ഖേത്ത്ടി മഹൽ, നവൽഗഡ് & വിവാന മ്യൂസിയം. (ദിവസം # 39 – രാത്രി 10:15)


11
രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള ബാദൽഗഡ് എന്ന കോട്ട സന്ദർശിക്കാനായിരുന്നു ഇന്നത്തെ പദ്ധതി.

പക്ഷേ ജുൻജുനുവിൽ എത്തിയപ്പോൾ ഒന്നിലധികം പ്രശ്നങ്ങൾ!

പ്രശ്നം 1:- ഗൂഗിൾ ചേട്ടത്തി കാണിക്കുന്ന വഴിയിലൂടെ ഭാഗിക്ക് കടന്ന് പോകാൻ പറ്റുന്നില്ല.

പ്രശ്നം 2:- നഗരത്തിലെ പല വൺവേ കളും ഭാഗിയെ കുഴക്കി. ഒരുതരത്തിലും കോട്ടക്ക് അടുത്തേക്ക് എത്തുന്നില്ല.

പ്രശ്നം 3:- ഭാഗിയെ പാർക്ക് ചെയ്ത് നടന്ന് പോകാമെന്ന് തീരുമാനിച്ചപ്പോൾ അതിന് പറ്റിയ ഒരു സ്ഥലമേയില്ല.

ആവശ്യത്തിൽ അധികം പാർക്കിങ്ങ് സൗകര്യമുള്ള ഒരിടം കണ്ടുപിടിച്ചപ്പോൾ അത് ജുൻജുനുവിലെ പ്രസിദ്ധമായ റാണി സതി ക്ഷേത്രമായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒരിടത്തും ക്യാമറ അനുവദിക്കുന്നില്ല. വലിയ ക്ഷേത്രഗോപുരവും വെള്ളിയിൽ തീർത്ത പ്രതിഷ്ഠയും എയർകണ്ടീഷൻ ചെയ്ത ഹാളും പ്രധാന പ്രതിഷ്ഠയുള്ള കെട്ടിടത്തിനോട് ചേർന്ന് 12 കൊച്ചു പ്രതിഷ്ഠകളും അതിന്റെ ഗോപുരങ്ങളും ഉള്ള ക്ഷേത്രം മുഴുവൻ മാർബിളിലാണ് പണിതീർത്തിരിക്കുന്നത്.

ഭാഗിയെ അവിടത്തെ വിശാലമായ പാർക്കിങ്ങിൽ ഒതുക്കി ഓട്ടോറിക്ഷ പിടിച്ച് ബാദൽഗഡ് കോട്ടയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ കോട്ട അടച്ചിട്ടിരിക്കുന്നു. തിങ്കളാഴ്ച്ചകളിൽ രാജ്യത്തുള്ള എല്ലാ പൈതൃക സ്മാരകങ്ങളും മ്യൂസിയങ്ങളും ഒഴിവായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ആ അറിവുകൾ ഒന്നും ഗുണം ചെയ്യാതെ പോകുന്നത് കർണ്ണന് കിട്ടിയത് പോലെയുള്ള ഏതോ ശാപം ഏറ്റിട്ടുള്ളതുകൊണ്ടാകാം.

കോട്ട കാണാൻ വന്ന് എന്നെപ്പോലെ തന്നെ നിരാശരായി നിൽക്കുന്ന ലവ്, ശ്രീധർ എന്നീ രണ്ട് ചെറുപ്പക്കാരെ പരിചയപ്പെട്ടു. തിങ്കളാഴ്ദിച്ച ദിവസം സർക്കാർ സ്മാരകങ്ങളും മ്യൂസിയങ്ങളും അവധിയായിരിക്കും എന്നത് അവർക്കൊരു പുതിയ അറിവാണ്. കൂടുതൽ അടുത്ത് പരിചയപ്പെട്ടപ്പോൾ ലവന് എൻ്റെ ഒപ്പം സെൽഫി എടുക്കണമെന്നായി. ഇത്രയും ദിവസത്തിനകം അപരിചിതരായ ആരെങ്കിലും എനിക്കൊപ്പം നിന്ന് പടം എടുക്കണമെന്ന് പറയുന്നത് ആദ്യമായിട്ടാണ്. ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങണമെന്നത് ലവന്റേയും ആഗ്രഹമാണ്.

