തെലുങ്കാനയിലേക്ക് – (GIE 001)


ത്ത് ദിവസത്തെ പരീക്ഷണ യാത്രകൾ നിന്നനുഭവിച്ച പ്രശ്നങ്ങൾ തീർത്തതിനുശേഷം ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ 2019 ജൂലൈ 30 എറണാകുളത്തു നിന്നും ആരംഭിക്കാൻ തീരുമാനിച്ചു. 30ന് എറണാകുളത്തുനിന്നും ബാംഗ്ലൂരെത്തി അവിടെ തങ്ങുക. 31ന് രാവിലെ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിലേക്ക് യാത്ര തുടരുക. ഇതായിരുന്നു പദ്ധതി. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷന്റെ ഒന്നാം ഘട്ടമായി തീരുമാനിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവയാണ്.

Untitled
                                       അഷ്‌റഫ് എക്സൽ – ഫ്ലാഗ് ഓഫ്

30ന് രാത്രി ബാംഗ്ലൂരിലെത്തി അവിടെ കോളേജ് വിദ്യാർത്ഥിയായ മകൾ നേഹയെ കണ്ടു. അവൾക്ക് കൊടുക്കാനായി കൊണ്ടുപോയ സാധനങ്ങൾ കൈമാറിയ ശേഷം അവളുടെ പി.ജി.ക്ക് അടുത്തുതന്നെയുള്ള ഒരു ഹോട്ടലിൽ ഓയോ വഴി മുറി ബുക്ക് ചെയ്തു. ഒരു പകൽ മുഴുവൻ വാഹനമോടിച്ചതിന്റെ ക്ഷീണമൊന്നും തോന്നിയതേയില്ല. അല്ലെങ്കിലും ഇനിയങ്ങോട്ട് എല്ലാ ദിവസവും കുറഞ്ഞത് 50 കിലോമീറ്ററെങ്കിലും വാഹനമോടിക്കാനുള്ളതാണ്. ക്ഷീണം എന്ന് പദം നിഘണ്ടുവിൽ നിന്ന് പുറന്തള്ളിയേ പറ്റൂ.

IMG-20190730-WA0027
                                              സേലത്തേക്ക് എത്തുമ്പോൾ

31ന് രാവിലെ ലാൽ‌ബാഗ് വരെയുള്ള ഒരു നടത്തത്തിന് ശേഷം പ്രഭാതഭക്ഷണവും കഴിച്ച് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. കർണ്ണാടകയിലെ നന്ദിഹിൽസിന് അപ്പുറമുള്ള പാതകൾ എനിക്ക് തീർത്തും അപരിചിതമാണ്. ആ വഴി കടന്ന് വാഹനമോടിക്കുന്ന ആദ്യത്തെ അനുഭവമാണിത്. കർണ്ണാടകയും തമിഴ്നാടും കേരളവും കഴിഞ്ഞാൽപ്പിന്നെ വാഹനമോടിച്ചിട്ടുള്ളത് രണ്ടേ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് ആ സംസ്ഥാനങ്ങൾ.

570 കിലോമീറ്ററോളം താണ്ടാനുണ്ട്. കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ദൂരത്തേക്കാൾ അധികമുണ്ടത്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്ന് പുറത്തു കടന്നപ്പോൾത്തന്നെ 9 മണി കഴിഞ്ഞിരുന്നു.. ഒൻപത് മണിക്കൂർ യാത്രയുണ്ട് എന്നാണ് ജി.പി.എസ്. പറയുന്നത്. പരിചയമുള്ള സ്ഥലമായാലും പരിചയമില്ലാത്ത സ്ഥലമായാലും, രാത്രി വാഹനം ഓടിക്കുകയില്ല എന്നത് ഈ യാത്രയിലെ ഒരു പ്രധാന തീരുമാനമാണ്. ആയതിനാൽ ഇരുട്ടുന്നതിനു മുൻപ് ഹൈദരാബാദിൽ എത്തിയേ തീരൂ.

