ചാർലി


9

2016 ൽ ആദ്യം കാണുന്ന സിനിമയാണ് ചാർലി. പുതുവർഷത്തിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുന്നേ, ജീവിതം തന്നെ ആഘോഷമാക്കുന്ന നായകന്റേയും നായികയുടേയും കഥ പറയുകയാണ് ചാർലിയിലൂടെ മാർട്ടിൻ പ്രക്കാട്ട്. ഈ സിനിമയിലെ പല കാര്യങ്ങളും ചെയ്യണമെന്ന് അല്ലെങ്കിൽ ചെയ്യാനായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്ന കാര്യങ്ങളുമായി ചേർന്നു നിൽക്കുന്നതുകൊണ്ട് എനിക്ക് ചാർലിയെ ഇഷ്ടമായി. ദുൽഖറും പാർവ്വതിയും നന്നായിട്ടുണ്ട്. മൊയ്തീനിലേയും ചാർലിയിലേയും പ്രകടനത്തിന്, മികച്ച നടിക്കുള്ള  ഒരു സംസ്ഥാന അവാർഡിൽ കുറഞ്ഞതൊന്നും പാർവ്വതി അർഹിക്കുന്നില്ല.

യാത്ര, യാത്രയ്ക്ക് മേലെ യാത്ര; ജീവിതത്തിൽ സ്വന്തം മരണമടക്കം എന്തും പരീക്ഷിക്കണം എന്നാഗ്രഹിക്കുന്ന മനസ്സ്; കൂട്ടത്തിൽ സഹജീവികൾക്ക് വേണ്ടി കുറേ നല്ല പ്രവർത്തികൾ, ഒരു നായകന്റെ ഇത്രേം നല്ല ഗുണങ്ങൾ മതിയല്ലോ കെട്ടുപാടുകളിൽ നിന്നകന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന് ആഗ്രഹിക്കുകയും നല്ലൊരു പരിധിവരെ അത് സാദ്ധ്യമാക്കുകയും ചെയ്യുന്ന നായികയ്ക്ക് ഒരിക്കൽ‌പ്പോലും നേരിൽ കണ്ടിട്ടില്ലാത്ത, സ്വപ്നതുല്യമായ ജീവിതം നയിക്കുന്ന, ചാർലിയെ തേടിപ്പോകാനും ഉള്ളിൽ അയാളോട് പ്രണയം സൂക്ഷിക്കാനും.

നീണ്ട് നീണ്ട് പോകുന്ന കഥകളുടെ കാലത്തിൽ നിന്ന് മാറി ദൃശ്യങ്ങളുടെ പൊലിമയോടെ ചെറിയ ചില കഥകളും വിചാരങ്ങളുമൊക്കെ സിനിമയാക്കി വിജയിപ്പിച്ചെടുക്കുന്ന തലത്തിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. അതിനെ ന്യൂ ജനറേഷനെന്നോ മറ്റെന്തെങ്കിലുമോ പേരിട്ടോ വിളിക്കുന്നത് അത്തരം സിനിമകൾ നമുക്ക് പുതുമയായതുകൊണ്ട് തന്നെയാണ്.

