ന്റെ വെർട്ടിക്കൽ ഗാർഡനുകൾക്കായി മാലിന്യം ആവശ്യം വന്നപ്പോൾ ഇക്കാരണം പറഞ്ഞ് കോർപ്പറേഷൻ മാലിന്യം നൽകിയില്ല. ആലപ്പുഴയിൽ നിന്ന് മാലിന്യം വരുത്തിയാണ് KMRL കാര്യം സാധിച്ചത്. ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യത്തിന്റെ നാറ്റം സഹിച്ചാണ്, ബ്രഹ്മപുരം, കാക്കനാട്, ഇൻഫോപാർക്ക് പരിസരങ്ങളിലുള്ളവർ ജീവിച്ചുകൊണ്ടിരിക്കുന്നത്.

89

ബ്രഹ്മപുരത്തെ മാലിന്യ-വൈദ്യുതപദ്ധതി, കോടികളുടെ നിർമ്മിതി നടത്തി അതിന്റെ കമ്മീഷൻ അടിക്കാനുള്ള പദ്ധതി മാത്രമായി അവസാനിക്കാതിരുന്നാൽ കൊച്ചിക്കാരെങ്കിലും രക്ഷപ്പെടും.  ബ്രഹ്മപുരത്ത് നിർമ്മാണം ആരംഭിച്ചുകഴിഞ്ഞ ഇതേ പദ്ധതി കേരളത്തിൽ മറ്റ് പലയിടങ്ങളിലും നടപ്പാക്കുമെന്നാണ് പറയുന്നത്.  മൊത്തത്തിൽ 2450 കോടി രൂപയുടെ പദ്ധതിയാണിത്. വല്ലതും നടന്നാൽ മതിയായിരുന്നു.

76

മാലിന്യം കത്തിച്ചുകളയാനായി കോടികൾ മുടക്കി തിരുവനന്തപുരത്ത് വാങ്ങിയ മൊബൈൽ ഇൻസിനറേറ്റർ ഇപ്പോൾ എവിടെയാണെന്ന് ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ ? അതിന്റെ കടലാസുകളിൽ ഒപ്പുവെച്ച ശുചിത്വമിഷന് എങ്കിലും അതേപ്പറ്റി വല്ല ധാരണയുമുണ്ടോ ? ഭാരിച്ച ഇന്ധനച്ചിലവ് കാരണം മലപ്പുറത്തെവിടെയോ ഒരു കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചതായാണ് അവസാനം കിട്ടിയ വിവരം. ശരിക്കുള്ള വിൽ‌പ്പന വിലയേക്കാൾ അധികം കോടികൾ കൊടുത്ത് വാങ്ങിയ ഒരു ഉപകരണം മാസങ്ങൾക്കകം ഉപേക്ഷിക്കപ്പെടണമെങ്കിൽ, കമ്മീഷൻ അടിക്കുക എന്നതിനപ്പുറം എന്തെങ്കിലും സദുദ്ദേശം അതിന്റെ പിന്നിൽ ഉണ്ടായിരുന്നെന്ന് കരുതേണ്ടതുണ്ടോ ? ഭാരിച്ച ഇന്ധനച്ചിലവ് വരുമെന്ന് മുൻ‌കൂട്ടി മനസ്സിലാക്കാൻ കഴിവില്ലാത്തവരാണ് അത് വാങ്ങാൻ തീരുമാനമെടുത്തതെങ്കിൽ എല്ലാത്തിനേയും പിരിച്ചുവിട്ട് നടപടിയെടുക്കേണ്ടതാണ്.

