ബിർള മന്ദിർ (ദിവസം # 21 – രാത്രി 09:52)


11
വൈകിട്ട് 4 മണി വരെ എങ്ങോട്ടും പോയില്ല. നാളെ എന്തൊക്കെ ചെയ്യണം എന്നുള്ള പദ്ധതികളാണ് അതുവരെ തയ്യാറാക്കിയത്. അത് എന്തൊക്കെയാണെന്ന് പിന്നാലെ പറയാം.

നാല് മണി കഴിഞ്ഞപ്പോൾ റെയിൽവേ കോളനിയിൽ നിന്ന് ഭാഗിയുമായി പുറത്തിറങ്ങി. ഭാഗിക്ക് രണ്ടുദിവസം അടിപ്പിച്ച് വിശ്രമം കിട്ടിയത് കൊണ്ട് അവൾ നല്ല ഉന്മേഷത്തിലാണ്.

ജയ്പൂരിൽ ഇനി കാണാൻ ബാക്കിയുള്ളത് ബിർള മന്ദിർ മാത്രമാണ്. അങ്ങോട്ട് 5 കിലോമീറ്റർ മാത്രം ദൂരം. രാജ്ഭവൻ റോഡിലൂടെയാണ് പോകുന്നതെങ്കിലും രാജ്ഭവൻ കാണാനൊന്നും പറ്റിയില്ല. നഗരത്തിൽ ഇതുവരെ സഞ്ചരിച്ചതിനേക്കാൾ കുറേക്കൂടി വീതി കൂടിയതും വൃത്തിയുള്ളതും ഭംഗിയുള്ളതുമായ റോഡിലൂടെയാണ് ബിർള മന്ദിർ എന്ന ലക്ഷ്മിനാരായൺ ക്ഷേത്രത്തിൽ എത്തുന്നത്. പൂർണ്ണമായും വെളുത്ത മാർബിളിൽ തീർത്ത ഒരു ആരാധനാലയമാണ് ഇത്.

ബ്രജ് മോഹൻ ബിർളയുടേയും അദ്ദേഹത്തിൻ്റെ പത്നി രുഗ്മിണി ദേവിയുടേയും ദൈവീകമായ ആഗ്രഹം, ഗംഗാപ്രസാദ് ബിർളയും നിർമ്മല ബിർളയും ഹിന്ദുസ്ഥാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി നടപ്പിലാക്കിയപ്പോൾ ബിർള മന്ദിർ എന്ന ക്ഷേത്രമുണ്ടായി.

ക്ഷേത്രത്തിന് വെളിയിൽ പാർക്കിംഗ് സൗകര്യം ഉണ്ട്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ന് ഞാൻ ഭാഗിയുമായി പുറപ്പെട്ടത്.

ചെരുപ്പ് വെളിയിൽ ഊരിയിട്ട് അകത്തേക്ക് നടന്നാൽ, ക്ഷേത്രത്തിന്റെ നടുത്തളത്തിന് വെളിയിലുള്ള ഭാഗത്ത് എത്താം. അവിടെ മുഴുവൻ ഫോട്ടോഗ്രാഫി അനുവദനീയമാണ് പക്ഷേ അകത്തളത്തിൽ പടങ്ങൾ എടുക്കാൻ പാടില്ല. ഒരു വലിയ ഹാളാണ് നടുത്തളം. ഹാളിന്റെ അറ്റത്ത് ലക്ഷ്മി നാരായണ പ്രതിഷ്ഠ. ചുമരുകളിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പുരാണ സംഭവങ്ങൾ മാർബിളിൽ കൊത്തി വെച്ചിരിക്കുന്നു. പക്ഷേ അതിനൊന്നും കർണ്ണാടകത്തിലെ ബേലൂരോ ഹാളേബീഡുവിലോ കാണുന്നത് പോലെയുള്ള കൊത്തുപണികളുടെ പൂർണ്ണതയില്ല.

രാജാവിന്റെ കാലം കഴിഞ്ഞതോടെ അത്തരം മിടുക്കന്മാരായ ശില്പികളുടെ കാലവും കഴിഞ്ഞ് വേണം കരുതാൻ. മാത്രമല്ല ബേലൂരും ഹാളേബീഡുവും പോലുള്ള ക്ഷേത്രങ്ങളിൽ സോപ്പ് സ്റ്റോണിലാണ് ശില്പങ്ങൾ കൊത്തിയിരിക്കുന്നത്. കുഴിച്ചെടുക്കുന്ന സമയത്ത് ആ കല്ലുകൾ മാർദ്ദവം ഉള്ളതായിരിക്കും. പിന്നീട് വെയിൽ ഏറ്റുകിടന്നാണ് കല്ലിന് കനം വെക്കുന്നത്. അതുപോലെ എളുപ്പമായിരിക്കണം എന്നില്ല മാർബിളിൽ കൊത്തുപണികൾ ചെയ്യാൻ.

വിദേശികൾ അടക്കം ഒരുപാട് പേർ ക്ഷേത്രത്തിന്റെ നടുത്തളത്തിൽ പ്രതിഷ്ഠയെ നോക്കി ഭക്തിപുരസ്സരം ഇരിക്കുന്നുണ്ട്. എനിക്ക് താല്പര്യം കൊത്തുപണികളും ശില്പവേലകളിലും മാത്രമായതുകൊണ്ട് അതെല്ലാം നോക്കി സമയം ചിലവഴിച്ചു. പറ്റാവുന്നത്ര പടങ്ങളും വീഡിയോകളും എടുത്തു.