ചാർലി കാണാനിറങ്ങുന്നതിന് മുൻപ്, കൊള്ളാമെന്നും പോരെന്നും ഇഷ്ടമായെന്നും ഇഷ്ടമായില്ല എന്നുമൊക്കെയുള്ള സമ്മിശ്ര അഭിപ്രായങ്ങളാണ് കേട്ടത്. പുതുതലമുറയ്ക്ക് ഭൂരിഭാഗത്തിനും ചാർലി ഇഷ്ടമാകാതെ തരമില്ല. കാരണം ആദ്യം പറഞ്ഞതുതന്നെ. ജീവിതം ആഘോഷമാക്കുന്ന പുതുതലമുറയുടെ കഥയാണ് ചാർലി. പക്ഷേ, ആശങ്കയോടെ ഇതിനെ കാണുന്ന കുടുംബങ്ങളുമുണ്ടെന്ന് ഒരു വീട്ടമ്മയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. വളർന്ന് വരുന്ന പെൺകുട്ടികളുള്ള അമ്മമാർക്ക് അവർക്കൊപ്പം പോയിരുന്ന് ഇത് കാണാനും നന്നായെന്ന് പറയാനും അൽ‌പ്പം ബുദ്ധിമുട്ടാണെന്നായിരുന്നു ആ പ്രതികരണം. ഈ സിനിമയിലെ നായികയെപ്പോലെ ഒരു മകളും ആയിക്കാണാൻ ഒരമ്മയും ആഗ്രഹിച്ചെന്ന് വരില്ല. നായകന്റെ കാര്യത്തിലും അങ്ങനെ തന്നെ.

ബാംഗ്ലൂർ ഡേയ്സിലെ ദുൽഖർ സൽമാന്റെ കഥാപാത്രം കുറേക്കൂടെ നന്നായി വികസിപ്പിച്ചെടുത്തതാണ് ചാർലി. ദുൽഖറിന്റെ തന്നെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന കഥാപാത്രം ചെയ്യുന്നത് പോലെ നിയന്ത്രണമില്ലാത്ത യാത്രകൾ യുവതലമുറയിൽ ആരാണ് കൊതിക്കാത്തത് ?

യുവതലമുറയായാലും ഇത്തരം സിനിമകളെ ആശങ്കയോടെ കാണുന്ന പഴയ തലമുറ ആയാലും സിനിമ പോലെയല്ല ജീവിതമെന്ന് പ്രത്യേകം പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതില്ലല്ലോ ? സിനിമയിലേത് പോലെ ജീവിതത്തെ ആക്കാൻ ശ്രമിക്കരുത്. ചില നല്ല അംശങ്ങൾ പകർത്താനും രണ്ടര മണിക്കൂർ ആസ്വദിക്കാനും അഭിനേതാക്കളുടേയും സംവിധായകന്റേയും കഥാകൃത്തിന്റേയും ക്യാമറാ‌മാന്റേയും തിരക്കഥാകൃത്തിന്റേയുമൊക്കെ കഴിവുകൾ കണ്ട് ആസ്വദിക്കാനും വിലയിരുത്താനും ശ്രമിക്കുക എന്നതിനപ്പുറം സിനിമ അപ്പാടെ ജീവിതത്തിൽ കോപ്പി ചെയ്യാൻ ശ്രമിച്ചാൽ രണ്ടര മണിക്കൂർ കഴിയുമ്പോൾ വിറങ്ങലിച്ച് നിൽക്കുകയേ ഉള്ളൂ ജീവിതം. ഈ വിചാരം സിനിമ കാണുന്ന യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ഉണ്ടായേ പറ്റൂ. ഏറ്റവും കൂടിയാൽ ചാർലിയെപ്പോലെ താടിവളർത്തി അയഞ്ഞ പാന്റും പ്രത്യേക നിർവ്വചനമൊന്നും ഇല്ലാത്ത കുപ്പായങ്ങളും ഇട്ട് നടക്കുകയോ നായികയുടേത് പോലുള്ള മൂക്കുത്തി അണിയുകയോ ചെയ്യുന്നതിനപ്പുറം സിനിമ ജീവിതത്തിലേക്ക് കടക്കാതിരുന്നാൽ എല്ലാം ശുഭം. നായകൻ ചാടുന്നത് പോലെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് എടുത്ത് ചാടാനോ നാൽ‌പ്പത് പേരെ ഇടിച്ചിടാനോ സാധിക്കില്ലെന്ന് അറിയാമല്ലോ ? അതുപോലെ തന്നെ കാണാനാകണം നായകന്റെ മറ്റ് പ്രവർത്തികളും. പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് അതാത് സീനുകളിൽ എഴുതിക്കാണിക്കുന്നത് പോലെ, നായകന്റെ അമാനുഷിക പ്രവർത്തികൾ അനുകരിക്കുന്നത് ആരോഗ്യത്തിനും ജീവിതത്തിനും ഹാനികരം എന്നുകൂടെ അദൃശ്യമായി സ്ക്രീനിൽ കാണിക്കുന്നുണ്ടെന്ന് സങ്കൽ‌പ്പിച്ചാൽ നന്ന്.