45
                                         ഇൻസിനറേറ്ററിന്റെ അന്ത്യക്രിയ

എത്ര കോടി കമ്മീഷൻ അടിച്ചിട്ടുണ്ടെങ്കിലും ബ്രഹ്മപുരം പദ്ധതിയെങ്കിലും ഉദ്ദേശിച്ചതുപോലെ നന്നായി പ്രാവർത്തികമാക്കപ്പെടട്ടെ എന്നാഗ്രഹിക്കുന്നു. അങ്ങനെ എന്തെങ്കിലുമൊരു ശാശ്വതമായ പരിഹാരം മാലിന്യത്തിന്റെ വിഷയത്തിൽ ഉണ്ടായില്ലെങ്കിൽ, സ്വന്തം മക്കളുടേയും അച്ഛനമ്മമാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൃതശരീരങ്ങൾ അനാഥപ്രേതങ്ങളെപ്പോലെ മറവ് ചെയ്യേണ്ടിവരുന്നത് നോക്കിനിൽക്കാൻ പോലും പറ്റാത്ത ദുർഗ്ഗതി സമ്പൂർണ്ണ സാക്ഷരരായ മലയാളിക്ക് ഉണ്ടാകാൻ പോകുകയാണ്. അഡീഷണൽ മജിസ്ട്രേറ്റെന്നല്ല ചീഫ് ജസ്റ്റിസ് തന്നെ നേരിട്ടിറങ്ങി പ്രതികരിക്കാമെന്ന് വെച്ചാലും ശുചിയാക്കാമെന്ന് വെച്ചാലും അങ്ങനെയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ മലയാളിക്കായെന്ന് വരില്ല.

79
                                     നിപ മരണശേഷമുള്ള അന്ത്യശുശ്രൂഷ

റഫീക്ക് അഹമ്മദ് രചിച്ച് ഉണ്ണിമേനോൻ ആലപിച്ച, ‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ‘ എന്ന ഗാനം ഒരു മ്യൂസിക്ക് സിസ്റ്റത്തിൽ കേൾക്കാനുള്ള ഏർപ്പാടെങ്കിലും അവസാനകാലത്ത് ചെയ്താൽ അത്രയും ആശ്വാസം കിട്ടിയെന്ന് വരും. അനിൽ പനച്ചൂരാന്റെ ‘ചത്തുചത്തു പിരിഞ്ഞിടാമിനി, തമ്മിലൂതിയണച്ചിടാം’ എന്ന വരികളും കൂട്ടത്തിൽ സ്മരിക്കാവുന്നതാണ്. മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ ഫലപ്രദമായ ഒരു നടപടി ഒന്നോരണ്ടോ കൊല്ലത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായില്ലെങ്കിൽ, മരണമെത്തുമ്പോൾ അരികിലിരിക്കാൻ ആരുമില്ലാത്ത കാലമാണ് വരാൻ പോകുന്നത്.

വാൽക്കഷണം:- എങ്കിൽപ്പിന്നെ എന്ത് ചെയ്യണമെന്നാണ് ചോദ്യമുണ്ടെങ്കിൽ,ലോകത്തെവിടെയും നല്ലരീതിയിൽ മാലിന്യസംസ്ക്കരണം നടക്കുന്നില്ലെന്നാണോ എന്ന മറുചോദ്യമാണുത്തരം.അതിന്റെ പേരിൽ ഇനിയും വിദേശയാത്രകളാകാമല്ലോ നേതാക്കന്മാർക്ക്.

——————————————————————————
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിള പ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങലൂർ മോഡൽ

Comments

comments

2 thoughts on “ മാലിന്യം നീക്കാൻ നേരിട്ടിറങ്ങിയ കോടതി

  1. Good write up അധികാരികളുടെ അലംഭാവം ..ആരെയും വക വെക്കാത്ത രീതികൾ ..ആരെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ

  2. ഇപ്പോൾ എല്ലാം പഴയപടി ആയെന്ന് കേൾക്കുന്നു. കളമശ്ശേരിയിൽ ഉണ്ട് ഹൈവേയുടെ ഓരത്തുതന്നെ ഇതുപോലൊരു മാലിന്യസംഭരണകേന്ദ്രം. ഇപ്പോൾ ബസ്സിൽ കളമശ്ശേരി എത്തി എന്നത് ഏത് ഇരുട്ടത്തും മനസ്സിലാക്കാം. അത്രയ്ക്കും രൂക്ഷമാണ് മഴക്കാലത്തെ ദുർഗന്ധം.

Leave a Reply to Manikandan Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>