ഡുണ്ട്ലോഡ് കോട്ട (കോട്ട # 78) (ദിവസം # 40 – രാത്രി 09:58)


11
രാവിലെ സിക്കറിൽ നിന്ന് ജുൻജുനുവിലെ ബാദൽഗഡ് കോട്ടയിലേക്ക് തിരിച്ചു; ഇന്നലെ കാണാൻ സാധിക്കാത്ത ബാദൽഗഡ് കോട്ട ഇന്നെങ്കിലും കാണാൻ പറ്റും എന്ന പ്രതീക്ഷയോടെ.

ഇന്നലെ ഓട്ടോറിക്ഷയ്ക്ക് പോയ വഴികളിലൂടെ ശ്രദ്ധയോടെ ഞാൻ ഭാഗിയെ നയിച്ചു. പക്ഷേ അവസാനത്തെ ഒരു ചെറിയ ദൂരം ഭാഗിയുമായി പോകാൻ പറ്റിയില്ല. എനിക്ക് ഭാഗിയെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

കോട്ടയിലേക്ക് പോകുന്നതിനുമുമ്പ് മറ്റൊരു ദൗത്യം പൂർത്തിയാക്കാൻ ഉണ്ട്. എലിപ്പെട്ടി വാങ്ങണം. മാർക്കറ്റിൽ അത് കിട്ടും എന്ന് എല്ലാവരും പറഞ്ഞു. മാർക്കറ്റിലേക്കുള്ള വഴികൾ അതി സങ്കീർണ്ണമാണെന്ന് മാത്രം.

2024 ജനുവരിയിലെ രാജസ്ഥാൻ യാത്രയിൽ അത്തരത്തിൽ ഒരിടത്ത് ഭാഗിയെ കണ്ടെത്താനാകാതെ കുഴഞ്ഞത് ഞാൻ എഴുതിയിരുന്നു. ഇപ്രാവശ്യം ഞാൻ കാച്ചിയ വെള്ളത്തിൽ വീണ പൂച്ചയാണ്. ഭാഗിയുടെ ഗൂഗിൾ ലൊക്കേഷൻ സേവ് ചെയ്തിട്ടാണ് മാർക്കറ്റിലേക്ക് നടന്നത്. ചെറിയ ഒരു എലിപ്പെട്ടി വാങ്ങി വിജയശ്രീലാളിതനായി മടങ്ങി വരുകയും ചെയ്തു.

അതോടെ എനിക്ക് ആത്മവിശ്വാസം കൂടി. അങ്ങനെ കോട്ടയിലേക്കുള്ള വഴി തെറ്റി. ഞാൻ വഴി ചോദിച്ച് ചോദിച്ച് പോകുന്നത് കണ്ട്, ഒരു ചെറുപ്പക്കാരൻ ഇരുചക്രവാഹത്തിൽ എൻ്റെ അടുത്തെത്തി കാര്യങ്ങൾ മനസ്സിലാക്കി. അദ്ദേഹത്തിൻ്റെ പേര് ഷേർ മുഹമ്മദ്. കക്ഷി എന്നെ ബൈക്കിൽ കയറ്റി കോട്ടയുടെ അടുത്ത് എത്തിച്ചു. ഞാൻ നന്നേ ക്ഷീണിതനാണെന്ന് തോന്നിയതുകൊണ്ട് അദ്ദേഹം മടങ്ങി പോകാതെ അവിടെത്തന്നെ നിന്നു.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ കോട്ട അടച്ചിട്ടിരിക്കുന്നു. ഇന്ന് തിങ്കളാഴ്ച്ച അല്ല. എന്നിട്ടും കോട്ട അടഞ്ഞുകിടക്കുന്നത് നിരാശാജനകം തന്നെ. കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്.

കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രമുണ്ട്. അതിൽ പൂജയ്ക്ക് വരുന്ന ശാന്തിക്കാരൻ രാവിലെ 10 മണിക്ക് കോട്ട തുറന്ന് ഒരു മണിക്കൂറിന് ശേഷം അടച്ചു പോകും. വീണ്ടും വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുക.

സമയം 11 മണി ആയിട്ടില്ല. അഞ്ചുമണിവരെ കാത്തുനിൽക്കുക എന്നത് വലിയ കഷ്ടമാണ്.
ഷേർ മുഹമ്മദ് എന്നെ ഭാഗിക്ക് അടുത്തേക്ക് കൊണ്ടുപോയി. പക്ഷേ, ഞങ്ങൾക്ക് രണ്ടുപേർക്കും വഴി തെറ്റി. അന്നാട്ടിൽ ഉള്ളവർ പോലും കുഴഞ്ഞ് പോകുന്ന തരത്തിലുള്ള ഇടവഴികളാണ് കോട്ടയുടെ പരിസരമാകെ.