ബ്രജ് മോഹൻ ബിർളയുടേയും പത്നി രുഗ്മിണി ദേവിയുടേയും പൂർണ്ണകായ പ്രതിമകൾ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ഒരുവശത്ത് മുകൾഭാഗത്തായി ഒരു കോട്ട കാണുന്നുണ്ട്. അതെന്നെ സത്യത്തിൽ ഞെട്ടിച്ചു. ജയ്പൂരിലെ കോട്ടകളെല്ലാം കണ്ടു തീർന്നിട്ടില്ല എന്നാണോ?

ഞാൻ അതേപ്പറ്റി സുരക്ഷാ ജീവനക്കാരനോട് തിരക്കി. അതൊരു കോട്ട തന്നെ ആണ്. പേര് മോട്ടി ദുൻഗ്രി. ഒരു ഗണേശ ക്ഷേത്രവും താമസിക്കാൻ പോന്ന കൊട്ടാരത്തിന്റെ കെട്ടിടവും അതിനകത്ത് ഉണ്ട്. രാജാവിന്റെ സ്വകാര്യ ഇടമാണ് അത്. അങ്ങോട്ട് പൊതുജനങ്ങളെ അനുവദിക്കുന്നുമില്ല. അങ്ങനെയാകുമ്പോൾ അതെൻ്റെ കോട്ടകളുടെ ലിസ്റ്റിൽ പെടുന്നുമില്ല.

ബിർള മന്ദിർ സന്ദർശനം കഴിഞ്ഞിരിക്കുന്നു. ഇരുട്ട് വീണ് വിളക്കുകൾ എല്ലാം തെളിഞ്ഞു കഴിഞ്ഞാൽ പ്രത്യേക ഭംഗി ഉണ്ടത്രേ ഈ ക്ഷേത്രത്തിന്. പക്ഷേ എനിക്ക് ഇരുട്ട് വീഴുന്നത് വരെ കാത്തുനിൽക്കാൻ വയ്യ.

ബിർള മന്ദിറിലേക്ക് പോകുമ്പോൾ ആ റോഡിന്റെ വശത്ത് എവിടെയോ ഒരു സെലിബ്രിറ്റി ചായക്കടയുടെ കാര്യം സനൂജ് Sanuj Suseelan പറഞ്ഞിരുന്നു. രാജസ്ഥാനിലെ വലിയ വലിയ ആൾക്കാരൊക്കെ വന്ന് ചായ കുടിക്കുന്ന ചെറിയ ഒരു കടയാണ് പോലും! ആ ഭാഗത്തൊക്കെ കറങ്ങി നടന്നിട്ടും പൂക്കളും മധുരപലഹാരങ്ങളും വിൽക്കുന്ന കടകളല്ലാതെ ചായക്കടകൾ ഒന്നും കണ്ടുപിടിക്കാനായില്ല. ഞാൻ സനൂജിനെ വിളിച്ചു. നിർഭാഗ്യവശാൽ സനൂജ് ഒരു മീറ്റിങ്ങിൽ ആയിരുന്നു.

കാർ പാർക്കിങ്ങിന്റെ പണം പിരിക്കുന്ന ഇടത് ഒരു ചെറിയ ചായക്കട കണ്ടു. ഇനി അതെങ്ങാനും ആണ് മേൽപ്പടി ചായക്കടയെങ്കിൽ അവിടുന്ന് തന്നെ എന്തെങ്കിലും കഴിച്ചേക്കാം എന്ന് തീരുമാനിച്ചു. ലസ്സിയും മുളക് ബജ്ജിയും കഴിച്ച് അവിടന്ന് ഇറങ്ങി.

തൊട്ടടുത്ത് മറ്റൊരു ക്ഷേത്രം ഉണ്ട്. പുതിയ വാഹനങ്ങൾക്ക് മുട്ട് ഇറക്കാൻ കൊണ്ടുവരുന്ന സ്ഥലം ആണ് അതെന്ന് മനസ്സിലായി. നിരത്ത് മുഴുവൻ പുതിയ വാഹനങ്ങൾ ഗതാഗത തിരക്ക് സൃഷ്ടിച്ച് പാർക്ക് ചെയ്തിരിക്കുന്നു.

ഒന്ന് രണ്ട് മഹീന്ദ്ര താർ ജീപ്പുകൾ കണ്ടപ്പോൾ ഭാഗിയുടെ കൂടുവിട്ട് കൂട് മാറ്റം നടത്താൻ ഞാൻ ഉദ്ദേശിക്കുന്ന ഫൈവ് ഡോർ (ROXX) വാഹനത്തെപ്പറ്റി ഇന്നലെ കണ്ട ഒരു വീഡിയോ ഓർമ്മ വന്നു. ചില പോരായ്മകൾ ഒക്കെ തോന്നിയെങ്കിലും ഭാഗിയുടെ കൂടുമാറ്റത്തിന് ചേർന്ന വാഹനമാണ് അതെന്ന് എനിക്ക് തോന്നുന്നു.

റെയിൽവേ കോളനിയിലേക്ക് തിരിച്ച് എത്തിയപ്പോഴേക്കും ഇരുട്ട് വീണിട്ടുണ്ടായിരുന്നു. നാളെ ജയ്പൂരിനോട് താൽക്കാലികമായി വിട പറയുകയാണ് ബിക്കാനീറിലേക്കാണ് അടുത്ത യാത്ര. ഒക്ടോബർ 9ന് തിരിച്ച് ജയ്പൂരിൽ എത്തുകയും വേണം. 9ന് ഉച്ചയ്ക്കാണ് മുംബൈയിലേക്കുള്ള ട്രെയിൻ.

ശുഭരാത്രി.