ബാദൽഗഡ് കോട്ട കാണാൻ വീണ്ടും പോകേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ന് ജുൻജുനു വരെ ചെന്ന സ്ഥിതിക്ക് മറ്റെന്തെല്ലാം കാണാം എന്നായി ചിന്ത.

1770ൽ രാജ അജിത് സിംഗ് പണികഴിപ്പിച്ച ഖേത്ത്ടി മഹൽ നല്ലൊരു കാഴ്ച്ചാനുഭവമാണ്. സംരക്ഷിക്കപ്പെടാതെ നാശത്തിലേക്ക് കൂപ്പുകുത്തി കഴിഞ്ഞു ഹവാ മഹൽ എന്നും പേരുള്ള ആ കെട്ടിടം. അതിന്റെ താഴത്തെ നിലയിൽ ആരൊക്കെയോ അനധികൃതമായി താമസിക്കുന്നു. വലിയ കടന്നുകയറ്റത്തിന് ഇരയായിരിക്കുകയാണ് ആ കെട്ടിടം. സന്ദർശകരെ ആരും തടയുന്നില്ല എന്നത് തന്നെ വലിയ കാര്യം.

ജുൻജുനുവിൽ രാത്രി താങ്ങാൻ എനിക്കത്ര താൽപ്പര്യം തോന്നിയില്ല. തൊട്ടടുത്ത്, തങ്ങാൻ പറ്റിയ മറ്റേതെങ്കിലും സ്ഥലം ഉണ്ടോ എന്ന് പരതിയപ്പോൾ, നവൽഗഡ് കോട്ട എന്ന് കണ്ടു. 25 കിലോമീറ്റർ മാത്രമാണ് അങ്ങോട്ടുള്ള ദൂരം.

അങ്ങോട്ട് ചെന്ന് കയറിയപ്പോൾ അവിടെ ഹവേലികളുടെ സംസ്ഥാന സമ്മേളനം. ഒരു പരിധിക്ക് അപ്പുറത്തേക്ക് ഭാഗിക്ക് കടന്നുപോകാൻ പറ്റാത്ത ഇടുങ്ങിയ വഴികളാണ്. അവളെ ഒതുക്കിയിട്ട് ഞാൻ ഇറങ്ങി നടന്നു. ആൾത്താമസം ഇല്ലാതെ കിടക്കുന്ന ഗംഭീരൻ ഹവേലികളാണ് വഴികൾക്ക് ഇരുവശവും. ചുമരുകൾ പലതും ദ്രവിച്ചു തുടങ്ങിയെങ്കിലും അതിലുള്ള ചിത്രപ്പണികൾക്ക് കാര്യമായ കേടപാടുകൾ ഇപ്പോഴുമില്ല. ഏതെങ്കിലും ഒരു ഹവേലിയിൽ കയറി അതിന്റെ ഉൾഭാഗം കാണാൻ മാർഗ്ഗം ഉണ്ടാകുമെന്ന് എനിക്ക് തോന്നി.

ചുറ്റിനുമുള്ള പഴയ കെട്ടിടങ്ങളും ചിലയിടങ്ങളിൽ കാണുന്ന കോട്ട കവാടങ്ങളും എല്ലാം ചേർത്ത് അത് ഒരു കോട്ട തന്നെയായിരുന്നു എന്നുള്ളതിൽ സംശയം വേണ്ട. സിക്കർഗഡ് കോട്ടയെപ്പോലെ തന്നെ കയ്യേറ്റത്തിന് ഇരയായാണ് നവൽഗഡും ഇങ്ങനെ ആയിരിക്കുന്നത്.