അടുത്ത് മറ്റേതെങ്കിലും കോട്ട കാണാൻ പറ്റുമോ എന്ന് ലിസ്റ്റിൻ ഞാൻ തിരഞ്ഞു. ഇന്നലെ വിവാന ഹവേലിയിൽ വെച്ച് പരിചയപ്പെട്ട അജിത് സിംഗ് എന്ന ടൂർ പ്രമോട്ടർ, ഡുണ്ട്ലോഡ് എന്ന കോട്ടയെപ്പറ്റി പറഞ്ഞിരുന്നു. അവരുടെ അതീനതയിലാണ് പോലും അടച്ചിട്ടിരിക്കുന്ന ബാദൽഗഡ് കോട്ടയും.
അങ്ങനെ ഞാൻ 30 കിലോമീറ്റർ മാറിയുള്ള ഡുണ്ട്ലോഡിലേക്ക് നീങ്ങി. അതിനിടയ്ക്ക് വിവാന ഹെറിറ്റേജ് ഹോട്ടലിന്റെ ഉടമസ്ഥൻ അതുൽ ഖന്നയുമായി ബന്ധപ്പെടാൻ അജിത് സിങ്ങ് ആവശ്യപ്പെട്ടു.

അമേരിക്കയിൽ ജീവിക്കുന്ന ആൾ ആയതുകൊണ്ടാകം എന്നെപ്പോലുള്ളവരുടെ ഭ്രാന്ത് നന്നായി അതുൽ ഖന്നയ്ക്ക് മനസ്സിലാകുന്നുണ്ട്. ഈ ചെയ്യുന്ന കോട്ട പരിപാടിക്ക് എന്നെ കുറെയേറെ അഭിനന്ദിച്ചു. ഒരു ദിവസം വിവാന ഹവേലിയിൽ അദ്ദേഹത്തിന്റെ അതിഥിയായി തങ്ങണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഡൽഹിയിലും രാജസ്ഥാനിൽ മറ്റ് രണ്ടിടത്തും ഹവേലികൾ ഉണ്ട്. അവിടെയെല്ലാം തങ്ങണമെന്നും, എപ്പോഴെങ്കിലും നേരിൽ കാണണമെന്നും അറിയിച്ചു.
ഇതിൽപരം എന്ത് സന്തോഷമാണ് വേണ്ടത്. ആൽക്കെമിസ്റ്റിന്റെ ഗൂഢാലോചന ലിസ്റ്റ് നീണ്ടുനീണ്ട് വരികയാണ്.

നാല് മണിയോടെ ഡുണ്ട്ലോഡ് കോട്ടയിലെത്തുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. 15 ഓളം മുറികൾ സന്ദർശകർക്ക് നൽകുന്ന ഒരു ഹെറിറ്റേജ് ഹോട്ടൽ കൂടെയാണ് ഇത്.

* താക്കൂർ സർദൂൽ സിങ്ങിൻ്റെ അഞ്ചാമത്തേയും അവസാനത്തേയും മകനായ താക്കൂർ കേസരി സിങ്ങ് ആണ് 1750 ഡുണ്ട്ലോഡ് കോട്ട നിർമ്മിച്ചത്.

*രാജപുത്ര – മുകൾ വാസ്തുവിദ്യയുടെ മനോഹരമായ രീതികൾ കോട്ടയ്ക്കകത്ത് കാണാം.

* അതിഗംഭീരമായ ദർബാർ ഹാളിന്റെ വാതിലുകൾക്ക് മൂന്നാൾ ഉയരം ഉണ്ടാകും.

* മര ഉരുപ്പിടികൾ തയ്യാറാക്കിയിരിക്കുന്നത് ലൂയി പതിനാലാമൻ്റെ കാലത്തുള്ള മാതൃക പ്രകാരമാണ്.

* അക്കാലത്തെ പേർഷ്യൻ കാർപ്പെറ്റുകളും അഫ്ഗാൻ കാർപ്പെറ്റുകളും അതേപടി സംരക്ഷിച്ചിരിക്കുന്നു. അന്നുള്ള പെയിന്റിംഗ് അല്ലാതെ പുതുതായി ഒന്നും ചെയ്തിട്ടില്ല അത് മനോഹരമായാണ് നിലനിർത്തിയിരിക്കുന്നത്.

* നല്ലൊരു ലൈബ്രറിയും ഒരുപാട് വിലപിടിപ്പുള്ള രേഖകളും ഇവിടെ സംരക്ഷിച്ച് പോരുന്നു.
* ശിവഗഡ് എന്നും ഈ കോട്ട അറിയപ്പെടുന്നു.

* ഈ കോട്ടയിലെ അവസാനത്തെ ഭരണാധികാരി റാവൽ ഹർഷനാഥ് സിംഗ് ബഹാദുർ ആയിരുന്നു.