‘അടുത്ത വണ്ടിക്ക് മർക്കാറ, അവിടന്നങ്ങോട്ട് അംബാസമുദ്രം‘ എന്നൊക്കെ ചാർലി പറയുമ്പോൾ എനിക്കുമുണ്ടായി രോമാഞ്ചം. പക്ഷെ അതൊക്കെ തിരക്കഥയിലെ വരികൾ മാത്രമാണ്.  ഉണ്ണി ആർ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് ചാർലി. നിത്യജീവിതത്തിൽ മഷിയിട്ട് നോക്കിയാൽ അങ്ങനൊരാളെ കാണാൻ ആർക്കുമായെന്ന് വരില്ല. അവനെപ്പോലൊരാൾ ഉണ്ടെന്ന് കരുതി, അല്ലെങ്കിൽ അങ്ങനൊരാൾ ഉണ്ടാകുമെങ്കിൽ പ്രേമിച്ചേക്കാമെന്ന് കരുതി പെൺകുട്ടികൾ ആരും ഇറങ്ങിത്തിരിക്കുകയും അരുത്. സിനിമയിൽ കാണുന്നത് പോലൊന്നുമല്ല കാര്യങ്ങൾ. തൃശൂർ പൂരപ്പറമ്പിൽ തട്ടും തടലോടലും ഏൽക്കാതെ ഒറ്റയ്ക്കങ്ങനെ ഒരു പെൺകുട്ടിയ്ക്ക് ഇറങ്ങിനടക്കാനുള്ള സാഹചര്യമൊന്നും ഇപ്പോഴും ആയിട്ടില്ല. അതിപ്പോഴും മെയിൽ ഷോവനിസ്റ്റുകളുടെ പൂരം തന്നെയാണ്.

വീണ്ടും പറയാം. സിനിമയല്ല ജീവിതം. ചാർലി ഒരു സിനിമ മാത്രമാണ്, അതിലെ കഥാപാത്രം മാത്രമാണ്. അത് കണ്ടാസ്വദിച്ച് ചാർലിയെ ഒരു കഥാപാത്രമായിത്തന്നെ തീയറ്ററിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോരുക. സ്വയം ചാർലിമാരാകാതിരിക്കുക.

വാൽക്കഷണം:- കുടമുല്ല പൂക്കുന്നത് കണ്ടിട്ടുണ്ടോ ? സ്വന്തം പഞ്ചായത്തിലെ എല്ലാ മുക്കും മൂലയും കണ്ടിട്ടുണ്ടോ ? അതൊക്കെ ഏതൊരാൾ വിചാരിച്ചാലും സാധിക്കാവുന്ന കാര്യങ്ങളാണ്. അങ്ങനെ ചിലതും ചാർലി പറയുന്നുണ്ട്. ജീവിതം കുറേക്കൂടെ കളർഫുൾ ആക്കണമെന്ന് തോന്നുന്ന അവസരങ്ങളിൽ, അതേപ്പറ്റി വേണമെങ്കിൽ കാര്യമായി ആ‍ലോചിച്ചോളൂ.

Comments

comments

4 thoughts on “ ചാർലി

  1. പുതുവത്സരാശംസകൾ ….