വിവാന എന്ന മ്യൂസിയം ഹോട്ടലിലേക്ക് രണ്ടും കൽപ്പിച്ച് ഞാൻ കയറിച്ചെന്നു. അതൊരു പഴയ ഹവേലിയാണ്. എനിക്ക് അതിൻ്റെ ഉൾവശം കാണണമെന്ന് പറഞ്ഞു. അതൊരു മ്യൂസിയം ഹോട്ടൽ ആണെന്നും 100 രൂപ പ്രവേശന ഫീസ് നൽകിയാൽ ഉൾവശം കാണാമെന്നും ജീവനക്കാർ അറിയിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ; വൈദ്യൻ ഇച്ഛിച്ചതും രോഗി. ഇതിനിടയിൽ എവിടെയോ ഒരു ഗ്ലാസ് പാൽ ഉണ്ടായിരുന്നല്ലോ എന്ന അവസ്ഥ.

100 രൂപയ്ക്ക് അതൊരു ഗംഭീര മ്യൂസിയം അനുഭവമായിരുന്നു. ഡൽഹി സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ അതിന്റെ മുതലാളി അതുൽ ഖന്ന രാജസ്ഥാന്റേയും ഷെഖാവത്ത് സാമ്രാജ്യത്തിന്റേയും കഥകൾ, നല്ല രീതിയിൽത്തന്നെ ഈ മ്യൂസിയത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്.

* ജീവിതത്തിൽ ഒരിക്കലും കുളിക്കാത്ത തേനീച്ച കൂട്ടിൽ കൈയിട്ട് തേൻ പിഴിഞ്ഞെടുത്താൽ പോലും തേനീച്ച കുത്താത്ത ഗോത്രവർഗ്ഗക്കാർ.

* ഒരിടത്തും സ്ഥിരമായി താമസിക്കാതെ അലഞ്ഞു നടക്കുന്ന ജിപ്സികൾ.

* കള്ളന്റേയും പോലീസിൻ്റേയും വക്കീലിന്റേയും ഒക്കെ വേഷങ്ങൾ മാറിമാറി അണിഞ്ഞ് ജനങ്ങളെ രസിപ്പിച്ച് നടക്കുന്ന ബേരുപിയാസ് (ബട്ട്സ്) എന്ന മറ്റൊരു കൂട്ടർ.

* കാണാതായ മകന്റെ ഫോട്ടോ നെഞ്ചോട് അണച്ചുപിടിച്ച് ജീവിതകാലം മുഴുവൻ വേദനയോടെ കഴിച്ചുകൂട്ടി മരണമടഞ്ഞ ഒരു വൃദ്ധ പിതാവ്.

* കുതിരകൾക്ക് പാസ്പോർട്ടും വിസയും എല്ലാം സംഘടിപ്പിച്ചു വിദേശത്തേക്ക് കയറ്റി അയക്കുന്ന വ്യവസായം ചെയ്യുന്ന ബോണി ബന്ന എന്ന ഇന്ത്യയിലെ ഒരേയൊരു വ്യക്തി.

* പത്തോ പതിനഞ്ചോ ആടുകളുമായി വീട്ടിൽ നിന്നിറങ്ങി നാലഞ്ച് വർഷം കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അത് 100 – 120 ആടുകളായി പെരുപ്പിച്ച്, അതിനെ വിറ്റ് പണമുണ്ടാക്കി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം വീട് വിട്ട് ഇറങ്ങുന്ന ആട്ടിടയന്മാർ.

* സമ്പത്തായി വെള്ളി കുമിഞ്ഞ് കൂടിയപ്പോൾ, അതുകാരണം ശത്രുക്കളുടെ ആക്രമണം ഉണ്ടായപ്പോൾ, പീരങ്കിയിൽ വെള്ളി പാത്രങ്ങളും വെള്ളി പിഞ്ഞാണങ്ങളും കൈലുകളും ആഭരണങ്ങളും ഒക്കെ നിറച്ച് വെടിയുണ്ട പോലെ ശത്രുക്കൾക്ക് നേരെ ഉതിർത്ത രാജാവിന്റെ കഥ. പീരങ്കി ഉണ്ടയായി ചെന്ന് വീണ വെള്ളിയും എടുത്ത് ശത്രുക്കൾ അവരുടെ പാട്ടിന് പോയി. സമ്പത്ത് കിട്ടിയാൽ പിന്നെന്ത് യുദ്ധം?!