റോഡങ്ങനെ നീണ്ടുനിവർന്ന് പരന്നുകിടക്കുകയാണ്. ഇടയ്ക്കിടക്ക് ഭൂപ്രകൃതി മാറിമാറി വരുന്നത് വല്ലാത്തൊരു പുതുമയോടെയും അത്ഭുതത്തോടെയും കൂടെ ഞാൻ വീക്ഷിച്ചുകൊണ്ടിരുന്നു. ആകാശത്ത് കൂറ്റൻ പഞ്ഞിക്കെട്ടുകൾ എന്ന കണക്കിന് മേഘങ്ങൾ നിരങ്ങി നീങ്ങുന്നു. റോഡിനിരുവശവും വിജനമാണ്. ഇടക്ക് ചില ക്രോസ്സിങ്ങുകൾ വരുന്നിടത്ത് അപായ സൂചന നൽകുന്ന ബോർഡുകൾ കാണാം. തൊട്ടപ്പുറമുള്ള ഏതോ ഗ്രാമത്തിൽനിന്ന് വരുന്ന വഴികളാണത്. അത്തരം കവലകളിൽ ചെറുതായൊന്ന് സ്പീഡ് കുറയ്ക്കുക മാത്രമേ ആവശ്യമുള്ളൂ.

വാഹനം ശരാശരി 100 കിലോമീറ്റർ വേഗതയിൽ നീങ്ങിക്കൊണ്ടിരുന്നു. ഒരിടത്തും ഓവർ സ്പീഡ് പിടിക്കാൻ ക്യാമറകൾ ഇല്ല അതിന്റെ ആവശ്യവുമില്ല. അത്രയ്ക്ക് വിജനമാണ് ആ പാത. അമിത വേഗത്തിൽ പോയി നിയന്ത്രണം കിട്ടാത്ത വാഹനങ്ങൾ രണ്ടുമൂന്നെണ്ണം റോഡിൽ നിന്ന് താഴെയുള്ള കൃഷിസ്ഥലങ്ങളിൽ വീണുകിടക്കുന്നത് കാണാനായി. മാരുതി 800 പോലുള്ള വാഹനങ്ങൾ 100 കിലോമീറ്ററിലും അധികവേഗത്തിൽ പായുന്നത് ഉൾക്കിടിലത്തോടെയല്ലാതെ നോക്കിനിൽക്കാനാവില്ല. ഞങ്ങളുടെ വാഹനത്തിന്റെ വേഗത 100 ന് മുകളിൽ കടന്നാൽ‌പ്പിന്നെ വാഹനം റോഡുമായുള്ള ബന്ധം വിച്ഛേദിക്കുന്നപോലെ എനിക്ക് തോന്നുന്നുണ്ട്. ഏതൊരു വാഹനത്തിനും അങ്ങനെയൊരു നിയന്ത്രണരേഖ തീർച്ചയായുമുണ്ട്. അതിനും വേഗത്തിൽ വാഹനമോടിക്കണമെങ്കിൽ അസാമാന്യ നിയന്ത്രണവും കൈയ്യടക്കവും പരിചയസമ്പന്നതയുമില്ലാതെ പറ്റില്ല.

IMG-20190731-WA0010
                                                                 മേൽ‌പ്പാലത്തിലൂടെ

നാലാളെ ഒരുമിച്ച് കാണണമെങ്കിൽ ടോൾ ബൂത്തുകൾ വരണമെന്ന അവസ്ഥയാണ്. 60ഉം 90ഉം കിലോമീറ്റർ ഇടവേളകളിൽ ടോൾ ബൂത്തുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 60, 95, 100, 105 എന്നിങ്ങനെ പോകുന്നു ടോൾ നിരക്കുകൾ. ഹൈദരാബാദ് എത്തുമ്പോഴേക്കും ഏകദേശം 700 രൂപയ്ക്ക് മുകളിൽ ചുങ്കം കൊടുക്കേണ്ടി വരുന്നുണ്ട്. ഏതാണ്ട് അത്രയും തന്നെ ചുങ്കം കൊച്ചി മുതൽ ബാംഗ്ലൂര് വരെയും കൊടുക്കണം.

ആന്ധ്രപ്രദേശിൽ നിന്ന് തെലുങ്കാന സംസ്ഥാനത്തേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് റോയൽ ധാബ എന്നൊരു ഭോജനശാലയിൽ വാഹനം നിർത്തി ഉച്ചഭക്ഷണം കഴിച്ചു. ഇത്തരം ചില ധാബകളും അതോടെ ചേർന്നുള്ള ചില ലോറിത്താവളങ്ങളും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടയ്ക്ക് പേരറിയാത്ത ഒരു സ്ഥലത്ത് KIA വാഹന നിർമ്മാണ ഫാക്ടറിയും കാണാനിടയായി.