    ഞാനും കണ്ടു ചാർളി … ജീവിതം ഒരു കെട്ടഴിഞ്ഞ പട്ടം പോലെ ആഘോഷമാക്കുന്ന ചാർളിയും ടെസ്സയ്യും രണ്ടരമണികൂർ നമ്മെ ത്രസിപ്പിച്ചു കടന്നുപോയീ. അതിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു നീർകുമിളപോലെ നശ്വരമാണെന്ന് ഓർമിപിക്കുന്നു …

    വെറുതെ ഇരുന്ന നായർക്കു ഒരുവിളി തോന്നി എന്ന് പറഞ്ഞപോലെ (നായരല്ലെങ്കിലും ആ പ്രയോഗം തൽകാലം കടമെടുക്കുന്നു). ചുമ്മാതങ്ങനെ ഇരിക്കുമ്പോളാണ് ഇത് കണ്ണിൽപെട്ടത്. വായിച്ചു … മുഴുവൻ വായിച്ചപ്പോൾ ചിലത് പറയണമെന്ന് തോന്നി…

    നിരക്ഷരന്റെ നിരീക്ഷണങ്ങൾ നന്നായി.യുവതലമുറയോടുള്ള മുന്നറിയിപ്പുകളും മാനിക്കുന്നു. പക്ഷെ ചില ആകുലതകൾ അകാരണവും അസ്ഥാനത്തും അല്ലേ എന്നൊരു സംശയം. ചാർളി നമ്മളിലോരാലാണോ?? അല്ലെങ്കിൽ നമ്മളിലോരാൾ ചാർലിയാകുമൊ ?? ചിന്തിക്കേണ്ടിയിരിക്കുന്നു. ഫോണും ഫൈസ്ബുക്കും ഒന്നുമില്ലാതെ, റ്റ്വിറ്ററിലൂടെ പിൻതുടരാനാരുമില്ലാതെ യാത്രകളെ അനുഭവങ്ങളാക്കി അനുഭവങ്ങളെ സന്തോഷങ്ങലാക്കി ഒരു eccentric ജീവിതം. മാറിവരുന്ന സ്റ്റൈലുകൽക്കു പിടികൊടുക്കാതെ വേഷവിധാനങ്ങൾക്കു വിലകല്പിക്കാതെ മറ്റൊരാളുടെ മുഖത്ത് വിടർനെക്കാവുന്ന ഒരു പുഞ്ചിരി മാത്രം പകരം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു ചാർളി നമുക്കിടയിലുണ്ടാകുമോ ??? സംശയികേണ്ടിയിരിക്കുന്നു … ജീവിതത്തിൽ ആഘോഷങ്ങളുണ്ടെങ്കിലും (ആവശ്യത്തിനും അനാവശ്യത്തിനും) ജീവിതം തന്നെ ഒരു ആഘോഷമാക്കുവാൻ ധൈര്യം കാണിച്ച പുരുഷകിങ്കരന്മാർ ഇന്നെവിടെയെങ്കിലും കാണുമെന്നു വെറുതെ പ്രതീക്ഷിക്കാനേ ആവു. facebook ലെ പോസ്റ്റുകൾക്ക്‌ കിട്ടുന്ന like കളുടെ എണ്ണവും twitter റിലെ followers ന്റെ എണ്ണവും മാത്രമായിപോകുന്നില്ലേ യുവതലമുറയുടെ ആത്മവിശ്വാസത്തിന്റെ അളവുകോൽ.

    പ്രണയ സങ്കൽപ്പങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ ജീവിതത്തിൽ സാമ്പത്തികവും സാമുദായികവും കുടുംബപരവുമായ സുരക്ഷ വേണമെന്ന് കട്ടായം പിടിക്കുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിൽ മായ്ഞ്ഞു തുടങ്ങിയ കടലാസ് ചിത്രത്തിലെ കഥാപാത്രങ്ങളെ തിരഞ്ഞു പോയ, അവയുടെ സ്രഷ്ടാവിനെ പ്രണയിച്ച ടെസ്സമാരെ കാണാനാകുമോ??? ശ്രമകരമാകും ..തീർച്ച …

    പിന്നെ സാറ് പറഞ്ഞപോലെ സ്വന്തം മരണം പോലും പരീക്ഷിക്കാനാഗ്രഹിക്കുന്ന തെമ്മാടിയെയും കുടുംബം എന്ന ചട്ടകൂടിന്റെ നിയന്ത്രണങ്ങളില്ലാതെ ഒഴികിനടക്കുന്ന ടെസ്സയെയും സ്വപ്നം കാണാത്തവരുണ്ടാകുമോ. ഒരിക്കലും നടക്കാത്തവയല്ലോ നമ്മുടെ ഏറ്റവും സുന്ദര സ്വപ്‌നങ്ങൾ ….