* ആയിരക്കണക്കിന് നട്ടുകൾ(nut) ചേർത്തുവച്ച് ഉണ്ടാക്കിയിരിക്കുന്ന ഗണപതി, മഹാത്മാഗാന്ധി എന്നിങ്ങനെയുള്ള ശില്പങ്ങൾ.

* ബെൽജിയം ഗ്ലാസ് കൊണ്ട് തീർത്തിരിക്കുന്ന മനോഹരമായ ഗാർഡനുകൾ.

* സാരിയുടുത്ത് മൊണാലിസയെ പെയിന്റ് ചെയ്തിരിക്കുന്ന തുകൽ വാദ്യോപകരണങ്ങൾ.

* നാല് നിലകളുള്ള ആ കെട്ടിടത്തിൽ 11 മുറികൾ മാത്രമാണുള്ളത്. ഒരു മുറിയുടെ അത്രയും തന്നെ വലിപ്പമുണ്ട് അതിന്റെ ശൗചാലയത്തിന്.

* റസ്റ്റോറന്റിൽ ചെന്നാൽ പത്തുപേർ ഇരിക്കാവുന്ന ഒരു പൊതു മുറിക്ക് പുറമേ മൂന്നോ നാലോ പേരുള്ള സംഘങ്ങൾക്ക് ഇരിക്കാവുന്ന 8 ചെറിയ മുറികൾ വേറെയുമുണ്ട്. അതിലേക്ക് നോക്കിയാൽ ഒരു കണ്ണാടിയിലൂടെ നോക്കുന്നത് പോലെയാണ് അനുഭവം. പറഞ്ഞറിയിക്കാൻ വയ്യാത്ത പ്രത്യേകതയുള്ള ഒരു റെസ്റ്റോറന്റ്.

* മൂന്നാമത്തെ നിലയിൽ ഇൻഫിനിറ്റി നീന്തൽക്കുളം.

ആ മ്യൂസിയത്തിലെ കഥകളും കാഴ്ച്ചകളും വളരെ വ്യത്യസ്തമായും രസകരമായും അനുഭവപ്പെട്ടു. പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട്. അന്വേഷിച്ച് ചെന്നാൽ ഈ മ്യൂസിയം കണ്ടെത്തണമെന്നില്ല. ഞാനിങ്ങനെ ലക്ഷ്യമില്ലാതെ അലഞ്ഞതുകൊണ്ട് മാത്രം ചെന്ന് കയറിയതാണ്. ജുൻജുനുവിലോ നവൽഗഡിലോ പോകുന്നവർ അന്വേഷിച്ച് കണ്ടുപിടിച്ച് പോയാൽ നഷ്ടമാകില്ല ഈ മ്യൂസിയത്തിലെ സന്ദർശനം.

നാലര മണിയോടെ ഭാഗിയും ഞാനും സിക്കറിലേക്ക് മടങ്ങി. തങ്ങുന്നത് ഗുരുകൃപ റെസ്റ്റോറന്റിന്റെ വെളിയിലുള്ള വഴിയിൽ തന്നെ.

ഇന്നലെ രാത്രി വെച്ച പശക്കെണിയിൽ എലി വീണില്ല എന്ന് മാത്രമല്ല, ഇന്ന് ഉച്ചയ്ക്ക് ഭാഗിക്ക് ഉള്ളിലെ പല സാധനങ്ങളും അവൻ കരളുകയും ചെയ്തു. എലികളുടെ കൂട്ടത്തോടെയുള്ള ആക്രമണം കർണ്ണി ദേവിയുടെ കോപം ആണെങ്കിൽ പോലും, അരയും തലയും മുറുക്കി നേരിടാൻ തന്നെയാണ് എന്റെ തീരുമാനം. ഇന്ന് രാത്രി രണ്ട് എലിക്കെണിയാണ് വെക്കുന്നത്. അതിലും വീണില്ലെങ്കിൽ പുതിയ എലിക്കെണി വാങ്ങും. കഷ്ടകാലത്തിന് മഞ്ജുവിന്റെ എലിക്കെണി, മിനിയാന്ന് ജയ്പൂരിൽ പോയപ്പോൾ തിരികെ കൊടുത്തിരുന്നു.

ശുഭരാത്രി.