20190731_130150
                                             ധാബയ്ക്ക് മുന്നിൽ ലേഖകൻ

ഞങ്ങൾ ആന്ധ്ര അതിർത്തി കടന്ന് തെലുങ്കാനയിലേക്ക് പ്രവേശിച്ചു. അതിർത്തിയിൽ ചെക്ക്പോസ്റ്റിന്റെ ബോർഡുകൾ കണ്ടെങ്കിലും വാഹനം അവിടെയൊന്നും നിർത്തേണ്ടി വന്നില്ല. ഇടക്ക് ചെറിയ ചില വീടുകൾ കാണാനാകുന്നുണ്ട്. വീടുകൾക്കുമുന്നിൽ കുറച്ച് കൃഷിയിടം. ഒരു ഗ്രാമം എന്നു പറയാൻ പോലും ഇല്ല അതൊന്നും. നിത്യജീവിതത്തിൽ ആവശ്യമായ പലചരക്ക് സാധനങ്ങൾ ഇവർ എവിടെ നിന്ന് സംഘടിപ്പിക്കുന്നു എന്നാശ്ചര്യപ്പെട്ടു പോയി. അത്രയ്ക്ക് ഒറ്റപ്പെട്ടാണ് അവർ കഴിയുന്നതെന്ന് തോന്നി. ഒരു ട്രാൻസ്പോർട്ട് ബസ്സോ പ്രൈവറ്റ് ബസ്സോ ആ റൂട്ടിലെങ്ങും കണ്ടില്ല. ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് അല്ലെങ്കിൽ പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് ആൾക്കാരെ കൊണ്ടുപോകാനില്ലെങ്കിൽപ്പിന്നെ എന്തിന് ബസ്സുകൾ ഓടണം ? ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ലക്ഷ്വറി ബസ്സുകളെപ്പോലും രാത്രി മാത്രമേ ഈ വഴിയിൽ കണ്ടെന്ന് വരൂ.

ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളെ പൊതുവാഹനമാക്കി സഞ്ചരിക്കുന്ന ഗ്രാമവാസികളെ കാണാം. ആറോ ഏഴോ പേർ പ്രത്യേകരീതിയിൽ സജ്ജമാക്കിയ ഓട്ടോയിൽ സഞ്ചരിക്കുന്നു മൂന്നുപേർ കാല് തൂക്കിയിട്ട് പിറകോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ഓട്ടോയുടെ സജ്ജീകരണം. അവരാ നീണ്ടപാതയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ സഞ്ചരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഏത് ഗ്രാമത്തിലേക്കാണവർ പോകുന്നതെന്ന് പോലും പിടികിട്ടുന്നില്ല. തിങ്ങിനിറഞ്ഞ് ജനജീവിതമുള്ള ഒരു സംസ്ഥാനത്തെ, അതിലേറെ ജനപ്പെരുപ്പമുള്ള ഒരു ദ്വീപിൽ ദീർഘകാലം ജീവിച്ചുപോന്ന ഒരുവന്റെ വിഭ്രാന്തികൾ മാത്രമാകാം ഇതൊക്കെ.

ഹൈദരാബാദിലേക്ക് 50 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ മുതൽ ചില പ്രൈവറ്റ് ബസ്സുകളും ട്രാൻസ്പോർട്ട് ബസുകളും റൂട്ടിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഞങ്ങൾ നഗരത്തിന്റെ പരിധിയിലേക്ക് കിടക്കുകയാണെന്ന് മനസ്സിലായി. ഇടക്ക് മഴ പെയ്തു. ആഗസ്റ്റ് ഒന്നും രണ്ടും തീയതികളിൽ ഹൈദരാബാദിൽ മഴയാണെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഞാൻ ശ്രദ്ധിച്ചിരുന്നത് തന്നെയാണ്. ആ മഴ തന്നെയാണ് ഈ മഴ.

