ചോമു കൊട്ടാരത്തിൽ ഒരു മലയാളി കല്ല്യാണം (ദിവസം # 37 – രാത്രി 11:55)


11
ല ദിവസങ്ങളിൽ ജയ്പൂരിൽ തങ്ങിയിട്ടും വിട്ടുപോയ സ്ഥലങ്ങൾ ചിലതുണ്ട്. അതിലൊന്നാണ് പന്ന മീന കാ കുണ്ട് എന്ന പടിക്കിണർ.

രാവിലെ പടിക്കിണർ കാണാൻ ഇറങ്ങിത്തിരിച്ചു. അമർ കോട്ടയുടെ പരിസരത്ത് തന്നെയാണ് പന്ന മീന പടിക്കിണർ. കോട്ട കാണുന്ന തിരക്കിൽ വിട്ടുപോയതാണ് നാല് മൂലകളിൾ മകുടങ്ങളും 200 അടി ആളവുമുള്ള ആ ഗംഭീര നിർമ്മിതി.

പടികൾ ഇറങ്ങി താഴേക്ക് പോകാൻ പ്രത്യേക അനുമതി വേണമെന്ന് മനസ്സിലാക്കാതെ ഞാൻ പടികൾ ഇറങ്ങാൻ തുടങ്ങിയതും ഒരു പൊലീസുകാരൻ വിലക്കി. “താഴെ ചിലർ ഇറങ്ങി പടമെടുക്കുന്നുണ്ടല്ലോ?” എന്ന് ചോദിച്ചപ്പോൾ അവർ അനുമതി വാങ്ങി പ്രീ വെഡ്ഡിങ് ഷൂട്ട് ചെയ്യുന്നവരാണ് എന്ന് മറുപടി കിട്ടി.

അമർ കോട്ടയുടെ എതിർവശത്ത് കൂടെ ചോമു കൊട്ടാരത്തിലേക്ക് വഴി കാണിക്കുന്നുണ്ട് ഗൂഗിൾ ചേട്ടത്തി. അല്ലെങ്കിൽപ്പിന്നെ ജയ്പൂർ നഗരത്തിലേക്ക് തിരികെ ചെന്നിട്ട് വേണം ചോമുവിലേക്ക് പോകാൻ. ഞാൻ പുതിയ വഴി തന്നെ പിടിച്ചു. അത് നല്ല പണി തരുകയും ചെയ്തു. ആരവല്ലി മലകൾ കടക്കാൻ പൊട്ടിപ്പൊളിഞ്ഞ ഒറ്റവരിപ്പാത. അത് ചെന്ന് കയറുന്നത് ദേശീയപാതയിൽ. അവിടന്ന് യുടേൺ അടിക്കാൻ പത്ത് കിലോമീറ്ററിൽ അധികം ദൂരം. ഇഷ്ടം പോലെ സമയം ഭാണ്ഡത്തിൽ മുറുക്കി, രാജ്യത്തെ പുതുവഴികൾ കാണാൻ ഇറങ്ങിയവന് ഒരു പരാതി പോലും പറയാൻ അവകാശമില്ല ഹേ.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ചോമു കൊട്ടാരത്തിൽ ചെന്ന് കയറിയപ്പോൾ അജിത് കാത്ത് നിൽക്കുന്നുണ്ട്. അജിത്തും ഭാര്യ മംഗളയും രാവിലെ 8 മണിക്ക് കണ്ണൂർ – ഹൈദരാബാദ് വഴിയാണ് ജയ്പൂരിൽ എത്തിയത്. അജിത് കൊണ്ടുവന്ന ജുബ്ബയും മുണ്ടും വാരിച്ചുറ്റി കല്ല്യാണ സംഘത്തിനൊപ്പം ചേർന്നു. ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഈ ദിവസം ബക്കറ്റ് ലിസ്റ്റിൻ നിന്ന് പുറത്ത് കടക്കുകയാണ്.
പയ്യന്നൂർ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ വ്യവസായി, ശ്രീ.പി.വി.കെ.കൃഷ്ണൻ്റെ രണ്ടാമത്തെ മകന്റെ വിവാഹമാണ് ജയ്പൂരിൽ വെച്ച് ഇന്നും നാളെയുമായി രജ്പുത് ശൈലിയിൽ നടക്കുന്നത്. വരൻ അജുൽ വ്യവസായിയാണ്. വധു ഡോ.കാജൽ ആലപ്പുഴക്കാരി.

പകൽ വെളിച്ചത്തിൽ കഴിഞ്ഞയാഴ്ച്ച ഞാൻ കണ്ട ചോമു പാലസ്, കല്ല്യാണത്തിന് വേണ്ടി അണിഞ്ഞൊരുങ്ങി രാത്രി വെളിച്ചം വാരിപ്പൂശി നിൽക്കുന്നത് നല്ല ചന്തമുള്ള കാഴ്ച്ചയാണ്.
ഹോട്ടലിലെ 100 മുറികളും വരനും വധുവും ചേർന്ന് ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്നും നാളെയും ഈ കല്ല്യാണമല്ലാതെ മറ്റൊരു പരിപാടിയും ഇവിടെയില്ല.

ഉച്ചയ്ക്ക് മെഹന്തി, വൈകീട്ട് 7 മുതൽ 11 മണി വരെ, വധുവും വരനും വരന്റെ അച്ഛനും അമ്മയും വധുവിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ചേർന്ന് ഹോളിവുഡിനെ വെല്ലുന്ന സംഗീത നൃത്ത നൃത്യ പരിപാടി എന്നിങ്ങനെ ഡെസ്റ്റിനേഷൻ കല്ല്യാണം പൊടിപൊടിക്കുകയാണ്. നാളെ രാവിലെയാണ് വിവാഹം. അതിലും പങ്കെടുക്കാൻ സമ്മർദ്ദം ഉണ്ട്. പക്ഷേ വിളിക്കാത്ത ഒരു കല്യാണത്തിന് ഒരു ദിവസത്തെ പങ്കാളിത്തം തന്നെ ധാരാളമല്ലേ?

അക്കാര്യത്തിൽ നാളെ രാവിലെ തീരുമാനം എടുക്കും. തൽക്കാലം, ചോമു പാലസിൻ്റെ മതിൽക്കെട്ടിന് വെളിയിൽ ഭാഗിക്കൊപ്പം തന്നെ ഉറക്കം.

ശുഭരാത്രി.