* നിലവിലെ രാജകുടുംബമായ കേസരി സിംഗ് കോട്ടാരത്തിൻ്റെ ഒരു ഭാഗത്ത് താമസിക്കുന്നുണ്ട്.
കോട്ടയിൽ വെള്ളം ധാരാളമുണ്ട്. ഇരുട്ടുന്നതിന് മുന്നേ ഭാഗിയെ കുളിപ്പിച്ച് ടാങ്കിൽ വെള്ളം നിറച്ചു. കൊട്ടാരത്തിലെ ജീവനക്കാർ എല്ലാവരും അവളെ കാണാൻ വന്നു. കൊട്ടാരത്തിൽ നാല് വാഹനങ്ങൾ ഉണ്ട്. അതിന്റെ കാര്യക്കാരനായ ശ്രീ.സുഭാഷ് ഈ വാഹനം തരാമോ എന്ന് ചോദിക്കുന്നു. ഭാഗിയെ ഒരു കൊട്ടാരത്തിൽ കെട്ടിച്ച് കൊടുക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഭാഗിയുടെ രജിസ്ട്രേഷൻ 2025 മാർച്ചിൽ തീരുകയാണ്. അതെന്ത് ചെയ്യും?
അതൊക്കെ രാജസ്ഥാനിൽ എളുപ്പത്തിൽ നടക്കും. വാഹനം തന്നാൽ മതി, എന്നാണ് സുഭാഷ് പറയുന്നത്. സുഭാഷും കൊട്ടാരത്തിൽ ഉള്ളവരും കാര്യമായിട്ടാണെങ്കിൽ ഭാഗിയുടെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം ഉണ്ടായേക്കാം.

ഒരു കോട്ടയിൽ അന്തിയുറങ്ങാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ! ഈ വർഷത്തിന്റെ തുടക്കത്തിൽ ചിറ്റോർ കോട്ടയിലാണ് അത് സാധിച്ചത്. പിന്നീട് ഈ മാസം 11ന് മഹാരാഷ്ട്രയിലെ മലമുകളിൽ അലങ്ങ് കോട്ടയിലും താമസിക്കാനായി. ഭദ്രാജുൻ കോട്ടയിൽ താമസിച്ചതും ഋഷിരാജ് സിങ്ങുമായുള്ള ബന്ധം ഉരുത്തിരിഞ്ഞ് വന്നതും ഞാൻ മുൻപ് എഴുതിയിരുന്നു. ദീപിക വാർഷിക പതിപ്പിലും ആ സംഭവം അച്ചടിച്ച് വന്നിട്ടുണ്ട്.

അങ്ങനെ നോക്കിയാൽ നാലാമത്തെ കോട്ടയിലാണ് ഞാനിന്ന് അന്തിയുറങ്ങുന്നത്.
“എന്തുകൊണ്ട് നിങ്ങൾ കോട്ടകളിലൂടെ സഞ്ചരിക്കുന്നു” എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം ഇതാണ്. കോട്ടകളിലൂടെ സഞ്ചരിച്ചില്ലായിരുന്നില്ലെങ്കിൽ ഈ മനുഷ്യരുമായി പരിചയമുണ്ടാക്കാൻ സാധിക്കുമായിരുന്നില്ല. ഈ ഗ്രാമത്തിലേക്ക് പോലും ഞാൻ കടന്ന് വരുമായിരുന്നില്ല.

ബോണി ബന്ന എന്ന് ഓമനപ്പേരുള്ള നിലവിലെ രാജാവിനും സിംഗപ്പൂരിൽ നിന്ന് കൊട്ടാരത്തിൽ താമസിക്കാൻ എത്തിയ ഒരു ഡൽഹി കുടുംബത്തിനും ഒപ്പമായിരുന്നു ഇന്നത്തെ അത്താഴം. രാജാവ് മുന്തിയ മദ്യമടക്കം നിരത്തിയിരുന്നു. നാളത്തെ പരിപാടികൾ ചർച്ച ചെയ്ത് ഞങ്ങൾ തീൻമേശയിൽ നിന്ന് പിരിഞ്ഞു.

ഇനി എലിക്കെണി വെക്കണം. രണ്ടാമത്തെ എലിയെ ഈ കോട്ടയിൽ വെച്ചാകും ഞാൻ പിടികൂടി പരാജയപ്പെടുത്തുക. എലികൾക്ക് എതിരെയുള്ള ഡുണ്ട്ലോഡ് കോട്ടയിലെ ഈ യുദ്ധത്തെ രണ്ടാം ഡുണ്ട്ലോഡ് മൂഷിക യുദ്ധം എന്ന് ചരിത്രത്തിൽ ഞാനങ്ങ് അടയാളപ്പെടുത്തും. ഹല്ല പിന്നെ. ഒന്നാം മൂഷിക യുദ്ധം സിക്കറിലെ തെരുവിൽ വെച്ച് നടന്നതായും രേഖപ്പെടുത്താം.
ഡ്രാക്കുള കോട്ടയിൽ എന്നത് പോലെ, വവ്വാലുകൾ വലിയ നിഴൽ താഴെ പതിപ്പിച്ച് എൻ്റെ തലയ്ക്ക് മുകളിൽ തലങ്ങും വിലങ്ങും പറക്കുന്നുണ്ട്. കടുത്ത നിശബ്ദതയാണ് ചുറ്റിനും.

ശുഭരാത്രി.