IMG-20190731-WA0009
                                              വഴിയിൽ വിരിഞ്ഞ മഴവില്ല്

മെല്ലെമെല്ല റോഡരുകിൽ സാധാരണയിൽക്കവിഞ്ഞ പച്ചപ്പ് കാണാൻ തുടങ്ങി. ഒരിടത്ത് മഴക്കൊപ്പം വെയിൽ ഉള്ളതുകൊണ്ട് വലിയൊരു മഴവില്ലു വിരിഞ്ഞു നിൽക്കുന്നു. പിന്നൊരിടത്ത് ക്ഷേത്രഗോപുരത്തിന്റേത് പോലെ ശില്പബാഹുല്യമുള്ള ഗോപുരം കണ്ടു. ലളിതാംബിക തപോവനം എന്നാണ് അവിടെ എഴുതിവച്ചിരിക്കുന്നത്. പേര് കേട്ടിട്ട് അതൊരു ആശ്രമം ആണെന്ന് തോന്നി. അതേപ്പറ്റി ചോദിക്കാമെന്ന് വച്ചാൽ ചുറ്റുമെങ്ങും ആരുമില്ല. ഞങ്ങൾ ഇവിടങ്ങളിലൊക്കെ വാഹനം നിർത്തി അത്യാവശ്യം പടങ്ങൾ എടുത്താണ് മുന്നോട്ടുനീങ്ങിയത്.

20190731_161410
                      ലളിതാംബിക തോപോവനത്തിന്റെ കവാടം

ഹൈദരാബാദ് നഗരത്തിലേക്ക് കടക്കുകയാണെന്ന് വാഹനത്തിരക്ക് കൂടിക്കൂടി വന്നതിൽ നിന്ന് മനസ്സിലായി. അതോടൊപ്പം മുൻപ് അറിവില്ലായിരുന്ന ചില കാര്യങ്ങൾ കൂടെ സ്വയം മനസ്സിലാക്കാൻ തുടങ്ങി. APRTC എന്നാണ് ആന്ധ്രയിലെ ആനവണ്ടികളുടെ പേര്. TSRTC എന്നാണ് തെലുങ്കാനയിലെ ആനവണ്ടികളുടെ പേര്. തെലുങ്കാന വാഹനരജിസ്ട്രേഷൻ നമ്പർ TS എന്നാണ് തുടങ്ങുന്നത്. ഹൈദരാബാദിൽ മെട്രോയുണ്ട്; ധാരാളം ഫ്ലൈ ഓവറുകളുമുണ്ട്. നരംസിഹറാവു ഫ്ലൈ ഓവറിന് 12 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. താഴെ നിന്ന് നോക്കുമ്പോൾ ഫ്ലൈ ഓവറും മെട്രോയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ഒരു മാർഗ്ഗമുണ്ട്. ഹൈദരാബാദ് മെട്രോയ്ക്ക് വൈദ്യുതി നൽകുന്നത് മെട്രോപ്പാലങ്ങൾക്കും മുകളിൽ ഉയർന്ന് നിൽക്കുന്ന ലൈനുകളിലൂടെയാണ്. ഈ ലൈൻ മേൽ‌പ്പാലത്തിനും ഉയരത്തിൽ കാണുന്നുണ്ടെങ്കിൽ അത് മെട്രോപ്പാലമാണ്. കൊച്ചിയിൽ മെട്രോയ്ക്ക് വൈദ്യുതി നൽകുന്നത് പാളത്തിലൂടെയാണെന്ന് അറിയുന്നതുകൊണ്ടാണ് ഹൈദരാബാദിൽ ആദ്യമായി കാലുകുത്തുന്ന എനിക്കീക്കാര്യം എളുപ്പമായത്.

രാത്രി എവിടെ തങ്ങുമെന്ന് ഒരു ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെയാണല്ലോ ഈ യാത്ര വിഭാവനം ചെയ്തിരിക്കുന്നത് തന്നെ. ആദ്യദിവസം പോകാൻ തീരുമാനിച്ചിരിക്കുന്നത് ചാർമിനാറിലേക്കാണ്. എങ്കിൽപ്പിന്നെ അതിന്റെ പരിസരത്ത് എവിടെയെങ്കിലും ചെന്ന് കൂടാൻ ആദ്യം കരുതിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി താമസം ബൻ‌ജാര ഹിൽസിന്റെ ഭാഗത്ത് എവിടെയെങ്കിലുമാക്കാം എന്ന് തീരുമാനിച്ചു. ഹൈദരാബാദിലെ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം സമ്പന്നരുടെ ധാരാളമായി കഴിയുന്ന ഇടമാണ് ബൻ‌ജാര ഹിൽസ്.