    പിന്നെ യാത്രാനുഭവങ്ങൾ … അപ്പറഞ്ഞതിനു മാഷിനു 100 ൽ 100 ആണ് മാർക്ക്. സോഷ്യൽ നെറ്റ്വർക്കിലെ പങ്കുവെക്കലുകൾക്കപ്പുറം അനുഭവങ്ങളാവട്ടെ ഓരോ യാത്രയും …. യാത്രകളാവട്ടെ ജീവിതാനുഭവങ്ങൾ ….

    അടികുറുപ്പു:- നിലവാരമില്ലാത്ത എന്റെയീ comment സാറിന്റെ സ്വതന്ത്ര ചിന്തയെയോ മറ്റേതെങ്കിലും ഇന്ദ്രിയങ്ങലെയോ അകാരണമായ് ആലോസരപ്പെടുതിയെങ്കിൽ അതിന്റെ കാരണം ഈ പോസ്റ്റ്‌ എന്റെ ശ്രദ്ധയിൽ പെടുത്തിയ നമ്മുടെ പൊതുസുഹ്രുത്ത് അല്പം ന്യുജെൻ ആയിപറഞ്ഞാൽ mutual friend രോഹൻ ആണെന്നും ഈയുള്ളവനെ നിരുപാധികം വെറുതെവിടണമെന്നും അപേക്ഷിക്കുന്നു. ഇത് മുഴുവനും വായിച്ചവരുടെ സന്മനസ്സിനും സഹിഷ്ണുതക്കും കടപെട്ടുകൊണ്ട് നിർത്തട്ടെ….

    1. @RakeshRaj R – കമന്റ് സന്തോഷം തരുന്നു. യാതൊരു അലോസരവും ഇല്ല. ന്യൂജൻ പിള്ളേർക്ക് ഒരു കുഴപ്പമുണ്ട്. ചാർളിയുടെ നന്മകൾ കോപ്പി ചെയ്യുന്നതിന് മുന്നേ ചാർളി ചെയ്യുന്നത് പോലെ വാറ്റ് അടക്കമുള്ള മോശം കാര്യങ്ങൾ ചെയ്തെന്ന് വരും. അതിനെയാണ് ഞാൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. വേഷത്തിലും രൂപത്തിലും മാത്രം ചാർളിയായിട്ട് കാര്യമില്ലല്ലോ ? ചാർളിയെപ്പോലെ കുട്ടികൾ ആയിപ്പോയാലോ എന്ന് കരുതി വ്യാകുലപ്പെടേണ്ടതില്ല, അതൊരു സിനിമ മാത്രമാണെന്ന് രക്ഷകർത്താക്കളോടും പറയാനാണ് ഞാൻ ശ്രമിക്കുന്നത്. അത് വേണ്ടവിധം കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതെന്റെ മാത്രം പിഴവാണ് :)

      1. നന്ദി മനോജ്‌ സർ… പറഞ്ഞത് തീർത്തും ശരിയാണ് … നല്ലതെന്നോ ചീത്തയെന്നോ തിരിച്ചറിയാതെയുള്ള അനുകരണം ആപത്തുതന്നെ…പോസ്റ്റിൽ അവ്യക്തതകലൊന്നുമില്ല… രക്ഷകര്താക്കാൾക്കുള്ള മുന്നറിയിപ്പും സ്വാഗതാർഹം …

Leave a Reply to RakeshRaj R Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>