ഓയോ വഴിയാണ് മുറി ബുക്ക് ചെയ്യാൻ ശ്രമിച്ചത്. പാർക്കിങ്ങ് ഉണ്ടെന്ന് പറഞ്ഞ ഹോട്ടലുകളിൽ നേരിട്ട് ചെല്ലുമ്പോൾ അത്തരമൊരു സൗകര്യവുമില്ല. രണ്ടുമൂന്ന് ഹോട്ടലുകൾ കറങ്ങിയ ശേഷമാണ് അൽപമെങ്കിലും ഭേദപ്പെട്ട പാർക്കിങ്ങുള്ള ഒരു ഹോട്ടൽ കണ്ടെത്തിയത്. അവിടെയും കൃത്യമായ പാർക്കിംഗ് ഇല്ല. അവിടുത്തെ സൗകര്യങ്ങൾക്ക് ബാംഗ്ലൂരിനേക്കാൾ ഉയർന്ന വാടകയും ഈടാക്കുന്നുണ്ട് ചിലപ്പോൾ പണച്ചാക്കുകളുടെ ഇടമായ ബൻ‌ജാര ഹിൽസ് ആയതുകൊണ്ടാവാം. അത്താഴം കഴിക്കാനായി കയറിച്ചെന്ന റസ്റ്റോറന്റിലും സാമാന്യം വലിയ നിരക്കാണ്. ഒരു ദിവസത്തെ മുഴുവൻ ഡ്രൈവ് കഴിഞ്ഞാണ് വന്നിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൂടുതൽ കറങ്ങിത്തിരിയാൻ ക്ഷമയുണ്ടായിരുന്നില്ല. നിരക്ക് കൂടുതലാണെങ്കിലും ഒരു ഷവർമ്മയും ജ്യൂസും കഴിച്ച് അത്താഴം കുശാലാക്കി.

അടുത്ത ദിവസത്തെ പദ്ധതികൾ ശരിയാകാതെ കിടന്നുറങ്ങിയാൽ ശരിയാകില്ല. ബാംഗ്ലൂരുള്ള സുഹൃത്ത് സ്വപ്ന നായരെ വിളിച്ചു. സ്വപ്ന ഒരുപാട് നാൾ ആന്ധ്രയിൽ ഉണ്ടായിരുന്നു. അത്യാവശ്യം തെലുങ്ക് സംസാരിക്കാനുമറിയാം. ആന്ധ്രയിലും തെലങ്കാനയിലും പോകേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളെല്ലാം ലിസ്റ്റ് എടുത്തുതരാമെന്ന് സ്വപ്ന ഏറ്റിരുന്നതാണ്. ആ ഉറപ്പ് പ്രകാരമുള്ള വിവരങ്ങൾ സ്വപ്ന കൈമാറി. എന്തായാലും രാവിലെ ചാർമിനാറിലേക്ക് തന്നെയാണ് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനമായ തെലുങ്കാനയിൽ നിന്ന് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ നാളെ രാവിലെ ആരംഭിക്കുകയാണ്.

മുൻ‌കൂർ ജാമ്യം:- നിത്യവുമെഴുതുന്ന യാത്രാവിവരണങ്ങളായതുകൊണ്ട് ഒരു ഡയറിക്കുറിപ്പെന്ന നിലയ്ക്ക് മാത്രം ഇതിനെ കാണണമെന്ന് അപേക്ഷയുണ്ട്.

തുടരും….

Comments

comments

4 thoughts on “ തെലുങ്കാനയിലേക്ക് – (GIE 001)

  1. താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു
    You may use these HTML tags and attributes:

  2. യാത്രാവിവരണം വായിച്ചപ്പോൾ വീഡിയോ കാണാൻ ആകാംക്ഷയായി
    You may use these HTML tags and attributes:

    1. യാത്രാവിവരണവും വീഡിയോയും ഒരേ പേസിൽ പോകണമെന്നില്ല എല്ലായ്പ്പോഴും. ഇപ്പോൾ വീഡിയോ അൽ‌പ്പം മുന്നിലാണ് നിൽക്കുന്നത്. അതിവിടെ കാണാം. https://www.youtube.com/watch?v=P3xuboe1uW0&list=PLWQrRiQyU0nOqo0GEXQ9ln5Lq-DcmRcWb&index=2 ഈ വിവരണത്തിൽ പറയുന്നതെല്ലാം വീഡിയോ ആയി ചിത്രീകരിക്കുക എളുപ്പമല്ല എന്നതുകൊണ്ട് ഇതിന്റെ വീഡിയോ ഇല്ല. ഇതിൽ സഞ്ചാരിയുടെ ചിന്തകളും അഭിപ്രായങ്ങളും ധാരാളമായി കടന്നുവരും.

Leave a Reply to sajeev madhuramattom Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>